ജമാഅത്ത്‌ സിദ്ധാന്തങ്ങള്‍ നവോത്ഥാനത്തെ വഴിമുടക്കി

  • Posted by Sanveer Ittoli
  • at 8:50 AM -
  • 0 comments
ജമാഅത്ത്‌ സിദ്ധാന്തങ്ങള്‍ നവോത്ഥാനത്തെ വഴിമുടക്കി

 കുറിപ്പുകള്‍ -
എം ഐ മുഹമ്മദലി സുല്ലമി
അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ തുടങ്ങിയവയുടെ കൂരിരുട്ടില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിം സമൂഹം ദിശാബോധമില്ലാതെ ഉഴലുകയായിരുന്നു. വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ അവരുടെ അവസ്ഥയും പരിതാപകരമായിരുന്നു. ഇതില്‍നിന്ന്‌ സമുദായത്തെ മോചിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക്‌ തുടക്കംകുറിച്ചത്‌ മുസ്‌ലിം ഐക്യസംഘമായിരുന്നു. ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും സമുദ്ധാരണ യത്‌നങ്ങളെ പരിശോധിച്ചാല്‍ അവക്ക്‌ രണ്ട്‌ വിതാനങ്ങളുണ്ടായിരുന്നുവെന്ന്‌ കാണാം.അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു അവയിലൊന്ന്‌. വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലും ഉദ്യോഗ മണ്ഡലങ്ങളിലും മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്‌. അന്ധവിശ്വാസങ്ങള്‍ അന്ന്‌ മുസ്‌ലിം സമൂഹത്തെ എത്തിച്ചിരുന്ന ദുരവസ്ഥയെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അമീര്‍ കെ സി അബ്‌ദുല്ല മൗലവി അനാവരണം ചെയ്യുന്നത്‌ കാണുക:
``മുസ്‌ലിം കേരളത്തെ ഭരിച്ചിരുന്നത്‌ ബദ്‌രീങ്ങള്‍, ശൈഖന്മാര്‍, ഫഖീറന്മാര്‍, ഖലീഫമാര്‍, ഔലിയാക്കള്‍, തങ്ങന്മാര്‍, മുല്ലമാര്‍, ഗണിതക്കാര്‍, ജിന്ന്‌-കുട്ടിച്ചാത്ത സേവകര്‍, ഒടിയന്മാര്‍, ഇസ്‌മിന്റെ പണിക്കാര്‍, ജാറത്തിലെ അന്തേവാസികള്‍ തുടങ്ങിവരായിരുന്നു. അന്നത്തെ മുഖ്യധര്‍മങ്ങളോ? ശിര്‍ക്ക്‌-അന്ധവിശ്വാസ ഖുറാഫാത്തുകള്‍, മാല-മൗലിദ്‌ റാത്തീബുകള്‍, നേര്‍ച്ച മന്ത്രാദികള്‍ തുടങ്ങിയവയും. അന്തരീക്ഷമാകട്ടെ ജിന്ന്‌-ചെകുത്താന്‍-കുട്ടിച്ചാത്തന്‍-കൂളി-റൂഹാനി-ഖബ്‌റാളി- പൊട്ടിച്ചൂട്ട്‌ തുടങ്ങിയവയാല്‍ നിര്‍ഭരവും. ഒരു ഗ്രാമത്തില്‍ ചെന്ന്‌ പരിശോധിച്ചാല്‍ നമസ്‌കാരം, നോമ്പ്‌, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ വേണ്ടുംവിധം ഇല്ലാത്ത എത്രയോ വീടുകള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ മാല-മൗലീദ്‌ റാത്തിബുകള്‍ ഇല്ലാത്ത ഒരൊറ്റ വീടും കാണാന്‍ കഴിഞ്ഞെന്നു വരില്ല. സകാത്ത്‌ കൊടുക്കാത്ത എത്രയോ ധനികരെ കണ്ടേക്കാം. കൃത്യമായി കൊടുക്കുന്ന ആരെയും കണ്ടില്ലെന്നു വരാം. എന്നാല്‍ ബദ്‌രീങ്ങളുടെ ആണ്ടുപോലുള്ളതിന്‌ പണമോ നേര്‍ച്ച വസ്‌തുക്കളോ കൊടുക്കാത്ത വല്ലവരെയും കണ്ടുകിട്ടാന്‍ പ്രയാസമായിരിക്കും. ആപത്തില്‍ നിന്ന്‌ രക്ഷിക്കുന്നതും ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതും ബദ്‌രീങ്ങളും മുഹ്‌യുദ്ദീന്‍ ശൈഖും അതുപോലെയുള്ള മണ്‍മറഞ്ഞ മഹാന്മാരുമാണെന്നാണ്‌ വെപ്പ്‌. അവര്‍ക്ക്‌ നേര്‍ച്ചയാക്കി വിട്ട ആട്‌, കോഴി, മൃഗാദികള്‍ അന്നെവിടെയും സുലഭമാണ്‌. കൊയ്‌ത്തുകാലം തുടങ്ങിയ സുഭിക്ഷഘട്ടങ്ങളില്‍ നാഗൂരിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും ഖലീഫമാരും വീടുവീടാന്തരം കയറിയിറങ്ങുന്നതു കാണാം. വെള്ളിക്കാല്‌ വെള്ളിക്കണ്ണ്‌ തുടങ്ങിയ നേര്‍ച്ച വസ്‌തുക്കളും മറ്റു വിഭവങ്ങളും നേടിയെടുക്കുകയാണ്‌ അവരുടെ മുഖ്യ ജോലി. അവരെ ആദരിക്കാത്തവരോ അവര്‍ക്ക്‌ വല്ലതും കൊടുക്കാത്തവരോ ആയി വളരെ പേരുണ്ടായിരിക്കില്ല. പ്രസവ വേദന ഇളകിയാല്‍ മൊല്ലാക്ക എഴുതിയ പിഞ്ഞാണം തന്നെ വേണം. വല്ല രോഗവും ബാധിച്ചാല്‍ തങ്ങന്മാരോ മുല്ലമാരോ ഹോമവും മന്ത്രവും നടത്തണം. മനോരോഗം മാറ്റാന്‍ ഇസ്‌മിന്റെ പണിക്കാരനേ കഴിയൂ. കച്ചവടം, വിവാഹം മുതലായവ നിയന്ത്രിക്കുന്നതുംജാറങ്ങളിലെ അന്തേവാസികളോ ജ്യോത്സ്യന്മാരോ ആണ്‌.'' (ഇബാദത്ത്‌ ഒരു സമഗ്രപഠനം, പേജ്‌ 25)
ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളും അന്ധവിശ്വാസങ്ങളും കെ സി അബ്‌ദുല്ല മൗലവി സൂചിപ്പിച്ചതു പോലെയോ അതിനെക്കാള്‍ കൂടുതലോ ആണ്ടുപിടിച്ച വ്യക്തികളെ അതില്‍ നിന്ന്‌ മോചിപ്പിക്കുക ക്ഷിപ്രസാധ്യമല്ല. ആ കാര്യം നിര്‍വഹിച്ചത്‌ നദ്‌വത്തുല്‍ മുജാഹിദീനാണെന്ന ജമാഅത്ത്‌ ലഘുലേഖയിലെ പ്രസ്‌താവന യാഥാര്‍ഥ്യവുമായി യോജിക്കുന്നതും ചരിത്രം സാക്ഷ്യം വഹിക്കുന്നതുമാണ്‌.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കയ്യൊഴിച്ച പരസഹസ്രം മുസ്‌ലിംകള്‍ ഇന്ന്‌ കേരളത്തിലുണ്ട്‌. കേരളത്തിലെ ജമാഅത്ത്‌ അണികളും അതിന്റെ സ്വാധീനത്തിന്‌ വിധേയമായിട്ടുണ്ട്‌. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ പലയിടത്തും അന്ധവിശ്വാസങ്ങളില്‍ പലതിനെയും മദ്‌ഹബീ പക്ഷപാതത്തെയും പിന്തുടരുന്ന ജമാഅത്തുകാരെ കാണാവുന്നതാണ്‌.
എന്നാല്‍ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്‌. സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ സമസ്‌തക്കാരും സമസ്‌താനക്കാരും ദക്ഷിണ കേരളക്കാരുമെല്ലാം ഇന്നും `ജാറങ്ങളിലെ അന്തേവാസികളുടെ' മേല്‍ക്കോയ്‌മയില്‍ നിന്ന്‌ മോചിതരായിട്ടില്ല. ശിര്‍ക്കുകള്‍ വളരെ ശാസ്‌ത്രീയമായ രൂപത്തില്‍ പ്രചരിപ്പിക്കാനുള്ള ഉപായങ്ങളുമായി അവര്‍ നാടുചുറ്റുന്നു. പഴയ അന്ധവിശ്വാസങ്ങളെയും അനാചാരാങ്ങളെയും പുനര്‍ജീവിപ്പിക്കാന്‍ അവര്‍ അഹോരാത്രം അധ്വാനിക്കുകയാണ്‌. നബിയുടേതെന്ന്‌ ആരോപിക്കപ്പെടുന്ന കേശവും, മണ്ണുമൊക്കെ വലിയ ബിസിനസ്സ്‌ സ്വത്തുകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ നബിദിനാഘോഷങ്ങള്‍ പോലും അതിന്റെ ബഹിര്‍സ്‌ഫുരണങ്ങളാണ്‌. ജനമനസ്സുകളെ അന്ധവിശ്വാസങ്ങളില്‍ കുരുക്കിയിടാനുള്ള പൗരോഹിത്യ ശ്രമങ്ങളെ തടയിടാന്‍ രംഗത്തുള്ളത്‌ മുജാഹിദ്‌ പ്രസ്ഥാനമാണെന്ന യാഥാര്‍ഥ്യത്തിന്‌ ജമാഅത്ത്‌ ലഘുലേഖയും അടിവരയിടുന്നു. എന്നാല്‍ അവയെ പലപ്പോഴും ശാഖാപരമായോ ശ്‌മശാനവിപ്ലവമായോ ചിത്രീകരിക്കാന്‍ `സമ്പൂര്‍ണ ഇസ്‌ലാമിന്റെ വക്താക്കള്‍' ധൃഷ്‌ടരായി എന്നത്‌ ദൗര്‍ഭാഗ്യകരമായിരുന്നു.
``ഇവര്‍ തമ്മില്‍ ഭിന്നിപ്പുള്ള പ്രശ്‌നങ്ങള്‍ കേവലം വിരലിലെണ്ണാവുന്നത്‌ മാത്രമാണ്‌. അവയിലധികവും താരതമ്യേന ശാഖാപരമാണുതാനും. മരിച്ചുപോയ മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത്‌ തൗഹീദുമായി പൊരുത്തപ്പെടുമോ ഇല്ലയോ, നേര്‍ച്ചകളും മാലമൗലീദുകളും കഴിക്കണമോ വേണ്ടയോ, സുബ്‌ഹി നമസ്‌കാരത്തില്‍ ഖുനൂത്ത്‌ സുന്നത്ത്‌ ഉണ്ടോ ഇല്ലേ, നമസ്‌കാരത്തില്‍ കൈ മാറത്തോ മാറിനു താഴെയോ കെട്ടേണ്ടത്‌ ഇതൊക്കെയാണ്‌ മുസ്‌ലിംസമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്‌പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ എന്നത്‌ ലജ്ജാവഹമായ വസ്‌തുതയത്രെ.'' (സമുദായഐക്യവും മുസ്‌ലിംസംഘടനകളും, പേജ്‌ 32, 1979-ല്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി പ്രസിദ്ധീകരിച്ചത്‌)
ജമാഅത്തെ ഇസ്‌ലാമിയുടെ ഇത്തരം നിലപാടുകളില്‍ വിലപിക്കുന്ന ചിലരെങ്കിലും ഇപ്പോഴും അതിന്റെ അണികളിലുണ്ടെന്നത്‌ ശുഭോദര്‍ക്കമാണ്‌. അവരിലൊരാളുടെ വാക്കുകള്‍ കാണുക: ``തന്റെ ജീവിതകാലത്ത്‌ മുഹമ്മദ്‌ നബിയോ പ്രവാചകന്റെ വിയോഗശേഷം തിരുസഖാക്കളോ ആചരിച്ചിട്ടില്ലാത്തതും ബഹുദൈവ വിശ്വാസപരവും അന്ധവിശ്വാസപരുവമായ പല വശങ്ങളുമുള്ളതുമാണ്‌ നബിദിനാചരണം. രണ്ട്‌ അംഗീകൃത പെരുന്നാളുകളെക്കാള്‍ ആഘോഷപൂര്‍ണമായ നബിദിനാചാരണം മതപരമായി വലിയ അനാചാരമാണെന്ന്‌ ഇസ്‌ലാമിനെക്കുറിച്ച്‌ അല്‌പം ധാരണയുള്ളവര്‍ക്കെല്ലാം അറിയാം. ഇതു സംബന്ധമായ ബോധവത്‌കരണം എത്രയോ പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്നുമുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനത്തിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പും മുസ്‌ലിം സമുദായത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ കൃത്യമായി മൂല്യനിര്‍ണയം നടത്താതെ ശാഖാപരമാണെന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ നിസ്സാരവത്‌കരിച്ചതും ഈ ദുരാചാരത്തിന്‌ കൂടുതല്‍ പ്രചാരം നല്‌കിയിരിക്കുകയാണ്‌. (മാധ്യമം ദിനപത്രം, പ്രശ്‌നങ്ങള്‍ പ്രതികരണങ്ങള്‍, 07-02-2013)
``മതപരമായും മതേതരമായും അനാചാരമായി മുന്നേറുന്ന നബിദിനാഘോഷത്തെക്കുറിച്ച്‌ സമുദായ നേതൃത്വങ്ങള്‍ പുനരാലോചന നടത്തണം. നവോത്ഥാന പ്രസ്ഥാനങ്ങള്‍ അതിനെക്കുറിച്ച്‌ മൂല്യനിര്‍ണയം നടത്തണം'' -വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ജമാഅത്ത്‌ പ്രചാരകനായ അബ്‌ദുല്ലത്തീഫ്‌ കൊടുവള്ളിയുടെ വാക്കുകള്‍ `വെല്‍ഫെയര്‍ പാര്‍ട്ടിയുടെ' പേരില്‍ നബിദിനാഘോഷത്തിന്‌ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നവര്‍ ശ്രദ്ധിക്കുമോ എന്നറിഞ്ഞുകൂടാ.
ഉപരിസൂചിത അന്ധവിശ്വാസങ്ങളെ പൂര്‍വോപരി ശക്തിപ്പെടുത്താന്‍ സുന്നികളെന്നഭിമാനിക്കുന്നവര്‍ ശ്രമിക്കുമ്പോള്‍ ജിന്ന്‌-പിശാച്‌ വെളിപാടുകളുമായി ഗള്‍ഫ്‌ സലഫിസത്തിന്റെ മറവില്‍ മറ്റൊരു വിഭാഗവും രംഗപ്രവേശം ചെയ്‌തിട്ടുണ്ട്‌. ആത്മീയ ചൈതന്യം നേടിയെടുക്കാനായി പുതിയ ത്വരീഖത്ത്‌ ഇമാമുമാരുടെ താവളങ്ങളില്‍ അഭയം തേടുന്നവരെയും കാണാവുന്നതാണ്‌. മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവര്‍ പാരത്രിക മോക്ഷത്തിനര്‍ഹമായിക്കൊണ്ടിരിക്കുന്ന നവോത്ഥാനത്തില്‍ നിന്ന്‌ ഇന്നും ബഹുകാതമകലെയാണ്‌. അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള പോരാട്ടം ഇനിയും തുടരേണ്ടിയിരിക്കുന്നു.
മുജാഹിദ്‌ പ്രസ്ഥാനവും മുസ്‌ലിംസാമൂഹ്യ പുരോഗതിയും
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്ധവിശ്വാസ അനാചാരങ്ങളുടെ നിര്‍മാര്‍ജനത്തില്‍ മാത്രം ഒരുങ്ങിനില്‌ക്കുന്നതല്ല. മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ തന്നെ വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താനും ഇസ്വ്‌ലാഹീ നേതാക്കള്‍ യത്‌നിച്ചിരുന്നു. അന്ന്‌ നിലവിലുണ്ടായിരുന്ന നാടുവാഴികളുടെയും രാജാക്കന്മാരുടെയും ബ്രിട്ടീഷ്‌ ഭരണാധികാരികളുടെയുമെല്ലാം സഹകരണം ഈ രംഗത്ത്‌ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. സംഘടിത ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാന്ദികുറിച്ച ശൈഖ്‌ മാഹിന്‍ ഹമദാനി തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയിലെ നോമിനേറ്റഡ്‌ അംഗമായിരുന്നു. അന്നത്തെ ദിവാനായിരുന്ന പി രാജഗോപാലാചാരിയുടെ സഹകരണത്തോടെ അദ്ദേഹം മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരുന്നു. നവോത്ഥാന രംഗത്തെ മറ്റൊരു സുപ്രധാന സാന്നിധ്യമായിരുന്ന വക്കം അബ്‌ദുല്‍ ഖാദിര്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമഫലമായാണ്‌ തിരുവിതാംകൂറിലെ പൊതുസ്‌കൂളുകളില്‍ അറബി അധ്യാപകരെ നിയമിച്ചത്‌. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ അഭ്യസ്‌തവിദ്യരായ ഒട്ടേറെ മുസ്‌ലിം യുവാക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നേടിക്കൊടുത്തിരുന്നു.
ഇസ്‌ലാമികേതര സര്‍ക്കാറുകളോട്‌ സഹകരിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങളെല്ലാം തികച്ചും ഇസ്‌ലാമിക മാതൃകകള്‍ക്കനുസരിച്ചായിരുന്നു. ഈജിപ്‌തിലെ ഇസ്‌ലാമികേതര ഭരണകൂടത്തില്‍ ഭക്ഷ്യ-ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്‌ത യൂസുഫ്‌ നബി(അ)യുടെ മാതൃക ഖുര്‍ആന്‍ നമുക്ക്‌ വരച്ചുകാണിച്ചു തന്നിട്ടുണ്ട്‌. മര്‍ദിതരായ തന്റെ അനുചരന്മാരോട്‌ ക്രിസ്‌തീയ രാജാവ്‌ ഭരിച്ചിരുന്ന എത്യോപ്യയിലേക്ക്‌ പോകാന്‍ നിര്‍ദേശിച്ച നബി(സ)യുടെ ചര്യയും ഈ രംഗത്ത്‌ പ്രകാശമേകുന്നു. ഇബ്‌നുതൈമിയ്യ, ഇബ്‌നുകസീര്‍ തുടങ്ങിയ പൗരാണിക പണ്ഡിതന്മാരും ഡോ. യൂസുഫുല്‍ ഖര്‍ദാവിയെ പോലുള്ള ആധുനിക പണ്ഡിതരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്‌.
ജമാഅത്തെ ഇസ്‌ലാമിയിലെ പുരോഗമനവാദിയായ ഡോ. അബ്‌ദുസ്സലാം വാണിയമ്പലം ഈ നിലപാടിനെ ന്യായീകരിക്കുന്നു. എന്നാല്‍ സയ്യിദ്‌ മൗദൂദി-ഹാജിസാഹിബുമാര്‍ മുതല്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ വരെയുള്ള ജമാഅത്ത്‌ ഫണ്ടമെന്റലിസ്റ്റുകള്‍ ഇത്‌ ചൂണ്ടിക്കാണിക്കുന്ന പണ്ഡിതന്മാരെ രൂക്ഷമായി വിമര്‍ശിക്കുന്നവരായിരുന്നു. എണ്‍പതുകളില്‍ ശബാബും പ്രബോധനവും തമ്മില്‍ നടന്ന വിവാദങ്ങള്‍ സ്‌മരണീയമാണ്‌.
ഹാജി സാഹിബും ഇസ്‌ലാഹി നേതാക്കളും
മുസ്‌ലിംസമൂഹം നവോത്ഥാനത്തിന്റെ വീഥിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരുന്ന ആ കാലത്താണ്‌ ഹാജി സാഹിബ്‌ കേരളത്തില്‍ എത്തിച്ചേര്‍ന്നത്‌. പഞ്ചാബില്‍ സയ്യിദ്‌ മൗദൂദി സ്ഥാപിച്ച കേന്ദ്രത്തില്‍ നിന്ന്‌ 1944-ലാണ്‌ അദ്ദേഹം കേരളത്തിലേക്ക്‌ തിരിച്ചുവന്നത്‌. മൗദൂദിയുടെ ചിന്തകളില്‍ ആകൃഷ്‌ടനായിരുന്ന അദ്ദേഹം അത്‌ പരസ്യപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ തയ്യാറായില്ല. ഇസ്വ്‌ലാഹീ നേതാക്കളെയും പണ്ഡിതരെയും കൂട്ടുപിടിച്ച്‌ അദ്ദേഹം പലയിടത്തും ക്ലാസുകള്‍ സംഘടിപ്പിച്ചു. പ്രമുഖ മുജാഹിദ്‌ നേതാവായിരുന്ന കുഞ്ഞോയി വൈദ്യരുടെ കെട്ടിടത്തില്‍ പോലും ഇപ്രകാരം ക്ലാസ്സുകള്‍ നടത്തി. ഹാജി സാഹിബിന്റെ ഒളിയജണ്ടയെ ഗ്രഹിക്കാത്തതിനാല്‍ മുജാഹിദ്‌ പണ്ഡിതര്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകളെ പ്രത്സാഹിപ്പിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്‌തു. എന്തിനധികം കോഴിക്കോട്ടെ പട്ടാളപ്പള്ളിയില്‍ ഖത്വീബായി പോലും അദ്ദേഹത്തെ നിയമിക്കുകയുണ്ടായി.
പക്ഷെ, താമസിയാതെ ഹാജി സാഹിബ്‌ തന്റെ ഒളിയജണ്ടകള്‍ പുറത്തിറക്കാന്‍ തുടങ്ങി. മൗദൂദിയന്‍ ദര്‍ശനങ്ങളും ആത്യന്തിക വാദങ്ങളും ക്ലാസുകളിലൂടെ പ്രചരിപ്പിക്കാനും താമസമുണ്ടായില്ല. ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി നിസ്സഹകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.
സ്വാഭാവികമായും ഹാജി സാഹിബിന്റെ നീക്കം മുജാഹിദ്‌ പ്രവര്‍ത്തകരുമായി തര്‍ക്കത്തിനടയാക്കി. ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ ഹാജി സാഹിബ്‌ എന്ന തന്റെ കൃതിയില്‍ അത്തരം ഒരു സന്ദര്‍ഭത്തെ പരാമര്‍ശിച്ചിട്ടുണ്ട്‌. കോഴിക്കോട്ടെ കുഞ്ഞോയി വൈദ്യരുടെ പീടിക മുറിയിലുള്ള ചിലര്‍ ഹാജി സാഹിബിനോട്‌ ചോദിച്ചു: അനിസ്‌ലാമിക ഭരണകൂടത്തില്‍ പങ്കുവഹിക്കാന്‍ പാടില്ലെന്നാണല്ലോ നിങ്ങള്‍ പറയുന്നത്‌. അപ്പോള്‍ യൂസുഫ്‌ നബി ധനകാര്യ മന്ത്രിസ്ഥാനം ഏറ്റെടുത്തതോ? യൂസുഫ്‌ നബി സ്വതന്ത്ര ഭരണാധികാരിയാണെന്നായിരുന്നു ഹാജി സാഹിബിന്റെ മറുപടി.
ഈ സംഭാഷണത്തില്‍ നിന്ന്‌ മുജാഹിദ്‌ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുണ്ടായിരുന്ന വിവാദം മനസ്സിലാക്കാം. സാധാരണക്കാരായ മുജാഹിദുകള്‍ക്ക്‌ തന്നെ തങ്ങളുടെ നിലാപാടിനുള്ള തെളിവും ഗ്രാഹ്യമായിരുന്നുവെന്നും അത്‌ വ്യക്തമാക്കുന്നു. മാത്രമല്ല, സയ്യിദ്‌ മൗദൂദിയോട്‌ ഉത്തരേന്ത്യയിലെ പണ്ഡിതര്‍ ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‌കിയ മറുപടി തന്നെയാണ്‌ ഹാജിസാഹിബും ആവര്‍ത്തിച്ചത്‌.
1948-ല്‍ ഹാജി സാഹിബ്‌ ജമാഅത്തിന്റെ കേരള ഹല്‍ഖ രൂപീകരിച്ചു. 1950-ല്‍ പ്രതിലോമ ചിന്തകളുടെ കലവറയായ അതിന്റെ ഭരണഘടന പ്രസിദ്ധീകൃതമായി. ഇസ്‌ലാമികേതര ഭരണകൂടങ്ങളില്‍ ഭാഗഭാക്കാകുകയോ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യുന്നവര്‍ ശഹാദത്ത്‌ കലിമ ഉച്ചരിച്ചതിലെ ആത്മാര്‍ഥത പോലും ചോദ്യംചെയ്യപ്പെട്ടു. ഇന്ത്യയിലെയും കേരളത്തിലെയും ഭരണരംഗത്തും ഉദ്യോഗമണ്ഡലങ്ങളിലും മുസ്‌ലിംകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം നല്‌കാന്‍ ആവശ്യപ്പെട്ടവരുടെ ഇസ്‌ലാമില്‍ പോലും ഹാജി സാഹിബ്‌ സന്ദേഹം പ്രകടിപ്പിച്ചു. (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ എഴുതിയ ഹാജി സാഹിബ്‌ എന്ന കൃതിയുടെ പേജ്‌ 106 നോക്കുക)
ഇസ്‌ലാഹീ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ആശയസംവാദം ഇവിടെ മുതല്‍ ആരംഭിക്കുന്നു. അത്‌ കേവലം സംഘടനാ തര്‍ക്കങ്ങളോ വാശി തീര്‍ക്കലോ ആയിരുന്നില്ല. മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ ആരംഭിക്കുകയും സദ്‌ഫലങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്‌ത നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തുടരണമോ? അതോ മൗദൂദിയുടെയും ഹാജി സാഹിബിന്റെയും പ്രതിലോമചിന്തകളും ആത്യന്തികവാദങ്ങളും സ്വീകരിക്കണമോ? അതാണ്‌ അക്കാലത്ത്‌ പരിഷ്‌കരണ പ്രസ്ഥാനം നേരിട്ട വെല്ലുവിളി. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും തമ്മില്‍ ഉയര്‍ന്നുവന്ന മിക്ക അഭിപ്രായാന്തരങ്ങളും ഇതിന്റെ ഉപോല്‌പന്നങ്ങളായിരുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: