ജനഹിതം മാനിച്ച് അഫ്‌സലിന് തൂക്കുകയര്‍!
കെ ടി അന്‍വര്‍ സാദത്ത്
ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കി അഫ്‌സല്‍ ഗുരു തനിക്ക് വിധിച്ച തൂക്കുകയറിലേറി. 2001 ഡിസംബര്‍ 13 മുതല്‍ 2013 ഫെബ്രവരി 9 വരെ ഒരു ദശാബ്‌ദത്തിലധികം നീതിക്കു വേണ്ടി ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ അവസാനം പ്രതിധ്വനികള്‍ അവശേഷിപ്പിച്ച് അന്തരീക്ഷത്തില്‍ ലയിച്ച് ചേര്‍ന്നിരിക്കുന്നു. മുന്നണികളുടെ അധികാര വടംവലിയില്‍ നിഷേധിക്കപ്പെടുന്ന പൗരാവകാശങ്ങള്‍ കസേരയില്‍ കണ്ണുറപ്പിക്കുന്നവരുടെ കരളലിയിപ്പിക്കുന്നില്ലായെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
കാര്‍ഗിലില്‍ മരണമടഞ്ഞ ജവാന്‍മാരുടെ ഭൗതിക ശരീരം മറവുചെയ്യുന്നതിനായുള്ള പെട്ടികള്‍ വാങ്ങിക്കുന്നതില്‍ പോലും അഴിമതി കാട്ടി മാനംകെട്ട ബി ജെ പി നയിച്ച എന്‍ ഡി എ സര്‍ക്കാറിന് അന്ന് ഇളകി മറഞ്ഞ പാര്‍ലമെന്റിനെ ശാന്തമാക്കി ബജറ്റ് അവതരിപ്പിക്കാന്‍ ഒരു ഭീകരാക്രമണ ആവിഷ്‌കാരം അത്യാവശ്യമായിരുന്നു.
അതായിരുന്നു, 2001 ഡിസംബര്‍ 13-ന് രാജ്യത്തെ പരമോന്നത നിയമ നിര്‍മാണസഭയില്‍ അരങ്ങേറിയ ഭീകരാക്രമണ നാടകത്തിന്റെ പിന്‍കഥ എന്ന് കരുതുന്നവര്‍ കുറച്ചൊന്നുമല്ല. പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും അമേരിക്കന്‍ ശവപ്പെട്ടി കമ്പനി ബ്യൂട്രണ്‍ ആന്റ് ബെയ്‌സയും തമ്മിലുള്ള അവിഹിത ഇടപാടുകള്‍ മൂലം രാജ്യത്തിന് 1,87,000 ഡോളര്‍ നഷ്‌ടം വന്നുവെന്നത് കണ്ടെത്തിയത് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി എ ജി) ആയിരുന്നുവല്ലോ.
അഫ്‌സല്‍ ഗുരു, ഷൗക്കത്ത് ഗുരു, എസ് എ ആര്‍ ഗീലാനി, അഫ്‌സാന്‍ ഗുരു എന്നീ നാലുപേരാണ് പ്രതികളെന്ന് മുദ്രകുത്തി അറസ്റ്റു ചെയ്യപ്പെട്ടത്. അറസ്റ്റും അത് രേഖപ്പെടുത്തിയ രീതിയും വൈരുധ്യം നിറഞ്ഞതായിരുന്നു. 2001 ഡിസംബര്‍ 15-ന് ശ്രീനഗറില്‍ നിന്നാണ് അഫ്‌സലിനെയും ഷൗക്കത്തിനെയും അറസ്റ്റു ചെയ്യുന്നത്. അവരുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങള്‍ അറസ്റ്റുചെയ്‌ത മുഹമ്മദ് അക്‌ബറെന്ന ഉദ്യോഗസ്ഥന്‍ അവിടെ വെച്ചുതന്നെ രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ അവരുടെ അറസ്റ്റിന്റെ മെമ്മോ ഒപ്പുവെക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. ഗീലാനിയുടെ ഇളയ സഹോദരന്‍ ബിസ്‌മില്ലാഹ് ആണ് മെമ്മോയില്‍ ഒപ്പുവെച്ചത്. ഇതെന്തിനായിരുന്നു? ഡല്‍ഹിയില്‍ നിന്ന് അറസ്റ്റുചെയ്‌ത എസ് എ ആര്‍ ഗീലാനിയുടെ മൊഴി പ്രകാരമാണ് ഇരുവരെയും അറസ്സു ചെയ്‌തതെന്നാണ് ഇതിനുള്ള പൊലീസിന്റെ വിശദീകരണം. ഡിസംബര്‍ 15-ന് രാവിലെ 10 മണിക്ക് അറസ്റ്റു ചെയ്യപ്പെട്ട ഗീലാനി അന്നേ ദിവസം പുലര്‍ച്ചെ തന്നെ (പൊലീസ് റികോര്‍ഡു പ്രകാരം 5.45-ന്) പിടിയിലായ ഗുരു സഹോദരന്‍മാരെ കുറിച്ച് സൂചന നല്‍കിയെന്നതിലെ വിരോധാഭാസം നേരത്തെ പറഞ്ഞ ഉത്തരംകിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങളില്‍ പെട്ടതാണ്.
അഫ്‌സല്‍ ഗുരുവിന്റെ ഫോണ്‍ വിവരങ്ങളെയാണ് പ്രതിയാക്കുന്നതിന് പ്രധാന തെളിവായി പൊലീസ് കോടതിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിലും നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട്. 9811489429 എന്ന അഫ്‌സല്‍ ഗുരു ഉപയോഗിച്ച നമ്പര്‍ ഡിസംബര്‍ നാലിന് കമല്‍ കിഷോര്‍ എന്ന കേസില്‍ സാക്ഷിയാക്കപ്പെട്ട ആളില്‍ നിന്ന് വാങ്ങിയതായാണ് മൊഴി. എന്നാല്‍ ഈ നമ്പര്‍ നവംബര്‍ 6 മുതല്‍ തന്നെ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ നമ്പറില്‍ നിന്ന് ഒരേ സമയത്ത് വ്യത്യസ്‌ത ഫോണുകളില്‍ നിന്ന് (ഫോണുകളുടെ ഐ എം ഇ ഐ നമ്പറുകള്‍ വ്യത്യസ്‌തം) കോളുകള്‍ വന്നതായി ഹാജരാക്കിയ ലിസ്റ്റിലുണ്ട്. അത്ഭുതമെന്നേ ഇതിനെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ!
കൊട്ടിഘോഷിച്ച് പ്രതികളാക്കപ്പെട്ടവരെ വിചാരണക്കിടയില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും വെറുതെ വിട്ടത് ദുര്‍ബലമായ കേസാണിതെന്ന് വ്യക്തമാക്കുന്നതാണ്. പ്രതികളെന്ന് ആരോപിച്ച് അറസ്റ്റുചെയ്‌ത ഡല്‍ഹി പൊലീസിന്റെ കാര്യക്ഷമതയെ വെല്ലുവിളിക്കുന്നത് കൂടിയാണിത്. ഒഴിവുവേളകളില്‍ തീവ്രവാദം പഠിപ്പിക്കുന്ന അധ്യാപകനെന്നാണ് ഗീലാനിയെ അറസ്റ്റു ചെയ്‌തപ്പോള്‍ ഒരു പത്രം വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോള്‍ മാധ്യമങ്ങളൊന്നും തന്നെ അതിനെ കാര്യമായി പിന്‍തുടര്‍ന്നില്ലാ എന്നതാണ് സത്യം. ഭരണകൂട, സുരക്ഷാ വ്യവസ്ഥകളുടെ പരാജയമായി അതിനെ ഉയര്‍ത്തിക്കാണിച്ചതുമില്ല. ലശ്‌കറെ ത്വയ്‌ബ, ജയ്‌ശെ മുഹമ്മദ് എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും അഫ്‌സല്‍ ഗുരുവിനെതിരെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും എന്നിരുന്നാലും രാജ്യതാല്‍പര്യത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുന്നു എന്നുമാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. ജുഡീഷ്യറിയുടെയും പ്രോസിക്യൂഷന്റെയും പാര്‍ലമെന്റിന്റെയും കാര്യക്ഷമത പൊതുജനങ്ങള്‍ക്കിടയില്‍ നഷ്‌ടമാകാതിരിക്കാന്‍ ഒരു തൂക്ക് കയര്‍! 2005 ആഗസ്‌തില്‍ ശിക്ഷ വിധിച്ച കോടതി 2006 ഒക്‌ടോബറില്‍ അത് നടപ്പിലാക്കാനാണ് ഉത്തരവിട്ടത്. എന്നാല്‍ ശിക്ഷ നടപ്പിലാക്കിയത് അതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.
വധശിക്ഷ നടപ്പാക്കുന്നത് അനുസ്യൂതമായി നീളുമ്പോള്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരം കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 1988-ല്‍ പറഞ്ഞിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ഇതിനും അവസരമുണ്ടായിട്ടില്ല. 2006 ഒക്‌ടോബറില്‍ ഗുരുവിന്റെ ഭാര്യ തബസ്സും രാഷ്‌ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജി തള്ളുന്നത് 2013 ഫെബ്രുവരി മൂന്നിനാണ്. രാഷ്‌ട്രപതി ദയാഹരജി തള്ളിയാലും ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ജുഡീഷ്യല്‍ റിവ്യൂ സമര്‍പ്പിക്കുന്നതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഫെബ്രുവരി 3-ന് തള്ളിയ ഹരജി സ്‌പീഡ് പോസ്റ്റില്‍ അയച്ച് ആ വിവരം കുടുംബത്തിന് ലഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയതില്‍ ദുരൂഹതയുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ അഫ്‌സലിന്റെ കേസില്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ല. വീരപ്പന്റെ കൂട്ടാളികളുടെ ദയാഹരജി രാഷ്‌ട്രപതി തള്ളിയപ്പോള്‍ അവര്‍ക്ക് സുപ്രിംകോടതിയെ വീണ്ടും സമീപിക്കാനുള്ള അവസരം ഒരുങ്ങിയിരുന്നു. ഹരജി തള്ളിയ വിവരം അഫ്‌സല്‍ ഗുരുവിന്റെ കുടുംബക്കാരെ യഥാസമയം അറിയിക്കാതെ അതീവ രഹസ്യമായി ശിക്ഷ നടപ്പാക്കിയതില്‍ ഭരണകൂടത്തിന് താല്‍പര്യങ്ങളുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
ആറു വര്‍ഷത്തോളം ശിക്ഷാവിധിയെ നീട്ടിവെക്കുകയും രാഷ്‌ട്രീയ നേട്ടത്തിന് ഉചിതമായ സമയം വന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ അത് നിര്‍വഹിക്കുകയും ചെയ്‌ത കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഒരിക്കല്‍ കൂടി ഹിന്ദുത്വ കാര്‍ഡ് ഇറക്കി കളിച്ചിരിക്കുകയാണ്. അഫ്‌സല്‍ ഗുരുവിന് മുമ്പേ തന്നെ വധശിക്ഷക്ക് വിധിച്ച് തടവില്‍ കഴിയുന്നവരുണ്ട്. അവരില്‍ ചിലര്‍ ജനാധിപത്യത്തിന്റെ പരമോന്നത പീഠങ്ങളില്‍ ഉപവിഷ്‌ഠരായ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കൊലപ്പെടുത്തിയവരാണ്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ 25 വര്‍ഷത്തോളമായി തടവില്‍ കഴിയുകയാണ്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗ് വധക്കേസിലെ പ്രതികളെയും ഇതുവരെ തൂക്കികൊന്നിട്ടില്ല. പ്രതികളുടെ ദയാഹരജികള്‍ രാഷ്‌ട്രപതിയും കോടതികളും തള്ളിയതുമാണ്. മാത്രമല്ല കൊല്ലപ്പെട്ട രണ്ടുപേരും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളായിരുന്നുവെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ മുന്നില്‍ തന്നെയുണ്ട്. തമിഴ് ദേശീയതയോ ഖാലിസ്ഥാന്‍ വാദമുയര്‍ത്തുന്നവരുടെ ഭീകരതയോ അടിച്ചമര്‍ത്തിയതുകൊണ്ട് ഭൂരിപക്ഷ പ്രീണനത്തിന് അത് മുതല്‍ക്കൂട്ടാവില്ലെന്ന തിരിച്ചറിവ് ഗാന്ധിജിയുടെ അഹിംസാ പ്രസ്ഥാനത്തിനുണ്ട്. ഫാസിസ്റ്റ് സംഘ ശക്തികളുടെ ആശീര്‍വാദത്തോടെ സാക്ഷാല്‍ നരേന്ദ്ര മോഡി ഇന്ദ്രപ്രസ്ഥത്തിലെ സോപാനത്തിലേക്ക് വരവറിയിക്കുമ്പോള്‍ ഹിന്ദുത്വ പ്രീണനത്തിന് ഒരു ഗുജറാത്ത് മോഡല്‍ വയ്യെങ്കിലും കാശ്‌മീരിയായ മുസ്‌ലിം ചെറുപ്പക്കാരന്‍ അഫ്‌സല്‍ ഗുരുവിനെയെങ്കിലും കഴുവേറ്റണമെന്ന വകതിരിവ് ശ്രീമതി സോണിയാ ഗാന്ധിക്ക് ഉണ്ട്!
1984-ല്‍ നടന്ന സിഖ് കൂട്ടക്കൊലയിലെയോ, 1992-ലെ ബോംബെ, സൂറത്ത് വര്‍ഗീയ കലാപങ്ങളിലെയോ, 2002-ല്‍ ഗുജറാത്തില്‍ നടന്ന വംശീയ കൂട്ടക്കൊലയിലെയോ, ദലിത്, ആദിവാസി നരഹത്യകളിലെയോ പ്രതികളെ ആരെയും ശിക്ഷാ നടപടികള്‍ക്ക് ഇതേവരെ വിധേയരാക്കിയിട്ടില്ല. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ രണ്ടു ബ്രഹ്‌മാസ്‌ത്രങ്ങളാകാന്‍ സാധ്യതയുള്ള അജ്‌മല്‍ അമീര്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷയിലൂടെ ഒരുമുഴം മുമ്പേ എറിഞ്ഞുകൊണ്ടുള്ള യു പി എ പക്ഷത്തിന്റെ ധൃതിയാണ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളത്.
ചിന്തന്‍ ബൈഠകില്‍ ആര്‍ എസ് എസ് ക്യാമ്പുകളുടെ ഭീകരമുഖത്തെ കുറിച്ച് സംസാരിച്ച് മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിണ്‌ഡെ തന്നെയാണ് രാഷ്‌ട്രപതി തള്ളിയ ദയാഹരജില്‍ അടുത്ത ദിവസം ഒപ്പുവെച്ച് തൂക്കിലേറ്റാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടിയത്. കാലങ്ങളായി കോണ്‍ഗ്രസ് തുടര്‍ന്നുവരുന്ന `ഇരുവള്ളത്തില്‍ കാലിടല്‍' പരിപാടിയുടെ ആവര്‍ത്തനം മാത്രമാണിത്. ജനാധിപത്യത്തിന്റെ പ്രതീകമായ പരമോന്നത നിയമ നിര്‍മാണ സഭക്കു നേരെ വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതാരാണെങ്കിലും അയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നതില്‍ ഈ രാജ്യത്തെ ഒരു പൗരനും രണ്ടഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, കേസ് നടത്താന്‍ മികച്ച വക്കീലിനെപ്പോലും ഏര്‍പ്പെടുത്തിക്കൊടുക്കാതെ സ്റ്റേറ്റിന് അനുകൂലമായി കുറ്റങ്ങളെയും പ്രതികളെയും ശിക്ഷാ സമയങ്ങളെയും വാര്‍ത്തെടുക്കുന്നത് അത്യന്തം അപലപനീയമാണ്.
0 comments: