മലേഷ്യ മാറ്റമില്ലാതെ ബാരിസാന്‍

  • Posted by Sanveer Ittoli
  • at 10:05 AM -
  • 0 comments
മലേഷ്യ മാറ്റമില്ലാതെ ബാരിസാന്‍
മുനീര്‍ മുഹമ്മദ്‌ റഫീഖ്‌
ഈ മാസം മെയ്‌ 5-ന്‌ മലേഷ്യയില്‍ നടന്ന രാജ്യത്തിന്റെ പതിമൂന്നാമത്‌ പൊതു തെരെഞ്ഞടുപ്പ്‌ ലോകമാധ്യമങ്ങള്‍ വളരെ പ്രാധാന്യപൂര്‍വമാണ്‌ നിരീക്ഷിച്ചത്‌. ബ്രിട്ടീഷ്‌ അധിനിവേശത്തില്‍ നിന്ന്‌ 1957-ല്‍ സ്വാതന്ത്യം നേടിയതു മുതല്‍ രാജ്യം ഭരിച്ചുപോരുന്ന ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‌ ഈ തെരഞ്ഞെടുപ്പോടെ അവസാനമാകുമോ എന്ന ആകാംക്ഷയാണ്‌ രാജ്യത്തിന്നകത്തും പുറത്തുമുള്ള രാഷ്‌ട്രീയ നിരീക്ഷകരെ മലേഷ്യന്‍ തെരഞ്ഞെടുപ്പിനെ സാകൂതം വീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്‌.
തെരഞ്ഞെടുപ്പ്‌ ദിവസം വരെയും ഭരണമാറ്റത്തിന്റെ എല്ലാ സാധ്യതയും പ്രവചിച്ചുകൊണ്ടായിരുന്നു അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ നിരീക്ഷണങ്ങള്‍. അല്‍ജസീറയും ബി ബി സിയും, അന്‍വര്‍ ഇബ്‌റാഹിമുമായി ഇന്റര്‍വ്യൂ നടത്തിയ ഒരു ആസ്‌ത്രേലിയന്‍ പത്രവും ഭരണമാറ്റം പ്രവചിച്ചുകൊണ്ടാണ്‌ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
എന്നാല്‍ തെരഞ്ഞെടുപ്പ്‌ അവസാനിക്കുമ്പോള്‍ ലഭിക്കുന്ന മലേഷ്യയുടെ രാഷ്‌ട്രീയ ചിത്രം, 222 പാര്‍ലമെന്റ്‌ സീറ്റുകളില്‍ 133 സീറ്റുകളും നേടി ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി തന്നെ അധികാരത്തിലേറിയെന്നതാണ്‌. മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി പകതാന്‍ റകയാത്‌ 2008-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ചെങ്കിലും ഭരണകക്ഷിയെ താഴെയിറക്കാമെന്ന കണക്കുകൂട്ടലുകള്‍ വിജയിച്ചില്ല.
2004 മുതല്‍ രാജ്യത്ത്‌ പാര്‍ലമെന്റ്‌ സീറ്റുകളിലേക്കും സംസ്ഥാന ഭരണസഭയായ നിയമ സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ്‌ ഒരുമിച്ചാണ്‌ നടന്നുവരുന്നത്‌. ഇരു സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും മെയ്‌ 5-ന്‌ തന്നെയായിരുന്നു. രണ്ട്‌ കോടി എണ്‍പത്‌ ലക്ഷം മാത്രം ജനസംഖ്യയുള്ള മലേഷ്യയില്‍ വോട്ടര്‍മാര്‍ അതിന്റെ മൂന്നില്‍ രണ്ടേ വരൂ. ഇന്ത്യയിലെ പോലെ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടത്തുകയും ഫലപ്രഖ്യാപനത്തിന്‌ ദിവസങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥ മലേഷ്യയിലില്ല. ഒറ്റ ദിവസം തന്നെ നടക്കുന്ന പാര്‍ലമെന്ററി-ലെജിസ്ലേറ്റീവ്‌ തെരഞ്ഞെടുപ്പുകളുടെ ഫലം അന്ന്‌ അര്‍ധരാത്രിയോടു കൂടി അറിയാനാകും.
മലേഷ്യയിലെ യുവതലമുറയും വലിയൊരു വിഭാഗം ജനതയും പ്രതിപക്ഷ നേതാവ്‌ അന്‍വര്‍ ഇബ്‌റാഹീമിനോടൊപ്പമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. തെരഞ്ഞടുപ്പിന്‌ തൊട്ടുമുമ്പുള്ള രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളില്‍ പ്രതിപക്ഷത്തിനും വളരെയധികം വിജയസാധ്യത കല്‌പിക്കപ്പെട്ടിരുന്നു. പതിനഞ്ച്‌ വര്‍ഷം മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടനം ഒട്ടും മോശമല്ലായെന്നു തന്നെയാണ്‌ തെരഞ്ഞെടുപ്പിനെ മൊത്തം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്‌. തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടുകളില്‍ 52 ശതമാനം വോട്ടുകളും നേടിയത്‌ പ്രതിപക്ഷ പാര്‍ട്ടികളാണ്‌. എന്നാല്‍ മത്സരിച്ച പാര്‍ലമെന്ററി സീറ്റുകളില്‍ ഭൂരിപക്ഷത്തിലും വിജയിക്കാന്‍ കഴിഞ്ഞതിനാലാണ്‌ ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റിയത്‌. മലേഷ്യയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനമാണ്‌ ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി കാഴ്‌ച വെച്ചത്‌. മൊത്തം വോട്ടുകളില്‍ 48% വോട്ടുകളാണ്‌ പാര്‍ട്ടിക്ക്‌ നേടാനായത്‌. വിജയിച്ച അധിക സീറ്റുകളിലും വളരെ കുറഞ്ഞ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. പാര്‍ട്ടി ഏറ്റവും കുറവ്‌ പാര്‍ലമെന്ററി സീറ്റുകള്‍ നേടുന്ന തെരഞ്ഞെടുപ്പാണിത്‌. പോരാത്തതിന്‌ വിജയിച്ച പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം പാര്‍ട്ടിയുടെ പ്രതിഛായയെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്‌. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മലേഷ്യന്‍ ഭാവി രാഷ്‌ട്രീയത്തില്‍ പ്രതിപക്ഷ കക്ഷിയായ പകതാന്‍ റക്‌യാതിന്‌ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്‌ ഈ തെരഞ്ഞെടുപ്പ്‌.
മലേഷ്യയുടെ രാഷ്‌ട്രീയ ചരിത്രം
ആധുനിക മലേഷ്യയുടെ രാഷ്‌ട്രീയ ചരിത്രം ആരംഭിക്കുന്നത്‌ സാമ്രജ്യത്വ രാജ്യമായിരുന്ന ബ്രിട്ടനില്‍ നിന്ന്‌ 1957-ല്‍ രാജ്യം രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടുന്നതോടു കൂടിയാണ്‌. ബ്രിട്ടന്റെ ഏറ്റവും വലിയ കോളനിയായിരുന്ന ഇന്ത്യ 1947-ല്‍ സ്വതന്ത്രമായതോടെ തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ബ്രിട്ടന്‌ കാലിടറുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തു തന്നെ ബ്രിട്ടന്‍ മലേഷ്യയില്‍ സാന്നിധ്യമുറപ്പിച്ചുവെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം മലേഷ്യയെ പൂര്‍ണമായും കോളനിവത്‌കരിക്കുന്നത്‌. ഒരു നൂറ്റാണ്ടിലധികം ബ്രിട്ടന്റെ കോളനി രാജ്യമായിരുന്ന മലേഷ്യ 1957-ല്‍ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യത്തിന്റെ നീതിന്യായ-ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ പൂര്‍ണമായും ബ്രിട്ടീഷ്‌ രീതിയില്‍ തന്നെ തുടരുകയായിരുന്നു. ബ്രിട്ടന്റെ വെസ്റ്റ്‌മിനിസ്റ്റര്‍ ഭരണരീതി പിന്തുടരുന്ന മലേഷ്യയില്‍ ഭരണ സഭയായ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരണം നിര്‍വഹിക്കുകയും രാജകുടുംബത്തിന്‌ നാമമാത്രമായ പദവികള്‍ നല്‍കിവരികയും ചെയ്യുന്നു. ബഹു കക്ഷി ഭരണ സമ്പ്രദായമാണ്‌ സ്വാതന്ത്ര്യാനന്തര കാലം മുതല്‍ക്കു തന്നെ മലേഷ്യയില്‍. അലയന്‍സ്‌ പാര്‍ട്ടി എന്ന കൂട്ടുമുന്നണിയാണ്‌ 1973 വരെയും രാജ്യത്ത്‌ ഭരണം നടത്തിയത്‌. അലയന്‍സ്‌ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരാണ്‌ ഇന്ന്‌ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി. ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയിലെ മുഖ്യ കക്ഷിയായ യുണൈറ്റഡ്‌ മലയ്‌ നാഷനല്‍ ഓര്‍ഗനൈസേഷന്‍ (UMNO) അടങ്ങുന്ന പാര്‍ട്ടിയാണ്‌ ഇതുവരെയും മലേഷ്യ ഭരിച്ചത്‌.
രാജ്യം ശ്രദ്ധേയമായ സാമ്പത്തിക പുരോഗതി കൈവരിക്കുകയും, ആധുനികവത്‌കരണം വഴി വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ ഉയരുകയും ചെയ്യുന്നത്‌ സ്വതന്ത്ര മലേഷ്യയുടെ നാലാമത്തെ പ്രധാന മന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദിന്റെ ഭരണ കാലത്താണ്‌. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയെന്ന ബഹുമതിയുള്ള മഹാതീര്‍ മുഹമ്മദ്‌ 1981-ലാണ്‌ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്‌. അഞ്ച്‌ പ്രാവശ്യം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പ്രധാനമന്ത്രി പദത്തിലെത്തിയ മഹാതീര്‍ 2003-ലാണ്‌ രാജിവെക്കുന്നത്‌. 1990-കള്‍ മുതല്‍ 2000 വരെയുള്ള മലേഷ്യയുടെ ചരിത്രം സാമ്പത്തിക വിജയത്തിന്റെയും വികസനത്തിന്റേതുമാണ്‌. 2003-ല്‍ മഹാതീറിന്റെ രാജിക്ക്‌ ശേഷം ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയിലെ തന്നെ അബ്ദുല്ല അഹ്‌മദ്‌ ബദവിയാണ്‌ രാജ്യം ഭരിച്ചത്‌. 2009-ല്‍ ഇദ്ദേഹത്തിന്റെ രാജിക്കു ശേഷമാണ്‌ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നജീബ്‌ റസാഖ്‌ അധികാരത്തില്‍ വരുന്നത്‌.
മലേഷ്യന്‍ രാഷ്‌ട്രീയത്തിലെ മുഖ്യ പാര്‍ട്ടികളുടെ നയ സമീപനങ്ങളില്‍ കാര്യമായ അന്തരമില്ല. മലേഷ്യന്‍ ദേശീയതയും സംസ്‌കാരവും രാജ്യത്തിന്റെ ഇസ്‌ലാമിക പാരമ്പര്യവും വംശവൈവിധ്യവും ഇരു പാര്‍ട്ടികളുടെയും മുന്‍നിര അജണ്ടകളില്‍പെട്ടതാണ്‌. രാജ്യത്തിന്റെ ദേശീയ ഐക്യവും മലേഷ്യയുടെ വംശീയവും മതപരവുമായ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന `സാതു മലേഷ്യ' (ഒറ്റ മലേഷ്യ) എന്ന മുദ്രാവാക്യവുമായാണ്‌ ഭരണ കക്ഷിയിലെ മുഖ്യ പാര്‍ട്ടിയായ ഉംനോ (യുണൈറ്റഡ്‌ മലയ്‌ നാഷനല്‍ ഓര്‍ഗനൈസേഷന്‍) യുടെ അധ്യക്ഷനും നിലവിലെ പ്രധാനമന്ത്രിയുമായ നജീബ്‌ റസാഖ്‌ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഇറങ്ങിയത്‌. തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ക്കു മുമ്പ്‌ തന്നെ പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയിലെ പ്രമുഖരുടെയും വലിയ കട്ടൗട്ടുകളും കൊടി തോരണങ്ങളും കൊണ്ട്‌ അലംകൃതമായിരുന്നു കൊലാംലംപൂര്‍ നഗരം മുഴുവനും. വളരെ വൈകിയാണെങ്കിലും പ്രതിപക്ഷവും തെരഞ്ഞെടുപ്പ്‌ പ്രചാരണവുമായി രംഗത്തുവന്നത്‌ മത്സരം വാശിയേറിയതാക്കി. പ്രതിപക്ഷമില്ലാത്ത ദീര്‍ഘ കാലത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമാണ്‌ ഇന്നത്തെ മലേഷ്യന്‍ രാഷ്‌ട്രീയ സാഹചര്യം.
അന്‍വര്‍ ഇബ്‌റാഹീമിന്റെ തിരിച്ചുവരവും പ്രതിപക്ഷ പാര്‍ട്ടികളും
മലേഷ്യന്‍ രാഷ്‌ട്രീയത്തില്‍ മഹാതീര്‍ കഴിഞ്ഞാല്‍ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തിയാണ്‌ പ്രതിപക്ഷ നേതാവായ അന്‍വര്‍ ഇബ്‌റാഹിം. മഹാതീറിന്റെ ഭരണകാലത്ത്‌ ഡെപ്യൂട്ടി പ്രധാനമന്തിയായും സാമ്പത്തികകാര്യ മന്ത്രിയായും ശോഭിച്ച അന്‍വര്‍ ഇബ്‌റാഹിമിന്‌ ആധുനിക മലേഷ്യയുടെ വികസനത്തില്‍ മഹാതീറിനോളം തന്നെ സ്ഥാനമുണ്ട്‌. മഹാതീറിന്റെ ഭരണ കാലത്ത്‌ പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ഒരുവേള പ്രധാന മന്ത്രിയെക്കാള്‍ ജനസമ്മതി നേടുകയും ചെയ്‌ത നേതാവാണ്‌ അദ്ദേഹം. മലേഷ്യയുടെ പ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ടുള്ള വികസന ഫോര്‍മുലയും, 1997-ല്‍ ഏഷ്യന്‍ രാജ്യങ്ങളെ ബാധിച്ച വന്‍ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന്‌ രാജ്യത്തെ രക്ഷപ്പെടുത്തിയതിലുമുള്ള ക്രെഡിറ്റ്‌ സാമ്പത്തിക വിദഗ്‌ധന്‍ കൂടിയായ അന്‍വര്‍ ഇബ്‌റാഹിമിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. കുറഞ്ഞ കാലം, മഹാതീറിന്റെ അഭാവത്തില്‍ മലേഷ്യയുടെ പ്രധാനമന്ത്രിയായി ഭരണം നടത്തിയ അന്‍വര്‍ ഇബ്‌റാഹിമിന്റെ അക്കാലത്തെ നയനിലപാടുകളില്‍ മഹാതീറിന്‌ വിയോജിപ്പുണ്ടായതാണ്‌ അദ്ദേഹത്തിനെതിരെ പല ആരോപണങ്ങള്‍ ഉയര്‍ന്നുവരാനും പിന്നീട്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടാനും ഇടയാക്കിയത്‌.
മഹാതീര്‍ സ്വീകരിച്ചുപോന്ന നവ മുതലാളിത്ത ഉദാരവത്‌കരണ സമീപനങ്ങള്‍ക്കെതിരെ തൊണ്ണൂറുകളുടെ അവസാനത്തില്‍ അന്‍വര്‍ ഇബ്‌റാഹിം ശക്തമായി രംഗത്തുവന്നു. സ്വവര്‍ഗരതിയും സാമ്പത്തിക തിരിമറികളും ആരോപിക്കപ്പെട്ട്‌ 1998-ല്‍ ജയിലിലാകുന്നതിന്‌ മുമ്പുതന്നെ ഭരണ കൂടത്തിനെതിരെ പല പ്രതിഷേധറാലികളും അന്‍വര്‍ ഇബ്‌റാഹിം സംഘടിപ്പിച്ചിരുന്നു. അദ്ദേഹം ജയിലിലായിരുന്ന കാലത്ത്‌ ഭാര്യ വാന്‍ അസീസയുടെ നേതൃത്വത്തില്‍ 1999-ലാണ്‌ പാര്‍ട്ടി കെഡിലാന്‍ റക്‌യാത്‌ (പീപിള്‍സ്‌ ജസ്റ്റിസ്‌ പാര്‍ട്ടി) രൂപീകരിക്കപ്പെടുന്നത്‌. 2004-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വാന്‍ അസീസ വിജയിക്കുകയും 2007-ല്‍ ഭര്‍ത്താവ്‌ ജയില്‍ മോചിതനാകും വരെയും പാര്‍ട്ടി അധ്യക്ഷയായി തുടരുകയും ചെയ്‌തു. 2008-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച അന്‍വര്‍ ഇബ്‌റാഹിം പാര്‍ലമെന്റ്‌ അംഗവും പ്രതിപക്ഷ നേതാവുമായി. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന ഒരു വര്‍ഷം മുമ്പ്‌ കോടതിയുടെ കണ്ടെത്തലും അന്‍വര്‍ ഇബ്‌റാഹിമിന്റെ ജനപിന്തുണ വലിയ അളവില്‍ കൂട്ടിയിട്ടുണ്ടെന്നുവേണം കരുതാന്‍. പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ അന്‍വര്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്‌. ഫലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം, ഇസ്‌റാഈല്‍-അമേരിക്കന്‍ ലോബിയുമായുള്ള മലേഷ്യന്‍ ഗവണ്‍മെന്റിന്റെ കൂട്ടുകെട്ടിനെതിരെയുള്ള ശക്തമായ പ്രതിഷേധം, ഇസ്‌ലാമിന്റെ മധ്യമ നിലപാടുകള്‍ തുടങ്ങി അന്‍വര്‍ ഇബ്‌റാഹിമിലേക്ക്‌ മലേഷ്യന്‍ ജനതയെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌.
അന്‍വര്‍ ഇബ്‌റാഹിമിന്റെ പാര്‍ട്ടിയായ പീപിള്‍സ്‌ ജസ്റ്റിസ്‌പാര്‍ട്ടിയും ഇസ്‌ലാമിക പാര്‍ട്ടിയായ പാസും (പാര്‍ട്ടി ഇസ്‌ലാംസെ മലേഷ്യ) ചൈനീസ്‌ വംശജര്‍ക്ക്‌ ഭൂരിപക്ഷമുള്ള സെക്യുലര്‍ പാര്‍ട്ടിയായ ഡി എ പി (ഡെമോക്രാറ്റിക്‌ ആക്ഷന്‍ പാര്‍ട്ടി) യും കൂടിച്ചേര്‍ന്നതാണ്‌ പ്രതിപക്ഷ കക്ഷിയായ പകതാന്‍ റക്‌യാത്‌. ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയുടെ അഴിമതി നിറഞ്ഞ ഭരണ നിര്‍വഹണത്തില്‍ നിന്ന്‌ മോചനം വാഗ്‌ദാനം ചെയതുകൊണ്ടാണ്‌ പ്രതിപക്ഷ കക്ഷി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്‌. സാധാരണക്കാര്‍ക്കു കൂടി ഉപകാരപ്രദമാകുന്ന വികസന പ്രക്രിയകളെ സ്വാഗതം ചെയ്യുമെന്നും മലേഷ്യന്‍ നിരത്തുകളുടെ ചുങ്കപ്പിരിവ്‌, പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ എടുത്തുകളയുമെന്നുമുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളും മലേഷ്യന്‍ ജനതയെ സ്വാധീനിച്ചിട്ടുണ്ടന്നാണ്‌ കരുതുന്നത്‌.
പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷിയായ ഇസ്‌ലാമിക പാര്‍ട്ടി പാസ്‌ `ഹുദൂദ്‌' (ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍) മലേഷ്യയില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ വലിയ വിവാദമായിരുന്നു. മലേഷ്യന്‍ ജനതയുടെ ഇരുപത്‌ ശതമാനത്തിലധികം വരുന്ന ചൈനീസ്‌ വംശജരും 8 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ തമിഴ്‌ വംശജരും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തു വന്നിരുന്നു. ജനാഭിലാഷപ്രകാരം മാത്രമേ ഹുദൂദ്‌ നടപ്പിലാക്കൂ എന്ന പാസിന്റെ പ്രസ്‌താവനകള്‍, എന്നാല്‍ വിവാദം കുറക്കുന്നതായിരുന്നില്ല. ഹുദൂദ്‌ വിഷയം തെരഞ്ഞെടുപ്പില്‍ പാസിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ്‌ മനസ്സിലാകുന്നത്‌. മലേഷ്യന്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക കക്ഷിയായ പാസിന്‌ പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. പാസ്‌ ഭരിച്ചിരുന്ന രണ്ട്‌ സംസ്ഥാനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ നഷ്‌ടമാവുകയും പാസിന്‌ വമ്പിച്ച ഭൂരിപക്ഷമുണ്ടായിരുന്ന കെലന്താന്‍ സംസ്ഥാനത്തില്‍ ഭൂരിപക്ഷം കുറയുകയും ചെയ്‌തു. രാജ്യത്തെ വളരെയധികം ജനസമ്മതിയുണ്ടായിരുന്ന ഇസ്‌ലാമിക കക്ഷിയുടെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും നിരീക്ഷണങ്ങളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
തെരഞ്ഞെടുപ്പില്‍ ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി വമ്പിച്ച ക്രമക്കേടുകള്‍ കാട്ടിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ബാരിസാനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രതിപക്ഷനേതാവ്‌ അന്‍വര്‍ ഇബ്‌റാഹിമിന്റെ നേതൃത്വത്തില്‍ കൊലാംലംപൂരില്‍ തെരഞ്ഞെടുപ്പ്‌ കൃത്രിമത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ഒരു ലക്ഷത്തില്‍ പരം ജനങ്ങളാണ്‌ അണിനിരന്നത്‌. പതിമൂന്നാമത്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഭരണ കക്ഷി തന്നെ വീണ്ടും അധികാരത്തിലേറിയ ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഇനിയുളള നാളുകള്‍ അത്ര എളുപ്പമുള്ളതല്ലെന്നുള്ള സന്ദേശമാണ്‌ മലേഷ്യയിലെ പുതിയ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്‌.
(മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയാണ്‌ ലേഖകന്‍)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: