കാലം, കാലത്തിനൊപ്പം കാലത്തിനൊത്ത്‌

  • Posted by Sanveer Ittoli
  • at 9:39 AM -
  • 0 comments
കാലം, കാലത്തിനൊപ്പം കാലത്തിനൊത്ത്‌

വേനല്‍ക്കാലം, മഴക്കാലം, മാമ്പഴക്കാലം, കുട്ടിക്കാലം, ആയുഷ്‌ക്കാലം എന്നിങ്ങനെ ഹ്രസ്വമോ ദീര്‍ഘമോ ആയ ഒരു നിശ്ചിത സമയപരിധിക്ക്‌ കാലം എന്നു പറയപ്പെടുന്നു. അതുപോലെ ആദ്യവും അന്ത്യവുമില്ലാതെ നീണ്ടുകിടക്കുന്ന ഭൂത വര്‍ത്തമാന ഭാവി കാലങ്ങളെ കുറിക്കാനും കാലമെന്ന പദം പ്രയോഗിക്കപ്പെടുന്നു.
പ്രപഞ്ചം വ്യവസ്ഥാപിതമാക്കപ്പെട്ട ശേഷം മാത്രമേ സ്ഥലകാല സങ്കല്‍പം സാധിതമായിട്ടുള്ളൂ. വര്‍ത്തമാനം മാത്രമേ നമ്മുടെ അരികിലുള്ളൂ. ഭൂതം കടന്നുപോയി ചരിത്രത്തിന്റെ ഭാഗമായി. നമുക്ക്‌ ഒരു പ്രവേശനവുമില്ലാത്ത, പ്രവചിക്കാന്‍ പോലും കഴിയാത്ത അനന്തപ്രഹേളികയാണ്‌ ഭാവി. ത്രികാല ജ്ഞാനിയായ അല്ലാഹു മാത്രം കാലമെന്ന സങ്കല്‍പത്തിന്നപ്പുറത്ത്‌ നിലകൊള്ളുന്നു. വിശുദ്ധ ഖുര്‍ആനില്‍ കാലം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന രണ്ട്‌ അധ്യായങ്ങള്‍ ഉണ്ട്‌. സൂറത്തുദ്ദഹ്‌ര്‍, സൂറത്തുല്‍ അസ്വ്‌ര്‍ എന്നിവ. കാലത്തിന്റെ അംശങ്ങളായ പ്രഭാതം, പൂര്‍വാഹ്‌നം, മധ്യാഹ്‌നം, അപരാഹ്‌നം, സായാഹ്‌നം, സന്ധ്യ, രാവ്‌, പകല്‍ തുടങ്ങിയവയെപ്പറ്റിയും ചിന്തിക്കാന്‍ ഖുര്‍ആനില്‍ പ്രേരണകള്‍ കാണാം.
അനന്തമായി നീണ്ടുകിടക്കുന്ന കാലമെന്ന സങ്കല്‍പത്തിനുള്ളില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു. മനുഷ്യ വാസമുണ്ടായ ശേഷമുള്ള ഭൂമിയുടെ ചരിത്രം, നാമോരോരുത്തരുടെയും ജീവിതകാലം, നമുക്കു ശേഷം ഈ ലോകത്തിന്റെ അവസ്ഥ, ലോകത്തിനു തന്നെ നാശം സംഭവിച്ചു കഴിഞ്ഞ ശേഷമുള്ള സ്ഥിരാവസ്ഥ അഥവാ പരലോകം, ഇതിനെപ്പറ്റിയെല്ലാം ആലോചിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ഈ ആലോചന മനുഷ്യര്‍ക്ക്‌ മാത്രമേ സാധിക്കുകയുള്ളൂതാനും. കഴിഞ്ഞുപോയ കാലത്തെ മനുഷ്യരുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുതരുന്നു. `മനുഷ്യന്‌' മുമ്പത്തെ സ്ഥിതിയിലേക്കും ഖുര്‍ആന്‍ സൂചന നല്‍കുന്നു. ഓരോ മനുഷ്യന്റെയും അവശേഷിക്കുന്ന ഭാവി നന്നാക്കിത്തീര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നു. അതാണ്‌ അനശ്വരഭാവിക്ക്‌ അഭികാമ്യം എന്ന്‌ മുന്നറിയിപ്പ്‌ തരുന്നു. ഈ വക കാര്യങ്ങള്‍ ഗൗനിക്കാതെ അശ്രദ്ധമായി ജീവിതം തുലച്ചാല്‍ അനശ്വരഭാവി അപകടത്തിലാണെന്ന്‌ താക്കീതു നല്‍കുന്നു. (കാലത്തെ യുഗങ്ങളായി തിരിച്ച്‌ ദ്വാവരയുഗം, ത്രേതായുഗം, കലിയുഗം എന്നിങ്ങനെയുള്ള ഹൈന്ദവ സങ്കല്‍പങ്ങള്‍ ഓര്‍ക്കുക). മനുഷ്യലോകത്തിന്റെ അവസാന കാലമാണിതെന്ന്‌ ഖുര്‍ആനും നബിചര്യയും സൂചിപ്പിക്കുന്നുണ്ട്‌.
മനുഷ്യരുടെ ഏതുതരം ചിന്തകളും തങ്ങളുടെ മാത്രം കാലഘട്ടത്തിലൊതുങ്ങുന്നു. പില്‍ക്കാലത്തേക്കാവശ്യമായ വെളിച്ചം അതിലുണ്ടാകാമെങ്കിലും തന്റെ കാലഘട്ടത്തിന്റെ പരിമിതിയുള്ള മനുഷ്യാവിഷ്‌കാരങ്ങള്‍ക്ക്‌ അടുത്ത തലമുറയുടെ ടിപ്പണിയും കൂടി വേണം. അത്‌ വീണ്ടും അടുത്ത തലമുറയിലേക്ക്‌ കൈമാറുന്നു; പുതുക്കാന്‍ വേണ്ടി. അതാണ്‌ ശാസ്‌ത്രം. മുന്‍ഗാമികളുടെ അബദ്ധങ്ങള്‍ തിരുത്തുന്നു. സുബദ്ധങ്ങള്‍ സുദൃഢമാക്കി മുന്നോട്ടു നീങ്ങുന്നു. അതാണ്‌ മനുഷ്യ പുരോഗതിയുടെ നിദാനം. എന്നാല്‍ കാലത്തിന്റെയും സമയത്തിന്റെയും സ്രഷ്‌ടാവായ ദൈവത്തിന്റെ വചനങ്ങളാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത്‌ മനുഷ്യകുലത്തിന്‌ വഴികാട്ടിയാണ്‌. അത്‌ കാലത്തിനൊപ്പം നീങ്ങുന്നു. മാറ്റമില്ലാതെ. അഥവാ ഖുര്‍ആനിക സിദ്ധാന്തങ്ങള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ദൈവപ്രോക്തമല്ലെങ്കില്‍ -അഥവാ മനുഷ്യവചനങ്ങളെങ്കില്‍- കാലത്തോടുള്ള അതിജീവനം അസാധ്യം. വിശുദ്ധ ഖുര്‍ആനിന്റെ മൗലിക തത്വങ്ങള്‍ മുറുകെപിടിച്ച്‌ മാത്രമേ ജീവിക്കാവൂ എന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. എന്നാല്‍ അത്‌ ഒരുതരം മതമൗലികവാദമായി ചിത്രീകരിക്കപ്പെടുന്നു. ഈ പരിഷ്‌കൃത യുഗത്തിലെ മനുഷ്യരെ ആറാം നൂറ്റാണ്ടിലെ സംസ്‌കൃതിയിലേക്ക്‌ പിടിച്ചുവലിക്കുകയാണെന്ന്‌ ആരോപിക്കപ്പെടുന്നു.
ഈ സാഹചര്യത്തില്‍ വസ്‌തുതകള്‍ വ്യക്തമായി വിലയിരുത്തപ്പെടേണ്ടതുണ്ട്‌. കാലത്തിന്റെ വിവിധ ദശാസന്ധികളില്‍ മനുഷ്യര്‍ക്ക്‌ വിശ്വാസവും മൂല്യബോധവും നല്‍കാനായി കാലത്തിന്റെ സ്രഷ്‌ടാവ്‌ ദൂതന്മാരെ നിയോഗിച്ചുകൊണ്ടിരിക്കുന്നു. അവരില്‍ പലര്‍ക്കും വേദഗ്രന്ഥങ്ങളും നല്‍കി. അതിലൊരു കണ്ണിയായിട്ടാണ്‌ -ഇങ്ങേ അറ്റത്തെ കണ്ണി- വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്‌. അന്നു മുതല്‍ മനുഷ്യര്‍ നിലനില്‍ക്കുന്ന കാലത്തോളം മതിയായ നിയമസംഹിതയായിട്ടാണ്‌ ഖുര്‍ആനിന്റെ അവതരണം. അത്രയും ദീര്‍ഘകാലത്തേക്ക്‌ ഒരു തത്വമോ നിയമമോ ഉണ്ടാക്കാന്‍ മനുഷ്യന്‌ സാധ്യമല്ല. യുഗപ്പകര്‍ച്ചയ്‌ക്കു വിധേയമാകാത്ത മൂല്യങ്ങളുടെ സമാഹാരമായ അമൂല്യഗ്രന്ഥമത്രെ ഖുര്‍ആന്‍. കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന്റെ ബാഹ്യതലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കാലത്തിനൊത്തു മാറാത്ത വിശ്വാസവും മൂല്യങ്ങളുമാണതിന്റെ ഉള്ളടക്കം. അതുകൊണ്ടു തന്നെ അത്‌ കാലത്തിനൊപ്പം നിത്യനൂതനമായി സഞ്ചരിക്കുന്നു.
സ്രഷ്‌ടാവിനെ മനസ്സിലാക്കി ആരാധിക്കുക, അവന്റെ അപാരമായ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി ചെയ്യുക എന്നുള്ള കാര്യത്തിന്‌ കാലപ്പഴക്കത്തിന്റെ പ്രശ്‌നമില്ല. സ്രഷ്‌ടാവും സൃഷ്‌ടിപ്പും തമ്മിലുള്ള ബന്ധത്തിന്‌ പഴമയും പുതുമയുമില്ല. പിന്നെയുള്ളത്‌ സൃഷ്‌ടികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അഥവാ മാനവികതയുടെ മൂല്യങ്ങളാണ്‌. ഇതര ജന്തുക്കളില്‍ നിന്ന്‌ വ്യതിരിക്തനായി മനുഷ്യന്‍ കുടുംബമായി വീടുണ്ടാക്കി അതില്‍ പാര്‍ക്കുന്നു. വീട്‌ എന്ന ബാഹ്യകവചത്തിന്‌ യുഗാന്തരങ്ങളിലൂടെ വന്നുചേര്‍ന്ന മാറ്റങ്ങള്‍ വിവരണാതീതമാണ്‌. എന്നാല്‍ ആ വീടിനകത്ത്‌ കഴിഞ്ഞുകൂടുന്ന കുടുംബമെന്ന `സ്ഥാപന'ത്തിനും അതിലെ ബന്ധുക്കള്‍ക്കും ഒരു മാറ്റവുമില്ല. അമ്മ, അച്ഛന്‍, മക്കള്‍, സഹോദരങ്ങള്‍.... ഈ ബന്ധങ്ങള്‍ കാലത്തിനൊപ്പം മാറ്റമില്ലാതെ നില്‍ക്കുന്നു. വീടെന്ന കെട്ടിടത്തിന്റെ കാര്യത്തിലല്ല, വീട്ടിനകത്തെ ബന്ധങ്ങളുടെ കാര്യത്തിലാണ്‌ വേദഗ്രന്ഥങ്ങള്‍ -വിശുദ്ധ ഖുര്‍ആന്‍ വിശേഷിച്ചും- ബന്ധപ്പെടുന്നത്‌. അത്‌ അന്നും ഇന്നും എന്നും ഒന്നുതന്നെ.
അതിനിടയില്‍ അത്യത്ഭുതകരമായ മറ്റൊരു കാര്യവും കൂടിയുണ്ട്‌. മനുഷ്യനെന്ന വലിയ സൃഷ്‌ടിയുടെ രഹസ്യങ്ങളിലേക്കുള്ള ചൂണ്ടുപലകയാണത്‌. ബീജം -ഭ്രൂണം- ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങള്‍- വളര്‍ച്ചയെത്തിയ ശിശു- ജനനം വരെയുള്ള ഇക്കാര്യങ്ങളില്‍ പതിനാല്‌ നൂറ്റാണ്ട്‌ മുമ്പത്തെ മനുഷ്യജ്ഞാനം പൂജ്യമാണ്‌. എന്നാല്‍ അന്ന്‌ ഖുര്‍ആന്‍ പറഞ്ഞത്‌, ഈ അത്യന്താധുനിക യുഗത്തില്‍ നാം തിരിച്ചറിയുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്ന, ഇനിയും മാറ്റമില്ലാതെ തുടരുമെന്നുറപ്പുള്ള ഈ വിവരം തേടിപ്പിടിച്ച ഭ്രൂണശാസ്‌ത്രത്തിന്റെ വക്താവ്‌ വിശുദ്ധ ഖുര്‍ആനിന്റെ അനുയായിയായി മാറിയ വര്‍ത്തമാനകാല വസ്‌തുത ഈ തിരിച്ചറിവിന്റെ ലക്ഷണമാണ്‌.
ചരിത്രത്തിലെവിടെയും ഇടംപിടിച്ചിട്ടില്ലാത്ത, ചരിത്രാതീത കാലത്തെ ഒരു സംഭവം. ഒന്നാം തലമുറയിലെ ഒരു മനുഷ്യക്കൊലപാതകം ഖുര്‍ആന്‍ വിവരിക്കുന്നു. മനുഷ്യന്റെ ദുഷ്‌ടതയുടെ പ്രതീകമായ ആ കൊലയിലെ അധര്‍മവും മൂല്യച്യുതിയും ഇന്നും മനുഷ്യന്‌ പാഠമായി നിലകൊള്ളുന്നു. കൊലപാതകത്തിന്റെ രൂപത്തില്‍ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. നന്മകളിലെ മൂല്യങ്ങളും തിന്മകളിലെ അധാര്‍മികതയും കാലപ്പഴക്കമേല്‍ക്കാതെ നിലനില്‍ക്കുന്നു. അതാണ്‌ മതമൂല്യങ്ങള്‍. വേദാധ്യാപനങ്ങള്‍. അവയ്‌ക്ക്‌ ആറാം നൂറ്റാണ്ടും ഇരിപത്തിയൊന്നാം നൂറ്റാണ്ടും തുല്യം. അതുകൊണ്ടാണ്‌ വിശുദ്ധ ഖുര്‍ആന്‍ നിത്യപ്രസക്തമാണെന്ന്‌ പറയുകയും അതിന്റെ മൗലികത കൈവെടിയാതെ നീങ്ങുകയും ചെയ്യുന്നത്‌.
കാലത്തിനൊത്ത്‌ കോലം കെട്ടുക എന്നൊരു ചൊല്ലുണ്ടല്ലോ. അത്‌ അന്വര്‍ഥമാക്കി മൂല്യനിരാസത്തില്‍ ആധുനികത കണ്ടെത്തുന്നവര്‍ക്ക്‌ യഥാര്‍ഥ മൂല്യങ്ങളുടെ കാര്യത്തില്‍ ഉത്തരമില്ലാത്ത അവസ്ഥയാണ്‌. ഉദാഹരണത്തിന്‌ സദാചാരമെന്ന നിലയില്‍ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നത്‌ പഴഞ്ചനാണെന്ന്‌ വാദിക്കുന്നവര്‍ ചെന്നെത്തി നില്‍ക്കുന്നത്‌ ഉദാര ലൈംഗികതയുടെ ആത്മഹത്യാ മുനമ്പിലാണ്‌. വിവാഹവും ദാമ്പത്യവും ധാര്‍മികതയും, വിവാഹേതര ലൈംഗിക ബന്ധം അധാര്‍മികതയുമായി കാണുന്ന മതമൂല്യങ്ങളെ വിശിഷ്യാ ഇസ്‌ലാമിക മൂല്യങ്ങളെ തള്ളിക്കളഞ്ഞ സമൂഹത്തിന്‌ കാലം സമ്മാനിച്ച പാരിതോഷികം, പ്രകൃതി നല്‍കിയ പ്രതിരോധശേഷിയുടെ പൂര്‍ണമായ പതനമായിരുന്നു; എയ്‌ഡ്‌സ്‌. നിര്‍ദേശിക്കപ്പെട്ട ഏക പരിഹാരം ലൈംഗിക വിശുദ്ധി! കാലത്തിനപ്പുറത്തു നിന്നു വന്ന ദൈവപ്രോക്തമായ സദാചാര മര്യാദ. കാലത്തിന്റെ ഭാഗമായി കാലാവശേഷമാകുന്നതിനു മുമ്പ്‌ ആലോചിക്കുക; ഗാഢമായി. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: