സ്വര്‍ണം മേടിച്ച്‌ ഐശ്വര്യം നേടാം!

  • Posted by Sanveer Ittoli
  • at 9:53 AM -
  • 0 comments
സ്വര്‍ണം മേടിച്ച്‌ ഐശ്വര്യം നേടാം!

തങ്ങളാണ്‌ രാജ്യത്ത്‌ ഏറ്റവും പ്രബുദ്ധര്‍ എന്നാണ്‌ മലയാളികളുടെ പൊതുവായ മനസ്സിലിരിപ്പ്‌. സാക്ഷരതയില്‍ മുമ്പന്‍, വിദ്യാസമ്പന്നന്‍, പരിഷ്‌കാരി മുതലായ സകല യോഗ്യതകളും എടുത്തണിയാന്‍ മലയാളി ഒട്ടും പിശുക്കാറില്ല. എന്നാല്‍ ഇതൊക്കെ വെറും വിടുവായത്തം മാത്രമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ദുര്‍ബലന്മാരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ്‌ സമീപകാല അനുഭവങ്ങള്‍.
മലയാളിയെ പറ്റിക്കണമെങ്കില്‍ രണ്ടേ രണ്ട്‌ വാക്കുകള്‍ കൈയൊതുക്കത്തോടെ പ്രയോഗിക്കാന്‍ പഠിച്ചാല്‍ മതി; ലാഭം, ഭാഗ്യം. നിങ്ങളുടെ ഭാഗ്യം തെളിയാന്‍ പോകുന്നു എന്നോ ഐശ്വര്യം വരുന്നു എന്നോ അല്ലെങ്കില്‍ എളുപ്പം ലാഭം കൊയ്യാം എന്നോ പറഞ്ഞാല്‍ മുന്‍പിന്‍ നോക്കാതെ നിങ്ങളുടെ കാല്‍ക്കല്‍ നമിക്കും മലയാളി! താങ്കള്‍ക്ക്‌ ഒരു കോടിയുടെ ലോട്ടറി അടിച്ചിരിക്കുന്നു, ഉടനെ ഒരു ലക്ഷവുമായി വരിക എന്ന ഇ മെയില്‍ കിട്ടിയ ഉടനെ കാറുപിടിച്ച്‌ ഏതോ നൈജീരിയക്കാരന്‌ പണം കൊണ്ടുപോയിക്കൊടുത്ത്‌, പണവും മാനവും പോയ സാധുക്കളായ എത്രയോ പേരുണ്ട്‌ നമുക്ക്‌ ചുറ്റും!
മലയാളിയെ പറ്റിക്കാനുള്ള സിമ്പിളായ ഈ `ലോജിക്ക്‌' ആണ്‌ സകല കച്ചവടക്കാരും ഇപ്പോള്‍ എടുത്തു പയറ്റുന്നത്‌. ഉപഭോക്താവിന്‌ സൗഭാഗ്യവും ഐശ്വര്യവും കോരിക്കൊടുക്കാന്‍ നോമ്പു നോറ്റിരിക്കുന്ന കച്ചവടക്കാരന്‍, പത്രങ്ങളിലും ടെലിവിഷനിലും ഒന്നു പരസ്യം ചെയ്യുകയേ വേണ്ടൂ. ഭാഗ്യപരീക്ഷണത്തിനും പണമിരട്ടിപ്പിക്കാനും ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ നിറയാനും കൊതിപൂണ്ടിരിക്കുന്ന മലയാളികള്‍ കൂട്ടത്തോടെ വരവായി. ടി വിക്കാരന്‌ പരസ്യം, കച്ചവടക്കാരന്‌ ലാഭം!
ഈ വഴിക്ക്‌, അടുത്ത കാലത്തായി മലയാളിക്ക്‌ കൈവന്ന സൗഭാഗ്യങ്ങളിലൊന്നാണ്‌ `അക്ഷയതൃതീയ' എന്ന ദിനാഘോഷം. പുണ്യഗ്രന്ഥങ്ങളിലെവിടെയോ പൊടിപിടിച്ച്‌ കിടന്നിരുന്ന ഈ അക്ഷയഖനി, പുനരെഴുന്നള്ളിച്ചു കൊണ്ടുവന്ന സൂത്രശാലിയായ സ്വര്‍ണ വ്യാപാരിയെ സമ്മതിക്കുകതന്നെ വേണം! (അക്ഷയതൃതീയയെക്കുറിച്ചുള്ള ബുദ്ധി ഉദിച്ചത്‌ ചാനലുകാരന്റെ തലയിലാകാനും സാധ്യതയുണ്ട്‌) അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കളിയാടുമെന്ന പരസ്യം മാധ്യമങ്ങളില്‍ കേട്ടപാതി കേള്‍ക്കാത്ത പാതി, ദാ വന്നു ജ്വല്ലറികള്‍ക്ക്‌ മുന്നില്‍ നീളന്‍ ക്യൂ! പൊന്നു വാങ്ങി ഭാഗ്യം കരസ്ഥമാക്കിയവര്‍ മറ്റുള്ളവര്‍ക്കും നല്‍കി ഉപദേശം; നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍! ഇതോടെ, മെയ്‌ മാസം സ്വര്‍ണവിപണിയുടെ ചാകരയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ഏപ്രില്‍ ആദ്യം മുതല്‍ക്കു തന്നെ `അക്ഷയതൃതീയ' ബുക്കിംഗ്‌ ആരംഭിച്ചിരിക്കും.
ഓടും കലവുമൊക്കെ വിറ്റുപെറുക്കി അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ തിരക്കുകൂട്ടുന്ന മലയാളി, ഈ ദിനം ഇത്രയും കാലം എവിടെപോയി ഒളിച്ചിരിക്കുകയായിരുന്നു എന്നൊന്നും ചിന്തിക്കില്ല. എന്താണ്‌ ഈ ദിനത്തിന്റെ ചരിത്രസവിശേഷത എന്ന കാര്യം ഇനിയും തീരുമാനമായിട്ടുമില്ല. വൈശാഖ മാസത്തിലെ കറുത്ത വാവിനു ശേഷമുള്ള മൂന്നാം നാളാണ്‌ അക്ഷയതൃതീയ. അന്ന്‌ പരശുരാമന്റെ ജന്മദിനമാണെന്നും അതല്ല ശ്രീകൃഷ്‌ണന്‍ കുചേലനില്‍ നിന്ന്‌ അവില്‍പൊതി വാങ്ങി ഐശ്വര്യവാനായ ദിനമാണെന്നും അതു രണ്ടുമല്ല, ത്രേത്രായുഗം ആംഭിച്ച ദിനമാണെന്നും വിശ്വാസങ്ങളുണ്ട്‌. വിശ്വാസം എന്തായാലും ശരി, കേരളത്തില്‍ ഈ ദിനാചരണം വ്യാപകമായിരുന്നില്ലെന്നുറപ്പാണ്‌. അക്ഷയതൃതീയ ആചരിച്ച അപൂര്‍വം ചില നമ്പൂതിരി മഠങ്ങളിലാകട്ടെ, അന്നേ ദിവസം ജ്വല്ലറികളിലേക്ക്‌ മാര്‍ച്ച്‌ നടത്തുന്ന പതിവുണ്ടായിരുന്നില്ല. ആകെ നടന്നത്‌ വിധവകളായ അന്തര്‍ജനങ്ങള്‍ കുട, വടി, വിശറി, ചെരുപ്പ്‌ മുതലായ സാധനങ്ങള്‍ സാധുജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്ന ചടങ്ങാണ്‌. അന്നേദിനം ചെയ്യുന്ന ദാനങ്ങളും ജപവും തര്‍പ്പണങ്ങളും `അക്ഷയ'മായി (ഒരിക്കലും നശിക്കാതെ) നിലനില്‍ക്കുമെന്നും അതുവഴി പാപമുക്തി നേടാമെന്നും മത്സ്യപുരാണത്തില്‍ പറയുന്നുണ്ടത്രെ.
പുരാണങ്ങളില്‍ പറയുംപ്രകാരം വല്ല വിശറിയോ ചെരിപ്പോ മറ്റോ ദാനം നല്‍കാന്‍ അക്ഷയ തൃതീയ ദിനത്തില്‍ ആരെങ്കിലും മുതിര്‍ന്നെങ്കില്‍, ഈ ചുട്ടുപൊള്ളുന്ന വേനലില്‍ അതൊരു സല്‍ക്കര്‍മമായേനെ! എന്നാല്‍, കേരള നാട്ടില്‍ `അക്ഷയതൃതീയ' എന്നു പേര്‌ കേള്‍ക്കുമ്പോള്‍ മഞ്ഞ ലോഹമല്ലാതെ മറ്റൊന്നും മനസ്സില്‍ തെളിയുന്നില്ലല്ലോ.
`അക്ഷയതൃതീയ' ദിനത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ ജ്വല്ലറികളില്‍, ദിവസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളില്‍ സര്‍ക്കാറും പോലീസുമൊക്കെ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാത്തിരിക്കുന്നുവെന്ന വിചിത്രമായ ഒരു മറുവശമുണ്ട്‌. `അക്ഷയതൃതീയ' അടുത്തുവരുന്ന ദിവസങ്ങളില്‍ ജാഗരൂകരായിരിക്കാന്‍ കേന്ദ്രസര്‍ക്കാറും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അത്‌ സ്വര്‍ണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരെ ഒതുക്കി നിര്‍ത്താനല്ലെന്നു മാത്രം. മറിച്ച്‌, ഈ ദിനത്തിലാണ്‌ പല സംസ്ഥാനങ്ങളിലും ആയിരക്കണക്കിന്‌ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതെന്നതിനാല്‍ അത്‌ തടയാനാണ്‌. രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, ബീഹാര്‍, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ അക്ഷയതൃതീയ ദിനത്തില്‍ കൂട്ടമായി ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ട്‌. ഈ ദിനം ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതായതുകൊണ്ട്‌ വിവാഹത്തിന്‌ ഏറ്റവും അനുയോജ്യമായ മറ്റൊരു ദിനമില്ല. അതുകൊണ്ടാണ്‌ അന്ന്‌ ശൈശവ വിവാഹങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്‌. ലോകത്തു നടക്കുന്ന ശൈശവ വിവാഹത്തില്‍ 40%വും ഇന്ത്യയിലാണെന്ന സത്യം ചേര്‍ത്തുവായിക്കുക. 2010-ല്‍, രാജസ്ഥാനിലെ ഗോദേര ഗ്രാമത്തില്‍, അക്ഷയതൃതീയ ദിനത്തില്‍ നൂറുകണക്കിന്‌ ശിശുവിവാഹങ്ങള്‍ നടന്നത്‌ വാര്‍ത്തയായിരുന്നു.
നമ്മുടെ മെഗാസ്റ്റാറുകളെ വെച്ച്‌ ഒന്നാന്തരം ഒരു പരസ്യമടിച്ചാല്‍, അടുത്ത വര്‍ഷത്തെ `അക്ഷയതൃതീയ' ദിനത്തില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തിലും ശൈശവവിവാഹങ്ങള്‍ തുടങ്ങാം! മുന്‍കൂര്‍ ബുക്കിംഗ്‌ നിങ്ങള്‍ക്ക്‌ ലാഭം നേടിത്തരും എന്നോ മറ്റോ ആകട്ടെ പരസ്യവാചകം!!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: