ഇമാം ഖുമൈനിയും കേരളത്തിലെ സുന്നികളും

  • Posted by Sanveer Ittoli
  • at 9:46 AM -
  • 0 comments
ഇമാം ഖുമൈനിയും കേരളത്തിലെ സുന്നികളും

പഠനം -
മുഹമ്മദ്‌ വാളറ
മുസ്‌ലിം സമൂഹത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്നതും, കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ ധാരാളം അന്ധവിശ്വാസങ്ങള്‍ ശീഅ വിശ്വാസങ്ങളുടെ സ്വാധീനത്താല്‍ ഉടലെടുത്തിട്ടുള്ളതാണ്‌. കേട്ട്‌ കേള്‍വിയും, പ്രമാണരഹിതമായ ആചാരങ്ങളുടെ അന്ധമായ അനുകരണവും പാമര ജനങ്ങളെ അന്ധവിശ്വാസികളാക്കുക സ്വാഭാവികമാണ്‌. യഥാര്‍ഥ വിശ്വാസത്തില്‍ കൂട്ടിക്കലര്‍ത്തലുകള്‍ സംഭവിക്കുന്നതിന്റെ നിമിത്തങ്ങള്‍ പരതുമ്പോള്‍ നമ്മെ വിസ്‌മയിപ്പിക്കുന്ന ഒട്ടനവധി `സ്രോതസ്സുകള്‍' മറനീക്കി പുറത്തുവരുന്നു. ഇതില്‍ പ്രമുഖ സ്ഥാനമാണ്‌ ശിആയിസവുമായി ബന്ധപ്പെട്ട വിശ്വാസാചാരങ്ങള്‍. `ശീഅത്തുഅലി' എന്ന പേരിലാണ്‌ ആഗോളതലത്തില്‍ ഈ പ്രസ്ഥാനം അറിയപ്പെടുന്നത്‌. 
സച്ചരിതരായ നാല്‌ ഖലീഫമാരില്‍ നാലാമത്തെ ഖലീഫ അലിയ്യിബ്‌നു അബീത്വാലിബിന്‌ അമിതമായ പ്രാമുഖ്യം നല്‌കി ആദരിക്കുന്ന ഇക്കൂട്ടര്‍ അദ്ദേഹത്തിന്‌ ദിവ്യത്വം കല്‌പിക്കുക കൂടി ചെയ്യുന്നു. മുഹമ്മദ്‌ നബി(സ)യുടെ ശരിയായ പിന്‍ഗാമി അലി(റ) ആണെന്നും ഇത്‌ അല്ലാഹുവിന്റെ തീരുമാനമാണെന്നും ശീഅകള്‍ വിശ്വസിക്കുന്നു. സമുദായത്തിന്റെ ആത്മീയവും രാഷ്‌ട്രീയവുമായ അധികാരം ഇമാമുകള്‍ കയ്യാളുമെന്നും ആദ്യത്തെ ഇമാം എന്ന നിലയില്‍ അലി(റ) അത്‌ പ്രയോഗത്തില്‍ വരുത്തിയെന്നുമാണ്‌ ശീഅ വിശ്വാസം.
`ശീഅ' എന്ന വാക്കിന്റെ അര്‍ഥം കക്ഷി, പിന്തുടരുന്നവന്‍ എന്നെല്ലാമാണ്‌. `ശീഅത്തുഅലി' എന്നാല്‍ അലിയെ പിന്‍പറ്റുന്നവര്‍, അലിയുടെ പാര്‍ട്ടി എന്ന്‌ വിവക്ഷിതം. അലി(റ)യുടെ പിന്തുടര്‍ച്ചാവകാശം ദൈവദത്തമാണെന്നും മുഹമ്മദ്‌ നബി(സ) തന്റെ പിന്‍ഗാമിയായി അലി(റ)യെ നാമനിര്‍ദേശം ചെയ്‌തുവെന്നുമാണ്‌ ശീഅ വിശ്വാസത്തിന്റെ കാതല്‍. അതിനു തെളിവായി അവരുടെ ഇമാമുമാര്‍ `ഹദീസുകള്‍' ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രവാചകന്‍(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ `ഗദീറുഖൂം' എന്ന തടാകത്തിനടുത്തുവെച്ച്‌ നടത്തിയെന്ന്‌ പറയപ്പെടുന്ന പ്രഖ്യാപനമാണ്‌ അവര്‍ ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ട്‌. സുഊദി അറേബ്യയിലെ `അല്‍ ജുഹ്‌ഫ്‌' നഗരത്തിനടുത്തായിട്ടാണിത്‌ സ്ഥിതിചെയ്യുന്നത്‌.
ശീഅകള്‍ ഇപ്രകാരം ഒരു ഹദീസ്‌ ഉദ്ധരിക്കുന്നു: ``മുഹമ്മദ്‌ നബി(സ) പറഞ്ഞു: അല്ലയോ ജനങ്ങളെ, നിങ്ങള്‍ ഖുര്‍ആന്‍ പ്രതിഫലിപ്പിക്കുകയും അതിന്റെ വചനങ്ങളെ മനസ്സിലാക്കുകയും ചെയ്യുക. അതിന്റെ വ്യക്തമായ വചനങ്ങളിലേക്ക്‌ ശ്രദ്ധിക്കുകയും ദുരൂഹമായ ഭാഗങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. കാരണം അതിന്റെ സംശയാസ്‌പദമായ ഭാഗങ്ങള്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും വ്യാഖ്യാനിക്കാന്‍ കഴിയുകയില്ല; ഒരാളൊഴികെ. അദ്ദേഹത്തിന്റെ പങ്ക്‌ ഞാന്‍ ഗ്രഹിച്ചിട്ടുണ്ട്‌. എന്റെയടുത്താണ്‌ അദ്ദേഹം വളര്‍ന്നുവന്നത്‌. (അദ്ദേഹത്തിന്റെ കരം നബി(സ) ഉയര്‍ത്തിക്കാട്ടി) ഞാന്‍ അദ്ദേഹത്തിന്റെ `മൗല' (ഭരമേല്‌പിക്കപ്പെട്ടവന്‍) യാണെന്നും നിങ്ങളെ അറിയിക്കട്ടെ. എന്റെ തീരുമാനം നടപ്പാക്കുന്നവനും, എന്റെ സഹോദരനുമായ അലിയ്യ്‌ ബിന്‍ അബീത്വാലിബാണ്‌ അത്‌. സര്‍വശക്തനായ അല്ലാഹുവില്‍ നിന്നും എനിക്കയച്ചുതന്ന നേതാവും നിങ്ങള്‍ക്കായി നിയമിക്കപ്പെട്ട വഴികാട്ടിയുമാണ്‌ അദ്ദേഹം.''
ഈ ഹദീസിന്റെ സാധുത വിമര്‍ശന വിധേയമാണ്‌. കപടവിശ്വാസികളുടെ നേതാവായ അബ്‌ദുല്ലാഹിബ്‌നു സബ്‌അ്‌ എന്ന യഹൂദി ബുദ്ധിജീവിയുടെ തലയില്‍ ഉദിച്ച കള്ള ഹദീസുകളില്‍ പെട്ട ഒന്നാണ്‌ ഇതെന്നാണ്‌ പ്രമുഖ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്‌. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍വാംഗീകൃതവും പ്രമാണങ്ങള്‍ക്ക്‌ വിധേയവുമാണ്‌. പക്ഷേ, അല്ലാഹുവിന്റെ കല്‌പനയനുസരിച്ച്‌ അലി(റ)യെ പിന്‍ഗാമിയാക്കി നിശ്ചയിച്ച കാര്യം നബി(സ) അബൂബക്കറിനെയും(റ), ഉമറിനെയും(റ) ഭയപ്പെട്ടതുകൊണ്ട്‌ ജനങ്ങളോട്‌ പറഞ്ഞില്ല എന്ന ശീഅ പ്രചാരണം വസ്‌തുതാ വിരുദ്ധമാണ്‌. തന്റെ ദൗത്യം പൂര്‍ണമായി നിര്‍വഹിച്ചതിനു മുഹമ്മദ്‌(സ) അല്ലാഹുവിനെത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌ എന്നിരിക്കെ സുപ്രധാനായ ഈ പിന്‍തുടര്‍ച്ച സംബന്ധിച്ച കാര്യം റസൂല്‍ മറച്ചുവെച്ചു എന്നു വിശ്വസിക്കാവതല്ല. അല്ലാഹുവിന്റെ ദിവ്യസന്ദേശം റസൂല്‍(സ) മറച്ചുവെച്ചുവെന്നത്‌ ശുദ്ധ അസംബന്ധമാണ്‌.
ഇറാന്‍ വിപ്ലവത്തിന്റെ സൂത്രധാരന്‍ ഇമാം ഖുമൈനി സാക്ഷാല്‍ അന്ധവിശ്വാസത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമാണ്‌. അദ്ദേഹത്തിന്റെ കശ്‌ഫുല്‍ അസ്‌റാര്‍, അല്‍ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും ദുര്‍വ്യാഖ്യാനങ്ങളുടെ സമാഹാരങ്ങ ളാണ്‌. രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി, പ്രവാചകന്‍ മുഹമ്മദ്‌(സ) ദിവ്യബോധനം മറച്ചുവെച്ചു എന്ന പ്രസ്‌താവനയിലൂടെ ഇമാം ഖുമൈനി ഇസ്‌ലാമിനെ തന്നെ വെല്ലുവിളിക്കുകയാണ്‌.
`അഹ്‌ലു ബൈത്ത്‌' എന്ന ആശയം യാഥാസ്ഥിതികരായ മുസ്‌ലിം സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്‌. രാഷ്‌ട്രീയ നേതൃത്വം പ്രവാചക കുടുംബത്തില്‍ നിന്നു വേണമെന്ന ധാരണയാണിതിന്റെ അടിസ്ഥാനം. ശീഅ വിഭാഗത്തിലെ `സൈനികര്‍' ഇതില്‍ കുറച്ചുകൂടി കാര്‍ക്കശ്യം കാട്ടി. അലി-ഫാത്വിമ ദമ്പതികള്‍ക്ക്‌ ജനിച്ച മക്കളില്‍ ആണ്‍ സന്താനങ്ങളായിരിക്കണം ഇസ്‌ലാമില്‍ നേതൃത്വം നല്‌കേണ്ടതെന്നു കൂടി അവര്‍ ശഠിച്ചു. സുന്നിപണ്ഡിതരിലെ പരമ്പരാഗത ചിന്തകര്‍ പറഞ്ഞതാകട്ടെ, രാഷ്‌ട്രീയാധികാരം പ്രവാചകന്റെ കുടുംബത്തില്‍ പെട്ടവര്‍ പങ്കിടണമെന്നാണ്‌. അതായത്‌ ഖുറൈശികള്‍ നയിക്കണം എന്നര്‍ഥം. ഇമാം ജഅ്‌ഫര്‍ സ്വാദിഖിന്റെ സരണിയിലെ ഇമാമുകളെ പിന്തുടരുന്നവരെ `ഇമാമിയ്യാക്കള്‍' എന്നാണ്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. വിശ്വാസത്തിലും നിയമസംഹിതയിലും അലിയുടെയും ഫാത്വിമയുടെയും സന്താനപരമ്പരയിലെ ആണ്‍സന്തികള്‍ ദിവ്യമായിത്തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ ശീഅ മതം.
ഇമാമുമാര്‍ മുഹമ്മദ്‌ നബിയുടെ ആത്മീയവും രാഷ്‌ട്രീയവുമായ നേതൃപാരമ്പര്യം അവകാശപ്പെട്ടവരായിരിക്കും. ഈ വിശ്വാസമനുസരിച്ച്‌ ദിവ്യവെളിപാടുകള്‍ വ്യാഖ്യാനിക്കാനും അതിലെ നിഗൂഢമായ ചിന്തകള്‍ക്ക്‌ വിശദീകരണം നല്‌കാനും ഇമാമുകള്‍ക്ക്‌ മാത്രമേ കഴിയൂ. രാഷ്‌ട്രീയാധികാരം അവര്‍ക്കായി നീക്കിവെച്ചിരിക്കുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസവും പ്രവാചകന്റെ രിസാലത്തിലുള്ള വിശ്വാസവും പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ ഇമാമിയ്യത്തിലുള്ള വിശ്വാസവും എന്നതാണ്‌ ശീഈ സരണകളില്‍ പെട്ട ഇസ്‌മാഈലികളും ഇസ്‌നാ അശരികളും പറയുന്നത്‌. ഇമാമുമാര്‍ സമുദായത്തെ നയിക്കാന്‍ നിയുക്തരായതിനാല്‍ അവര്‍ മാതൃകാ പുരുഷന്മാരും പാപങ്ങളില്‍ നിന്ന്‌ മുക്തരുമായിരിക്കുമെന്ന വിശ്വാസത്തിലൂടെ വാസ്‌തവത്തില്‍ പ്രവാചകന്മാരുടെ പദവിയിലേക്കവര്‍ ഉയര്‍ത്തപ്പെടുകയാണ്‌. ഈ വീക്ഷണമനുസരിച്ച്‌ ഓരോ യുഗത്തിലും ഒരു ഇമാം അവതരിക്കുന്നതായിരിക്കും. ഈ ധാരയിലെ ഒന്നാമത്തെ ഇമാം അലി(റ) ആണ്‌.
ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അലിയെ(റ) പിന്‍പറ്റുന്നവര്‍, (അഹ്‌ലുബൈത്തിനെ പിന്‍പറ്റുന്നവര്‍), അബൂബക്കറിനെ പിന്‍പറ്റുന്നവര്‍ എന്നീ രണ്ടു വിഭാഗക്കാരായി വിഭജിക്കപ്പെട്ടു. ചില ഹദീസുകള്‍ തങ്ങളുടെ താല്‌പര്യങ്ങള്‍ക്കനുസൃതമായി ശീഅ പണ്ഡിതന്മാര്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്‌തു. ഉദാഹരണത്തിന്‌ അബൂഹുറയ്‌റ(റ)യെ സംബന്ധിച്ച്‌ ഉമര്‍(റ) പറഞ്ഞ ഹദീസ്‌. ഇസ്‌മാഈലികള്‍ പ്രസ്‌താ വിക്കുന്നത്‌ കാണുക: ``അഖ്‌ല്‌ (ബുദ്ധി), തത്വജ്ഞാനം (ദിവ്യമായ) മുതലായവ പ്രവാചകന്മാരുടെയും ഇമാമുമാരുടെയും ആത്മാക്കളുടെ ഉറവിടമാണ്‌. അവര്‍ക്കല്ലാഹു ഹിക്‌മത്ത്‌ (തത്വജ്ഞാനം) നല്‌കിയിരിക്കുന്നു. അവരുടെ കഷ്‌ടതകള്‍, അവരുടെ അനുയായികള്‍ക്ക്‌ ദിവ്യാനുഗ്രഹങ്ങളുടെ മാര്‍ഗമാണ്‌. ഇമാമുമാര്‍ ദിവ്യവെളിപാടുകള്‍ സ്വീകരിക്കുന്നില്ലെങ്കിലും അവര്‍ക്ക്‌ അല്ലാഹുവുമായി അടുത്ത ബന്ധമുണ്ട്‌, അതിലൂടെ അല്ലാഹു അവരെ വഴി നടത്തുകയും അവര്‍ ജനങ്ങളെ നയിക്കുകയും ചെയ്യും.''
ഈ ചിന്ത ക്രിസ്‌ത്യാനികളുടെ വിശ്വാസം പോലെയാണ്‌. യേശുവിന്റെ ത്യാഗങ്ങള്‍ അനുയായികള്‍ക്ക്‌ പാപമോചനം നല്‌കുമെന്നും സര്‍വ പാപങ്ങളും അദ്ദേഹം ഏറ്റുവെന്നും ക്രൈസ്‌തവര്‍ വിശ്വസിക്കുന്നു. മധ്യസ്ഥ പ്രാര്‍ഥന നിര്‍ബന്ധമാക്കുന്നവരാണ്‌ ക്രിസ്‌ത്യാനികള്‍. മുസ്‌ലിംകളിലും ചിലര്‍ മധ്യസ്ഥ പ്രാര്‍ഥന നടത്തുന്നുണ്ട്‌. ആരാധനാ കര്‍മങ്ങളും ശീഅകള്‍ അട്ടിമറിച്ചിരിക്കുന്നു. നമസ്‌കാരത്തിന്റെ കാര്യത്തില്‍ ദുഹര്‍, അസര്‍, മഗ്‌രിബ്‌, ഇശാ എന്നീ നമസ്‌കാരങ്ങള്‍ ഒരുമിച്ചാണ്‌ അവര്‍ നമസ്‌കരിക്കുന്നത്‌. ഖുര്‍ആന്‍ മൂന്നു നേരത്തെ നമസ്‌കാരത്തിന്റെ കാര്യമേ പ്രതിപാദിച്ചിട്ടുള്ളൂ എന്നതാണ്‌ അവരുടെ ന്യായം. ബാങ്കിന്റെ വചനങ്ങളില്‍ അവസാനം `അലിയ്യുന്‍ വലിയ്യുല്ലാ' (അലിയ്യ്‌ അല്ലാഹുവിന്റെ വലിയ്യാണ്‌) എന്നു കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പ്രവാചകന്റെ ഹദീസുകള്‍ സര്‍വാംഗീകൃതമാണെന്നിരിക്കെ തന്നിഷ്‌ടപ്രകാരം ശീഅകള്‍ പ്രത്യേകം ഹദീസ്‌ ക്രോഡീകരിച്ചിരിക്കുന്നത്‌ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടിയാണ്‌.
ക്രിസ്‌ത്യാനികള്‍ വിശ്വാസത്തിന്റെ ഭാഗമായി തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നത്‌ കാണാം. യേശുവിന്റെ പ്രധാന അനുയായികളുടേതെന്നു പറയപ്പെടുന്ന അസ്ഥികളും ഉടയാടകളും മറ്റും പല ചര്‍ച്ചുകളിലും സൂക്ഷിച്ചിട്ടുണ്ട്‌. മുസ്‌ലിംകളില്‍ ഈ ജോലി ഏറ്റെടുത്തിരിക്കുന്നത്‌ ശീഅകളാണ്‌. കേരളത്തില്‍ സുന്നികളെന്നു സ്വയം വിളിക്കുന്നവര്‍ അത്‌ അനുധാവനം ചെയ്യുന്നതില്‍ മത്സരിക്കുന്നത്‌ കൗതുകകരം തന്നെ. മത ചിഹ്നങ്ങളെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താനുള്ള മത്സരമാണ്‌ ഇത്തരം അബദ്ധ ജഡിലമായ കണ്ടുപിടുത്തങ്ങള്‍ക്ക്‌ പിന്നിലെ ചേതോവികാരം.
പേര്‍ഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്‌ത ഈ ആദര്‍ശം ഇന്ത്യയിലെങ്ങും സ്വാധീനം നേടിയത്‌ മുഗള്‍ ഭരണത്തോടെയാണ്‌. വാസ്‌തുശില്‌പ കലയില്‍ ലോകാത്ഭുതങ്ങള്‍ നെയ്‌തെടുത്തവര്‍ അന്ധവിശ്വാസങ്ങളുടെ ധ്വജവാഹകരായിരുന്നു. ശവകുടീരങ്ങള്‍ ത്വവാഫ്‌ ചെയ്യപ്പെടുന്നത്‌ നിര്‍ബന്ധ കാര്യം പോലെയാണ്‌ ശീഅകള്‍ കൊണ്ടാടുന്നത്‌. മരണപ്പെട്ടുപോയവരോട്‌ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കല്ലെന്നാണ്‌ കശ്‌ഫുല്‍ അസ്‌റാര്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്‌ (പേജ്‌ 49). ആധുനിക ഇറാന്റെ ആത്മീയാചാര്യന്‍ ഖുമൈനി പറയുന്നു: ``അപ്പോള്‍ ശിര്‍ക്കെന്നു പറഞ്ഞാല്‍, ഇലാഹാണെന്ന അടിസ്ഥാനത്തില്‍ അസുഖം മാറാന്‍ ആരോടെങ്കിലും പ്രാര്‍ഥിക്കുകയോ ഇലാഹിന്‌ പങ്കുകാരുണ്ടെന്ന്‌ വിശ്വസിക്കുകയോ പ്രാര്‍ഥിക്കപ്പെടുന്ന ആള്‍ക്ക്‌ സ്വതന്ത്രമായ കഴിവുണ്ടെന്ന്‌ വിശ്വസിക്കുകയോ ചെയ്യുകയാണ്‌. അല്ലാഹുവിന്‌ വേണ്ടി ജീവന്‍ നഷ്‌ടപ്പെടുത്തിയ, അവന്റെ ദീനിനു വേണ്ടി ആത്മത്യാഗം ചെയ്‌തവരോട്‌ പ്രാര്‍ഥിക്കുന്നവര്‍ക്ക്‌ ഉത്തരം ചെയ്യാനുള്ള കഴിവ്‌ കൊടുക്കാന്‍ അല്ലാഹുവിന്‌ സാധിക്കും എന്ന അടിസ്ഥാനത്തിലാണ്‌ പ്രാര്‍ഥിക്കുന്നതെങ്കില്‍ ശിര്‍ക്കോ കുഫ്‌റോ അല്ല.'' (കശ്‌ഫുല്‍ അസ്‌റാര്‍, പേജ്‌ 59)
കേരളക്കരയില്‍ അന്ധവിശ്വാസങ്ങള്‍ക്ക്‌ വിത്ത്‌ പാകിയത്‌ ഇത്തരം ശീഈ ചിന്തകളാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഖുമൈനിയുടെ അതേ വിശ്വാസം തന്നെയാണ്‌ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന യാഥാസ്ഥിതികര്‍ക്കുമുള്ളത്‌. നവോത്ഥാന സംരംഭങ്ങള്‍ കൊണ്ട്‌ ധന്യമായ കേരളത്തെ പുത്തന്‍ `ശീഅ-സുന്നി' അച്ചുതണ്ടുകള്‍ക്ക്‌ തീറെഴുതിക്കൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌. അത്‌ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: