കര്‍ണാടകയില്‍ താമര കൂമ്പി
വിശകലനം -
എ പി അന്‍ഷിദ്
ഒരു ദയാവധം കഴിഞ്ഞ ആശ്വാസത്തിലാണിപ്പോള്‍ കര്‍ണാടക. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുഫലം രണ്ടുനിലക്ക് ഈ വിശേഷണം അര്‍ഹിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പ്രഥമ ബി ജെ പി സര്‍ക്കാറെന്ന ഖ്യാതിയില്‍ അധികാരത്തിലേറിയ ഒരു ഗവണ്‍മെന്റ് ഇവ്വിധം ദയനീയമായ അന്ത്യം ഏറ്റുവാങ്ങേണ്ടിവന്നതിനെ ദയാവധമെന്നല്ലാതെ എന്തുപേരില്‍ വിശേപ്പിക്കും.
ഒരു സര്‍ക്കാറിന്റെ നിലനില്‍പ്പിനുവേണ്ടി ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രയോഗിക്കാവുന്ന സാന്മാര്‍ഗികമോ, അസാന്മാര്‍ഗികമോ ആയ എല്ലാ തന്ത്രങ്ങളും പയറ്റിയാണ് കര്‍ണാടകത്തിലെ ആദ്യ ബി ജെ പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.
അഞ്ചുവര്‍ഷം തികച്ചു ഭരിക്കാനുള്ള ആയുരാരോഗ്യം ഈ സര്‍ക്കാറിന് ഇല്ലെന്ന് നേരത്തെതന്നെ വിധിയെഴുതപ്പെട്ടതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കര്‍ണാടകത്തില്‍ ഉണ്ടായ രാഷ്‌ട്രീയ നാടകങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മരണമല്ലാതെ മറ്റു രക്ഷാമാര്‍ഗങ്ങളില്ലാത്ത വിധം രോഗാതുരമായിരുന്നു ബി എസ് യദ്യൂരപ്പയും സദാനന്ദ ഗൗഡയും ഒടുവില്‍ ജഗദീഷ് ഷെട്ടാറും മാറിമാറി മുഖ്യമന്ത്രിമാരായ സര്‍ക്കാര്‍. പിന്നെ അന്തിമ വിധി നടപ്പാക്കാന്‍ അഞ്ചാണ്ട് കൂടുമ്പോള്‍ നടക്കുന്ന ഒരു ജനവിധിക്കുവേണ്ടി കാത്തിരുന്നു എന്ന് മാത്രം. ദയാവധം നടപ്പാക്കാന്‍ ഭരണകൂടത്തിന്റെയോ നീതിപീഠത്തിന്റെയോ അനുമതി കാത്തിരിക്കുന്നതിന് സമാനമായ അവസ്ഥ. അതുകൊണ്ടുതന്നെയാണ് കര്‍ണാടകാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ ദയാവധമായി വിശേഷിപ്പിച്ചത്.
224 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 121 സീറ്റുനേടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയത്. ഭരണ കക്ഷിയായ ബി ജെ പിക്ക് 40 സീറ്റുകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നപ്പോള്‍ മൂന്നാമത്തെ പ്രബല കക്ഷിയായ ജെ.ഡി.എസ് 28 സീറ്റുണ്ടായിരുന്നത് 40 ആക്കി ഉയര്‍ത്തി. ബി ജെ പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച മൈസൂര്‍ ജില്ലയിലെ പെരിയപട്ടണം മണ്ഡലത്തില്‍ ഈ മാസം 28-ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇപ്പോഴത്തെ ഫലങ്ങളില്‍ നേരിയ മാറ്റം വന്നേക്കാം.
വസ്‌തുതാപരമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടില്ലെന്ന് ബി ജെ പിക്ക് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ യുക്തിപരമായി ബി ജെ പി മൂന്നാം സ്ഥാനത്താണ്. കാരണം ജെ ഡി എസ് 28 സീറ്റില്‍ നിന്ന് 40-ലേക്ക് വളര്‍ന്നപ്പോള്‍ 110-ല്‍ നിന്ന് 40-ലേക്ക് തളരുകയാണ് ബി ജെ പി ചെയ്‌തത്. ബി ജെ പിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ രൂപംകൊടുത്ത കര്‍ണാടകാ ജനതാപക്ഷ പാര്‍ട്ടി (കെ ജെ പി)ക്ക് ആറു സീറ്റേ നേടാനായുള്ളൂ. ആറു സീറ്റിലേ വിജയിച്ചുള്ളൂവെങ്കിലും 60 സീറ്റില്‍ ബി ജെ പിയുടെ വോട്ട് ചോര്‍ത്താന്‍ യദ്യൂരപ്പക്ക് കഴിഞ്ഞു.
2008-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേക്കുള്ള സാധ്യതകള്‍ ഉറപ്പിക്കുമ്പോള്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം തികക്കാന്‍ മൂന്ന് സീറ്റിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. 224 അംഗ നിയമസഭയിലേക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 113 അംഗങ്ങളുടെ പിന്തുണ. ബി ജെ പിക്ക് ലഭിച്ചതാകട്ടെ 110 സീറ്റ്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ ബി എസ് യദ്യൂരപ്പയുടെ തലയില്‍ ഉദിച്ച ആശയമായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരിക്കുക എന്നത്. അഞ്ചു സ്വതന്ത്രരുടെ പിന്തുണ ലഭിക്കാന്‍ അഞ്ചുപേരെയും മന്ത്രിമാരാക്കേണ്ടി വന്നു. ബെല്ലാരി മേഖലയിലെ ഖനി ഭീമന്മാരായ റെഡ്‌ഢി സഹോദരങ്ങളുടെ നേതൃത്വത്തിലായിരുന്നു ഈ സ്വതന്ത്ര കൂട്ടായ്‌മ. ജനാര്‍ദ്ദന റെഡ്‌ഢിയും ഇളയ സഹോദരന്‍ കരുണാകര റെഡ്‌ഢിയും മന്ത്രിമാരായി. മൂന്നാമത്തെ സഹോദരന്‍ സോമശേഖര റെഡ്‌ഢിക്ക് മില്‍ക്‌ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ നിര്‍ണായക പദവികള്‍ നല്‍കേണ്ടിവന്നു. സ്വതന്ത്രരെ ചാക്കിട്ടു പിടിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇടനിലക്കാരനായത് യദ്യൂരപ്പയുമായി അടുപ്പമുണ്ടായിരുന്ന ബി ശ്രീരാമുലു ആയിരുന്നു. അദ്ദേഹത്തിനും കൊടുത്തു ഒരു മന്ത്രി സ്ഥാനം. റെഡ്‌ഢി സഹോദരങ്ങളുടെ അടുപ്പക്കാരായ മറ്റു രണ്ടു സ്വതന്ത്രരെക്കൂടി മന്ത്രിമാരാക്കി. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഒരു `താമര' സര്‍ക്കാര്‍ വിരിയിക്കാന്‍ ഭൂമിയോളം താഴേണ്ടിവന്നു യദ്യൂരപ്പക്കെന്നര്‍ത്ഥം.
ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന പഴഞ്ചൊല്ല് ദക്ഷിണേന്ത്യയിലെ ആദ്യ ബി ജെ പി സര്‍ക്കാറിന്റെ കാര്യത്തില്‍ അച്ചട്ടായിരുന്നു. ഒന്നിനു പിറകെ ഒന്നായി പ്രശ്‌നകലുഷിതമായി കര്‍ണാടക രാഷ്‌ട്രീയം കുഴഞ്ഞുമറിഞ്ഞു. റെഡ്‌ഢി സഹോദരങ്ങളും യദ്യൂരപ്പയും തമ്മിലുള്ള പിണക്കമായിരുന്നു ആദ്യത്തേത്. സംസ്ഥാന രാഷ്‌ട്രീയത്തിലെ സ്വാധീനം മുതലെടുത്ത് ബെല്ലാരി മേഖലയില്‍ നടക്കുന്ന അനധികൃത ഖനനങ്ങള്‍ കോടതികളില്‍ നിന്നും അന്വേഷണ ഏജന്‍സികളില്‍ നിന്നും നിരന്തരം വിമര്‍ശനം നേരിടാന്‍ കാരണമായതാണ് യദ്യൂരപ്പയെയും റെഡ്‌ഢി സഹോദരങ്ങളെയും അകറ്റിയത്. പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചതോടെ സര്‍ക്കാറിനെ താഴെയിറക്കുമെന്ന ഭീഷണിയുമായി റെഡ്‌ഢി സഹോദരങ്ങള്‍ രംഗത്തെത്തി. ബി ജെ പിയിലെ തന്നെ ചില അംഗങ്ങളുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. സര്‍ക്കാറിന്റെ ഭാവി തുലാസിലായപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും മീതെ വിട്ടുവീഴ്‌ചയുടെ മാറാപ്പ് ചുറ്റാന്‍ യദ്യൂരപ്പ നിര്‍ബന്ധിതനായി. പ്രശ്‌നങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുമ്പോഴാണ് ഖനി കുംഭകോണം സംബന്ധിച്ച് ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ട് യദ്യൂരപ്പയുടെ മുഖ്യമന്ത്രി പദത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയത്.
ബെല്ലാരി കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ഖനനങ്ങള്‍ക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ എല്ലാ ഒത്താശകളും ചെയ്‌തുകൊടുത്തു എന്നതായിരുന്നു യദ്യൂരപ്പക്കെതിരായ ആരോപണം. മക്കള്‍ക്കും മരുമകനും സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കിയെന്ന ആരോപണം ഇതിനു മുമ്പെ തന്നെ യദ്യൂരപ്പക്കെതിരെ ഉയര്‍ന്നിരുന്നു. നടപടി വിവാദമായതിനെ തുടര്‍ന്ന് ബംഗളൂരു മെട്രോപോളിറ്റന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഭൂമി തിരിച്ചുനല്‍കിയാണ് തല്‍ക്കാലത്തേക്ക് തടിതപ്പിയത്. എന്നാല്‍ ഭൂമി കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ യദ്യൂരപ്പയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികള്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു.
2011 ജൂലൈയില്‍ യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ചില ഉപാധികളോടെയായിരുന്നു പിന്മാറ്റം. തല്‍ക്കാലത്തേക്കുള്ള നേതൃമാറ്റത്തിനാണ് യദ്യൂരപ്പ സമ്മതം മൂളിയത്. ഖനി കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ചാല്‍ മുഖ്യമന്ത്രി പദം തിരിച്ചേല്‍പ്പിക്കണം എന്നതായിരുന്നു പ്രധാന ഉപാധി. തന്റെ വിശ്വസ്‌തനായ സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയാക്കി യദ്യൂരപ്പ കാര്യങ്ങള്‍ ഭദ്രമാക്കുകയും ചെയ്‌തു. എന്നാല്‍ ഖനി കുംഭകോണക്കേസില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും യദ്യൂരപ്പയെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം താല്‍പര്യം കാണിച്ചില്ല. ഒഴിഞ്ഞുകൊടുക്കാന്‍ സദാനന്ദഗൗഡയും. നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ എം എല്‍ എമാരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റി സമ്മര്‍ദ്ദം ശക്തമാക്കിയാണ് യദ്യൂരപ്പ കേന്ദ്ര നേതൃത്വത്തെ നേരിട്ടത്. മുഖ്യമന്ത്രി പദം തിരിച്ചുനല്‍കിയില്ലെങ്കിലും യദ്യൂരപ്പയുടെ വിശ്വസ്‌തനായ ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിച്ചു. എന്നാല്‍ സദാനന്ദ ഗൗഡയുടെ കാര്യത്തില്‍ സംഭവിച്ചതു തന്നെ ജഗദീഷ് ഷെട്ടാറുടെ കാര്യത്തിലും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പദത്തില്‍ എത്തും വരെ യദ്യൂരപ്പയോട് ഒട്ടിനിന്ന ഷെട്ടാര്‍ യദ്യൂരപ്പയുടെ പല നിര്‍ദേശങ്ങളും വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ തയാറായില്ല.
വീണ്ടുമൊരു നേതൃമാറ്റം ആവശ്യപ്പെടാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചായി യദ്യൂരപ്പയുടെ ചര്‍ച്ചകള്‍. മുഖ്യമന്ത്രി പദം തിരിച്ചുനല്‍കണമെന്ന ആവശ്യം യദ്യൂരപ്പ ഇതിനിടെ വീണ്ടും ഉന്നയിച്ചു. പുതിയ പാര്‍ട്ടി രൂപീകരണത്തിന് കളമൊരുക്കുകയായിരുന്നു ലക്ഷ്യം. ബി ജെ പി നേതൃത്വവുമായി പരമാവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും സഹതാപ തരംഗം സൃഷ്‌ടിച്ച് പാര്‍ട്ടി വിടുകയും ചെയ്യുക എന്ന തന്ത്രമാണ് അദ്ദേഹം പയറ്റിയത്. 2012 നവംബര്‍ 30-ന് യദ്യൂരപ്പ ബി ജെ പി നേതൃത്വത്തിന് രാജിക്കത്തു നല്‍കി. എന്നാല്‍ സര്‍ക്കാറിനെ വീഴ്‌ത്തില്ലെന്ന് യദ്യൂരപ്പ വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പിനെ നേരിടാവുന്ന തരത്തില്‍ കീഴ്‌ഘടകങ്ങള്‍ രൂപീകരിച്ച് പുതിയ പാര്‍ട്ടിയെ സജ്ജമാക്കുകയുമെന്ന ഭാരിച്ച ചുമതല അദ്ദേഹത്തിനു മേലുണ്ടായിരുന്നു. അതിനുള്ള സാവകാശവും വേണ്ടിയിരുന്നു. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാറിനെ വീഴ്‌ത്തേണ്ടതില്ലെന്ന് യദ്യൂരപ്പ തീരുമാനിച്ചത്. തന്നോട് ആഭിമുഖ്യം പുലര്‍ത്തുന്ന പല നിയമസഭാംഗങ്ങളോടും തല്‍ക്കാലം ബി ജെ പിയില്‍ തന്നെ നില്‍ക്കാന്‍ യദ്യൂരപ്പ ആവശ്യപ്പെട്ടു. ഇത് പക്ഷേ യദ്യൂരപ്പക്ക് തിരിച്ചടിയായി. ബി ജെ പിയില്‍ നിന്ന പല എം എല്‍ എമാരും പിന്നീട് പാര്‍ട്ടി വിടാന്‍ താല്‍പര്യം കാണിച്ചില്ല. ശോഭ കരന്തലജെയെപ്പോലുള്ള വിശ്വസ്‌തരായ ചിലര്‍ മാത്രമാണ് എല്ലാകാലത്തും യദ്യൂരപ്പക്കൊപ്പം നിലയുറപ്പിച്ചത്. 2012 ഡിസംബര്‍ 9-ന് കര്‍ണാടക ജനതാപക്ഷ പാര്‍ട്ടി (കെ ജെ പി) എന്ന പേരില്‍ യദ്യൂരപ്പയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ പാര്‍ട്ടിയുടെ പ്രഥമ കണ്‍വന്‍ഷന്‍ ഹാവേരിയില്‍ ചേര്‍ന്നു. 2013-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ യദ്യൂരപ്പ അണികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇത്രയേറെ രാഷ്‌ട്രീയ നാടകങ്ങള്‍ അരങ്ങേറുമ്പോഴും പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് തീര്‍ത്തും നിഷ്‌ക്രിയമായിരുന്നു. കാര്യക്ഷമമായ പ്രതിപക്ഷത്തിന്റെ അഭാവം എല്ലാ നിലയിലും ശ്രദ്ധിക്കപ്പെട്ടു. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന ചെറിയ ചില നീക്കങ്ങളാണ് പലപ്പോഴും കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ബി ജെ പിക്ക് വെല്ലുവിളി സൃഷ്‌ടിച്ചത്. എന്നാല്‍ കുമാരസ്വാമിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഈ നീക്കങ്ങളുടെ മുനയൊടിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് പിന്തള്ളപ്പെട്ടുപോയവരെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികള്‍ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നെങ്കിലും രണ്ടാം യു പി എയുടെ പ്രവര്‍ത്തനങ്ങള്‍ നേര്‍ വിപരീതമായിരുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ക്കുള്ള പ്രത്യേക പാക്കേജ് തുടങ്ങി ക്ഷേമ പദ്ധതികളുടെ ഘോഷയാത്രതന്നെ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടായി. എന്നാല്‍ യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലുമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ചുവടുപിടിച്ച് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍തൂക്കം നല്‍കിയ രണ്ടാം യു പി എ സര്‍ക്കാര്‍ ജനങ്ങളെ പൂര്‍ണമായും വിസ്‌മരിച്ചു. പെട്രോള്‍ വിലയുടെ നിയന്ത്രണം നീക്കിയതും ഡീസല്‍, പാചക വാതകം, രാസവളം എന്നിവയുടെ സബ്‌സിഡി വെട്ടിക്കുറച്ചതും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും നിയന്ത്രണം കൊണ്ടുവന്നതും ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുമേല്‍ വലിയ ഭാരം കെട്ടിവെച്ചു. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുടെ നീണ്ട നിര. 2ജി സ്‌പെക്‌ട്രം, ഐ എസ് ആര്‍ ഒ സ്‌പെക്‌ട്രം, ടട്ര ട്രക് ഇടപാട്, കല്‍ക്കരി കുംഭകോണം, സല്‍മാന്‍ ഖുര്‍ഷിദിനെതിരെ ഉയര്‍ന്ന ട്രസ്റ്റ് അഴിമതി വിവാദം, ഏറ്റവുമൊടുവില്‍ പവന്‍ കുമാര്‍ ബന്‍സലിനെതിരെ ഉയര്‍ന്ന ഉന്നതോദ്യോഗ നിയമനത്തിലെ കൈക്കൂലി തുടങ്ങി അഴിമതിക്കഥകളുടെ ഘോഷയാത്രയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദേശീയ രാഷ്‌ട്രീയത്തില്‍ ഉണ്ടായത്.
2003ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും സര്‍ക്കാറിന് നേതൃത്വം നല്‍കുകയും ചെയ്‌ത എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിന് പക്ഷേ പഴയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിനെ അപേക്ഷിച്ച് കുറേക്കൂടി ക്രിയാത്മകമായ പ്രതിപക്ഷമായിരുന്നു ജെ ഡി എസ്. താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും ആ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് രാജ്യത്തൊട്ടാകെ സമീപകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന ദുര്‍ഗതി ജെ ഡി എസിനെയും ബാധിച്ചുവെന്ന് വേണം കരുതാന്‍. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും രാംവിലാസ് പാസ്വാന്റെ എല്‍ ജെ പിയും തുടങ്ങി ദേശീയമുഖം സൂക്ഷിക്കുന്ന ഒട്ടേറെ പ്രാദേശിക കക്ഷികള്‍ തളര്‍ച്ചയുടെ പാതയിലാണ്. മുലായംസിങിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി മാത്രമാണ് ഉത്തര്‍പ്രദേശില്‍ അല്‍പം പിടിച്ചുനിന്നത്. 33 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് പശ്ചിമബംഗാളില്‍ അധികാരത്തില്‍ എത്തിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പോക്ക് ഏതാണ്ട് ഈ ദിശയിലേക്കാണ്.
കര്‍ണാടക ഇലക്ഷന്‍ വാച്ച് എന്ന സര്‍ക്കാറിതര സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് കോടിപതികളുടെ സമ്മേളനത്തിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സ്വത്തുവിവരമനുസരിച്ച് കണക്കുകള്‍ അവലോകനം ചെയ്‌ത 217 നിയമസഭാംഗങ്ങളില്‍ 203 പേരും കോടിപതികളാണെന്നാണ് വിവരം. 95 ശതമാനത്തോളം പേര്‍. രണ്ട് ബെല്ലാരി സഹോദരങ്ങള്‍ പോയപ്പോള്‍ ഒരുപാട് ബെല്ലാരിമാര്‍ കര്‍ണാടക രാഷ്‌ട്രീയത്തില്‍ പിടിമുറുക്കി എന്നര്‍ത്ഥം. ഒരു സര്‍ക്കാറിനു കീഴില്‍ ഒരുമയോടെ ഇവരെ മുന്നോട്ടു നയിക്കുകയെന്നത് ദുഷ്‌കരമായ ദൗത്യമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
ഏതായാലും ബി ജെ പിയില്‍നിന്ന് കോണ്‍ഗ്രസിലേക്കുള്ള, ഷെട്ടാറില്‍ നിന്ന് സിദ്ധരാമയ്യയിലേക്കുള്ള അധികാര മാറ്റത്തെ കര്‍ണാടകത്തിലെ ജനം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും മന്ത്രിസഭാ രൂപീകരണം തൊട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ ഇനിയും മറികടക്കേണ്ടതുണ്ട്. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ അനുഭവ സമ്പത്ത് ഏറെയുളള നേതാവാണ് സിദ്ധരാമയ്യ. പുതിയ സര്‍ക്കാറിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ നയചാതുരി അദ്ദേഹത്തിന് മുതല്‍കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം. ബി ജെ പി ഭരണകാലത്ത് കടുത്ത അനീതികള്‍ക്ക് വിധേയരാകുകയും നിരന്തരം പീഡനങ്ങള്‍ക്ക് ഇരകളാവുകയും ചെയ്‌ത മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍ കിയിരിക്കുന്നത്. അവരെ തൃ പ്‌തിപ്പെടുത്താന്‍ സിദ്ധാരാമയ്യക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.
0 comments: