എ അബ്‌ദുസ്സലാം സുല്ലമി
മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ എന്ന തൗഹീദിന്റെ അടിസ്ഥാന തത്വം മലക്കിനോടും ജിന്നിനോടും സഹായം തേടുന്നതിന് എതിരല്ല എന്നാണ് ചിലര്‍ വാദിക്കുന്നത്. ഈ വാദം ശരിയല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും മുന്‍ഗാമികള്‍ അവയ്‌ക്ക് നല്‌കിയ വിശദീകരണങ്ങളും ഉദ്ധരിച്ചുകൊണ്ട് വിവരിക്കുകയുണ്ടായി. ഇനിയും കാണുക.
അല്ലാഹു പറയുന്നു: കരയിലും കടലിലും നിങ്ങളെ യാത്ര ചെയ്യിക്കുന്നത് അവനാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കുകയും അനുകൂലമായ കാറ്റിനാല്‍ ആ കപ്പല്‍ അവരെ വഹിച്ച് ഓടിക്കൊണ്ടിരിക്കുകയും അവരത് മൂലം സന്തുഷ്‌ടരായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്നൊരു കൊടുങ്കാറ്റതാ ആ കപ്പലിനെ ബാധിക്കുന്നു. നാനാ ഭാഗങ്ങളില്‍ നിന്നും തിരമാലകള്‍ അവര്‍ക്കു നേരെ ആഞ്ഞടിക്കുന്നു.
തങ്ങള്‍ നശിക്കാറായിപ്പോയെന്ന് അവര്‍ക്ക് തോന്നിക്കഴിയുന്നു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന് മാത്രം അര്‍പ്പിച്ചുകൊണ്ടു അവനോടവര്‍ പ്രാര്‍ഥിക്കുന്നു. അല്ലാഹുവേ, ഈ ആപത്തില്‍ നിന്നും നീ ഞങ്ങളെ രക്ഷിച്ചാല്‍ ഭാവിയില്‍ ഞങ്ങള്‍ നിന്നോട് നന്ദി കാട്ടുന്നവരില്‍ ചേര്‍ന്നുകൊള്ളുക തന്നെ ചെയ്യും (സൂറ: യൂനുസ് 22) കെ വി കൂറ്റനാട് മുസ്‌ലിയാരുടെ പരിഭാഷയില്‍ നല്‌കിയ അര്‍ഥമാണ് ഉദ്ധരിച്ചിരിക്കുന്നത് (ഫത്‌ഹുര്‍റഹ്‌മാന്‍ 2-506)
ഈ സന്ദര്‍ഭത്തില്‍ സാക്ഷാല്‍ മക്കാമുശ്‌രിക്കുകള്‍ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച് സഹായം തേടിയത് `ലാഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ ശരിയായ ആശയമാണെന്നും ആ സ്ഥാനത്ത് മലക്കുകളെയും ജിന്നുകളെയും മരണപ്പെട്ടവരെയും വിളിച്ചു സഹായം തേടിയാല്‍ അത് ശിര്‍ക്കാണെന്നും അല്ലാഹു ഉദാഹരണത്തിലൂടെ വിവരിക്കുകയാണ്. ഈ സ്വഭാവം കരയിലും കാത്തുസൂക്ഷിക്കുവാന്‍ അവരെ നിര്‍ബന്ധിതരാക്കുകയാണ്. കരയിലും വലിയ വിപത്തും ഗതിമുട്ടലും പ്രത്യേകിച്ച് വിജനപ്രദേശത്ത് അകപ്പെട്ടു വഴിയറിയാതെ ഗതിമുട്ടുമ്പോള്‍ മക്കാമുശ്‌രിക്കുകള്‍ മരണപ്പെട്ടവരെയും ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച് സഹായം തേടി തൗഹീദിനെ നിഷ്‌കളങ്കമാക്കാറുണ്ടെന്നും ഖുര്‍ആനിലൂടെ തന്നെ അല്ലാഹു വിവരിച്ചതും നാം വിശദീകരിച്ചു. നമുക്ക് ചോദിക്കുവാനുള്ളത് ഈ രംഗം മനുഷ്യകഴിവിന് അതീതമായതാണോ? അതല്ല, സൃഷ്‌ടികളുടെ കഴിവിന് അതീതമായതാണോ? ഈ രംഗത്ത് മലക്കുകളെയും ജിന്നുകളെയും മുശ്‌രിക്കുകള്‍ വിളിച്ചുതേടിയിരുന്നുവെങ്കില്‍ അല്ലാഹു അവരെ ഇവിടെ പ്രശംസിച്ചതുപോലെ പ്രശംസിച്ച് തൗഹീദ് എന്ന് പറയുമോ? മുജാഹിദുകള്‍ക്ക് ഇത്തരം രംഗങ്ങളില്‍ അല്ലാഹുവിന് മാത്രമേ സഹായിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന വിശ്വാസമാണുള്ളത്.
മുജാഹിദുകളെ സംബന്ധിച്ച് കാര്യകാരണബന്ധത്തിന് അതീതം, അദൃശ്യമാര്‍ഗം, അഭൗതിക മാര്‍ഗം, മനുഷ്യ കഴിവിന് അതീതം, മറഞ്ഞ വഴി എന്നെല്ലാം പറയുമ്പോള്‍ ജിന്നുകളുടെയും മലക്കുകളുടെയും കഴിവുകളെ പരിഗണിക്കുക, അവയെക്കുറിച്ച് ഗവേഷണം ചെയ്യുക എന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. കാരണം മലക്കുകളും ജിന്നുകളും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണ്. നാം വിളിക്കുമ്പോള്‍ വിളികേട്ട് ഉത്തരം ചെയ്യുവാന്‍ അവര്‍ക്ക് സാധ്യമല്ല. നമ്മുടെ തൊഴിലാളികള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും മറ്റും സാധിക്കുന്നതുപോലെ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ നമ്മെ സഹായിക്കുവാന്‍ സാധ്യമല്ല. അദൃശ്യവും അഭൗതികവുമായ നിലക്ക് നാം ഉദ്ദേശിക്കുമ്പോള്‍ അല്ലാഹുവിന് മാത്രമേ നമ്മെ സഹായിക്കുവാന്‍ സാധിക്കുകയുള്ളൂ. അല്ലാഹു എന്ന ശക്തിക്ക് മാത്രമേ അവന്‍ ഉദ്ദേശിക്കുമ്പോള്‍ ഈ മാര്‍ഗത്തിലൂടെ നമ്മെ സഹായിക്കുവാനും സാധിക്കുകയുള്ളൂ. മറ്റൊരു അദൃശ്യ ശക്തിക്കും സാധ്യമല്ല.
അല്ലാഹുവിനെ മാത്രം അദൃശ്യവും അഭൗതികവുമായ നിലക്കു നാം വിളിച്ചു തേടുമ്പോള്‍ അവന്‍ മലക്കുകളെ അയച്ച് നമ്മെ സഹായിച്ചേക്കാം. ഇവിടെ അദൃശ്യമായി നമ്മെ സഹായിച്ചത് യഥാര്‍ഥത്തില്‍ അല്ലാഹു മാത്രമാണ്. നാം ഉദ്ദേശിക്കുമ്പോഴും മലക്ക് ഉദ്ദേശിക്കുമ്പോഴും അല്ലാഹുവിന്റെ പ്രത്യേക അനുമതിയില്ലാതെ മലക്കുകള്‍ സഹായിച്ചാല്‍ മാത്രമാണ് മലക്കുകള്‍ അദൃശ്യമായി നമ്മെ സഹായിച്ചു എന്ന് പറയുക. ഇതിന് മലക്കുകള്‍ക്കും ജിന്നുകള്‍ക്കും സാധ്യമല്ല. നാം ഉദ്ദേശിക്കുമ്പോഴും മലക്കുകള്‍ ഉദ്ദേശിക്കുമ്പോഴും മഴ വര്‍ഷിപ്പിക്കുവാന്‍ മലക്കുകള്‍ക്ക് സാധ്യമല്ല. മുഹമ്മദ് നബി(സ) ഉദ്ദേശിക്കുമ്പോഴും ജിബ്‌രീല്‍(അ) ഉദ്ദേശിക്കുമ്പോഴും ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ സാധ്യമല്ല. മരണത്തിന്റെ മലക്ക് ഉദ്ദേശിക്കുമ്പോള്‍ ആരെയും മരിപ്പിക്കുവാന്‍ സാധ്യമല്ല. ഘോരശബ്‌ദം ഉണ്ടാക്കി തെമ്മാടികളെ നശിപ്പിക്കാന്‍ ഒരു മലക്കിനും സാധ്യമല്ല. മനുഷ്യന് അല്ലാഹു സ്വതന്ത്രമായ കഴിവും സ്വതന്ത്രമായ ഉദ്ദേശ്യവും നല്‌കിയിട്ടുണ്ട്. ഇത് മലക്കുകള്‍ക്ക് നല്‌കിയിട്ടില്ല. ഇതാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.
തഫ്‌സീര്‍ റുഹുല്‍ മആനിയില്‍ എഴുതുന്നത് പ്രത്യേകം ശ്രദ്ധിക്കുക. തീര്‍ച്ചയായും ഈ ആയത്ത് മുശ്‌രിക്കുകള്‍ ഇത്തരം അവസ്ഥയില്‍ അല്ലാഹുവിനെ അല്ലാതെ മറ്റാരെയും വിളിച്ച് തേടാറില്ല എന്ന് വ്യക്തമായി അറിയിക്കുന്നുണ്ട്. എന്നാല്‍ നിനക്ക് നല്ലതുപോലെ അറിയാം ഇന്ന് മനുഷ്യന്മാര്‍ ഇത്തരം മഹാവിപത്ത് ബാധിച്ച് ഗതിമുട്ടുമ്പോള്‍ അവര്‍ വിളിച്ച് സഹായം തേടുക-കരയില്‍ വെച്ചും കടലില്‍ വെച്ചും - ഉപദ്രവമോ ഉപകാരമോ ചെയ്യുവാന്‍ സാധിക്കാത്തവരെയാണ്. അവരില്‍ ചിലര്‍ ഖിദ്‌ര്‍ നബിയെ വിളിച്ച് സഹായം തേടും. മറ്റു ചിലര്‍ ഇല്‍യാസിനെ. മറ്റു ചിലര്‍ അബുല്‍ ഖമീസിനെയും അബ്ബാസിനെയും വിളിച്ചു സഹായം തേടും. ചിലര്‍ വല്ല ഇമാമിനെയും വിളിച്ച് ഇസ്‌തിഗാസ ചെയ്യും (വമിന്‍ഹും മന്‍യസ്‌തഗീസു ബിഅഹദില്‍ അഇമ്മതി) ചിലര്‍ ഏതെങ്കിലും ശൈഖിനോട് വിനയം കാണിക്കും.
ഇവരില്‍ ഒരാളും തന്റെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിനോട് സഹായം തേടുന്നവരായി നീ കാണുകയില്ല. ഇവരില്‍ ആരാണ് ഏറ്റവും സന്മാര്‍ഗം ലഭിച്ചവരെന്ന് നീ എന്നോട് പറയുക. മനുഷ്യര്‍ ഇന്ന് അജ്ഞതയുടെയും ദുര്‍മാര്‍ഗത്തിന്റെയും കൊടുങ്കാറ്റ് ബാധിച്ചവരാണ്. ദുര്‍മാര്‍ഗത്തിന്റെ തിരമാലകള്‍ ഇസ്‌ലാം ശരീഅത്താകുന്ന കപ്പലിനെ ബാധിച്ച് പിളര്‍ത്തിയിരിക്കുന്നു. അങ്ങനെ അല്ലാഹു അല്ലാത്തവരോട് ഇസ്‌തിഗാസ ചെയ്യല്‍ വിജയത്തിന്റെ മാര്‍ഗമാക്കിയിരിക്കുന്നു (ഇത്തഖദത്തില്‍ ഇസ്‌തിഗാസതബിഗൈറില്ലാഹി ലില്‍ നജാത്തി ദറീഅതന്‍) (റൂഹുല്‍ മആനി: 10-ാം സൂറ: യൂനുസിലെ 22-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍)
റൂഹുല്‍ മആനി വഹാബികളുടെ തഫ്‌സീറായി തള്ളുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. കാരണം പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുതിയ ത്വരീഖത്ത് ഒരു സമഗ്ര പഠനം എന്ന പുസ്‌തകത്തില്‍ ത്വരീഖത്തിനെയും സൂഫിയാക്കളെയും എതിര്‍ക്കുവാന്‍ ധാരാളം സ്ഥലത്ത് റൂഹുല്‍ മആനിയെയാണ് തെളിവായി ഉദ്ധരിക്കുന്നത് (ഉദാ: പേജ് 148, 149, 174, 178, 180) ഇതൊന്നും വഹാബികളെ എതിര്‍ക്കുവാന്‍ ഉദ്ധരിച്ചതല്ല. ഖുര്‍ആനില്‍ വിവരിച്ച ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇമാം അഹ്‌മദും ഇമാം നവവിയും അദ്ദേഹത്തിന്റെ ശൈഖന്‍മാരും ഇമാം ശൗക്കാനിയും(റ) എല്ലാം തന്നെ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ച് വിളിക്കുകയും അതിനാല്‍ അവര്‍ സഹായിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അതിനാല്‍ ഇത് ശിര്‍ക്കല്ല എന്നുമാണ് യാഥാസ്ഥിതികരുടെയും ജിന്നുവാദികളുടെയും പക്ഷം.
ഈ രംഗം കാര്യകാരണബന്ധം മുറിയുന്ന രംഗമാണെന്ന് ഇമാം ഖുര്‍തുബി ആയത്തിനെ വിവരിച്ചുകൊണ്ടു എഴുതുന്നു (തഫ്‌സീര്‍ ഖുര്‍തുബി 8:325). ജിന്നുവാദികള്‍ പറയുന്നത് മലക്കുകളുടെയും ജിന്നുകളുടെയും കൂടി കഴിവുകള്‍ പ്രയോജനപ്പെടാത്ത രംഗത്തിനുമാത്രമേ കാര്യകാരണ ബന്ധത്തിന് അതീതം എന്ന് പറയുവാന്‍ പാടുള്ളൂ എന്നാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകള്‍ ഇവര്‍ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യജീവിതത്തില്‍ മറ്റുള്ളവരെ വിളിച്ചുതേടിയാല്‍ ശിര്‍ക്കാകുന്ന യാതൊരു വിഷയവും രംഗവും ഉണ്ടാവുകയില്ല.
0 comments: