`എന്റെ കണ്ണ്‌, നിന്നെയോര്‍ത്തൊന്ന്‌ നനയാന്‍ മടിക്കുന്നല്ലോ നാഥാ'

  • Posted by Sanveer Ittoli
  • at 8:49 AM -
  • 0 comments
`എന്റെ കണ്ണ്‌, നിന്നെയോര്‍ത്തൊന്ന്‌ നനയാന്‍ മടിക്കുന്നല്ലോ നാഥാ'

`എന്റെ കണ്ണ്‌, നിന്നെയോര്‍ത്തൊന്ന്‌ നനയാന്‍ മടിക്കുന്നല്ലോ നാഥാ'

ആത്മരസം -
പി എം എ ഗഫൂര്‍
വിശുദ്ധ ഖുര്‍ആനിലെ നൂറാം അധ്യായം, മനുഷ്യമനസ്സിന്റെ ദുസ്ഥിതിയിലേക്കും കുറ്റകരമായ മറവിയിലേക്കും ഉള്‍ക്കണ്ണ്‌ തുറപ്പിക്കുന്ന പതിനൊന്ന്‌ വചനങ്ങളാണ്‌.
``കിതച്ചോടുന്നവ സാക്ഷി. കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി. സ്വുബ്‌ഹ്‌ നേരത്ത്‌ അക്രമം നടത്തുന്നവ സാക്ഷി. പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി. ശത്രുക്കള്‍ക്ക്‌ നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി. തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട്‌ നന്ദിയില്ലാത്തവനാണ്‌. ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിന്‌ സാക്ഷിയാണ്‌. ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ. 
അവന്‍ അറിയുന്നില്ലേ, ഖബ്‌റുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും, ഹൃദയങ്ങളിലുള്ളത്‌ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍. സംശയമില്ല, അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാണ്‌.''
പ്രഭാതത്തിന്റെ പ്രകാശമെത്തുന്നതിനും മുമ്പ്‌ ശരീരം കുടഞ്ഞെഴുന്നേല്‍ക്കുന്ന കുതിരയെക്കുറിച്ച്‌ പറഞ്ഞ്‌ വചനം തുടങ്ങുന്നു. യജമാനന്റെ നിര്‍ദേശത്തെ ആദരപൂര്‍വം അംഗീകരിച്ച്‌, മരണം പോലുമുറപ്പിച്ച്‌ യുദ്ധക്കളത്തിലേക്ക്‌ കുതിച്ചോടുന്ന നന്ദിയുള്ളൊരു പാവം മൃഗം. സ്വുബ്‌ഹിന്റെ നിശബ്‌ദതയില്‍ പൊടിപടര്‍ത്തിയുള്ള ഓട്ടം...!
എന്നാല്‍ അതേ സ്വുബ്‌ഹിന്റെ നേരത്ത്‌ കിടന്നുറങ്ങുന്ന മനുഷ്യന്‍!
``തീര്‍ച്ച, മനുഷ്യന്‍ തന്റെ രക്ഷിതാവിനോട്‌ നന്ദിയില്ലാത്തവനാകുന്നു...''
പണത്തിനു വേണ്ടിയായിരുന്നു പ്രഭാതത്തിലുണരാന്‍ നിര്‍ദേശിച്ചതെങ്കില്‍ അവനുണരുകതന്നെ ചെയ്യും..
``പണത്തോട്‌ അവന്റെ ആര്‍ത്തി അതിരറ്റതാകുന്നു.''
``ഖബ്‌റുകളിലുള്ളത്‌ പുറത്തെടുക്കപ്പെടുന്നതിനെപ്പറ്റി അവനറിയുന്നില്ലേ..?''
``ഹൃദയങ്ങള്‍ക്കകത്തുള്ളതും പുറന്തള്ളപ്പെടുമെന്ന്‌...''
എന്റെ നാഥാ,
മഴയേക്കാള്‍
തണുപ്പുള്ള
നിന്റെ സ്‌നേഹം തേടി
ഏതു വേനലിലും
ഞാനിറങ്ങി നടക്കാം

************
ഇലാഹിനോടുള്ള ആത്മബന്ധം പലതിലും പെട്ട്‌ നഷ്‌ടപ്പെടുത്തുന്ന നമുക്കുള്ള താക്കീതാണിത്‌. എല്ലാം സമ്മാനിച്ച നല്ല യജമാനനു വേണ്ടി ഏത്‌ ദുഷ്‌കരമായ ദൗത്യവും ഏറ്റെടുക്കാനൊരുങ്ങുന്ന പാവമൊരു കുതിരയുടെയത്ര പോലും നന്ദിയോ കടപ്പാടോ സൂക്ഷിക്കാത്തവര്‍ക്കുള്ള തീക്കനമുള്ള മുന്നറിയിപ്പാണിത്‌. അക്കൂട്ടത്തില്‍ എഴുതുന്നയാളും വായിക്കുന്നവരുമുണ്ട്‌.
ആരാണ്‌ ഇലാഹ്‌? നമുക്ക്‌ ഇഷ്‌ടകരമല്ലാത്ത കാര്യങ്ങള്‍ പോലും നാം അല്ലാഹുവിനു വേണ്ടി ചെയ്യുമ്പോള്‍ അവനാണ്‌ നമുക്ക്‌ ഇലാഹ്‌. അങ്ങനെയെങ്കില്‍ ആ സ്‌നേഹനാഥന്റെ കല്‍പനകള്‍ അനുസരിക്കുമ്പോള്‍ അതിരില്ലാത്ത ആനന്ദം നമ്മളനുഭവിക്കും. ആരാധനകളും സമൂഹസേവനവും സൂക്ഷ്‌മതാബോധവുമെല്ലാം പ്രിയങ്കരമായ അനുഭവങ്ങളായിത്തീരും.
`എന്റെ പ്രിയ ചങ്ങാതി' എന്നാണ്‌ ഇബ്‌റാഹീം നബിയെ ദയാലുവായ അല്ലാഹു വിശേഷിപ്പിച്ചത്‌. ഉന്നതനായ സ്രഷ്‌ടാവിന്റെ ചങ്ങാതിയാകാന്‍ മനുഷ്യന്‌ കഴിയുമെന്നര്‍ഥം. അടിമയും ഉടമയും തമ്മിലുള്ള ബന്ധം ഒരിക്കലും ചങ്ങാത്തത്തിന്റേതല്ലല്ലോ. അത്‌ കല്‍പനയുടേതും അനുസരണയുടേതും മാത്രമായിരിക്കും. എന്നാല്‍ അടിമയും ഉടമയുമായിരിക്കുമ്പോള്‍ തന്നെ ഉല്‍കൃഷ്‌ടമായ ചങ്ങാത്തത്തിലേക്ക്‌ അല്ലാഹു നമ്മെ ക്ഷണിക്കുന്നുണ്ട്‌. `ഉറ്റബന്ധുക്കള്‍' ആയിത്തീരാന്‍ നമ്മോടുണര്‍ത്തുന്നു. സര്‍വം നിയന്ത്രിച്ചും സകലതുമറിഞ്ഞും അല്ലാഹു കൂടെയുണ്ടെന്ന്‌ ഉറപ്പിക്കുന്നവര്‍ക്കും നല്ല കര്‍മങ്ങള്‍ കൊണ്ട്‌ ആയുഷ്‌കാലത്തെ സാര്‍ഥകമാക്കുന്നവര്‍ക്കും `അല്ലാഹുവിന്റെ ഉറ്റബന്ധുക്കളാ'യിത്തീരാമെന്ന്‌ ഖുര്‍ആന്‍ പറയുന്നു.
അല്ലാഹുവെ പറ്റിയുള്ള വിവരണങ്ങള്‍, മനുഷ്യരെ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുന്ന വിധമാണ്‌ ഖുര്‍ആനിലുള്ളത്‌. പാപികളെ ശിക്ഷിക്കാന്‍ കൊതിച്ചിരിക്കുന്നവന്‍ എന്ന നിലയ്‌ക്കല്ല ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്‌. മറിച്ച്‌, ആര്‍ക്കും എത്രയും പൊറുത്തുകൊടുക്കാന്‍ സദാസന്നദ്ധനായ ദയാലുവായ രക്ഷിതാവാണ്‌ അല്ലാഹു. മറയോ മധ്യസ്ഥരോ ഇല്ലാതെ അവനിലേക്കടുക്കാം. മനുഷ്യനെ അകറ്റുകയോ, മനുഷ്യനില്‍ നിന്നകലുകയോ ചെയ്യുന്ന ആത്മീയത നിഷിദ്ധമാണെന്ന്‌ പഠിപ്പിക്കുകയും ചെയ്യുന്നു. ഏതു മനുഷ്യനും ഏതവസ്ഥയിലും പാലിച്ചു ജീവിക്കാന്‍ സാധിക്കുന്ന മതനിയമങ്ങളാണ്‌ ഇസ്‌ലാമിന്റേത്‌. ചുറ്റുമുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെയുള്ള ആത്മീയതയോ, ആത്മീയതയില്ലാത്ത സാമൂഹ്യപ്രതിബദ്ധതയോ ഇസ്‌ലാമിലില്ല. രണ്ടും സമ്മേളിക്കുമ്പോള്‍ മാത്രമാണ്‌ ഒരാള്‍ പൂര്‍ണ മുസ്‌ലിമാകുന്നത്‌.
ഓരോ മനുഷ്യനും ഓരോ ശരീരമാണ്‌. എന്നാല്‍ സത്യവിശ്വാസികളെ സംബന്ധിച്ച്‌ ശരീരത്തെക്കുറിച്ച ആകുലത മാത്രമല്ല ഉള്ളത്‌. വിശന്നും കരഞ്ഞും രമിച്ചും ആനന്ദിച്ചും കഴിഞ്ഞുപോകാനുള്ള വെറും ശരീരമല്ല നമുക്കിത്‌. വലിയ ബാധ്യതകള്‍ നിറവേറ്റി തിരിച്ചുപോകാനുള്ളതാണ്‌. ഈമാന്‍ എന്ന അനുഭവവും അമലുസ്സ്വാലിഹ്‌ എന്ന സാക്ഷ്യപ്പെടുത്തലുമാണ്‌ നമുക്കുള്ള നിയോഗം. കേവലമൊരു ശരീരം കേവലമല്ലാത്ത അടയാളങ്ങള്‍ ബാക്കിയാക്കണം. അതാണീ ആയുസ്സിന്റെ ലക്ഷ്യം.
************
എന്റെ നാഥാ
നിന്റെ പേര്‌
എനിക്ക്‌
മാംസപേശിയില്‍
പച്ചകുത്താനുള്ളതല്ല.
ഞാന്‍ വെറുമൊരു
മാംസമാകാതിരിക്കാ
നുള്ളതാണ്‌
ജീവിതത്തിലെ പ്രതിസന്ധികളിലൊന്നും കരയാത്ത കരുത്തുള്ളവരും, അല്ലാഹുവിന്റെ തിരുമുമ്പില്‍ നമസ്‌കരിക്കുമ്പോള്‍ കരയുന്ന കുഞ്ഞാകുന്നവരുമാണ്‌ ഇസ്‌ലാമിലെ ആത്മീയ ജ്ഞാനികള്‍. ഏത്‌ മനുഷ്യനും എത്തിച്ചേരാവുന്ന പദവിയാണിത്‌. നമുക്ക്‌ ശ്വാസമുണ്ട്‌ എന്നുറപ്പുള്ളതു പോലെ സത്യമാണ്‌ അല്ലാഹുവുണ്ട്‌ എന്നതും. ആ മഹാ സാന്നിധ്യത്തെ ഗൗരവപൂര്‍വം ഉള്‍ക്കൊള്ളുകയും ഭയക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ ആത്മീയ പുരുഷനായി. സര്‍വചരാചരങ്ങള്‍ക്കും സ്‌നേഹവും കരുണയും കൈമാറുമ്പോള്‍ ജീവിതം ആത്മീയപ്രഭയുള്ളതുമായി.
സൂറത്തുല്‍ ബഖറ, വചനം 177: ``നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതിലല്ല പുണ്യം. അല്ലാഹുവിലും പ്രതിഫലദിനത്തിലും മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും സത്യവിശ്വാസം കൈക്കൊള്ളുകയും, സ്വത്തിനോട്‌ പ്രിയമുള്ളപ്പോഴും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും യാത്രികനും യാചകര്‍ക്കും അടിമവിമോചനത്തിനുമായി നല്‍കുകയും പ്രാര്‍ഥന ചിട്ടയൊത്ത്‌ നിര്‍വഹിച്ച്‌ സകാത്ത്‌ നല്‍കി കരാറുകള്‍ പാലിച്ച്‌ ദുരിതങ്ങളിലും യുദ്ധരംഗത്തും അടിപതറാതെ നില്‍ക്കുന്നവരാണ്‌ പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ്‌ ദോഷത്തെ അകറ്റി സൂക്ഷ്‌മത പാലിച്ചവര്‍.''
**************
ഒറ്റമഴകൊണ്ട്‌
ചെയ്‌തപോലെ,
എന്റെ പാഴ്‌വാക്കുകളും
മായ്‌ച്ചുനല്‍കണേ
സ്‌നേഹനാഥാ
യാതൊരു കലര്‍പ്പുമില്ലാത്ത ജന്മവാസനകളോടെയാണ്‌ നമ്മുടെ സൃഷ്‌ടിപ്പ്‌. മാതാവിന്റെ ഗര്‍ഭഗേഹത്തില്‍ നിന്നുള്ള ആ വരവ്‌ എത്ര ശുദ്ധിയോടെയും നന്മയോടെയുമായിരുന്നു. പതുക്കെ നമ്മള്‍ ശരിയും തെറ്റും തിരിച്ചറിഞ്ഞു. പിന്നെ ശരിയും തെറ്റും വകതിരിക്കാതെ ജീവിക്കാനും തുടങ്ങി.
കുഞ്ഞുങ്ങളെ നോക്കൂ, എത്ര പരിശുദ്ധവും ആകര്‍ഷകവുമാണ്‌ അവരുടെ രീതികള്‍. മനസ്സിന്റെ നന്മയില്‍ അവര്‍ നമ്മുടെ ഗുരുക്കളാണ്‌. എന്തുമാത്രം സന്തോഷമാണ്‌ അവരുടെ മനസ്സു നിറയെ. ചെറിയ നേട്ടങ്ങളില്‍ പോലും അവര്‍ കൂടുതല്‍ സന്തോഷമുള്ളവരാകുന്നു. ദുഃഖങ്ങളെ വളരെ വേഗം മറക്കുന്നു. പിണക്കങ്ങള്‍ അതിലേറെ വേഗത്തില്‍ ഇണക്കങ്ങളാകുന്നു. പകയോ അഹന്തയോ പിടികൂടാത്ത നല്ല ഹൃദയങ്ങള്‍. നമ്മുടെ സ്‌നേഹവും വാത്സല്യവും വേണ്ടുവോളം അവര്‍ക്കു നല്‍കണം, പക്ഷേ ഒരിക്കലും നമ്മുടെ ചിന്തകളോ രീതികളോ അവര്‍ക്ക്‌ നല്‍കരുത്‌. കാരണം അവര്‍ക്ക്‌ അവരുടേതായ ചിന്തയും ജീവിതവുമുണ്ട്‌. അവ നമ്മേക്കാള്‍ എത്രയോ മികച്ചതുമാണ്‌. ദൈവഭയവും മതബോധവും പോലും അവരെ പഠിപ്പിക്കേണ്ടത്‌ സ്വാഭാവികമായ വിധത്തിലായിരിക്കണം. പൂവിനെക്കുറിച്ചും പൂമ്പാറ്റയെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നതു പോലെ മാതാവും പിതാവും തന്നെയാണ്‌ ദയാലുവായ ദൈവത്തെയും അവര്‍ക്ക്‌ ഓര്‍മിപ്പിക്കേണ്ടത്‌. പാഠശാലയില്‍ നിന്ന്‌ ദൈവത്തെ പഠിക്കുമ്പോള്‍ പഠിക്കാനുള്ളൊരു പാഠം മാത്രമായിരിക്കുമത്‌. 
കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കതയോടെ സ്‌നേഹധന്യനായ അല്ലാഹുവിനെ അറിഞ്ഞുകൊണ്ടേയിക്കണം നമ്മള്‍. അത്ര തന്നെ നിഷ്‌കളങ്കതയോടെ ജീവിക്കാനും പെരുമാറാനും സര്‍വരേയും സ്‌നേഹിക്കാനും സാധിക്കണം. ശരി തെറ്റുകളുടെ ലോകത്ത്‌ ശരിയായിരിക്കണം നമ്മുടെ വഴി. അസത്യവും തിന്മയുമൊക്കെ ചുറ്റുമുണ്ടെങ്കിലും അവയൊന്നും പ്രപഞ്ചത്തിന്റെ യഥാര്‍ഥ രീതിയല്ലെന്ന്‌ നമ്മള്‍ തിരിച്ചറിയണം. നമ്മുടെ തന്നെ അറിവിന്റേയും അനുഭവജ്ഞാനത്തിന്റെയും പോരായ്‌മകളാണവ. നല്ല ജീവിതപരിചയവും അനുഭവ ജ്ഞാനവുമുള്ളവര്‍ക്ക്‌ ജീവിതത്തെ മികച്ച നിലയില്‍ കാണാന്‍ കഴിയും. അവര്‍ സൗന്ദര്യത്തെ മുഖത്തല്ല മനസ്സിലാണ്‌ കാണുക. ശരിതെറ്റുകളേയും അവര്‍ വിദഗ്‌ധമായി വേര്‍തിരിക്കും. 
അനിഷ്‌ടകരമായ അനുഭവങ്ങളിലൂടെയാണ്‌ അല്ലാഹു നമ്മെ അനുഭവജ്ഞാനം പഠിപ്പിക്കുന്നത്‌. ശരിയേത്‌, തെറ്റേത്‌ എന്നറിഞ്ഞിട്ടും ശരിയെ മാത്രം തെരഞ്ഞെടുക്കുന്നതാണ്‌ മഹത്വം. കുഞ്ഞിന്റെ നിഷ്‌കളങ്കത മുതിര്‍ന്നവര്‍ക്കും കൈവരിക്കാം എന്നു ചുരുക്കം.
തെറ്റുചെയ്‌ത കുട്ടി അതെല്ലാം ഏറ്റുപറഞ്ഞ്‌ വിതുമ്പി കരയുമ്പോള്‍ നമുക്ക്‌ വാത്സല്യം വര്‍ധിക്കുക മാത്രമേയുള്ളൂ. ശിക്ഷിക്കാന്‍ പോലും തോന്നില്ല. അല്ലാഹുവിന്റെ മുന്നില്‍ പശ്ചാത്തപിച്ച്‌ കരയുമ്പോള്‍ അവന്‍ നമ്മോട്‌ കാണിക്കുന്നതും ഇവ്വിധം തന്നെ. നഷ്‌ടപ്പെട്ട ഒട്ടകത്തെ തിരിച്ചുകിട്ടിയ യാത്രക്കാരനേക്കാള്‍ വലിയ സന്തോഷമുണ്ട്‌ അപ്പോള്‍ അല്ലാഹുവിനെന്ന്‌ തിരുനബി പഠിപ്പിക്കുന്നു. മക്കളുടെ എത്ര വലിയ നന്ദികേടും മാതാവ്‌ പൊറുക്കുകയും മറക്കുകയും ചെയ്യും. അതിനേക്കാള്‍ വാത്സല്യവും കരുണയുമുള്ളവനാണ്‌ നമ്മുടെ രക്ഷിതാവ്‌. ഏത്‌ പാപിക്കും ഏതുനേരത്തും ചെന്നുകയറാവുന്ന പാപമോചനത്തിന്റെ നിത്യസാന്നിദ്ധ്യമാണ്‌ അല്ലാഹുവിന്റേത്‌. രാത്രിയിലെ പാപങ്ങള്‍ പൊറുക്കാന്‍ പകലിലും പകലിലേത്‌ മാപ്പാക്കാന്‍ രാത്രിയും കാത്തിരിക്കുന്നവന്‍. 
ഒരു നറുചുംബനം കൊണ്ട്‌ എല്ലാം മറക്കുന്ന കരുണയുടെ കടലാണ്‌ മാതാവ്‌. ആ മാതാവിനെ നമുക്ക്‌ സമ്മാനിച്ചവന്‍ അപ്പോള്‍ എത്ര കരുണയുള്ളവനാകും! ആരാധനകളിലൂടെ നമ്മള്‍ വീണ്ടും വീണ്ടും കുട്ടികളായിത്തീരുകയാണ്‌. പാപത്തിന്റെ കറകള്‍ ബാക്കിയാകാത്ത നല്ല കുട്ടികള്‍. നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും നമ്മെ പഴയ കുട്ടിക്കാലത്തേക്ക്‌ തിരിച്ചുവിളിക്കുന്നു. ഉള്ളും പുറവും ശുദ്ധമായ ആ നല്ല കാലത്തേക്ക്‌. 
മനുഷ്യന്റെ നിഷ്‌കളങ്കമായ പ്രകൃതിയോട്‌ കൂടുതല്‍ ഇണക്കമുള്ള മതമാണ്‌ ഇസ്‌ലാം. `ഇസ്‌ലാമിക നന്മ'യോ' ഇസ്‌ലാമിക തിന്മ'യോ ഇല്ല. ഇസ്‌ലാം നിര്‍ദേശിക്കുന്ന നന്മ ഈ പ്രകൃതിയുടെ തന്നെ നന്മയാണ്‌. തിന്മയും അങ്ങനെ തന്നെ. നമുക്ക്‌ അപകടം വിതയ്‌ക്കുന്നവയെ ഇസ്‌ലാം വിരോധിച്ചു. ഗുണം വരുത്തുന്നവയെ മാത്രം നന്മയെന്നും പറഞ്ഞു. 
`റോമാ രാജ്യം' എന്ന അധ്യായത്തില്‍ ഖുര്‍ആന്‍ അതിങ്ങനെ പറഞ്ഞുതരുന്നു: ``ശ്രദ്ധയോടെ നിന്റെ മുഖം ഈ മതദര്‍ശനത്തിനു നേരെ ഉറപ്പിച്ചുവെക്കുക. അല്ലാഹു മനുഷ്യരെ പടച്ചത്‌ ഏതൊരു പ്രകൃതിയിലാണോ ആ പ്രകൃതി തന്നെയാണിത്‌. അല്ലാഹുവിന്റെ സൃഷ്‌ടിഘടനയ്‌ക്ക്‌ മാറ്റമില്ല. ഇതുതന്നെയാണ്‌ ഏറ്റം ചൊവ്വായ മതം. പക്ഷേ ജനങ്ങളിലേറെ പേരും അതറിയുന്നില്ല.''
****************
ആയിരമായിരം മോഹങ്ങള്‍ നടത്തിത്തരാന്‍ നിന്നോട്‌ ഞാന്‍ അപേക്ഷിച്ചു. അവയെല്ലാം നിഷേധിച്ചുകൊണ്ട്‌, ദൈവമേ നീയെന്നെ കാത്തുരക്ഷിക്കുന്നു..
-ടാഗോര്‍
സംഭവിച്ചവയെപ്പറ്റിയുള്ള സങ്കടങ്ങളും സംഭവിച്ചേക്കാവുന്നതിനെപ്പറ്റിയുള്ള ആകുലതകളുമാണ്‌ പൊതുവെ മനുഷ്യജീവിതം. നേട്ടങ്ങളില്‍ മതിമറന്നും നഷ്‌ടങ്ങളില്‍ നെട്ടോട്ടമോടിയും ആയുസ്സ്‌ തീര്‍ക്കുന്നവര്‍! ചെറിയ വേദനകള്‍ പോലും അസഹ്യമാകുന്ന ഈ മനസ്സ്‌ തന്നെയാണ്‌ നമുക്ക്‌ മാറിക്കിട്ടേണ്ടത്‌.
ഈ പ്രകൃതിയിലേക്കൊന്ന്‌ നോക്കൂ; മഴ പെയ്യുന്നു, മഴ തോരുന്നു, വെയില്‍ വരുന്നു, പൂക്കള്‍ വിടരുന്നു, കൊഴിയുന്നു, ഇല തളിര്‍ക്കുന്നു, ഉണങ്ങി അടരുന്നു, ചെടി വളരുന്നു, മരം കടപുഴകുന്നു.... ഇതേപ്പറ്റി നമ്മളാരെങ്കിലും ആകുലപ്പെടാറുണ്ടോ? ഇല്ല. കാരണമെന്താ? അതൊക്കെ പ്രകൃതിയില്‍ സ്വാഭാവികമായും സംഭവിക്കുന്നതാണെന്ന്‌ നമുക്കറിയാം. എന്നാല്‍ അതേ സ്വാഭാവികതയല്ലേ ഈ ജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? അതെ. സന്തോഷം, സങ്കടം, രോഗം, മരണം, ജനനം, ജയം, തോല്‍വി, നേട്ടം, നഷ്‌ടം.... എല്ലാം സ്വാഭാവികമായ നിറം മാറ്റങ്ങള്‍ മാത്രം. ഭക്ഷണം പാകമാവണമെങ്കില്‍ അതിന്‌ ചൂട്‌ തട്ടണം. സങ്കടങ്ങളുടേയും കണ്ണീരിന്റേയും ചൂട്‌ കൊള്ളുമ്പോള്‍ മാത്രമാണ്‌ നമ്മളും പാകപ്പെടുന്നത്‌. വെയിലും മഴയും കിട്ടുമ്പോഴാണ്‌ ചെടി വളരുന്നത്‌. മഴയില്ലെങ്കില്‍ ചെടി വാടിപ്പോകും. മഴ മാത്രമായാല്‍ ചീഞ്ഞുപോകും. സന്തോഷവും സങ്കടവും ജീവിതത്തെ രൂപപ്പെടുത്തുന്നതും ഇതേപോലെത്തന്നെ.
പഠനം നടക്കാത്ത സ്‌കൂള്‍ പോലെയാണ്‌ പരീക്ഷണങ്ങളില്ലാത്ത ജീവിതം. ഒന്നും പഠിക്കാനുണ്ടാവില്ല. വഴികളെക്കുറിച്ച്‌ മുയലുകളേക്കാള്‍ പറയാനുണ്ടാവുക ആമകള്‍ക്കായിരിക്കുമല്ലോ. കടുത്ത വേദനകളും മനോദുഖവും കഷ്‌ടപ്പാടും അനുഭവിച്ചവര്‍ക്കുള്ളത്ര ജീവിതാനുഭവങ്ങളുടെ കരുത്ത്‌, അതൊന്നും അനുഭവിക്കാത്തവരില്‍ കാണില്ല. കാരുണ്യവാന്മാരില്‍ വെച്ച്‌ ഏറ്റവും വലിയ കാരുണ്യവാന്റെ തീരുമാനമാണ്‌ ഈ ജീവിതത്തില്‍ ലഭിക്കുന്നതെല്ലാം. അവന്റെ കാരുണ്യമല്ലാതെ മറ്റൊന്നും നമുക്ക്‌ ലഭിക്കുന്നില്ലെന്ന തീര്‍ച്ചപ്പെടുത്തല്‍ മാത്രമായിരിക്കും ആകുലതകളില്ലാത്ത ജീവിതത്തിലേക്കുള്ള പോംവഴി.
സങ്കടങ്ങള്‍ കൊണ്ട്‌ ജീവിതത്തിന്റെ ഭംഗി നഷ്‌ടപ്പെടുത്താതെ ജീവിക്കണം. ഈ ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കുകയും ചിലത്‌ സംഭവിക്കാതിരിക്കുകയും ചെയ്യും. സൂറത്തുല്‍ ഹദീദിലെ 22,23 വചനങ്ങള്‍ ഒരു കുളിര്‍മഴയാണ്‌. ജീവിതത്തിലെ സകല അനുഭവങ്ങളെയും നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്‌ ഈ പരിശുദ്ധ വചനം ഊര്‍ജം പകരും. ``മണ്ണിലോ മനുഷ്യജീവിതത്തിലോ സംഭവിക്കുന്ന സര്‍വതും മുന്‍കൂട്ടി ഒരു രേഖയില്‍ ഉള്‍പ്പെടുത്തിയതാണ്‌. നിശ്ചയം, അത്‌ അല്ലാഹുവിന്‌ എളുപ്പമാണ്‌. നിങ്ങള്‍ക്ക്‌ നഷ്‌ടമായതിനെച്ചൊല്ലി ദുഃഖിക്കാതിരിക്കാനും ലഭ്യമായതിന്റെ പേരില്‍ ആഹ്ലാദിക്കാതിരിക്കാനുമാണ്‌ അങ്ങനെ ചെയ്‌തത്‌. ദുരഭിമാനികളെയും അഹങ്കാരികളെയുമെല്ലാം അല്ലാഹുവിന്‌ അനിഷ്‌ടമാണ്‌.''
മഹാപണ്ഡിതന്‍ മുസ്‌തഫസ്സിബാഈ പറഞ്ഞത്‌ പോലെ, ഈ ജീവിതം തന്നെ ഇത്തിരിയേയുള്ളൂ, കരഞ്ഞും സങ്കടപ്പെട്ടും ഇതിനെ വീണ്ടും ചെറുതാക്കാതിരിക്കാം, നമുക്ക്‌! ഇങ്ങനെ തേടാം;
************
സ്‌നേഹ നാഥാ
കണ്ണു നിറയുന്നതില്‍
നിന്നെല്ലാം
കാത്തുകൊള്ളണേ;
കണ്ണു നിറയുമ്പോഴും
കരുത്ത്‌ നല്‍കണേ
ഖലീല്‍ ജിബ്രാന്റെ മനോഹരമായൊരു കുഞ്ഞുകഥയുണ്ട്‌; ചിപ്പിയും ഞണ്ടും സംസാരത്തിലാണ്‌. ചിപ്പി പറഞ്ഞു: ``എന്റെയുള്ളില്‍ എപ്പോഴും വേദനയാണ്‌. ശക്തമായ വേദന... അസഹ്യമായ വേദന...'' ഞണ്ട്‌ പറഞ്ഞതിങ്ങനെ: ``എന്റെയുള്ളില്‍ യാതൊരു വേദനയുമില്ല. എപ്പോഴും സുഖവും സന്തോഷവും മാത്രം...'' ഇതു കേട്ട മത്സ്യം അവരോട്‌ പറഞ്ഞു: ``ഞണ്ടിനു വേദനയുണ്ടാകില്ല. കാരണം അതിന്റെ ഉള്ളുമുഴുവന്‍ പൊള്ളയാണ്‌. ചിപ്പിക്ക്‌ വേദനയുണ്ടാകും; വിലയേറിയ മുത്തുകളല്ലേ അതിന്റെ ഉള്ളില്‍ നിറയെ.''
ചിപ്പിയുടെ അകത്ത്‌ മൂല്യമേറിയ മുത്തുകള്‍ മാത്രമേയുള്ളൂ. നമ്മുടെ അകത്ത്‌ അതിലേറെ വിലയേറിയ മൂല്യങ്ങള്‍ വേണ്ടുവോളമുണ്ട്‌. പക്ഷേ അത്രതന്നെ വിപത്ത്‌ വിതയ്‌ക്കുന്ന വിഷചിന്തകളുമുണ്ട്‌. മനസ്സ്‌ അനിയന്ത്രിതമായാല്‍ ജീവിതമാകെ അപകടമാണ്‌. ഏറെ ശ്രദ്ധയും ജഗ്രതയുമുണ്ടെങ്കിലേ കേടില്ലാതെ നിലനിര്‍ത്താന്‍ പറ്റൂ. നിത്യജീവിതത്തിലെ വ്യത്യസ്‌ത മേഖലകളിലൂടെ നീങ്ങുന്ന നമ്മുടെയെല്ലാം മനസ്സ്‌ തിന്മകളിലേക്ക്‌ വഴുതാനുള്ള സാഹചര്യങ്ങള്‍ ഇന്നധികമാണ്‌. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും. മോഹങ്ങളുടേയും വികാരങ്ങളുടെയും വാസകേന്ദ്രമാണ്‌ മനസ്സ്‌. പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ അവ രണ്ടും കുഴപ്പം വിതയ്‌ക്കുമെന്ന്‌ നമുക്ക്‌ നന്നായറിയാമല്ലോ.
മനസ്സിന്റെ സ്വാധീനത്തെയും ശുദ്ധീകരണത്തെയും കൃത്യമായി വിശകലനം ചെയ്യുന്ന നബിവചനം ശ്രദ്ധേയമാണ്‌: ``മനുഷ്യന്‌ കാണാന്‍ കണ്ണും കേള്‍ക്കാന്‍ കാതും സംസാരിക്കാന്‍ നാവുമുണ്ട്‌. അവന്റെ കൈകള്‍ ചിറകുകളാണ്‌. കാലുകള്‍ സഞ്ചാരസഹായിയും. അവന്റെ മനസ്സ്‌ രാജാവാകുന്നു. രാജാവ്‌ നന്നായാല്‍ സൈന്യവും നന്നായി.''
മനസ്സിനെ നിയന്ത്രിച്ച്‌ ചിട്ടപ്പെടുത്താന്‍ വലിയ അധ്വാനവും ശ്രദ്ധയും ആവശ്യമുണ്ട്‌. അലസമായ ജീവിതം നയിക്കുന്നവരുടെ മനസ്സും അലസവും അശുദ്ധവുമായിത്തീരും. ദുര്‍വിചാരങ്ങളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും കടഞ്ഞെടുത്ത്‌ മനസ്സിനെ വിമലീകരിക്കാന്‍ കഴിയണം.
``ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ആരാണ്‌?'' -സ്വഹാബിയുടെ ചോദ്യത്തിന്‌ തിരുനബി(സ)യുടെ മറുമൊഴി ഇങ്ങനെയായിരുന്നു:
``മഖ്‌മൂമുല്‍ ഖല്‍ബ്‌ ഉള്ളവര്‍.''
``അതാരാണ്‌?''
``വഞ്ചനയില്ലാത്ത, അസൂയയില്ലാത്ത, അതിക്രമമില്ലാത്ത, ചതിയില്ലാത്ത ഭക്തിയുള്ള മനസ്സുള്ളവര്‍!''
മറ്റൊരു തിരുവചനം: ``അല്ലാഹുവിന്‌ ഭൂമിയില്‍ ഒരു പാത്രമുണ്ട്‌. ഹൃദയമത്രെ അത്‌. അതില്‍ അല്ലാഹുവിന്‌ എറെയിഷ്‌ടം മതത്തില്‍ അടിയുറച്ചതും ദൃഢവിശ്വാസത്താല്‍ ശുദ്ധമായതും മനുഷ്യരോടെല്ലാം നൈര്‍മല്യമുള്ളതുമായ ഹൃദയമാണ്‌.''
ഇമാം ഗസ്സാലിയുടെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്‌: വ്യക്തിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ മൂന്നായി അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്‌. ഒന്ന്‌, മനസ്സിന്റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച. രണ്ട്‌, മതനിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കല്‍. മൂന്ന്‌, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കല്‍.
മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചുവെന്നും മലിനമാക്കിയവന്‍ പരാജിതനെന്നും ഖുര്‍ആന്‍ (അശ്ശംസ്‌ 8,9) പറയുന്നു. കല്ലിനേക്കാള്‍ കടുത്ത ഹൃദയങ്ങളെപ്പറ്റിയും ഖുര്‍ആന്‍ (2:74) വിവരിക്കുന്നുണ്ട്‌. തിന്മകളിലേക്ക്‌ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സെന്നും (12:53) താക്കീത്‌ ചെയ്യുന്നു. മനസ്സിനെ നിയന്ത്രിച്ചവര്‍ക്കുള്ളതാണ്‌ സ്വര്‍ഗമെന്നും അല്ലാഹു (79:40) പറയുന്നു.
വിശ്വാസിയുടെ മനസ്സിനാണ്‌ ഏറ്റവും വലിയ പരിഗണന. ആ മനസ്സ്‌ ദൃഢമായ ദൈവബോധത്താല്‍ നിറയുകയും സദ്‌വിചാരങ്ങള്‍ കൊണ്ട്‌ സൗന്ദര്യമുള്ളതാവുകയും ചെയ്യുമ്പോള്‍ ജീവിതമാകെ സല്‍കര്‍മങ്ങള്‍ പൂത്തുനില്‌ക്കും. ഭക്തികൊണ്ടും കളങ്കമറ്റ ദൃഢവിശ്വാസം കൊണ്ടും കടിഞ്ഞാണിട്ട്‌ മനസ്സിനെ ശുദ്ധീകരിക്കണം. തിന്മയിലേക്ക്‌ വശീകരിക്കപ്പെടുന്ന മനസ്സിനെ നന്മയിലേക്ക്‌ വലിച്ചടുപ്പിച്ച്‌ നല്ല വിചാരങ്ങള്‍ കൊണ്ടും നല്ലതു ചെയ്യണമെന്ന വിചാരം കൊണ്ടും പ്രകാശമുള്ളതാക്കാന്‍ നിരന്തര ശ്രദ്ധ നല്‌കണം. വിശ്വാസത്തിന്റെ സ്വാധീനം ഒരു സെക്കന്റെങ്കിലും നഷ്‌ടമായാല്‍ ആ സെക്കന്റില്‍ മനസ്സില്‍ കൂടുകെട്ടുന്നത്‌ ദുര്‍വിചാരങ്ങളായിരിക്കുമെന്നതാണ്‌ കൂടുതല്‍ ഗൗരവം.
മനസ്സ്‌ നന്നായാല്‍ അകം നന്നായി. അകം നന്നായാല്‍ മുഴുവന്‍ നന്നായി. പുറത്ത്‌ പ്രകടമാക്കുന്നതല്ല, അകത്തൊളിപ്പിക്കുന്നതിലേക്കാണല്ലോ അല്ലാഹുവിന്റെ തിരുനോട്ടം. പറ്റിയ കേടുകള്‍ കഴുകിക്കളഞ്ഞും പുതിയ കേടുകള്‍ കലരാതെ കാത്തും നമുക്ക്‌ മനസ്സിനെ കാത്തുവെക്കാം. ``നീ അകത്ത്‌ സത്യസന്ധനും വിശുദ്ധനുമാവുക. എങ്കില്‍ പുറത്ത്‌ നീ ഇഷ്‌ടപ്പെടുന്നതെന്തോ അത്‌ ആയിത്തീരും'' എന്നൊരു മഹദ്‌വചനമുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ അന്നാസിആത്ത്‌ അധ്യായത്തിലെ 40,41 വചനങ്ങള്‍ നമ്മുടെ ജാഗ്രതയാകേണ്ടതുണ്ട്‌: ``തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന്‌ ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന്‌ ആത്മാവിനെ വിലക്കുകയും ചെയ്യുന്നവര്‍ക്ക്‌ സ്വര്‍ഗമാണ്‌ അഭയം.''
ശ്രദ്ധയോടെയുള്ള ശുശ്രൂഷയാണ്‌ എപ്പോഴും ഉള്ളില്‍ നടത്തേണ്ടത്‌. മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഓര്‍ത്തുവെക്കേണ്ടൊരു പ്രാര്‍ഥന തിരുനബി പഠിപ്പിക്കുന്നുണ്ട്‌: ``ഹൃദയങ്ങളെ മാറ്റിമറിക്കുന്ന നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ നിനക്കുള്ള അനുസരണത്തില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.''
************
ഓരോരോ
ഇഷ്‌ടങ്ങളില്‍ പെട്ട്‌
നിന്റ ഇഷ്‌ടമാണല്ലോ
നാഥാ
നഷ്‌ടമായത്‌
വടക്കുനോക്കി യന്ത്രം പോലെ ഒരേ ദിശയിലേക്ക്‌ തിരിഞ്ഞിരിക്കുന്ന മനസ്സാണ്‌ നമ്മുടേതെല്ലാം. ആ ദിശ നന്മയുടേതാണ്‌. തിന്മയെ മനസ്സ്‌ വെറുക്കുന്നു. തിന്മ ചെയ്‌താല്‍ അസ്വസ്ഥമാകുന്നു. നന്മയില്‍ സന്തോഷിക്കുന്നു. നന്മ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു. മനസ്സാക്ഷിയെ മറച്ചുവെച്ചും വഞ്ചിച്ചും മാത്രമേ തെറ്റുചെയ്യാന്‍ കഴിയൂവെന്നത്‌ നമ്മുടേയൊക്കെ അനുഭവമാണല്ലോ.
തെറ്റ്‌ ചെയ്യുന്നവരോടല്ല, തെറ്റുകളാവര്‍ത്തിക്കുന്നവരോടാണ്‌ അല്ലാഹുവിന്‌ അനിഷ്‌ടം. സ്വര്‍ഗാവകാശികളെക്കുറിച്ച്‌ പറയുന്നിടത്ത്‌ പോലും `തെറ്റുകളാവര്‍ത്തിക്കാത്തവര്‍' എന്നാണ്‌ ഖുര്‍ആനിന്റെ പ്രയോഗം (3135). ആവര്‍ത്തിക്കുന്ന തിന്മകളാണല്ലോ ദുശ്ശീലങ്ങള്‍. നിസ്സാരമെന്നു കരുതി ചെയ്‌തേക്കാവുന്ന ചെറിയ പാപങ്ങള്‍ ഒഴിച്ചു നിര്‍ത്താനാവാത്ത ജീവിതചര്യകളായി മാറുന്ന അനുഭവം സാധാരണയാണല്ലോ. `എത്ര ശ്രമിച്ചിട്ടും എനിക്ക്‌ നിര്‍ത്താനാവുന്നില്ല' എന്ന്‌ പരാതിയും പറയും. ദുശ്ശീലങ്ങളെ പറിച്ചെറിഞ്ഞ്‌, നല്ല ശീലങ്ങളെ പുല്‍കിയ ചരിത്രമാണ്‌ സച്ചരിതരായ സ്വഹാബികളില്‍ നിന്നുള്ള വലിയ പാഠം. ശീലങ്ങളോട്‌ നമ്മേക്കാള്‍ അടുപ്പവും ആഭിമുഖ്യവും പുലര്‍ത്തിയിരുന്നവരായിരുന്നു അവര്‍. മദ്യവും മദനമോഹങ്ങളും മാറ്റാനാകാത്ത ദുശ്ശീലങ്ങളും കൊണ്ട്‌ മൂടിക്കെട്ടിയ ആ മനസ്സുകള്‍, അല്ലാഹുവെപ്പറ്റിയുള്ള തികഞ്ഞ ഉറപ്പുകൊണ്ടും ഉള്‍ഭയം കൊണ്ടും പവിത്രമായ പുതിയൊരു ജീവിതത്തിലേക്ക്‌ പാഞ്ഞടുത്ത ധീരചരിത്രമാണത്‌. ദയാലുവായ സ്രഷ്‌ടാവിനെക്കുറിച്ചുള്ള ഇളക്കമില്ലാത്ത ഈമാന്‍ കൈവന്നതോടെ ഇളക്കം തട്ടിയത്‌ അവരുടെ ശീലങ്ങളിലായിരുന്നു.
ഒരു നേരം മദ്യപിച്ചില്ലെങ്കില്‍ ശരീരം വിറച്ചിരുന്നവര്‍ ഒരു നേരത്തെ സംഘനമസ്‌കാരം നഷ്‌ടമായാല്‍ പൊട്ടിക്കരയുന്നവരായി മാറി. വിഗ്രഹങ്ങളുടെ മുന്നില്‍ കൈകൂപ്പി നിന്നിരുന്നവര്‍ അതേ കൈകള്‍ കൊണ്ട്‌ വിഗ്രഹങ്ങളെ തച്ചുടച്ചു. നീതിയോ നിയമമോ ഇല്ലാതെ ജീവിച്ചവര്‍ നിയമം പാലിക്കുന്ന ഖലീഫമാര്‍ വരെയായി. പരസ്യമായി തെറ്റ്‌ ചെയ്‌തിരുന്നവര്‍ രഹസ്യമായിപ്പോലും തെറ്റുചെയ്യാത്തവരായി. സ്‌ത്രീക്ക്‌ ആത്മാവുണ്ടോ എന്ന്‌ സംശയിച്ചിരുന്നവര്‍ സ്‌ത്രീത്വത്തിന്റെ മഹത്വമറിഞ്ഞവരായി. ആനന്ദവും ആഘോഷവുമാണീ ജീവിതമെന്ന്‌ പാടിയവര്‍ സമയത്തിന്റെയും ആയുസ്സിന്റെയും അര്‍ഥമറിഞ്ഞ ഭക്തരായി. 
അന്നോളമുള്ള അവരുടെ ശീലങ്ങളേയും കാഴ്‌ചപ്പാടുകളേയും മുഴുവനായും എടുത്തുകളഞ്ഞ്‌, മഹത്വവും മനുഷ്യത്വവും മനസ്സില്‍ നന്മയും നിറച്ച പുതിയ വ്യക്തിത്വങ്ങളാക്കി പരിവര്‍ത്തിപ്പിക്കുകയാണ്‌ ഈമാന്‍ ചെയ്‌തത്‌. തലമുറകളോളം പകയും വൈരവും കാത്തുവെച്ചവരായിരുന്നു അവര്‍. ചോര കാണുമ്പോള്‍ നൃത്തം ചെയ്‌തിരുന്ന ആ മനുഷ്യര്‍ ഉറുമ്പിനെപ്പോലും നോവിക്കാത്തവരായിത്തീര്‍ന്നതാണത്ഭുതം. ചുറ്റുമുള്ള മനുഷ്യര്‍ക്കും പ്രകൃതിക്കും സര്‍വ ചരാചരങ്ങള്‍ക്കും നന്മ ചെയ്യേണ്ടവരാണ്‌ തങ്ങളെന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെട്ടു. പഴയ ശീലങ്ങളും മനോഭാവവും മാറിയതോടെ തീര്‍ത്തും പുതിയ ജീവിതമായിത്തീര്‍ന്നു അവരുടേത്‌. മനുഷ്യത്വമുള്ള മനുഷ്യരായപ്പോള്‍ ഇതിഹാസമായ ചരിത്രം സൃഷ്‌ടിക്കാന്‍ അവര്‍ക്ക്‌ സാധിച്ചു. ശീലവും ശൈലിയും മാറുമ്പോള്‍ മാത്രമാണ്‌ നമ്മളും അവരുടെ പിന്‍ഗാമികളാവുന്നത്‌.
*****************
എന്റെ കണ്ണ്‌
നിന്നെയോര്‍ത്തൊന്ന്‌
നനയാന്‍ മടിക്കുന്നല്ലോ
സ്‌നേഹ നാഥാ.
പഴയ വസ്‌തുക്കള്‍ വില്‍ക്കുന്ന കടയില്‍ എല്ലാം വിറ്റുപോയിട്ടും പഴയൊരു വീണ മാത്രം ആര്‍ക്കും വേണ്ടാതെ ബാക്കിയായി. പൊടിപിടിച്ച്‌, തന്ത്രികളെല്ലാം പൊട്ടിത്തകര്‍ന്ന വീണ ആര്‍ക്കും ആവശ്യമില്ല. ലേലം കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ ഒരു വൃദ്ധന്‍ കടയിലേക്ക്‌ കയറിവന്നു. വീണയെടുത്ത്‌ പൊടി തട്ടിക്കളഞ്ഞ്‌ തന്ത്രികള്‍ ശരിയായ വിധം ചേര്‍ത്തുകെട്ടി അയാള്‍ വീണ വായിക്കാന്‍ തുടങ്ങി. ശ്രുതിമധുരമായ ഈണം! സ്വരസുന്ദരമായ വീണവായന കേട്ടപ്പോള്‍ പിരിഞ്ഞു പോകാനൊരുങ്ങിയവര്‍ തരിച്ചുനിന്നു. അദ്ദേഹത്തിനു ചുറ്റും ആളുകള്‍ കൂടിക്കൊണ്ടേയിരുന്നു. അവര്‍ വീണയ്‌ക്ക്‌ വിലപറയാന്‍ തുടങ്ങുന്നു... ആയിരം... പതിനായിരം...
ഉപയോഗശൂന്യമെന്ന്‌ കരുതുന്ന പലതും ഉപകാരപ്രദമാക്കാന്‍ നമുക്ക്‌ കഴിയും. എങ്കില്‍ തകര്‍ന്ന മനസ്സുകളേയും പ്രതീക്ഷയറ്റ മനുഷ്യരേയും പാപികളായിപ്പോയ സഹോദരങ്ങളേയും നേരും നന്മയുമുള്ള ജീവിതത്തിലേക്ക്‌ തിരിച്ചുവിളിക്കാനാണ്‌ ശ്രദ്ധകൊടുക്കേണ്ടത്‌. പാഴായിപ്പോകുന്ന സ്വന്തം സമയത്തേയും ജീവിതത്തേയും കടുത്ത ആത്മവിമര്‍ശനത്തിനു വിധേയമാക്കും പോലെ, പിഴച്ചു പോകുന്ന മറ്റുള്ളവരെ തിരിച്ചുവിളിക്കേണ്ട ബാധ്യതയും നമ്മുടേതു തന്നെയാണ്‌.
പ്രതീക്ഷ നല്‍കുന്ന പുണ്യവചനങ്ങളുടെ സമാഹാരമാണ്‌ വിശുദ്ധ ഖുര്‍ആന്‍. എന്തും എത്രയും പൊറുക്കാനും മറക്കാനും മാപ്പാക്കാനും തയ്യാറുള്ള ദയാലുവായ രക്ഷിതാവിനെയാണ്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌. ഹൃദയം നൊന്തുള്ള പശ്ചാതാപത്തില്‍ ഉരുകിത്തീരാത്ത ഒരു പാപവുമില്ല. `ഭൂമി നിറയെ' പാപം ചെയ്‌തുവെങ്കിലും പരിഹരിക്കാനുള്ള മാര്‍ഗമുണ്ടെന്ന്‌ കാരുണ്യവാന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഈ പ്രതീക്ഷ സ്വയം വെച്ചുപുലര്‍ത്തുന്നതോടൊപ്പം, കൂടെയുള്ളവര്‍ക്ക്‌ ചൊരിഞ്ഞ്‌ കൊടുക്കേണ്ടവര്‍ കൂടിയാണു നാം. വിശുദ്ധ ഖുര്‍ആന്‍ സൂറതുന്നിസാഇലെ വചനം 31ല്‍ അല്ലാഹുവിന്റെ അഗാധമായ സ്‌നേഹത്തെയാണു പ്രകടിപ്പിക്കുന്നത്‌. തിന്മകളിലേക്ക്‌ പിഴച്ചുപോയ മനുഷ്യരെ കൈപ്പിടിച്ചുയര്‍ത്തുന്ന ആനന്ദവചനം; ``നിങ്ങളോട്‌ വിരോധിച്ച മഹാപാപങ്ങള്‍ ചെയ്യാതിരുന്നാല്‍ നിങ്ങളുടെ തിന്മകള്‍ മായ്‌ച്ചുകളയുകയും വിശിഷ്‌ഠമായ സ്ഥാനത്ത്‌ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും.''
സര്‍വ ചരാചരങ്ങളിലും പടര്‍ന്നിരിക്കുന്ന അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച്‌ ഒരിക്കലും നിരാശ വേണ്ടെന്ന്‌ വീണ്ടും വീണ്ടും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഖേദത്തോടെ നന്മയിലേക്കും സദാചാരത്തിലേക്കും തിരിച്ചുവരുന്നവരെ അല്ലാഹുവിന്‌ ഒരുപാടിഷ്‌ടമാണെന്ന്‌ പറഞ്ഞുതരുന്നു. അകം നിറഞ്ഞ ഖേദത്തോടെയുള്ള പ്രാര്‍ഥനയില്‍ മഹാപാപങ്ങള്‍ പോലും മായ്‌ക്കപ്പെടുമെന്ന്‌ സ്വഹാബികളുടെ വിശ്രുത ചരിത്രത്തില്‍ നിന്ന്‌ നാം പഠിക്കുന്നു. ദയാലുവായ നാഥനെ മറന്ന്‌ ബഹുദൈവ ചിന്തയിലേക്ക്‌ വഴിതെറ്റിയവരും മദ്യവും ലഹരിയും അധാര്‍മികതയുമെല്ലാം ജീവിതശീലമായിരുന്നവര്‍ പശ്ചാതാപത്തിന്റെ പുണ്യവിശുദ്ധിയോടെ തിരിച്ചുവന്നപ്പോള്‍ കൃപാലുവായ അല്ലാഹു അവര്‍ക്കെല്ലാം സത്യമതത്തിലേക്ക്‌ വാതില്‍ തുറന്നിട്ടു. പ്രാര്‍ഥന മാത്രമല്ല, മനുഷ്യോപകാര പ്രവര്‍ത്തനങ്ങളും കരുണയുള്ള ജീവിതവും പശ്ചാതാപത്തിന്റെ വഴികളാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌.
എങ്ങനെ പശ്ചാതപിക്കണമെന്ന്‌ ഒരു ഗ്രാമീണന്‍ ഖലീഫ അലിയോടു ചോദിച്ചു. ഉത്തരം ഇങ്ങനെയായിരുന്നു:
ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.
1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക,
2) നഷ്‌ടപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക,
3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കുക,
4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക,
5) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ ലയിപ്പിക്കുക.
6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അതിനെ അനുഭവിപ്പിക്കുക
ആര്‍ക്കും സംഭവിക്കാവുന്ന കളങ്കങ്ങളെ തുടച്ചുകളഞ്ഞ്‌, തെളിച്ചം വരുത്തലാണ്‌ തൗബയുടെ വഴി. സര്‍വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്‍ തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത്‌ കൈനീട്ടിയിരിക്കുകയാണ്‌ ദയാലുവായ അല്ലാഹു. ഹൃദയത്തിന്റെ അടപ്പുകള്‍ തുറന്ന്‌, എല്ലാം ഏറ്റുപറഞ്ഞ്‌ മടങ്ങാനുള്ള വഴിയാണത്‌. മധ്യസ്ഥന്മാരില്ലാതെ, മനസ്സുതുറക്കാനുള്ള മഹാസന്നിധിയാണ്‌ അല്ലാഹുവിന്റേത്‌. പാപിയേയും പരിശുദ്ധനേയും സ്‌നേഹത്തോടെ ഉള്‍ക്കൊള്ളുന്ന അലിവിന്റെ ആകാശം. ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നില്ല, പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി. എല്ലാം മായ്‌ക്കപ്പെടും.
അല്ലാഹു എന്ന ഓര്‍മയാല്‍ സന്തോഷിച്ചും അതേ ഓര്‍മയില്‍ കണ്ണുനിറഞ്ഞും കരുതലോടെ നടന്നും കരുത്തോടെ മുന്നേറിയും കര്‍മങ്ങളില്‍ മുഴുകിയും നമുക്കീ ആയുസ്സിനെ അര്‍ഥവത്താക്കാം. എത്ര വഞ്ചിക്കപ്പെട്ടാലും ഒരാളേയും വഞ്ചിക്കാതെ, എത്ര കടുത്ത സാഹചര്യത്തിലും തെറ്റിലേക്ക്‌ വീഴാതെ, എത്ര കൗതുകമുണ്ടെങ്കിലും പാപത്തെ സ്വീകരിക്കാതെ, ഏത്‌ വലിയ ശത്രുവിനേയും ഉള്ളുനിറയെ സ്‌നേഹിച്ച്‌, അല്ലാഹുവിന്റെ മുന്നില്‍ ജയിക്കുമെങ്കില്‍ ആര്‍ക്കു മുന്നിലും തോറ്റുകൊടുത്ത്‌ ഈ ചെറിയ ജീവിതത്തില്‍ നിന്ന്‌ വലിയൊരാ ജീവിതത്തിലേക്ക്‌ തിരിച്ചുപോകാം.
ആ തിരിച്ചുപോക്കിനെ ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊരു പ്രാര്‍ഥന ചുണ്ടില്‍ സൂക്ഷിക്കാം;
എന്റെ നാഥാ
സുജൂദില്‍
നിന്നോട്‌
സ്വകാര്യം
പറയുന്നതിനിടയില്‍,
ഒറ്റനിമിഷം കൊണ്ട്‌
തീര്‍ക്കണേ

എന്റെയീ ശ്വാസം

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: