സിലബസുകള്‍ കാലോചിതമായി പരിഷ്‌കരിക്കണം
കുഞ്ഞിമുഹമ്മദ് പറപ്പൂര്‍
മതവിദ്യാഭ്യാസത്തിന്റെ പ്രാഥമിക അറിവുകള്‍ വായിച്ചുകിട്ടേണ്ടതല്ല. അത് ഗുരുമുഖത്ത് നിന്നു തന്നെ ലഭിക്കേണ്ടതാണ്. മതം പഠിച്ചാല്‍ ഉയര്‍ന്ന ജോലി കിട്ടുമെന്ന പ്രതീക്ഷ ഇന്ന് സമൂഹത്തിലെ കുട്ടികളിലും രക്ഷിതാക്കളിലുമെല്ലാം കുറഞ്ഞുവന്നതാണ് പ്രധാനപ്പെട്ട ഒരു പ്രശ്‌നം. അറബിക് കോളെജുകളും അത്തരത്തിലുള്ള സ്ഥാപനങ്ങളുമെല്ലാം മാര്‍ക്ക് കുറഞ്ഞുവര്‍ക്കുള്ളതാണെന്നാണ് പൊതുവെയുള്ള ധാരണ. ഇവിടെ പഠിച്ചാല്‍ കാര്യമായ ജോലിയൊന്നും കിട്ടില്ല. ഇത്തരം തെറ്റായ ധാരണകള്‍ നീക്കിയെടുക്കാന്‍ സാധിക്കണം. അതിനവര്‍ക്ക് ഏറ്റവും വഴികാട്ടിയായി പ്രവര്‍ത്തിക്കേണ്ടത് അറബിക് കോളെജുകളില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയവരാണ്. എന്നാല്‍ ഇന്ന് അറബിക് കോളെജുകളില്‍ നിന്ന് പുറത്തറങ്ങിയവരില്‍ സമൂഹത്തിന് മാതൃകയാകുന്നവര്‍ കുറഞ്ഞുവരികയാണ്. മതപഠന രംഗങ്ങളില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി എല്ലാതലത്തിലും അവര്‍ക്ക് മികച്ച പരിശീലനം നല്‍കിയാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. അറബിക് കോളെജുകളിലെത്തുന്ന കുട്ടികള്‍ക്ക് യൂണിവേഴ്‌സിറ്റി സിലബസ് പഠിക്കുന്നതിന് തന്നെ കൃത്യമായ സമയം കിട്ടുന്നില്ല. അതിന്നിടക്ക് ഇസ്‌ലാമിക ഗ്രന്ഥങ്ങളെയും പണ്ഡിതന്‍മാരെയും കുറിച്ച് പഠിക്കാനും അറിയാനുമുള്ള അവസരവും നല്‍കണം. ഈ രൂപത്തില്‍ കുട്ടികളെ വളര്‍ത്തിയെടുത്താല്‍ തീര്‍ച്ചയായും സമൂഹത്തില്‍ മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. ലൈബ്രറി ഉപയോഗിച്ച് വളരുന്ന കുട്ടികളും ഇന്ന് കുറഞ്ഞുവരികയാണ്. പല പ്രൈവറ്റ് സ്ഥാപനങ്ങളുടെയും തളര്‍ച്ച മതകലാലയങ്ങളെയും ബാധിച്ചിട്ടുണ്ട്.
മതവിദ്യാഭ്യാസം നേടുകവഴി ആധുനിക കാലത്ത് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് സമൂഹത്തിന് നേരിട്ട് കണ്ട് മനസിലാക്കാന്‍ സാധിക്കണം. അതിന് ജീവിക്കുന്ന ഉദാഹരണങ്ങളുണ്ടാകണം. അറബിക് കോളെജുകളിലെ യൂണിവേഴ്‌സിറ്റി സിലബസുകള്‍ക്ക് പുറമെ ഐ ടി മേഖലകളിലും ആരോഗ്യരംഗത്തെയും കുറിച്ചുള്ള മികച്ച അവബോധം കൂടി ഉണ്ടാക്കിയാല്‍ തീര്‍ച്ചയായും ഈ രംഗത്തേക്കും നിരവധി കുട്ടികള്‍ കടന്നുവരും. അവരിലേക്ക് മതബോധംകൂടി ശരിയായ രൂപത്തില്‍ നല്‍കിയാല്‍ മികച്ച സംഭാവനകളായിരിക്കും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. അറബി പഠിച്ച് പുറത്തിറങ്ങിയാല്‍ അധ്യാപന ജോലിയെന്നതിലപ്പുറം പലതും കിട്ടാനുണ്ട് എന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കണം. ഇന്ന് സിലബസില്‍ മാത്രം ഒതുങ്ങി നിന്നുള്ള പഠനങ്ങളായപ്പോള്‍ ഇസ്‌ലാമിക നിയമശാസ്‌ത്രമോ മറ്റു മതവിഷയങ്ങളോ ആര്‍ജിക്കുന്നില്ല. ഇനി തയ്യാറുള്ളവര്‍ക്കാണെങ്കില്‍ അതിനുള്ള സമയവുമില്ല.
0 comments: