വിജ്ഞാനം പ്രബോധകന്റെ പാഥേയം
- പഠനം -
ഡോ. ഇ കെ അഹ്‌മദ്‌കുട്ടി
അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ മനുഷ്യരെ അറിയിച്ച ആദ്യത്തെ സന്ദേശം വിജ്ഞാനത്തിന്റേതായിരുന്നു: ``സൃഷ്‌ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്‌ടിച്ചിരിക്കുന്നു. നീ വായിക്കുക: നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ അത്യുദാരനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.'' (വി.ഖു 96:1-5)
വായന, തൂലിക, അറിവ്, പഠനം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂക്തങ്ങള്‍ മാത്രം മതി, സദൃശമായ ആശയങ്ങളുള്ള മറ്റു സൂക്തങ്ങളൊന്നും ഖുര്‍ആനില്‍ ഇല്ലെങ്കില്‍ പോലും വിദ്യക്കും വിദ്യാഭ്യാസത്തിനും പഠനത്തിനും ഇസ്‌ലാം കല്‌പിക്കുന്ന പ്രാധാന്യത്തിനും സ്ഥാനത്തിനുമുള്ള സുവ്യക്തമായ തെളിവായി കാണിക്കാന്‍.
അറിവിന്റെയും അറിവുള്ളവരുടെയും പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്ന മറ്റു ചില ഖുര്‍ആന്‍ സൂക്തങ്ങളും ശ്രദ്ധിക്കുക: ``നിങ്ങളില്‍നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്.'' (വി.ഖു 58:11). ``എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് നീ പറയുകയും ചെയ്യുക'' (20:114). ``നിങ്ങള്‍ക്ക് അറിഞ്ഞുകൂടെങ്കില്‍ (വേദം മുഖേന) അറിവ് ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ചുനോക്കുക'' (16:43). ``പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു മനസ്സിലാക്കുകയുള്ളൂ'' (39:9). ``അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.'' (35:28)
അറിവിന്റെ പ്രാധാന്യവും അറിവുള്ളവരുടെ മഹത്വവും വ്യക്തമാക്കുന്ന ധാരാളം പ്രവാചക വചനങ്ങളുമുണ്ട്. ``വിജ്ഞാനാന്വേഷണം ഓരോ മുസ്‌ലിം പുരുഷനും സ്‌ത്രീക്കും നിര്‍ബന്ധമാകുന്നു'', ``അജ്ഞാനിയെക്കാള്‍ ജ്ഞാനിക്കുള്ള ശ്രേഷ്‌ഠത പൗര്‍ണമിരാവിലെ ചന്ദ്രന് മറ്റെല്ലാ ഗോളങ്ങളെക്കാളുമുള്ള ശ്രേഷ്‌ഠത പോലെയാകുന്നു'' തുടങ്ങിയ ഹദീസുകള്‍ ഉദാഹരണം.
പണ്ഡിത ദൗത്യം
മതപണ്ഡിതന്മാര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും ദൗത്യവും എന്താണ്? ഉത്തരം വ്യക്തം: അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അവന്‍ അവതരിപ്പിച്ച ദിവ്യഗ്രന്ഥമായ ഖുര്‍ആനും അവന്റെ ദൂതന്‍ മുഹമ്മദ് നബി(സ)യുടെ തിരുസുന്നത്തും ഉള്‍ക്കൊള്ളുന്ന വിധിവിലക്കുകളും നിയമനിര്‍ദേശങ്ങളും അവരെ പഠിപ്പിക്കുകയും, സത്യമതമായ ഇസ്‌ലാമില്‍ അവരെ വഴി നടത്തുകയും അതിന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി അവരെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്ന അതിമഹത്തായ ദൗത്യം. കാരണം, മതപണ്ഡിതന്മാരാണല്ലോ ജനങ്ങളില്‍വെച്ച് ഏറ്റവുമധികം ഖുര്‍ആനിനെയും സുന്നത്തിനെയും ഇസ്‌ലാമിന്റെ അധ്യാപനങ്ങളെയും നിയമനിര്‍ദേശങ്ങളെയും കുറിച്ച് അറിയുന്നവര്‍. ആരെ അല്ലാഹുവിന്റെ പ്രവാചകന്‍ വറസതുല്‍ അന്‍ബിയാ (പ്രവാചകന്മാരുടെ അനന്തരാവകാശികള്‍) എന്ന് വിശേഷിപ്പിച്ചോ, അവരാണ് മതപണ്ഡിതന്മാര്‍.
വിജ്ഞാനമെന്ന ആയുധം
ഓരോ ജോലിക്കും അതിന്നാവശ്യമായ ഉപകരണങ്ങളും ആയുധങ്ങളുമുണ്ടാകുമല്ലോ. ദഅ്‌വത്ത് എന്ന ജോലി നിര്‍വഹിക്കുന്ന ഉലമാക്കളുടെ പണിയായുധവും ഉപകരണവും ഇല്‍മ് അഥവാ വിജ്ഞാനം ആണ്. അതിനാല്‍ മതപണ്ഡിന്മാര്‍ നിര്‍ബന്ധമായും നിറവേറ്റേണ്ട ആദ്യത്തെ ബാധ്യത തീവ്രനിഷ്‌ഠയോടെ മതവിജ്ഞാനങ്ങള്‍ തേടുകയും നേടുകയും ചെയ്യുക എന്നതാണ്. ബന്ധപ്പെട്ട ഗ്രന്ഥങ്ങളുടെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും നിരന്തരവും വിപുലവും ആഴത്തിലുള്ളതുമായ പാരായണത്തിലൂടെയും പഠന-മനനങ്ങളിലൂടെയും ഈ വിജ്ഞാനങ്ങള്‍ ആര്‍ജിക്കേണ്ടതാണ്. ഈ ആധുനികകാലഘട്ടത്തില്‍ വിവരസാങ്കേതിക വിദ്യയും മറ്റു ശാസ്‌ത്രീയ സാങ്കേതിക മാര്‍ഗങ്ങളും അതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. അങ്ങനെ, അവര്‍ ``എന്റെ നാഥാ, എനിക്ക് നീ വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് നീ പറയുകയും ചെയ്യുക'' എന്ന അല്ലാഹുവിന്റെ നിര്‍ദേശം കഴിവിന്റെ പരമാവധി പ്രാവര്‍ത്തികമാക്കുന്നവരായിത്തീരണം.
വിജ്ഞാനവും അറിവും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കേണ്ടതാണ്. കാരണം, ഏത് മേഖലയിലായാലും വിജ്ഞാനം ദൈനംദിനമെന്നോണം അതിശീഘ്രം പുരോഗമിക്കുകയും വികസിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്. മതപണ്ഡിതന്മാരും ഈ പ്രതിഭാസം കണക്കിലെടുക്കുകയും കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തോടൊപ്പം നടക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെയായിരുന്നു പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ ചെയ്‌തിരുന്നത്. വിജ്ഞാനങ്ങളുടെ അഭ്യസനത്തിനും ആര്‍ജനത്തിനും പോഷണത്തിനും നവീകരണത്തിനും വേണ്ടി അവര്‍ നിരന്തരം അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു.
മത-ഭൗതിക വിജ്ഞാനം
പൊതുവെ, ജനദൃഷ്‌ടിയില്‍ വിജ്ഞാനം രണ്ട് വിഭാഗമാണ്. ഐഹികവും പാരത്രികവും അല്ലെങ്കില്‍ ഭൗതികവും ആത്മീയവും. ഈ രണ്ട് വിഭാഗം വിജ്ഞാനങ്ങളില്‍ ഏതാണ് ഉലമാക്കള്‍ അഭ്യസിക്കുകയും ആര്‍ജിക്കുകയും ചെയ്യേണ്ടത്? യഥാര്‍ഥത്തില്‍ വിജ്ഞാനത്തിന്റെ ഭൗതിക, ആത്മീയ വിഭജനത്തിന് ഒരു ന്യായീകരണവുമില്ല. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ വിജ്ഞാനം വിഭജനത്തിനും വേര്‍തിരിവിനും വിധേയമല്ല; അത് അവിഭാജ്യവും പൂര്‍ണവുമായ ഒരു ഏകകമാണ്. അറിവും ബുദ്ധിയും ചിന്താശേഷിയുമുള്ള ഒരു മനുഷ്യനെ ദൈവത്തെയും അവന്റെ ഏകത്വത്തെയും മഹത്വത്തെയും കുറിച്ചുള്ള ദൃഢബോധ്യത്തിലേക്ക് നയിക്കുകയും അതുവഴി അല്ലാഹുവിനെ ഭയപ്പെടാനും അവനെ മാത്രം ആരാധിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഏത് വിജ്ഞാനവും സ്വീകാര്യവും അഭിലഷണീയവും പ്രോത്സാഹനീയവുമാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം.
``അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു'' (ഫാത്വിര്‍ 28) എന്ന ഖുര്‍ആന്‍ സൂക്തം ഈ വസ്‌തുത വ്യക്തമാക്കുന്നു. ഇവിടെ അറിവിനെയും അറിവുള്ളവരെയും ഏതെങ്കിലും തരത്തിലുള്ള വിഭജനത്തിന് വിധേയമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് മതപണ്ഡിതന്‍ മതവിജ്ഞാനങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന അറിവുകള്‍ മാത്രമല്ല, എല്ലാ വിജ്ഞാനങ്ങളും ആര്‍ജിക്കാന്‍ ബാധ്യസ്ഥനാണ്.
മുന്‍ഗണന മതവിജ്ഞാനത്തിന്
സര്‍വവിജ്ഞാനങ്ങളും ഒരുപോലെ ആര്‍ജിക്കുക മനുഷ്യസാധ്യമല്ല. അതുകൊണ്ട് വിജ്ഞാനാര്‍ജനത്തില്‍ ഒരു മുന്‍ഗണനാക്രമം ആവശ്യമായി വരുന്നു. ഒരു മതപണ്ഡിതന്‍ സ്വാഭാവികമായും ആദ്യമായി തേടേണ്ടത് മതവിജ്ഞാനങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അറിവുകള്‍ തന്നെയാണ്. എന്നാല്‍, അതോടൊപ്പം കഴിവനുസരിച്ച് ഭൗതികവിജ്ഞാനങ്ങളില്‍ സാമാന്യമായ അറിവെങ്കിലും സമ്പാദിക്കാനും ശ്രമിക്കേണ്ടതുണ്ട്. ഭൗതിക ശാസ്‌ത്രങ്ങളും പ്രകൃതി ശാസ്‌ത്രങ്ങളും മാനവിക വിജ്ഞാനങ്ങളും ഭാഷകളും സാഹിത്യങ്ങളുമായി ബന്ധപ്പെട്ട പൊതുവായ അറിവുകളും കഴിയുന്നത്ര ആര്‍ജിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, ഇംഗ്ലീഷ് ഭാഷ നന്നായി പഠിക്കുന്നത് വളരെ ആവശ്യമാണ്. ലൗകിക വിജ്ഞാനങ്ങള്‍ മതപ്രബോധകന്മാരായ പണ്ഡിതന്മാരെ കാലത്തോടൊപ്പം സഞ്ചരിക്കാനും ആധുനിക സമൂഹത്തോട് അവര്‍ക്ക് പരിചിതമായ ഭാഷയിലും ശൈലിയിലും സംവദിക്കാനും പ്രാപ്‌തരാക്കുന്നതാണ്.
തൗഹീദീ വിജ്ഞാനം
മതവിജ്ഞാനങ്ങളുടെ കൂട്ടത്തില്‍ ആദ്യം തേടേണ്ടത് എന്തായിരിക്കണം? ഈ ചോദ്യത്തിന്റെ ഉത്തരം ഖുര്‍ആനിലെ ഈ വാക്യാംശത്തില്‍ നിന്ന് ലഭിക്കും. ``ആകയാല്‍, അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ അറിയുക...'' (മുഹമ്മദ് 19). തൗഹീദീ വിജ്ഞാനം സമ്പാദിക്കല്‍ ഓരോ സത്യവിശ്വാസിക്കും വിശ്വാസിനിക്കും നിര്‍ബന്ധമാണെങ്കിലും, മതപണ്ഡിതന്മാര്‍ അതിന് കൂടുതല്‍ ബാധ്യസ്ഥരാണ്. കാരണം, അവരാണ് തൗഹീദ് എന്ന തത്വം ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും മറ്റുള്ളവരെക്കാള്‍ ബൗദ്ധികമായ ഉള്‍ക്കാഴ്‌ചയും ശേഷിയുമുള്ളവര്‍. അതാണ് അല്ലാഹു നമ്മെ ഇങ്ങനെ അറിയിക്കുന്നത്.
``താനല്ലാതെ, ഒരു ദൈവവുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു; (അപ്രകാരം) മലക്കുകളും അറിവുള്ളവരും അതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. അവന്‍ നീതിനിര്‍വഹിക്കുന്നവനാണ്. അവനല്ലാതെ, ഒരു ദൈവവുമില്ല. പ്രതാപശാലിയും യുക്തിമാനുമാണ് അവന്‍.'' (ആലുഇംറാന്‍ 18)
അറബി പരിജ്ഞാനം
തങ്ങളുടെ വൈജ്ഞാനികവും പ്രബോധനപരവുമായ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിനാവശ്യമായ ഉപാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അറബിഭാഷാ പരിജ്ഞാനവും വൈദഗ്‌ധ്യവുമാണ്. കാരണം, അറബി വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ വിവിധങ്ങളായ മറ്റു സ്രോതസ്സുകളുടെയും മാധ്യമമായ ഭാഷയാണ്. അതിബൃഹത്തായ ആ വൈജ്ഞാനിക പൈതൃകം മനസ്സിലാക്കാനും അറിയാനും അറബി ഭാഷയിലുള്ള അറിവ് അനിവാര്യമാണ്. അതുകൊണ്ട്, മതപണ്ഡിതന്മാര്‍ നിര്‍ബന്ധമായും അറബിഭാഷയിലും അതിന്റെ ഭാഷാ-സാഹിത്യ വിജ്ഞാനീയങ്ങളിലും പരമാവധി അറിവ് നേടാന്‍ ശ്രമിക്കണം.
ആദ്യം തൗഹീദ് പ്രബോധനം
പണ്ഡിതന്മാര്‍ ഏറ്റെടുത്ത് നടത്തേണ്ട ഏറ്റവും പ്രഥമവും പ്രധാനവുമായ ദൗത്യം അല്ലാഹുവിങ്കലേക്ക് മനുഷ്യരെ വിളിക്കുകയും അവന്റെ സത്യമതം അവര്‍ക്കിടയില്‍ പ്രബോധനം ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്. അങ്ങനെയെങ്കില്‍, തങ്ങളുടെ പ്രബോധനകൃത്യത്തില്‍ മതവിഷയങ്ങളിലെ ഏത് വശത്തിനാണ് ആദ്യമായി ഊന്നല്‍ നല്‍കേണ്ടത്? സംശയമില്ല, അത് തൗഹീദിലേക്കുള്ള ക്ഷണം തന്നെയാണ്. കാരണം, അതാണ് ഇസ്‌ലാമിന്റെ അടിത്തറയും ആധാരവും മൗലിക സത്തയും. അതില്ലെങ്കില്‍ ഇസ്‌ലാമിന്റെ സൗധം തകര്‍ന്നു നിലംപതിക്കും. ഇസ്‌ലാമിന്റെ മറ്റു അധ്യാപനങ്ങളും തത്വങ്ങളുമെല്ലാം അതില്‍ നിന്നുത്ഭൂതമാകുന്നതും അതിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതുമാണ്. ഈ അടിസ്ഥാന ദൗത്യമാണ് ലോകത്തെ എക്കാലത്തെയും എവിടെയുമുള്ള സലഫി പ്രബോധകരും സംഘങ്ങളും പ്രസ്ഥാനങ്ങളും ചെയ്‌തുവന്നിരുന്നതും ചെയ്‌തുകൊണ്ടിരിക്കുന്നതും.
(തുടരും)
0 comments: