സൗമ്യതയും അവധാനതയും മനുഷ്യജീവിതത്തിന് വെളിച്ചമാണ്. വികാരത്തെ വിവേകമാക്കി മാറ്റാന്‍ അവനെ മനനശേഷി പ്രേരിപ്പിക്കേണ്ടതുണ്ട്. അതിനാവശ്യമായ വിജ്ഞാനം അവന് അനിവാര്യവുമാണ്. വിശാലമായ സ്വര്‍ഗം ഒരുക്കപ്പെട്ട ഭക്തന്മാരുടെ സ്വഭാവം വ്യക്തമാക്കിയപ്പോള്‍ ഖുര്‍ആന്‍ പറയുന്നു: ``സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി (സ്വര്‍ഗം ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു). സല്‍ക്കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു.'' (വി ഖു 3:134)
``ആരെങ്കിലും ദേഷ്യം പ്രകടിപ്പിക്കാന്‍ കഴിവുള്ളവനായിട്ടും അതിനെ ഒതുക്കിനിര്‍ത്തുകയാണെങ്കില്‍ അല്ലാഹു അവന്റെ മനസ്സിനുള്ളില്‍ ഈമാനും നിര്‍ഭയത്വവും നിറക്കുന്നതാണ്.'' (അബൂദാവൂദ്). അനസുബ്‌നുമാലിക്(റ) അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: റസൂല്‍(സ) പറഞ്ഞു: ആരെങ്കിലും തന്റെ കോപത്തെ മറച്ചുവെച്ചാല്‍ അല്ലാഹു അവന്റെ ശിക്ഷയെ മറച്ചുവെക്കും. ആരെങ്കിലും തന്റെ നാവിനെ സംരക്ഷിച്ചാല്‍ അവന്റെ പോരായ്‌മയെ അല്ലാഹു മറച്ചുവെക്കും.'' (അബൂയഅ്‌ല)
ഒരാളുടെ ശിക്ഷയെ അയാളുടെ കോപവുമായി താരതമ്യം ചെയ്‌തതിലൂടെ കോപത്തിന്റെ ഗൗരവമെന്തെന്ന് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അമിതകോപം പിശാചില്‍ നിന്നാണ്. ആദര്‍ശത്തിനു വേണ്ടി ആവശ്യമായ ഘട്ടത്തിലും സന്ദര്‍ഭത്തിലും വിവേകപൂര്‍ണമായ ദേഷ്യം ഈമാനിന്റെ ലക്ഷണമാണ്. അതില്ലാത്തവന്‍ കഴുതയ്‌ക്ക് സമാനമാണെന്നാണ് ഇമാം ശാഫിഈ(റ) വ്യക്തമാക്കിയത്.
അമിതകോപം മനുഷ്യനെ ഖേദക്കാരനാക്കുന്നു. അത് സ്വത്തും സമ്പാദ്യവും കുടുംബവും നശിപ്പിച്ചേക്കും. സ്ഥലകാല ബോധമില്ലാത്ത ഈ വികാരം അവന് കുറ്റബോധത്തിലേക്കും നിരാശയിലേക്കും നാശത്തിലേക്കും വഴിതെളിയിക്കും. സര്‍വതിന്മകളുടെയും ശത്രുതയുടെയും താക്കോലാണ് അമിതകോപം. വേണ്ടപ്പെട്ടവരെ തിരസ്‌കരിക്കാനും ബന്ധവിച്ഛേദം നടത്താനും അക്രമിയായി തീരാനും അസൂയയും പകയുമായി കുതന്ത്രങ്ങള്‍ മെനയുന്നതിനും ഇത് നിമിത്തമാകും. ഹുമൈദുബ്‌നു അബ്‌ദിര്‍റഹ്‌മാന്‍(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ``കോപം സര്‍വതിന്മകളെയും സംഗമിപ്പിക്കുന്നു.'' (അഹ്‌മദ് 22088)
അധികമാകാത്തവിധം ഉപദേശം തേടിവന്ന വ്യക്തിയോട് കോപിക്കരുത് എന്ന് മാത്രം ഉപദേശിച്ച നബി(സ), കോപം ഒഴിവാക്കിയാല്‍ തിന്മകളെ ഒഴിവാക്കാന്‍ കഴിയും എന്ന സന്ദേശമാണ് നമുക്ക് നല്‍കുന്നത്. ഒരിക്കല്‍ ഇബ്‌നു ഉമര്‍(റ) നബി(സ)യോട് ചോദിച്ചു: ``നബിയേ, പരലോകത്ത് അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് രക്ഷ നല്‍കുന്ന കാര്യമെന്താണ്. നബി(സ) പറഞ്ഞു: ഇഹലോകത്ത് നീ മനുഷ്യരോട് കോപിക്കരുത്. എന്നാല്‍ പരലോകത്ത് അല്ലാഹു നിന്നോട് കോപിക്കുകയില്ല.'' (ത്വബ്‌റാനി). മനുഷ്യരോട് കോപിക്കല്‍ ദൈവകോപത്തിന് കാരണമാകുമെന്നര്‍ഥം. കോപത്തെ നിയന്ത്രിക്കുന്നവര്‍ക്കാണ് സ്വര്‍ഗം തയ്യാറാക്കപ്പെട്ടതെന്ന് നേരത്തെ വ്യക്തമാക്കി. കോപം നിയന്ത്രിക്കുന്നവനാണ് യഥാര്‍ഥ ശക്തന്‍. ``ഗുസ്‌തിയില്‍ വിജയിക്കുന്നവനല്ല ശക്തന്‍, കോപമുണ്ടാകുമ്പോള്‍ സ്വന്തത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നവന്‍ മാത്രമാണ് ശക്തന്‍.'' (ബുഖാരി 5649, മുസ്‌ലിം 4723)
കോപമുണ്ടാകാതിരിക്കാനുള്ള മാര്‍ഗവും കുപിതനായാല്‍ അത് ശമിക്കാനുള്ള വഴികളും ഇസ്‌ലാം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ലോകരക്ഷിതാവായ അല്ലാഹു നമുക്ക് ചൊരിഞ്ഞിട്ടുള്ള കാരുണ്യത്തെയും അവന്‍ നമുക്കായി വിട്ടുവീഴ്‌ച ചെയ്യുന്നതും ഓര്‍ക്കുന്നത് സഹനത്തിന് നമുക്ക് പ്രേരകമാകും. ആഇശ(റ)യെ സംബന്ധിച്ച് അപവാദ പ്രചാരണത്തില്‍ ഉള്‍പ്പെട്ട മിസ്‌ത്വഹിന്(റ) സഹായങ്ങള്‍ നല്‍കില്ലെന്ന് അബൂബക്കര്‍(റ) ശപഥം ചെയ്‌തതിനെ താക്കീതു ചെയ്‌തുകൊണ്ട് അല്ലാഹു പറയുന്നു: ``അവര്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്‌ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ലേ?'' (വി.ഖു 24:22)
സൂറതു ഫുസ്സിലത് 34-ാം വചനം വിശദീകരിക്കവെ, ഇബ്‌നുഅബ്ബാസ്(റ) വ്യക്തമാക്കുന്നു: ``ദേഷ്യം വരുമ്പോള്‍ ക്ഷമിക്കുക, തെറ്റ് കാണുമ്പോള്‍ മാപ്പ് നല്‍കുക എന്നിവയാണ്. അങ്ങനെ ചെയ്‌താല്‍ അല്ലാഹു അവനെ സംരക്ഷിക്കുകയും ശത്രുവിനെ അവന് കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്യും.'' കോപം പിശാചിന്റെ കുതന്ത്രമാണെന്ന് തിരിച്ചറിയലും കോപത്തെ നിയന്ത്രിക്കാന്‍ നിമിത്താകും. ആ പിശാചില്‍ നിന്ന് രക്ഷതേടുവാനാണ് നാം കല്‌പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: ``നീ വിട്ടുവീഴ്‌ച സ്വീകരിക്കുകയും സദാചാരം കല്‌പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.'' (വി.ഖു 7:199)
കുപിതരായി മുഖം ചുവപ്പിച്ച് അസഭ്യം പറയുന്ന രണ്ടാളുകളെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ``എനിക്ക് ഒരു വചനമറിയാം. അത് അവന്‍ പറഞ്ഞാല്‍ ഈ അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാകും. എന്നിട്ട് നബി(സ) പറഞ്ഞു: ശപിക്കപ്പെട്ട പിശാചില്‍നിന്നും ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.'' (ബുഖാരി 5650, മുസ്‌ലിം 4725)
മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ``തീര്‍ച്ചയായും കോപം പിശാചില്‍ നിന്നുള്ളതാണ്. പിശാച് തീയിനാല്‍ സൃഷ്‌ടിക്കപ്പെട്ടതാണ്. നിശ്ചയം തീ വെള്ളംകൊണ്ട് അണക്കപ്പെടും. അതിനാല്‍ നിങ്ങളിലാര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ വുദ്വൂ ചെയ്യട്ടെ.'' (അബൂദാവൂദ് 4152). കോപം വരുമ്പോള്‍ നാവിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കുപിതനാകുന്ന ഒരാളുടെ പരാക്രമം പോലെ ഗുരുതരമാണ് അവന്റെ നാവ്. അതിനെ നിയന്ത്രിക്കുന്നത് നമ്മുടെ കുറ്റങ്ങള്‍ മറക്കപ്പെടാന്‍ വഴിയൊരുക്കും. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: ``നിങ്ങളിലാര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ മൗനം ദീക്ഷിക്കട്ടെ. ഇത് അദ്ദേഹം മൂന്നുതവണ പറഞ്ഞു.'' (അഹ്‌മദ് 2136)
അബൂബകറത്(റ) പറയുന്നു: നബി(സ) പറഞ്ഞു: ``നിങ്ങള്‍ കോപമുണ്ടായിരിക്കെ രണ്ട് പേര്‍ക്കിടയില്‍ വിധി തീര്‍പ്പാക്കരുത്.'' (ബുഖാരി 7158, മുസ്‌ലിം 4587). കോപമുള്ളപ്പോള്‍ തീര്‍പ്പ് കല്‍പിക്കുന്നതിലും ഇടപെട്ട് സംസാരിക്കുന്നതിലും കോപത്തിന് സ്വാധീനമുണ്ടാകുമെന്നതിനാലാണ് മൗനം ദീക്ഷിക്കാനും വിധി തീര്‍പ്പാക്കാതിരിക്കാനും കല്‍പിക്കുന്നത്. കോപം ഒതുങ്ങാനും ശമിക്കാനുമുള്ള സാഹചര്യത്തിലേക്ക് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് കോപത്തെ നിയന്ത്രിക്കാന്‍ സാധിച്ചേക്കും. അബുദര്‍റ്(റ) പറയുന്നു: നബി(സ) പറഞ്ഞു: ``നിങ്ങളിലാര്‍ക്കെങ്കിലും കോപം വരുമ്പോള്‍ അവന്‍ നില്‍ക്കുകയാണെങ്കില്‍ ഇരിക്കട്ടെ, എന്നിട്ടും അവന്റെ കോപം നീങ്ങിയില്ലെങ്കില്‍ അവന്‍ കിടക്കട്ടെ.'' (അഹ്‌മദ് 20386, അബൂദാവൂദ് 4151).
അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ ദേഷ്യപ്പെടേണ്ടിവന്നാല്‍ ദേഷ്യപ്പെടുക എന്നതാണ് ഈമാനിന്റെ ലക്ഷണം. മോഷണ വിഷയത്തില്‍ ശുപാര്‍ശ പറയാനെത്തിയ ഉസാമതുബ്‌നു സെയ്‌ദ്(റ)നോടും മൂന്ന് ത്വലാഖ് വേര്‍പ്പെടുത്തിയ അനുചരന്മാരോടും നബി(സ) പ്രകടിപ്പിച്ച നീരസം അതാണ് നമ്മെ പഠിപ്പിക്കുന്നത്. മതനിയമങ്ങളെ ലംഘിക്കുകയോ അല്ലാഹു ആദരിച്ചതിനെ അവമതിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിന് വേണ്ടി പ്രതികാര നടപടി സ്വീകരിക്കുകയെന്നല്ലാതെ, തിരുമേനിയെ ദ്രോഹിച്ചവരോട് പോലും നബി(സ) പകരം വീട്ടിയിട്ടില്ല. കടുത്ത അക്രമവും കൊലയും നടത്തിയ മുശ്‌രിക്കുകളോട് നിങ്ങള്‍ സ്വതന്ത്രരാണെന്ന് പ്രഖ്യാപിച്ച നബി(സ) ഹംസ(റ)യുടെ ഘാതകന്‍ വഹ്‌ശിക്കും അദ്ദേഹത്തിന്റെ ജഡം വികൃതമാക്കിയ ഹിന്ദിനും തുല്യതയില്ലാത്ത മാപ്പ് നല്‍കുകയായിരുന്നു.
അബുദര്‍റ്(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: സൗമ്യതയില്‍ നിന്നുള്ള ഓഹരി ലഭിച്ചവന്‍ എല്ലാവിധ നന്മകളും നേടി. അത് നിഷേധിക്കപ്പെട്ടവന് എല്ലാ നന്മകളും നിഷേധിക്കപ്പെട്ടു. (തിര്‍മിദി)
0 comments: