ഇസ്‌ലാമിക വിദ്യാഭ്യാസം നവീകരണവും അഴിച്ചുപണിയും അനിവാര്യം

  • Posted by Sanveer Ittoli
  • at 9:48 AM -
  • 0 comments
ഇസ്‌ലാമിക വിദ്യാഭ്യാസം നവീകരണവും അഴിച്ചുപണിയും അനിവാര്യം

എം കെ മുഹമ്മദലി
ദീനീപ്രവര്‍ത്തനങ്ങള്‍ ചടുലമായി നടക്കുന്ന കേരളം ലോകത്തിന്‌ വലിയ സംഭാവനകള്‍ നല്‍കിയ പ്രദേശമാണ്‌. ഇസ്‌ലാമിക സാംസ്‌കാരിക പൈതൃകത്തെ വലിയ പരിക്കുകളില്ലാതെ സംരക്ഷിച്ചു നിര്‍ത്താനും നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കൈയെടുക്കാന്‍ പണ്ഡിതരും, സമുദായ നേതാക്കളുമുണ്ടായതാണ്‌ ഇതിന്‌ പ്രധാന കാരണം. ഇത്തരം സംരംഭങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്താനും പിന്തുണക്കാനും സാമാന്യ മുസ്‌ലിം സമൂഹം സന്നദ്ധമായതും എടുത്തുപറയേണ്ടകാര്യമാണ്‌. മുസ്‌ലിം സമൂഹത്തിലെ സമ്പന്നരുടെയും സാധാരണക്കാരുടെയും വഖഫുകളില്‍ വലിയൊരു ഭാഗം ദീനി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ്‌. കാലാനുസൃതമാറ്റങ്ങളും പരിഷ്‌കരണങ്ങളും ഏറെക്കുറെ ഉള്‍ക്കൊണ്ടാണ്‌ ഈ രംഗം മുമ്പോട്ട്‌ പോയത്‌. കേരള മുസ്‌ലിം സമൂഹത്തിന്റെ ഇസ്‌ലാമികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകണവും ഇതുവഴി നിര്‍വഹിച്ചു വന്നിട്ടുണ്ട്‌.എന്നാല്‍ പുതിയ കാലത്ത്‌ അറിവിന്റെ ആരവങ്ങള്‍ക്ക്‌ മുമ്പില്‍ അന്തിച്ചുനില്‍ക്കുകയാണ്‌ പല ദീനീകലാലയങ്ങളും. വിദ്യാഭ്യാസ രംഗത്ത്‌ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതാണ്‌ വസ്‌തുത. പൊതുവിദ്യാഭ്യാസരംഗത്ത്‌ ഉള്ളടക്കത്തിലും അവതരണത്തിലും (Content and Presentation) രൂപപ്പെട്ട കാലികമായ വികാസങ്ങളോട്‌ ചേര്‍ന്ന്‌ നില്‍ക്കാന്‍ കഴിയാതെ പോയതാണ്‌ ദീനി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നം.
പൊതു വിദ്യാഭ്യാസം സെമസ്റ്റര്‍ സിസ്റ്റത്തിലേക്ക്‌ മാറിയപ്പോഴും വര്‍ഷാന്ത എഴുത്തു പരീക്ഷയിലാണ്‌ ദീനി സ്ഥാപനങ്ങള്‍ എന്നത്‌ ഉദാഹരണം മാത്രം. അസൈന്‍മെന്റ്‌, സെമിനാര്‍, പ്രൊജക്‌ട്‌ വര്‍ക്കുകള്‍ തുടങ്ങി വ്യത്യസ്‌ത രീതികളില്‍ പഠിതാവിന്റെ ബഹുമുഖ ശേഷികള്‍ നിരന്തരമായി പരിശോധിക്കപ്പെടുന്നതാണ്‌ പുതിയ അധ്യയനരംഗം. എന്നാല്‍ പരമ്പരാഗത രീതിയിലെ പഠനാവതരണങ്ങളും വിലയിരുത്തലുകളുമാണ്‌ ഇസ്‌ലാമിക കോഴ്‌സുകളില്‍ തുടര്‍ന്നുവരുന്നത്‌. സിലബസ്‌, കരിക്കുലം മേഖലകളിലെ ഈ നിശ്ചലാവസ്ഥ പഠിതാക്കളെയും രക്ഷിതാക്കളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്‌. സ്ഥാപനാധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികളെ ലഭിക്കാതെ അസ്വസ്ഥരാവേണ്ടി വന്നതിന്റെ സാഹചര്യവും ഇതാണ്‌.
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ വരുന്നില്ലെന്നും, യോഗ്യരായ പണ്ഡിതര്‍ സൃഷ്‌ടിക്കപ്പെടുന്നില്ലെന്നുമുള്ള വേവലാതി ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച്‌ പൊതുവെയുണ്ട്‌. തുറന്ന ചര്‍ച്ചകളും, കരുതിവെപ്പില്ലാത്ത വിലയിരുത്തലുകളും നടന്നെങ്കിലേ യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ മര്‍മ്മം തൊട്ടു മുമ്പോട്ടു പോവാന്‍ സാധിക്കുകയുള്ളൂ. കൃത്യമായി ലക്ഷ്യം നിര്‍ണയിച്ച്‌ പ്രശ്‌നങ്ങള്‍ ഇഴപിരിച്ച്‌ പരിശോധിച്ച്‌ പരിഹാരം കണ്ടെത്തി മുമ്പോട്ട്‌ പോവണം.
കാഴ്‌ചപ്പാടുകള്‍ മാറണം
ജീവിതം അടിമുടി മാറിക്കഴിഞ്ഞ ഒരു സാമൂഹിക സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ മനോഭാവം മാത്രം മാറിക്കൂടാ എന്ന്‌ കരുതുന്നത്‌ ന്യായമല്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേതരം വിദ്യാഭ്യാസം എന്ന പരമ്പരാഗത കാഴ്‌ചപ്പാടിനെയും നാം പൊളിച്ചു പണിയണം. 10-ാംതരം കഴിഞ്ഞ്‌ ദീനീ സ്ഥാപനങ്ങളില്‍ വന്നു ചേരുന്ന എല്ലാവരും മഹാപണ്ഡിതന്മാരായിത്തീരുമെന്ന ധാരണ തിരുത്തണം. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച്‌ പഠനമേഖല തെരഞ്ഞെടുക്കാന്‍ കഴിയുന്ന സാഹചര്യം സാവകാശമെങ്കിലും മതകലാലയങ്ങളില്‍ ഉണ്ടായിത്തീരണം.
പുതിയസാമൂഹിക ഘടനയും, സാഹചര്യവും പരിഗണിച്ചാല്‍ വിവിധ രംഗങ്ങളില്‍ ഇസ്‌ലാമിക ജീവിതത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന പൗരസമൂഹത്തെ സൃഷ്‌ടിക്കുന്നതിനായിരിക്കണം നമ്മുടെ മുഖ്യ പരിഗണന. തന്റെ അഭിരുചിക്കനുസരിച്ച തൊഴില്‍ മേഖലയെ മുമ്പില്‍കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസമാണ്‌ ഏത്‌ വിദ്യാര്‍ത്ഥിയും തെരഞ്ഞെടുക്കുന്നത്‌. ഭാവിയില്‍ ഒരാള്‍ ജീവിക്കുന്ന തൊഴില്‍ മേഖലയില്‍ ഇസ്‌ലാം പ്രാക്‌ടീസ്‌ ചെയ്യാനും, ദൈവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും കഴിയുന്ന പൗരനെയാണ്‌ ഇസ്‌ലാമിക കലാലയങ്ങള്‍ സൃഷ്‌ടിക്കേണ്ടത്‌. മീഡിയാരംഗം വേണമെങ്കില്‍ ഉദാഹരണമായെടുക്കാം. മീഡിയകളാണ്‌ സമൂഹജീവിതത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടങ്ങളിലൊന്ന്‌. വ്യക്തികളുടെ ജീവിതത്തെക്കുറിച്ച മനോഭാവത്തെപ്പോലും ഗുണപരമായോ, പ്രതിലോമപരമായോ മാറ്റുന്നതില്‍ അവയ്‌ക്ക്‌ വലിയ പങ്കുണ്ട്‌. ഈ ചുറ്റുപാടില്‍ പ്രിന്റ്‌ മീഡിയയിലോ, വിഷ്വല്‍ മീഡിയയിലോ ഇടപെടാന്‍ കഴിയുന്ന ജേര്‍ണലിസ്റ്റുകള്‍ക്ക്‌ ജന്മം നല്‍കുന്നത്‌ ദീനി സ്ഥാപനങ്ങളുടെ ചുമതലയിലായിമാറും. വാര്‍ത്തകളിലും വിശകലനങ്ങളിലും സത്യവും നന്മയും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിബദ്ധതയുള്ളവരാവും അവര്‍. ലോകത്തെ നേരിന്റെ കണ്ണ്‌ തുറന്ന്‌ കാണാന്‍ അവര്‍ക്ക്‌ കഴിയും. ഡോക്‌ടറും, എഞ്ചിനീയറും, മാനേജ്‌മെന്റ്‌ വിദഗ്‌ധരുമെല്ലാം ഈ പൊതുതത്വത്തില്‍ ഉള്‍പ്പെടും. മതപ്രഭാഷകരും, മുദര്‍രിസും, മുഫ്‌തിയും സൃഷ്‌ടിക്കപ്പെട്ടെങ്കിലേ ദീനീ വിദ്യാലയങ്ങള്‍ ലക്ഷ്യം നേടൂ എന്ന ധാരണ പൂര്‍ണമായും ശരിയല്ല. നടപ്പുശീലങ്ങളുടെ മാറ്റം എളുപ്പം സാധ്യമാവുന്ന ലക്ഷ്യമല്ല. പക്ഷേ നമ്മുടെ വിദ്യഭ്യാസ സങ്കല്‍പം സാവകാശമെങ്കിലും ആനിലയിലേക്ക്‌ മാറണം.
നിലവിലുള്ള സ്ഥാപനങ്ങള്‍
അടിയന്തിര മാറ്റം സംഭവിക്കേണ്ടത്‌ നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ്‌. സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മുതല്‍ അധ്യയന, അധ്യാപന രീതികള്‍വരെ പരിഷ്‌കരണവിധേയമാവാതെ പുതിയ ഒരു മാറ്റവും മുന്നേറ്റവും സാധ്യമാവുകയില്ല. അനാകര്‍ഷകമായ കാമ്പസും, സൗകര്യങ്ങളില്ലാത്ത ക്ലാസ്‌റൂമും, വൃത്തിയില്ലാത്ത അനുബന്ധ സൗകര്യങ്ങളും നമ്മുടെ സ്ഥാപനങ്ങളുടെ പൊതുസ്വഭാവമാണെന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ചില അപവാദങ്ങള്‍ ഉണ്ടാവുമെന്നുമാത്രം.
പൊതുവായി സമൂഹത്തിലുണ്ടായിട്ടുള്ള ജീവിത സൗകര്യങ്ങള്‍ക്കനുസരിച്ച മാറ്റം കാമ്പസുകളിലും ക്ലാസ്‌റൂമിലുമുണ്ടാവണം. അല്ലാത്ത പക്ഷം എപ്പോഴും അസംതൃപ്‌തരായവിദ്യാര്‍ത്ഥികളെയാണ്‌ നാം അഭിമുഖീകരിക്കേണ്ടിവരിക. ഒരു തരം നിഷേധാത്മകതയാണ്‌ അവരിലുണ്ടാവുക. പോസിറ്റീവ്‌ ചിന്തയും കാഴ്‌ചപ്പാടുമുള്ള ഒരു തലമുറയായി ഇവരെ രൂപപ്പെടുത്തുക ഏറെ ശ്രമകരമായിരിക്കും. അധ്യാപന രീതിയിലും കാതലായ മാറ്റങ്ങളുണ്ടാവണം. പൂര്‍ണമായോ, ഭാഗീകമായോ ഡിജിറ്റല്‍ ക്ലാസ്‌റൂമുകളില്‍ ജീവിച്ചുവന്ന വിദ്യാര്‍ത്ഥിക്ക്‌ പുരാതനവും പരമ്പരാഗതവുമായ പഠനരീതികളോട്‌ പൊരുത്തപ്പെടാനാവില്ല. അവരനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളെ ശമിപ്പിക്കാന്‍ ഉപദേശങ്ങള്‍ മാത്രം മതിയാവുകയുമില്ല. ആധുനികതയെയും പിന്നീട്‌ ഉത്തരാധുനികതയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഖുര്‍ആനികാശയങ്ങളെ മനം മുടുപ്പിക്കുന്ന പാരമ്പര്യ രീതിയനുസരിച്ച്‌ പഠിപ്പിച്ചാല്‍ ബുദ്ധിശാലിയായ ഒരു വിദ്യാര്‍ത്ഥിയില്‍ അത്‌ സൃഷ്‌ടിക്കുന്ന പ്രതികരണമെന്തായിരിക്കുമെന്ന്‌ ആലോചിക്കാവുന്നതേയുള്ളൂ. സാങ്കേതിക വിദ്യയുടെ വലിയ സാധ്യതകളെ ചെറിയ അളവിലെങ്കിലും പ്രയോജനപ്പെടുത്താതെ പറ്റില്ല. പുതിയ ചിന്തയും ശീലങ്ങളുമുള്ള ഒരു തലമുറയെ ദീനീ വിദ്യാഭ്യാസത്തോട്‌ ചേര്‍ത്ത്‌ നിര്‍ത്താന്‍ പഴയ ശാഠ്യങ്ങള്‍ മാത്രം മതിയാവില്ല.
ക്ലാസ്‌മുറിയില്‍ വരേണ്ട മാറ്റം ആദ്യമായുണ്ടാവേണ്ടത്‌ അധ്യാപകരിലാണ്‌. പുതിയ ലോകത്തിന്റെ പ്രവണതകളെയും സങ്കീര്‍ണമായ കൗമാര പ്രശ്‌നങ്ങളെയും സഹിഷ്‌ണുതയോടെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക്‌ കഴിയണം. പഴമയുടെ മഹത്വം പറയാം, പക്ഷെ ഇളം തലമുറയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും കെടുത്തിക്കളയരുത്‌. വിദ്യാര്‍ത്ഥികളുടെ മനഃശാസ്‌ത്രത്തെക്കുറിച്ചും, അധ്യാപനരീതികളെക്കുറിച്ചും അധ്യാപകര്‍ ബോധവാന്മാരാകണം. നിരന്തരമായ പരിശീലനത്തിലൂടെ മാത്രമെ ഇത്‌ സാധ്യമാവുകയുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍ അധ്യാപകരുടെ മനോഭാവത്തിലും, അധ്യാപനക്രമത്തിലും സാരമായ മാറ്റങ്ങളുണ്ടാവണം. ദൈനംദിനാവശ്യങ്ങള്‍ സാമാന്യം തൃപ്‌തികരമായ നിലയില്‍ നിര്‍വഹിക്കാന്‍ പര്യാപ്‌തമായ വേതനം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാവണം. സ്ഥാപനമാനേജ്‌മെന്റുകള്‍ പ്രധാനവിഷയമായിത്തന്നെ ഇത്‌ കാണണം. ഏത്‌ തരം പരിഷ്‌കരണങ്ങളും ലക്ഷ്യത്തിലെത്താന്‍ അനിവാര്യമായ ഘടമാണിത്‌.
നിര്‍ദേശങ്ങള്‍
1. ഇസ്‌ലാമിക കലാലയങ്ങളെ രണ്ട്‌ വിഭാഗമായി തിരിക്കണം.
എ) ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതരെ വളര്‍ത്തിയെടുക്കാനുള്ള സ്ഥാപനം. ഒരു സംഘടനക്കു കീഴില്‍ ഇത്തരം ഒരു സ്ഥാപനമേ ആവശ്യമുള്ളൂ. മാനേജ്‌മെന്റ്‌, കൗണ്‍സലിംഗ്‌ തുടങ്ങിയ ആധുനിക വിഷയങ്ങളില്‍കൂടി സാമാന്യപരിജ്ഞാനം നേടിയവരായിരിക്കണം ഈ പണ്ഡിതന്മാര്‍. ആവശ്യവും സാധ്യതയുമനുസരിച്ചുള്ള കരിക്കുലവും സിലബസ്സും തയ്യാറാക്കണം. പുതിയ പുസ്‌തകങ്ങള്‍ കണ്ടെത്തുകയോ, ആവശ്യമെങ്കില്‍ പുതിയ രചനകള്‍ നടത്തുകയോ വേണം.
ബി) സാമാന്യ ദീനി പരിജ്ഞാനവും, ഇസ്‌ലാമിക ആഭിമുഖ്യവുമുള്ള തലമുറയെ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സ്ഥാപനങ്ങള്‍. ഇത്തരം വിദ്യാഭ്യാസത്തിന്‌ ഉദ്‌ഗ്രഥിത പഠന രീതി നടപ്പാക്കാവുന്നതാണ്‌. (Integrated Learning Approach) ഏതെങ്കിലും ഒരു പ്രത്യേക പുസ്‌തകം പഠിപ്പിക്കുന്നതിന്‌ പകരം വിഷയാധിഷ്‌ഠിതമായി ഖുര്‍ആനും ഹദീസും മറ്റ്‌ വിജ്ഞാനശാഖകളും ഒരുമിച്ച്‌ പഠിപ്പിക്കുന്ന രീതിയായിരിക്കും ഇത്‌.
2. സെമസ്റ്റര്‍ സിസ്റ്റം നടപ്പിലാക്കണം.
3. പഠിതാക്കള്‍ക്ക്‌ അസൈന്‍മെന്റും പ്രൊജക്‌ട്‌ വര്‍ക്കുകളും ഉണ്ടാവണം. സെമിനാറുകള്‍ പഠന പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമാവണം.
4. അധ്യാപകര്‍ക്ക്‌ ട്രൈനിംഗ്‌ പരിപാടികള്‍ നിരന്തരമായി നടക്കണം.
പുതിയ കാഴ്‌ചപ്പാടുകള്‍ സ്വീകരിച്ചും, സ്ഥാപനങ്ങളില്‍ നവീകരണം നടത്തിയും മുമ്പോട്ട്‌ പോയാല്‍ ദീനീ കലാലയങ്ങള്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല -തീര്‍ച്ച
(അസി. അമീര്‍ ജമാഅത്തെ ഇസ്‌ലാമി കേരള)
mksivapuram@gmail.com

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: