മനുഷ്യന്റെ ആര്‍ത്തിയെയും ദുരയെയും വിശുദ്ധ ഖുര്‍ആന്‍ എടുത്തുകാട്ടിയത് വളരെ ശ്രദ്ധേയമാണ്. ``വലിയ നന്ദികേടു കാണിക്കുന്നവനാണ് മനുഷ്യന്‍. അതിന് അവന്‍ തന്നെ സാക്ഷിയാണു താനും. അവന് സമ്പത്തിനോടുള്ള ആര്‍ത്തി അതികഠിനമാണ്.'' (100:6-8). മനുഷ്യനില്‍ നൈസര്‍ഗികമായി കുടികൊള്ളുന്ന ഈ
ദുര്‍വികാരത്തിനുള്ള പോംവഴിയും വിശുദ്ധ ഖുര്‍ആന്‍ തുടര്‍ന്ന് അറിയിക്കുന്നു: ``ഖബറിലുള്ളവരെല്ലാം പുറത്തുകൊണ്ടുവരപ്പെടുകയും ഹൃദയത്തിലുള്ളതുപോലും വെളിക്കു വരുത്തപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭം വരാനുണ്ട് എന്ന് മനുഷ്യന്‍ അറിയുന്നില്ലയോ?'' (100:9,10). ഭൗതിക ജീവിതത്തില്‍ മതിമറന്ന് മൂല്യങ്ങളും ബന്ധങ്ങളും മറന്നു പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ ഏതുകാലത്തും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് രംഗത്തുനിന്ന് വന്ന വാര്‍ത്ത വായിച്ചപ്പോള്‍ മേല്‌പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ വചനമാണ് ഓര്‍ത്തുപോയത്.
ഒരു ഡസനില്‍ താഴെ രാജ്യങ്ങള്‍ ചേര്‍ന്നതാണ് `ക്രിക്കറ്റ് ലോക'മെങ്കിലും ഇന്ന് ഏറെ ജനപ്രിയമായ വിനോദമായി മാറിയിരിക്കുകയാണ് ക്രിക്കറ്റ്. ജനങ്ങളുടെ വിനോദതാല്‍പര്യം ചൂഷണം ചെയ്‌തുകൊണ്ട് ക്രിക്കറ്റ് രംഗം പരമാവധി വാണിജ്യവത്‌കരിക്കപ്പെട്ടുകഴിഞ്ഞു. ഐ പി എല്ലില്‍ കളിക്കാരെ ലേലം ചെയ്‌തെടുക്കാറാണല്ലോ പതിവ്. ഏറെ ലക്ഷങ്ങള്‍ക്ക് ആദ്യമാദ്യം ലേലത്തില്‍ പോയവരും എടുക്കാനാളില്ലാതെ ബാക്കിയായവരും മറ്റുമായി വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പഴയകാല കാളപൂട്ടുകണ്ടത്തില്‍ നിന്നുയര്‍ന്നിരുന്ന ആരവവും ശേഷം നടക്കുന്ന കാളക്കച്ചവടവുമാണ് ഓര്‍മ വരിക. എന്നാല്‍ ഇന്നിപ്പോള്‍ ഈ വിനോദരംഗം ചൂതാട്ടത്തിന്റെ വേദിയായി മാറിയ ദയനീയാവസ്ഥയില്‍ ലജ്ജിക്കാത്ത ഇന്ത്യക്കാരില്ല. മലയാളിതാരം ശ്രീശാന്തിന്റെ പ്രകടനത്തില്‍ മലയാളികള്‍ ലജ്ജിക്കാന്‍ പോലും കഴിയാത്തത്ര വഷളായിപ്പോയി. വാതുവെപ്പുകാര്‍ എന്ന ചൂതാട്ടക്കാര്‍ക്കു വേണ്ടി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒരു പ്രശസ്‌ത താരം നാല്‌പതുലക്ഷം കോഴവാങ്ങി, സിഗ്‌നലായി `കര്‍ച്ചീഫ് വീശി' തോറ്റുകൊടുത്തു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായ വസ്‌തുതയാണത്. പണത്തിനു മുന്നില്‍ പിണമായി മാറുന്ന നാണം കെട്ട മനുഷ്യക്കോലങ്ങള്‍!
വിവിധ നാട്ടുകാരായ പ്രൊഫഷണല്‍ താരങ്ങളുടെ മിന്നല്‍പ്രകടനം കണ്ട് ആസ്വദിക്കാനായി സ്വന്തം വരുമാനത്തില്‍ നിന്ന് ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത് കളി കാണാന്‍ എത്തിച്ചേരുന്ന വിനോദപ്രേമികളെ മുഖത്തുനോക്കി വഞ്ചിക്കുന്നത് ആരെന്നല്ലേ? കളിച്ച്, കളിപഠിച്ച്, രാഷ്‌ട്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഇന്ത്യാ മഹാരാജ്യത്തിന്റെ ടീമില്‍ ഔദ്യോഗികമായി കളിച്ച് രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന `പ്രിയതാരങ്ങള്‍'! രണ്ടുമാസക്കാലത്തേക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ പ്രതിഫലങ്ങള്‍ക്കു പുറമെ മുതല്‍ മുടക്കോ മെനക്കെടോ കൂടാതെ ഒന്നു മൂളിയാല്‍ നാല്‌പതോ അന്‍പതോ ലക്ഷങ്ങള്‍ നേടാമെന്ന പ്രലോഭനത്തില്‍ വീണുപോവുക എന്നത് ആര്‍ത്തിപൂണ്ട മനുഷ്യന്റെ പ്രകൃതമാണ്.
മാനുഷികമായി സംഭവിച്ചുപോകുന്ന പിഴവുകളോ യാദൃച്ഛികമായി പെട്ടുപോകുന്ന അബദ്ധങ്ങളോ ആണെങ്കില്‍ എത്ര വലിയ പാതകമാണെങ്കിലും നമുക്ക് പൊറുക്കാം. എന്നാല്‍ ബോധപൂര്‍വം പ്ലാന്‍ ചെയ്‌ത് കിട്ടാവുന്ന വന്‍തുക മുന്നില്‍ കണ്ട് ചെയ്യുന്ന വഞ്ചനയാണിത്. മാത്രമല്ല, ഈ `കളിക്കാരെ' പാട്ടിലാക്കാന്‍ കള്ളും പെണ്ണും കൊടുത്ത് മയക്കുകയാണ് ചൂതാട്ടക്കാര്‍ ചെയ്യുന്നത്. താരപ്രേമം എന്ന മണല്‍ക്കോട്ട മനസ്സിന്റെ അഗാധതയിലേക്ക് വീണുടയുകയാണ്. വാര്‍ത്തകളില്‍ കുറച്ചൊക്കെ വിശ്വാസമര്‍പ്പിക്കാമെങ്കില്‍, കേട്ടതിനെക്കാള്‍ ഭീകരമാണ് കേള്‍ക്കാനിരിക്കുന്നത്. അധികൃതര്‍ക്കും അധികാരികള്‍ക്കും അറിയാവുന്ന അധോലോകത്തിന്റെ പിടിയിലാണ് ക്രിക്കറ്റ് രംഗമെന്നു പറയാം. ഇന്ത്യാ മഹാരാജ്യത്തിന്റെ വാര്‍ഷിക ബജറ്റിനെക്കാള്‍ വലിയ തുകകളാണ് ഈ രംഗത്ത് കലങ്ങി മറിയുന്നത്. 45,000 കോടിയാണത്രേ ഐ പി എല്ലിന്റെ പിന്‍വാതിലില്‍ മറിയുന്നത്! മാത്രമല്ല, ക്രിക്കറ്റിന്റെ രംഗത്ത് കായികപ്രേമികളുടെ ചുണ്ടുകളില്‍ റണ്‍സ്, ഇന്നിംഗ്‌സ് തുടങ്ങിയ ടേംസ് തത്തിക്കളിക്കുമ്പോള്‍ ക്രിക്കറ്റിന്റെ അധോലോകത്ത്, സ്‌പോട്ട് ഫിക്‌സിംഗ്, മാര്‍ച്ച് ഫിക്‌സിംഗ് തുടങ്ങിയ ചൂതാട്ട ടേമുകളും സെഷന്‍, ലംവിപാരി തുടങ്ങിയ കോഡുകളും സര്‍വ സാധാരണമാണത്രേ! എല്ലാം വഞ്ചനയുടെ മാസ്റ്റര്‍ പീസുകള്‍! രംഗത്ത് ആടിത്തിമര്‍ക്കുന്നത് ജീര്‍ണതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍!
എത്ര ഗുരുതരമായ കേസുകള്‍ ഉടലെടുത്താലും നമുക്കൊരു പതിവുണ്ട്. നാലഞ്ചു ദിവസം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ചകള്‍ നടക്കും. പിന്നെ അത് മറക്കുക. മനുഷ്യന്റെ മറവി ഒരനുഗ്രഹമായി കണ്ട് വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടുപോവുകയും ചെയ്യും. മാന്യന്മാരായ വിനോദപ്രേമികളായ നല്ല മനുഷ്യരെ കബളിപ്പിച്ചുകൊണ്ട് കോടികള്‍ നേടിയ ഈ വഞ്ചകരെ മാതൃകാപരമായി ശിക്ഷിക്കണം. വഞ്ചനയ്‌ക്ക് കൂട്ടുനില്‌ക്കുന്നവരും ഇതിനുത്തരവാദികളാണ്. കളിയും വലിയ കാര്യമാണല്ലോ ഇപ്പോള്‍. ആയതിനാല്‍ കളിക്കുന്നവര്‍ക്ക് കൈ നിറയെ പ്രതിഫലവും ആസ്വാദകര്‍ക്ക് മാനസികോല്ലാസവും പ്രദാനംചെയ്യുന്ന ക്രിക്കറ്റുള്‍പ്പെടെ എല്ലാ വിനോദരംഗങ്ങളെയും ഈ അധപ്പതനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അധികൃതര്‍ക്ക് ആര്‍ജവമുണ്ടാകണം. മുഖം നോക്കാതെ നടപടിയെടുക്കണം. ഈ കോഴക്കേസ് അവസാനത്തേതായിരിക്കണം.
ഒരു വലിയ കളവുകേസ് അന്വേഷിക്കുമ്പോള്‍ മറ്റു കുറേ കേസുകള്‍ക്ക് ചുരുളഴിയുന്നതുപോലെ ക്രിക്കറ്റ് കോഴയും ഒരു ശൃംഖലയുടെ കണ്ണി മാത്രമാണത്രേ. മലയാളിതാരം എസ് ശ്രീശാന്തടക്കം രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മൂന്നുകളിക്കാരെ മത്സരത്തില്‍ തത്സമയം ഒത്തുകളിച്ച സ്‌പോട്ട് ഫിക്‌സിംഗ് എന്ന വഞ്ചനയ്‌ക്ക് അറസ്റ്റു ചെയ്‌തതിനു പിന്നാലെ മെയ് 3-ന് നടന്ന രാജസ്ഥാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലും ഒത്തുകളി നടന്നതായി പോലീസ് വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. അന്വേഷണം കൂടുതല്‍ കളിക്കാരിലേക്കും ടീമിനെ വിലയ്‌ക്കു വാങ്ങിയ ഉടമകളിലേക്കും നീങ്ങുന്നു എന്നറിയുന്നു. മാത്രമല്ല, പിടിക്കപ്പെട്ടവര്‍ മറ്റു പലരുടെയും പേരുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എത്ര ജുഗുപ്‌സാവഹമായ സ്ഥിതി വിശേഷം!
വെള്ളിത്തിരയില്‍ മിന്നുന്ന താരങ്ങള്‍ക്കും കളിക്കളത്തില്‍ വിരാജിക്കുന്ന താരങ്ങള്‍ക്കുമൊക്കെ മനസ്സില്‍ സ്‌നേഹോഷ്‌മളമായ ഇടം നല്‍കി ആദരിക്കുന്ന സാധാരണക്കാരും അല്‌പം അതിരുകടന്ന് ഇവന്മാര്‍ക്കൊക്കെ `ഫാന്‍സ്' രൂപീകരിക്കുന്ന കലാ-കായിക ഭ്രാന്തന്മാരും ആലോചിക്കുക. നമ്മെ വിനോദത്തിന്റെ മായികവലയത്തില്‍ അഭിരമിപ്പിക്കുന്ന ഇവരൊന്നും നമുക്കുവേണ്ടി നിലകൊള്ളുന്നവരല്ല. നമ്മുടെ താല്‌പര്യത്തെ മൂലധനമാക്കി കൊള്ളലാഭം കൊയ്യുന്ന ഷൈലോക്കുമാരാണ്. വേനല്‍ക്കാലത്ത് ഒഴിഞ്ഞ പാടത്ത് `മട്ടല്‍' ചെത്തിയെടുത്ത് ക്രിക്കറ്റ് പിച്ചൊരുക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണ ബാലന്മാരുടെ കളിയുണ്ടല്ലോ, അത് മനസ്സിന് ആശ്വാസം പകരും. വ്യാപാരികളും വ്യവസായികളും പരസ്യക്കാരും മീഡിയയും കൂടി ഒരുക്കുന്ന വലയ്‌ക്കകത്താണ് ഇന്നത്തെ ജനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്.
ജീര്‍ണതയ്‌ക്ക് പാലം പണിയുന്ന ഈ താരങ്ങള്‍ക്ക് സാംസ്‌കാരിക മൂല്യങ്ങളുപദേശിക്കാനോ ദേശക്കൂറ് പഠിപ്പിച്ചുകൊടുക്കാനോ പൗരബോധം സൃഷ്‌ടിക്കാനോ ആരും തുനിയാറില്ല. തന്റെ കരിയറില്‍ നിന്ന് വിരമിച്ച ശേഷവും നാടിനെ സേവിക്കുന്ന കായികതാരങ്ങള്‍ക്കും മറ്റും നാണക്കേട് സൃഷ്‌ടിക്കുക മാത്രമാണ് ഈ പണക്കൊതിയന്മാര്‍ ചെയ്യുന്നത്. വളര്‍ന്നുവരുന്ന ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി സര്‍ക്കാര്‍ ശ്രീശാന്തിനടക്കം ജോലി നല്‌കിയിട്ടുണ്ട്. ജനപ്രിയത ചൂഷണംചെയ്‌ത് പരസ്യങ്ങളില്‍ വേഷമിട്ട് വീണ്ടും പണമുണ്ടാക്കുന്നതും, അതു കാണാന്‍ ജനങ്ങള്‍ ഉണ്ടായിട്ടാണ് എന്ന നേരിയ ബോധമെങ്കിലും ഇവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.
വാതുവെയ്‌പ് എന്ന ചൂതാട്ടം നടത്തുന്നവര്‍ക്ക് കോടികള്‍ ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കി അവര്‍ക്കുവേണ്ടി ഒത്തുകളിച്ച മലയാളിയായ ശ്രീശാന്ത് ഉള്‍പ്പെടെ താരങ്ങളും ചൂതാട്ടക്കാരും ഡല്‍ഹി പോലീസിന്റെ പിടിയിലായതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജീര്‍ണ മുഖമാണ് വെളിപ്പെട്ടിരിക്കുന്നത്. കളിയാണ് രംഗമെങ്കിലും ധര്‍മചിന്തയും സാമൂഹ്യ പ്രതിബദ്ധതയും രാജ്യസ്‌നേഹവും മറന്ന് താന്തോന്നിത്തവും സ്വാര്‍ഥതയും പണക്കൊതിയും കൈമുതലാക്കി മുന്നോട്ടു നീങ്ങിയാല്‍ മാനവികത മരിക്കുകയും പൈശാചികത ജയിക്കുകയും ചെയ്യും.
0 comments: