മൂല്യബോധമുള്ള വിദ്യാഭ്യാസം അനിവാര്യം

  • Posted by Sanveer Ittoli
  • at 9:50 AM -
  • 0 comments
മൂല്യബോധമുള്ള വിദ്യാഭ്യാസം അനിവാര്യം

പ്രൊഫ. മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി
ഉയര്‍ന്ന ശമ്പളംപറ്റുന്ന പ്രഫഷനുകളില്‍ ഏര്‍പ്പെട്ടവരും ഭൗതിക വിദ്യാഭ്യാസം നേടിയവരും മാത്രമാണ്‌ സമൂഹത്തിലെ ഉന്നതര്‍ എന്ന മിഥ്യാബോധത്തിലാണ്‌ മതകലാലയങ്ങളുടെ തളര്‍ച്ചയുടെ വേരുകള്‍ കിടക്കുന്നത്‌. സമൂഹത്തിന്റെ ഭൗതിക വളര്‍ച്ചയ്‌ക്ക്‌ ചുക്കാന്‍ പിടിക്കുന്ന പ്രഫഷണലുകളേ പോലെയോ അതിനു മുകളിലോ ആഇമ്‌ മതകലാലയങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രബോധകരുടെയും പണ്ഡിതന്മാരുടെയും സാമൂഹ്യപദവി എന്ന യാഥാര്‍ഥ്യം വിസ്‌മരിക്ക്‌പ്പെടുകയാണ്‌. സമൂഹത്തിന്റെ ഭദ്രത കുടികൊള്ളുന്നത്‌ കേവലം ഭൗതികസൗകര്യങ്ങളിലല്ല. സാമൂഹികമായ സ്വസ്ഥതയിലും അതിനെ നിയന്ത്രിക്കുന്ന ധാര്‍മിക മൂല്യങ്ങളിലുമാണ്‌. അതിനാല്‍ മതപാഠശാലകളാണ്‌ സാമൂഹിക നേതൃത്വത്തെ രൂപപ്പെടുത്തുന്നത്‌. ഈ വശം വേണ്ടവിധം ബോധ്യപ്പെടുത്തുന്നതില്‍ മതരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ വീഴ്‌ച വന്നിട്ടുണ്ടെന്നതും സത്യമാണ്‌.അറബിക്‌ കോളെജുകള്‍ മതവിദ്യാഭ്യാസത്തോടൊപ്പം അനേകം തൊഴിലവസരങ്ങള്‍ തുറക്കുന്ന ഭാഷാശാസ്‌ത്ര പഠനകേന്ദ്രം കൂടിയാണ്‌. സമൂഹത്തിന്‌ നേതൃത്വം നല്‍കാന്‍ യോഗ്യരായ മതപണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ ഉപയുക്തമായ ശരീഅ പഠനത്തോടൊപ്പം, നയതന്ത്രം ടൂറിസം, അധ്യാപനം, കറസ്‌പോണ്ടന്‍സ്‌ തുടങ്ങിയ ഒട്ടേറെ മികച്‌ ചതൊഴിലുകള്‍ നേടാന്‍ പ്രാപ്‌തമാക്കുന്ന അറബി ഭാഷാ പഠനവും അറബിക്കോളേജുകളില്‍ സാധ്യമാണ്‌. അറബിക്കോളെജിലെ ബിരുദ പഠനത്തിനുശേഷം തുടര്‍ പഠനത്തിലൂടെ അഭിഭാഷകരാവുന്നവരും വിവിധ മത്സര പരീക്ഷകള്‍ ജയിച്ചു സര്‍ക്കാര്‍ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും വിരളമല്ല. ബിരുദം അടിസ്ഥാന യോഗ്യതയായ ഏത്‌ തൊഴിലിനും അഫ്‌സലുല്‍ ഉലമ ബിരുദധാരിയും യോഗ്യനാണെന്നത്‌ പലര്‍ക്കുമറിയില്ല.
അറബിക്‌-ഇംഗ്ലീഷ്‌ വിഷയങ്ങളില്‍ നല്ല പ്രാവീണ്യമുള്ള ഒരു കുട്ടി ഐ ടി മേഖലകളില്‍ കൂടി കഴിവ്‌ തെളിയിച്ചാല്‍ നമ്മുടെ രാജ്യത്തും വിദേശത്തും നല്ല തൊഴില്‍സാധ്യതയുള്ളതാണ്‌. പഠിക്കുന്ന കുട്ടികളിലും അധ്യാപകരിലും ഇന്ന്‌ അര്‍പ്പണ മനോഭാവം കുറയുന്നുവെന്നത്‌ മതകലാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ്‌. കേവലം ജോലിയെന്നതിലപ്പുറം സമൂഹത്തിന്‌ ഗുണകരമാകുന്ന രൂപത്തില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കണമെന്ന ചിന്ത ഇത്തരക്കാരില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. പണ്ട്‌ കാലത്തെ അറബിക്‌ കോളെജുകളിലെ ഗുരുനാഥന്‍മാര്‍ വിദ്യാര്‍ഥികളെ കൂടെ കൊണ്ടുനടന്ന്‌ വിജ്ഞാനമേഖലകളില്‍ പ്രാവീണ്യം നല്‍കിയിരുന്നു. കഴിവുള്ള വിദ്യാര്‍ഥികളെ പ്രത്യേകം കണ്ടെത്തി അവര്‍ക്കായി ലൈബ്രറിയും മറ്റു സഹായങ്ങളും നല്‍കി കൂടെകൂട്ടി വളര്‍ത്തിയെടുക്കുകയെന്ന രീതി ഇന്നത്തെ തലമുറയിലെ അധ്യാപകരില്‍ വളരെ കുറവാണ്‌. കാലത്തിനനുസരിച്ച്‌ അറബിക്‌ കോളെജുകള്‍ റീ സ്‌ട്രെക്‌ചര്‍ ചെയ്യേണ്ടിയിരിക്കുന്നു.
പഠന-ബോധന രംഗങ്ങളിലെ പുതിയ ഗവേഷണങ്ങളും നേട്ടങ്ങളും പ്രയോജനപ്പെടുത്തിയാണിത്‌ സാധിക്കേണ്ടത്‌. പുതുതലമുറ തൊഴിലുകളുമായി ബന്ധപ്പെടുത്തി അറബിക്‌ കരിക്കുലങ്ങള്‍ മാറ്റണം. അതോടൊപ്പം, മതബോധമുള്ള ഒരു തലമുറ സജ്ജമാക്കാനുള്ള ആത്മീയ നിറവും മതകലാലയങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികളില്‍ ഉണ്ടായിരിക്കണം.
(പ്രിന്‍സിപ്പല്‍ സുല്ലമുസ്സലാം അറബിക്കോളജ്‌ അരീക്കോട്‌)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: