പെയ്‌ഡ്‌ ന്യൂസ്‌, അഴിമതി, സി ബി ഐ ജനാധിപത്യം

  • Posted by Sanveer Ittoli
  • at 7:36 AM -
  • 0 comments
പെയ്‌ഡ്‌ ന്യൂസ്‌, അഴിമതി, സി ബി ഐ ജനാധിപത്യം

സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) ഇന്ത്യക്കാരുടെ അഭിമാനമാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ പോലും മികവു പുലര്‍ത്തുന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ്‌ നമ്മുടെ സി ബി ഐ. നാടിനെ നടുക്കിയ പല കേസുകളും ഒരു തുമ്പും
കിട്ടാതെ ദശാബ്‌ദങ്ങള്‍ പിന്നിട്ടിട്ടും അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവന്ന സി ബി ഐ ഒരു സര്‍ക്കാര്‍ ഏജന്‍സിയാണ്‌. എന്നാല്‍ സര്‍ക്കാറിന്റെ കീഴിലുള്ള കേവലം എക്‌സിക്യൂട്ടീവിന്റെ ഭാഗമായ ഒരു ഓഫീസും ഉദ്യോഗസ്ഥരുമാണോ അതോ തെരഞ്ഞെടുപ്പു കമ്മീഷന്‍ പോലെ സ്വതന്ത്രാധികാരമുള്ള ഭരണഘടനാ സ്ഥാപനമാണോ, അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും ഗവണ്‍മെന്റിനു വിധേയമാണോ, ആണെങ്കില്‍ പിന്നെ സി ബി ഐ എന്തിന്‌, അല്ലെങ്കില്‍ സി ബി ഐ സൂപ്പര്‍ ഗവണ്‍മെന്റാണോ എന്നിത്യാദി ചര്‍ച്ചകളും കോലാഹലങ്ങളും നടക്കുകയാണ്‌ ഇന്ത്യയില്‍.
ഇതിനകം കുപ്രസിദ്ധമായിക്കഴിഞ്ഞ കല്‍ക്കരിപ്പാട ലേലം സംബന്ധിച്ച വിവാദങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനെയും മുന്‍ സര്‍ക്കാറുകളെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളെയും പ്രധാനമന്ത്രിയുടെ ഓഫീസിനെപ്പോലും കുരുക്കില്‍ പെടുത്തിയിരിക്കുകയാണ്‌. ഇതു സംബന്ധമായി സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട്‌ സുപ്രീംകോടതിയിലെത്തുന്നതിനു മുന്‍പായി ബന്ധപ്പെട്ട മന്ത്രാലയവും പി എം ഓഫീസും ചോദിച്ചുവാങ്ങി തിരുത്തിക്കൊടുത്തയച്ചു എന്നതാണ്‌ വിവാദവിഷയം. ഒന്നും സംഭവിച്ചിട്ടില്ലെന്നത്‌ അറ്റോര്‍ണി ജനറലിന്റെ സത്യവാങ്‌മൂലം. മന്ത്രാലയത്തില്‍ കാണിച്ചു എന്ന്‌ സി ബി ഐ. സുപ്രീംകോടതി പറയുന്നു, മന്ത്രാലയം സി ബി ഐ റിപ്പോര്‍ട്ടിന്റെ `ഹൃദയം മാറ്റിവെച്ചു'വെന്ന്‌. യജമാന ശബ്‌ദത്തില്‍ സംസാരിക്കുന്ന കൂട്ടിലെ തത്തയാണ്‌ സി ബി ഐ എന്ന ആക്ഷേപവും സുപ്രീംകോടതി നടത്തി. സര്‍ക്കാര്‍ ഇത്‌ നിഷേധിച്ചുമില്ല.
പ്രശ്‌നമെന്താണെന്നല്ലേ? കല്‍ക്കരിപ്പാടങ്ങള്‍ നല്‌കുന്ന കമ്പനികളെ കണ്ടെത്താന്‍ സുവ്യക്തമായ സംവിധാനമോ അംഗീകൃത മാനദണ്ഡങ്ങളോ ഉണ്ടായിരുന്നില്ല എന്ന ഗുരുതരമായ കാര്യമാണ്‌ അന്വേഷണ റിപ്പോര്‍ട്ടിന്റെ, മുറിച്ചുമാറ്റപ്പെട്ട ഹൃദയം! ഇന്ത്യാരാജ്യത്തിന്‌ ലക്ഷക്കണക്കിന്‌ കോടികള്‍ നഷ്‌ടപ്പെടുത്താന്‍ കാരണമായ ഈ പകല്‍ക്കൊള്ളയുടെ തുടര്‍ക്കഥ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്‌ത കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ പ്രതിക്കൂട്ടില്‍ കയറിനില്‌ക്കുന്നു; സുപ്രീം കോടതിയിലും ജനകീയ കോടതിയിലും. അധികാരം അലങ്കരമായും ആസ്‌തിക്കുള്ള ആയുധമായും കാണുന്ന കശ്‌മലന്മാരെ ജയിലിലേക്കയക്കുക എന്നതാണ്‌ യഥാര്‍ഥ പരിഹാരം. പക്ഷേ, പിടിച്ചുകെട്ടേണ്ട ചില ചങ്ങലയ്‌ക്കാണ്‌ ഭ്രാന്ത്‌!
ഇങ്ങു തെക്ക്‌, മറ്റൊരു ഇന്റലിജന്റ്‌സ്‌ ദുരന്തം! ഒരു പെയ്‌ഡ്‌ ന്യൂസ്‌ വിവാദം. കേരളവും തമിഴ്‌നാടും തമ്മില്‍ നടക്കുന്ന നദീജലത്തര്‍ക്ക വിഷയത്തില്‍ മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങള്‍ തമിഴ്‌നാടിന്‌ അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നും ആ വാര്‍ത്തകള്‍ `പെയ്‌ഡ്‌ ന്യൂസ്‌' ആയിരുന്നുവെന്നും ഇന്റലിജന്റ്‌സ്‌ മേധാവി ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്‌. തമിഴ്‌നാട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ കേരള തീരുമാനങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇയാള്‍ പത്രങ്ങളെ `വിലക്കെടുത്ത്‌' വാര്‍ത്തകള്‍ പടച്ചുവിടുന്നുവെന്നുമാണ്‌ റിപ്പോര്‍ട്ടിന്റെ ആകെത്തുക. സ്വാഭാവികമായും പത്രങ്ങള്‍ ചൊടിച്ചു. മീഡിയ കണ്‍മിഴിച്ചു. ജനാധിപത്യത്തിന്റെ ഫോര്‍ത്ത്‌ എസ്റ്റേറ്റാണ്‌ മീഡിയ. മാത്രമല്ല, അഴിമതികളുടെ അഴിഞ്ഞാട്ടത്തിന്‌ അരങ്ങും അണിയറയും ഒരുക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിനും ഭരണകര്‍ത്താക്കള്‍ക്കും ഒരിക്കലും മീഡിയയെ പിണക്കാന്‍ കഴിയില്ല. കാരണം മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും മീഡിയ.... മുഖ്യമന്ത്രി ഇടപെട്ടു. ചീഫ്‌ സെക്രട്ടറി അന്വേഷിച്ചു. റിപ്പോര്‍ട്ടു നല്‌കി. ``ഇല്ല, ഒരു പ്രശ്‌നവുമില്ല. ഒരു പത്രവും ഒരു ന്യൂസും `പെയ്‌ഡ്‌' ആക്കിയിട്ടില്ല.'' ക്ലീന്‍ചിറ്റ്‌! അപ്പോള്‍ ഇന്റലിജന്റ്‌സ്‌ പറഞ്ഞതോ? അതു സാരമില്ല. അവര്‍ക്കെതിരെ നടപടിയോ, അതുമില്ല. എല്ലാവര്‍ക്കും സമാധാനം. ജനങ്ങള്‍ക്കു മാത്രം ഒന്നും മനസ്സിലായില്ല.
സ്ഥാപിത താല്‍പര്യങ്ങള്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്നത്‌ അനിഷേധ്യം. സംസ്ഥാനാന്തര കരാറുണ്ടാക്കിയവര്‍, അത്‌ ചോര്‍ത്തി എന്നു പറയപ്പെട്ട ഉദ്യോഗസ്ഥന്‍, ന്യൂസ്‌ പടച്ചുവിട്ട പത്രങ്ങള്‍, ന്യൂസിന്‌ ഫീസ്‌ ഈടാക്കിയെന്ന്‌ പറഞ്ഞവര്‍, രണ്ടാമത്‌ അന്വേഷിച്ച ചീഫ്‌ സെക്രട്ടറി, അന്വേഷണത്തിന്‌ ഉത്തരവിടുകയും റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തി പത്രങ്ങളോട്‌ മാപ്പു ചോദിക്കുകയും ചെയ്‌ത മുഖ്യമന്ത്രി. ഇവരില്‍ ആരുടെ താല്‌പര്യമാണ്‌ സംരക്ഷിക്കപ്പെട്ടത്‌! ഇന്റലിജന്‍സിന്റെ മീതെയാണോ ചീഫ്‌ സെക്രട്ടറി? ഇന്റലിജന്‍സിന്റെ കണ്ടെത്തലുകള്‍ എല്ലാം മേലന്വേഷണം നടത്തപ്പെടുമോ? ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കുത്തക മാധ്യമങ്ങള്‍ക്കു പകരം സാധാരണ പൗരന്മാര്‍ക്കെതിരിലാണെങ്കിലോ?
മീഡിയയുടെ പെയ്‌ഡ്‌ ന്യൂസുകളും ന്യൂസിനു പകരം വ്യൂസ്‌ പടച്ചുവിടലും ഇഷ്‌ടമില്ലാത്തച്ചിക്ക്‌ തൊട്ടതെല്ലാം കുറ്റമായി ചാര്‍ത്തലും സമൂഹത്തില്‍ മികവു പുലര്‍ത്തുന്ന പലതും ബോധപൂര്‍വം തമസ്‌കരിക്കലും പത്ര/ചാനല്‍ മുതലാളിയുടെ താല്‌പര്യത്തിന്നനുസരിച്ച്‌ വാര്‍ത്തകള്‍ വളച്ചൊടിക്കലും എല്ലാം തന്നെ `വാര്‍ത്തകള്‍ക്കു പിന്നിലെ' യാഥാര്‍ഥ്യങ്ങളാണ്‌. ഓരോന്നിനും ഓരോ മീഡിയത്തിന്റെയും നിരവധി ഉദ്യോഗങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. എന്നാല്‍ സത്യസന്ധമായി ദൗത്യം നിര്‍വഹിക്കുകയും ജനാധിപത്യത്തിന്‌ കരുത്തേകുകയും സമൂഹത്തിന്‌ ഗുണാത്മക മാര്‍ഗദര്‍ശിയായി വര്‍ത്തിക്കുകയും അശരണര്‍ക്ക്‌ അത്താണിയാവുകയും ചെയ്യുന്ന മാതൃകാ പത്രപ്രവര്‍ത്തകരും ഉണ്ടെന്ന അനിഷേധ്യ യാഥാര്‍ഥ്യം വിസ്‌മരിക്കുന്നില്ല. അതിനും ഉദാഹരണങ്ങള്‍ ഏറെയുണ്ട്‌. ഏതായിരുന്നാലും അഴിമതിയുടെ ആഴക്കടലും കൈക്കൂലിയുടെ കൂത്തരങ്ങുമായ നമ്മുടെ നാട്ടില്‍ അവയെ തുറന്നുകാട്ടി സമൂഹത്തെയും ഭരിക്കുന്നവരെയും നേര്‍വഴിക്ക്‌ ദിശാബോധം നല്‌കേണ്ട മീഡിയ തന്നെ കൈക്കൂലി ആരോപണത്തിന്‌ വിധേയമായാലോ? ഇവിടെയും ചങ്ങലയ്‌ക്കു തന്നെയാണ്‌ ഭ്രാന്ത്‌! അത്‌ മീഡിയയോ ഇന്റലിജന്‍സോ മുഖ്യമന്ത്രിയോ സെക്രട്ടറിയോ എന്നതിലേ സംശയമുള്ളൂ.
`ഉദാരജനാധിപത്യം വാണരുളുന്ന നാട്ടില്‍ ഇതെല്ലാം ഇങ്ങനെയേ പോകൂ' എന്ന്‌ പലരും സമാശ്വാസത്തിനു വേണ്ടി പറയാറുണ്ട്‌. എന്നിരുന്നാലും ഉദാര ജനാധിപത്യത്തിന്‌ അതിന്റേതായ ശക്തിയുണ്ട്‌ എന്ന വ്യക്തമായ സന്ദേശമാണ്‌ മെയ്‌ 8-ന്‌ പുറത്തുവന്ന കര്‍ണാടക സംസ്ഥാന തെരഞ്ഞടുപ്പു ഫലം. കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബി ജെ പിയുമാണ്‌ രാഷ്‌ട്രീയ ട്രപ്പീസുകളിയില്‍ മുന്‍പന്തിയില്‍. ടുജി, കോമണ്‍വെല്‍ത്ത്‌, കല്‍ക്കരി, റെയില്‍വേ... അഴിമതികളുടെ റൂട്ട്‌ മാര്‍ച്ച്‌ മുമ്പില്‍ വെച്ച്‌ കളിക്കുന്ന കോണ്‍ഗ്രസിന്റെ പേരില്‍ പാര്‍ലമെന്റിനെ `വട്ടക്കെട്ടിടം' മാത്രമാക്കി മാറ്റുന്ന ബി ജെ പി എന്ന `ആദര്‍ശ പാര്‍ട്ടി', തെക്കെ ഇന്ത്യയില്‍ ആദ്യമായി കിട്ടിയ ഒരു സംസ്ഥാന ഭരണം കൊണ്ട്‌ കുരങ്ങുകളി നടത്തിയപ്പോള്‍ അവരെ തൂത്തെറിയാന്‍ സാധിച്ചത്‌ ജനാധിപത്യത്തിന്റെ മികവു തന്നെയാണ്‌.
വര്‍ഗീയതകള്‍ക്കെതിരെ മതേരതത്വത്തിനു മേല്‍ക്കൈ കൊടുത്ത ജനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍ ഭരണം തങ്ങളിലേല്‌പിച്ചവരും അത്‌ കണ്ടുനിന്നവരുമായ ജനങ്ങള്‍ തന്നെയാണ്‌ പൊതു തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാനുള്ളത്‌ എന്ന യാഥാര്‍ഥ്യം കേന്ദ്ര ഗവണ്‍മെന്റിനും പാഠമാകണം.
ഭരണം ഭാരിച്ച ഉത്തരവാദിത്തമായി ഭരിക്കുന്ന വ്യക്തികളും അവരെ അവിടെ എത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും ആത്മാര്‍ഥമായി ആഗ്രഹിക്കുകയും നീതിനിഷ്‌ഠ ആദര്‍ശമായി കൊണ്ടുനടക്കുകയും വേണം. അതു മാത്രമാണ്‌ ക്ഷേമ രാഷ്‌ട്രത്തിന്റെ മുടക്കു മുതല്‍. ആ രാജപാതയില്‍ നമുക്ക്‌ കൈകോര്‍ക്കാം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: