ശിശുസംരക്ഷണവും ശൈശവ സംഹാരവും
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിട്ട് അതിന്റെ മൂന്നാംവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജനപ്രിയ വാഗ്‌ദാനങ്ങള്‍ ഏതൊരു ഗവണ്‍മെന്റിന്റെയും മുഖമുദ്രയാണ്. ഗവണ്‍മെന്റ് അതിന്റെ മൂന്നാംവര്‍ഷത്തെ പ്രധാന അജണ്ടയായി പ്രഖ്യാപിച്ചിരിക്കുന്നത്
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിട്ട് അതിന്റെ മൂന്നാംവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജനപ്രിയ വാഗ്‌ദാനങ്ങള്‍ ഏതൊരു ഗവണ്‍മെന്റിന്റെയും മുഖമുദ്രയാണ്. ഗവണ്‍മെന്റ് അതിന്റെ മൂന്നാംവര്‍ഷത്തെ പ്രധാന അജണ്ടയായി പ്രഖ്യാപിച്ചിരിക്കുന്നത്
കുട്ടികള്‍ക്കുള്ള സൗജന്യചികിത്സയാണ്. പതിനെട്ടു വയസ്സുള്ളവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യചികിത്സ ലഭ്യമാക്കുന്ന `ആരോഗ്യകിരണം' പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യാരാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതിയുമായി ഒരു സര്‍ക്കാര്‍ മുന്നോട്ടുവരുന്നത് എന്നതിനാലും വര്‍ധിച്ചുവരുന്ന ശിശുമരണ നിരക്കിന്റെ പശ്ചാത്തലത്തിലും ഈ നീക്കം തികച്ചും ശ്ലാഘനീയമാണ്. മുപ്പതിലധികം രോഗങ്ങള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുമെന്നാണ് അധികൃതവാഗ്‌ദാനം. കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടെ ശ്രവണശക്തി തിരിച്ചുകിട്ടിയ അനസൂയ എന്ന ബാലികയെക്കൊണ്ട് പദ്ധതി ആരംഭം കുറിച്ചത് പ്രതീകാത്മക തുടക്കമായി നമുക്ക് കാണാം. സര്‍ക്കാര്‍ പദ്ധതികള്‍ക്കുണ്ടാകുന്ന പോരായ്‌മകളെല്ലാം ഈ പദ്ധതിക്കും കാണുമെന്നതില്‍ സംശയമില്ല. എങ്കിലും ഉദ്ദേശ്യശുദ്ധിയിലും കാഴ്‌ചപ്പാടിലും നമുക്ക് അഭിനന്ദിക്കാം.
ആരോഗ്യ സംരക്ഷണരംഗത്ത് ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നു വ്യത്യസ്‌തമായി, അന്താരാഷ്‌ട്ര നിലവാരത്തിലെത്തി നില്‌ക്കുന്നു എന്ന് നാം പറയുന്ന കേരളത്തില്‍ ആദിവാസി കേന്ദ്രങ്ങളിലും മറ്റും ശിശുമരണ നിരക്ക് വര്‍ധിക്കുന്ന വാര്‍ത്തയാണ് സമകാല കേരളത്തിന്റെ ചര്‍ച്ച. അതുപോലെ ലോകാടിസ്ഥാനത്തില്‍ ഇന്ത്യ, എത്യോപ്യ, പെറു, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ `സേവ് ദി ചില്‍ഡ്രന്‍' എന്ന സംഘടന നടത്തിയ പഠനത്തില്‍ ലോകത്തിലെ നാലിലൊന്നു കുട്ടികള്‍ക്കും കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. അത് വിദ്യാലയത്തില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നതിലും വളരുമ്പോള്‍ ജോലി ചെയ്‌ത് ഉപജീവനം തേടുന്നതിലും പിന്നാക്കമായിപ്പോകുന്നതിന് കാരണമായിത്തീരുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ നമ്മുടെ സര്‍ക്കാറിന്റെ ശ്രദ്ധ ഈ വഴിക്ക് നീങ്ങിയത് ശുഭോദര്‍ക്കമാണ്. എന്നാല്‍ സര്‍ക്കാറുകളുടെ ഔപചാരികമായ പദ്ധതി നിര്‍വഹണത്തിലുപരി സമൂഹത്തിന്റെ സ്ഥിതിയിലാണ് മാറ്റം വരേണ്ടത്. സ്രഷ്‌ടാവായ അല്ലാഹു ഏതൊരു കുഞ്ഞിനും വേണ്ടി പ്രകൃതിയില്‍ സംവിധാനിച്ച മുലപ്പാല്‍ എന്ന പോഷണ-പ്രതിരോധ-ചികിത്സകള്‍ക്കുള്ള ഒറ്റമൂലി കുഞ്ഞുങ്ങള്‍ക്ക് നല്‌കുന്നതില്‍ പോലും വീഴ്‌ചവരുത്തിയ മാതൃത്വത്തിന്റെ വികലകാഴ്‌ചപ്പാട്, വിപണിവത്‌ക്കരണത്തിന്റെയും തന്മൂലമുള്ള മൂല്യച്യുതിയുടെയും ഫലമാണ്. `ലോക മുലയൂട്ടല്‍ദിനം' ആചരിക്കേണ്ടിവന്നത് മാനവികതയ്‌ക്ക് കളങ്കമാണ്. ആയതിനാല്‍ ശിശു സംരക്ഷണ സംരംഭങ്ങളില്‍ സര്‍വാത്മനാ സഹകരിക്കേണ്ടത് പൗരന്മാരുടെ ബാധ്യതയാണ്.
എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് പോഷണത്തിന് ആഹാരവും രോഗത്തിന് ചികിത്സയും ആവശ്യത്തിന് വിദ്യാഭ്യാസവും നല്‍കിയാല്‍ മതിയോ? `ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ സമൂഹം, ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്മാര്‍' എന്നിങ്ങനെ പാരമ്പര്യമായി നാം പറഞ്ഞുവരുന്ന ചില സത്യങ്ങളുണ്ട്. അതിലുമെത്രയോ വലുതാണ് നമ്മുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് കരളിന്റെ കഷ്‌ണം, വീടിനു വിളക്ക്, കുടുംബത്തിന് കണ്‍കുളിര്‍മ, സമൂഹത്തിന് ആനന്ദം, ഭാവിയുടെ വാഗ്‌ദാനം, രാഷ്‌ട്രത്തിന് അടിത്തറ.... എന്തെല്ലാമാണ് നമ്മുടെ മക്കള്‍! ശരീരപോഷണത്തിലും വേഷഭൂഷാദി അലങ്കാരത്തിലും ആടയാഭരണങ്ങളിലും ഒതുങ്ങുന്നതല്ല ശിശുസംരക്ഷണം. കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയില്‍ അവര്‍ക്ക് ലഭിക്കുന്ന ക്രമപ്രവൃദ്ധമായ പിന്തുണയിലൂടെ മാനസികമായും അവര്‍ വളര്‍ന്നുവരേണ്ടതുണ്ട്. അവരുടെ വ്യക്തിത്വം വികസിക്കേണ്ടതുണ്ട്. ശരിയായ ദിശാബോധം ലഭിക്കേണ്ടതുണ്ട്. ലാളനയും സ്‌നേഹവും അവര്‍ക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് വ്യക്തികളില്‍ നിന്ന് എന്തെല്ലാം തിരിച്ചുകിട്ടേണ്ടതുണ്ടോ അതെല്ലാം ശൈശവത്തില്‍ അവര്‍ക്ക് യഥോചിതം ലഭിച്ചേ തീരൂ. നിര്‍ഭാഗ്യവശാല്‍ ശിശുക്കളെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുമ്പോള്‍ മറുഭാഗത്ത് ശൈശവത്തെ (കുട്ടിത്തത്തെ) സംഹരിക്കാനായി നിരവധി വലകള്‍ വിരിച്ചു വയ്‌ക്കപ്പെട്ടിട്ടുണ്ട്. ഈ യാഥാര്‍ഥ്യം എത്രയും നേരത്തെ നാം തിരിച്ചറിയുന്നുവോ അത്രയും നല്ലത്.
പ്രകൃതിയുടെ ഏത് നന്മയും കമ്പോളവത്‌കരിക്കപ്പെട്ട ഇക്കാലത്ത് സ്‌ത്രീശരീരവും സൗന്ദര്യവും പരസ്യക്കമ്പനികള്‍ പന്താടുകയാണ്. അതുപോലെ കുട്ടിത്തത്തിന്റെ നിഷ്‌കളങ്കഭാവവും കമ്പോളവത്‌കരിക്കപ്പെടുന്ന ദയനീയാവസ്ഥ നമ്മുടെ കണ്‍മുന്നിലുണ്ട്. തങ്ങളുടെ ഉത്‌പന്നങ്ങള്‍ ചെലവാക്കാന്‍ ഏത് നെറികേടും കമ്പനി ഉടമകള്‍ ചെയ്യാന്‍ ധാര്‍ഷ്‌ട്യം കാണിക്കുന്നു. എന്നാല്‍ മീഡിയ ചെയ്യുന്ന പാതകം ഇതിലും വലുതാണ്. `കുട്ടികള്‍ക്കുവേണ്ടി' എന്ന നിലയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ആനുകാലികങ്ങള്‍, കഥാപുസ്‌തകങ്ങള്‍, ഡോക്യുമെന്ററികള്‍, ചാനല്‍ പ്രോഗ്രാമുകള്‍ മുതലായവയില്‍ മിക്കതും പ്രസാധകര്‍ക്ക് റേറ്റിംഗ് കൂട്ടാന്‍ ഉപകരിക്കുമെന്നല്ലാതെ കുട്ടികള്‍ക്കൊരു പ്രയോജനവുമില്ല. ഉപകാരമില്ലെന്നല്ല ഉപദ്രവകാരികള്‍ കൂടിയാണവയില്‍ പലതും. പിഞ്ചു മനസ്സുകളില്‍ പൊള്ളയായ ഉമ്മാമക്കഥകളും ഭൂതപ്രേത പിശാചുക്കളെപ്പറ്റിയുള്ള മിഥ്യാ സങ്കല്‌പങ്ങളും അനാവശ്യഭയവും ഉളവാക്കുന്ന എത്രയെത്ര യക്ഷിക്കഥകളാണ് ബാലസാഹിത്യം എന്ന പേരില്‍ നിത്യവും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് കോപ്പികള്‍ ഉണ്ടെന്നവകാശപ്പെടുന്ന പ്രിന്റ് മീഡിയ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നു. വായന കുറഞ്ഞുവരികയും ദൃശ്യമാധ്യമങ്ങള്‍ തത്‌സ്ഥാനം കൈയടക്കി വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മിനിസ്‌ക്രീനിനു മുന്നില്‍ ശൈശവത്തെ തളച്ചിടുന്ന കാര്‍ട്ടൂണ്‍ചിത്രങ്ങള്‍ പിഞ്ചുമനസ്സിനെ കൊന്നുകളയുന്നവയാണ്. അന്താരാഷ്‌ട്ര തലത്തില്‍ പ്രചാരം നേടിയ ചില പ്രസിദ്ധ കാര്‍ട്ടൂണുകള്‍ (ടോം&ജെറി പോലുള്ളവ) നിരുപദ്രവമെന്നു തോന്നാമെങ്കിലും ആക്രമണവും കീഴടക്കലും മാത്രമാണവയിലെ ഇതിവൃത്തം.
കുട്ടികള്‍ക്കുവേണ്ടി ഇറക്കപ്പെട്ടു എന്നവകാശപ്പെടുന്ന ടിന്റുമോന്‍ ഫലിതങ്ങള്‍ ശൈശവത്തെ സംഹരിക്കുന്ന `വള്‍ഗര്‍വിറ്റു'കളും `സെക്‌സിഹിറ്റു'കളും കൊണ്ട് നിറഞ്ഞതാണ്. സൂര്യ ടിവിയില്‍ ഇയ്യിടെ ആരംഭിച്ച `കുട്ടിപ്പട്ടാളം' എന്ന കുട്ടികള്‍ക്കുള്ള പ്രോഗ്രാം നഴ്‌സറി പ്രായത്തിലുള്ള മക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവയാണ്. മൂന്നര-നാല് വയസ്സായ കുട്ടികളോട് മോന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം ലൗമാര്യേജോ അറേന്‍ജ്‌ഡ് മാര്യേജോ എന്ന് ചോദിക്കാന്‍ മാത്രം വിവരക്കേടു കാണിച്ച അവതാരക കുട്ടിത്തത്തെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊല്ലുകയല്ലേ?! ശിശുമനസ്സിനെ ഉണര്‍ത്താന്‍ എത്രയെത്ര ചോദ്യങ്ങള്‍ ഉന്നയിക്കാനാവും? എന്നിട്ടും ഈ ക്രുരത! ഇതെല്ലാം ഉദാഹരണങ്ങള്‍ മാത്രം. സര്‍ക്കാര്‍ തലത്തിലും സാമൂഹിക തലത്തിലും ശിശുസംരക്ഷണത്തിന് പ്രോത്സാഹനം നല്‍കുമ്പോള്‍ മീഡിയ ശൈശവ സംഹാരമാണ് പോളിസിയായി സ്വീകരിച്ചിരിക്കുന്നത്. മിനിസ്‌ക്രീനിന്റെ മുന്നിലിരിക്കുന്ന ബാലലോകത്തിന്റെ പ്രസരിപ്പ് എന്നോ പോയ്‌മറഞ്ഞു. ഫാസ്റ്റ്‌ഫുഡ് സംസ്‌കാരവും കൂടി ആയപ്പോള്‍ തനി ബ്രോയ്‌ലര്‍ ആയിത്തീരുന്ന കുഞ്ഞുങ്ങളുടെ മനസ്സിലെ കുട്ടിത്തം കളഞ്ഞുകുളിക്കാന്‍ മീഡിയയും രംഗത്ത്. എല്ലാംകൂടി ആപത്‌കരമായ ഭാവിയാണ് മുന്നില്‍ കാണുന്നത്.
ശൈശവത്തിന്റെ പര്യായമായി മാറിയ ചില ഉത്‌പന്നങ്ങള്‍ കാന്‍സര്‍ ബാധയ്‌ക്ക് കാരണമാണെന്ന കണ്ടെത്തലും അവയുടെ പരസ്യങ്ങള്‍പോലും സര്‍ക്കാര്‍ നിരോധിച്ചതും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ശിശുസംരക്ഷണം പോലെ ശൈശവ സംരക്ഷണവും കൂടി ശ്രദ്ധ പതിയേണ്ടതാണെന്ന സന്ദേശം കൈമാറുകയാണിവിടെ ചെയ്യുന്നത്. മൂല്യബോധം കുട്ടികളിലേക്കെത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം അനിവാര്യമാണ്.
0 comments: