റജബ്‌ മാസത്തിലെ അനാചാരങ്ങള്‍

  • Posted by Sanveer Ittoli
  • at 7:40 AM -
  • 0 comments
റജബ്‌ മാസത്തിലെ അനാചാരങ്ങള്‍

- പഠനം -
പി കെ മൊയ്‌തീന്‍ സുല്ലമി
റജബ്‌ മാസത്തില്‍ ഇസ്‌റാഅ്‌, മിഅ്‌റാജ്‌ രാവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌ ചില അനാചാരങ്ങള്‍ നടന്നുവരുന്നത്‌. ഇസ്‌റാഉം മിഅ്‌റാജും നബി(സ)യുടെ മുഅ്‌ജിസത്തുകളില്‍ പെട്ടതും വിശുദ്ധ ഖുര്‍ആന്‍ ഒരത്ഭുത സംഭവമായി രേഖപ്പെടുത്തിയതുമാണ്‌. ``തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്‌ജിദുല്‍ അഖ്‌സ്വായിലേക്ക്‌ നിശാപ്രയാണം ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധനാണ്‌. അതിന്റെ ചുറ്റുഭാഗവും നാം അനുഗൃഹീതമാക്കിയിരിക്കുന്നു. നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌.'' (ഇസ്‌റാഅ്‌ 1) 
ഇസ്‌റാഉം മിഅ്‌റാജുമായി ബന്ധപ്പെട്ടുകൊണ്ട്‌ റജബ്‌ മാസം 27-ന്‌ പല അനാചാരങ്ങളും നടത്തിവരാറുണ്ടെങ്കിലും ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത്‌ പ്രസ്‌തുത മാസം 27-ാം രാവിനാണെന്ന്‌ കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``മിഅ്‌റാജിന്റെ സന്ദര്‍ഭത്തെക്കുറിച്ച്‌ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അത്‌ പ്രവാചകത്വത്തിന്‌ ശേഷമായിരുന്നുവെന്നാണ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അത്‌ എപ്പോഴാണ്‌ ഉണ്ടായത്‌ എന്ന കാര്യത്തില്‍ അവര്‍ വീണ്ടും ഭിന്നിച്ചിരിക്കുന്നു. അത്‌ ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പാണെന്ന്‌ ഇമാം നവവി തറപ്പിച്ചു പറയുകയും ഇബ്‌നുസഅ്‌ദ്‌ മുതലായവര്‍ പ്രസ്‌താവിക്കുകയും ചെയ്‌തിരിക്കുന്നു. ഇബ്‌നുഹസം ഇക്കാര്യത്തില്‍ ഇജ്‌മാഅ്‌ ഉണ്ടെന്ന്‌ പ്രസ്‌താവിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പത്തോളം അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ മേല്‍പറഞ്ഞ അഭിപ്രായങ്ങളെല്ലാം തള്ളപ്പെട്ടിരിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 9:67,68)
ഇസ്‌റാഉം മിഅ്‌റാജും ഏത്‌ ദിവസമാണ്‌ സംഭവിച്ചത്‌ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും അത്‌ നബി(സ)യുടെ നുബുവ്വത്തിന്‌ ശേഷമാണ്‌ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകോപനമുണ്ട്‌. കാരണം, ഫര്‍ദ്വ്‌ നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കുന്നത്‌ മിഅ്‌റാജിന്റെ രാവിലാണ്‌. നുബുവ്വത്തിന്‌ മുമ്പ്‌ അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കുകയില്ലല്ലോ. കൃത്യമായി ദിവസം പറയപ്പെടാത്ത ഒരു രാവില്‍ അനാചാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കുക എന്നത്‌ മഹാപാപമാണ്‌. മുസ്‌ലിം സമുദായത്തില്‍ പല അനാചാരങ്ങളും നടന്നുവരുന്നത്‌ ദുര്‍ബലമോ നിര്‍മിതമോ ആയിട്ടുള്ള ചില വാറോലകളെ അടിസ്ഥാനപ്പെടുത്തിയാണ്‌. മിഅ്‌റാജ്‌ രാവിലെ അനാചാരങ്ങള്‍ക്കും തെളിവ്‌ ഇത്തരം വാറോലകള്‍ തന്നെയാണ്‌. അവയില്‍ ചിലത്‌ പരിശോധിക്കാം:
``റജബ്‌ മാസം 27-ന്‌ നോമ്പനുഷ്‌ഠിക്കുന്ന പക്ഷം 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അവന്റെ മേല്‍ രേഖപ്പെടുത്തപ്പെടും'' (ശഹ്‌റുബ്‌നു ഹൂശബ്‌). ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച്‌ ഇമാം നവവിയുടെ ഉസ്‌താദായ അബൂശാമ(റ) രേഖപ്പെടുത്തുന്നു: ``ഈ ഹദീസ്‌ സ്വഹീഹല്ല എന്ന്‌ അബുല്‍ഖത്താബ്‌(റ) പ്രസ്‌താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ്‌, പേജ്‌ 232). മേല്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച്‌ ഇബ്‌നുഹജര്‍(റ) പ്രസ്‌താവിക്കുന്നു: ``ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലവും നബി(സ)യിലേക്ക്‌ എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമാകുന്നു.'' (തബ്‌യീനുല്‍ അജബ്‌, പേജ്‌ 60)
ഈ വിഷയത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്‌ ഇങ്ങനെയാണ്‌: ``റജബ്‌ അല്ലാഹുവിന്റെ മാസവും ശഅ്‌ബാന്‍ എന്റെ സമുദായത്തിന്റെ മാസവുമാകുന്നു. റജബില്‍ വല്ലവനും നോമ്പനുഷ്‌ഠിച്ചാല്‍ അവന്‍ കൊല്ലം മുഴുവനും നോമ്പനുഷ്‌ഠിച്ചവനെപ്പോലെയാണ്‌'' (ത്വബ്‌റാനി). ഈ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അബൂശാമ(റ) രേഖപ്പെടുത്തുന്നു: ``അബുല്‍ഖത്താബ്‌(റ) പ്രസ്‌താവിച്ചിരിക്കുന്നു: ഈ ഹദീസ്‌ നബി(സ)യുടെ മേല്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌.'' (കിതാബുല്‍ ബാഇസ്‌, പേജ്‌ 234)
മിഅ്‌റാജ്‌ രാവിലെ പ്രത്യേക നോമ്പിനെ സംബന്ധിച്ചും പ്രത്യേക നമസ്‌കാരത്തെക്കുറിച്ചും നിരവധി പണ്ഡിതന്മാര്‍ നിശിതമായ എതിര്‍ത്തിട്ടുണ്ട്‌. ചിലത്‌ പരിശോധിക്കാം:
``റജബ്‌ മാസം നോമ്പനുഷ്‌ഠിച്ച്‌ ഭക്ഷണം കഴിക്കാത്തവരുടെ കൈകള്‍ക്ക്‌ ഭക്ഷണം കഴിക്കുന്നതുവരെ ഉമര്‍(റ) അടിച്ചിരുന്നു. എന്നിട്ട്‌ ഇപ്രകാരം പറയും: ഇത്‌ ജാഹിലിയ്യാ കാലത്തുത്തുള്ളവര്‍ ബഹുമാനിച്ചിരുന്ന മാസമാണ്‌. ഇസ്‌ലാം വന്നതോടെ ആ ബഹുമാനം ഒഴിവാക്കപ്പെട്ടു'' (മുസ്വന്നഫ്‌ ഇബ്‌നു അബീശൈബ, 2:345). ഇബ്‌നുല്‍ഖയ്യിം(റ) രേഖപ്പെടുത്തുന്നു: സ്വഹാബികളോ താബിഉകളോ ഇസ്‌റാഇന്റെ രാവിന്‌ ശ്രേഷ്‌ഠതകളുണ്ടായിട്ടും ആ രാവിനെ പ്രത്യേകമാക്കുകയോ അതിനെ പ്രത്യേകമായി ഓര്‍ക്കുകയോ അത്‌ സംഭവിച്ച സ്ഥലത്തോ കാലത്തോ പ്രത്യേക മതചര്യ ആചരിക്കുകയോ ആരാധനകള്‍ നടത്തുകയോ ചെയ്‌തിരുന്നില്ല.'' (സാദുല്‍ മആദ്‌ 1:57)
ഇബ്‌നുഹജര്‍ രേഖപ്പെടുത്തുന്നു: ``റജബ്‌ മാസം നോമ്പു നോല്‍ക്കുന്നവരെ അവര്‍ ഭക്ഷണത്തില്‍ കൈ വെക്കുന്നതുവരെ ഉമര്‍(റ) അടിച്ചിരുന്നു. അദ്ദേഹം ഇപ്രകാരം പറയുകയും ചെയ്യും: ഈ മാസം (റജബ്‌) ജാഹിലിയ്യ കാലത്തുള്ളവര്‍ ബഹുമാനിച്ചിരുന്ന മാസമാണ്‌.'' (തബ്‌യീനുല്‍അജബ്‌, പേജ്‌ 66)
ഇമാം അബൂശാമ പറയുന്നു: ``റജബ്‌ മാസം സംബന്ധിച്ചോ അന്ന്‌ നോമ്പനുഷ്‌ഠിക്കുന്നതിനെക്കുറിച്ചോ നബി(സ)യില്‍ നിന്നും സ്വഹീഹായ യാതൊരു റിപ്പോര്‍ട്ടും വന്നിട്ടില്ല. തീര്‍ച്ചയായും അന്ന്‌ നോമ്പനുഷ്‌ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അബൂബക്കറും(റ) ഉമറും(റ) അന്ന്‌ നോമ്പനുഷ്‌ഠിക്കുന്നത്‌ വെറുത്തിരുന്നു. അന്ന്‌ നോമ്പ്‌ നോല്‍ക്കുന്നവരെ ഉമര്‍(റ) ചാട്ടവാറുകൊണ്ട്‌ അടിച്ചിരുന്നു.'' (കിതാബുല്‍ ബാഇസ്‌, പേജ്‌ 167)
അല്ലാമ മുഹമ്മദ്‌ അബ്‌ദുസ്സലാം ഖിളര്‍(റ) രേഖപ്പെടുത്തുന്നു: ``ഹാഫിദ്‌ ഇബ്‌നുഹജര്‍(റ) തന്റെ തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫള്‌ലി റജബിന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: റജബ്‌ മാസം നോമ്പ്‌ നോല്‍ക്കുന്നതിനെ സംബന്ധിച്ചോ അതില്‍ ഏതെങ്കിലും ദിവസം നോമ്പനുഷ്‌ഠിക്കുന്നതിനെക്കുറിച്ചോ അതില്‍ ഏതെങ്കിലും രാത്രി പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്നതിനെക്കുറിച്ചോ തെളിവിന്‌ കൊള്ളാവുന്ന ഒരു ഹദീസും വന്നിട്ടില്ല.'' (അസ്സുനനു വല്‍ മുബ്‌തദആത്‌, പേജ്‌ 125).
ശാഫിഈ മദ്‌ഹബിലെ കൃത്യമായ നിയമപ്രകാരം ഒരു കര്‍മം ഇസ്‌ലാമിന്റെ പേരില്‍ അനുഷ്‌ഠിക്കണമെങ്കില്‍ ആ കര്‍മം സ്വഹീഹായ ഹദീസുകള്‍ കൊണ്ട്‌ തെളിയിക്കപ്പെടുകയോ സ്ഥാപിക്കപ്പെടുകയോ ചെയ്യേണ്ടതുണ്ട്‌. ദുര്‍ബലമോ നിര്‍മിതമോ ആയിട്ടുള്ള വാറോലകള്‍ പോരാ. ഇമാം ശാഫിഈ(റ)യുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``ഹദീസ്‌ സ്വഹീഹാണെങ്കില്‍ അതാണെന്റെ മദ്‌ഹബ്‌. ഒരു സുന്നത്ത്‌ സ്വഹീഹായി സ്ഥിരപ്പെട്ടാല്‍ അത്‌ പിന്തുടരുക എന്നതാണ്‌ ശാഫിഈയുടെ മദ്‌ഹബ്‌'' (ശറഹുല്‍ മുഹദ്ദബ്‌ 4:448). എന്നാല്‍ പ്രസ്‌തുത മദ്‌ഹബുകാരെന്ന്‌ അവകാശപ്പെടുന്ന സമസ്‌തയിലെ മുസ്‌ലിയാക്കള്‍, ഖുര്‍ആനിനോ സുന്നത്തിനോ ഇമാമുകള്‍ക്കോ യാതൊരു പ്രാധാന്യവും നല്‍കാത്ത കാലത്തോളം ഇത്തരം അനാചാരങ്ങള്‍ നിലനില്‍ക്കും. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: