`പീസ്‌' ലക്ഷ്യബോധത്തോടെ മുന്നോട്ട്‌

  • Posted by Sanveer Ittoli
  • at 9:47 AM -
  • 0 comments
`പീസ്‌' ലക്ഷ്യബോധത്തോടെ മുന്നോട്ട്‌

വിശേഷം -
ഡോ. ലബീദ്‌ നാലകത്ത്‌
വിദ്യാഭ്യാസം കേവലം ബിരുദസമ്പാദനം മാത്രമല്ല, ജീവിതവിജയത്തിനുള്ള വഴി കൂടിയാണ്‌. വിജ്ഞാന സമ്പാദനത്തിന്‌ അതിരുകളില്ലെങ്കിലും ലക്ഷ്യബോധമില്ലാതെ മുന്നോട്ട്‌ പോയിട്ട്‌ കാര്യമില്ല. കൃത്യമായ ആസൂത്രണത്തോടെ പഠനമേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ മാത്രമേ ലക്ഷ്യപ്രാപ്‌തിയുണ്ടാകൂ. ഈ തെരഞ്ഞെടുപ്പാകട്ടെ ഉന്നത വിദ്യാഭ്യാസത്തിലേക്ക്‌ കടക്കുന്നതിനു മുമ്പ്‌ തന്നെ വേണംതാനും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മാത്രം പരിഗണിച്ചാല്‍ പോരാ. 
തൊഴിലില്‍ നിന്നും പ്രതീക്ഷിക്കുന്ന വരുമാനം, സാമൂഹിക സാഹചര്യങ്ങള്‍, പഠനച്ചെലവ്‌ അങ്ങനെ പല ഘടകങ്ങളും കണക്കിലെടുക്കണം. തൊഴിലന്വേഷകര്‍ക്ക്‌ ഏറെ പ്രതീക്ഷയ്‌ക്ക്‌ വകയുള്ള കാലഘട്ടമാണിത്‌. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഇടക്കാലത്തെ മറികടന്ന്‌ ധാരാളം പുതിയ നിയമനങ്ങള്‍ നടക്കുന്നുണ്ട്‌. എന്‍ജിനീയറിംഗ്‌, മാനേജ്‌മെന്റ്‌ രംഗത്ത്‌ പുത്തന്‍ അവസരങ്ങളാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ബാങ്കിംഗ്‌, ഫിനാന്‍സ്‌, അധ്യാപനം തുടങ്ങിയ മേഖലകളും പുരോഗതിയുടെ പാതയിലാണ്‌. സാമൂഹ്യശാസ്‌ത്രം, അടിസ്ഥാന ശാസ്‌ത്രം തുടങ്ങിയവയുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. പരമ്പരാഗത കോഴ്‌സുകള്‍ക്കെല്ലാം ചില പുതിയ യോഗ്യതകള്‍ കൂടി കൈവശമുണ്ടെങ്കില്‍ സാധ്യതകള്‍ പതിന്മടങ്ങ്‌ വര്‍ധിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.
ഇത്തരത്തില്‍ നൂതന സാധ്യതകള്‍ തുറന്നുകൊടുക്കുന്ന കോഴ്‌സുകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടുത്തുകയാണ്‌ ഈ വരുന്ന മാസങ്ങളില്‍ ഐ എസ്‌ എം നടത്താന്‍ പോകുന്ന പദ്ധതികള്‍. ഐ എസ്‌ എം സംസ്ഥാന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന `പീസ്‌' (പ്രോഗ്രാം ഫോര്‍ എജ്യുക്കേഷന്‍ ആന്റ്‌ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ്‌) ഇത്തവണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ച്‌ ക്യാമ്പുകളും പരിശീലനങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നു.
തൊഴില്‍ ഉറപ്പു നല്‌കുന്ന കോഴ്‌സുകള്‍, ദേശീയ തലത്തില്‍ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനുള്ള വഴികള്‍ എന്നിവയ്‌ക്കാണ്‌ ഈ ക്യാമ്പുകള്‍ ഊന്നല്‍ നല്‍കുക. സാമ്പത്തിക പ്രയാസം മൂലം ഇഷ്‌ടപ്പെട്ട വിഷയം പഠിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വിലപിക്കുന്ന പലരുമുണ്ട്‌. എന്നാല്‍ ഇത്തരക്കാരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സ്വകാര്യ സംരംഭകരും നിരവധി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സാധാരണക്കാരുടെ അജ്ഞത മൂലം ഇത്തരം സൗകര്യങ്ങള്‍ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല. ഇതിനുള്ള മാര്‍ഗദര്‍ശനവും പീസ്‌ ക്യാമ്പുകളില്‍ നടക്കും.
ദേശീയ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ നിശ്ചയിച്ച്‌ അതിനനുസരിച്ച്‌ പഠനം ആസൂത്രണം ചെയ്‌തു എന്നതാണ്‌ അവരുടെ വിജയ രഹസ്യം. ഈ മാതൃക നമ്മുടെ വിദ്യാര്‍ഥികളും പിന്തുടരേണ്ടതാണ്‌. അതിന്‌ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സഹായിക്കുക എന്നതാണ്‌ `പീസ്‌' ന്റെ ലക്ഷ്യം. മികവുറ്റ ജീവിത വിജയത്തിന്‌ ഈ ക്യാമ്പ്‌ മുതല്‍ക്കൂട്ടാവും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: