അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും കേരള മുസ്‌ലിംകളും

  • Posted by Sanveer Ittoli
  • at 7:43 AM -
  • 0 comments
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും കേരള മുസ്‌ലിംകളും

- പ്രതികരണം -
എ വി ഫിര്‍ദൗസ്‌
ശബാബ്‌ വാരികയുടെ ലക്കം 38-ല്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെയും അല്‍അമീന്‍ പത്രത്തെയും കുറിച്ചുവന്ന ലേഖനം ശ്രദ്ധേയമായിരുന്നു. കേരള മുസ്‌ലിംകളില്‍ നിന്ന്‌ അര്‍ഹമായ പരിഗണനയും പ്രാധാന്യവും ലഭിക്കാതെ പോയ നവോത്ഥാന നായകനും യഥാര്‍ഥ മുസ്‌ലിം ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന സത്യവിശ്വാസിയുമായിരുന്നു മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ എന്ന യാഥാര്‍ഥ്യത്തിലേക്ക്‌ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ പതുക്കെപ്പതുക്കെയാണെങ്കിലും എത്തിച്ചേരുന്നുണ്ട്‌ എന്നതാണ്‌ വര്‍ത്തമാനകാലാനുഭവം. സാമുദായിക സങ്കുചിതത്വങ്ങളുടെയും സമുദായ രാഷ്‌ട്രീയത്തിന്റെയും പൗരോഹിത്യ ദുശ്ശക്തികളുടെയും മതരാഷ്‌ട്ര വാദത്തിന്റെയും വിഭജനവാദത്തിന്റെയും ദുരാശയങ്ങളും മതിഭ്രമങ്ങളും പേറുന്ന മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന വ്യക്തിയായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌. അക്കാലത്ത്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ കരണത്തടിച്ചവരുടെയും കാഫിറെന്നു വിളിച്ചവരുടെയും ഇക്കാലത്തെ പിന്‍മുറക്കാര്‍, കേരളീയ മുസ്‌ലിം ചരിത്രത്തില്‍ നിന്ന്‌ ദുരുദ്ദേശപൂര്‍വമായ നീക്കങ്ങളിലൂടെ മായ്‌ച്ചുകളയാന്‍ സാധിക്കാത്ത വിധത്തില്‍ അദ്ദേഹം നേടിയെടുത്തിട്ടുള്ള അംഗീകാരവും ചരിത്രപ്രാധാന്യവും ഇന്ന്‌ അംഗീകരിക്കേണ്ടി വരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. മതരാഷ്‌ട്ര വാദികള്‍ക്കും, വിഭജനവാദികള്‍ക്കും ഒരുപോലെ ചതുര്‍ഥിയായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ രാഷ്‌ട്രീയം. കോണ്‍ഗ്രസ്സിനകത്തുള്ള സവര്‍ണ-മുസ്‌ലിം വിരുദ്ധ കൂട്ടുകെട്ടുകളോടും കോണ്‍ഗ്രസിനു പുറത്തുള്ള സാമുദായിക വാദ സഖ്യങ്ങളോടും ഒരേസമയം പോരാടേണ്ടി വന്ന അദ്ദേഹത്തിന്റെ ആദര്‍ശ പോരാട്ടങ്ങള്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ തുല്യതകളില്ലാത്ത അനുഭവങ്ങളാണ്‌.
മനസ്സാക്ഷിയുടെ മതവും ആദര്‍ശാര്‍ജവത്തിന്റെ രാഷ്‌ട്രീയവും പിന്തുടര്‍ന്ന അദ്ദേഹത്തെ ചരിത്രത്തില്‍ നിന്ന്‌ മായ്‌ച്ചുകളയാന്‍ ചിലര്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ എവിടെയുമെത്തിയിട്ടില്ല എന്നതിന്റെ തെളിവാണ്‌ വീണ്ടും വീണ്ടും കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത്‌. യഥാര്‍ഥ മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന ഒരേയൊരു കേരളീയ മുസ്‌ലിം വ്യക്തിത്വം മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബാണ്‌. എന്നാല്‍ എന്‍ പി മുഹമ്മദിനെപ്പോലുള്ള ചിലര്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ജീവിതത്തെയും ആദര്‍ശങ്ങളെയും വായിച്ചിടത്ത്‌ അതി മതേതരവത്‌കരണത്തിന്റെയും അമിത ദേശീയതാരോപണത്തിന്റെയുമായ ചില ന്യൂനതകള്‍ കാണാം. എന്‍ പി മുഹമ്മദിന്റെ അബ്‌ദുര്‍റഹ്‌മാന്‍ വായനകളില്‍ ചരിത്രത്തോടും വസ്‌തുതകളോടും നീതി പുലര്‍ത്തുന്ന യഥാര്‍ഥ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഇല്ല എന്നു തിരിച്ചറിയേണ്ടതുണ്ട്‌.
ഏറിയും കുറഞ്ഞും കേരളത്തിലെ തനി യാഥാസ്ഥിതിക മുസ്‌ലിം സംഘടനകള്‍ പോലും ഇന്ന്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതു കാണാം. എന്നാല്‍ സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ പ്രസ്ഥാനങ്ങളുടെ നിലപാടുകളുമായി പൂര്‍ണമായും സമരസപ്പെടുത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നിലപാടുകള്‍. മുജാഹിദുകള്‍ അവരുടെ പൂര്‍വകാല നേതൃത്വപട്ടികയില്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ ഉള്‍ക്കൊള്ളിക്കുന്നത്‌ കേവലം അവകാശവാദത്തിന്റെ സ്വഭാവമുള്ള ഒരു രീതിയിലാണ്‌. സലഫി-മുജാഹിദ്‌ ആദര്‍ശങ്ങള്‍ ഏതെങ്കിലും തരത്തില്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ സ്വാധീനിച്ചിരുന്നില്ല. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അദ്ദേഹം സ്വീകരിച്ച ആദര്‍ശാധിഷ്‌ഠിത ചെറുത്തുനില്‌പുകള്‍ക്കും എതിര്‍പ്പുകള്‍ക്കു പ്രേരണ സംശുദ്ധമായ ഇസ്‌ലാമിക ബോധം മാത്രമായിരുന്നു. ആ എതിര്‍പ്പുകളെയും ചെറുത്തുനില്‌പുകളെയും ആദര്‍ശ സമരങ്ങളെയും മുജാഹിദ്‌ - സലഫി ചരിത്രത്തിന്റെ കണക്കിലെഴുതുന്നതു ശരിയല്ല.
ഉത്തരേന്ത്യയിലെ ഉന്നതരായ പല ഹദീസ്‌ പണ്ഡിതരുമായും അഹ്‌ലുസ്സുന്നയുടെ ജ്ഞാന നേതൃത്വവുമായും ബന്ധമുണ്ടായിരുന്ന അബ്‌ദുറഹ്‌മാന്‍ സാഹിബിന്‌ അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും പടപൊരുതാന്‍ ഇറക്കുമതി ചെയ്യപ്പെട്ട മതനവോത്ഥാന ചിന്തകളുടെ പിന്‍ബലം ആവശ്യമുണ്ടായിരുന്നില്ല. മാത്രവുമല്ല, മതപരിഷ്‌കരണം, സാമൂഹ്യ നവീകരണം സമുദായ ബോധവത്‌കരണം, മതനവോത്ഥാനം എന്നീ മേഖലകളില്‍ മൂല്യാധിഷ്‌ഠിതമായ ആര്‍ജവമാണ്‌ അദ്ദേഹം പുലര്‍ത്തിയത്‌. ഇതിന്റെ മികച്ചൊരു തെളിവാണ്‌ മുസ്‌ലിം ഐക്യസംഘ ചേരിയുടെ നേതൃത്വത്തില്‍ ബാങ്കിംഗ്‌ സമ്പ്രദായത്തിന്‌ ഇസ്‌ലാമിക ന്യായീകരണവും ആദര്‍വത്‌കരണവും ചാര്‍ത്തി ബാങ്ക്‌ പലിശയെ സാധൂകരിക്കാന്‍ ഒരു വിഭാഗം ഐക്യസംഘക്കാരില്‍ നിന്ന്‌ ശ്രമങ്ങളുണ്ടാവുകയും, ഈയാവശ്യാര്‍ഥം `ഹീലത്തുര്‍രിബാ' `രിസാലത്തുല്‍ ഫില്‍ബന്‍ക്‌' (ഐക്യസംഘത്തിലെ കെ എം മൗലവിയുടെയും മറ്റും) എന്നീ ലഘുലേഖകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്‌തപ്പോള്‍ `അല്ലാഹു ഹറാമാക്കിയ ഒരു കാര്യം ഹലാലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക്‌ ഈ അബ്‌ദുര്‍റഹ്‌മാന്‍ കൂട്ടുനില്‌ക്കില്ല' എന്നും പറഞ്ഞ്‌ എതിര്‍പ്പിന്റെ സ്വരവുമായി അദ്ദേഹം രംഗത്തുവന്നത്‌. ഇത്തരത്തില്‍ ഐക്യസംഘവുമായി ഐക്യപ്പെടാനാവാത്ത പല നിലപാടുകളും അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്‌ ഉണ്ടായിരുന്നു. മുസ്‌ലിം നവോത്ഥാനത്തെ വൈദേശിക ചിന്തകളുടെയും, ഇറക്കുമതി ചെയ്യപ്പെട്ട പരിഷ്‌ക്കരണാശയങ്ങളുടെയും തൊഴുത്തില്‍ കെട്ടുന്നതില്‍ അദ്ദേഹം തൃപ്‌തനായിരുന്നില്ല. ഇസ്‌ലാം അതിന്റെ അന്തസ്സത്തയില്‍ തന്നെ ഉള്‍ക്കൊള്ളുന്ന ആശയങ്ങളും ചിന്തകളും മതത്തിന്റെ ജീര്‍ണതകളെ സ്വയം പ്രതിരോധിക്കുമെന്ന നിലപാടായിരന്നു അദ്ദേഹത്തിന്റേത്‌.
അല്‍അമീന്‍ പത്രം അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ മതപരമായ ആദര്‍ശ ദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന പത്രമായിരുന്നു. മുസ്‌ലിം സംഘടനകള്‍ക്ക്‌ പണവും സ്ഥാപനങ്ങളും സൗകര്യങ്ങളും വര്‍ധിച്ച ഇക്കാലത്ത്‌ നിരവധി പത്രങ്ങളും ആനുകാലികങ്ങളും പുറത്തിറങ്ങുന്നുണ്ട്‌. എന്നാല്‍ അല്‍അമീന്‍ പോലെ ഒരു പത്രം കേരളത്തില്‍ അതിനുശേഷം പുറത്തിറങ്ങിയിട്ടില്ല. അല്‍അമീന്‍ പുറപ്പെടുവിച്ച ആദര്‍ശ സംശുദ്ധിയും ആര്‍ജവവും നീതീബോധവും യഥാര്‍ഥ ഇസ്‌ലാമിക പക്ഷം ചേരലും കേരളീയ മുസ്‌ലിം ചരിത്രത്തിലെ അസാധാരണമായ ചരിത്രാനുഭവമാണ്‌. സംഘടനകളുടെ ജിഹ്വകളായി പുറത്തിറങ്ങുന്ന വാറോലകള്‍ സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന നിഷേധാത്മക മൂല്യങ്ങളുടെയും പ്രതിലോമക- ജാതീയ ചിന്തകളുടെയും ആധിക്യം കേരളീയ മുസ്‌ലിംകളില്‍ പ്രതിഫലിക്കുന്നത്‌ പലതരം അപകര്‍ഷതകളായിട്ടാണ്‌. ഇത്തരമൊരു ദുരവസ്ഥയില്‍ അല്‍അമീന്‍, അല്‍അമീനായിട്ടു തന്നെ ഒരു മടങ്ങിവരവു നടത്തിയാല്‍ നല്ലതാണ്‌. എന്നാല്‍ അല്‍അമീന്‍ അല്‍അമീനായിട്ടു മടക്കിക്കൊണ്ടുവരാന്‍ കേരളീയ മുസ്‌ലിംകളില്‍ മറ്റൊരു അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഇല്ല എന്ന യാഥാര്‍ഥ്യം അല്‍അമീനിന്റെ മടങ്ങിവരവിനെ തീര്‍ത്തും അസാധ്യമാക്കുന്നു.
മാതൃഭൂമി, നസ്‌റാണി ദീപിക, കൗമുദി, മനോരമ തുടങ്ങിയ പത്രങ്ങള്‍ പില്‌ക്കാലത്തും നിലനില്‌ക്കുന്നു. എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ഥ ജിഹ്വയായി നിലനില്‌ക്കേണ്ടിയിരുന്ന അല്‍അമീനിനെ മുസ്‌ലിം സമുദായം അവഗണിച്ചു. സവര്‍ണ ദേശീയതയുടെ വക്താക്കള്‍ അല്‍അമീനിനോടു പുലര്‍ത്തിയ ശത്രുതക്ക്‌ ഫലമുണ്ടാക്കിക്കൊടുത്തത്‌ മുസ്‌ലിം സമുദായത്തിലെ അബ്‌ദുര്‍റഹ്‌മാന്‍ വിരോധികളാണ്‌. സംഘടനകള്‍ പിളരുകയും സാമുദായിക രാഷ്‌ട്രീയം നൈതിക വിശുദ്ധി നഷ്‌ടപ്പെട്ട്‌ അധികാര ഭ്രമങ്ങളുടെ പിറകെ പോകുകയും ചെയ്യുന്ന ഇക്കാലത്ത്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്റെയും അല്‍അമീനിന്റെയും മൂല്യവും പ്രാധാന്യവും കേരള മുസ്‌ലിംകള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത്‌ ചരിത്രത്തിന്റെ സ്വാഭാവികമായൊരു പരിണാമമാണ്‌. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ അല്‍അമീനിനെ സവര്‍ണ വിവേചന ബോധത്തിന്റെ സംഘടനാ രൂപമായ കോണ്‍ഗ്രസിന്‌ വിട്ടുകൊടുക്കുന്നതും അതൊരു കോണ്‍ഗ്രസ്‌ പ്രസിദ്ധീകരണമായി പുറത്തിറങ്ങുന്നതും അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനോടു ചെയ്യുന്ന അനീതിയും നിന്ദയുമാണ്‌. കാരണം ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ്സല്ല ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ കോണ്‍ഗ്രസ്സ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: