ബൈ ബൈ ബെനഡിക്‌ട്‌...!

  • Posted by Sanveer Ittoli
  • at 8:57 AM -
  • 0 comments
ബൈ ബൈ ബെനഡിക്‌ട്‌...!

ഒരു മില്യനിലധികം വിശ്വാസികളുള്ള കത്തോലിക്ക സഭയുടെ പരമോന്നത നേതാവ്‌ പോപ്പ്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ രാജിവെച്ചിരിക്കുന്നു. 2013 ഫെബ്രിവരി 28ന്‌ താന്‍ പോപ്പിന്റെ എല്ലാ അധികാരപദവികളില്‍നിന്നും ഒഴിയുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. കാലംചെയ്യുന്നതുവരെ പദവിയില്‍ തുടരുക എന്ന പോപ്പുമാരുടെ പതിവുതെറ്റിച്ചുള്ള ഈ രാജിപ്രഖ്യാപനം ലോകത്തുള്ള കത്തോലിക്കാ വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുന്നു. സഭയെ നയിക്കാന്‍ ആരോഗ്യം അനുവദിക്കാത്തതാണ്‌ പത്രോസിന്റെ സിംഹാസനം വിടാനുള്ള കാരണമായി പോപ്പ്‌ രാജിക്കത്തില്‍ വിശദീകരിച്ചിട്ടുള്ളത്‌.
പോപ്പിന്റെ രാജിയെച്ചൊല്ലിയുള്ള വിവാദം പാശ്ചാത്യ മാധ്യമങ്ങളില്‍ സജീവമാണ്‌. മൂന്നുമാസം മുമ്പെ പോപ്പ്‌ രഹസ്യശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നുവെന്നും രോഗപീഡകള്‍ അലട്ടുന്നതുകൊണ്ടാണ്‌ രാജിവെച്ചതെന്നും ഒരു വിഭാഗം പറയുന്നു. പോപ്പിന്‌ അനാരോഗ്യമുണ്ട്‌ എന്നത്‌ ശരിയാണെങ്കിലും വാര്‍ധക്യ സഹജമായ സാധാരണ വൈഷമ്യങ്ങള്‍ക്കപ്പുറം പ്രത്യേകിച്ച്‌ അസുഖങ്ങളോന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പെട്ടെന്‌ ഒരു രാജി പ്രഖ്യാപനത്തിലേക്ക്‌ നയിക്കാന്‍ മാത്രമുള്ള രോഗാവസ്ഥയൊന്നും പോപ്പിനില്ലെന്നാണ്‌ വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ശരിവെക്കുന്നത്‌.
പോപ്പിന്റെ രാജിയ്‌ക്ക്‌ പുറകില്‍ ഗുരുതരമായ വേറെ കാരണങ്ങള്‍ ഉണ്ടെന്നാണ്‌ മറ്റു ചില വിശകലനങ്ങള്‍ വിരല്‍ചൂണ്ടുന്നത്‌. ആഗോള കത്തോലിക്കാ സമൂഹം ചെന്നുപെട്ടിട്ടുള്ള അപചയങ്ങളില്‍ പോപ്പ്‌ അത്യധികം നിരാശനും അസംതൃപ്‌തനുമായിരുന്നു എന്നതിന്‌ ഒട്ടേറെ രേഖകളുണ്ട്‌. വത്തിക്കാന്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്തിറക്കിയ അപ്പോസ്‌തലിക്‌ ലറ്റര്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും. ശാസ്‌ത്ര സാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിന്റ ഫലമായുണ്ടായ ഭൗതിക വളര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും സഭാസമുദായത്തിന്റെ ധാര്‍മിക ഭദ്രത തകര്‍ത്തതായി ആ കത്തില്‍ പോപ്പ്‌ എടുത്തുപറയുന്നു. സ്വവര്‍ഗരതി, ബാലപീഡനം, ലൈംഗിക ഉദാരത, ഗര്‍ഭഛിദ്രം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകള്‍ ക്രൈസ്‌തവ സമൂഹത്തില്‍ വ്യാപകമായി പടര്‍ന്നിട്ടുണ്ടെന്ന്‌ അപ്പോസ്‌തലിക ലേഖനത്തില്‍ വിശദീകരിക്കുന്നു. ഭൗതികാസക്തിയുടെ ഫലമായി സഭാവിശ്വാസികള്‍ മതത്തില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുന്നുണ്ടെന്ന സത്യവും പോപ്പ്‌ സ്ഥിരീകരിക്കുകയുണ്ടായി. യാഥാസ്ഥിതിക പാരമ്പര്യവാദിയായി പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ള പോപ്പ്‌ സ്വവര്‍ഗരതിയെയും അതിരുവിട്ട ലൈംഗിക സ്വാതന്ത്ര്യത്തെയും ശക്തമായി വിമര്‍ശിക്കുകയും പാശ്ചാത്യ സമൂഹങ്ങളില്‍ പെരുകുന്ന കുടുംബത്തകര്‍ച്ചയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു.
ആത്മീയ മൂല്യങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ പരിമിതപ്പെടുത്തുകയും പൊതുജീവിതത്തില്‍, വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുത്തഴിഞ്ഞ വഴി ആശ്ലേഷിക്കുകയും ചെയ്‌ത പാശ്ചാത്യ ക്രൈസ്‌തവ സമൂഹത്തിന്‌ പോപ്പ്‌ ബെനഡിക്‌ടിന്റെ ശാസനകള്‍ അനിഷ്‌ടകരമായിരുന്നു. പോപ്പിന്റെ രാജി പ്രഖ്യാപനത്തെ തുടര്‍ന്ന്‌ വിവിധ രാജ്യങ്ങളില്‍ നടന്ന ആഹ്ലാദ പ്രകടനങ്ങള്‍, ഈ അനിഷ്‌ടം മറയില്ലാതെ പ്രകടമാക്കുന്നുണ്ട്‌. ``ബൈ ബൈ ബെനഡിക്‌ട്‌, നോ മോര്‍ പോപ്പ്‌'' എന്ന്‌ ആര്‍ത്തുവിളിച്ചാണ്‌ പലേടത്തും പ്രകടനം നടന്നത്‌. പാരീസിലെ നോട്ടര്‍ഡാം പള്ളിക്കകത്തു കയറിയ ഉക്രേനിയന്‍ സ്‌ത്രീകള്‍ ആള്‍ത്താരയ്‌ക്കരികില്‍ വസ്‌ത്രമുരിഞ്ഞ്‌ നഗ്നനൃത്തമാടിയാണ്‌ ആഹ്ലാദ പ്രകടനം നടത്തിയത്‌!
വത്തിക്കാനില്‍ രാജ്യത്തിന്റെ ആഭ്യന്തരരംഗം ഏറെ വഷളായിക്കഴിഞ്ഞുവെന്നതും പോപ്പില്‍ മടുപ്പുളവാക്കിയിരിക്കണം. വത്തിക്കാന്‍ ബാങ്കിന്റെ നടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം രാജ്യാന്തര തലത്തില്‍ കത്തോലിക്കാ സഭയ്‌ക്ക്‌ ക്ഷീണമുണ്ടാക്കിയിരുന്നു. മാത്രമല്ല, കര്‍ദിനാള്‍മാര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും സ്വജനപക്ഷപാതവും അഴിമതിയും വാര്‍ത്തകളില്‍ നിറഞ്ഞു. പോപ്പിന്റെ രഹസ്യരേഖകള്‍ മോഷ്‌ടിച്ചു പകര്‍ത്തി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജിയാലൂഗി നൂസിക്കു കൈമാറിയ, അദ്ദേഹത്തിന്റെ മുന്‍ പാചകക്കാരന്‍ പൗലോ ഗബ്രിയേല്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്‌. പോപ്പിന്റെ രഹസ്യ സൂക്ഷിപ്പുകാരനായ ഇയാള്‍, കത്തുകളും ഫാക്‌സുകളും മറ്റു സ്വകാര്യരേഖകളും പകര്‍ത്തി പുറത്തുവിടുകയായിരുന്നു. സഭാധ്യക്ഷന്മാര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി. ഈ വിവരങ്ങള്‍ ചേര്‍ത്തുള്ള പുസ്‌തകം വിപണിയിലെത്തിയതോടെ, സഭയുടെ പ്രതിച്ഛായ കളങ്കിതമായി. സഭയെ വഞ്ചിച്ചതിന്റെ പേരില്‍ പിടിയിലായ പൗലോ ഗബ്രിയേല്‍, തനിക്കെതിരെ വത്തിക്കാന്‍ മനുഷ്യത്വഹീനമായ പ്രതികാര നടപടി കൈക്കൊള്ളുന്നതായാണ്‌ ഒടുവില്‍ വെളിപ്പെടുത്തിയത്‌. ഒരു ആത്മീയ സഭയ്‌ക്കും ചേരാത്ത തരത്തിലുള്ള ക്രൂരമായ പീഡനങ്ങള്‍ ജയിലില്‍ തനിക്കെതിരെ നടന്നതായി അയാള്‍ മാധ്യമങ്ങളോട്‌ പറഞ്ഞതും പോ പ്പിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്‌.
സഭാ മേലധ്യക്ഷന്മാര്‍ക്കെതിരെ ഉയര്‍ന്ന വ്യാപകമായ പരാതികളാണ്‌ മറ്റൊന്ന്‌. പോപ്പിന്റെ സ്വന്തം പരികര്‍മിയായ നൈജീരിയക്കാരന്‍ പാതിരി ഗിനേഡു എനിയേമിയാനെ സ്വവര്‍ഗരതി കുറ്റത്തിന്‌ തല്‍സ്ഥാനത്തുനിന്ന്‌ പുറത്താക്കിയത്‌ ഈയിടെയാണ്‌. പത്തു വര്‍ഷത്തിനിടെ വത്തിക്കാനില്‍ പുരോഹിതന്മാര്‍ക്കെതിരെ നാലായിരം ലൈംഗിക പീഡനക്കേസുകള്‍ അന്വേഷിക്കുകയുണ്ടായി. ജന്മനാടായ ജര്‍മനി സന്ദര്‍ശിച്ച പോപ്പ്‌, ബര്‍ലിനില്‍ ചെന്ന്‌ പുരോഹിതന്മാരാല്‍ ലൈംഗിക പീഡനത്തിന്‌ വിധേയരായ പൗരന്മാരെ സന്ദര്‍ശിച്ച്‌ മാപ്പ്‌ ചോദിച്ചിരുന്നു. 27 റോമന്‍ സഭകളില്‍ 18ലും പുരോഹിതന്മാര്‍ ലൈംഗിക പീഡനക്കേസുകളില്‍ അകപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസം നഷ്‌ടപ്പെട്ട 18 ലക്ഷത്തിലേറെ പേര്‍ സഭ വിട്ടതായി ഇതിനകം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.
ലോക കത്തോലിക്കാ സഭയെയും പുരോഹിതന്മാരെയും കണ്ണു തുറപ്പിക്കുകയാണോ, തന്റെ രാജിയിലൂടെ പോപ്പ്‌ ഉദ്ദേശിച്ചത്‌? അതോ ആത്മീയ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു (യാഥാസ്ഥിതിക) പുരോഹിതന്റെ മനം തപിച്ചുള്ള പിന്മാറ്റമോ? സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്ക പള്ളിയില്‍ നിന്ന്‌ ഇനിയൊരു വെള്ളപ്പുക ഉയരുമ്പോള്‍ ലോകം ചോദിക്കുക ഈ ചോദ്യങ്ങളായിരിക്കും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: