കൊട്ടപ്പുറം സംവാദം ആദര്‍ശസ്ഥിരതയുടെ വിജയം

  • Posted by Sanveer Ittoli
  • at 7:44 AM -
  • 0 comments
കൊട്ടപ്പുറം സംവാദം ആദര്‍ശസ്ഥിരതയുടെ വിജയം

 അഭിമുഖം -
എ അബ്‌ദുസ്സലാം സുല്ലമി /വി എസ്‌ എം കബീര്‍
കേരളത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വളക്കൂറുള്ള മണ്ണൊരുക്കിയ ദേശമാണ്‌ എടവണ്ണ. ചാലിയാറിന്റെ നനവും കുളിരും നവോത്ഥാന യത്‌നങ്ങള്‍ക്ക്‌ പകര്‍ന്നു നല്‌കിയ ഈ ഇടത്തിന്‌ മുജാഹിദ്‌ പ്രസ്ഥാന ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമാണുള്ളത്‌. പരിഷ്‌കരണത്തിന്റെ കൈവിളക്കുമായി കേരളം മുഴുക്കെ ഓടിനടന്ന ആലിപ്പെറ്റ അലവി മൗലവി ഈ ദേശത്തിന്റെ ഭാഗ്യമായി. സംവാദ വേദികളില്‍, പ്രഭാഷണ സ്റ്റേജുകളില്‍, ഖുര്‍ആന്‍ ക്ലാസ്സുകളില്‍ അലവി മൗലവി പ്രസ്ഥാനത്തിന്റെ നാവായി. ജാമിഅ നദ്‌വിയ്യയുടെ ശില്‌പിയും പരിപാലകനുമായി.
അലവി മൗലവിയുടെ മകന്‍ അബ്‌ദുസ്സലാം പിതാവിനെ മാതൃകയാക്കിയപ്പോള്‍ കേരളീയരുടെ പ്രിയപ്പെട്ട `സുല്ലമി'യായി. വിശേഷണങ്ങളിഷ്‌ടമില്ല സുല്ലമിക്ക്‌. കേരളത്തിലെ അനിഷേധ്യമായ ഹദീസ്‌ പണ്ഡിതന്‍, സ്വലാഹിമാരുടെ പ്രിയ ഖുര്‍ആന്‍ ഗുരു, പ്രഭാഷണ വേദികളിലെ സൗമ്യസാന്നിധ്യം, വാദപ്രതിവാദങ്ങളിലെ പ്രാമാണികന്‍, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്‌, പത്രാധിപര്‍ തുടങ്ങിയവയൊക്കെ വിശേഷണങ്ങള്‍.

ഖുര്‍ആന്‍ തഫ്‌സീറുകളും ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളും സുല്ലമി വായിക്കാത്തതായി അത്യപൂര്‍വമേ ഉണ്ടാവൂ. പ്രമാണ നിബദ്ധമായേ ഒരു കാര്യം അവതരിപ്പിക്കൂ. ചേകന്നൂരിനെ നേരിട്ടതും യാഥാസ്ഥിതികരെയും ജമാഅത്തെ ഇസ്‌ലാമിയെയും ഇതര സംഘടനകളെയും നേരിടുന്നതും പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ തന്നെ. മുജാഹിദ്‌ പ്രസ്ഥാനത്തിലെ നവയാഥാസ്ഥിതികരെയും പിന്നീടുണ്ടായ ജിന്നുവാദികളെയും എതിര്‍ത്തതും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തന്നെ. പക്ഷേ, ഹദീസ്‌ ഗ്രന്ഥങ്ങളുടെ പേരുപോലും വായിക്കാനറിയാത്ത പുതിയ അവതാരങ്ങള്‍ സുല്ലമിക്ക്‌ പേരിട്ടത്‌ `ഹദീസ്‌ നിഷേധി'യെന്നാണ്‌. സുന്നികളെയും ജമാഅത്തുകാരെയും വരെ തോല്‌പിച്ചു ജിന്നുവാദികള്‍.
കാന്തപുരത്തെയും ശിഷ്യന്‍ പേരോടിനെയും ഇവരുടെ ഉല്‌പന്നങ്ങളായ സഖാഫിമാരെയും അഹ്‌സനിമാരെയും ഇസ്‌ലാമിക പ്രമാണങ്ങള്‍ കൊണ്ട്‌ വരിഞ്ഞുകെട്ടുന്ന സുല്ലമിയെ തളര്‍ത്താന്‍ ജിന്നിനെയും മലക്കിനെയും കൂട്ടുപിടിച്ചാലും പുതിയ കള്‍ട്ടുകള്‍ക്ക്‌ കഴിയില്ല. പതി അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാരെ വരച്ച വരയില്‍ നിര്‍ത്തിയ അലവി മൗലവിയുടെ പുത്രന്‍ യാഥാസ്ഥിതികര്‍ക്കു മുന്നിലും മുട്ടുമടക്കില്ല. കൊട്ടപ്പുറം സംവാദത്തിന്റെ പിന്നണിയിലും തുടര്‍ന്നിങ്ങോട്ടുള്ള നിരവധി സംവാദങ്ങളുടെ മുന്നണിയിലും അബ്‌ദുസ്സലാം സുല്ലമിയുടെ സാന്നിധ്യമുണ്ടായിരുന്നു.
കോളെജ്‌ അധ്യാപനം, പത്തിലധികം ക്യു എല്‍ എസ്സുകളുടെ ഇന്‍സ്‌ട്രക്‌ടര്‍, പ്രഭാഷണങ്ങള്‍, ഗ്രന്ഥരചന, എഴുത്ത്‌, വായന -സുല്ലമിക്ക്‌ ജീവിതത്തില്‍ ഒഴിവുവേളകളില്ല. സുഹൃത്ത്‌ കെ പി അബ്‌ദുര്‍റശീദിനോടൊപ്പം അഭിമുഖത്തിനായി വീട്ടിലെത്തിയപ്പോഴും സുല്ലമി തന്റെ ഗ്രന്ഥപ്പുരയില്‍ എഴുത്തിന്റെ ലോകത്തായിരുന്നു. ചെറിയ ഒരിടവേളയില്‍ സുല്ലമി ഞങ്ങളോട്‌ സംസാരിച്ചു. കൊട്ടപ്പുറം സംവാദം, ഹദീസ്‌ നിഷേധ ആരോപണം, ജിന്നുവാദികളുടെ പുതിയ വീക്ഷണങ്ങള്‍ എന്നിവയെല്ലാം സംസാരത്തില്‍ വിഷയമായി.
1983 ഫെബ്രുവരിയില്‍ നടന്ന കൊട്ടപ്പുറം മുജാഹിദ്‌ സുന്നി സംവാദത്തിന്റെ മുപ്പതാം വാര്‍ഷികം ചിലര്‍ കൊണ്ടാടുന്നുണ്ട്‌. വീഴ്‌ച വിദ്യയാക്കുന്ന ഇവരെ അവഗണിക്കാം. സംവാദത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച താങ്കള്‍ സംഭവത്തെക്കുറിച്ച്‌ എന്തുപറയുന്നു.
മുജാഹിദ്‌-സുന്നി സംവാദങ്ങളില്‍ പല കാര്യങ്ങള്‍ കൊണ്ടും വേറിട്ട്‌ നില്‌ക്കുന്നതായിരുന്നു കൊട്ടപ്പുറം സംവാദം. ഞാനും അബ്‌ദുര്‍റസ്സാഖ്‌ ബാഖവിയും മര്‍ഹൂം അലി അക്‌ബര്‍ മൗലവി, ഐദീദ്‌ തങ്ങള്‍ എന്നിവരുമാണ്‌ നിരവധി ഗ്രന്ഥങ്ങള്‍ പരതി ഇതിനായി കുറിപ്പുകളും മറ്റും തയ്യാറാക്കിയത്‌. സി പി ഉമര്‍ സുല്ലമി, എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവി, ചെറിയമുണ്ടം ഹമീദ്‌ മദനി എന്നിവരുടെ അവതരണവും വാക്‌ചാതുരിയും സുന്നി പക്ഷത്തെ പ്രതിരോധത്തിലാക്കുകയും ചെയ്‌തു. പക്ഷേ, പടച്ചവനെപ്പേടിയോ പരലോക ഭയമോ ഇല്ലെന്നു തെളിയിക്കുംവിധമുള്ള സുന്നി പണ്ഡിതന്റെ പച്ചയായ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും കളവ്‌ പറയലും വഴി വിജയം തങ്ങള്‍ക്കാണെന്ന്‌ അണികളെ ബോധ്യപ്പെടുത്താന്‍ സുന്നികള്‍ക്കായി. അതേസമയം, സുന്നിപക്ഷത്തു തന്നെയുള്ള പണ്ഡിതരും നിഷ്‌പക്ഷരായ സംവാദ ശ്രോതാക്കളും ഇത്‌ അംഗീകരിക്കുന്നില്ല.
ഉദാഹരണങ്ങളിലൂടെ ഇത്‌ വിശദീകരിക്കാമോ?
എന്റെ പിതാവ്‌ എ അലവി മൗലവിയും സുന്നി പണ്ഡിതന്‍ പതി അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരും തമ്മില്‍ നടന്ന പൂനൂര്‍ സംവാദമെടുക്കാം. ``മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാത്തുകൊള്ളണേ എന്നിങ്ങനെ മരണപ്പെട്ടവരെ വിളിച്ച്‌ സഹായം തേടല്‍ അനുവദനീയമാണെന്ന്‌ ഖുര്‍ആന്‍ കൊണ്ടു തെളിയിക്കാമോ'' എന്ന്‌ അലവി മൗലവി ചോദിച്ച ചോദ്യം ആവര്‍ത്തിച്ച്‌ നേരം വെളുത്തു എന്നല്ലാതെ ഒരായത്തോ ആയത്തിന്റെ കഷണമോ ഉദ്ധരിക്കാന്‍ പതിക്കായില്ല.
എന്നാല്‍ ഇതേ ചോദ്യം കൊട്ടപ്പുറത്തും നാം ആവര്‍ത്തിച്ചു. അതാവരുന്നു മറുപടി. ``ഉണ്ട്‌ മൗലവീ, ആയത്ത്‌ ഉണ്ട്‌!!'' തുടര്‍ന്ന്‌ കാന്തപുരം മുസ്‌ലിയാര്‍ സൂറതു സുഖ്‌റുഫിലെ 45-ാം സൂക്തം (വസ്‌അല്‍ മന്‍ അര്‍സന്‍ലാ മിന്‍ ഖബ്‌ലിക...) ഓതി. ഇരു വിഭാഗങ്ങളിലെയും പണ്ഡിതര്‍ സ്‌തബ്‌ധരായി. പ്രത്യേകം തയ്യാറാക്കിക്കൊണ്ടുവന്ന സുന്നിക്കുട്ടികള്‍ ഉച്ചത്തില്‍ തക്‌ബീര്‍ മുഴക്കി. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നു കല്‌പിക്കുന്ന സൂക്തത്തെ അല്ലാഹു അല്ലാത്തവരോട്‌ സഹായം ചോദിക്കാമെന്നതിന്‌ തെളിവാക്കി പച്ചയ്‌ക്ക്‌ ദുര്‍വ്യാഖ്യാനിച്ചു.
`കന്യാമറിയമേ രക്ഷിക്കണേ' എന്ന്‌ വിളിച്ച്‌ സഹായാര്‍ഥന നടത്താമോ എന്ന ചോദ്യവും നാം ഉന്നയിച്ചു. അതിനും ഈ ശൈഖുന മറുപടി തന്നു: `കന്യാമര്‍യമേ രക്ഷിക്കണേ' എന്നതിനു പകരം `അല്ലാഹുവിന്റെ വലിയ്യത്തായ മര്‍യമേ' (യാ വലിയ്യത്തല്ലാഹി മര്‍യം) രക്ഷിക്കണേ' എന്ന രൂപത്തില്‍ സഹായം തേടാം!! വീണ്ടും തക്‌ബീര്‍ ധ്വനികള്‍. ക്രൈസ്‌തവര്‍ വരെ കന്യാമര്‍യമിനെ വിളിച്ച്‌ സഹായം തേടല്‍ തെറ്റാണെന്ന്‌ സമ്മതിക്കുമ്പോഴാണ്‌ മുസ്‌ലിയാരുടെ പ്രഖ്യാപനം.
ശിര്‍ക്കിന്റെ നിര്‍വചനം പറയണമെന്ന്‌ കാന്തപുരം ഒരു വേളയില്‍ നിര്‍ബന്ധം പിടിച്ചു. സമസ്‌തയുടെ മദ്‌റസാ പാഠപുസ്‌തകത്തില്‍ അവര്‍ നല്‌കിയ നിര്‍വചനം വരെ നാം ഉന്നയിച്ചിട്ടും `നിര്‍വചനം പറഞ്ഞില്ല മൗലവി' എന്നാവര്‍ത്തിച്ച്‌ അണികളെ ഇളക്കുകയാണ്‌ ഇയാള്‍ ചെയ്‌തത്‌.
സൂറതു സുഖ്‌റുഫ്‌ 45-ാം സൂക്തത്തിന്‌ സുന്നികള്‍ നല്‌കുന്ന വ്യാഖ്യാനം കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞതു തന്നെയാണോ?
കാന്തപുരം നല്‌കിയ അര്‍ഥം ലോകത്തു തന്നെ ആരും ഇതുവരെ നല്‌കിയിട്ടില്ല. സുന്നികള്‍ രണ്ടു വിഭാഗമായപ്പോള്‍, കൊട്ടപ്പുറം സംവാദത്തില്‍ ഖുര്‍ആന്‍ സൂക്തം ദുര്‍വ്യാഖ്യാനിച്ച്‌ കാന്തപുരം തടിതപ്പുകയായിരുന്നുവെന്ന്‌ മര്‍ഹൂം നാട്ടിക മൂസാ മുസ്‌ലിയാര്‍ തന്നെ പിന്നീട്‌ സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്‌.
മുന്‍ നബിമാരെയെല്ലാം പുനര്‍ജനിപ്പിച്ച്‌ മിഅ്‌റാജ്‌ രാവില്‍ തിരുനബിയുടെ സദസ്സില്‍ ഹാജരാക്കിയപ്പോള്‍ അവരോട്‌ ചോദിക്കാന്‍ നബി(സ)യോട്‌ അല്ലാഹു കല്‌പിക്കുകയാണ്‌, മുന്‍ നബിമാരുടെ ജീവിച്ചിരിക്കുന്ന സമുദായങ്ങളോട്‌ ചോദിക്കാന്‍ നബി(സ)യോട്‌ അല്ലാഹു നിര്‍ദേശിക്കുകയാണ്‌ എന്നീ വ്യാഖ്യാനങ്ങളാണ്‌ സുന്നികള്‍ തന്നെ പുറത്തിറക്കിയ ജലാലൈനി പരിഭാഷയിലുള്ളത്‌. സഹായം ചോദിക്കാനുള്ള കല്‌പനയല്ല, മറിച്ച്‌ തെളിവ്‌ അന്വേഷിക്കാനുള്ള നിര്‍ദേശമാണ്‌ ആയത്തിലുള്ളതെന്നും ജലാലൈനി വിശദീകരിക്കുന്നു.
സംവാദം ഒടുവില്‍ അലസിപ്പിരിയുകയാണല്ലോ ചെയ്‌തത്‌. ഇതിന്റെ കാരണക്കാര്‍ ആരായിരുന്നു?
കാന്തപുരം മുസ്‌ലിയാര്‍ തന്നെ. തനിക്ക്‌ അദൃശ്യം അറിയില്ലെന്ന്‌ പ്രഖ്യാപിക്കാന്‍ അല്ലാഹു നബി(സ)യോട്‌ പറയുന്നുണ്ട്‌. എന്നാല്‍ അമുസ്‌ലിംകളോട്‌ പറയാനാണ്‌ നബി(സ)യോട്‌ അല്ലാഹു ഈ ആയത്തിലൂടെ നിര്‍ദേശിക്കുന്നതെന്നും നബി(സ)ക്ക്‌ അദൃശ്യം അറിയില്ലെന്ന്‌ ഈ ആയത്തിലില്ലെന്നും കാന്തപുരം വാദിച്ചു. വ്യക്തമായ ദുര്‍വ്യാഖ്യാനം! നാം വിട്ടുകൊടുത്തില്ല. `ഈ ആയത്തിലൂടെ അല്ലാഹു, കളവ്‌ പറയാനാണോ നബിയോട്‌ കല്‌പിക്കുന്നത്‌' എന്ന്‌ നാം ചോദിച്ചു.
ഇതോടെ കാന്തപുരം ഇളകി. ``ഞാന്‍ നബിയുടെ പേരില്‍ കളവ്‌ പറഞ്ഞു എന്ന്‌ എനിക്കെതിരെ മുജാഹിദുകള്‍ ആരോപണമുന്നയിച്ചിരിക്കുന്നു. ഇത്‌ പിന്‍വലിക്കണം'' എന്ന്‌ തലപ്പാവിളക്കി കാന്തപുരം പറഞ്ഞു. ഉത്തരം മുട്ടിയ കാന്തപുരത്തിന്റെ ഹാലിളക്കം അണികള്‍ ഏറ്റെടുത്തപ്പോള്‍ സംവാദം പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സംവാദം പ്രാസ്ഥാനികമായി വിജയമായിട്ടുണ്ടെന്ന്‌ പറയാമോ?
കൊട്ടപ്പുറം സംവാദം മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ വിജയം തന്നെയാണെന്നതില്‍ സംശയമില്ല. നമ്മുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം സുന്നിപക്ഷം നല്‌കിയിട്ടില്ല. സംവാദാനന്തരം ചെമ്മാട്‌, ആമയൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഞാന്‍ തന്നെ വിശദീകരണ യോഗങ്ങളില്‍ പ്രസംഗിച്ചു. കാന്തപുരത്തിന്റെ കള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും അക്കമിട്ട്‌ നിരത്തി. എന്നാല്‍ ഇവയ്‌ക്കൊന്നും മറുപടി പ്രസംഗം നടത്താന്‍ സുന്നി പക്ഷം തയ്യാറായിട്ടില്ല.
വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കാനും കള്ളത്തരങ്ങള്‍ നിര്‍ബാധം എഴുന്നള്ളിക്കാനും സുന്നി പണ്ഡിതന്മാര്‍ക്ക്‌ യാതൊരു വൈമനസ്യവുമില്ലെന്നതിന്‌ എക്കാലത്തെയും തെളിവായി മാറി കൊട്ടപ്പുറം സംവാദം. കാന്തപുരത്തിന്റെ പുതിയ വ്യാഖ്യാനം ഒരാളുപോലും ഏറ്റെടുത്തില്ലെന്നതും ശ്രദ്ധേയമാണ്‌.
കൊട്ടപ്പുറം സംവാദത്തില്‍ വിജയം സുന്നിപക്ഷത്തിനാണെന്ന്‌ സൂചിപ്പിക്കും വിധത്തിലുള്ള പരാമര്‍ശം താങ്കളില്‍ നിന്നുണ്ടായി എന്ന്‌ ആരോപണമുണ്ടല്ലോ. എന്താണ്‌ നിജസ്ഥിതി?
ഞാന്‍ പറഞ്ഞതിനെ തലയും വാലും വെട്ടിമാറ്റി ദുരുപയോഗിച്ചതാണ്‌ ഈ ആരോപണത്തിനു കാരണം. വര്‍ഷങ്ങള്‍ക്കു മുമ്പ്‌, ഫാറൂഖ്‌ കോളെജില്‍ നിന്ന്‌ ഏതാനും യുവാക്കള്‍ എന്നെ കാണാന്‍ വീട്ടിലെത്തി. മുസ്‌ലിം ഐക്യത്തെക്കുറിച്ച്‌ അഭിപ്രായം തേടാനെന്നാണ്‌ അവരെന്നോട്‌ പറഞ്ഞത്‌.
ഞാന്‍ എന്റെ വീക്ഷണം പറഞ്ഞു. ചര്‍ച്ചയ്‌ക്കിടെ, വാദപ്രതിവാദങ്ങള്‍ ഒഴിവാക്കിക്കൂടേയെന്നും ഇതുകൊണ്ട്‌ സംഘടനയ്‌ക്ക്‌ നേട്ടമുണ്ടോയെന്നും ഇവര്‍ ആരാഞ്ഞു. കൊട്ടപ്പുറം വാദത്തില്‍ ആര്‍ക്കാണ്‌ വിജയമുണ്ടായതെന്നും കൂട്ടത്തില്‍ യുവാക്കള്‍ ചോദിച്ചു. എന്റെ മറുപടിയുടെ തുടക്കം ഇങ്ങനെയായിരുന്നു: ``സുന്നികള്‍ പറയുന്നത്‌, കൊട്ടപ്പുറം സംവാദത്തില്‍ അവര്‍ക്കാണ്‌ വിജയം എന്നാണ്‌. എന്നാല്‍ നിഷ്‌പക്ഷമതികളും പണ്ഡിതരും പറയുക മുജാഹിദുകള്‍ക്കാണ്‌ വിജയം എന്നായിരിക്കും...'' ചാരന്‍മാരായെത്തി എന്റെ സംസാരം പകര്‍ത്തിയ അവര്‍, എന്റെ ആദ്യവാചകം മാത്രമെടുത്ത്‌ വക്രീകരിക്കുകയായിരുന്നു. ഇക്കാര്യം ഞാന്‍ ശബാബില്‍ വിശദമായി എഴുതിയിരുന്നു.
ഇസ്‌തിഗാസ പോലുള്ള വിഷയങ്ങളില്‍ സംവാദം നടത്താന്‍ സമകാലിക സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ കഴിയുമോ?
കഴിയില്ലെന്നതിന്‌ ചില സംഭവങ്ങള്‍ സാക്ഷിയായില്ലേ. അല്ലാഹുവിന്റെ സൃഷ്‌ടികളായ ജിന്നുകളോടും മലക്കുകളോടും സഹായം ചോദിക്കുന്നത്‌ ശിര്‍ക്കാണ്‌ എന്നുറപ്പിച്ചു പറയാന്‍ മുജാഹിദുകളെന്ന്‌ പറഞ്ഞു നടക്കുന്ന ചിലര്‍ക്ക്‌ കഴിയുമോ? സഹായം തേടാന്‍ പാടില്ലെന്ന്‌ ചിലര്‍ സാമാന്യേന പറയും.
എന്നാല്‍ സഹായം തേടിയാലോ എന്ന്‌ ചോദിക്കുമ്പോള്‍ അത്‌ ശിര്‍ക്കാവില്ല, ഹറാം മാത്രമേ ആവൂ എന്നും പറയും. ഈ പുതിയ വാദം നിമിത്തം ഒന്ന്‌ രണ്ടിടങ്ങളില്‍ സംവാദം അലസിപ്പിരിഞ്ഞില്ലേ. ഒരിടത്ത്‌ മുട്ടുമടക്കേണ്ടിയും വന്നു ഈ വിഭാഗത്തിന്‌. ഹദീസ്‌ രണ്ടാം പ്രമാണമോ? എന്ന്‌ പ്രസംഗിച്ചുനടക്കുന്ന തിരക്കിലാണിപ്പോഴിണവര്‍. എന്തൊരു ദുരവസ്ഥ?
2002-ല്‍ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഭിന്നതയുണ്ടായി. ഇതിനു ശേഷമാണ്‌ ഹദീസ്‌ നിഷേധ ആരോപണമുയരുന്നത്‌. കേരളത്തിലെ പ്രമുഖ ഹദീസ്‌ പണ്ഡിതനായ താങ്കള്‍ക്കെതിരെയാണ്‌ ആരോപകര്‍ കുന്തമുന തിരിച്ചത്‌. താങ്കളുടെ പക്ഷം വിശദീകരിക്കാമോ?
പ്രസ്ഥാനത്തില്‍ ചിലര്‍ക്കെതിരെ ആദര്‍ശവ്യതിയാനം ആരോപിച്ച്‌ ഒരു വിഭാഗം രംഗത്തുവന്നു. ഇത്‌ വന്‍ വിവാദങ്ങളുണ്ടാക്കി. ആരോപണങ്ങളില്‍ പണ്ഡിത ചര്‍ച്ചകള്‍ നടന്നു. ഇതിലൊന്നും എനിക്കെതിരെ ആരോപണങ്ങളുണ്ടായിട്ടില്ല. ഇരുവിഭാഗവും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രബന്ധങ്ങളിലും ഞാന്‍ ഹദീസ്‌ നിഷേധിയാണെന്ന പരാമര്‍ശം പോലുമുണ്ടായില്ല. ആരോപണ വിധേയര്‍ ചിലതില്‍ തിരുത്തുകള്‍ നടത്തണമെന്നു കെ ജെ യു നിര്‍ദേശിച്ചു. ഇതിലും ഞാനുമായി ബന്ധപ്പെട്ടവ ഉണ്ടായിരുന്നില്ല.
പ്രബന്ധാവതരണ കാലയളവില്‍ ഞാന്‍ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരുന്നു. ഒരു ദിവസം പ്രിന്‍സിപ്പല്‍ കൂടിയായ അബ്‌ദുര്‍റഹ്‌മാന്‍ സലഫി എന്നോട്‌ പറഞ്ഞു: ``താങ്കള്‍ക്ക്‌ ആദര്‍ശവ്യതിയാനമുണ്ടായിട്ടില്ല എന്നു ഞങ്ങള്‍ പറയാം. പക്ഷേ, താങ്കള്‍ ഞങ്ങളോടൊപ്പം നില്‌ക്കണം. അതിനു കഴിയില്ലെങ്കില്‍ നിഷ്‌പക്ഷനാവുകയെങ്കിലും ചെയ്യണം.'' എന്നാല്‍ ഞാനത്‌ സമ്മതിച്ചില്ല.
പിന്നീടൊരിക്കല്‍ ഇതേ സലഫിയും കെ കെ സകരിയ്യയും ഉസ്‌മാന്‍ മദനിയും എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഏറെ നേരം സംസാരിച്ചു. തങ്ങളുടെ പക്ഷത്തു നില്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. എന്റെ നിലപാട്‌ ഞാന്‍ വ്യക്തമാക്കി. ഇതേയാവശ്യമുന്നയിച്ച്‌ ഏതാനും കത്തുകളും എനിക്കെഴുതി. കൂടെ നിന്നാല്‍ ഹദീസ്‌ പണ്ഡിതന്‍. വിട്ടുനിന്നാല്‍ ഹദീസ്‌ നിഷേധി. ഇതെന്ത്‌ നിലപാട്‌?
എനിക്കെതിരെ ഇപ്പോഴുന്നയിക്കുന്ന ആരോപണങ്ങളെല്ലാം 2002-നു മുമ്പെഴുതിയ പുസ്‌തകങ്ങളില്‍ നിന്നുള്ളവയാണ്‌. ബുഖാരി പരിഭാഷ ഞാനെഴുതിയത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിലെ പിളര്‍പ്പിനു മുമ്പാണ്‌. അക്കാലത്ത്‌ ഞാന്‍ ജാമിഅയിലെ അധ്യാപകനുമായിരുന്നു. ഇപ്പോള്‍ എനിക്കെതിരെ ഹദീസ്‌ നിഷേധ ആരോപണമുന്നയിക്കുന്നവരെന്തേ 2002-നു മുമ്പ്‌ അത്‌ ഉന്നയിച്ചില്ല. ഹദീസ്‌ വിഷയത്തില്‍ 2002-നു മുമ്പും ശേഷവും എന്റെ നിലപാട്‌ ഒന്നു തന്നെയാണ്‌.
താങ്കളായിട്ട്‌ ഏതെങ്കിലും ഹദീസുകളെ നിഷേധിക്കുകയോ തള്ളുകയോ ചെയ്‌തിട്ടുണ്ടോ?
ഹദീസുകളെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതല്ല വിഷയം. ഉസ്വൂലുല്‍ ഹദീസിന്റെ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായി ഞാനിക്കാലം വരെ ഒന്നും എഴുതുകയോ പറയുകയോ ചെയ്‌തിട്ടില്ല. ഇങ്ങനെയെന്തെങ്കിലും എനിക്കെതിരെയുണ്ടെങ്കില്‍ ആരോപകര്‍ ഉന്നയിക്കട്ടെ. പ്രസ്ഥാനത്തിലെ പിളര്‍പ്പിനുശേഷം, ഹദീസ്‌ വിഷയത്തില്‍ എന്റെ നിലപാടില്‍ എന്തു മാറ്റങ്ങളുണ്ടായി എന്നും ആരോപകര്‍ പറയട്ടെ. ഒപ്പം നിന്നാല്‍ ആദര്‍ശ വ്യതിയാനമില്ലാത്തയാള്‍, മറുഭാഗത്തായാല്‍ ഹദീസ്‌ നിഷേധി. ഈയൊരു നിലപാട്‌ സ്വീകരിക്കുന്നവര്‍ ആരാണെന്ന്‌ വ്യക്തമാക്കേണ്ടതില്ലല്ലോ.
ഹദീസ്‌ നിഷേധം, ആദര്‍ശ വ്യതിയാനം എന്നീ ആരോപണങ്ങളുമായി ഊരു ചുറ്റുന്നവരല്ലേ യഥാര്‍ഥത്തില്‍ വ്യതിയാനം സംഭവിച്ചവര്‍?
മുസ്‌ലിംലോകത്ത്‌ ഇന്നേവരെ ഒരു പണ്ഡിതനും പറയാത്ത കാര്യങ്ങളാണ്‌ കേരളത്തിലെ `ഗവേഷകരും ഡോക്‌ടര്‍മാരും' പറയുന്നത്‌. ആദര്‍ശ വ്യതിയാനവും പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിചലനവും യഥാര്‍ഥത്തില്‍ ഇതു തന്നെയാണ്‌.
ഇക്കാലം വരെ നാം പറഞ്ഞിരുന്നത്‌ ഖുര്‍ആന്‍ ഒന്നാം പ്രമാണം, ഹദീസ്‌ രണ്ടാം പ്രമാണം എന്നിങ്ങനെയാണ്‌. എന്നാല്‍ ഈ വിഭാഗം ജല്‌പിക്കുന്നത്‌ ഖുര്‍ആനും ഹദീസും ഒന്നാം പ്രമാണമാണെന്നാണ്‌. അഥവാ ദൈവപ്രോക്തവും ദൈവീക സുരക്ഷിതത്വവുമുള്ളതായ ഖുര്‍ആനിന്റെ അതേ സ്ഥാനവും അതേ പരിഗണനയും അതേ പ്രാധാന്യവും ഹദീസിനും നല്‌കണമെന്ന്‌. ലോകത്ത്‌ ഇതിനു മുമ്പ്‌ ഏതു പണ്ഡിതനാണ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്‌?
ഹദീസ്‌ ഉദ്ധാരക പരമ്പര (സനദ്‌) വിശ്വാസ യോഗ്യമാണെങ്കില്‍ (സ്വഹീഹ്‌) ഹദീസിന്റെ ഉള്ളടക്കത്തില്‍ (മത്‌ന്‌) സംശയിക്കേണ്ട കാര്യം തന്നെയില്ലത്രെ. എവിടെയെത്തി ഈ വിഭാഗം. സ്വഹാബിമാര്‍ തൊട്ട്‌ ഇന്നേവരെയുള്ള ഒരു പണ്ഡിതനും പറഞ്ഞിട്ടില്ലാത്ത വിചിത്രമായ ഇത്തരം വാദങ്ങളെ അംഗീകരിക്കാത്തവര്‍ക്കാണ്‌ `ഹദീസ്‌ നിഷേധി' എന്ന പേര്‌ പുതിയ ഗവേഷകകൂട്ടം പതിച്ചുനല്‌കുന്നത്‌.
ഉമര്‍(റ), ആഇശ(റ) തുടങ്ങിയ പ്രഗത്ഭ സ്വഹാബിമാരില്‍ നിന്നുദ്ധരിച്ചതും എന്നാല്‍ ഖുര്‍ആന്‍ വചനങ്ങള്‍ക്ക്‌ നേര്‍ വിപരീത ആശയങ്ങളുള്ളതുമായ ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും ഉണ്ട്‌. ഇവിടെ നാം ഖുര്‍ആന്‍ അംഗീകരിക്കണോ? അതല്ല സ്‌ഖലിതങ്ങള്‍ക്ക്‌ സാധ്യതയേറെയുള്ള ഹദീസുകള്‍ അംഗീകരിക്കണോ?
പുതിയ പുസ്‌തകങ്ങള്‍ വല്ലതും എഴുതുന്നുണ്ടോ?
ഇസ്‌ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു ബൃഹത്‌ ഗ്രന്ഥം ഏറെക്കാലമായി ആലോചനയിലുണ്ടായിരുന്നു. ഈമാന്‍ കാര്യങ്ങളെയും ഇസ്‌ലാം കാര്യങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഇതില്‍ ഈമാന്‍ കാര്യങ്ങള്‍ എഴുതി പൂര്‍ത്തീകരിച്ച്‌ പ്രസാധകരെ ഏല്‌പിച്ചിട്ടുണ്ട്‌. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ആലോചനയിലാണിപ്പോള്‍.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: