സ്‌കൂള്‍ പഠനവും സമയമാറ്റത്തിന്റെ പ്രസക്തിയും

  • Posted by Sanveer Ittoli
  • at 10:16 AM -
  • 0 comments
സ്‌കൂള്‍ പഠനവും സമയമാറ്റത്തിന്റെ പ്രസക്തിയും

കുറിപ്പുകള്‍ -
എച്ച്‌ എ മുഹമ്മദ്‌ മാസ്റ്റര്‍ കാസര്‍കോട്‌
1957-ല്‍ കേരള വിദ്യാഭ്യാസ നിയമം (കെ ഇ ആര്‍) നടപ്പിലാക്കിയതോടെയാണ്‌ സ്‌കൂള്‍ പഠനസമയത്തിന്‌ ഒരു ഏകീകൃത രൂപം ഉണ്ടായത്‌. അരനൂറ്റാണ്ട്‌ മുമ്പ്‌ മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തോട്‌ മുഖം തിരിച്ചുനിന്നിരുന്നതുകൊണ്ട്‌ അവരുടെ കുട്ടികളെ സ്‌കൂളിലേക്ക്‌ ആകര്‍ഷിപ്പിക്കുന്നതിനായി ചില പ്രത്യേക ആനുകൂല്യങ്ങള്‍ അന്ന്‌ നടപ്പിലാക്കുകയായിരുന്നു. പ്രൈമറി തലത്തില്‍ അറബി പഠനം, മുസ്‌ലിം ഭൂരിപക്ഷ സ്‌കൂളുകള്‍ രാവിലെ 10.30-ന്‌ ആരംഭിക്കാനുള്ള അനുവാദം, വെള്ളിയാഴ്‌ചയും റമദാന്‍ മാസങ്ങളിലും അവധി തുടങ്ങിയവ ഇവയില്‍ പ്രധാനമാണ്‌. ഇവയില്‍ അറബി പഠനമാണ്‌ ഏറ്റവും ഫലപ്രദമായി കണ്ടത്‌.1980-ല്‍ അറബി പഠനത്തിന്‌ ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തുനിയുകയുണ്ടായി. അധ്യാപകരുടെ യോഗ്യത (ക്വാളിഫിക്കേഷന്‍), രക്ഷിതാവിന്റെ സമ്മതപത്രം (ഡിക്ലറേഷന്‍), സ്‌കൂളില്‍ പ്രത്യേക സ്ഥലസൗകര്യം (അക്കമഡേഷന്‍) തുടങ്ങിയ നിബന്ധനകളില്‍ കര്‍ക്കശമായ നിലപാടു സ്വീകരിച്ചുകൊണ്ടാണ്‌ അറബി പഠനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനം മുന്നോട്ട്‌ വന്നത്‌. എന്നാല്‍ ശക്തിയായ എതിര്‍പ്പിന്റെ ഫലമായി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
സംസ്ഥാനത്ത്‌ മുസ്‌ലിം ജനസംഖ്യ 25 ശതമാനമുണ്ടെന്നാണ്‌ സെന്‍സസ്‌ പ്രകാരം മനസ്സിലാകുന്നത്‌. സാമുദായിക പരിഗണന വെച്ചുകൊണ്ട്‌ സ്‌കൂളുകള്‍ അനുവദിക്കുന്ന രീതിയാണ്‌ ഇവിടെ സ്വീകരിച്ചുവരുന്നത്‌. ഒരിക്കലും മുസ്‌ലിം സമുദായത്തിന്‌ ആനുപാതികമായി സ്‌കൂളുകള്‍ അനുവദിക്കപ്പെട്ടിട്ടില്ല. 1997-98 ല്‍ 226 ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിച്ചതില്‍ മുസ്‌ലിം മാനേജ്‌മെന്റിന്‌ ലഭിച്ചത്‌ കേവലം 22 (9.77 ശതമാനം) എണ്ണം മാത്രമാണ്‌. ജനസംഖ്യയില്‍ 19 ശതമാനം വരുന്ന ക്രൈസ്‌തവ സമുദായത്തിന്‌ 110 (47.77%) സ്‌കൂളുകളാണ്‌ നല്‌കിയത്‌. സാമുദായികം മാത്രമല്ല പ്രാദേശികമായും ഈ രംഗത്ത്‌ വിവേചനം നിലനില്‌ക്കുന്നതായി കാണാം. അതാണ്‌ കാസറഗോഡ്‌ ജില്ലയില്‍ സ്‌കൂളുകള്‍ കുറഞ്ഞുപോയത്‌.
1998-ലാണ്‌ സ്‌കൂള്‍ പഠനരീതിയില്‍ പുതിയ സമീപനം സ്വീകരിക്കാന്‍ എന്‍ സി ഇ ആര്‍ ടി ചില ശ്രമങ്ങള്‍ക്ക്‌ ആരംഭം കുറിച്ചത്‌. എല്‍ പി-യില്‍ 5-ാം തരവും യു പി-യില്‍ 8-ാം തരവും ഉള്‍പ്പെടുത്താനാണ്‌ നിര്‍ദേശിക്കപ്പെട്ടത്‌. ഒന്നാംക്ലാസിലെ പ്രവേശന പ്രായം 5-ല്‍ നിന്ന്‌ 6 ആയി നിര്‍ണയിക്കാനും നിര്‍ദേശമുണ്ടായി. ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്ന ഈ നിര്‍ദേശത്തെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു. അതുകൊണ്ട്‌ സ്‌കൂള്‍ സമയ മാറ്റത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും അന്ന്‌ ഉപേക്ഷിക്കേണ്ടി വന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അവയില്‍ ചിലത്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ പോകുന്നതായി അറിയുന്നു.
എന്നാല്‍ ഇന്ന്‌ സ്‌കൂള്‍ പഠനസമയം രാവിലെ 8 മുതല്‍ വൈകുന്നേരം 3.30 വരെയായി പുനര്‍നിര്‍ണയിക്കാനുള്ള ആലോചന നടക്കുന്നുണ്ട്‌. ഇതുമൂലം മദ്‌റസാ പഠനം അവതാളത്തിലാകുമെന്നാണ്‌ മുസ്‌ലിം സമുദായത്തിലെ ചിലരെങ്കിലും ആശങ്കപ്പെടുന്നത്‌. മറ്റു സംഘടനകളെല്ലാം തന്നെ ഈ നിര്‍ദേശത്തെ പരോക്ഷമായി അംഗീകരിക്കുന്നതായി കണ്ടുവരുന്നു. മുസ്‌ലിം സമുദായത്തിലെ 10 ശതമാനത്തോളം പേര്‍ ഇത്തരം നിര്‍ദേശത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്‌ സ്വീകരിക്കുന്നത്‌. അപ്പോള്‍ 85 ശതമാനം അനുകൂലിക്കുന്ന സ്ഥിതിയുണ്ടായാല്‍ പദ്ധതി നടപ്പിലാകുമെന്നാണ്‌ പ്രതീക്ഷിക്കേണ്ടത്‌. അതോടൊപ്പം അറബി, ഉറുദു, സംസ്‌കൃത പഠനത്തിന്‌ നിയന്ത്രണമുണ്ടാകുമെന്ന ആശങ്കയുമുണ്ട്‌.
വിദ്യാലയങ്ങളില്‍ സമാധാന അന്തരീക്ഷവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അറബി, ഉറുദു, സംസ്‌കൃത ഭാഷകളുടെ സ്വാധീനം വലുതാണ്‌. ഒരു ഭാഷ എന്നതിലുപരി വിദ്യാര്‍ഥികളില്‍ നല്ല സാമൂഹ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഈ ഭാഷാപഠനം ഉപകരിക്കുന്നതായി കാണാം. അഭ്യസ്‌ത വിദ്യരുടെ, പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ ഒരു പ്രധാനതൊഴില്‍ മേഖലയായി ഇവയുടെ അധ്യാപനത്തെ കാണാം.
ഗള്‍ഫ്‌ മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന്‌ അറബിഭാഷ സഹായകരമായ ഘടകമാണ്‌. അറബി പഠനസംവിധാനത്തെ നിരുത്സാഹപ്പെടുത്താനും വിദ്യാര്‍ഥികളെ അതില്‍ നിന്ന്‌ അകറ്റി നിര്‍ത്താനും ചില മുസ്‌ലിം സാമുദായിക സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നതായി കാണാം. അത്തരം പ്രവണതകള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകാത്തവര്‍ കാലഘട്ടത്തിനനുസരിച്ച്‌ പരിഷ്‌കാരങ്ങള്‍ക്ക്‌ ബന്ധപ്പെട്ടവര്‍ ആലോചിക്കുമ്പോള്‍ കോലാഹലമുണ്ടാക്കുന്നതില്‍ വലിയ അര്‍ഥമില്ല. 
അറബി പഠനത്തിന്‌ പാരവെക്കാന്‍ തുനിഞ്ഞവര്‍ ഇന്ന്‌ ഭരണക്കാരുടെ സ്വന്തക്കാരാണെന്നത്‌ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക്‌ പ്രേരണയാകുന്നുമുണ്ട്‌. അതുകൊണ്ട്‌ ചെറിയൊരു വിഭാഗം പരിഷ്‌കരണത്തിനെതിരെ നില്‍ക്കുന്നതും സമരം നടത്തുന്നതും സമൂഹത്തില്‍ വിഭാഗീയ ചിന്താഗതിക്ക്‌ ഇടവരുത്തും. അതുകൊണ്ട്‌ അറബി പഠനത്തിന്‌ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണത്തിന്‌ ബദല്‍ നിര്‍ദേശം സമര്‍പ്പിച്ച്‌ പരിഹാരം കാണാനാണ്‌ നാം ശ്രമിക്കേണ്ടത്‌.
സ്‌കൂള്‍ സമയമാറ്റം മതപഠനത്തെ ഗുരുതരമായി ബാധിക്കുമെന്നോ മദ്‌റസാ സമ്പ്രദായത്തെ തന്നെ തകര്‍ക്കുമെന്നോ ആശങ്കപ്പെടേണ്ടതില്ല. മദ്‌റസാസമയം പുനക്രമീകരിക്കുകയും സിലബസ്‌ ശാസ്‌ത്രീയമാക്കുകയും ചെയ്‌തുകൊണ്ട്‌ മതപഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നമുക്ക്‌ സാധിക്കേണ്ടതാണ്‌. പഠനത്തെ കാലോചിതമായി സമീപിക്കാനുള്ള സന്നദ്ധത നമ്മില്‍ ഉണ്ടായിരിക്കണമെന്നു മാത്രം. വളരെ കുറഞ്ഞ സമയം മാത്രമാണ്‌ ഇന്ന്‌ മദ്‌റസാ പഠനത്തിന്‌ ലഭിക്കുന്നത്‌. സ്‌കൂള്‍ അവധി ദിവസങ്ങളിലും വെള്ളിയാഴ്‌ചയും റമദാന്‍ അവധി ദിവസങ്ങളിലും കൂടുതല്‍ സമയമെടുത്ത്‌ മദ്‌റസാ പഠനം ഫലപ്രദമാക്കാവുന്നതാണ്‌. വര്‍ഷത്തില്‍ 180 ദിവസം മാത്രമാണ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ബാക്കിയുള്ള 185 ദിവസങ്ങളില്‍ ശാസ്‌ത്രീയമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌.
രാവിലെ എട്ടു മണി മുതലുള്ള പഠനസമയം കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും ആരോഗ്യസംരക്ഷണത്തിനും പ്രയോജനകരമായിരിക്കണമെന്നതില്‍ സംശയമില്ല. പൊതുജനങ്ങളെയും സമുദായ സംഘടനകളെയും ബോധവത്‌കരണത്തിലൂടെ സര്‍ക്കാര്‍ സമീപനത്തിന്‌ അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്‌ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന്‌ വഴിവെക്കുക തന്നെ ചെയ്യും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: