സ്‌ത്രീകളുടെ മയ്യിത്ത്‌ നമസ്‌കാരം

  • Posted by Sanveer Ittoli
  • at 9:29 PM -
  • 0 comments
സ്‌ത്രീകളുടെ മയ്യിത്ത്‌ നമസ്‌കാരം

- ഫിഖ്‌ഹ്‌ -
പി മുസ്‌തഫ നിലമ്പൂര്‍
ഒരു സത്യവിശ്വാസി മരണമടഞ്ഞാല്‍ അദ്ദേഹത്തോടുള്ള സാമൂഹ്യബാധ്യതകളില്‍ പ്രധാനമായതാണ്‌ അദ്ദേഹത്തിനു വേണ്ടി ജനാസ നമസ്‌കരിക്കുകയും പാപമോചനം തേടുകയും ചെയ്യല്‍. മരണപ്പെട്ടവരുടെ പാപങ്ങള്‍ പൊറുക്കപ്പെടാനും അവരില്‍ കാരുണ്യം ചൊരിയപ്പെടാനും പ്രാര്‍ഥന ഉപകരിക്കുമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ആത്മാര്‍ഥവും നിഷ്‌കളങ്കവുമായ പ്രാര്‍ഥനയാണ്‌ അല്ലാഹുവിങ്കല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമാകുന്നത്‌. അതില്‍ സ്‌ത്രീപുരുഷ വ്യത്യാസമില്ല. 
മരണമടഞ്ഞ വ്യക്തിയെ പ്രസവിച്ച്‌ വളര്‍ത്തിയ മാതാവിനും സ്വന്തം ജീവനെക്കാള്‍ സ്‌നേഹിച്ച ഭാര്യക്കും മക്കള്‍ക്കുമുണ്ടാകുന്ന ആത്മാര്‍ഥത മറ്റൊരാളില്‍ നിന്ന്‌ പ്രതീക്ഷിച്ചുകൂടാ. അവര്‍ സ്‌ത്രീയായി എന്ന കാരണത്താല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പാപമോചനം തേടി നമസ്‌കരിക്കാനുള്ള അവകാശം തടയരുത്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ആണാകട്ടെ, പെണ്ണാകട്ടെ ആര്‍ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.'' (വി.ഖു 4:124). ``പുരുഷനാകട്ടെ സ്‌ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്‌ഫലമാക്കുകയില്ല.'' (വി.ഖു 3:195)

സഹ്‌ലുബ്‌നു ബൈദ്വാഇ (റ)ന്റെ മയ്യിത്ത്‌ പള്ളിയില്‍ കൊണ്ടുവരികയും അദ്ദേഹത്തിനായി നബി(സ) മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്‌തപ്പോള്‍ വിശ്വാസികളുടെ മാതാക്കളായ നബിപത്‌നിമാര്‍ അതില്‍ പങ്കെടുത്തതും, ഉത്‌ബ(റ)ക്കു വേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കാന്‍ ഉമ്മു അബ്‌ദില്ലയെ ഉമര്‍(റ) കാത്തുനിന്നതും ചരിത്രത്തിലുണ്ട്‌. അബൂത്വല്‍ഹ(റ)യുടെ മയ്യിത്ത്‌ നമസ്‌കാരത്തില്‍ സ്‌ത്രീകളും പങ്കാളികളായിരുന്നുവെന്ന്‌ വിവിധ പരമ്പരകളിലൂടെ സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സഅ്‌ദുബ്‌നു അബീവഖാസ്‌(റ) മരണമടഞ്ഞപ്പോള്‍ വിശ്വാസികളുടെ മാതാക്കള്‍ക്ക്‌ നമസ്‌കരിക്കാന്‍ ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ കല്‌പിച്ചതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിരിക്കുന്നു.
സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ചതിന്‌ ഇനിയും ധാരാളം തെളിവുകളുണ്ട്‌. സ്‌ത്രീകളുടെ മയ്യിത്ത്‌ നമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ അംഗീകരിക്കുന്ന ശാഫിഈ മദ്‌ഹബിലും അവരുടെ തന്നെ സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ പോലും സ്‌ത്രീകള്‍ക്ക്‌ മയ്യിത്ത്‌ നമസ്‌കാരം അംഗീകരിക്കുന്നതായി കാണാം. പുരുഷന്മാരുണ്ടായിട്ടും അവരാരും നമസ്‌കാരം നിര്‍വഹിക്കാതെ സ്‌ത്രീകള്‍ മാത്രം നമസ്‌കരിച്ചാല്‍ ജനാസ നമസ്‌കരിച്ചതിന്റെ നിര്‍ബന്ധബാധ്യത വിടുമോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ്‌ ശാഫിഈ മദ്‌ഹബിന്റെ ഗ്രന്ഥങ്ങളില്‍ ഭിന്നതയുള്ളത്‌.
പുരുഷന്മാര്‍ക്ക്‌ മുമ്പ്‌ സ്‌ത്രീകള്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കരുതെന്ന വാദം അടിസ്ഥാനരഹിതമാണ്‌. ഇസ്‌ലാമിക പ്രമാണങ്ങളിലോ ശാഫിഈ മദ്‌ഹബിലോ ഇപ്രകാരം ഒരു നിബന്ധനയില്ല. സഅ്‌ദുബ്‌നു അബീവഖാസി(റ)ന്‌ പ്രവാചകപത്‌നിമാര്‍, നമസ്‌കരിച്ചത്‌ പുരുഷന്മാരുടെ നമസ്‌കാരത്തിന്‌ മുമ്പോ ശേഷമോ എന്ന്‌ വ്യക്തമാക്കാതിരുന്നത്‌ അതുകൊണ്ടാണ്‌.
ഇമാം ശാഫിഈ(റ) പറയുന്നു: ``ഒരു സ്‌ത്രീ ഇമാം നിന്ന്‌ മറ്റുള്ള സ്‌ത്രീകള്‍ അവളെ തുടര്‍ന്ന്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്‌ യാതൊരു കുഴപ്പവും ഞാന്‍ കാണുന്നില്ല. അവള്‍ സ്‌ത്രീകളുടെ മധ്യത്തില്‍ നില്‍ക്കണം (കിതാബുല്‍ഉമ്മ്‌, അല്‍ജനാഇസ്‌). ഇമാം നവവി(റ) വ്യക്തമാക്കുന്നു: ``സ്‌ത്രീകള്‍ ജമാഅത്തായി മയ്യിത്ത്‌ നമസ്‌കരിക്കല്‍ മറ്റു നമസ്‌കാരങ്ങളെപ്പോലെ തന്നെ സുന്നത്താണ്‌.'' (ശറഹുല്‍ മുഹദ്ദബ്‌). ``മയ്യിത്തിനു വേണ്ടി സ്‌ത്രീകള്‍ മാത്രം ജമാഅത്തായി നമസ്‌കരിക്കല്‍ സുന്നത്താണ്‌.'' (ഖല്‍യൂബി)
``മറ്റുള്ള നമസ്‌കാരം പോലെ തന്നെ സ്‌ത്രീകള്‍ മയ്യിത്തിന്‌ ജമാഅത്തായി നമസ്‌കരിക്കല്‍ സുന്നത്താണ്‌. ഇതാണ്‌ പ്രബലമായ അഭിപ്രായം.'' (ശര്‍വാനി). ``പുരുഷന്മാര്‍ ഉണ്ടായിട്ടും സ്‌ത്രീകള്‍ മാത്രം മയ്യിത്ത്‌ നമസ്‌കരിച്ചാല്‍ ഫര്‍ദ്‌ വീടുകയില്ല എന്നാണ്‌ അസ്വഹ്‌ഹായ അഭിപ്രായം.'' (മിന്‍ഹാജ്‌)
യാഥാസ്ഥിതിക സുന്നികളുടെ പ്രസിദ്ധീകരണങ്ങളിലും വിവര്‍ത്തന ഗ്രന്ഥങ്ങളിലും ഈ സത്യം മുമ്പ്‌ വ്യക്തമാക്കിയതാണ്‌. സ്‌ത്രീകള്‍ക്ക്‌ മയ്യിത്ത്‌ നമസ്‌കരിക്കാമോ എന്ന പ്രശ്‌നത്തില്‍ തടസ്സമുന്നയിക്കാന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. അവരുടെ ഗ്രന്ഥങ്ങളില്‍ തന്നെ സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്‌. ``പുരുഷന്മാരാണ്‌ മയ്യിത്ത്‌ നമസ്‌കരിക്കേണ്ടത്‌. പുരുഷന്മാരെ പിന്‍തുടര്‍ന്ന്‌ സ്‌ത്രീകള്‍ക്കും നമസ്‌കരിക്കല്‍ സുന്നത്താകുന്നു. സ്‌ത്രീകള്‍ക്ക്‌ സ്വന്തമായി നമസ്‌കരിക്കുകയും ചെയ്യാം.'' (കെ വി എം മുസ്‌ല്യാര്‍ പന്താവൂര്‍, മരണം, മയ്യിത്ത്‌ നിസ്‌കാരം, സിയാറത്ത്‌, പേജ്‌ 28)
``ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്‌ത്രീകളും എന്ന ക്രമത്തില്‍ മയ്യിത്തിനോടടുത്ത്‌ നില്‌ക്കണം. പക്ഷെ, ആദ്യം വന്നത്‌ സ്‌ത്രീയാണെങ്കില്‍ അവള്‍ മുന്തി നില്‌ക്കരുത്‌. തന്റെ ശേഷം വന്ന പുരുഷന്‌ സൗകര്യം ചെയ്‌തുകൊണ്ട്‌ പിന്നിലേക്ക്‌ പോകേണ്ടതാകുന്നു.'' (ഉംദ പരിഭാഷ, പേജ്‌ 80)
``മരണസമയത്ത്‌ ഋതുമതിയാവുകയോ അവിശ്വാസി ആയിരിക്കുകയോ ചെയ്‌തവര്‍ മയ്യിത്ത്‌ മറമാടിയതിനു ശേഷം അശുദ്ധികളില്‍ നിന്നും വിമുക്തരായി മയ്യിത്ത്‌ നിസ്‌കാരം നിര്‍വഹിച്ചാല്‍ ആ നിസ്‌കാരം സാധുവാകയില്ല.'' (ഫത്‌ഹുല്‍ മുഈന്‍ പരിഭാഷ, പേജ്‌ 190)
സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിനെതിരെ കടുത്ത നിലപാടുള്ള വിഭാഗത്തിന്റെ നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അവതാരിക എഴുതിയ ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ``സ്‌ത്രീകള്‍ മയ്യിത്ത്‌ നിസ്‌കരിക്കലും അത്‌ ജമാഅത്തായി നിര്‍വഹിക്കലും സുന്നത്താണ്‌.'' (ആധുനികപ്രശ്‌നങ്ങള്‍ ഫിഖ്‌ഹിലൂടെ 1 /72)
``കുളിപ്പിച്ച്‌ കഴിഞ്ഞ്‌ മയ്യിത്ത്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ വീട്ടിനകത്തു തന്നെ സൗകര്യമുണ്ടാക്കി പെണ്ണുങ്ങള്‍ക്കും നിസ്‌കരിക്കാം. പള്ളിയിലേക്ക്‌ പോയശേഷം വീട്ടില്‍ വെച്ച്‌ നിസ്‌കരിക്കാന്‍ പാടില്ല.'' (ഒ എം തരുവണ, മയ്യിത്ത്‌ സംസ്‌കരണം, പേജ്‌ 56, പൂങ്കാവനം ബുക്‌സ്‌)
``സ്‌ത്രീകള്‍ക്ക്‌ മയ്യിത്ത്‌ നമസ്‌കാരം ഹറാമാണെന്ന്‌ ധരിച്ചുവെച്ച കുറെ ആളുകളുണ്ട്‌. അക്കാരണത്താല്‍ തന്നെ മയ്യിത്ത്‌ നിസ്‌കാരത്തിന്റെ രൂപത്തെക്കുറിച്ച്‌ അവര്‍ അജ്ഞരുമത്രെ. ഈ തെറ്റിദ്ധാരണ നീക്കാനും മയ്യിത്തിന്റെ പേരില്‍ നിസ്‌കരിച്ചതിനുള്ള പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതിനും വേണ്ടി മയ്യിത്ത്‌ കൊണ്ടുപോകുന്നതിനു മുമ്പ്‌ വീട്ടില്‍വെച്ച്‌ സ്‌ത്രീകള്‍ക്ക്‌ നിസ്‌കരിക്കാന്‍ അവസരം നല്‌കുന്നത്‌ നന്നായിരിക്കും.'' (സി വി എം ഫൈസി, നെല്ലിക്കാട്ടിരി, മരണം മുതല്‍ മഖ്‌ബറ വരെ, പേജ്‌ 8,9)
ചുരുക്കത്തില്‍ മയ്യിത്ത്‌ നമസ്‌കാരം പുണ്യവും പ്രതിഫലാര്‍ഹവും മരണപ്പെട്ട ആളുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന്‌ നിമിത്തവുമാകുമെന്ന്‌ വ്യക്തമാകുന്നു. പ്രവാചകന്റെ(സ) കാലത്തും അതിനു ശേഷവും ആ സുന്നത്ത്‌ നിലനിന്നു. മദ്‌ഹബിന്റെ ഇമാമുകളും അത്‌ അംഗീകരിച്ചു. കേരളത്തിലെ സുന്നി പണ്ഡിതന്മാരും അതിനെതിരായിരുന്നില്ല. അതുകൊണ്ട്‌ പ്രവാചകന്‍ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുണ്യകര്‍മത്തെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: