എന്തുകൊണ്ട് കൊട്ടപ്പുറം ആവര്‍ത്തിച്ചില്ല?
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് ഇന്നാട്ടിലെ പാരമ്പര്യവാദികളായ യാഥാസ്ഥിതിക പണ്ഡിതന്മാരുമായി തുറന്ന സ്റ്റേജില്‍ വച്ച് നിരവധി തവണ ആദര്‍ശപരമായ ഏറ്റുമുട്ടല്‍ നടത്തേണ്ടിവന്നിട്ടുണ്ട്. പൂനൂര്‍, നന്തി, താനാളൂര്‍, എടത്തറ, കുറ്റിച്ചിറ, കൊട്ടപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ വ്യത്യസ്‌ത കാലഘട്ടങ്ങളിലായി വിവിധ വിഷയങ്ങളില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഇതിനുദാഹരണമാണ്. മുജാഹിദ് പ്രവര്‍ത്തകര്‍ ഒരു പ്രദേശത്ത് ആദര്‍ശ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഉടനെത്തന്നെ അതിനു മറുപടി പറഞ്ഞുകൊണ്ട് യാഥാസ്ഥിതികര്‍ എത്തിച്ചേരും. പ്രമാണബദ്ധമായി മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളെ നേരിടുന്നതിനു പകരം, വാദപ്രതിവാദത്തിനു ശക്തമായ വെല്ലുവിളിയുമായി പുകമറ സൃഷ്‌ടിക്കുക എന്നതായിരുന്നു യാഥാസ്ഥിതിക അടവ്. ചിലപ്പോള്‍ ഗത്യന്തരമില്ലാതെ മുജാഹിദ് പ്രവര്‍ത്തകര്‍ ആ വെല്ലുവിളി സ്വീകരിക്കുകയും ചില സ്ഥലങ്ങളില്‍ ഉഭയകക്ഷികള്‍ തയ്യാറാക്കിയ വ്യവസ്ഥയനുസരിച്ച് വാദപ്രതിവാദം നടക്കുകയും ചെയ്യും. ഒരു സ്ഥലത്തുപോലും മുജാഹിദുകള്‍ വെല്ലുവിളിച്ചിട്ട് വാദപ്രതിവാദത്തിന് കളമൊരുക്കിയിട്ടില്ല. കാരണം അത് ദഅ്‌വത്തിന്റെ പ്രധാന മാര്‍ഗമായി മുജാഹിദുകള്‍ കണ്ടിട്ടില്ല.ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. മുപ്പതു വര്‍ഷം മുമ്പ് നടന്ന `കൊട്ടപ്പുറം' വാദപ്രതിവാദത്തിന്റെ മുപ്പതാം വാര്‍ഷികം എന്ന പേരില്‍ ഒരു വിഭാഗം സുന്നികള്‍ ഒരു കോലാഹലം തുടങ്ങിവച്ചു. മറുവിഭാഗത്തിനും അതു പറയാതെ വയ്യെന്നായി. നാല്‌പത്തിയഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത ഒരു പ്രാദേശിക സംവാദത്തിന്റെ `ജയാരവ' വാര്‍ഷികം എന്നത് കേട്ടുകേള്‍വിയില്ലാത്ത ഒരു സംഗതിയാണ്. (സ്വലാത്തിനും ദുആകള്‍ക്കുമൊക്കെ വാര്‍ഷികം നടത്തി ശീലിച്ചവര്‍ക്ക് ഇത് കൂടാതെ കഴിയില്ലല്ലോ.) അതുകൊണ്ട് എന്തായിരുന്നു കൊട്ടപ്പുറം സംവാദത്തിന്റെ വസ്‌തുത എന്ന് വിശദീകരിക്കേണ്ടി വന്നിരിക്കുകയാണ്.
സംസ്ഥാന ഹൈവേ 213-ന്റെ ഓരത്ത്, ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ വേരുകള്‍ വളരെ നേരത്തെ ആഴ്‌ന്നിറങ്ങിയ, മലപ്പുറം ജില്ലയിലെ പുളിക്കല്‍ എന്ന പ്രദേശത്തിനടുത്ത ഗ്രാമമാണ് കൊട്ടപ്പുറം. 1983 ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ദിവസങ്ങളില്‍ കൊട്ടപ്പുറത്തുവെച്ചു നടന്ന സുന്നി മുജാഹിദ് വാദപ്രതിവാദം ജനശ്രദ്ധയാകര്‍ഷിക്കുകയും അന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ കെ വി കെ ഏറനാടന്‍ എന്ന ലേഖകന്‍ ഇരുവിഭാഗത്തിന്റെയും വാദമുഖങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തതോടെ മൂന്നാം ദിവസം കൊട്ടപ്പുറത്തിന്റെ വയലേലകള്‍ ജനസാഗരമായിത്തീര്‍ന്നു. എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, എ പി മുഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങിയവര്‍ സുന്നിപക്ഷത്തും എ പി അബ്‌ദുല്‍ ഖാദര്‍ മൗലവി, സി പി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ് മദനി മുതലായവര്‍ മുജാഹിദു പക്ഷത്തും മുന്‍നിരയിലുണ്ടായിരുന്നു. നാലു ദിവസത്തേക്കു നിശ്ചയിച്ച പരിപാടി മൂന്നാം ദിവസം ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ് മദനിയുടെ നിരങ്കുശമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ സ്ഥിതി കണ്ട് `സന്ദര്‍ഭത്തിന്റെ ആവശ്യം' ഉള്‍ക്കൊണ്ട് സദസ്സിലുണ്ടായിരുന്ന മുസ്‌ല്യാരുട്ടികള്‍ അലങ്കോലപ്പെടുത്തുകയും സ്റ്റേജിനു നേരെ കല്ലെറിയുകയും ചെയ്‌തതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പിരിയേണ്ടി വരികയായിരുന്നു. വീഡിയോ സൗകര്യമില്ലാത്ത അക്കാലത്തെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളുടെ മനസ്സില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്നു.
കലാ പ്രകടനങ്ങള്‍ മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്കിടുന്നതുപോലെ, സ്‌പോര്‍ട്‌സില്‍ കൃത്യമായ അളവും സമയവും കണക്കാക്കി വേഗവും ദൂരവും മുന്‍കടന്നവരെ തീരുമാനിക്കുന്നതുപോലെ, കൃത്യമായ ഗെയിംസ് പോയന്റ്‌സ് അടിസ്ഥാനത്തില്‍ കുട്ടികളിലെ ജയപരാജയങ്ങള്‍ക്ക് തീരുമാനിക്കുന്നതുപോലെ, ജയപരാജയങ്ങള്‍ പ്രഖ്യാപിക്കുന്ന ജൂറികള്‍ വാദപ്രതിവാദത്തിനുണ്ടായിരിക്കില്ല. ഇരു വിഭാഗങ്ങളും ഉന്നയിച്ച വാദങ്ങളും അവതരിപ്പിച്ച തെളിവുകളും വച്ച് ശ്രോതാക്കള്‍ വിഷയത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുകയാണുണ്ടാവുക. പക്ഷേ, ഓരോ വാദപ്രതിവാദം കഴിയുമ്പോഴും `വഹ്‌ഹാബികള്‍ തോറ്റമ്പി' എന്ന ജയാരവം നാടുനീളെ പ്രചരിപ്പിക്കുന്നത് പണ്ടെന്ന പോലെ ഇന്നും നടക്കുന്നു. നാവിന്റെ എണ്ണം കൂടുതലുള്ളവര്‍ക്ക് ഏറെ പ്രചാരം ലഭിക്കുക സ്വാഭാവികം. പക്ഷേ, അകക്കണ്ണുകൊണ്ട് ആത്മാര്‍ഥമായി കാര്യങ്ങള്‍ കണ്ടറിയുന്നവര്‍ക്ക് ആലോചനാമൃതമായിരുന്നു വാദപ്രതിവാദങ്ങളെല്ലാം; കൊട്ടപ്പുറവും. തുറന്ന സ്റ്റേജില്‍ പൊതുവേദിയില്‍ കേരളത്തില്‍ നടന്ന അവസാനത്തെ വാദപ്രതിവാദമായിരുന്നു കൊട്ടപ്പുറം എന്നത് ശ്രദ്ധേയമാണ്. പിന്നീട് പലേടത്തും ചെറുകിടക്കാര്‍ വെല്ലുവിളിച്ചു നടന്നിരുന്നുവെങ്കിലും വാദപ്രതിവാദങ്ങള്‍ നടക്കാതിരിക്കാനുള്ള `വ്യവസ്ഥ' കള്‍ തയ്യാറാക്കുകയായിരുന്നു യാഥാസ്ഥിതിക നേതൃത്വം. ആ ചരിത്രയാഥാര്‍ഥ്യം മുപ്പതാം വാര്‍ഷികക്കാര്‍ക്കറിയില്ലല്ലോ.
വിജയത്തിന്റെ ക്രെഡിറ്റ് ആര്‍ക്കുവേണമെങ്കിലും അവകാശപ്പെടാം. എന്നാല്‍ അവിടെ നടന്ന ചില വസ്‌തുതകള്‍ നമുക്ക് മറക്കാതിരിക്കുക. `മുഹ്‌യുദ്ദീന്‍ ശൈഖേ കാക്കണേ, ബദ്‌രീങ്ങളേ കാക്കണേ' എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരെ വിളിച്ചു സഹായം തേടാന്‍ വിശുദ്ധ ഖുര്‍ആര്‍ആനില്‍ വല്ല തെളിവുമുണ്ടോ എന്ന ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ് മദനിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ആദ്യം ഉരുണ്ടുമറിഞ്ഞ കാന്തപുരം മുസ്‌ല്യാരുടെ പ്രഖ്യാപനം: `ഉണ്ട് മൗലവീ, ഉണ്ട്...!' മുസ്‌ലിംകള്‍ ഞെട്ടി. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പൂനൂരിലും മറ്റും മുജാഹിദു പണ്ഡിതന്‍ ചോദിച്ച ഈ ചോദ്യത്തിന് പതി അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയ അതികായന്മാര്‍ക്ക് പറയാന്‍ കഴിയാത്ത ഈ മറുപടിയിലെ ധാര്‍ഷ്‌ട്യം പ്രായമുള്ളവര്‍ ഓര്‍ത്തു. ഏതാണ് ഈ മുസ്‌ല്യാര്‍ ഉദ്ധരിക്കാന്‍ പോകുന്ന ആയത്ത്! `വസ്‌അല്‍ മന്‍ അര്‍സല്‍നാ' എന്നു തുടങ്ങുന്ന സൂറത്തു സൂഖ്‌റുഫിലെ 45-ാം വചനമാണ് മുസ്‌ല്യാര്‍ ഉദ്ധരിച്ചത്. ആയത്തിന്റെ അര്‍ഥം ഇങ്ങനെയാണ്: ``പരമകാരുണികനു പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്, നിനക്കു മുമ്പ് നമ്മുടെ ദൂതന്മാരായി നാം നിശ്ചയിച്ചവരോട് (നബിയേ) താങ്കള്‍ ചോദിച്ചുനോക്കുക'' (45:45). ഈ ആയത്ത് ശിര്‍ക്കിന് തെളിവാണോ എന്ന് വായനക്കാര്‍ പഠിക്കുക.
പച്ചയായ ഈ ദുര്‍വ്യാഖ്യാനത്തിന്റെ മുപ്പതാം വാര്‍ഷികമാണ് ആഘോഷിക്കുന്നതെങ്കില്‍ തുറന്നുപറയാം: ദുര്‍വ്യാഖ്യാനം ഉന്നയിച്ച് കുടുങ്ങി തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പരിപാടി കലക്കിയതിന്റെ വാര്‍ഷികമാണെങ്കില്‍ അതും ചിലര്‍ക്ക് ചേരും. സംവാദം ആദ്യന്തം ശ്രദ്ധിച്ചുകേള്‍ക്കുകയും ഓഡിയോ കാസറ്റുവഴി വീണ്ടും കേള്‍ക്കുകയും ചെയ്‌തവര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. അതിരിക്കട്ടെ, അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടാം എന്നതിന് തെളിവായി ഈ ആയത്ത് പിന്നീട് നടന്ന ഒരു സംവാദത്തിലും സുന്നീപക്ഷം ഉന്നയിച്ചില്ല. മുജാഹിദുകളുടെ വിജയം ഇവിടെയാണ്. തൗഹീദിനെതിരില്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുടെ വിതണ്ഡവാദങ്ങള്‍ വിശകലനം ചെയ്യാനും ജനങ്ങള്‍ക്കത് തിരിച്ചറിയാനും അവസരം ലഭിച്ചു എന്ന വിജയം. അതിന് വാര്‍ഷികം വേണ്ടതില്ല. നേട്ടമായാലും കോട്ടമായാലും പിളര്‍ന്നുപോയ സമസ്‌തയുടെ ഒരു പാളിയാണ് ക്രെഡിറ്റവകാശമുന്നയിക്കുന്നത്. വസ്‌തുതകള്‍ വസ്‌തുതകളായി കാണുന്നതിനു പകരം പൗരോഹിത്യത്തില്‍ നിന്ന് യുക്തിപൂജയിലൂടെ ആള്‍ദൈവത്വത്തിലേക്ക് നീങ്ങുന്ന യാഥാസ്ഥിതിക നിലപാട് ആശങ്കാജനകമാണ്. ആവശ്യമെങ്കില്‍ അന്നത്തെ വാദങ്ങളും പ്രതിവാദങ്ങളും അക്ഷരംപ്രതി പ്രസിദ്ധീകരിക്കാം. ഇന്നത്തെ തലമുറയ്‌ക്ക് പഠിക്കാമല്ലോ.
0 comments: