ചലനം

  • Posted by Sanveer Ittoli
  • at 9:46 AM -
  • 0 comments
ചലനം

മുസ്‌ലിം സ്‌ത്രീകള്‍ കൂടുതലായി മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നു
വിവാഹാലോചനക്ക്‌ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ മുസ്‌ലിം സ്‌ത്രീകള്‍ മുന്‍പിലാണെന്ന്‌ മാട്രിമോണിയല്‍ സൈറ്റുകളെക്കുറിച്ച്‌ നടന്ന പഠനം തെളിയിക്കുന്നു. ജാമിഅ മില്ലയയിലെ സ്‌മിത മിശ്ര, ഐ ഐ എം അഹമ്മദാബാദിലെ മാത്തുക്കുട്ടി മോണിപ്പള്ളി, പെന്‍സില്‍വാനിയ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ കൃഷ്‌ണ പി ജയകര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ്‌ പുതിയ നിരീക്ഷണങ്ങള്‍. 75 ശതമാനത്തിലധികം പ്രൊഫൈലുകളും ഉണ്ടാക്കിയിരിക്കുന്നത്‌ പെണ്‍കുട്ടികളുടെ ബന്ധുക്കളാണ്‌. അന്യരുമായി നടക്കുന്ന ഓണ്‍ലൈന്‍ ചാറ്റിങുകള്‍ വിവാഹത്തിലേക്കെത്തിക്കുന്നില്ല. 62 ശതമാനം ആലോചനകളിലും വരുമാനം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭൂരിഭാഗം പേരും വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമായി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. 42 ശതമാനം പെണ്‍കുട്ടികള്‍ വിദ്യാര്‍ഥിനികളോ തൊഴില്‍ രഹിതരോ ആണ്‌. പുരുഷന്മാരെക്കാള്‍ മതത്തിന്‌ പ്രധാന്യം നല്‌കുന്നവര്‍ മുസ്‌ലിം സ്‌ത്രീകളാണെന്നും പഠനം തെളിയിക്കുന്നു.
ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ശരീഅ ഇന്‍ഡക്‌സ്‌ പുറത്തിറക്കി
രാജ്യത്ത്‌ ആദ്യമായി ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഇസ്‌ലാമിക ശരീഅത്ത്‌ അനുസരിച്ചുള്ള കമ്പനികള്‍ക്ക്‌ വേണ്ടി പ്രത്യേകം ഇന്‍ഡക്‌സ്‌ തയ്യാറാക്കി. 500 ഓളം കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇസ്‌ലാമിക മൂല്യങ്ങള്‍ പാലിക്കുന്ന കമ്പനികളുടെ ഓഹരികള്‍ സബന്ധിച്ച വിവരണങ്ങളാണുള്ളത്‌. മദ്യം, ലൈംഗികത, പലിശ, പന്നിമാംസം വിപണനം ചെയ്യുന്ന ഹോട്ടല്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികളെയും സ്ഥാപനങ്ങളെയുമാണ്‌ ഒഴിവാക്കിയിരിക്കുന്നത്‌.
മുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉന്നമനം
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട്‌ ഡല്‍ഹിയിലെ മൂന്ന്‌ സര്‍വകലാശാലകള്‍ ധാരണാപത്രം ഒപ്പുവെച്ചു. മാധ്യമപഠനം, സിവില്‍ സര്‍വീസ്‌, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക്‌ മുസ്‌ലിം യുവാക്കളെ എത്തിക്കുന്നതിനു വേണ്ടി അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിഅ ഹംദര്‍ദ്‌, ജാമിഅ മില്ലിയ്യ എന്നീ സര്‍വകലാശാലകളാണ്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ആര്‍മിയിലും മറ്റു പ്രതിരോധ മേഖലകളിലും മുസ്‌ലിംകളെ എത്തിക്കുക എന്ന ദൗത്യവുമായി അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയും, മാധ്യമപഠനം വിപുലീകരിക്കാന്‍ ജാമിഅയും സിവില്‍ സര്‍വീസ്‌ രംഗത്തേക്ക്‌ മുസ്‌ലിംകളെ എത്തിക്കാന്‍ ജാമിഅ ഹംദര്‍ദും തീരുമാനിച്ചിട്ടുണ്ട്‌.
ഗൂഗ്‌ള്‍ ഫലസ്‌തീനെ അംഗീകരിച്ചു
ഗൂഗ്‌ള്‍ സെര്‍ച്ച്‌ എന്‍ജിനില്‍ ഫലസ്‌തീനെ സൂചിപ്പിരുന്നത്‌ `ഫലസ്‌തീന്‍ ടെറിറ്ററീസ്‌' എന്നായിരുന്നു. എന്നാല്‍ യു എന്‍ രാഷ്‌ട്ര പദവി നല്‍കിയതോടെ ഫലസ്‌തീന്‍ എന്നു തന്നെ ഉപയോഗിക്കാന്‍ ഗൂഗ്‌ള്‍ തീരുമാനിച്ചു. www. google.ps എന്ന അഡ്രസില്‍ ഗൂഗ്‌ള്‍ ലോഗോക്കു താഴെ ഇനി മുതല്‍ ഫലസ്‌തീന്‍ എന്നുണ്ടാകും.
റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ഖുര്‍ആന്‍ വായിച്ചിട്ടില്ല!
യുക്തിവാദത്തെ സ്ഥാപിച്ചെടുക്കുന്ന ദ ഗോഡ്‌ ഡില്യൂഷന്‍ എന്ന പുസ്‌തകത്തിന്റെ (നാസ്‌തികനായ ദൈവം എന്ന പേരില്‍ മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്‌തിട്ടുണ്ട്‌) കര്‍ത്താവ്‌ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ഇതുവരെ ഖുര്‍ആന്‍ വായിച്ചിട്ടില്ല എന്നു വെളിപ്പെടുത്തി. യുക്തിവാദികളായ അദ്ദേഹത്തിന്റെ ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണീ വെളിപ്പെടുത്തല്‍. നാസിസത്തെ എതിര്‍ക്കാന്‍ മെയിന്‍ കാഫ്‌ വായിക്കേണ്ടെന്നതു പോലെ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ഖുര്‍ആനും വായിക്കേണ്ടതില്ല എന്നാണ്‌ അദ്ദേഹത്തിന്റെ ന്യായം.
സ്‌കൂള്‍ പാഠ്യപദ്ധതിക്കെതിരെ ബ്രിട്ടീഷ്‌ മുസ്‌ലിം കൗണ്‍സില്‍
ബ്രിട്ടീഷ്‌ സ്‌കൂളുകളിലെ ചരിത്ര പാഠപുസ്‌തകങ്ങളുടെ തെറ്റായ പരിഷ്‌കരണത്തിനെതിരെ മുസ്‌ലിം കൗണ്‍സില്‍ ഓഫ്‌ ബ്രിട്ടന്‍ (എം സി ബി) രംഗത്തുവന്നു. ബ്രിട്ടനിലെ അഞ്ഞൂറോളം മുസ്‌ലിം സംഘടനകളുടെ പൊതുവേദിയാണിത്‌. ഇസ്‌ലാമിക സംസ്‌കാരം ചരിത്രത്തിനും ബ്രട്ടീഷ്‌ സാമ്പത്തിക വ്യവസ്ഥകള്‍ക്കും നല്‍കിയ സംഭാവനകളെ അവഗണിച്ചുകൊണ്ടുള്ളതാണ്‌ പുതിയ ചരിത്ര പുസ്‌തകങ്ങള്‍. ലോക മഹായുദ്ധങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിം, ഹിന്ദു, സിഖ്‌ മതവിശ്വാസികള്‍ ബ്രിട്ടന്‌ നല്‍കിയ സേവനങ്ങളെ പുസ്‌തകം വിസ്‌മരിക്കുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിലേക്ക്‌ വഴികാണിച്ച അറബ്‌ വിജ്ഞാനങ്ങളെയും മുസ്‌ലിം സ്‌പെയിനിലെ നാഗരികവികാസത്തെയും സംബന്ധിച്ചുള്ള പാഠങ്ങളും പുസ്‌തകത്തിലില്ല. പാഠ്യപദ്ധതി പരിഷ്‌കരണം ശാസ്‌ത്രീയമല്ല എന്ന്‌ മറ്റു സംഘടനകളും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ഇസ്‌ലാമും ശാസ്‌ത്രവും: ബി ബി സി ഡോക്യുമെന്ററി
ഇഹ്‌സാന്‍ മസൂദിന്റെ ഇസ്‌ലാമും ശാസ്‌ത്രവും എന്ന പുസ്‌തകത്തെ അധികരിച്ച്‌ ബി ബി സി മൂന്ന്‌ ഭാഗങ്ങളുള്ള ഡോക്യുമെന്ററി തയ്യാറാക്കി. ജിമ്മ്‌ അല്‍ ഖലീല്‍ ആണ്‌ സംവിധായകന്‍. ശാസ്‌ത്രത്തിന്റെ ഭാഷ, ബുദ്ധിയുടെ സാമ്രാജ്യം, സന്ദേഹത്തിന്റെ ശക്തി എന്നീ തലക്കെട്ടുകളില്‍ മൂന്ന്‌ എപ്പിസോഡുകളായാണ്‌ ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്‌.
ഖുര്‍ആനില്‍ നിന്ന്‌ എന്താണ്‌ ക്രിസ്‌ത്യാനികള്‍ അറിയേണ്ടത്‌?
ക്രിസ്‌തു മതവിശ്വാസവുമായി ബന്ധപ്പെട്ട ഖുര്‍ആനിക അധ്യാപനങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്‌തകം പുറത്തിറങ്ങി. ജയിംസ്‌ ആര്‍ വെയിറ്റ്‌ ആണ്‌ ഗ്രന്ഥകര്‍ത്താവ്‌. ക്രിസ്‌തു, മോക്ഷം, ത്രിയേകത്വം, പരലോകം തുടങ്ങിയ വിഷയങ്ങളിലെ ഇസ്‌ലാമിക നിലപാടുകള്‍ വിശദീകരിക്കുന്ന ഗ്രന്ഥമാണിത്‌. അമേരിക്കയിലെ ബഥനി ഹൗസ്‌ പബ്ലിക്കേഷന്‍സ്‌ ആണ്‌ പ്രസാധകര്‍.
മെയ്‌ഡ്‌ ഇന്‍ സുഊദി
സുഊദി കുടുംബങ്ങള്‍ ഉണ്ടാക്കിയ കരകൗശല വസ്‌തുക്കളുടെ പ്രദര്‍ശനം നടത്തി. ജിദ്ദ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി സംഘടിപ്പിച്ച എക്‌സിബിഷനില്‍ 350-ലധികം കുടുംബങ്ങള്‍ പങ്കെടുത്തു. `മെയ്‌ഡ്‌ ഇന്‍ കെ എസ്‌ എ' എന്ന ആശയത്തിന്‌ പ്രചാരണം നല്‍കുന്നതിന്റെ ഭാഗമാണിത്‌. വരും വര്‍ഷങ്ങളില്‍ വിപുലമായി നടത്താന്‍ ആലോചനയുണ്ടെന്ന്‌ ജിദ്ദ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റിയുടെ തലവന്‍ ശൈഖ്‌ അഹ്‌മദ്‌ അല്‍ ഹമദാന്‍ അറിയിച്ചു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: