എ പി കുഞ്ഞാമു
അസ്‌ഗര്‍ അലി എന്‍ജിനീയര്‍ നമുക്ക് മുമ്പാകെ വിട്ടേച്ചു പോയതെന്താണ്? മൗലികവാദത്തില്‍ നിന്ന് മതത്തെയും ആത്മീയ ശൂന്യതയില്‍ നിന്ന് വര്‍ത്തമാനകാലത്തെയും മോചിപ്പിക്കാന്‍ ഇസ്‌ലാമിന്റെ നൈതിക മൂല്യങ്ങള്‍ സഹായകമാണെന്ന ഉറച്ച വിശ്വാസത്തോടെ എഴുതുകയും പ്രസംഗിക്കുകയും ചിന്തിക്കുകയും ചെയ്‌ത ആക്‌ടിവിസ്റ്റാണ് അദ്ദേഹം. `ഇസ്‌ലാമിന്റെ വിമോചന ദൗത്യം ഉയര്‍ത്തിപ്പിടിച്ച ചിന്തകന്‍' എന്ന് അടയാളപ്പെടുത്തുമ്പോള്‍ തന്നെ `പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ക്ക് സ്വീകാര്യമല്ലാത്തതാണ് അദ്ദേഹം ചിന്തിച്ചരീതി പലപ്പോഴും' എന്നൊരു ജാമ്യാപേക്ഷ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സാമാന്യേന മുസ്‌ലിം എഴുത്തുകാര്‍ അദ്ദേഹത്തെ വിലയിരുത്താറുള്ളത്.
(ഉദാ: അസ്‌ഗര്‍ അലി എന്‍ജിനീയര്‍ -അതുല്യ ധിഷണാശാലി: മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, ചന്ദ്രിക, മെയ് 19). എന്തുകൊണ്ടാണ് എന്‍ജീനയറുടെ വിമോചന ദൗത്യത്തെ മുഖവിലക്കെടുക്കാന്‍ നമുക്ക് സാധിക്കാതെ പോവുന്നത്? എന്തുകൊണ്ടാണ് പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ക്ക് സ്വീകാര്യമല്ലാത്ത അദ്ദേഹത്തിന്റെ ചിന്തകളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നാം വിശകലനം ചെയ്യാത്തത്? കുറേക്കൂടി തെളിച്ചുചോദിച്ചാല്‍ എന്തുകൊണ്ടാണ് അസ്‌ഗര്‍ അലി എന്‍ജിനീയറുടെ ഇസ്‌ലാമിക ദര്‍ശനങ്ങളെ മുസ്‌ലിംലോകം മുഖവിലക്കെടുക്കാതിരിക്കുകയും അദ്ദേഹത്തെ ഇടതുപക്ഷക്കാര്‍ക്കും മതേതര വാദികള്‍ക്കും, പുരോഗമന കലാസാഹിത്യ സംഘത്തിനുമൊക്കെ വിട്ടുകൊടുക്കുകയും ചെയ്യുന്നത്? എന്‍ജിനീയറെ ഉള്‍ക്കൊള്ളാനുള്ള ഇടം മുസ്‌ലിം മനസ്സില്‍ ഇല്ലാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് നാം ആലോചിക്കുക തന്നെ വേണം.
ഇങ്ങനെ ആലോചിക്കുമ്പോള്‍ പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ എന്ന നിര്‍വചനത്തില്‍, നമ്മുടെ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലെ പണ്ഡിതരും ഉള്‍പ്പെടുമെന്ന് ഖേദപൂര്‍വം പറയേണ്ടിവരുന്നു. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഏറ്റെടുത്തത് സ്വന്തം സമുദായമായ ദാവൂദി ബോറമാര്‍ക്കിടയിലെ പൗരോഹിത്യത്തോടുള്ള വിധേയത്വത്തിന്നെതിരായുള്ള പോരാട്ടമാണ്. മുഖ്യപുരോഹിതനായ സയ്യിദുനായുടെ യാഥാസ്ഥിതിക നിലാപാടുകളാണ് ശീഅ ഇസ്‌മായിലീ വിഭാഗമായ ബോറമാരുടെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിത്തറ. മതപുരോഹിതന്മാരുടെ കുടുംബത്തില്‍ ഒരു ആലിമിന്റെ മകനായി ജനിച്ച അസ്‌ഗര്‍ അലിയെ ആദ്യമായി അബ്ബ ബോംബെയില്‍ കൊണ്ടുപോയത് സയ്യിദുനായുടെ കാല്‍പ്പടം മുത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്.
പിന്നീട് മുംബൈ കേന്ദ്രമാക്കി അദ്ദേഹം യാഥാസ്ഥിതിക പുരോഹിതന്മാര്‍ക്കെതിരായി യുദ്ധം നയിക്കുകയും ബോറമാര്‍ക്കിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്‌തു. അഞ്ചോ ആറോ തവണ അദ്ദേഹത്തിനെതിരില്‍ വധശ്രമമുണ്ടായി. അദ്ദേഹത്തിന് ചില ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. മതപരിഷ്‌ക്കര്‍ത്താക്കള്‍ എവിടെയും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ക്ക് സമാനമാണിത്. എന്നിട്ടും അസ്‌ഗറലി എന്‍ജിനീയറെ ആദരണീയനായ ഒരു മതനവോത്ഥാന നായകനായി അംഗീകരിക്കാന്‍ സാമാന്യേന പ്രബുദ്ധമായ കേരളത്തിലെ മതസംഘടനകള്‍ പോലും തയ്യാറായിട്ടില്ല. സംഘടനകള്‍ അദ്ദേഹത്തെ വേലിപ്പുറത്ത് നിര്‍ത്തി. ഏറിവന്നാല്‍ ഒരു ലിബറല്‍ ചിന്തകനോ എഴുത്തുകാരനോ എന്ന നിലയിലുള്ള പരിഗണന അദ്ദേഹത്തിനു നല്‌കിയിട്ടുണ്ടായിരിക്കാം. അതിലപ്പുറം ഒരു ഇടം എന്‍ജിനീയര്‍ക്ക് മുസ്‌ലിം മനസ്സ് നല്‍കിയില്ല.
ഇങ്ങനെ സംഭവിക്കാന്‍ കാരണങ്ങള്‍ പലതാണ്. അവയില്‍ പ്രധാനം എന്‍ജിനീയര്‍ മതപുരോഹിതന്മാരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നതെങ്കിലും വ്യവസ്ഥാപിത മതപണ്ഡിതന്‍ ആയിരുന്നില്ല എന്നതാണ്. മൗലാനാ ആയിരുന്നില്ല അദ്ദേഹം. ജീവിത മാര്‍ഗമായി അദ്ദേഹം തെരഞ്ഞെടുത്തത് എന്‍ജിനീയറുടെ പണിയാണ്. തങ്ങളുടെ ജ്ഞാനമണ്ഡലത്തിനു പുറത്തുള്ള ഒരാളും മതകാര്യങ്ങളില്‍ ഇടപെടുന്നത് പൊതുവെ മുസ്‌ലിം പണ്ഡിതര്‍ പൊറുപ്പിക്കാറില്ല. യാഥാസ്ഥിതികരായാലും ഉല്‌പതിഷ്‌ണുക്കളായാലും ഇജ്‌തിഹാദിന്റെ വാതില്‍ അവര്‍ തങ്ങള്‍ക്കു വേണ്ടി മാത്രം തുറന്നിടുന്നു. സര്‍ദാര്‍, ഫരീദ് ഇസ്‌ഹാഖ് തുടങ്ങിയവരുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.
പരമ്പരാഗത മതപാഠശാലകളിലേക്ക് മുസ്‌ലിം സമൂഹത്തിലെ ബുദ്ധിയുള്ള കുട്ടികള്‍ പഠിക്കാന്‍ വേണ്ടി എത്താതിരിക്കുകയും അവര്‍ മറ്റു പ്രൊഫഷനുകളിലേക്ക് തിരിയുകയും ചെയ്യുന്നതാണ് ഇക്കാലത്ത് പൊതു അനുഭവം. മതപഠന കേന്ദ്രങ്ങളില്‍ എത്തുന്നത് പലപ്പോഴും പരിമിത വിഭവക്കാരാണ്. (എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ അറബിക്കോളെജുകളില്‍ പോകാറുണ്ടോ? ഡോക്‌ടറും എന്‍ജിനീയറുമാവാന്‍ യോഗ്യതയുള്ളവര്‍ മൗലവിമാരാകാറുണ്ടോ?) പരിമിത വിഭവക്കാരില്‍ നിന്ന് മൗലികചിന്തകള്‍ ഉയര്‍ന്നുവരികയില്ല. മതകാര്യങ്ങളില്‍ മൗലികമായ അന്വേഷണങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടാവാത്തത്, മതപണ്ഡിതന്മാര്‍ക്കിടയിലെ പ്രതിഭാദാരിദ്ര്യം കൊണ്ടാണ് എന്നൊരു നിരീക്ഷണമുണ്ട്. പണ്ടുകാലത്ത് അതായിരുന്നില്ല സ്ഥിതി. ഈ സാഹചര്യത്തില്‍ മതത്തെക്കുറിച്ച് മൗലികമായ ആലോചനകളുണ്ടാവുന്നത് മതപാരമ്പര്യങ്ങളില്‍ നിന്നല്ല. മതത്തിന്റെ മണ്ഡലത്തിന്നു പുറത്ത് വ്യാപരിക്കുന്നവര്‍ക്കിടയില്‍ നിന്നാണ്. പരമ്പരാഗത മതവിജ്ഞാന മണ്ഡലവും ദൈവശാസ്‌ത്രവും മൗലിക സംഭാവനകള്‍ നല്‌കാന്‍ അപര്യാപ്‌തമാവുമ്പോള്‍ ആധുനിക വിജ്ഞാനീയങ്ങളില്‍ പ്രാവീണരായവര്‍, പുതിയ അന്വേഷണങ്ങള്‍ നടത്തുന്നു എന്ന സാമാന്യവത്‌കരണത്തിലേക്കാണ് ഇത് ചെന്നെത്തുന്നത്. എന്നാല്‍ ഇത്തരം അന്വേഷണങ്ങളെ പണ്ഡിത ലോകം നിരുത്സാഹപ്പെടുത്തുന്നു. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ വേണ്ടപോലെ സ്വീകരിക്കപ്പെടാതിരുന്നതിന് ഇതൊരു കാരണമായിട്ടുണ്ടാവാം.
അസ്‌ഗര്‍ അലി എന്‍ജിനീയറുടെ ചിന്തകളില്‍ ഇസ്‌ലാമിക നൈതികതയെ അടിസ്ഥാനപരമായി പൊളിച്ചെഴുതുന്ന ഒരു ഘടകമുണ്ട്. ഏതു ദൈവിക വെളിപാടിനും ചില പശ്ചാത്തലങ്ങളുണ്ടാവും. നിലവിലുള്ള സാമൂഹിക ജീര്‍ണതയും സദാചാര ഭ്രംശവുമാണ് വെളിപാടുകളിലൂടെയുള്ള ധാര്‍മിക പുനരുത്ഥാനം അനിവാര്യമാക്കുന്നത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതായത് ദൈവിക വെളിപാടുകളെ സാമൂഹ്യ പശ്ചാത്തലത്തിന്നനുസൃതമായി പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. എന്‍ജിനീയര്‍ ഇസ്‌ലാമികമായ ജീവിതത്തെ നിര്‍വചിക്കുന്നത്, അവയുടെ കാലികതയുമായി ബന്ധപ്പെടുത്തിയിട്ടാണ് എന്നതിന് ഇതാണ് കാരണം. അപ്പോള്‍ മതനിയമങ്ങള്‍ വ്യാഖ്യാനിക്കപ്പെടുക ആറാം നൂറ്റാണ്ടിലെ ഗോത്ര സംസ്‌കൃതിയുടെ അടിസ്ഥാനത്തിലായിരിക്കുകയില്ല. ഇന്നത്തെ ബഹുസ്വര-ജനാധിപത്യ വ്യവസ്ഥകളുടെ മൂല്യസങ്കല്‌പങ്ങള്‍ക്കനുസൃതമായിരിക്കും. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഖുര്‍ആനില്‍ വിമോചന സ്വഭാവം ദര്‍ശിക്കുന്നത് ഇത്തരം മൂല്യങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാനുള്ള ശേഷി പ്രസ്‌തുത ഗ്രന്ഥത്തിന്നുണ്ട് എന്നതുകൊണ്ടാണ്. ഖുര്‍ആനില്‍ വിമോചന ദൈവശാസ്‌ത്ര ധാരകള്‍ കണ്ടെത്തുകയാണദ്ദേഹം ചെയ്യുന്നത്. പരമ്പരാഗത ചിന്തയ്‌ക്ക് ഈ കാഴ്‌ചപ്പാട് അന്യമാണ്. നമ്മുടെ നാട്ടിലെ യാഥാസ്ഥിതിക- ഉല്‌പതിഷ്‌ണു വിഭാഗങ്ങളെല്ലാം തന്നെ സാമാന്യേന വിശ്വാസാചാരങ്ങളുടെ മണ്ഡലത്തില്‍ ഇസ്‌ലാമിനെ ഒതുക്കിനിര്‍ത്താനാണ് ശ്രമിക്കുന്നത്. അടിസ്ഥാനപരമായി മത ദര്‍ശനങ്ങളില്‍ പൊളിച്ചെഴുത്ത് അവ ആഗ്രഹിക്കുന്നില്ല. അത് മതത്തിന്റെ അടിത്തറ തകര്‍ത്തേക്കാം എന്ന് അവര്‍ ഭയപ്പെടുന്നു. എന്‍ജീനയറുടെ കാഴ്‌ചപ്പാടുകളെ ഇങ്ങനെയൊരു ഭയപ്പാടോടെയാണ് മുസ്‌ലിം പൊതുധാര സമീപിക്കുന്നത്. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്‌ലാമിന്റെ വിമോചന ദൗത്യം, മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടത്ര രുചിക്കാതെ പോയതിന് ഇത് കാരണമായിട്ടുണ്ടാവാം.
ലിംഗസമത്വമാണ് എന്‍ജിനീയറുടെ മറ്റൊരു പ്രധാന പ്രമേയം. മുസ്‌ലിം സമൂഹത്തില്‍ പഴയകാലത്ത് നിലനിന്നുപോന്ന ലിംഗപരമായ അസമത്വം ആധുനിക സമൂഹത്തിന്ന് ബാധകമാക്കാമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇസ്‌ലാം പുരുഷന് സ്‌ത്രീയെക്കാള്‍ പ്രാമുഖ്യം കല്‌പിച്ച മതമാണെന്നത് ശരിതന്നെ. സ്‌ത്രീയുടെ സംരക്ഷണം എന്ന ഉത്തരവാദിത്തം ഖുര്‍ആന്‍ പുരുഷന്മാരില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു (പുരുഷന്മാര്‍ സ്‌ത്രീകളുടെ കാര്യങ്ങള്‍ കൊണ്ടുനടത്തുന്നവരാണ് 4:34). ഇതൊരു ദൈവിക വെളിപാടാകയാല്‍ ചോദ്യം ചെയ്യപ്പെടാവുന്നതല്ലെന്നാണ് പൊതു സമീപനം. കാലത്തിന് അതിനുമേല്‍ യാതൊരു സ്വാധീനവുമില്ല. എന്നാല്‍ അസ്‌ഗറലി എന്‍ജിനീയര്‍ മറ്റൊരു നിയമസിദ്ധാന്തമാണ് അവതരിപ്പിക്കുന്നത്. അതുപ്രകാരം അദ്ദേഹം മഖാസിദുല്‍ ശരീഅത്ത് (ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍), മസാലിഹുല്‍ ഉമ്മത്ത് (സമുദായ നന്മ) എന്നീ കാര്യങ്ങള്‍ കണക്കിലെടുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു ലക്ഷ്യത്തെ ആധാരമാക്കിയാണോ നിയമങ്ങള്‍ രൂപപ്പെടുത്തിയത്, അവ (മഖാസിദ്) മുന്നില്‍ കണ്ടുകൊണ്ട് മാറ്റങ്ങള്‍ വരുത്താം. സമൂഹ നന്മയാണ് കണക്കിലെടുക്കേണ്ടതെന്ന് സാരം. നിയമത്തിനുവേണ്ടി സമൂഹ നന്മയെ നിരാകരിക്കരുത്.
പതിനാലാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ച ഇമാം ശാത്വിബിയുടെ ചുവട് പിടിച്ച് സമുദായ നന്മ മുന്നില്‍ കണ്ടുകൊണ്ട് പുതിയ കാലത്ത് സ്‌ത്രീയുടെ റോള്‍ അദ്ദേഹം പുനര്‍നിര്‍വചിക്കുന്നു. അഹ്‌കാം (നിയമപരമായ ഉത്തരവാദിത്തം) സന്ദര്‍ഭത്തിന്നൊത്ത് മാറണം എന്നാണ് എന്‍ജിനീയറുടെ വാദം. അതിനു തെളിവായി ശാ വല്ലിയുല്ലാഹ് ദഹ്‌ലവിയുടെ `ഹുജ്ജത്തുല്ലാഹില്‍ ബാലിഗ' എന്ന കൃതിയിലെ പരാമര്‍ശങ്ങള്‍ അദ്ദേഹം കൊണ്ടുവരുന്നു. സ്‌ത്രീപുരുഷ ബന്ധങ്ങളെ വിലയിരുത്തുമ്പോള്‍ അസ്‌ഗര്‍ അലി എന്‍ജിനീയര്‍, കാലം സമൂഹബന്ധങ്ങളില്‍ സൃഷ്‌ടിച്ച പരിവര്‍ത്തനങ്ങളെ ഗൗരവപൂര്‍വം കണക്കിലെടുക്കുന്നു എന്നു സാരം. വ്യവസ്ഥാപിത ദൈവശാസ്‌ത്ര സ്രോതസ്സുകള്‍ക്ക് ഈ സമീപനവും സ്വീകാര്യമാവുകയില്ല.
ബഹുസ്വര സമൂഹങ്ങളില്‍ മുസ്‌ലിംകള്‍ എപ്രകാരമായിരിക്കണം ജീവിക്കേണ്ടത് എന്നതിനെക്കുറിച്ചും എന്‍ജിനീയര്‍ക്ക് വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. ജനാധിപത്യ-മതേതര വ്യവസ്ഥയാണ് അദ്ദേഹം മനസ്സില്‍ കണ്ട മാതൃക. ഇസ്‌ലാമിന്ന് രാഷ്‌ട്രീയാധികാര വ്യവസ്ഥ എന്ന സങ്കല്‌പമുണ്ട് എന്ന വാദത്തെ ഖണ്ഡിക്കാന്‍ വേണ്ടി `ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന കനപ്പെട്ട ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട് അദ്ദേഹം. രാഷ്‌ട്രീയ ഇസ്‌ലാമിനെ അദ്ദേഹം നിരാകരിച്ചു. പുതിയ കാലത്ത് ലോകത്തുടനീളം രാഷ്‌ട്രീയ ഇസ്‌ലാം, ആധുനിക ജനാധിപത്യ ക്രമവുമായി ഏറ്റുമുട്ടുകയും ഇസ്‌ലാമിക തീവ്രവാദം ഒരു ഉപോല്‍പന്നമായി നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നു. അവയുടെ കാര്യകാരണങ്ങള്‍ വളരെ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്, അതോടൊപ്പം പല മുന്‍വിധികളും ധാരണകളും വെളിപ്പെടുത്തേണ്ടതുമുണ്ട്. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഏതായാലും മതതീവ്രവാദത്തിന് തീര്‍ത്തും എതിരാണ്. ഗാന്ധിയുടെ ആശ്രമം സ്ഥിതിചെയ്യുന്ന വാര്‍ദ്ധയില്‍ ചെലവഴിച്ച ബാല്യത്തിന്റെ ഓര്‍മകള്‍ മൂലമാവാം, സമാധാനത്തിന്റെ പാതയാണ് അദ്ദേഹത്തിന്ന് ഇഷ്‌ടം.
കമ്യൂണിസത്തോടുള്ള എന്‍ജീയനറുടെ `പ്രതിപത്തി'യും വിമര്‍ശിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് സഹയാത്രികനാണ് അദ്ദേഹം എന്നു കരുതുന്നവര്‍ പോലുമുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളോടും മറ്റും അദ്ദേഹം പുലര്‍ത്തുന്ന താല്‌പര്യമാവാം ഒരുപക്ഷേ ഇങ്ങനെയൊരു ധാരണ വളരാന്‍ കാരണം. എന്നാല്‍ അസ്‌ഗര്‍ അലി എന്‍ജിനീയര്‍ കമ്യൂണിസ്റ്റല്ല. ചെറുപ്പത്തില്‍ കടുത്ത കമ്യൂണിസ്റ്റ് വിരോധിയായിരുന്ന തന്നെ മാര്‍ക്‌സിസം `കീഴടക്കി'യതായി അദ്ദേഹം ആത്മകഥയില്‍ സമ്മതിക്കുന്നു. അതിന്നു കാരണം പക്ഷേ, മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങളോട് അടുത്തു നില്‌ക്കുന്നു എന്നതാണ്. മാര്‍ക്‌സിസ്റ്റാവണമെങ്കില്‍ നിരീശ്വരവാദിയാകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്. മാര്‍ക്‌സിസത്തെയും ഇസ്‌ലാമിനെയും കൂട്ടിയിണക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മുസ്‌ലിം ഉലമ എന്‍ജിനീയറെ വിലയിരുത്തിയത് ഇതുകൂടി കണക്കിലെടുത്താവാം.
അസ്‌ഗറലി എന്‍ജിനീയറുടെ ജീവിതവും ചിന്തകളും, മുസ്‌ലിം പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് കുറേക്കൂടി ഗൗരവതരമായ പരിഗണന അര്‍ഹിക്കുന്നു എന്ന് തീര്‍ച്ച. അദ്ദേഹം, നേരു പറഞ്ഞാല്‍ ഒരു `ക്രിറ്റിക്കല്‍ ഇന്‍സൈഡര്‍' ആയിരുന്നു. വിശ്വാസി ആയിരിക്കെ തന്നെ ഇസ്‌ലാമിന്റെ വിമോചന ദൗത്യങ്ങള്‍ ഉള്‍ക്കൊള്ളുകയും അതിന്നുവേണ്ടി ദൈവശാസ്‌ത്രത്തെ പുനസ്സംവിധാനം ചെയ്യണമെന്ന് കരുതുകയും ചെയ്‌ത ചിന്തകന്‍. ഇത്തരം വിപ്ലവകാരികള്‍ പലപ്പോഴും അംഗീകരിക്കപ്പെടാറില്ലെന്നതാണ് ലോകഗതി.
0 comments: