പുതിയ കാലത്തിന്റെ തുടിപ്പുകളറിഞ്ഞു വേണം പുതിയ കാലത്തിന്റെ മതബോധനം
സുലൈമാന്‍ മേല്‍പത്തൂര്‍
മാറുന്ന കാലത്തിനനുസരിച്ച് പുതിയ ട്രെന്റ് കുട്ടികള്‍ ഇഷ്‌ടപ്പെടുന്നുവെന്നതാണ് മതവിദ്യാഭ്യാസ മേഖലകളില്‍ കുട്ടികള്‍ കുറയാനുള്ള ഒരു കാരണം. ഭൗതിക പഠനമേഖലകളില്‍ നടക്കുന്ന റിസര്‍ച്ചുകളും പഠനക്രമങ്ങളും മതപഠന മേഖലകളില്‍ നടക്കുന്നില്ല. മതവിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവരില്‍ മതത്തിലും ഭൗതികതയിലും ഒരുപോലെ അറിവുള്ള പണ്ഡിതന്‍മാര്‍ കുറഞ്ഞുവരുന്നു എന്നതും വലിയ പോരായ്‌മയാണ്. മതരംഗത്ത് ആധുനിക തലമുറക്ക് മാതൃകയാകുന്നവര്‍ ഇന്ന് കുറഞ്ഞുവരികയാണ്. മൗലാന അബുല്‍ ഹസന്‍ അലിനദ്‌വി യെപോലുള്ളവര്‍ ഈ രംഗത്തെ മികച്ച മാതൃകകളായിരുന്നു. ഇസ്‌ലാം എന്നത് കിതാബിലും മുസ്‌ലിം എന്നത് ഖബര്‍സ്ഥാനിലും മാത്രം ഒതുങ്ങുന്ന കാഴ്‌ചയാണുള്ളത്!
ഇന്നത്തെ തലമുറക്ക് നോക്കികാണാന്‍ പറ്റുന്ന മികച്ച മാതൃകകളില്ല. അതുകൊണ്ടവര്‍ ഭൗതികതയെ തേടിപോയികൊണ്ടിരിക്കുകയാണ്. മതരംഗത്താണ് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളവര്‍ വരേണ്ടതെന്നാണ് അഭിപ്രായം. കാരണം ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ എല്ലാവരെയും നിയന്ത്രിക്കുന്നവരായിരിക്കണം. ഒരു ഡോക്‌ടര്‍ക്കും എഞ്ചിനീയര്‍ക്കുമെല്ലാം അവരുടെ മേഖലകളില്‍ മാത്രമെ കാര്യമായ അറിവുകളുണ്ടാവുകയുള്ളൂ. എന്നാല്‍ സമൂഹത്തിലെ ഡോക്‌ടറും എഞ്ചിനീയറും വക്കീലും എല്ലാം ഉള്‍പ്പെടുന്നവരെയെല്ലാം നിയന്ത്രിക്കേണ്ടവനാണ് ഒരു പണ്ഡിതന്‍. അപ്പോള്‍ അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ അറിവുകളുണ്ടാകേണ്ടത്. അതിനാല്‍ സമൂഹത്തില്‍ ബുദ്ധിയും കഴിവുമുള്ളവരാണ് മതരംഗത്തേക്ക് കടന്നുവരേണ്ടത്. അതേ സമൂഹത്തിന് ഗുണം ചെയ്യുകയുള്ളൂ.
പഠനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവും മറ്റു എവിടെയും അവസരം കിട്ടാത്തവനുമാണ് രംഗത്തേക്ക് കടന്നുവരുന്നത്. അപ്പോള്‍ നല്ല അറിവുള്ളവരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് കൂട്ടായ്‌മകള്‍ രൂപപ്പെടേണ്ടതുണ്ട്. പള്ളിയില്‍ ഇമാം നില്‍ക്കേണ്ടവന്‍ മാത്രമല്ല ഒരു പണ്ഡിതന്‍. സൗത്ത് ആഫ്രിക്ക പോലുള്ള രാഷ്‌ട്രങ്ങളില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ആധുനിക ലോകത്തെ മനുഷ്യനെ മനസിലാക്കാന്‍ കഴിയണമെങ്കില്‍ ആധുനിക ടെക്‌നോളജികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിന് ആധുനിക ലോകത്തിന്റെ പള്‍സ് അറിയണം. ഇതിനെല്ലാം സഹായകമാകുന്ന രൂപത്തിലായിരിക്കണം നമ്മുടെ കരിക്കുലം. ഏത് പുതിയ രീതികളും മതകലാലയങ്ങളില്‍ കൊണ്ടുവരുന്നത് ഏറെ പ്രോത്സാഹജനകമാണ്. പക്ഷെ ശ്രദ്ധിക്കേണ്ട കാര്യമുള്ളത് ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ളവയായിരിക്കണം ഏത് പുതിയ രീതികളും. ഈജിപ്‌തിന് നേരിടേണ്ടിവന്ന പ്രശ്‌നം ഇത്തരത്തിലുള്ളതായിരുന്നു. ഭൗതികത നിര്‍ബാധം കേറിവന്നപ്പോള്‍ മൂല്യങ്ങള്‍ പലതും നഷ്‌ടമായി. ഇപ്പോള്‍ പതുക്കെ പതുക്കെ അത് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക ലോകത്തിനോട് സംവദിക്കാന്‍ കഴിയുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. സോഷ്യോളജിയും സൈക്കോളജിയുമെല്ലാം പഠനവിധേയമാക്കുന്ന കരിക്കുലം മതരംഗത്തുകൂടി വരികയാണെങ്കില്‍ തൊഴില്‍സാധ്യതയ്‌ക്കു പുറമെ വ്യക്‌തി ജീവിതത്തിലും കുടുംബജീവിതത്തിലും ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.
(എഡ്യൂക്കേഷന്‍ സൈക്കോളജിസ്റ്റ്)
0 comments: