സത്യം വെളിപ്പെടുമ്പോള്‍ കുതന്ത്രം പുറത്തെടുക്കുന്നു

  • Posted by Sanveer Ittoli
  • at 7:37 AM -
  • 0 comments
സത്യം വെളിപ്പെടുമ്പോള്‍ കുതന്ത്രം പുറത്തെടുക്കുന്നു

- അഭിമുഖം -
സി പി ഉമര്‍ സുല്ലമി /സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രധാനഘടകം പ്രഭാഷണങ്ങള്‍ തന്നെയായിരുന്നു. ചിലപ്പോള്‍ ഖണ്ഡന മണ്ഡനമായും അപൂര്‍വമായി വാദപ്രതിവാദമായും അത്‌ പരിണമിച്ചിട്ടുണ്ട്‌. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സംവാദങ്ങളുടെ പങ്ക്‌ എന്താണ്‌? വ്യവസ്ഥാപിതമായ ആദ്യ സംവാദം എവിടെ വെച്ചായിരുന്നു? 
= കേരളത്തില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ സംഘടിത പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ തൊണ്ണൂറ്‌ വര്‍ഷം കഴിഞ്ഞു. പ്രസ്ഥാനം പ്രബോധനം ചെയ്യുന്ന ആദര്‍ശം മുമ്പേ ഉള്ളതാണ്‌. എന്നാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടിച്ചേര്‍ന്ന നാള്‍ മുതല്‍ ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. കേരളത്തില്‍ സംഘടിതമായ മുന്നേറ്റത്തിന്റെ രൂപങ്ങളാണ്‌ കെ ജെ യുവും കെ എന്‍ എമ്മും മറ്റു പോഷക സംഘടനകളും. കേരളത്തിലെ സംവാദങ്ങളെല്ലാം തന്നെ മുനാളറ എന്ന അറബി പദത്തേക്കാള്‍ മുജാദല എന്നതിനോട്‌ യോജിക്കുന്ന വിധത്തിലുള്ളതാണ്‌. മുജാദല ഖുര്‍ആന്‍ പ്രബോധന മാര്‍ഗമായി പരിചയപ്പെടുത്തിയിട്ടുമുണ്ട്‌ (16:125) രണ്ടു കക്ഷികള്‍ വാദപ്രതിവാദങ്ങള്‍ നടത്തുമ്പോള്‍ ശ്രോതാക്കള്‍ക്ക്‌ സത്യം ഗ്രഹിക്കാന്‍ സാധിക്കും.
വ്യവസ്ഥാപിതമായ ആദ്യത്തെ സംവാദം നടക്കുന്നത്‌ കോഴിക്കോട്‌ ജില്ലയിലെ പൂനൂരില്‍ വെച്ചാണ്‌. തെക്കന്‍ കേരളത്തില്‍ നിന്നെത്തിയ പതി അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല തുടങ്ങിയവരാണ്‌ സുന്നി പക്ഷത്തുണ്ടായിരുന്നത്‌. പ്രബോധന രംഗത്ത്‌ മുന്നില്‍ നിന്നിരുന്ന ഇസ്വ്‌ലാഹി പണ്ഡിതന്മാര്‍ എ അലവി മൗലവി, എം സി സി സഹോദരന്മാര്‍, ശൈഖ്‌ മുഹമ്മദ്‌ മൗലവി, കെ സി അബൂബക്കര്‍ മൗലവി തുടങ്ങിയവരാണ്‌. പൂനൂരിലെ നീണ്ട ഒരു ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ മൂന്ന്‌ സ്റ്റേജുകള്‍ സജ്ജീകരിച്ചുകൊണ്ടാണ്‌ സംവാദം നടത്തിയത്‌. പതിയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതികരും അലവി മൗലവിയുടെ നേതൃത്വത്തിലുള്ള മുജാഹിദുകളും നാട്ടിലെ കാരണവര്‍ ഉള്‍പ്പെടുന്ന മധ്യസ്ഥരും, ഇങ്ങനെ മൂന്ന്‌ സ്റ്റേജുകളില്‍ നിന്നാണ്‌ താഴെയുള്ള പൊതുജനങ്ങളെ അഭിമുഖീകരിച്ചത്‌.
വ്യവസ്ഥ നിശ്ചയിച്ചു, സംവാദം തുടങ്ങേണ്ട സമയവും നിശ്ചയിച്ചു. പക്ഷേ, വാദപ്രതിവാദങ്ങളെക്കുറിച്ച്‌ മുന്‍പരിചയമില്ലാത്തതുകൊണ്ടാവാം ആദ്യം ആര്‌ തുടങ്ങണം എന്നത്‌ നിശ്ചയിച്ചിരുന്നില്ല. നിശ്ചിത സമയമാപ്പോള്‍ പതി മുസ്‌ലിയാര്‍ ഇലാ ഹള്‌റത്ത്‌ വിളിച്ച്‌ ദുആ ചെയ്യുകയും അലവി മൗലവി ചോദ്യമുന്നയിക്കുകയും ചെയ്‌തു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സംവാദങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും പ്രസക്തമായ ചോദ്യമാണത്‌. `ബദ്‌രീങ്ങളേ കാക്കണേ, മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുവാന്‍ പരിശുദ്ധ ഖുര്‍ആനില്‍ വല്ല തെളിവുമുണ്ടോ എന്നായിരുന്നു മൗലവിയുടെ ചോദ്യം
എന്താണ്‌ ഈയൊരു ചോദ്യത്തിന്റെ പ്രസക്തി? സുന്നികള്‍ എങ്ങനെയാണ്‌ അതിനെ നേരിട്ടത്‌?
പ്രമാണങ്ങളില്‍ പ്രബലമായത്‌ ഖുര്‍ആന്‍ ആണ്‌. അതുകൊണ്ട്‌ അതില്‍ തെളിവുണ്ടോ ഇല്ലയോ എന്നത്‌ ചര്‍ച്ച ചെയ്‌തതിനു ശേഷം ഇല്ല എന്നാണെങ്കില്‍ പിന്നെ ഹദീസുകളിലുണ്ടോ എന്നതാണ്‌ ചര്‍ച്ച ചെയ്യേണ്ടത്‌. അതുകൊണ്ടാണ്‌ ആ ചോദ്യമുന്നയിച്ചത്‌. `ഇജ്‌മാഅ്‌' ഈ വിഷയത്തിനു ഇല്ലാത്തതുകൊണ്ടാണല്ലോ സംവാദത്തിന്‌ തയ്യാറായത്‌. ഹദീസിലും വ്യക്തമായ തെളിവുകളില്ലെങ്കില്‍, പിന്നെ താത്വികമായ ഗവേഷണം നടത്തി തെളിവിലേക്ക്‌ തുലനം ചെയ്യുകയാണ്‌ വേണ്ടത്‌. അതാണ്‌ ഖിയാസ്‌.
അലവി മൗലവിയുടെ ചോദ്യത്തിന്‌ തെളിവുണ്ട്‌ എന്നോ ഇല്ല എന്നോ മറുപടി പറയാതെ ആ ചോദ്യം അസ്ഥാനത്താണെന്ന്‌ സ്ഥാപിക്കാനാണ്‌ പതി ശ്രമിച്ചത്‌. നിങ്ങളല്ല, ഞങ്ങളാണ്‌ ചോദിക്കേണ്ടത്‌ എന്നായിരുന്നു പതിയുടെ വാദം. ചോദ്യം സ്ഥാനത്തോ അസ്ഥാനത്തോ എന്നത്‌ സംവാദവിഷയമാക്കുന്നതിന്‌ അലവി മൗലവി തുനിഞ്ഞില്ല. വീണ്ടും ചോദ്യം അതേ സ്വരത്തില്‍ ആവര്‍ത്തിക്കുകയാണുണ്ടായത്‌. ചോദ്യം അസ്ഥാനത്താണെന്ന വാദം വീണ്ടും ആവര്‍ത്തിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞുപോയി. അവസാനം മധ്യസ്ഥര്‍ ഇടപെട്ടു. `ഏതായാലും ചോദ്യം ഉന്നയിച്ചു പോയല്ലോ? ഇനി സ്ഥാനത്താണോ അസ്ഥാനത്താണോ എന്നത്‌ പ്രസക്തമല്ല, അതുകൊണ്ട്‌ ഉത്തരം പറയണം.'
മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആന്‍ നിരോധിക്കാത്തതുകൊണ്ട്‌ അനുവദനീയമാണെന്നായിരുന്നു പതിയുടെ മറുപടി. എന്നാല്‍ ദശക്കണക്കിന്‌ ആയത്തുകൊണ്ട്‌ അത്‌ നിരോധിച്ചിരിക്കുന്നു എന്ന്‌ തെളിയിക്കാമെന്ന്‌ പറഞ്ഞ്‌ അലവി മൗലവി ആയത്ത്‌ ഓതാന്‍ തുടങ്ങിയപ്പോള്‍ അത്‌ പാടില്ല, ഇത്‌ വാദ പ്രതിവാദമാണ്‌, തെളിവുകള്‍ ഉദ്ധരിക്കുമ്പോള്‍ അത്‌ ഖണ്ഡന പ്രസംഗങ്ങളാവും എന്ന്‌ മറുവാദവുമായി പതി രംഗത്തെത്തി. അതോടുകൂടി ആ സംവാദം അലങ്കോലപ്പെട്ട്‌ പിരിഞ്ഞുപോയി.
പിന്നീട്‌ സംവാദങ്ങള്‍ക്കു തുടര്‍ച്ച ഉണ്ടായിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്‌. പല സ്ഥലങ്ങളില്‍ വെച്ചും ബഹുജന പങ്കാളിത്തത്തോടുകൂടി തന്നെ സംവാദങ്ങള്‍ നടക്കുകയുണ്ടായി. താനാളൂര്‍, നന്തി, കുറ്റിച്ചിറ, വീണ്ടും പൂനൂര്‍ ഇതെല്ലാം അവയില്‍ ചിലതു മാത്രമാണ്‌. ഖണ്ഡന രൂപത്തിലുള്ള പന്ത്രണ്ട്‌ ദിവസം നീണ്ടുനിന്ന സംവാദമായിരുന്നു കുറ്റിച്ചിറയില്‍ നടന്നത്‌. തികച്ചും സമാധാനപൂര്‍ണമായിരുന്നു അത്‌. തൗഹീദിനു പുറമെ ജുമുഅ ഖുതുബയും സ്‌ത്രീ ജുമുഅ ജമാഅത്തും അതിലെ വിഷയങ്ങളായിരുന്നു.
മുത്തനൂര്‍ പള്ളിക്കേസ്‌ കോടതി മുറിയില്‍ നടന്ന ഒരു ആദര്‍ശ സംവാദമായിരുന്നല്ലോ. ഇസ്വ്‌ലാഹീ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത്‌ മാറുന്നത്‌ എങ്ങനെയാണ്‌?
മുത്തനൂര്‍ പള്ളിയില്‍ മഹല്ലിലുള്‍പ്പെട്ട ചെമ്പ്രേരി മൊയ്‌തീന്‍കുട്ടി മൊല്ലയുടെ മയ്യിത്ത്‌ മറവു ചെയ്യാന്‍ കടുത്ത യാഥാസ്ഥിതികര്‍ അനുവദിച്ചില്ല. തന്റെ പ്രാര്‍ഥന അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ മാറ്റി അല്ലാഹുവിനോട്‌ മാത്രമാക്കി എന്നല്ലാതെ അദ്ദേഹം ഒരു തെറ്റും പരേതന്‍ ചെയ്‌തിരുന്നില്ല. അവസാനം അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍ നിന്ന്‌ വീട്ടിലേക്ക്‌ തന്നെ യാഥാസ്ഥിതികര്‍ കൊണ്ടുവെച്ചു. ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷം പൊലീസിന്റെ സംരക്ഷണത്തിലാണ്‌ ജനാസ സംസ്‌കരിച്ചത്‌. കേരളത്തിലെ മുജാഹിദുകള്‍ എത്രമാത്രം നിര്‍ഭയരായിരുന്നുവെന്ന്‌ അതില്‍ നിന്ന്‌ മനസ്സിലാക്കാം. ഇതിനു ശേഷം മുസ്‌ലിമല്ലാത്ത ഒരു മയ്യിത്ത്‌ മുസ്‌ലിം ഖബര്‍ സ്ഥാനില്‍ മറവ്‌ ചെയ്‌തു എന്നു പറഞ്ഞുകൊണ്ട്‌ മുജാഹിദുകളെയും ജമാഅത്തുകാരെയും ഖാദിയാനികളെയും പ്രതിചേര്‍ത്ത്‌ മഞ്ചേരി മുന്‍സിഫ്‌ കോടതിയില്‍ അന്യായം ഫയല്‍ ചെയ്‌തു. മുജാഹിദുകള്‍ മാത്രം ആ കേസില്‍ വാദിച്ചു. അഞ്ച്‌ വര്‍ഷം നീണ്ടുനിന്ന ആ കേസില്‍ സുന്നികളുടെ പല കള്ളത്തരങ്ങളും പൊളിഞ്ഞു. സുന്നികള്‍ക്ക്‌ വേണ്ടി വാദിച്ച വക്കീലിനു പോലും അവരില്‍ വിശ്വാസമില്ലാതായി. രസകരമായ പല വാദങ്ങളും മുസ്‌ലിയാക്കള്‍ കോടതിയില്‍ ഉന്നയിച്ചു.
അല്ലാഹുവിന്റെയും മനുഷ്യന്റെയും ഇടയില്‍ ഇടയാളന്മാരെയും ഇടത്തട്ടുകാരെയും ആവശ്യമില്ല എന്നും ഓരോരുത്തരും തങ്ങളുടെ കര്‍മഫലം അനുഭവിക്കേണ്ടി വരുമെന്നും മുജാഹിദുകളുടെ പ്രധാനവാദമായിരുന്നു. പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ തന്നെയാണ്‌ ഒന്നാം പ്രമാണമായി കോടതി അംഗീകരിച്ചിരുന്നത്‌. ശാഫി മദ്‌ഹബിന്റെ പ്രമാണവും അതു തന്നെയാണെന്ന്‌ മുജാഹിദ്‌ മൗലവിമാര്‍ പറഞ്ഞപ്പോള്‍, മദ്‌ഹബുകള്‍ മതങ്ങളെപ്പോലെ വിഭിന്നമാണെന്ന്‌ സമര്‍ഥിക്കാനായിരുന്നു മുസ്‌ലിയാക്കളുടെ ശ്രമം.
പല രസകരമായ വാദങ്ങളുമുണ്ടായി എന്നു പറഞ്ഞല്ലോ?
ഇടയാളന്മാര്‍ക്കും മധ്യസ്ഥര്‍ക്കും പരലോകത്ത്‌ ആരെയും രക്ഷപ്പെടുത്താനാവില്ല എന്നതിന്‌ ഖുര്‍ആനില്‍ നിന്ന്‌ നിരവധി തെളിവുകള്‍ ഉദ്ധരിച്ചു. നൂഹ്‌നബിക്ക്‌ മകനെയും ഇബ്‌റാഹീം നബിക്ക്‌ പിതാവിനെയും മുഹമ്മദ്‌ നബിക്ക്‌ തന്റെ പിതൃവ്യനെയും സന്മാര്‍ഗത്തിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനെല്ലാം മറുപടിയായി മുസ്‌ലിയാക്കള്‍ പറഞ്ഞത്‌ `കാഫിരീങ്ങളെ രക്ഷപ്പെടുത്താനാവില്ല മുസ്‌ലിമാണെങ്കില്‍ പിന്നെന്ത്‌ ചെയ്‌താലും രക്ഷപ്പെടുത്താനാവും' എന്നായിരുന്നു. അപ്പോള്‍ മുജാഹിദ്‌ കക്ഷിയുടെ വക്കീല്‍ ഹദീസുദ്ധരിച്ചുകൊണ്ട്‌ ചോദിച്ചു. `എന്റെ പ്രിയപ്പെട്ട മകള്‍ ഫാത്വിമാ, നീ തന്നെ നിന്നെ രക്ഷപ്പെടുത്തണം. എനിക്കാവില്ല എന്നു മുഹമ്മദ്‌ നബി(സ) പറഞ്ഞിട്ടുണ്ടല്ലോ? അത്‌ എന്തുകൊണ്ടാണ്‌?' അതിന്‌ മുസ്‌ലിയാക്കള്‍ മറുപടി പറഞ്ഞത്‌ `അന്ന്‌ ഫാത്തിമ ബീവി കാഫിറായിരുന്നു എന്നാണ്‌!' കെ കെ അബൂബക്കര്‍ ഹസ്‌റത്ത്‌ ആയിരുന്നു സാക്ഷിക്കൂട്ടില്‍ വിസ്‌തരിക്കപ്പെട്ടിരുന്നത്‌. ഈ മറുപടി കേട്ട്‌ മുസ്‌ലിയാക്കളും കോടതിയും ഞെട്ടിപ്പോയി. കൂട്ടില്‍ നിന്ന്‌ ഇറങ്ങി വന്നപ്പോള്‍ സ്വന്തം കക്ഷികള്‍ തന്നെ ചോദിച്ചു, എന്തിനാണ്‌ ഫാത്തിമ ബീവി കാഫിറാണെന്ന പറഞ്ഞത്‌? അതു താന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ മുമ്പ്‌ പറഞ്ഞതെല്ലാം നിഷ്‌ഫലമാകുമെന്നായിരുന്നു -അദ്ദേഹത്തിന്റെ മറുപടി.
അവസാനം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മുജാഹിദുകളാണ്‌ യഥാര്‍ഥ മുസ്‌ലിംകള്‍ എന്നായിരുന്നു കോടതിവിധി. അതിനെതിരില്‍ അപ്പീലിനു പോകാനുള്ള ധൈര്യം പോലും അവര്‍ക്കുണ്ടായില്ല. ആ വിധി ഇന്നും നിലനില്‍ക്കുന്നു. സുന്നീപക്ഷത്ത്‌ നിന്ന്‌ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അബൂബക്കര്‍ ഹസ്‌റത്ത്‌ തുടങ്ങിയവരും മുജാഹിദ്‌ പക്ഷത്ത്‌ സി പി അബൂബക്കര്‍ മൗലവി, എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവി തുടങ്ങിയവരുമായിരുന്നു കേസിനു വേണ്ടി കോടതിയില്‍ വിസ്‌തരിക്കപ്പെട്ടിരുന്നത്‌.
എന്നാല്‍ ഈ സംവാദങ്ങളിലൊക്കെ തങ്ങളാണ്‌ വിജയിച്ചതെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ യാഥാസ്ഥിതികര്‍ രംഗത്തുവരാറുണ്ട്‌. സംവാദങ്ങള്‍ കൊണ്ട്‌ വളര്‍ച്ച മത്രമേ ഉണ്ടായിട്ടുള്ളൂവെന്ന്‌ മുജാഹിദുകളും വാദിക്കുന്നു.
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ്‌ മുത്തനൂര്‍ പള്ളിക്കേസ്‌. ഒരു മുജാഹിദിന്റെ മയ്യിത്ത്‌ സംസ്‌കരണത്തിനു വേണ്ടി ആറു ദിവസത്തോളം കാത്തുനിന്നുവെന്നത്‌ അന്നത്തെ ദൗര്‍ബല്യത്തെ കുറിക്കുന്നു. ഇന്ന്‌ അഞ്ച്‌ മിനിറ്റു താമസിപ്പിക്കാന്‍ പോലും അവര്‍ക്ക്‌ സാധ്യമല്ല. ഐക്യസംഘത്തിന്റെ രൂപീകരണം മുതല്‍ക്കേ വിശുദ്ധഖുര്‍ആന്‍ ഒന്നാം പ്രമാണമായും രണ്ടാമതായി ഹദീസും പിന്നീട്‌ ഇജ്‌മാഉം ഖിയാസുമാണ്‌ പ്രമാണങ്ങളായി ഉദ്ധരിച്ചിരുന്നത്‌. ഈ നാല്‌ പ്രമാണങ്ങളാണ്‌ മുസ്‌ലിം പണ്ഡിതന്മാര്‍ അംഗീകരിച്ചുപോരുന്നത്‌. ഈ പ്രമാണങ്ങളിലേക്ക്‌ പൊതുവില്‍ യാഥാസ്ഥിതികരായ പണ്ഡിതന്മാര്‍ വരിക എന്നതു തന്നെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വിജയമാണ്‌. ഖുര്‍ആനും ഹദീസും നമുക്ക്‌ മനസ്സിലാകില്ലെന്നും ഇമാമുമാരുടെ അഭിപ്രായം തഖ്‌ലീദ്‌ ചെയ്യണമെന്നുമായിരുന്നു കേരളത്തിലെ സുന്നികളുടെ ആദ്യവാദം. അതില്‍ നിന്ന്‌ മാറി പ്രമാണങ്ങളിലേക്ക്‌ അവര്‍ മടങ്ങിവരിക എന്നതു തന്നെ വലിയ വിജയമാണ്‌. വാദപ്രതിവാദങ്ങളില്‍ സത്യത്തിന്റെ പക്ഷത്തിനുണ്ടായ വിജയം സുന്നി മഹല്ലുകളില്‍ ചലനം സൃഷ്‌ടിച്ചപ്പോള്‍ അതിനു തടയിടാനാണ്‌ സുന്നി മഹല്ല്‌ ഫെഡറേഷന്‍ രൂപീകരിക്കുന്നത്‌.
കോഴിക്കോട്‌ നഗരത്തില്‍ കേവലം പതിനൊന്ന്‌ പേര്‍ ചേര്‍ന്ന്‌ തുടങ്ങിയതാണ്‌ മാതൃഭാഷയില്‍ ജുമുഅ ഖുത്വ്‌ബ (പട്ടാളപള്ളി). ഇന്ന്‌ ഡസന്‍ കണക്കിന്‌ മഹല്ലുകള്‍ കോഴിക്കോട്‌ നഗരത്തിലുണ്ട്‌. ഇതെല്ലാം മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്‌. അതുകൊണ്ട്‌ തന്നെ ബഹുജന പങ്കാളിത്തത്തോടെയുള്ള സംവാദങ്ങള്‍ തുടര്‍ന്ന്‌ പോവുന്നത്‌ സുന്നി മുസ്‌ലിയാക്കള്‍ക്ക്‌ ഭയമായി. അത്‌ എെന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന്‌ അവര്‍ ആസൂത്രണം ചെയ്‌തു. അതിന്റെ ഭാഗമായിരുന്നു തുറന്ന മൈതാനിയില്‍ ബഹുജന പങ്കാളിത്തത്തോടു കൂടിയ കൊട്ടപ്പുറം സംവാദത്തിന്റെ പര്യവസാനം.
കൊട്ടപ്പുറം സംവാദത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ്‌? സുന്നികള്‍ ഇപ്പോള്‍ അതിന്റെ വാര്‍ഷികം ആഘോഷിക്കുന്നുണ്ടല്ലോ.
മുജാഹിദുകളുടെ സത്യവാദങ്ങളെ തെളിവുകൊണ്ട്‌ നേരിടാന്‍ സാധിക്കാത്ത മുസ്‌ലിയാക്കള്‍ ശക്തിയുപയോഗിച്ച്‌ നേരിടുകയും വാദപ്രതിവാദങ്ങളെ അലങ്കോലമാക്കുകയാണ്‌ അവരുടെ പതിവ്‌. കൊട്ടപ്പുറത്ത്‌ സംഭവിച്ചതും അതുതന്നെയാണ്‌. വ്യവസ്ഥാപിതമായി നാല്‌ ദിവസം നടക്കേണ്ട പരിപാടി മൂന്നാം ദിവസത്തില്‍ അലങ്കോലപ്പെട്ട്‌ പിരിയുകയാണുണ്ടായത്‌. മുസ്‌ലിയാക്കളുടെ പ്രത്യേകിച്ച്‌ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ കുതന്ത്രങ്ങളായിരുന്നു അതിന്റെ പിന്നില്‍. ഏത്‌ വാദപ്രതിവാദം കഴിയുമ്പോഴും വിജയമാഘോഷിക്കുക അവരുടെ പതിവാണ്‌. വെള്ളിയഞ്ചേരി വാദപ്രതിവാദത്തില്‍ വൈലിത്തറ മുസ്‌ലിയാരെ കൊണ്ടുവന്ന്‌ അവസാനം വ്യവസ്ഥ തെറ്റിച്ച്‌ ഒളിച്ചോടുകയാണവര്‍ ചെയ്‌തത്‌. എന്നിട്ടും തങ്ങളാണ്‌ വിജയിച്ചതെന്ന്‌ പറയാന്‍ സുന്നികള്‍ മടി കാണിച്ചിട്ടില്ല. ഇപ്പോള്‍ കൊട്ടപ്പുറത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പിന്നിലും ഇതുതന്നെയാണ്‌. കൊട്ടപ്പുറം സംവാദത്തിനു ശേഷം ബഹുജന പങ്കാളിത്തത്തോടു കൂടെ ഒരു വാദപ്രതിവാദം നടന്നിട്ടില്ല. പരിമിതമായ സദസ്സില്‍ വെച്ച്‌ ചുരുക്കം ചിലത്‌ നടന്നിട്ടുണ്ട്‌. അതില്‍ ഒടുവിലത്തേതാണ്‌ കോടമ്പുഴ. അവിടെ മുസ്‌ലിയാക്കള്‍ക്ക്‌ പറ്റിയ ദയനീയ പരാജയം സീഡികളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌.
എന്താണ്‌ സുന്നികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍? എങ്ങനെയാണ്‌ അതിനെ ഖണ്ഡിക്കുന്നത്‌?
പ്രമാണങ്ങള്‍ എന്നും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്‌ മുസ്‌ലിയാക്കള്‍ക്കുള്ളത്‌. മരിച്ചുപോയവരോട്‌ പ്രാര്‍ഥിക്കാന്‍ ഒരു തെളിവുമില്ല എന്ന പതി അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ സമ്മതമായിരുന്നു പൂനൂര്‍ സംവാദം. എന്നാല്‍ കാല്‍നൂറ്റാണ്ടിനു ശേഷം രണ്ടാം പൂനൂര്‍ സംവാദത്തില്‍ ഇ.കെ ഹസന്‍ മുസ്‌ലിയാരും കാന്തപുരവും `തെളിവുണ്ട്‌ മൗലവീ' എന്നുപറഞ്ഞ്‌ രംഗത്തുവന്നു. പതി മുസ്‌ലിയാര്‍ക്ക്‌ ഖുര്‍ആന്‍ വിവരമില്ല എന്നായിരുന്നു അവരുടെ ന്യായം. സൂറത്തു ആലുഇംറാനിലെ 52ാം വചനത്തിലെ മന്‍ അന്‍സ്വാരീ ഇലല്ലാഹ്‌ എന്ന ഭാഗമാണ്‌ ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ ഓതിയത്‌. ആയത്ത്‌ മുഴുവന്‍ ഓതുകയോ ശരിയായ രൂപത്തില്‍ അര്‍ഥം പറയുകയോ ചെയ്‌തില്ല. മന്‍ എന്ന വാക്കില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും ഉള്‍പ്പെടുമെന്നായിരുന്നു വിശദീകരണം. ആദ്യകാലത്ത്‌ ഖുര്‍ആന്‍ തെളിവിന്‌ പറ്റില്ല എന്നു പറഞ്ഞവര്‍ യാതൊരു മുഫസ്സിറിനെയും ഉദ്ധരിക്കാതെ തന്നിഷ്‌ടപ്രകാരം ഇജ്‌തിഹാദ്‌ നടത്തുകയായിരുന്നു. എന്നാല്‍ ഇവിടെ മന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ജീവിച്ചിരിക്കുന്ന ഹവാരികളാണെന്ന്‌ പ്രസ്‌തുത ആയത്തില്‍ നിന്നും ഖുര്‍ആനിലെ മറ്റു സൂക്തങ്ങളില്‍ നിന്നും വ്യക്തമാണെന്ന്‌ തെളിയിച്ചപ്പോള്‍ മുസ്‌ലിയാരുടെ ഇജ്‌തിഹാദ്‌ പൊളിഞ്ഞുപോവുകയാണ്‌. ഈ കള്ളത്തരം പൊതുജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടപ്പോള്‍ അടുത്ത സംവാദത്തില്‍ തെളിവ്‌ മാറുകയാണുണ്ടായത്‌. ഇന്നമാ വലിയ്യുകും എന്നു തുടങ്ങുന്ന സൂറത്തു മാഇദയിലെ 55ാം വചനം ഓതിയാണ്‌ കുറ്റിച്ചിറ സംവാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്‌. ഇവിടെ വലിയ്യ്‌ എന്നു പറഞ്ഞാല്‍ സഹായി എന്നാണര്‍ഥം. അതുകൊണ്ട്‌ നിങ്ങളുടെ സഹായി അല്ലാഹുവും റസൂലും വിശ്വാസികളും ആകുന്നു. ഇതായിരുന്നു അവരുടെ വാദം. ഇത്‌ അല്ലാഹുവിലേക്ക്‌ റസൂലിനെയും വിശ്വാസികളെയും പങ്കുചേര്‍ക്കുന്ന ശിര്‍ക്കാണ്‌. ഈ ആയത്ത്‌ ഒരിക്കലും ശിര്‍ക്കിന്‌ തെളിവല്ല. ഇതില്‍ പറഞ്ഞ അല്ലാഹുവിന്റെ വിലായത്ത്‌ എന്നതിന്‌ രക്ഷാകര്‍തൃത്വമെന്നോ സഹായമെന്നോ എന്തര്‍ഥം പറഞ്ഞാലും, അതു പോലെയല്ല റസൂലിന്റെ(സ) വിലായത്ത്‌. സത്യവിശ്വാസികളുടെ വിലായത്തും റസൂലിന്റെ വിലായത്തും വ്യത്യസ്‌തമാണ്‌. ഇവ മൂന്നും ഒരുപോലെയാക്കാനാണ്‌ മുസ്‌ലിയാക്കള്‍ ശ്രമിച്ചത്‌. ഇതിന്റെ നിജസ്ഥിതിയും മുസ്‌ലിംകള്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ കൊട്ടപ്പുറത്ത്‌ പുതിയൊരു ആയത്താണ്‌ ഇവര്‍ ഇറക്കുമതി ചെയ്‌തത്‌.
കൊട്ടപ്പുറം സംവാദത്തില്‍ പങ്കെടുത്ത വ്യക്തിയെന്ന നിലയില്‍ അവര്‍ കൊണ്ടുവന്ന വാദങ്ങളെ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? മുജാഹിദ്‌ പണ്ഡിതര്‍ അതിനു നല്‍കിയ മറുപടിയെന്തായിരുന്നു?
കൊട്ടപ്പുറം സംവാദത്തില്‍ അവര്‍ പുതുതായി ഓതിയത്‌ സൂറത്തു സുഖ്‌റുഫിലെ 45-ാം വചനമാണ്‌. വസ്‌അല്‍ മന്‍ അര്‍സല്‍നാ എന്നു തുടങ്ങുന്ന വചനം ഉദ്ധരിച്ചുകൊണ്ട്‌ മരിച്ചുപോയവരോട്‌ പ്രാര്‍ഥിക്കാം എന്ന്‌ വിശദീകരിക്കുന്നു. മുമ്പ്‌ കഴിഞ്ഞുപോയ മുര്‍സലുകളോട്‌ എന്താണ്‌ ചോദിക്കേണ്ടതെന്ന്‌ ആയത്തിന്റെ അവസാനം പറയുന്നുണ്ട്‌. അതുകൊണ്ട്‌ ആ ചോദ്യം എങ്ങനെയുള്ളതാണെന്നും മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്‌. ഈ മുര്‍സലുകളെ തുടര്‍ന്നുവന്ന സമൂഹത്തോട്‌ ചോദിക്കണം എന്നാണ്‌ മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുള്ളത്‌. ഇതൊന്നും മരിച്ചവരോട്‌ പ്രാര്‍ഥിക്കാന്‍ തെളിവല്ല എന്ന്‌ പറഞ്ഞപ്പോള്‍ `മരിച്ചവരും ജീവിച്ചിരിക്കുന്നവരും സമമാണെന്ന്‌ വിചാരിക്കുന്നുവോ' എന്ന്‌ പറഞ്ഞ ആയത്തിലെ സവാഅന്‍ മഹ്‌യാഹും വ മമാത്തുഹും എന്ന ഭാഗം മാത്രമെടുത്തുകൊണ്ട്‌ ജീവിച്ചിരിക്കുന്നവരോട്‌ ചോദിക്കുന്ന പോലെ മരിച്ചുപോയവരോടും ചോദിക്കാം എന്ന്‌ മുസ്‌ലിയാര്‍ ഗവേഷണം നടത്തി. എന്നാല്‍ അവ രണ്ടും സമമാകുമെന്ന്‌ പറയുന്നത്‌ വളരെ മോശമാകുന്നു എന്നു പറയുന്ന ആയത്തിന്റെ ഭാഗം അവര്‍ മറച്ചുവെക്കുകയും ചെയ്‌തു. ഇങ്ങനെ ഓരോ സന്ദര്‍ഭത്തിലും ആയത്തുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യാനാണ്‌ മുസ്‌ലിയാക്കള്‍ ശ്രമിച്ചത്‌.
സംവാദത്തില്‍ മുജാഹിദ്‌ പക്ഷത്തു നിന്ന്‌ വിഷയമവതരിപ്പിച്ചിരുന്നത്‌ താങ്കളാണല്ലോ. സുന്നി-മുജാഹിദ്‌ പക്ഷങ്ങളുടെ വിഷയാവതരണത്തെ എങ്ങനെ വിലയിരുത്തുന്നു?
വിഷയാവതരണത്തില്‍ തന്നെ മുസ്‌ലിയാക്കളും മുജാഹിദുകളും എവിടെ നില്‍ക്കുന്നുവെന്ന്‌ ശ്രോതാക്കള്‍ക്ക്‌ മനസ്സിലാക്കാനുള്ള അവസരം ഉണ്ടായി. മുഹ്‌യിദ്ദീന്‍ ശൈഖിനോടുള്ള സഹായതേട്ടവുമായാണ്‌ അവര്‍ തുടങ്ങിയത്‌. യാ സയ്യിദീ സനദീ...... യാ മുഹ്‌യിദ്ദീന്‍ എന്നായിരുന്നു അവരുടെ പ്രാര്‍ഥന. മക്കയിലെ മുശ്‌രിക്കുകള്‍ പോലും ബദ്‌റിലേക്ക്‌ പുറപ്പെട്ടപ്പോള്‍ അല്ലാഹുവിനോടാണ്‌ രക്ഷ തേടിയത്‌. സ്വഹാബികള്‍ സന്നിഗ്‌ധ ഘട്ടത്തില്‍ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥാനരൂപത്തിലുള്ള കവിത ചൊല്ലിയാണ്‌, ഞാന്‍ മറുപടിയെന്നോണം വിഷയമവതരിപ്പിച്ചത്‌. അല്ലാഹുമ്മ ലൗലാ അന്‍ത...... എന്നു തുടങ്ങുന്ന ശത്രുക്കളെ കണ്ടുമുട്ടുമ്പോള്‍ ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ എന്ന ആശയത്തിലുള്ള അല്ലാഹുവിനോടുള്ള പ്രാര്‍ഥനയാണത്‌.
ഈ രണ്ട്‌ അവതരണങ്ങള്‍ തന്നെ ആരാണ്‌ തൗഹീദിന്റെ കക്ഷികള്‍, ആരാണ്‌ ശിര്‍ക്കിന്റെ കക്ഷികള്‍ എന്നു വ്യക്തമാക്കുന്നതാണ്‌. ശിര്‍ക്കിന്റെ നിര്‍വചനം എന്താണ്‌ എന്നതായിരുന്നു അവരുടെ ചോദ്യം. ഇലാഹാണെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ പ്രാര്‍ഥന നടത്തിയാല്‍ മാത്രമേ ശിര്‍ക്കാകൂ എന്നാണ്‌ മുസ്‌ലിയാക്കളുടെ വാദം. അതിനാണ്‌ അവര്‍ നിര്‍വചനം ചോദിക്കുന്നത്‌. എന്നാല്‍ ആ വാദം വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അബദ്ധജടിലമാണെന്ന്‌ വ്യക്തമാണ്‌. ഇലാഹ്‌ ആണെന്ന്‌ വിശ്വസിക്കാതെ, ഇലാഹിന്റെ പുത്രനാണെന്നോ സഹധര്‍മിണിയാണെന്നോ പ്രതിനിധിയാണെന്നോ വിശ്വസിച്ചുകൊണ്ട്‌ ചെയ്‌താലും ശിര്‍ക്ക്‌ തന്നെയാണ്‌. അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കേണ്ട ഒരു പ്രാര്‍ഥനയും അവര്‍ക്കില്ല. കാരണം, അല്ലാഹുവിന്‌ കഴിയുന്നത്‌ പകരക്കാര്‍ക്കും കഴിയുമെന്നാണ്‌ അവരുടെ വിശ്വാസം.
എങ്ങനെയാണ്‌ സംവാദം അലങ്കോലമായത്‌?
അല്ലാഹു അവന്റെ കഴിവ്‌ മറ്റാര്‍ക്കും കൊടുക്കുകയില്ല, മറഞ്ഞ കാര്യം അല്ലാഹുവിനല്ലാതെ അറിയുകയുമില്ല എന്നെല്ലാം വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. ഇവ സൂറത്തു അന്‍ആമിലെ 50-ാം വചനം ഓതിക്കൊണ്ട്‌ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനി വിശദീകരിക്കുമ്പോഴാണ്‌ യാഥാസ്ഥിതികര്‍ ശബ്‌ദകോലാഹലമുണ്ടാക്കി സംവാദം അലങ്കോലമാക്കിയത്‌. സമാധാനപരമായി നടന്നുവന്നിരുന്ന സംവാദത്തിന്റെ കലാശക്കൊട്ട്‌ സുന്നികളുടെ ആവശ്യമായിരുന്നു.
സംവാദത്തിനു ശേഷം സുന്നികള്‍ക്ക്‌ വളര്‍ച്ചയേ ഉണ്ടായിട്ടുള്ളൂവെന്ന്‌ സുന്നികള്‍ അവകാശപ്പെടുന്നു.
ഒരിക്കലുമില്ല. ഒരോ വാദപ്രതിവാദത്തിനു ശേഷവും പങ്കെടുത്ത സുന്നി മുസ്‌ലിയാക്കള്‍ ഭിന്നിച്ച്‌ അന്യോന്യം തെറിപറയുകയും വഴികേട്‌ ആരോപിക്കുകയും ചെയ്‌തിട്ടുണ്ട്‌. പതി അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാരും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചവരായിരുന്നു. അവസാനം അവര്‍ നിസ്സാര കാര്യത്തില്‍ പര്‌സപരം ഭിന്നിച്ച്‌ സംവാദം നടത്തുകയുണ്ടായി. അല്ലാഹു എന്ന പദം ഉച്ചരിക്കേണ്ടത്‌ എങ്ങനെയാണെന്ന തര്‍ക്കത്തില്‍ പരസപരം കാഫിറാക്കുകയായിരുന്നു. വാദപ്രതിവാദരംഗത്ത്‌ ആദ്യമായി രംഗത്തുവന്ന പതിയുടെ പതനം വളരെ ദയനീയമാണ്‌. കെ എം മൗലവിയെ എതിര്‍ത്തു രംഗത്തുവന്ന പാങ്ങില്‍ അഹമ്മദ്‌കുട്ടി മുസ്‌ലിയാരെപ്പറ്റി ഇപ്പോള്‍ ആരും പറഞ്ഞു കേള്‍ക്കാറില്ല. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തരുത്‌, ഫാത്തിഹയുടെ അര്‍ഥം പോലും പറയരുത്‌ എന്നൊക്കെ എഴുതിവെച്ച ഇ കെ ഹസന്‍ മുസ്‌ലിയാരുടെ പുസ്‌തകം പുറത്തുകാട്ടാന്‍ മുസ്‌ലിയാക്കള്‍ പോലും ലജ്ജിക്കുകയാണ്‌. കാന്തപുരത്തിന്റെ കൂടെ നിന്നിരുന്ന പലരും അദ്ദേഹം തിന്നാനും കളവ്‌ പറയാനുമല്ലാതെ വായ തുറക്കില്ല എന്ന്‌ പരസ്യമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മുടിയുടെയും പൊടിയുടെയും കാര്യത്തില്‍ പരസ്‌പരം കളവും വഞ്ചനയും ആരോപിക്കുന്നത്‌ അല്ലാഹുവിന്റെ ശാപം തന്നെയാണ്‌.
കൊട്ടപ്പുറം സംവാദത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ആശയാദര്‍ശങ്ങളില്‍ നിന്ന്‌ ഒരു വിഭാഗം വ്യതിചലിച്ചുപോയി എന്നതു സത്യമല്ലേ?
മനുഷ്യകഴിവിന്റെ അപ്പുറമുള്ളത്‌ അല്ലാഹുവല്ലാത്തവരോട്‌ ചോദിക്കാന്‍ പാടില്ല എന്നതില്‍ മുജാഹിദ്‌ പ്രസ്ഥാനം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അതില്‍ പഴയ മുജാഹിദുകള്‍ക്കും പണ്ഡിതന്മാര്‍ക്കും യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി രംഗത്തുവന്ന ചില പുതുമുഖങ്ങളിലൂടെയും ചെറുപ്പക്കാരിലൂടെയും പ്രചരിക്കുന്ന അസത്യവാദങ്ങള്‍ മുജാഹിദുകള്‍ക്ക്‌ ബാധകമല്ല എന്ന്‌ മാത്രം തല്‍ക്കാലം പറയുന്നു. വരാനിരിക്കുന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനം കേരള മുസ്‌ലിംകള്‍ക്ക്‌ അത്‌ വ്യക്തമാക്കിക്കൊടുക്കും. ഇന്‍ശാ അല്ലാഹ്‌.
കൊട്ടപ്പുറം സംവാദ വേദിയില്‍ സജീവമായ മുജാഹിദ്‌ പണ്ഡിതന്മാര്‍ ആരൊക്കെയാണ്‌? സംഘാടനത്തിന്‌ മുന്‍കൈയ്യെടുത്തത്‌ ആരായിരുന്നു?
കൊട്ടപ്പുറം സംവാദത്തിലടക്കം പലതിലും ഞാനായിരുന്നു വിഷയമവതരിപ്പിച്ചിരുന്നത്‌. എ പി അബ്‌ദുല്‍ഖാദര്‍ മൗലവി ചോദ്യങ്ങള്‍ക്ക്‌ സരസമായി മറുപടി പറയും. വിഷയങ്ങള്‍ തീരുമാനിക്കുന്നതിലും നിബന്ധനകള്‍ തയ്യാറാക്കുന്നതിലും പരേതനായ അലി അബ്‌ദുര്‍റസ്സാഖ്‌ മൗലവിയുടെ പങ്ക്‌ വളരെ വലുതാണ്‌. എസ്‌ എം ഐദീദ്‌ തങ്ങള്‍, കെ കെ മുഹമ്മദ്‌ സുല്ലമി, ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മൗലവി, എ അബ്‌ദുസ്സലാം മൗലവി തുടങ്ങിയവര്‍ ഈ രംഗത്ത്‌ സജീവമായിരുന്നു. കൊട്ടപ്പുറത്തെ പി വി കുഞ്ഞിക്കോയ മാസ്റ്ററായിരുന്നു മുജാഹിദ്‌ പക്ഷത്തെ കണ്‍വീനര്‍. ഞങ്ങള്‍ ഒരു ടീമായാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: