അമേരിക്കന്‍ ജയിലുകളില്‍ വെളിച്ചം പരത്തി ഒരാള്‍

  • Posted by Sanveer Ittoli
  • at 9:36 AM -
  • 0 comments
അമേരിക്കന്‍ ജയിലുകളില്‍ വെളിച്ചം പരത്തി ഒരാള്‍

- അഭിമുഖം -
മഹ്‌മൂദ്‌ എ കാസി
അമേരിക്കയിലെ കാംബ്രിയ കൗണ്ടി പ്രിസന്‍, കെസെന്‍ സെക്വര്‍ ട്രീറ്റ്‌മെന്റ്‌ യൂണിറ്റ്‌, ടൊറന്‍സ്‌ സ്റ്റെയ്‌റ്റ്‌ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുന്ന പണ്ഡിതനാണ്‌ ഡോ. മഹ്‌മൂദ്‌ എ കാസി. കഴിഞ്ഞ മുപ്പത്‌ വര്‍ഷത്തിലേറെയായി അമേരിക്കയിലെ ദീനീ പ്രബോധകനാണദ്ദേഹം. ചിക്കാഗോ ആസ്ഥാനമായുള്ള കാസി പബ്ലിക്കേഷന്‍സിന്റെ പ്രസിഡന്റും സ്ഥാപകാംഗവുമാണ്‌. 1972-ല്‍ സ്ഥാപിച്ച കാസി പബ്ലിക്കേഷന്‍സ്‌ വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക സാഹിത്യങ്ങളും പ്രിന്റ്‌ചെയ്‌ത്‌ വിതരണം ചെയ്യുന്ന അമേരിക്കയിലെ ആദ്യകാല സ്ഥാപനങ്ങളിലൊന്നാണ്‌. ജയില്‍ കേന്ദ്രീകരിച്ച മതപ്രബോധനത്തില്‍ എങ്ങനെയാണ്‌ ഏര്‍പ്പെട്ടു തുടങ്ങിയത്‌?
ഞാന്‍ അമേരിക്കയിലേക്കു കുടിയേറിയ 1970-കളുടെ തുടക്കത്തിലാണ്‌ ജയിലിനു പുറത്ത്‌ ഇസ്‌ലാമാശ്ലേഷങ്ങള്‍ക്ക്‌ ഞാന്‍ സാക്ഷ്യം വഹിച്ചത്‌. 1972-ല്‍ ഇല്ലിനോയ്‌ഡിലെ ചിക്കാഗോയില്‍ ഞാന്‍ കാസി ഇംപോര്‍ട്‌സ്‌ ആരംഭിച്ചു. പിന്നീടത്‌ കാസി പബ്ലിക്കേഷന്‍സ്‌ എന്ന സ്ഥാപനമായി മാറി. അക്കാലത്ത്‌ നേഷന്‍ ഓഫ്‌ ഇസ്‌ലാമിന്റെ അനുയായികളായിരുന്നു ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഖുര്‍ആനും ഇസ്‌ലാമിക സാഹിത്യങ്ങളും കൂടുതലായി വാങ്ങിയിരുന്നത്‌. യഥാര്‍ഥ ഇസ്‌ലാമിക സാഹിത്യങ്ങള്‍ വായിച്ച അവരില്‍ പലരും നേഷന്‍ ഓഫ്‌ ഇസ്‌ലാമില്‍ നിന്ന്‌ യഥാര്‍ഥ ഇസ്‌ലാമിലെത്തി. 1980-കളുടെ തുടക്കത്തിലാണ്‌ സൈനികര്‍ക്കിടയില്‍ ഞാന്‍ പ്രബോധനമാരംഭിക്കുന്നത്‌. 1978-ല്‍ നോര്‍ത്ത്‌ ബ്രൂക്‌ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ (എന്‍ ഐ സി സി) അംഗമായി. അവിടത്തെ പ്രിന്‍സിപ്പലായിരുന്ന നിസാര്‍ ഹസന്‍ ആയിരുന്നു എന്റെ മാര്‍ഗദര്‍ശി. അമുസ്‌ലിംകളോട്‌ ഇസ്‌ലാം പ്രബോധനം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി എന്നെ വളരെ ആകര്‍ഷിച്ചു. നേവല്‍ വിഭാഗത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെട്ടവരെ ഞായറാഴ്‌ചകളില്‍ ഇസ്‌ലാം പഠിപ്പിക്കുന്നതിനായി യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഗ്രേറ്റ്‌ ലെയ്‌ക്‌സ്‌ നേവല്‍ ട്രെയ്‌നിംഗ്‌ സെന്ററിലേക്ക്‌ പോയിരുന്ന നിസാര്‍ ഹസനെ 1982 മുതല്‍ ഞാന്‍ അനുഗമിക്കാന്‍ തുടങ്ങി. ഏതാണ്ട്‌ എല്ലാ ഞായറാഴ്‌ചകളിലും അവിടെ യുവാക്കള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന്‌ ഞാന്‍ സാക്ഷിയായി. 23 പേര്‍ വരെ ഇസ്‌ലാമാശ്ലേഷിച്ച ദിവസങ്ങളുണ്ട്‌. ഗ്രേറ്റ്‌ ലോയ്‌ക്‌സില്‍ ഞാന്‍ 11 വര്‍ഷത്തോളം വളന്റിയറായി സേവനം ചെയ്‌തു.
1993-ല്‍ പെന്‍സില്‍വാനിയയിലെ ജോണ്‍ ടൗണിലെത്തിയതു മുതലാണ്‌ ഞാന്‍ ജയിലില്‍ ഇസ്‌ലാമാശ്ലേഷങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയത്‌. ഫെഡറല്‍ കറക്‌ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, കാംബ്രിയ കൗണ്ടി പ്രിസന്‍ എന്നീ ജയിലുകളില്‍ ഞാന്‍ ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചു. പിന്നീട്‌ 2003-ല്‍ കെസ്സന്‍ സെക്വര്‍ ട്രീറ്റ്‌മെന്റ്‌ യൂണിറ്റ്‌, സൗത്ത്‌ വെസ്റ്റ്‌ സെക്വര്‍ ട്രീറ്റ്‌മെന്റ്‌ യൂണിറ്റ്‌ എന്നിവിടങ്ങളില്‍ ഒരു പാര്‍ട്ട്‌ ടൈം ഇമാമായി എന്നെ നിയമിച്ചു. 2004 മുതല്‍ 2007 വരെ രണ്ടു കറക്‌ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഇമാമായി ജോലിചെയ്‌തു. ഇപ്പോള്‍ ഞാന്‍ മൂന്നു ജയിലുകളില്‍ ദീനീ പ്രബോധകനായി ജോലി ചെയ്യുന്നു.
അമേരിക്കന്‍ ജയിലുകളിലെ ഇസ്‌ലാമിന്റെ വ്യാപനത്തെക്കുറിച്ച്‌?
ഫെഡറല്‍ ബ്യൂറോ ഓഫ്‌ പ്രിസന്‍ ചാപ്ലൈന്‍സി സെര്‍വിസസ്‌ ബ്രാഞ്ചിന്റെ അഭിപ്രായത്തില്‍ 2003-ല്‍ 9000 പേര്‍ (ആകെ ജയില്‍പുള്ളികളില്‍ ആറു ശതമാനം) ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്‌. ഇവരെ നാലു വിഭാഗമായി തിരിക്കാം. സുന്നി, ശീഅ, നേഷന്‍ ഓഫ്‌ ഇസ്‌ലാം, മൂര്‍ സയന്‍സ്‌ ടെംപിള്‍ ഓഫ്‌ അമേരിക്ക. ഇതില്‍ 85 ശതമാനം പേരും സുന്നികളോ നേഷന്‍ ഓഫ്‌ ഇസ്‌ലാമിന്റെ ആളുകളോ ആണ്‌. ഒരു ശതമാനത്തില്‍ താഴെ ശീഅകളും. 2006-ലെ ഒരു റിപ്പോര്‍ട്ട്‌ പറയുന്നത്‌, ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ജയിലില്‍ മതംമാറ്റം നടക്കുന്നത്‌ ഇസ്‌ലാമിലേക്കാണെന്നാണ്‌.
ബ്യൂറോ ഓഫ്‌ പ്രിസന്‍സ്‌ ജയിലിലുള്ള മുസ്‌ലിംകള്‍ക്ക്‌ ഇമാമുമാര്‍, വോളണ്ടിയേഴ്‌സ്‌ എന്നിവരെ ഉപയോഗിച്ചുകൊണ്ട്‌ ഇസ്‌ലാമികമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. എന്നാല്‍ മുസ്‌ലിം ഇമാമുമാരുടെ കാര്യമായ ദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്‌ ജയിലുകള്‍. ജയിലിലുള്ള 900 മുസ്ലിംകള്‍ക്ക്‌ ഒരു ഇമാം എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ. 2003ല്‍ ഫെഡറല്‍ ബ്യൂറോ ഓഫ്‌ പ്രിസന്‍സിന്റെ ഡയറക്‌ടറായിരുന്ന ഹാര്‍ലി ലാപ്പിന്‍ വെളിപ്പെടുത്തിയത്‌ 231 ഫുള്‍ടൈം മതപ്രബോധകരില്‍ 10 പേര്‍ മാത്രമാണ്‌ മുസ്‌ലിംകളെന്നാണ്‌. വോളണ്ടിയറായും കറാടിസ്ഥാനത്തിലും ജോലി ചെയ്യുന്ന 12,000 പേരില്‍ 136 പേര്‍ മാത്രമാണ്‌ ജയിലിലുള്ള മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമികമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നത്‌.
സാധാരണ മതം മാറ്റങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ജയിലില്‍ വെച്ചുള്ള മതംമാറ്റത്തെ ഏതൊക്കെ ഘടകങ്ങളാണ്‌ സ്വാധീനിക്കുന്നത്‌?
വ്യക്തിബന്ധങ്ങളിലൂടെയാണ്‌ ജയിലില്‍ ഇസ്‌ലാം മുഖ്യമായും വ്യാപിക്കുന്നത്‌. സഹ മുസ്‌ലിം തടവുകാരും ഇമാമുമായുള്ള സമ്പര്‍ക്കങ്ങളാണ്‌ ഇതില്‍ പെടുന്നത്‌. ജയില്‍വാസികള്‍ക്ക്‌ വിശുദ്ധഖുര്‍ആനും ഇസ്‌ലാമിക സാഹിത്യങ്ങളും എളുപ്പത്തില്‍ ലഭ്യമാണ്‌. വേണ്ടുവോളം സമയമുള്ളതിനാല്‍ അവര്‍ വളരെയേറെ വായിക്കുന്നു. സത്യമന്വേഷിക്കുന്നവര്‍ ഖുര്‍ആന്‍ വായിച്ച്‌ മനസ്സിലാക്കി എളുപ്പത്തില്‍ ഇസ്‌ലാമാശ്ലേഷിക്കുന്നു. ഇതിനൊരു മികച്ച ഉദാഹരണം മുമ്പ്‌ കാറ്റ്‌ സ്റ്റീവന്‍സായിരുന്ന യൂസുഫ്‌ ഇസ്‌ലാമാണ്‌. ആസ്‌പത്രിയിലായിരിക്കെ ഖുര്‍ആന്‍ വായിച്ച അദ്ദേഹം ഇസ്‌ലാമാശ്ലേഷിക്കുകയും പിന്നീട്‌ ലോകത്തെ ഒരു പ്രമുഖ പ്രബോധകനായി മാറുകയും ചെയ്‌തു.
ശക്തി നല്‍കുന്ന ഇസ്‌ലാം ജയിലില്‍ അതിവേഗം പടരുന്നു. മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരും പറയുന്നത്‌, ജയിലിലെ ഇസ്‌ലാമിന്റെ വ്യാപനം അവരെ അതിശയിപ്പിക്കുന്നുവെന്നാണ്‌. അമേരിക്കയിലെ ഏറ്റവും വലിയ ജയിലായ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ റൈക്കേഴ്‌സ്‌ ഐലന്റ്‌ ജയില്‍ കോംപ്ലക്‌സിലെ ഭൂരിഭാഗം ജയില്‍വാസികളും മുസ്‌ലിംകളാണെന്നാണ്‌ ഒരു ഗവേഷകന്‍ പറയുന്നത്‌.
ജയിലുകളില്‍ മറ്റു ജയില്‍വാസികളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴി പലരും ഇസ്‌ലാമാശ്ലേഷിക്കുന്നതുകൊണ്ടാണ്‌ ഇസ്‌ലാം വ്യാപിക്കുന്നത്‌. നേഷന്‍ ഓഫ്‌ ഇസ്‌ലാമിന്റെ എലിജാ മുഹമ്മദ്‌, മാല്‍കംഎക്‌സ്‌ എന്നിവരുടെ കാലഘട്ടത്തില്‍ ആഫ്രോ-അമേരിക്കക്കാരായിരുന്നു ഇസ്‌ലാമാശ്ലേഷിച്ചിരുന്നത്‌.
ഇപ്പോഴും കറുത്തവരാണ്‌ കൂടുതലായി ഇസ്‌ലാമേശ്ലേഷിക്കുന്നതെങ്കിലും കൂടുതലായി സ്‌പാനിഷ്‌ സംസാരിക്കുന്നവരും വെളുത്തവരും ഇസ്‌ലാമിലേക്ക്‌ വരുന്നുണ്ട്‌. ഈ രംഗത്തുള്ള അനുഭവജ്ഞര്‍ പറയുന്നത്‌, നേഷന്‍ ഓഫ്‌ ഇസ്‌ലാമിന്റെ സ്വാധീനം കുറയുകയും സുന്നി-ശീഅ വിഭാഗങ്ങള്‍ കൂടുതലായി ശക്തിനേടുകയും ചെയ്യുന്നു എന്നാണ്‌.
ജയിലില്‍ മതാടിസ്ഥാനത്തില്‍ രൂപപ്പെട്ട ഗ്യാങ്ങുകളുണ്ടോ?
ഞാന്‍ ജയിലില്‍ ജോലി ചെയ്യാനാരംഭിച്ച ആദ്യ ഘട്ടങ്ങളില്‍ മുസ്‌ലിംകളെ `ഗ്യാങ്‌' എന്ന്‌ വിളിക്കുന്നത്‌ കേട്ട്‌ അതിശയപ്പെടുകയും ഞെട്ടുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ കൂടുതല്‍ കാലം മുസ്‌ലിംകളോടൊത്ത്‌ പ്രവര്‍ത്തിച്ചപ്പോള്‍, ഗ്യാങ്‌ എന്ന വിളി ശരിയല്ലെന്ന്‌ ബോധ്യമായി. ഏകനായ ദൈവത്തിനു മുന്നില്‍ ഏക സമുദായമായി സാഹോദര്യത്തോടെ കഴിയണമെന്ന അധ്യാപനം മനസ്സിലാക്കിയ മുസ്‌ലിം ജയില്‍ വാസികള്‍ ഐക്യത്തോടെ കഴിയുന്നു. ഇത്‌ മറ്റു ജയില്‍ വാസികളും സ്റ്റാഫുകളും മാനേജ്‌മെന്റും തെറ്റായി മനസ്സിലാക്കുകയും ഒരു തരത്തിലുള്ള മുസ്‌ലിംഗ്യാങ്ങാണ്‌ ജയിലുകളില്‍ വസിക്കുന്നതെന്ന്‌ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ പ്രത്യേക ഗ്യാങ്ങായി ഏതാണ്ട്‌ 50 ശതമാനത്തിലധികം ജയിലുകളിലും നിലനില്‍ക്കുന്നു എന്നാണ്‌ അധികൃതരുടെ റിപ്പോര്‍ട്ട്‌.
ഓരോ വര്‍ഷവും ഏകദേശം എത്രപേര്‍ ഇസ്‌ലാമാശ്ലേഷിക്കുന്നുണ്ട്‌?
ജയിലുകളില്‍ മുസ്‌ലിം ഇമാമായും വളണ്ടിയറായും 20 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ മുടക്കമില്ലാതെ തന്നെ ജയിലുകളില്‍ ഇസ്‌ലാമാശ്ലേഷണം നടക്കുന്നുണ്ടെന്ന്‌ എനിക്ക്‌ പറയാന്‍ കഴിയും. ജയിലുകളില്‍ ഇസ്‌ലാമാശ്ലേഷിക്കുന്നവരുടെ കൃത്യമായ കണക്ക്‌ ലഭ്യമല്ല.
കൂടുതലും ഏതു തരത്തിലുള്ള ജയില്‍വാസികളാണ്‌ ഇസ്‌ലാമാശ്ലേഷിക്കുന്നത്‌?
ഇസ്‌ലാമെന്നാല്‍ സമാധാനമെന്നാണ്‌. നാടോ നിറമോ വര്‍ഗമോ വംശമോ നോക്കാതെ എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സമത്വവും നീതിയും വാഗ്‌ദാനം ചെയ്യുന്നുണ്ട്‌ ഇസ്‌ലാം. തങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന വിശ്വാസത്തില്‍ അസംതൃപ്‌തി തോന്നുന്നവരാണ്‌ ഇസ്‌ലാമാശ്ലേഷിക്കുന്നവരില്‍ പലരും. ആത്മീയശൂന്യതയ്‌ക്കുള്ള ഉത്തരവും സ്വന്തത്തെ അറിയാനുള്ള ആഗ്രഹവുമാണ്‌ ചിലരെ ഇസ്‌ലാമിലെത്തിക്കുന്നത്‌. സന്മാര്‍ഗവും സമാധാനവും ആത്മീയമായ കരുത്തും അവര്‍ ഇസ്‌ലാമില്‍ കണ്ടെത്തുന്നു.
പുരുഷന്മാരാണോ സ്‌ത്രീകളാണോ കൂടുതലായി ഇസ്‌ലാമിലെത്തുന്നത്‌?
അമേരിക്കയില്‍ ഇസ്‌ലാമാശ്ലേഷിക്കുന്ന സ്‌ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ നാലു മടങ്ങ്‌ കൂടുതലാണ്‌. ആധുനികലോകം ഈ നൂറ്റാണ്ടില്‍ മാത്രം അംഗീകരിക്കാന്‍ തുടങ്ങിയ പല അവകാശങ്ങളും പദവിയും ഇസ്‌ലാം എന്നേ സ്‌ത്രീകള്‍ക്ക്‌ നല്‍കി. ആധുനിക യുഗത്തിലെ സ്‌ത്രീകള്‍ക്ക്‌ ഇസ്‌ലാം പലതും വാഗ്‌ദാനം ചെയ്യുന്നു: മാന്യത, ആദരവ്‌, സംരക്ഷണം, സ്‌ത്രീകളുടെ ആത്മീയ-ബൗദ്ധിക-ശാരീരിക-വൈകാരികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗങ്ങള്‍. സ്‌ത്രീകളന്വേഷിക്കുന്ന മാന്യതയും ആദരവും അവര്‍ ഇസ്‌ലാമില്‍ കണ്ടെത്തുന്നു.
ലാറ്റിനമേരിക്കയില്‍ നിന്നുള്ള പല സ്‌ത്രീകളും പറയുന്നത്‌, അവരെ സെക്‌സ്‌ ഒബ്‌ജക്‌ടുകളായി കാണുന്നതില്‍ നിന്നും മോചനം തേടിയാണ്‌ ഇസ്‌ലാമിലെത്തിയതെന്നാണ്‌. ജെന്നിഫര്‍ ലൊപസും ക്രിസ്റ്റിന അഗ്വിലെറയുമാണ്‌ ലാറ്റിനമേരിക്കന്‍ സ്‌ത്രീകളുടെ മാതൃകകളായി -സെക്‌സ്‌ സിംബലുകളായി- പുറംലോകമറിയുന്നത്‌. ഇതില്‍ നിന്നുള്ള മോചനമാണ്‌ പല സ്‌ത്രീകള്‍ക്കും ഇസ്‌ലാം.
ഇസ്‌ലാമാശ്ലേഷിക്കുന്ന വനിതകള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്‌? ഹിജാബ്‌ ധരിക്കാന്‍ അവര്‍ക്ക്‌ അനുമതിയുണ്ടോ?
കസ്റ്റഡിയിലായിരിക്കെ, ഫെഡറല്‍ ജയിലുകളില്‍ മുസ്‌ലിംസ്‌ത്രീകള്‍ക്ക്‌ ഹിജാബ്‌ ധരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്‌. മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ ഹിജാബ്‌ ധരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട അവസരങ്ങളുമുണ്ടായിട്ടുണ്ട്‌. ഈയിടെ അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ ഹിജാബ്‌ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു മുസ്‌ലിം സ്‌ത്രീ കേസ്‌ ഫയല്‍ ചെയ്‌തിരുന്നു. എന്നിരുന്നാലും എന്റെ സേവനകാലഘട്ടത്തില്‍ ഇത്തരമൊരു പ്രശ്‌നം ഞാന്‍ നേരില്‍ കണ്ടിട്ടില്ല.
വിവ. സിദ്ദീഖ്‌ സി സൈനുദ്ദീന്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: