ആരാധനകളിലെ ഏകാഗ്രത

  • Posted by Sanveer Ittoli
  • at 10:15 AM -
  • 0 comments
ആരാധനകളിലെ ഏകാഗ്രത
 പഠനം -
പി കെ മൊയ്‌തീന്‍ സുല്ലമി
അല്ലാഹു മനുഷ്യനു മേല്‍ ചില ആരാധനാകര്‍മങ്ങള്‍ നിര്‍ബന്ധമാക്കിയതിലും ചര്യയാക്കിയതിലും പല ഉദ്ദേശ്യലക്ഷ്യങ്ങളുമുണ്ട്‌. എന്നാല്‍ നമ്മുടെ ആരാധനാ കര്‍മങ്ങള്‍ ഒരു ചടങ്ങ്‌ എന്നതിലുപരി അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ എത്തുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. നമസ്‌കാരവും നോമ്പും അനുഷ്‌ഠിക്കുന്നവരുടെ എണ്ണം മുമ്പത്തേക്കാള്‍ എത്രയോ കൂടുതലാണ്‌. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരുടെ എണ്ണവും കുറവല്ല. സകാത്തിന്റെ കാര്യത്തിലാണ്‌ അല്‍പമെങ്കിലും ആളുകള്‍ അലസന്മാരാവുന്നത്‌. നബി(സ) മരണപ്പെട്ടപ്പോള്‍ അബൂബക്കറിന്‌(റ) ആദ്യമായി യുദ്ധംചെയ്യേണ്ടിവന്നത്‌ സകാത്ത്‌ മുടക്കികളോടായിരുന്നുവല്ലോ. 
നാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നോമ്പിലും നമസ്‌കാരങ്ങളിലും ഹജ്ജിലും ഉംറയിലും സകാത്തുകളിലും സമ്പൂര്‍ണമായ ഏകാഗ്രത നമുക്ക്‌ ലഭിക്കുന്നുണ്ടോ? നമുക്ക്‌ രാഷ്‌ട്രീയം പറയാന്‍, കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍, സംഘടനാ കാര്യം സംസാരിക്കാന്‍ കച്ചവടത്തിലും കൃഷിയിലും ലാഭവും നഷ്‌ടവും വിലയിരുത്താന്‍ ഒക്കെ യഥേഷ്‌ടം സമയമുണ്ട്‌. പക്ഷെ, നമസ്‌കരിക്കാനും അല്ലാഹുവോട്‌ പ്രാര്‍ഥിക്കാനും നമുക്ക്‌ സമയമില്ല. നമുക്കതില്‍ വേണ്ടത്ര താല്‌പര്യമോ ഏകാഗ്രതയോ ഇല്ല. പരലോകചിന്ത നമ്മില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.
മനുഷ്യന്‍ ശരീരംകൊണ്ടു ചെയ്യുന്ന ഏറ്റവും ശ്രേഷ്‌ഠകരമായ ആരാധന നമസ്‌കാരമാണ്‌. നമസ്‌കാരത്തില്‍ കാര്യമായ ഏകാഗ്രത ലഭിക്കുന്നുണ്ടോ? ഏകാഗ്രത ലഭിക്കുന്നുണ്ടെങ്കില്‍ അതിന്‌ മൂന്ന്‌ കാരണങ്ങള്‍ ഉണ്ടാകും. ഒന്ന്‌: നിയ്യത്ത്‌, രണ്ട്‌: നിഷ്‌കളങ്കത (ഇഖ്‌ലാസ്‌), മൂന്ന്‌: നബി(സ) നമസ്‌കരിച്ചു മാതൃക കാണിച്ചു തന്നതുപോലെ നിര്‍വഹിക്കുക. ഏതൊരു കര്‍മം ചെയ്യുമ്പോഴും അത്‌ മാത്രം നിജപ്പെടുത്തി അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കുന്നു എന്ന്‌ മനസ്സില്‍ കരുതുന്നതാണ്‌ നിയ്യത്ത്‌. ``തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്ത്‌ അനുസരിച്ച്‌ മാത്രമാണ്‌'' (ബുഖാരി) എന്ന നബിവചനം നിയ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യംവെച്ചുകൊണ്ട്‌ നമസ്‌കാരം നിര്‍വഹിക്കുകയെന്നതാണ്‌ നിഷ്‌കളങ്കത അഥവാ ഇഖ്‌ലാസ്‌. ആരും കാണാന്‍ വേണ്ടിയല്ല, അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കും ഇത്തരക്കാരുടെ ലക്ഷ്യം. അല്ലാഹു പറയുന്നു: ``എല്ലാ കീഴ്‌വണക്കവും അല്ലാഹുവിന്‌ മാത്രമാക്കിക്കൊണ്ട്‌ നിഷ്‌കളങ്കരായി അല്ലാഹുവെ ആരാധിക്കാനല്ലാതെ അവര്‍ കല്‌പിക്കപ്പെട്ടിട്ടില്ല.'' (അല്‍ബയ്യിനത്‌ 5)
നബി(സ)യാണ്‌ എല്ലാ കാര്യത്തിലും നമ്മുടെ മാതൃക. അത്‌ വിശ്വാസകാര്യങ്ങളായിരുന്നാലും കര്‍മങ്ങളായിരുന്നാലും. നബി(സ) നമസ്‌കരിച്ചു മാതൃക കാണിച്ചുതന്നതുപോലെ നമ്മള്‍ നമസ്‌കരിക്കണം. അത്‌ നബി(സ) തന്നെ നമ്മോട്‌ കല്‌പിച്ചിട്ടുള്ളതാണ്‌. ``ഞാന്‍ നമസ്‌കരിക്കുന്നത്‌ നിങ്ങള്‍ ഏത്‌ രൂപത്തില്‍ കണ്ടുവോ അതുപോലെ നിങ്ങളും നമസ്‌കരിക്കുക.'' (ബുഖാരി)
മേല്‍പറഞ്ഞ മൂന്ന്‌ കര്‍മങ്ങളും സമ്പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ നമസ്‌കാരം നിര്‍വഹിക്കുന്നതെങ്കില്‍ നമസ്‌കാരത്തില്‍ ഏകാഗ്രത ലഭിക്കും. അഥവാ അല്ലാഹുവെ നേരില്‍ കണ്ട്‌ സംസാരിക്കുന്നതു പോലെ അവനുമായി സംഭാഷണം നടത്താന്‍ സാധിക്കും. നമസ്‌കാരത്തില്‍ `അല്ലാഹുവുമായുള്ള സംഭാഷണം നടത്തുന്നതിനിടയില്‍ ശ്രദ്ധ തിരിഞ്ഞുപോകാതിരിക്കുക' എന്നതാണ്‌ ഏകാഗ്രത കൊണ്ടുദ്ദേശിക്കുന്നത്‌. മറിച്ച്‌ നമസ്‌കാരത്തിന്റെ നിയ്യത്ത്‌ വ്യക്തമല്ലാത്ത അവസ്ഥയില്‍ സമൂഹത്തില്‍ ഞാനും നടത്തേണ്ട ഒരു ചടങ്ങ്‌ എന്ന നിലയില്‍ അശ്രദ്ധമായി ചിന്തകള്‍ എവിടെയൊക്കെയോ വ്യാപരിച്ചുകൊണ്ട്‌ നടത്തുന്ന നമസ്‌കാരം ഏകാഗ്രമായിരിക്കുകയില്ല. അത്‌ കുറ്റകരവും കൂടിയായിരിക്കും. അതുകൊണ്ട്‌ അല്ലാഹു ഉദ്ദേശിച്ച നന്മകള്‍ അവന്റെ നമസ്‌കാരം കൊണ്ട്‌ സമൂഹത്തിന്‌ ലഭിക്കുന്നതുമല്ല. അല്ലാഹുവും റസൂലും കല്‌പിച്ച വിധം നമസ്‌കരിക്കുന്നവര്‍ സമൂഹത്തിന്‌ നന്മ ചെയ്യുന്നവരാണ്‌. അല്ലാത്തവര്‍ സമൂഹത്തിന്‌ ഉടക്ക്‌ വെക്കുന്നവരാണെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം.'' (മാഊന്‍ 4-7)
നമസ്‌കാരം കൊണ്ട്‌ ശിക്ഷ ലഭിക്കുന്നവരെ സംബന്ധിച്ചാണ്‌ മേല്‍ പ്രസ്‌താവിച്ചത്‌. അവര്‍ നമസ്‌കരിക്കുന്നത്‌ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയല്ല. മറിച്ച്‌, ആളുകളെ കാണിക്കാന്‍ വേണ്ടിയാണ്‌. അതിനാല്‍ അവര്‍ തങ്ങളുടെ നമസ്‌കാരം അശ്രദ്ധമായി നിര്‍വഹിക്കുന്നവരാണ്‌. ഇത്തരം നമസ്‌കാരം ആത്മാര്‍ഥതയില്ലാതെ നമസ്‌കരിക്കുന്നവര്‍ മനുഷ്യന്‌ ഉപകാരം ചെയ്യുന്നവരല്ല. അത്‌ തടഞ്ഞുവെക്കുന്നവരാണ്‌. അല്ലാഹുവും റസൂലും കല്‌പിച്ചതുപോലെ നമസ്‌കരിക്കുന്നവര്‍ക്ക്‌ അവരുടെ നമസ്‌കാരങ്ങളില്‍ ഏകാഗ്രത ഉണ്ടാകുമെന്ന്‌ മാത്രമല്ല, അവരില്‍ നിന്ന്‌ മനുഷ്യര്‍ക്ക്‌ നന്മയേ ഉണ്ടാകൂ എന്നും മേല്‍വചനം സൂചന നല്‍കുന്നുണ്ട്‌. മാതൃകാപരമായി നമസ്‌കരിക്കുന്നവരില്‍ നിന്ന്‌ തെറ്റുകുറ്റങ്ങള്‍ കുറയുമെന്നും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിശദീകരിച്ചുതരുന്നുണ്ട്‌.
``തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍ക്കുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു'' (അന്‍കബൂത്‌ 45). ``അബൂഹുറയ്‌റ പറയുന്നു: ``നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളുടെ വീടിന്റെ വാതിലിന്നരികെ ഒരു ജലാശയമുണ്ടായിരിക്കുകയും എല്ലാ ദിവസവും അതില്‍ നിന്ന്‌ അഞ്ചുതവണ കുളിക്കുകയും ചെയ്‌താല്‍ അവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? നിങ്ങളെന്ത്‌ അഭിപ്രായപ്പെടുന്നു? അവര്‍ പറഞ്ഞു: അവന്റെ ശരീരത്തില്‍ യാതൊരുവിധ അഴുക്കും ചേറും അവശേഷിക്കുന്നതല്ല. നബി(സ) പറഞ്ഞു: അതുപോലെയാണ്‌ അഞ്ച്‌ വഖ്‌ത്‌ നമസ്‌കാരങ്ങള്‍. അവ കാരണം അവന്റെ പാപങ്ങള്‍ അല്ലാഹു മായ്‌ചുകളയുന്നു'' (മുത്തഫഖുന്‍ അലൈഹി)
ഏകാഗ്രതയുള്ള നമസ്‌കാരവും മറ്റു ആരാധനാ കര്‍മങ്ങളും മനുഷ്യരെ പാപങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ഒരാളുടെ നമസ്‌കാരംകൊണ്ട്‌ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെങ്കില്‍ അയാളുടെ നമസ്‌കാരം ശരിയായ രീതിയിലല്ല എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. നമസ്‌കാരം നിര്‍ബന്ധമായും അഞ്ചുതവണ അല്ലാഹു നിര്‍ബന്ധമാക്കാന്‍ കാരണം രണ്ടാണ്‌. ഒന്ന്‌ ചീത്തയും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന്‌ അകന്നുനില്‌ക്കല്‍. രണ്ട്‌, അല്ലാഹുവിനെ സദാ ഓര്‍ത്തുകൊണ്ടിരിക്കല്‍. അല്ലാഹുവെ ഓര്‍ക്കുക എന്നുവെച്ചാല്‍ അവനെ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യുക എന്നതാണ്‌. അപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും. പണ്ഡിതനായിരുന്നാലും പാമരനായിരുന്നാലും അഞ്ചുതവണ കൃത്യമായി അയാള്‍ നമസ്‌കരിച്ചിട്ടും അയാളുടെ ദുസ്വഭാവങ്ങളിലും തെറ്റുകുറ്റങ്ങളിലും കാര്യമായ മാറ്റം സംഭവിക്കുന്നില്ലെങ്കില്‍ അയാളുടെ നമസ്‌കാരത്തിന്‌ എന്തോ പന്തികേടുണ്ടെന്ന്‌ മനസ്സിലാക്കാം. ആത്മാര്‍ഥമായും ഏകാഗ്രതയോടുകൂടിയും അല്ലാഹുവിന്‌ ആരാധനാകര്‍മങ്ങള്‍ അര്‍പ്പിക്കുന്നവരുടെ സല്‍കര്‍മങ്ങള്‍ സഹസൃഷ്‌ടികള്‍ക്കും അനുഗ്രഹമായി മാറുന്നു. കൃത്യമായി സകാത്തും സ്വദഖയും വിതരണം ചെയ്യുന്നവരുടെ സന്മനസ്സ്‌ സമസൃഷ്‌ടികള്‍ക്ക്‌ അനുഗ്രഹമായി മാറുന്നതുപോലെ.
ആരാധനാകര്‍മങ്ങളിലുള്ള ആത്മാര്‍ഥതയും ഏകാഗ്രതയും കുറയാനുള്ള പ്രധാന കാരണം ഭൗതികതാല്‌പര്യങ്ങളാണ്‌. പള്ളിയില്‍ നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുന്നവരില്‍ തന്നെ രണ്ടുവിധം ആളുകളുണ്ട്‌. ഒന്ന്‌ ജമാഅത്ത്‌ പ്രതീക്ഷിച്ചിരിക്കുന്നവര്‍. ഇക്കൂട്ടര്‍ വളരെ വിരളമായിരിക്കും. ഈ കൂട്ടര്‍ അവിടെ നടക്കുന്ന സംസാരങ്ങളില്‍ പങ്കെടുക്കാതെ ഖുര്‍ആന്‍ പഠനത്തിലോ പാരായണത്തിലോ മുഴുകുന്നവരായിരിക്കും. രണ്ട്‌, ഒരു നമസ്‌കാരസമയം കഴിഞ്ഞ്‌ മറ്റൊരു നമസ്‌കാരസമയം വരെ മതരാഷ്‌ട്രീയ സാമൂഹ്യ ചര്‍ച്ചകള്‍ സജീവമാക്കുന്നവര്‍. ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും പരദൂഷണത്തിലും പൊറുക്കപ്പെടാത്ത പാപങ്ങളിലുമാണ്‌ ചെന്നെത്തിക്കുക. അതിനാല്‍ ഇത്തരക്കാരുടെ ജമാഅത്തിന്റെയും മറ്റു ആരാധനാകര്‍മങ്ങളുടെയും പ്രതിഫലം പരലോകത്ത്‌ മറ്റുള്ളവര്‍ കൈവശപ്പെടുത്താനും നേടിയെടുക്കാനും കാരണമാകുന്നു. 
നമ്മുടെ ആരാധനാ കര്‍മങ്ങള്‍ ആത്മാര്‍ഥതയും ഏകാഗ്രതയും ഉള്ളതായിത്തീരണമെങ്കില്‍ വിനയമുള്ള മനസ്സ്‌ നിര്‍ബന്ധമാണ്‌. അല്ലാഹു വിലയിരുത്തുന്നത്‌ നമ്മുടെ ജാടകളെയോ വേഷഭൂഷാദികളെയോ അല്ല. മറിച്ച്‌, നമ്മുടെ മനസ്സിനെയും കര്‍മങ്ങളെയുമാണ്‌. നാം പലപ്പോഴും വിലയിരുത്താറുള്ളത്‌ ഒരാളുടെ താടിയുടെ നീളം, നമസ്‌കാരത്തഴമ്പ്‌ തുടങ്ങിയവയാണ്‌. അല്‌പം വാചാലതയും കൂടിയായാല്‍ അയാള്‍ക്ക്‌ തുല്യര്‍ കുറയും. അതൊന്നുമല്ല ഒരു സത്യവിശ്വാസിയെ വിലയിരുത്താനുള്ള മാനദണ്ഡം. ഒരാളുടെ താടിയുടെ നീളത്തെക്കാളും വീതിയെക്കാളും അയാള്‍ക്കുണ്ടായിരിക്കേണ്ട ഹൃദയവിശാലതയാണ്‌ നാം കണക്കാക്കേണ്ടത്‌. 
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ `സുജൂദിന്റെ അടയാളങ്ങള്‍ മുഖത്തായിരിക്കും' എന്നാണ്‌. അതുകൊണ്ടുദ്ദേശിക്കുന്നത്‌ അയാളുടെ സ്വഭാവമാണ്‌. നബി(സ)യുടെ വിയര്‍പ്പിനെക്കുറിച്ചു പോലും ഹദീസുകളില്‍ പരാമര്‍ശമുണ്ട്‌. എന്നാല്‍ അവിടുത്തെയോ നാല്‌ ഖലീഫമാരുടെയോ നമസ്‌ക്കാരത്തഴമ്പുകളെ സംബന്ധിച്ച്‌ കാര്യമായ പരാമര്‍ശങ്ങള്‍ എവിടെയും വന്നിട്ടില്ല. നമ്മുടെ മനസ്സും പ്രവര്‍ത്തനങ്ങളുമാണ്‌ വിലയിരുത്തപ്പെടേണ്ടത്‌. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്‌തു.'' (ശംസ്‌ 9,10)
``തീര്‍ച്ചയായും അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ ശരീരത്തിലേക്കോ രൂപഭംഗിയിലേക്കോ അല്ല. പക്ഷെ അവന്‍ നോക്കുന്നത്‌ നിങ്ങളുടെ മനസ്സിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). അഹങ്കാരം ഒരിക്കലും ഒരാള്‍ക്കും പരലോകവിജയം നല്‍കുന്നതല്ല. വിനയമുള്ളവനേ ആരാധനാ കര്‍മങ്ങളിലും മറ്റു സല്‍ക്കര്‍മങ്ങളിലും ഏകാഗ്രതയും ആത്മാര്‍ഥതയും പുലര്‍ത്താന്‍ കഴിയൂ. വിനയത്തില്‍ ഏറ്റവും ഉന്നതമായത്‌ മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക എന്നതാണ്‌. അതിനു കഴിയാത്തവര്‍ക്ക്‌ സല്‍ക്കര്‍മികളാവാന്‍ സാധ്യമല്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: