പാകിസ്‌താന്‍ പീപ്പിള്‍സ് പാര്‍ട്ടി സിന്ധില്‍ മാത്രം ഒതുങ്ങിപ്പോവുകയും അവാമി നാഷനല്‍ പാര്‍ട്ടി പിളരാന്‍ പോവുകയും ആസിഫലി സര്‍ദാരിക്ക് രണ്ടാമതൊരിക്കല്‍ കൂടി ഭരിക്കാനുള്ള അവസരം നഷ്‌ടമാവുകയും ചെയ്‌ത ഇക്കഴിഞ്ഞ മെയ് 11-ലെ പാക് തെരഞ്ഞെടുപ്പ് ഫലം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് ദ ന്യൂസിലെ ഷഹീന്‍ സുബ്‌ഹാനി പറയുന്നത്. പാകിസ്‌താനിലെ ഏറ്റവും ജനവാസമുള്ള പ്രവിശ്യയായ പഞ്ചാബ്, പാകിസ്‌താന്‍ മുസ്‌ലിംലീഗ് നവാസ് ശരീഫ് (ജങഘച) തൂത്തൂവാരി. ഭരണത്തിന്റെ ഫെഡറല്‍ മുഖം നിലനിര്‍ത്തുന്നതിനായി പി എം എല്‍ (എന്‍), ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുല്‍ ഇസ്‌ലാം (ഫസ്‌ലുര്‍റഹ്‌മാന്‍) എന്നിവരുമായി സഖ്യമുണ്ടാക്കേണ്ടി വരുമെന്നതൊഴിച്ചാല്‍ സുഹ്‌ബാനിയുടെ അഭിപ്രായത്തില്‍ പുതിയ തെരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് സര്‍ദാരി രണ്ടാമതൊരിക്കല്‍ കൂടി പ്രസിഡന്റാവാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി.
സിന്ധ് അല്ലാത്ത ഒരു ചെറിയ പ്രവിശ്യയില്‍ നിന്ന് പ്രസിഡന്റ് നിയമിതനായി കാണാനാണ് തന്റെ ആഗ്രഹമെന്ന് നവാസ് ശരീഫ് ഒരു സ്വകാര്യ മീറ്റിംഗില്‍ പറയുകയുണ്ടായി. 2008 സപ്‌തംബറിലാണ് അഞ്ചു വര്‍ഷത്തേക്ക് സര്‍ദാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് നവാസ് ശരീഫിനെ സര്‍ദാരി ഇതുവരെ ആശംസ അറിയിച്ചിട്ടില്ല. പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് പാകിസ്‌താന്റെ അന്തിമ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി സര്‍ദാരി കാത്തിരിക്കുകയാണെന്നാണ്. ഡോണിന്റെ അഭിപ്രായത്തില്‍ അന്തിമ പ്രഖ്യാപനം വന്നിട്ടേ പ്രസിഡന്റ് പി എം എല്‍ (എന്‍) നെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ക്ഷണിക്കൂ. ദേശീയ അസംബ്ലിയില്‍ 32 സീറ്റുകള്‍ മാത്രമേ പി പി പി-ക്ക് നേടാനായുള്ളൂ. ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ-ഇന്‍സാഫ് 32 സീറ്റുകള്‍ നേടി. ആകെയുള്ള 272 സീറ്റുകളില്‍ 127 സീറ്റുകള്‍ പി എം എല്‍ (എന്‍) നേടി.
പി പി പി-ക്ക് രാഷ്‌ട്രീയസ്വാധീനം നഷ്‌ടമായിരിക്കുന്ന ഈ അവസരത്തില്‍ ജുഡീഷ്യറിയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സിയും പ്രസിഡന്റ് സര്‍ദാരിയോട് എങ്ങനെയാണ് പെരുമാറുക എന്നത് താല്‌പര്യത്തോടെ കാണേണ്ട വിഷയമാണ്. സര്‍ദാരി ഉന്നത പദവിയിലായിരുന്നതുകൊണ്ടു മാത്രം തല്‌ക്കാലത്തേക്ക് നിറുത്തി വെച്ച അക്കൗണ്ടബിലിറ്റിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുനരാരംഭിക്കാന്‍ ഇമ്രാന്‍ ഖാനും അവാമി മുസ്‌ലിംലീഗ് നേതാവ് ശൈഖ് റാഷിദും പാര്‍ലമെന്റിലെത്തുന്നതോടെ നവാസ് ശരീഫിനുമേല്‍ സമ്മര്‍ദം ശക്തമാകും. മെയ് 11-ഓടെ ചിത്രം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് സ്റ്റേറ്റ് ടി വിയുടെ ഒരു റിപ്പോര്‍ട്ട് പറഞ്ഞത് അടുത്ത അഞ്ചുവര്‍ഷത്തേക്ക് തനിച്ച് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ദേശീയ അസംബ്ലിയില്‍ നവാസ് ശരീഫിന് ലഭിക്കുമെന്നാണ്. ഏതാനും അംഗങ്ങളുടെ കുറവുണ്ടായാല്‍ തന്നെ വിജയിച്ച സ്വതന്ത്രര്‍ നവാസ് ശരീഫിന്റെ സഹായത്തിനെത്തുമെന്ന് ഏതാണ്ടുറപ്പാണ്.
തെരഞ്ഞെടുപ്പില്‍ പി പി പി കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. 2008-ല്‍ 91 സീറ്റുകള്‍ നേടിയ പി പി പി ഇപ്പോള്‍ 32 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍. പി പി പി-യുടെ സഹ-അധ്യക്ഷനായ ആസിഫലി സര്‍ദാരിക്കു കീഴില്‍ അധ്വാനിക്കുന്നവരുടെ പാര്‍ട്ടിയെന്ന് പൊതുവെ ധരിക്കപ്പെടുന്ന പി പി പി, ജനറല്‍ സിയാവുല്‍ ഹഖിനും ജനറല്‍ പര്‍വേസ് മുശറഫിനും നേടാനാവാത്തത് നേടിയിരിക്കുന്നു. അഥവാ അധ്വാനിക്കുന്നവരില്‍ നിന്നും അകന്നു പോയിരിക്കുന്നു. അതാണ് തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചത്.
നവാസ് ശരീഫ് വരുമ്പോള്‍
അസോസിയേറ്റഡ് പ്രസ് പറയുന്നത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ പുറത്തുപോകുന്ന ഗവണ്‍മെന്റിനെക്കാള്‍ നവാസ് ശരീഫ് രാജ്യത്തിന്റെ പരമാധികാരത്തിന്റെ സംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‌കുന്ന ദേശീയ വാദിയാണെന്നാണ്. 1998-ല്‍ പാകിസ്‌താന്‍ നടത്തിയ അണ്വായുധ പരീക്ഷണത്തെ അമേരിക്ക എതിര്‍ത്തതിനെ നവാസ് ശരീഫ് വെല്ലുവിളിച്ചിരുന്നു. രാജ്യത്തെ `ഭീകരര്‍'ക്കെതിരെയുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തെയും നവാസ് ശരീഫ് വിമര്‍ശിച്ചു. വിദേശ നയതന്ത്രകാര്യങ്ങളില്‍ പട്ടാളം പ്രധാന പങ്കുവഹിക്കുന്നതിനാല്‍ പാകിസ്‌താനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉടനെ കാര്യമായൊരു മാറ്റം ഉണ്ടാകുമെന്ന് ഇതര്‍ഥമാക്കുന്നില്ല. എല്ലാത്തിലുമപരി ഒരു ബിസിനസ്‌മാനായ നവാസ് ശരീഫ് പ്രായോഗിക വിശകലന ബുദ്ധിയോടെയാണ് കാര്യങ്ങള്‍ നിരീക്ഷിക്കുക എന്നാണ് പാകിസ്‌താനിലെ ഡോണ്‍ പത്രത്തിന്റെ കോളമിസ്റ്റായ സിറില്‍ അല്‍മീഡ പറയുന്നത്. ``അമേരിക്കയുമായുള്ള ബന്ധം മോശപ്പെട്ടതോ സംഘര്‍ഷഭരിതമോ ആകാന്‍ നവാസ് ശരീഫ് ആഗ്രഹിക്കുമെന്നതിന് എനിക്കൊരു കാരണവും കാണാനാവുന്നില്ല.''
ഒരു പ്രധാന പാകി സ്‌താന്‍ പത്രമായ ദ നേഷന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വാഷിംഗ്‌ടണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ``പാകിസ്‌താനില്‍ അമേരിക്കയുടെ സ്വാധീനം പരിമിതപ്പെടുത്തുമെന്ന് നവാസ് ശരീഫും ഇമ്രാന്‍ ഖാനും ജനങ്ങള്‍ക്ക് വാഗ്‌ദാനം നല്‌കുന്നതായി അമേരിക്കയിലെ പ്രധാന പത്രങ്ങളും ചാനലുകളും പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്‌തു.''
ലാഹോറില്‍ നിന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ കറസ്‌പോണ്ടന്റ് ഡെക്‌ലാന്‍ വാല്‍ഷ് എഴുതുന്നു: ``പാകിസ്‌താന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലേറെ സമയത്തും തെരഞ്ഞെടുപ്പ് പ്രചരണത്തിലും, തെരഞ്ഞെടുപ്പില്‍ കൃത്രിമം, ഭീഷണി എന്നിവയിലേര്‍പ്പെട്ടതിനും ആരോപണവിധേയമാക്കപ്പെട്ട ഐ എസ് എ ഇത്തവണ അത്തരം കാര്യങ്ങളിലേര്‍പ്പെട്ടതിന് ഒരു തെളിവുമില്ല. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളും ഇത്തവണത്തെ തെരഞ്ഞെടുപ്പും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണിത്.
വാഷിംഗ്‌ടണ്‍ പോസ്റ്റ് അതിന്റെ എഡിറ്റോറിയലില്‍ പറയുന്നത് ചരിത്രപ്രധാനമായ ഈ തെരഞ്ഞെടുപ്പ് അമേരിക്കക്ക് പ്രയാസമുുണ്ടാക്കുമെന്നാണ്. ``അമേരിക്ക-പാകിസ്‌താന്‍ ബന്ധങ്ങളെ വഷളാക്കുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും കൂടുതല്‍ മോശമാവുകയാണ് ചെയ്യുക.'' നവാസ് ശരീഫും ഇമ്രാന്‍ഖാനും പാകിസ്‌താനി താലിബാനോട് കൂടുതല്‍ മൃദുലവും അമേരിക്കയോട് കൂടുതല്‍ കര്‍ക്കശ്യവും പുലര്‍ത്തുന്നവരാണെന്ന് വാഷിംഗ്‌ടണ്‍പോസ്റ്റ് എഴുതി. ``ജിഹാദുകളുമായി ചര്‍ച്ച നടത്തുമെന്ന് നവാസ് ശരീഫ് വാഗ്‌ദാനം നല്‍കി. തങ്ങള്‍ക്കെതിരെയുള്ള `അമേരിക്കയുടെ യുദ്ധ'ത്തിന് അന്ത്യം കുറിക്കുമെന്നും അമേരിക്കന്‍ ഡ്രോണുകള്‍ വെടിവെച്ചിടുമെന്നും ഖാന്‍ പറയുന്നു. വാഷിംഗ്‌ടണ്‍ പോസ്റ്റ് എഴുതി.
നവാസ് ശരീഫും ഇമ്രാന്‍ഖാനും പാകിസ്‌താനു മേലുള്ള അമേരിക്കയുടെ സ്വാധീനത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് വാഗ്‌ദത്തം ചെയ്‌തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.
ഭീകരവാദികളെ തുരത്തുന്നതിലും അയല്‍പക്കത്തുള്ള അഫ്‌ഗാനിസ്‌താനിലെ യുദ്ധത്തിന് വിരാമം കുറിക്കുന്നതിനും പാകിസ്‌താനെ കാര്യമായി ആശ്രയിക്കേണ്ടിവരുന്നതിനാല്‍ വാഷിംഗ്‌ടണ്‍ ഈ തെരഞ്ഞെടുപ്പിനെ സശ്രദ്ധം വീക്ഷിക്കുന്നതായി ദ നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്‌ഗാനിസ്‌താന്‍ ആസ്ഥാനമായ അന്താരാഷ്‌ട്ര സുരക്ഷാ ഏജന്‍സികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നതിനും സൈന്യത്തെ പിന്‍വലിക്കുന്നതിനും പ്രധാനപാതകള്‍ പാകിസ്‌താനിലൂടെയാണ്.
പാക് തെരഞ്ഞെടുപ്പിനെ ഒബാമ അഭിനന്ദിച്ചു. അധികാരത്തിലെത്തുന്ന ഗവണ്‍മെന്റുമായി തുല്യ-പങ്കാളികളായി പ്രവര്‍ത്തിക്കാന്‍ വാഷിംഗ്‌ടണ്‍ ഒരുക്കമാണെന്ന് ഒബാമ പറയുകയും ചെയ്‌തു. ``ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഗവണ്‍മെന്റുമായി കൂടുതല്‍ സ്ഥിരതയും സുരക്ഷിതവും സമ്പന്നവുമായ ഭാവി പാകിസ്‌താനിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി തുല്യപങ്കാളികളെന്നോണം സഹകരിച്ച് പ്രവര്‍ത്തിക്കാനും താനൊരുക്കമാണെന്ന് ഒബാമ ഒരു പ്രസ്‌താവനയില്‍ പറഞ്ഞു.
പാക്-യു എസ് ബന്ധം
ഫോക്‌സ് ന്യൂസിലെ ഡേവിഡ് പൈപറിന്റെ അഭിപ്രായത്തില്‍ പാകിസ്‌താനിലെ ചരിത്രപ്രധാനമായ ഈ തെരഞ്ഞെടുപ്പിന് ഈ മേഖലയിലും `ഭീകരതക്കെതിരെയുള്ള യുദ്ധ'ത്തിലും ആസന്നമായ അനന്തരഫലങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. പാകിസ്‌താന്റെ ചരിത്രത്തില്‍ ആദ്യമാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റ് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഗവണ്‍മെന്റിന് അധികാരം കൈമാറുന്നത്. മുമ്പെല്ലാം ഭരണ അട്ടിമറി നടത്താനോ കാലാവധി തീരുംമുമ്പ് പാര്‍ലമെന്റ് പിരിച്ചുവിടാനോ സൈന്യം സ്വാധീനം ചെലുത്തുകയായിരുന്നു പതിവ്.
സൈനിക ജനറല്‍മാര്‍ക്ക് ഇപ്പോഴും പാകിസ്‌താനില്‍ ശക്തമായ അധികാരമുണ്ട്. എങ്കിലും ഇപ്പോള്‍ ജനറല്‍മാര്‍ രാഷ്‌ട്രീയ നേതാക്കളുടെ കശപിശകള്‍ ശ്രവിച്ചുകൊണ്ട് പിന്നാമ്പുറത്ത് തന്നെ ഇരിക്കാനാണ് താല്‌പര്യം കാണിക്കുന്നത്. മോശപ്പെട്ട സാമ്പത്തികനില, രാഷ്‌ട്രീയാസ്ഥിരത, തുടരുന്ന അക്രമങ്ങള്‍ എന്നീ കാരണങ്ങളാല്‍ ഒരു പരാജയപ്പെട്ട രാജ്യമായാണ് പാകിസ്‌താനെ പലരും കാണുന്നത്. അല്‍ഖാഇദയെയും താലിബാനെയും എതിരിടുന്നതില്‍ പാകിസ്‌താന്റെ പങ്കിനെ ചില ലോകനേതാക്കള്‍ ചോദ്യം ചെയ്‌തത് തെരഞ്ഞെടുപ്പ് കാമ്പയിന്‍ സമയത്ത് അന്താരാഷ്‌ട്ര സമൂഹത്തെ ഉത്‌കണ്‌ഠാകുലരാക്കിയിട്ടുണ്ട്.
ഡേവിഡ് പൈപ്പര്‍ എഴുതി: ``ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്‌താന്റെ പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവും വരുംപ്രധാനമന്ത്രിയുമായ നവാസ് ശരീഫ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമോ എന്ന ബി ബി സി അഭിമുഖത്തിലെ ചോദ്യത്തിന് `യെസ്' എന്നാണ് നവാസ് ശരീഫ് മറുപടി നല്‍കിയത്. പാകിസ്‌താനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരാന്‍ അതനിവാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.''
പാകിസ്‌താനില്‍ `ഭീകരവാദികള്‍ക്കെതിരെ'യുള്ള അമേരിക്കയുടെ അക്രമങ്ങള്‍ തടയാത്ത ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ നടപടി പാകിസ്‌താനിലും മറ്റിടങ്ങളിലും കൂടുതല്‍ തീവ്രവാദികള്‍ വളര്‍ന്നുവരാന്‍ കാരണമാകുന്നു.
ഇന്ത്യയുടെ ആശംസ
മൂന്നാംവട്ടം പ്രധാനമന്ത്രിയാകാന്‍ പോകുന്ന നവാസ് ശരീഫിന് ആശംസകള്‍ നേര്‍ന്നശേഷം പുതിയ ഗവണ്‍മെന്റിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം ഡോ. മന്‍മോഹന്‍സിംഗ് അദ്ദേഹത്തെ അറിയിച്ചു. ഡോ. മന്‍മോഹന്‍സിംഗ് ഇന്ത്യ സന്ദര്‍ശിക്കാന്‍ നവാസ് ശരീഫിനെ ക്ഷണിക്കുകയും ചെയ്‌തു. ഭീഷണികളെ ഭയക്കാതെ വോട്ടുചെയ്യാന്‍ ധീരത കാണിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പാക് ജനതയെയും പാകിസ്‌താനിലെ രാഷ്‌ട്രീയപ്പാര്‍ട്ടികളെയും അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയൊരു ബന്ധം രൂപപ്പെടുത്താനുള്ള ഇന്ത്യയുടെ ആഗ്രഹവും ട്വിറ്ററിലൂടെ മന്‍മോഹന്‍ അറിയിച്ചു. ഇരുവര്‍ക്കും സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദര്‍ശിക്കാനും ശരീഫിനെ ഇന്ത്യന്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ക്ഷണിച്ചു.
നവംബര്‍ 1990 മുതല്‍ ജൂലൈ 1993 വരെയും ഫെബ്രുവരി 1997 മുതല്‍ ഒക്‌ടോബര്‍ 1999 വരെയും നവാസ് ശരീഫ് പാകിസ്‌താന്റെ പ്രധാനമന്ത്രിയായിരുന്നു. ഭരണഘടനാപരമായ കാലാവധി തീരുംമുമ്പ് രണ്ട് പ്രാവശ്യവും അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് പിരിച്ച് വിടുകയായിരുന്നു.
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍
0 comments: