പൂവാലദിനവും സമകാലസംഭവങ്ങളും
പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ പല ദിനാചരണങ്ങളും നാം നിത്യവും കേള്‍ക്കുന്നു. പത്രമാധ്യമങ്ങള്‍ അവ മറക്കാതെ സൂക്ഷിച്ചുവയ്‌ക്കുന്നു. മതകീയ ദിനങ്ങള്‍ക്കു പുറമെയാണിത്. ശിശുദിനം, അധ്യാപകദിനം, വൃദ്ധദിനം, മാതൃദിനം, എയ്‌ഡ്‌സ് ദിനം, പരിസ്ഥിതി ദിനം തുടങ്ങി മുലയൂട്ടല്‍ ദിനംവരെ നാം ആചരിക്കുന്നു.
ഏതെങ്കിലും കാര്യത്തില്‍ സമൂഹത്തിന്റെ ശ്രദ്ധ കൂടുതല്‍ പതിയേണ്ട ആവശ്യകതയുണ്ടെങ്കില്‍ ഏറ്റവും ബന്ധപ്പെട്ട ഒരു ദിനം ആ വിഷയത്തിന്റെ പേരില്‍ ആചരിക്കുന്നു. ദിനാചരണങ്ങളില്‍ ബോധവത്‌കരണം തന്നെയാണ് കാര്യമായി നടത്താറുള്ളത്. സെമിനാറുകള്‍, ചര്‍ച്ചകള്‍, ലേഖനങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവയിലൂടെ ജനശ്രദ്ധ ആ വിഷയത്തിലേക്ക് തിരിച്ചുവിടുകയും ചില ദിനങ്ങളിലെങ്കിലും ചില കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യാറുണ്ട്. അതെല്ലാം സമൂഹത്തിന് നേരിയ തോതിലെങ്കിലും ഗുണം ചെയ്യുന്നു.
എന്നാല്‍ ലോകത്താര്‍ക്കും ഒരു ഗുണവുംചെയ്യാനില്ലാത്ത രണ്ട് `ദുര്‍ദിന'ങ്ങള്‍ ആചരിക്കപ്പെടുന്നുണ്ട്; ഓരോ വര്‍ഷവും. അനിയന്ത്രിതമായി കുടിച്ചുകൂത്താടാന്‍ മാത്രമുള്ള, ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യ ദിനത്തിന്റെ തലേരാത്രിയും (ന്യൂ ഇയര്‍ ഡേ) പൂവാലദിനമായ ഫെബ്രുവരി പതിനാലും (വാലന്റൈന്‍ ഡെ) ആണ് ആ ദിനങ്ങള്‍. ഈ രണ്ടു ദിനങ്ങളും യൂറോപ്യന്‍, ക്രൈസ്‌തവ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ബാക്കിപത്രമാണ് എന്നത് യാദൃച്ഛികമായിരിക്കാം. കൊളോണിയല്‍ ആധിപത്യത്തോടുള്ള വിധേയത്വത്തിന്റെ നിദര്‍ശനവുമാണത്.
രാജ്യത്താകമാനം സ്‌ത്രീ പീഡനപ്രശ്‌നം കൊടുമ്പിരികൊള്ളുകയും അതിനെതിരെ ജനരോഷം പ്രകടിപ്പിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ജനവികാരം മാനിച്ച് കേന്ദ്രഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു കഴിഞ്ഞു. 2013ലെ കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്‍ ആഭ്യന്തരമന്ത്രി കേരള നിയമസഭയില്‍ അവതരിപ്പിച്ച ഫെബ്രുവരി പതിനാലിനു തന്നെ ആഗോളാടിസ്ഥാനത്തില്‍ പൂവാലന്മാര്‍ ഒത്തുകൂടുന്ന ദിനമായും ആചരിക്കുകയാണത്രേ. നൂറുകോടി പെണ്ണുങ്ങള്‍ തെരുവുകളിലിറങ്ങി, നൃത്തമാടി, പാട്ടുപാടി, കൂട്ടുകൂടി രാപ്പകല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണത്രേ ഈ ദിവസം ചെയ്‌തത്. വാലന്റൈന്‍ ദിനമെന്ന പ്രണയദിനം `വയലന്‍സ് ഫ്രീ ഡെ' ആയി (അക്രമങ്ങളില്ലാത്ത ദിനം) ആചരിച്ചുവത്രേ! കാമുകന്‍മാര്‍ക്കും കാമുകിമാര്‍ക്കും ഒത്തുചേരാനുള്ള ദിനം, പുതിയ ഇരയെ കണ്ടെത്താനുള്ള ദിനം എങ്ങനെ വയലന്‍സ് ഫ്രീ ആകുന്നു. റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന ലൈംഗികതിക്രമങ്ങളിലെ ഒന്നാമത്തെ വില്ലന്‍ മദ്യമയക്കുമരുന്നുകളാണെങ്കില്‍ രണ്ടാമന്‍ പ്രേമനൈരാശ്യവും കാമുകീ വധവുമല്ലേ? ഇതാര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? വിവാഹപൂര്‍വ അനുരാഗവും വിവാഹബാഹ്യ ഇണയന്വേഷണവുമാണല്ലോ മിതമായിപ്പറഞ്ഞാല്‍ ഇന്നത്തെ പ്രണയം.
മനുഷ്യസഹജമായ വികാരപ്രകടനങ്ങള്‍ക്ക് നന്മയുടെ പാത കാണിച്ചുകൊടുത്ത് നിയന്ത്രിക്കാന്‍ നോക്കുന്നതിനു പകരം കുരങ്ങിന് ഏണിവെച്ച് പ്രോത്സാഹിപ്പിക്കുകയാണ് പുത്തനാശയക്കാര്‍ എന്നു പറയുന്നവര്‍. മലയാളത്തിലെ ഒരു പത്രമുത്തശ്ശി പൂവാലദിനത്തെ മഹത്വവത്‌കരിച്ച് ലേഖനം പ്രസിദ്ധീകരിച്ചെങ്കില്‍ മറ്റൊരു പത്രചാനല്‍ അതിന്റെ ക്യാമറക്കണ്ണും മൗത്ത് പീസും പൂവാല ദിനത്തില്‍ ഇരയെക്കാത്തിരിക്കുന്ന കമിതാക്കളിലൂടെ കറങ്ങിയടിച്ച് ബാല്യം പിന്നിടാത്ത സ്‌കൂള്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെക്കൂടി `പൂവാലദിന'വിശേഷം പങ്കുവെയ്‌പിക്കുന്ന ദുഷ്‌ട ദൃശ്യം മാലോകര്‍ കണ്ടു.
സമൂഹത്തിന്റെ അടിത്തട്ടില്‍ സംസ്‌കാരച്യുതിയുടെ ആണ്‍പെണ്‍ അവിഹിത ഇടപെടലുകളെ ആവുംവിധം പ്രോത്സാഹിപ്പിക്കുകയും അതിന്റെ സ്വാഭാവിക പരിണതിയായി നടക്കുന്ന ചാരിത്ര്യചോരണവും ചിലപ്പോഴെങ്കിലും അതുവി എത്തിച്ചേരുന്ന ലൈംഗികാതിക്രമങ്ങളും പൈങ്കിളിക്കഥയായി പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ട് `സ്‌ത്രീ പീഡനം' എന്നു വിളിച്ചു കൂവിയിട്ട് യാതൊരു കാര്യവുമില്ല എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും സൂചിപ്പിച്ചത്. സ്വാതന്ത്ര്യമെന്നത് അഴിഞ്ഞാട്ടമല്ല. സ്‌ത്രീ ശാക്തീകരണമെന്നത് സ്‌ത്രീയെ പുരുഷനാക്കലല്ല. അവിഹിത ലൈംഗികതയിലേക്ക് നയിച്ച `പ്രണയപ്പൂക്കള്‍ വിരിയിച്ചെടു'ത്തത് രണ്ടുപേരും കൂടിയാണ്. കളി കാര്യമായി മാറിയപ്പോള്‍ ഒരാള്‍ ഒഴിഞ്ഞുമാറുന്നു, അല്ലെങ്കില്‍ ഒരാള്‍ തള്ളിപ്പറയുന്നു.... ഏത് രീതിയില്‍ നീങ്ങിയാലും `ഇര'പെണ്‍കുട്ടിയായിരിക്കും. ഇതല്ലേ മിക്ക കേസുകളിലും സംഭവിക്കുന്നത്! ഇതിനുത്തരവാദി കമിതാക്കളിലെ പുരുഷമേധാവിത്തമോ അതോ സ്‌ത്രൈണതയുടെ നൈസര്‍ഗികതയോ?! വിവേകം നഷ്‌ടപ്പെട്ടിട്ടില്ലാത്തവര്‍ ആലോചിക്കുക.
സ്‌ത്രൈണ പ്രകൃതിയുടെ ജീവശാസ്‌ത്ര യാഥാര്‍ഥ്യങ്ങളും സാമൂഹികമായി കണ്‍മുന്നിലുള്ള അപ്രിയസത്യങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ട് മൈക്രോ ബയോളജിയില്‍ ഡോക്‌ടറേറ്റ് നേടിയ ഡോ. രജത്‌കുമാര്‍, സര്‍ക്കാര്‍ നിയോഗിച്ച മൂല്യബോധന യാത്രയില്‍, കുട്ടികളെയും രക്ഷിതാക്കളെയും തെര്യപ്പെടുത്തിയ ത് പെണ്‍കുട്ടികള്‍ക്ക് ചില പരിമിതികളുണ്ട്; അത് പ്രത്യേകം സൂക്ഷിക്കണം എന്നായിരുന്നു. അത് പൂവാല ദിനപ്രചാരകര്‍ക്ക് ഒട്ടും പിടിച്ചില്ല. ഡോ. രജത്‌കുമാറിനെ വിളിച്ചുവരുത്തി `ഏഷ്യാനെറ്റ്' ന്യൂസ്‌ചാനല്‍ സ്‌മാര്‍ത്ത വിചാരം നടത്തിയതും ഡോ. രജത്‌കുമാറിന്റെ വിജ്ഞാനത്തിന്റെയും വാഗ്‌മിതയുടെയും മുന്നില്‍ അവതാരകന്‍ പകച്ചിരുന്നതും പ്രേക്ഷകര്‍ കണ്ടു. ആണും പെണ്ണും ഒന്നല്ല. അവിഹിത ലൈംഗികതയില്‍ എപ്പോഴും പെണ്‍കുട്ടികള്‍ക്കായിരിക്കും നഷ്‌ടം എന്ന വസ്‌തുത അദ്ദേഹം തുറന്നുപറഞ്ഞെന്നേയുള്ളൂ.
ഫെബ്രുവരി പതിനാലിന് കേരള നിയമസഭയില്‍ അവതരിപ്പിച്ച വനിതാ സ്വകാര്യത സംരക്ഷണ ബില്ലിന്റെ ചര്‍ച്ച തുടങ്ങിവച്ച നിയമസഭാംഗം കെ മുരളീധരന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. `ആണും പെണ്ണും അനാവശ്യകാര്യങ്ങള്‍ക്ക് ഒത്തുകൂടുന്ന കോഫിഡേ പോലുള്ള കടകള്‍ ഒരു കാരണം. അല്‌പവസ്‌ത്രധാരിണികളായി ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പെണ്ണുങ്ങള്‍ മറ്റൊരു കാരണം. മൊബൈല്‍ ഫോണില്‍ സംസാരിച്ച്, ഹോണടിച്ചാല്‍ പോലും മാറാതെ റോഡിലൂടെ നടക്കുന്ന പെണ്‍കുട്ടികള്‍. ഇവരെക്കണ്ടാല്‍ അന്നേരം മനസ്സിലാക്കാം ട്രാക്ക് തെറ്റിയാണ് നടപ്പെന്ന്.' ഇത് പുരുഷ മേധാവിത്വത്തിന്റെ പെണ്‍വിരുദ്ധ പ്രസ്‌താവനയല്ല, ലൈംഗികാതിക്രമത്തില്‍ കാമാതുരരായ കശ്‌മലന്മാരുടെ കൗണ്ടര്‍പാര്‍ട്ടുകളെപ്പറ്റിയുള്ള ഒരു ചിന്തമാത്രമാണ്. ഏത് വിഷയത്തിന്റെയും മറുവശം ചിന്താവിഷയമാക്കണമല്ലോ. മുരളീധരന്റെ പരാമര്‍ശത്തിന് ഒരു പത്രം നല്‍കിയ പരിഹാസ ദ്യോതകമായ തലക്കെട്ട് നോക്കൂ. `പെണ്ണുങ്ങള്‍ നേരെ തുണിയുടുക്കണം, കാപ്പിക്കട പൂട്ടണം'. നഗ്നത വിറ്റു കാശാക്കുന്ന മീഡിയയുടെ ധാര്‍ഷ്‌ട്യവും ദൗഷ്‌ട്യവും നമുക്കിവിടെ കാണാം. പെണ്ണുങ്ങള്‍ മാന്യമായി വസ്‌ത്രം ധരിക്കണമെന്ന് പറഞ്ഞവരെ ഇതേപത്രം തലേന്ന് കളിയാക്കിയതിങ്ങനെ: `ഉടലാസകലം മൂടി ചാക്കുകെട്ടായി നടക്കാന്‍ കല്‌പിക്കുന്നത്...' (മാതൃഭൂമി 14.2.13)
`പൂവാല ദിന' വിശേഷങ്ങളുമായി പുറത്തിറങ്ങിയ പിറ്റേന്നത്തെ പത്രമെടുത്തു നോക്കാം. ഉടലാസകലം മൂടി, ചാക്കുകെട്ടായി, നില്‌ക്കുന്ന ഒരു പുരുഷന്‍ (കാമുകന്‍) ഓസ്‌കാര്‍ പിസ്റ്റോറിയസ് എന്ന ഒളിമ്പ്യന്‍. തന്റെ സ്‌ത്രൈണത ആര്‍ക്കു മുന്നിലും മറച്ചുവയ്‌ക്കേണ്ടതില്ല എന്ന `മെസേജു'മായി ഒരു നേരിയ വസ്‌ത്രക്കഷ്‌ണമണിഞ്ഞ് മുന്നില്‍ നില്‌ക്കുന്ന ഒരു സ്‌ത്രീ(കാമുകി) റിവാ സ്റ്റീന്‍ കാമ്പ്. ഇതൊരു ഫയല്‍ ചിത്രം. വാര്‍ത്ത അതല്ല. ആ കാമുകന്‍ പൂവാലദിന ത്തില്‍ തന്റെ ഈ കാമുകിയെ വെടിവെച്ചുകൊന്നിരിക്കുന്നു! ലൈംഗികാതിക്രമമോ സ്‌ത്രീപീഡനമോ ആണെന്നു പറയാന്‍ ഏത് പച്ചപ്പരിഷ്‌കാരിക്കും കഴിയും!
ഓസ്‌കറിനെപ്പോലെ റിവാക്കും വസ്‌ത്രം ധരിച്ചുകൂടേ എന്നു മാത്രമേ പാവം സദാചാരവാദികളെന്ന് ആക്ഷേപിക്കപ്പെടുന്ന മതവിശ്വാസികള്‍ക്ക് വിനീതമായി ചോദിക്കാനുള്ളൂ. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ചാനല്‍ ഭീമന്മാരുടെ സ്റ്റുഡിയോ റൂമില്‍ ലാപ്‌ടോപിനു പിന്നിലിരിക്കുന്ന, ആരെയും പേരുവിളിച്ച് ചോദ്യംചെയ്യാന്‍ അധികാരമുള്ള `ഏമാന്മാരെപ്പോലെ,' അവതാരകര്‍ക്കും വസ്‌ത്രം ധരിച്ച് മാന്യമായി സംസാരിച്ചുകൂടേ? മിനി സ്‌ക്രീനിനു മുന്നിലിരിക്കുന്ന യുവ ലക്ഷങ്ങള്‍ക്ക് നല്‌കുന്ന ഇന്‍ഡയറക്‌ട് മെസേജ് സദാചാരത്തിന്റെതായിക്കൂടേ? പ്രണയനൈരാശ്യംമൂലം പൂവാലദിനത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തവന്റെ വാര്‍ത്തയും ചേര്‍ത്തുവായിക്കുക.
കേരളത്തിനും കൈരളിക്കും ധൈഷണികവും സാംസ്‌കാരികവുമായി നിരവധി സംഭാവനകള്‍ നല്‌കിയ ഒരു പ്രമുഖപത്രം പൂവാലന്മാര്‍ക്കും പൂവാലികള്‍ക്കും, ഇനി ആകാന്‍ പോകുന്നവര്‍ക്കും പരിശീലനം നല്‍കിക്കൊണ്ടാണ് തന്റെ ആധുനിക സേവനം സമര്‍പ്പിക്കുന്നത്. പ്രേമലേഖന മത്സരം നടത്തി സമ്മാനാര്‍ഹരെ പ്രഖ്യാപിച്ചത് പൂവാലദിനത്തില്‍! എന്താണ് സംസ്‌കാരം? പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സാഹിത്യശാഖയാണോ പ്രേമലേഖനം? വിവേകവും വിവേചനവും താരതമ്യേന കുറവാകാന്‍ സാധ്യതയുള്ള കൗമാരതലമുറയെ രചനാത്മകമായി ദിശാബോധം നല്‌കേണ്ടതിനുപകരം ഇക്കിളിപ്പെടുത്തിക്കൊണ്ട് വായനക്കാരെയും പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന മധ്യമസംസ്‌കാരം ലൈംഗികാതിക്രമങ്ങളില്‍ കൂട്ടുപ്രതിയാണെന്ന് പറയാതെ വയ്യ.
0 comments: