മനുഷ്യകഴിവിന് അതീതം: ജിന്നുവാദികളുടെ ജല്‍പനങ്ങള്‍-5
- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
അല്ലാഹു പറയുന്നു: എന്നാല്‍ കപ്പലുകളില്‍ അവര്‍ കയറിയാല്‍ പ്രാര്‍ഥന അല്ലാഹുവിന് നിഷ്‌കളങ്കമാക്കിയവരായി അല്ലാഹുവിനോടവര്‍ പ്രാര്‍ഥിക്കുന്നു. (അവനോടൊപ്പം മറ്റാരെയും അവര്‍ വിളിക്കുന്നില്ല. കാരണം അവര്‍ ഒരു വിഷമതയിലാണ്. അല്ലാഹുവല്ലാതെ അവരെ അതില്‍ നിന്ന് മുക്തമാക്കുകയില്ല.) അങ്ങനെ അവരെ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു.'' (അന്‍കബൂത്ത് 65)
യാഥാസ്ഥിതികര്‍ അംഗീകരിക്കുന്ന ജലാലൈനിയുടെ പരിഭാഷയില്‍ നല്‌കിയ അര്‍ഥമാണ് ഇവിടെ ഉദ്ധരിച്ചത്. ബ്രാക്കറ്റുകള്‍ എല്ലാം പരിഭാഷകന്റേതാണ് (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 407). മക്കാ മുശ്‌രിക്കുകള്‍, കപ്പലിന്റെ നിയന്ത്രണം വിട്ട് കപ്പല്‍ ഒരു വിഷമതയില്‍ പെടുമ്പോള്‍ അവര്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്ന മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും ഒഴിവാക്കി അല്ലാഹുവിനെ മാത്രം വിളിച്ച് തൗഹീദ് നിഷ്‌കളങ്കമാക്കി അല്ലാഹുവിന്റെ സഹായം അവര്‍ കരസ്ഥമാക്കുകയാണ്. ഈ രംഗത്ത് അല്ലാഹുവിനെയല്ലാതെ മറ്റു വല്ലവരെയും വിളിച്ച് സഹായം തേടിയാല്‍ തനിച്ച ശിര്‍ക്കാണെന്ന് മക്കയിലെ മുശ്‌രിക്കുകള്‍ സമ്മതിക്കുമ്പോള്‍ യാഥാസ്ഥിതികരും ജിന്നുവാദികളും ഈ സത്യം സമ്മതിക്കുന്നില്ല. യാഥാസ്ഥിതികര്‍ പറയുന്നത് മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടിയാല്‍ അതു ശിര്‍ക്കല്ലെന്നും അവര്‍ നമ്മെ സഹായിക്കുമെന്നുമാണ്. ജിന്നുവാദികള്‍ മരണപ്പെട്ടവരെ മാത്രം ഒഴിവാക്കുന്നു.
അവര്‍ എഴ ുതുന്നതു കാണുക: ``സഹായിക്കാന്‍ ആരെയും കാണാതെ അത്യധികം വിഷമത്തില്‍ അകപ്പെടുന്ന സമയത്ത് യാ ഇബാദല്ലാഹ് എന്ന് വിളിച്ചാല്‍ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതി മുട്ടിയ മുഅ്‌മിനിനെ സഹായിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം എന്നാണല്ലോ ഉമര്‍ മൗലവി (റഹി) സല്‍സബീലിലൂടെ അംഗീകരിച്ച് പഠിപ്പിച്ചുതന്നത്.'' (ഇസ്വ്‌ലാഹ് മാസിക -2013 ഫെബ്രുവരി, പേജ് 29)
യാഥാസ്ഥിതികരുടെ പരിഭാഷയില്‍ ഒരു വിഷമതയില്‍ മക്കാ മുശ്‌രിക്കുകള്‍ അകപ്പെടുമ്പോള്‍ അല്ലാഹുവല്ലാതെ അതില്‍ നിന്ന് അവരെ വിമുക്തമാക്കുകയില്ല എന്ന് അംഗീകരിച്ച് അവര്‍ അല്ലാഹുവിനെ മാത്രം വിളിച്ച് തൗഹീദ് അംഗീകരിച്ചിരുന്നുവെന്നാണ് എഴുതുന്നത്. ഇവര്‍ എഴുതുന്നത് അത്യധികം വിഷമത്തില്‍ അകപ്പെട്ടു ഗതിമുട്ടുന്ന സന്ദര്‍ഭത്തില്‍ പോലും മലക്കുകളെയും ജിന്നുകളെയും ഒരാള്‍ വിളിച്ചാല്‍ അവര്‍ മുഅ്‌മിന്‍ തന്നെയാണെന്നും മലക്കുകളും ജിന്നുകളും അവന്റെ വിളികേട്ട് അവനെ സഹായിക്കുമെന്നുമാണ്. പല മഹാന്മാരും ഇപ്രകാരം മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ച് വിളിച്ചപ്പോള്‍ അവര്‍ അവരുടെ വിളികേട്ട് സഹായിച്ചിട്ടുണ്ടെന്നാണ്. അതിനാല്‍ അവര്‍ ശിര്‍ക്കു ചെയ്‌തുവെന്ന് നാം പറയേണ്ടതില്ല. ഈ വിളി ശിര്‍ക്കല്ല. പരമാവധി ഹറാമും ശിര്‍ക്കിലേക്കുള്ള മാര്‍ഗവുമാണെന്ന് പറഞ്ഞാല്‍ മതി.
ജിന്നുവാദികളോട് ചോദിക്കാനുള്ളത്, മനുഷ്യനിയന്ത്രണം വിടുന്ന ഒരു കപ്പലിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും സാധിക്കുമോ? ഈ രംഗം മനുഷ്യകഴിവിന് അതീതമായതാണോ അതല്ല സൃഷ്‌ടികളുടെ കഴിവിന് അതീതമായതോ? മനുഷ്യകഴിവിന് അതീതമായ രംഗത്ത് അല്ലാഹു അല്ലാത്തവരോട് സഹായം തേടിയാല്‍ അതു പ്രാര്‍ഥനയല്ല എന്നാണ് ജിന്നുവാദികള്‍ പറയുന്നത്. യാഥാസ്ഥിതികര്‍ വരെ ഈ രംഗത്തെ സഹായതേട്ടം പ്രാര്‍ഥനയാണെന്ന് പറയുന്നു. ഏത് രംഗത്തായിരുന്നാലും അല്ലാഹുവിനോട് മാത്രമുള്ള സഹായതേട്ടത്തിനാണ് പ്രാര്‍ഥനയെന്ന് പറയുക എന്ന യാഥാസ്ഥിതികരുടെ വാദത്തെ ജിന്നുവാദികള്‍ ഇവിടെയും അംഗീകരിക്കുന്നു. സഹായതേട്ടം പ്രാര്‍ഥനയാകുന്ന ഒരു രംഗവും ഇവര്‍ മലക്കുകള്‍ക്കും ജിന്നുകള്‍ക്കുമുള്ള കഴിവുകള്‍ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാവുകയില്ല. ഏകദൈവ വിശ്വാസികളുടെ അഭിപ്രായത്തില്‍ മലക്കുകളും ജിന്നുകളും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളായതിനാല്‍ അവരോട് എന്ത് സഹായം തേടിയാലും അത് ശിര്‍ക്കും കുഫ്‌റും അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയും ആരാധനയുമാണ്. ചില ഉദാരണങ്ങളിലൂടെ ഇത് വിശദീകരിക്കാം.
1). ഒരാള്‍ ഒരു ഹോട്ടലില്‍ കയറി എനിക്കു വിശക്കുന്നു കുറച്ച് ഭക്ഷണം തരൂ എന്ന് തന്റെ ശബ്‌ദത്തിന്റെ പരിധിയില്‍ വരുന്ന ഹോട്ടല്‍കാരനെ ഉദ്ദേശിച്ച് ആവശ്യപ്പെടുന്നത് ഇസ്‌ലാം പ്രബോധനം ചെയ്യുന്ന തൗഹീദിന് എതിരല്ല. എന്നാല്‍ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ചുകൊണ്ട് (യാ ഇബാദല്ലാ) വല്ലവനും ഇപ്രകാരം ആവശ്യപ്പെട്ടാല്‍ അവന്‍ തനിച്ച മുശ്‌രിക്കും കാഫിറുമാണ്. ഈ സഹായതേട്ടം പ്രാര്‍ഥനയും ആരാധനയുമാണ്. മരുഭൂമിയില്‍ വരെ അകപ്പെട്ട മനുഷ്യന് ഭക്ഷണവും ദാഹജലവും എത്തിച്ചുകൊടുക്കാന്‍ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും കഴിവുണ്ട് എന്നാണ് ജിന്നുവാദികള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. കഴിവില്‍ പെട്ടത് മലക്കുകളോടും ജിന്നുകളോടും ആവശ്യപ്പെട്ടാല്‍ ശിര്‍ക്കല്ല എന്നും ഇവര്‍ ജല്‌പിക്കുന്നു. മലക്കുകളോടും ജിന്നുകളോടും എന്ത് ആവശ്യപ്പെട്ടാലും അത് പ്രാര്‍ഥനയും ശിര്‍ക്കും ആകുന്നതുകൊണ്ടാണ് നബി(സ)യും സ്വഹാബിമാരും വിശക്കുകയും ദാഹിക്കുകയും ചെയ്‌തപ്പോള്‍ ജീവിച്ചിരിക്കുന്ന മുശ്‌രിക്കുകളോട് ഭക്ഷണവും ജലവും ആവശ്യപ്പെട്ടിട്ടും മലക്കുകളെയും ജിന്നുകളെയും മരണപ്പെട്ടവരെയും വിളിച്ച് ഭക്ഷണവും ജലവും ആവശ്യപ്പെടാതിരുന്നത്. മൂസാനബി(അ)യും ഖിദ്വിര്‍ നബി(അ)യും വിശന്നപ്പോള്‍ സത്യനിഷേധികളായ ഒരു ഗ്രാമക്കാരോടു ഭക്ഷണം തേടിയെങ്കിലും മലക്കുകളെയും ജിന്നുകളെയും വിളിച്ച് തേടുകയുണ്ടായില്ല.
2). ഒരു മുഅ്‌മിന്‍ ഒരു മരുന്നുകടയില്‍ ചെന്ന് കടക്കാരനോട് എനിക്കു പനിക്കുന്നു, ഇന്ന മരുന്ന് തരൂ എന്ന് ആവശ്യപ്പട്ടാല്‍ ഇതു പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. അവന്‍ മുഅ്‌മിന്‍ ആവാതിരിക്കുന്നുമില്ല. എന്നാല്‍ തന്റെ ശബ്‌ദത്തിന്റെ പരിധിയില്‍ വരുന്ന മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ച് അവരെ വിളിച്ച് ഇപ്രകാരം ആവശ്യപ്പെട്ടാല്‍ അവന്‍ മുശ്‌രിക്കും കാഫിറുമാണ്. ഈ സഹായം തേടല്‍ പ്രാര്‍ഥനയും ആരാധനയുമാണ്. ജിന്നുവാദികള്‍ പറയുന്നത് ഇതിനുള്ള കഴിവ് ജിന്നുകള്‍ക്കുണ്ട് എന്നാണ്. നിമിഷനേരം കൊണ്ട് ജര്‍മനിയിലെ മരുന്നുവരെ ജിന്നുകള്‍ കൊണ്ടുവന്നു തരും എന്നാണ്. കഴിവില്‍ പെട്ടത് ചോദിക്കല്‍ ശിര്‍ക്കുമല്ല, പ്രാര്‍ഥനയുമല്ല.
3). പാണ്ഡുരോഗം, കഷണ്ടി, അന്ധത, ദാരിദ്ര്യം, വരള്‍ച്ച, അജ്ഞത, ക്ലേശങ്ങള്‍, മാനസിക രോഗങ്ങള്‍, അപസ്‌മാരം, ഭയം, ശത്രുസംഹാരം, യുദ്ധപരാജയം ഇവയെല്ലാം ഇല്ലാതാക്കാന്‍ അല്ലാഹുവിന്റെ ദാസന്‍മാരേ, എന്ന് മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടിയാല്‍ ഈ സഹായ തേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ലെന്നാണ് ജിന്നുവാദികളുടെ ജല്‌പനപ്രകാരം സ്ഥിരപ്പെടുക. പ്രയാസമില്ലാതെ വേഗത്തില്‍ മരിപ്പിക്കാന്‍ പോലും മലക്കുകളെ വിളിച്ച് സഹായം തേടിയാലും പ്രാര്‍ഥന എന്ന പദം ഇവക്കൊന്നും ഉപയോഗിക്കരുത് എന്ന് മാത്രമാണ് വ്യവസ്ഥ.
ഇമാം റാസി(അ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നതു കാണുക: എല്ലാറ്റില്‍ നിന്നും പ്രതീക്ഷ മുറിയുന്ന ഇത്തരം സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകള്‍ തൗഹീദ് നിഷ്‌കളങ്കമാക്കി അല്ലാഹുവിനോടു മാത്രം സഹായം തേടും (റാസി 25:92). ജിന്നുവാദികള്‍ പറയുന്നത് ഇത്തരം സന്ദര്‍ഭത്തില്‍ മലക്കുകളില്‍ നിന്നും ജിന്നുകളില്‍ നിന്നും പ്രതീക്ഷ മുറിക്കേണ്ടതില്ലാ എന്നാണ്. മഹാന്മാര്‍ മുറിച്ചിട്ടില്ലെന്നും ഇവര്‍ ജല്‌പിക്കുന്നു. ``ജിന്നുകളോട് പ്രാര്‍ഥിക്കാമെന്ന് ഞങ്ങള്‍ എവിടെയും എഴുതുകയോ പ്രസംഗിക്കുകയോ ചെയ്‌തിട്ടില്ല എന്നു മാത്രമല്ല മലക്കുകളോടും ജിന്നുകളോടും പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്ന് ഞങ്ങള്‍ വ്യക്തമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്.'' ഇതാണ് ജിന്നുവാദികളുടെ ആവലാതിപ്പെടലും കരച്ചിലും. ഇവര്‍ മുജാഹിദുകളെ വിഡ്‌ഢികളാക്കുകയാണ്. പ്രാര്‍ഥന എന്നത് സൃഷ്‌ടികളുടെ കഴിവില്‍ പെടാത്തത് ചോദിക്കലാണ്. അപ്പോള്‍ മലക്കുകളോടും ജിന്നുകളോടും അവരുടെ കഴിവില്‍ പെട്ടത് ചോദിക്കല്‍ ശിര്‍ക്കല്ല എന്നാണ് ഇവരുടെ വാദം. ഇവരോടു ചോദിക്കേണ്ടത് മലക്കുകളുടെയും ജിന്നുകളുടെയും കഴിവില്‍ പെട്ടത് അവരോട് ചോദിക്കല്‍ ശിര്‍ക്കാണോ പ്രാര്‍ഥനയാണോ എന്നാണ്. വിജനമായ പ്രദേശത്ത് വിഷമത ബാധിച്ച് ഗതിമുട്ടിയ മനുഷ്യന്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് എന്നെ സഹായിക്കേണമേ എന്ന് വിളിച്ച് സഹായം തേടിയാല്‍ ഈ സഹായതേട്ടം പ്രാര്‍ഥനയാണോ? ഇത് വിശദീകരിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കണം.
0 comments: