മൂല്യാധിഷ്‌ഠിതമാകട്ടെ കരിയര്‍ സ്വപ്‌നങ്ങള്‍

  • Posted by Sanveer Ittoli
  • at 9:35 AM -
  • 0 comments
മൂല്യാധിഷ്‌ഠിതമാകട്ടെ കരിയര്‍ സ്വപ്‌നങ്ങള്‍

നൗഷാദ്‌ അരീക്കോട്‌
പരീക്ഷാഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും പുതിയ കോഴ്‌സുകളുടെയും കോളെജുകളുടെയും അന്വേഷണ വഴിയിലാണിപ്പോള്‍. എല്ലാ കോഴ്‌സുകളും ഓരോ കരിയര്‍ അഥവാ തൊഴില്‍ മേഖലയെ ലക്ഷ്യംവെച്ചുള്ളതാണ്‌. ഇന്ന്‌ കോഴ്‌സുകളെല്ലാം സ്വാശ്രയം, സൗജന്യം എന്നിങ്ങനെ വിഭജിക്കപ്പെട്ടുകഴിഞ്ഞു. ആഗ്രഹിക്കുന്ന കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ സമ്പന്ന രക്ഷിതാക്കളുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടേണ്ടിവരില്ല. താരതമ്യേന കുറവു സീറ്റുകളേ സര്‍ക്കാറിന്റെ സൗജന്യ വിഭാഗത്തിലുള്ളൂവെങ്കിലും സമ്പന്നരിലെ മിടുക്കര്‍ അതും തേടിപ്പോകുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. എന്നാല്‍ കോഴ്‌സുകള്‍ കഴിഞ്ഞുള്ള കരിയറിലെത്തുമ്പോള്‍ അവയില്‍ വിജയിക്കാന്‍ സമ്പന്ന, ദാരിദ്ര്യ ഭേദമില്ലാതെ പ്രയാസപ്പെടുന്ന കാഴ്‌ചയാണിന്ന്‌ കാണുന്നത്‌.കോഴ്‌സുകള്‍ കരിയര്‍ ലക്ഷ്യം വെച്ചുള്ളതാകുമ്പോള്‍ കരിയര്‍ തെരഞ്ഞെടുപ്പാണ്‌ പ്രാധാന്യമെന്നത്‌ വിസ്‌മരിക്കരുത്‌. കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ക്രമപ്പെടുത്തേണ്ടതുണ്ട്‌. തനിക്കും തന്നെ ആശ്രയിക്കുന്നവര്‍ക്കും ജീവിതകാലം മുഴുവര്‍ ആശ്രയിക്കാവുന്നതും അഭിമാനത്തോടെയും സന്തോഷത്തോടെയും ചെയ്‌തുതീര്‍ക്കാവുന്നതുമായിരിക്കണം തന്റെ കരിയര്‍. ഹ്രസ്വകാല മെച്ചങ്ങള്‍, കേവല മിഥ്യാബോധം, വിവാഹമാര്‍ക്കറ്റ്‌, സമൂഹത്തിലെ സ്ഥാനമഹിമ ഇതെല്ലാം മനസ്സില്‍വെച്ച്‌ കരിയര്‍ ലക്ഷ്യമിടരുത്‌. കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ കരിയര്‍ മൂല്യങ്ങള്‍ വിലയിരുത്തണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ആ മൂല്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണം.
പുതിയ കാലത്ത്‌ നമുക്കുചുറ്റും നിരവധി തൊഴില്‍ മേഖലകള്‍ രൂപംകൊണ്ടിട്ടുണ്ട്‌. അവയെല്ലാം വളരെ ആകര്‍ഷണീയമായവയാണ്‌. കുട്ടികള്‍ അവയ്‌ക്ക്‌ ചുറ്റുമാണ്‌. അവരെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. രക്ഷിതാക്കളിലൂടെ അവര്‍ക്ക്‌ ലഭിക്കുന്ന പ്രചോദനവും അവ ലക്ഷ്യം വെച്ചുള്ളതാണ്‌.
സാമൂഹ്യനന്മയ്‌ക്ക്‌
കരിയര്‍ മൂല്യങ്ങളില്‍ എപ്പോഴും മുന്നില്‍ വെക്കേണ്ടത്‌ സാമൂഹ്യ നന്മയായിരിക്കണം. താന്‍ തെരഞ്ഞെടുക്കുന്ന കരിയര്‍ താന്‍ ജീവിക്കുന്ന സമൂഹത്തിന്‌ ഗുണപ്രദമാവുന്നതായിരിക്കണം. തന്റെ തൊഴിലിലൂടെ സമൂഹത്തിന്‌ ഗുണകരമാവുന്ന എന്തെങ്കിലും ചെയ്യാനാവണമെന്ന ബോധം മക്കളിലുണ്ടാവണം. ഒരു കരിയര്‍ ക്ലാസിലെ അനുഭവം പറയാം: തങ്ങള്‍ക്കിഷ്‌ടപ്പെട്ട ഒരു കരിയര്‍ പറയാനാവശ്യപ്പെട്ടപ്പോള്‍ രണ്ട്‌ കുട്ടികള്‍ പറഞ്ഞത്‌ ഒരേ കരിയര്‍; ഡോക്‌ടര്‍. രണ്ടാളും അതിന്‌ നല്‌കിയ മൂല്യം വ്യത്യസ്‌തം. ഒരാള്‍ അതുവഴി ധാരാളം പണമുണ്ടാക്കാമെന്ന്‌ പറഞ്ഞപ്പോള്‍, രണ്ടാമത്തെയാള്‍ക്ക്‌ അത്‌ തന്റെ ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക്‌ സൗജന്യ ചികിത്സക്കുള്ള വഴിയായിരുന്നു. ഇതില്‍ രണ്ടാമത്‌ പറഞ്ഞവന്റെ മൂല്യമാണ്‌ ശ്രദ്ധേയമാവുന്നത്‌. ഏത്‌ കരിയറും ലക്ഷ്യമിടുമ്പോള്‍ സമൂഹനന്മയായിരിക്കണം പ്രചോദനമാവേണ്ടതെന്ന്‌ പണസമ്പാദനം ലക്ഷ്യംവെച്ച കുട്ടിയെ ഓര്‍മപ്പെടുത്തിയപ്പോള്‍ കിട്ടിയ മറുപടി രസാവഹം: കുറെ പണം കിട്ടിയാല്‍ ഞാന്‍ സകാത്ത്‌ നല്‌കും. അതുവഴി സമൂഹത്തെ സേവിക്കാം! എങ്ങിനെയുണ്ട്‌ ന്യൂ ജനറേഷന്‍?
പുതിയ ടെക്‌നോളജി പണസമ്പാദനത്തിന്‌ മാത്രമല്ലെന്ന്‌ ഓര്‍ക്കണം. ലോകത്തിലെ മൂന്നാമത്തെ സമ്പന്നനെന്നറിയപ്പെടുന്ന വാറന്‍ ബഫറ്റ്‌ തന്റെ സ്ഥാപനത്തിലെ ടെക്‌നോളജിയും മികവും നേടിയത്‌ സമൂഹ നന്മയിലൂടെയായിരുന്നു. പണം മനുഷ്യനിര്‍മിതമാണെന്നും മനുഷ്യന്‍ അതിന്റെ അടിമയാവരുതെന്നും വാറന്‍ ബഫറ്റിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പുതുതലമുറ പണം ലക്ഷ്യമാക്കിയാണ്‌ കരിയര്‍ തെരഞ്ഞെടുക്കുന്നത്‌. അത്യന്തം അപകടകരമായ പ്രവണതയാണത്‌.
ആദര്‍ശാധിഷ്‌ഠിതമായ തൊഴില്‍മേഖല
തനിക്കിണങ്ങുന്ന കരിയര്‍ തന്റെ ആദര്‍ശത്തെയും വിശ്വാസത്തെയും ബലികൊടുക്കുന്നതാവരുത്‌. ചില തൊഴില്‍ ചുറ്റുപാടുകളില്‍ നാം പഠിച്ചുശീലിച്ചുപോന്ന വിശ്വാസാദര്‍ശങ്ങള്‍ നഷ്‌ടപ്പെടാനുള്ള സാധ്യതകള്‍ ധാരാളമാണ്‌. അപാരവും അചഞ്ചലവുമായ വിശ്വാസനിഷ്‌ഠയുള്ളവര്‍ക്കേ അവിടം പിടിച്ചുനില്‍ക്കാനാവൂ. തന്റെ മതവിശ്വാസ മൂല്യങ്ങള്‍, തന്റെ കര്‍മാനുഷ്‌ഠാനങ്ങള്‍, ഭക്ഷണരീതി, വസ്‌ത്രധാരണം, ഇടപഴകലുകള്‍ എന്നിവക്ക്‌ കോട്ടം തട്ടുന്നതാവരുത്‌ എന്റെ തൊഴില്‍. വളഞ്ഞ വഴിയിലൂടെ പണം നേടാമെന്ന താല്‌പര്യത്തോടെ കരിയര്‍ തേടുന്നവരുണ്ട്‌. രക്ഷിതാക്കള്‍ക്ക്‌ അറിയാമായിരുന്നിട്ടും അവരിതിന്‌ പ്രചോദകരാവുന്നു. എയര്‍ഹോസ്റ്റസ്‌ സെലക്‌ഷന്‍ ലഭിച്ച്‌ എന്റെയടുത്ത്‌ വന്ന കുട്ടിയോട്‌ ആദര്‍ശമൂല്യങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിച്ചപ്പോള്‍ ആ കുട്ടിയും പിതാവും ആ മേഖലയില്‍ നിന്ന്‌ പിന്മാറുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ ആ തൊഴില്‍ രംഗത്ത്‌ ആദര്‍ശനിഷ്‌ഠയോടെ ജോലി ചെയ്യുന്നവരുമുണ്ട്‌ എന്നോര്‍ക്കണം. അതവരുടെ വിശ്വാസക്കരുത്ത്‌ കൊണ്ടാണ്‌ സാധ്യമാകുന്നത്‌.
ഇന്ത്യയെപ്പോലെയുള്ള തൊഴിലില്ലായ്‌മ രൂക്ഷമായ ഒരു രാജ്യത്ത്‌ ലഭ്യമായ ഒരു ജോലി സ്വീകരിക്കേണ്ടിവരുന്നവരുണ്ടാവാം. പകരം മറ്റൊരു ജോലിയോ സാഹചര്യമോ ഉണ്ടാവുമ്പോള്‍ കരിയര്‍ മാറാനുള്ള മനോഭാവവും അവര്‍ നേടേണ്ടതുണ്ട്‌.
അധികാരവും അംഗീകാരവും നിര്‍ഭയത്വവും മൂല്യങ്ങളാവുമ്പോള്‍
അധികാരമുള്ളതും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാവുന്നതുമായ തൊഴില്‍ മേഖലയ്‌ക്ക്‌ പ്രധാന്യം നല്‍ കേണ്ടതുണ്ട്‌. കേവലം സാധാരണ ഗുമസ്‌തപണി മാത്രം ലക്ഷ്യവെച്ചാവരുത്‌ നമ്മുടെ പഠനം, സിവില്‍ സര്‍വീസിന്റെ ഉന്നതസ്ഥാനങ്ങള്‍ നമ്മുടെ സ്വപ്‌നമാവണം. ബിരുദമാണ്‌ ഇവ രണ്ടിനുമുള്ള യോഗ്യതയെന്നോര്‍ക്കണം. അധികാര ദുര്‍വിനിയോഗമാവരുത്‌ ലക്ഷ്യം. മറിച്ച്‌, അധികാരത്തിലൂടെ സമൂഹനന്മയാവണം.
ഒരു തൊഴിലില്‍ ഒരാളെ പിടിച്ചുനിര്‍ത്തുന്നത്‌ അതില്‍ നിന്നും ലഭിക്കുന്ന അംഗീകാരങ്ങളും അവ നിര്‍ഭയത്വത്തോടെ ചെയ്യാനുള്ള സാഹചര്യവുമാണ്‌. അംഗീകാരം, സ്ഥാനക്കയറ്റം, നിര്‍ഭയത്വം എന്നിവയിലൂടെ ആ തൊഴിലിലെ ആത്മവിശ്വാസമാണ്‌ ഉയരുന്നത്‌. പണസമ്പാദനം മുഖ്യലക്ഷ്യമാക്കുമ്പോള്‍ നഷ്‌ടപ്പെടുന്നത്‌ ഇത്തരത്തിലുള്ള മൂല്യങ്ങളാണ്‌. മനസ്സമാധാനം ഏതൊരു തൊഴിലിനും അവിഭാജ്യമായ മൂല്യമാണ്‌. ഇന്ന്‌ യുവാക്കള്‍ അനുഭവിക്കുന്ന ടെന്‍ഷനും മാനസികാസ്വസ്ഥതയും കരിയറിലെ മൂല്യശോഷണം വഴി ലഭിക്കുന്ന പ്രശ്‌നങ്ങളാണെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: