സംബോധനവും ഉദ്ദേശ്യവും യാഥാസ്ഥിതികരുടെ ഇസ്‌തിഗാസയും
എ അബ്‌ദുസ്സലാം സുല്ലമി
മരണപ്പെട്ടവരെയോ അചേതന വസ്‌തുവിനെയോ വിളിച്ചുകൊണ്ട് ഗദ്യശൈലിയിലൂടെയോ പദ്യശൈലിയിലൂടെയോ തന്റെ സങ്കടമോ ആഗ്രഹമോ പ്രകടിപ്പിച്ചാല്‍ അത് മരണപ്പെട്ട വ്യക്തിയും അചേതന വസ്‌തുവും കേള്‍ക്കാനും ഉപകാരം ചെയ്യാനും വേണ്ടിയാണ് എന്ന ജല്‌പനമാണ്, ഈ പ്രപഞ്ചത്തിന്റെ ഏത് സ്ഥലത്തുവെച്ച് ഏത് സമയത്ത് ഏത് ഭാഷയില്‍ വിവിധങ്ങളായ ആഗ്രഹങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടോ ഉറക്കെ പറഞ്ഞുകൊണ്ടോ ഒറ്റക്കോ പതിനായിരങ്ങള്‍ ഒന്നിച്ചോ മുഹ്‌യുദ്ദീന്‍ ശൈഖേ എന്നെ കാക്കണമേ,
ബദ്‌രീങ്ങളെ എന്നെ രക്ഷിക്കേണമേ എന്ന് വിളിച്ച് തേടിയാല്‍ (ഇസ്‌തിഗാസ ചെയ്‌താല്‍) ഇറാഖില്‍ മരിച്ചുകിടക്കുന്ന മുഹ്‌യുദ്ദീന്‍ ശൈഖും മക്കത്തും മദീനത്തും മറ്റുമായി മറമാടപ്പെട്ട ബദ്‌രീങ്ങളും മറ്റും കേള്‍ക്കുകയും കാണുകയും അങ്ങനെ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നും വിശ്വസിക്കുന്ന ഇസ്‌തിഗാസ (കുട്ടിപ്പടച്ചവനെ ഉണ്ടാക്കുന്ന ഇസ്‌തിഗാസ) ഇസ്‌ലാമില്‍ അനുവദനീയമാണെന്ന് സ്ഥാപിക്കാനും മഹാന്മാര്‍ ഈ ഇസ്‌തിഗാസ ചെയ്‌തിട്ടുണ്ടെന്ന് സ്ഥാപിക്കാനും വേണ്ടി ഖുബൂരികള്‍ അടിസ്ഥാനമാക്കുന്ന പ്രധാന തെളിവ്. (നഊദുബില്ലാഹി, ലഅ്‌തനത്തുല്ലാഹി അലല്‍കാദിബീന്‍)
യഥാര്‍ഥത്തില്‍, സംബോധനം മരണപ്പെട്ടവരോടും അചേതന വസ്‌തുക്കളോടും കേള്‍ക്കാന്‍ സാധിക്കാത്തവരോടും ആയിരിക്കുക, ഉദ്ദേശ്യം മറ്റുള്ളവരോടും ആയിരിക്കുക എന്ന ശൈലി വിശുദ്ധ ഖുര്‍ആനിലും സ്വഹീഹായ ഹദീസുകളിലും മറ്റുള്ള ഗ്രന്ഥങ്ങളിലും ഭാഷാ വ്യത്യാസമില്ലാതെ പ്രയോഗിച്ചതിന് ധാരാളം തെളിവുകള്‍ കാണാവുന്നതാണ്. ഇത് ഭാഷയിലെ ഒരു സാഹിത്യശൈലിയാണ്. ഇതു മനസ്സിലാക്കാതെയാണ് ചെറിയ പടച്ചവനെ പ്രതിഷ്‌ഠിക്കുന്ന ഇസ്‌തിഗാസ മഹാന്മാരെല്ലാം സര്‍വ നൂറ്റാണ്ടുകളിലായി നിര്‍വഹിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ സമസ്‌ത ഖുബൂരികള്‍ തെളിവ് പിടിക്കുന്നത്. യഥാര്‍ഥത്തില്‍ ഇവര്‍ പറയുന്ന പണ്ഡിതന്മാരില്‍ പില്‌ക്കാലത്തെ റംലിയും സുബ്‌കിയുമല്ലാതെ മഹാന്മാര്‍ മരണപ്പെട്ടാലും ഈ പ്രപഞ്ചത്തിന്റെ ഏതു സ്ഥലത്ത് വെച്ച് ഏത് സമയത്ത് ഏത് ഭാഷയില്‍ വിവിധ ഉദ്ദേശ്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടോ ഉറക്കെ പറഞ്ഞുകൊണ്ടോ ഒറ്റക്കോ ആയിരങ്ങള്‍ ഒന്നിച്ചോ വിളിച്ച് സഹായം തേടിയാലും അവരത് കേള്‍ക്കുകയും സംഭവം കാണുകയും ചെയ്‌തുകൊണ്ട് ഉപകാരം ചെയ്യുമെന്നും അതിനാല്‍ മരണപ്പെട്ടവരെ ഇപ്രകാരം വിളിച്ച് സഹായം തേടല്‍ മതത്തില്‍ അനുവദനീയമാണെന്നും വ്യക്തമായി പറഞ്ഞിട്ടില്ല. ഇവര്‍ പറയുന്ന പണ്ഡിതന്‍മാര്‍ ഇപ്രകാരം ചെയ്‌തതും ഉദ്ധരിക്കപ്പെടുന്നുമില്ല. യാ മുഹമ്മദ് (മുഹമ്മദേ) എന്ന് വിളിച്ചില്ലേ? മരണപ്പെട്ടവരോട് സംസാരിച്ചില്ലേ എന്ന് ജല്‌പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവരുടെ വിഡ്‌ഢിത്തം ചില തെളിവുകളിലൂടെ വിശദീകരിക്കാം.
സ്വാലിഹ് നബി(അ)യും മരണപ്പെട്ടവരോടുള്ള സംബോധനവും
``അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്‌ന്നുവീണു കിടക്കുകയായിരുന്നു. അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുതരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശങ്ങളെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ല'' (അഅ്‌റാഫ്: 78,79)
മരണപ്പെട്ട വിഗ്രഹാരാധകരോടാണ് സ്വാലിഹ് നബി(അ) ഇവിടെ സംസാരിക്കുന്നത.് ഇമാം റാസി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക: ചിലപ്പോള്‍ ഒരു മനുഷ്യന്‍ മരണപ്പെട്ട തന്റെ സ്‌നേഹിതനോട് സംസാരിക്കുന്നതാണ്. അവന്‍ അവനെ ഉപദേശിച്ചു. എന്നാല്‍ അവന്‍ ഉപദേശത്തെ സ്വീകരിക്കാതെ നാശത്തില്‍ പതിച്ചു. അപ്പോള്‍ മരണപ്പെട്ടവനോട് ഇപ്രകാരം പറഞ്ഞേക്കാം: എന്റെ സ്‌നേഹിതാ, ഞാന്‍ നിന്നെ ധാരാളം ഉപദേശിച്ചു. എന്നാല്‍ നീ എന്റെ ഉപദേശം സ്വീകരിച്ചില്ല. ഞാന്‍ നിന്നെ തിന്മയില്‍ നിന്നും വിലക്കി. എന്നാല്‍ നീ എന്റെ വാക്കു സ്വീകരിച്ചില്ല. ഇപ്രകാരം ഒരു സംഭവമാണിവിടെ നടന്നത്. (റാസി 14-168)
മരണപ്പെട്ട വിഗ്രഹാരാധകനെ ഈ പ്രപഞ്ചത്തില്‍ ഏത് കോണില്‍ വെച്ച് ഏത് സമയത്ത്, ഏതു ഭാഷയില്‍ ഒറ്റക്കോ സംഘമായോ വിവിധങ്ങളായ ഉദ്ദേശ്യങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോ അല്ലാതെയോ മനസ്സില്‍ വിചാരിച്ചുകൊണ്ട് വിളിച്ച് തേടിയാല്‍ (ഇസ്‌തിഗാസ ചെയ്‌താല്‍) അവരത് കേള്‍ക്കുകയും കാണുകയും ഉപകാരം ചെയ്യുകയും ചെയ്യുമെന്ന് സ്ഥാപിക്കാന്‍ ഒരു വിഗ്രഹാരാധകന്‍ ഈ സൂക്തം തെളിവ് പിടിക്കുന്നതുപോലെ തന്നെയാണ് മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളെ കാക്കണേ എന്നിങ്ങനെ മരണപ്പെട്ടവരെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുവാന്‍ യാ മുഹമ്മദ് (മുഹമ്മദേ) എന്ന് വിളിച്ച് ഇബ്‌നു ഉമര്‍(റ) പോലെയുള്ളവര്‍ സംബോധനം നടത്തിയ സംഭവങ്ങള്‍ ഖുബൂരികള്‍ തെളിവ് പിടിക്കുന്നത്. ഇവിടെയെല്ലാം സംബോധനം മരണപ്പെട്ടവരോടും ഉദ്ദേശ്യം മറ്റുള്ളവരുമാണ്.
അബൂബക്കറും(റ) ഇസ്‌തിഗാസയും
നബി(സ) മരണപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) കയറി വന്നു ഇപ്രകാരം നബി(സ)യെ വിളിച്ച് സംസാരിച്ചു: ``എന്റെ മാതാവും പിതാവും താങ്കള്‍ക്കുവേണ്ടി മോചനം നല്‌കാന്‍ ഞാന്‍ തയ്യാറാണ്. അല്ലയോ അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹു താങ്കളുടെ മേല്‍ രണ്ട് മരണത്തെ ഒരുമിച്ച് കൂട്ടുകയില്ല. താങ്കള്‍ നല്ലവനായി ജീവിച്ചു. നല്ലവനായി മരിച്ചു.'' (ബുഖാരി)
ഇപ്രകാരം ഉമറും(റ) ഫാത്വിമയും(റ) നബി(സ)യോടു സംസാരിച്ചത് സ്വഹീഹായി ഉദ്ധരിക്കുന്നു. ഇതെല്ലാം മരണപ്പെട്ട നബി(സ) കേള്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഈ ലോകത്തിന്റെ ഏത് സ്ഥലത്തുവെച്ച് ഏത് സമയത്ത്, ഏതു ഭാഷയില്‍ ഒറ്റക്കോ കൂട്ടമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ മനസ്സില്‍ വിചാരിച്ചുകൊണ്ടോ ഉറക്കെ പറഞ്ഞുകൊണ്ടോ മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളെ കാക്കണേ എന്ന് വിളിച്ചു ചെറിയ പടച്ചവന്മാരെ ഉണ്ടാക്കുന്ന ഇസ്‌തിഗാസക്ക് ഖുബൂരികള്‍ മാത്രമാണ് തെളിവ് പിടിക്കുക.
ഇവിടെ സംബോധന നബി(സ)യാണെങ്കിലും മറ്റുള്ളവരാണ് കേള്‍ക്കുക എന്ന ഉദ്ദേശ്യം ഇവിടെയില്ല. ലക്ഷ്യം മനസ്സിലുള്ള സ്‌നേഹപ്രകടനവും ദു:ഖപ്രകടനവുമാണ്. കാല് കോച്ചിയ ഇബ്‌നുഉമറും(റ) ഖുബൂരികള്‍ ഇസ്‌തിഗാസക്ക് തെളിവ് പിടിക്കുന്ന പണ്ഡിതന്മാരും യാ മുഹമ്മദ് (മുഹമ്മദേ) എന്ന് വിളിച്ചതും ഈ ഉദ്ദേശ്യത്തിലാണ്.
ഇവിടെയൊന്നും തന്നെ മരണപ്പെട്ടവര്‍ കേള്‍ക്കുകയും ഉപകാരം ചെയ്യലും ഉദ്ദേശമില്ല. ചെറിയ പടച്ചവനെ ഉണ്ടാക്കുന്ന ഇസ്‌തിഗാസക്ക് ഇതൊന്നും തെളിവല്ല. ലക്ഷക്കണക്കിന് സ്വഹാബിമാര്‍ മരണപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടും, മുഹമ്മദ് നബി(സ)യുടെ കുടുംബത്തെ അറുകൊല നടത്തപ്പെട്ട സംഭവം ഉണ്ടായിട്ടും ഖലീഫമാരെ തെരഞ്ഞെടുക്കുന്ന പ്രശ്‌നമുണ്ടായിട്ടും നബി(സ)ക്ക് നേരിട്ട് സംസാരിക്കാന്‍ സാധ്യമല്ലെങ്കില്‍ സ്വപ്‌ന ദര്‍ശനത്തിലൂടെ സഹായിച്ച പ്രശ്‌നത്തിന് പരിഹാരം നിശ്ചയിക്കാന്‍ വേണ്ടി ഒരൊറ്റ സ്വഹാബിയും യാ മുഹമ്മദ് എന്ന് നബി(സ)യെ വിളിച്ച് സഹായം (ഇസ്‌തിഗാസ) തേടിയിട്ടില്ല. സ്വഹാബിമാരും മറ്റും കേള്‍ക്കുന്ന നിലക്കു തന്നെ നബി(സ) ഖബറില്‍ നിന്ന് സംസാരിച്ച വാറോലകള്‍ വരെ ഈ ഖുബൂരികള്‍ തെളിവ് പിടിക്കാറുണ്ട്. അപ്പോള്‍ മരണപ്പെട്ട നബി(സ)ക്ക് സംസാരിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് ഇപ്രകാരം അവര്‍ ചെയ്യാതിരുന്നതെന്ന് ജല്‌പിക്കാനും ഖുബൂരികള്‍ക്ക് സാധ്യമല്ല. ഏര്‍വാടിയില്ല ശൈഖിനെ സമീപിച്ച് ഇസ്‌തിഗാസ ചെയ്‌താല്‍ സ്വപ്‌നത്തിലൂടെ പ്രശ്‌ന പരിഹാരം നിശ്ചയിച്ചുതരുമെന്നാണ് ഖുബൂരികളുടെ ജല്‌പനം.
ആഇശയും(റ) ഇസ്‌തിഗാസയും
ആഇശ(റ) തന്റെ സഹോദരനും അബൂബക്കറിന്റെ പുത്രനുമായ അബ്‌ദുറഹ്‌മാന്റെ ഖബറിനെ സന്ദര്‍ശിച്ചു. ശേഷം ആഇശ(റ) പറഞ്ഞു: നീ മരണപ്പെട്ടപ്പോള്‍ എനിക്ക് നിന്നെ സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ നിന്റെ ഖബറിനെ സന്ദര്‍ശിക്കുമായിരുന്നില്ല. (തിര്‍മിദി, ഹ. നമ്പര്‍ 1055 മിശ്‌കാത്ത്)
ഇവിടെ ആഇശ(റ) ഖബറില്‍ കിടക്കുന്ന തന്റെ സഹോദരന്‍ അബ്‌ദുറഹ്‌മാനോട് സംസാരിച്ചത് അദ്ദേഹം കേള്‍ക്കാനും മരണവേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാത്തതില്‍ അദ്ദേഹത്തിനുള്ള പ്രയാസവും ബുദ്ധിമുട്ടും ഇല്ലാതാക്കാനും വേണ്ടിയല്ല. കാരണം, മുഹമ്മദ് നബി(സ)ക്ക് പോലും ഖബ്‌റാളികളെ കേള്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് വിശുദ്ധ ഖുര്‍ആനിലെ ആയത്ത് ഓതി ഖലീബിലെ സംഭവത്തെ വ്യാഖ്യാനിച്ച മഹതിയാണ് ആഇശ(റ). ഖബറാളികളെ നീ കേള്‍പ്പിക്കുകയില്ല എന്നതിന്റെ ഉദ്ദേശ്യം ബാഹ്യമായ അര്‍ഥത്തില്‍ തന്നെയാണെന്നും ഖബറാളിയുടെ ഉദ്ദേശ്യം ഖബറില്‍ മരണപ്പെട്ടു കിടക്കുന്നവര്‍ തന്നെയാണെന്നുമാണ് ആഇശ(റ)യുടെ വ്യാഖ്യാനമെന്നും ഇതുതന്നെയാണ് ഭൂരിപക്ഷത്തിന്റെ വ്യാഖ്യാനമെന്നും ഇബ്‌നുഹജര്‍(റ) ഫത്‌ഹുല്‍ ബാരിയില്‍ വ്യക്തമാക്കുന്നുണ്ട് (9-229, ഹ.നമ്പര്‍ 3980 ന്റെ വ്യാഖ്യാനത്തില്‍).
ഈ സൂക്തം തെളിവു പിടിച്ച് കുട്ടിപ്പടച്ചവനെ ഉണ്ടാക്കുന്ന ഇസ്‌തിഗാസ ആഇശ(റ) അംഗീകരിച്ചിരുന്നുവെന്ന് ഖുബൂരികള്‍ ജല്‌പിക്കുന്നതുപോലെത്തന്നെയാണ് സര്‍വ നൂറ്റാണ്ടിലെയും മഹാന്മാര്‍ ഇസ്‌തിഗാസ ചെയ്‌തിരുന്നുവെന്ന് ജല്‌പിക്കാന്‍ തെളിവുണ്ടാകുന്നത്. മറ്റുള്ളവരെ കേള്‍പ്പിക്കുക, തന്റെ മനസ്സിലെ പ്രയാസവും ദു:ഖവും ഇല്ലാതാക്കുക എന്നത് മാത്രമാണ് ഈ സംബോധനയുടെ ഉദ്ദേശ്യം.
(തുടരും)
0 comments: