പ്രവാചകപുത്രന്റെ മരണവും ഇസ്‌തിഗാസയും
- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
മരിച്ചുപോയ മനുഷ്യരെയും അചേതന വസ്‌തുക്കളെയും വിളിച്ച് ഇസ്‌തിഗാസ നടത്താം എന്ന വികല വിശ്വാസത്തിന് തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കേരളത്തിലെ സമസ്‌ത പണ്ഡിതന്മാര്‍. ഹേ... എന്ന് വിളിച്ചുകൊണ്ടുള്ള അഭിസംബോധനാ രൂപത്തില്‍ വിശുദ്ധ ഖുര്‍ആനിലെയും ഹദീസുകളിലെയും ചില പരാമര്‍ശങ്ങള്‍ ഇസ്‌തിഗാസക്കു തെളിവായുദ്ധരിക്കാന്‍ പറ്റില്ലെന്നും ആ പരാമര്‍ശങ്ങള്‍ അത് കേള്‍ക്കുന്ന ജീവിച്ചിരിപ്പുള്ളവര്‍ക്ക് പാഠമാണെന്നും കഴിഞ്ഞ ലക്കത്തില്‍ തെളിവുകള്‍ സഹിതം നാം ചൂണ്ടിക്കാണിക്കുകയുണ്ടായി. ചില ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക:
നബി(സ)യുടെ ചെറിയ കുട്ടി ഇബ്‌റാഹീം മരണപ്പെട്ടു. മരണപ്പെട്ടു കിടക്കുന്ന ആ കുട്ടിയോട് നബി(സ) ഇപ്രകാരം പറഞ്ഞു: ``അല്ലയോ ഇബ്‌റാഹീം, തീര്‍ച്ചയായും നിന്റെ വേര്‍പാടില്‍ ഞാന്‍ ദു:ഖിതന്‍ തന്നെയാണ്.'' (ബുഖാരി 1303)
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഹാഫിദ് ഇബ്‌നുഹജര്‍(റ) എഴുതുന്നു: ``ഈ ഹദീസില്‍ സംബോധന ഒരു വ്യക്തിയോടും ഉദ്ദേശ്യം മറ്റൊരാളും ആയിരിക്കുക എന്ന സംഗതിയുണ്ട്. കാരണം രണ്ടു കാരണങ്ങളാല്‍ ഇബ്‌റാഹീം ഈ സംഭാഷണം കേള്‍ക്കുകയില്ല. ഒന്ന്), സംസാരം തിരിച്ചറിയാന്‍ സാധിക്കാത്തഅവസ്ഥയിലാണ് ഇബ്‌റാഹീം മരിക്കുന്നത്. രണ്ട്), ആത്മാവ് ഊരിയെടുത്തത്. തീര്‍ച്ചയായും നബി(സ) ഈ സംഭാഷണം കൊണ്ട് ഉദ്ദേശിച്ചത് അവിടെ ഹാജരായ മറ്റുള്ളവരാണ്. ഈ സംസാരം വിരോധിക്കപ്പെട്ടതല്ല എന്ന് അവരെ ഗ്രഹിപ്പിക്കാന്‍.'' (ഫത്‌ഹുല്‍ബാരി 4:287)
ഈ പ്രപഞ്ചത്തിന്റെ ഏത് സ്ഥലത്തുവെച്ച് ഏത് സമയത്ത്, ഏത് ഭാഷയില്‍ ഒറ്റക്കോ സംഘമായോ പതിനായിരങ്ങള്‍ ഒന്നിച്ചോ അല്ലാതെയോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടി മനസ്സില്‍ വിചാരിച്ചോ ഉറക്കെ പറഞ്ഞോ വിളിച്ചുതേടിയാല്‍ ഇസ്‌തിഗാസ മരണപ്പെട്ടവരും അദൃശ്യമായവരും കേള്‍ക്കും എന്ന വിശ്വാസത്തില്‍ ക്രിസ്‌ത്യാനികളില്‍ ഭൂരിപക്ഷമായ കത്തോലിക്കക്കാര്‍ യേശുക്രിസ്‌തു (ഈസാനബി) എന്ന ഒരു കുട്ടിപ്പടച്ചവനെ മാത്രമാണ് അല്ലാഹുവിന് പുറമെ സങ്കല്‍പിക്കുന്നത്. ചിലര്‍ മര്‍യം ബീവിയെയും വിളിച്ചുതേടി രണ്ട് കുട്ടിപ്പടച്ചവന്മാരെ ഉണ്ടാക്കുന്നു. ചില സഭകള്‍ യഹോവയ്‌ക്ക് (അല്ലാഹുവിന്) പുറമെ ആരെയും വിളിച്ചുപ്രാര്‍ഥിക്കുന്നില്ല. ഇവര്‍ `വഹ്‌ഹാബി'കളെപ്പോലെ അല്ലാഹുവിനെ മാത്രമേ വിളിച്ച് ഇസ്‌തിഗാസ ചെയ്യുന്നുള്ളൂ. ജൂതന്മാരില്‍ ചിലര്‍ ഉസൈര്‍ നബി(അ) യെ വിളിച്ച് ഇസ്‌തിഗാസ ചെയ്‌തിരുന്നു.
എന്നാല്‍ മുസ്‌ലിംകളില്‍ പെട്ട സമസ്‌ത ഖുബൂരികള്‍ക്ക് സര്‍വ സത്യവിശ്വാസികളെയും നാം മുകളില്‍ വിവരിച്ച വിശ്വാസത്തോടു കൂടി ഇസ്‌തിഗാസ ചെയ്‌ത് കുട്ടിപ്പടച്ചവന്മാരെ (ചെറിയ പടച്ചവന്മാരെ) ഉണ്ടാക്കാന്‍ വേണ്ടി മുഹമ്മദ് നബി(സ) മരണപ്പെട്ട ഇബ്‌റാഹീം എന്ന കുട്ടിയോട് സംഭാഷണം- പേര് വിളിച്ചുകൊണ്ട്- നടത്തിയത് തെളിവാക്കുന്നതുപോലെ തന്നെയാണ് യാ മുഹമ്മദ് എന്ന് പറഞ്ഞ് മരണപ്പെട്ടവരോട് ചില മഹാന്മാര്‍ സംബോധവും സംഭാഷണവും നടത്തിയ സംവാദങ്ങള്‍ തെളിവ് പിടിക്കുന്നതും. ഭാഷയിലെ അറിവുകേടും പ്രയോഗങ്ങളെ സംബന്ധിച്ചുള്ള അജ്ഞതയുമാണ് മരണപ്പെട്ടവരെ വിളിച്ചുതേടുവാന്‍ ഇവര്‍ക്കുള്ള ആകെ തെളിവുകള്‍. സര്‍വ നൂറ്റാണ്ടിലെ പണ്ഡിതന്മാരും ഇസ്‌തിഗാസ ചെയ്‌തവരാണെന്ന് സ്ഥാപിക്കാന്‍ ഇവര്‍ ഇറക്കിയ ലഘുലേഖകളും നോട്ടീസുകളും ആനുകാലിക സാഹിത്യങ്ങളില്‍ ഇവര്‍ എഴുതുന്ന ലേഖനങ്ങളും പ്രസംഗങ്ങളും സംവാദവും ചാനലകളും ഇതിന് വ്യക്തമായ തെളിവുകളാണ് ഈ ശൈലിയും പ്രയോഗങ്ങളും മനസ്സിലാക്കിയതുകൊണ്ട് ആദ്യകാലത്തെ ഖുബൂരി പണ്ഡിതന്മാര്‍ ഇവര്‍ ഇന്ന് തെളിവ് പിടിക്കുന്നവ തെളിവാക്കുന്നത്.
ചന്ദ്രനോട് ഇസ്‌തിഗാസ!
തിര്‍മിദി, അബൂദാവൂദ് പോലെയുള്ള പ്രസിദ്ധമായ ഹദീസുകളില്‍ ചന്ദ്രപിറവി കണ്ടാല്‍ എന്ത് പ്രാര്‍ഥിക്കണം എന്നൊരു അധ്യായം തന്നെ നമുക്ക് കാണാം. ശേഷം ഉദ്ധരിക്കുന്ന ചില പ്രാര്‍ഥനകളുടെ ശൈലി കാണുക.
1. എന്റെയും നിന്റെയും രക്ഷിതാവായ അല്ലാഹുവേ...! (തിര്‍മിദി)
2. നിന്നെ സൃഷ്‌ടിച്ച അല്ലാഹുവില്‍ ഞാന്‍ വിശ്വസിച്ചു... (അബൂദാവൂദ്) ഈ ഹദീസുകളില്‍ നിന്റെ രക്ഷിതാവ് എന്നും നിന്നെ സൃഷ്‌ടിച്ച അല്ലാഹുവെന്നും ചന്ദ്രനോടാണ് സംഭാഷണം നടത്തുന്നത്. ഇത് ചന്ദ്രന്‍ കേള്‍ക്കുവാനാണെന്ന് ഖുബൂരികള്‍ വാദിക്കുമോ? മരണപ്പെട്ടവരെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുവാന്‍ ഇവര്‍ ഉണ്ടാക്കുന്ന തെളിവുകളുടെ അടിസ്ഥാനം ശരിയാണെങ്കില്‍ ചന്ദ്രനെ വിളിച്ചും ഇസ്‌തിഗാസ ചെയ്യുവാനും ഇവര്‍ക്ക് തെളിവുകള്‍ ഉണ്ടാക്കുവാന്‍ പ്രയാസമുണ്ടാവുകയില്ല. ചന്ദ്രന്റെ രക്ഷിതാവ്, ചന്ദ്രനെ സൃഷ്‌ടിച്ചവന്‍ എന്നല്ല പ്രാര്‍ഥനയില്‍ പറയുന്നത്. `നീ' എന്ന സംബോധനത്തിന്റെ സര്‍വനാമമാണ് ഉപയോഗിക്കുന്നത്.
കല്ലിനോടുള്ള ഇസ്‌തിഗാസ
ഉമര്‍(റ) ഹജറുല്‍ അസ്‌വദിനോടു പറഞ്ഞു: അല്ലാഹു സത്യം, തീര്‍ച്ചയായും നീ ഒരു കല്ല് മാത്രമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നിശ്ചയം നീ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)
ഇബ്‌നു ഹജര്‍(റ) ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു. ഉമര്‍(റ) ഇപ്രകാരം പറഞ്ഞത് അവിടെ ഹാജരായവരെ കേള്‍പ്പിക്കുവാന്‍ വേണ്ടിയാണ് (ഫത്‌ഹുല്‍ ബാരി, 5-153, 1597-ാം നമ്പര്‍ ഹദീസിന്റെ വ്യാഖ്യാനത്തില്‍). ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഈ പ്രപഞ്ചത്തിന്റെ ഏത് സ്‌ഥലത്തുള്ള മനുഷ്യനും ഏത് ഭാഷയില്‍ ഏതു സമയത്ത് ഹജറുല്‍ അസ്‌വദേ, നീ എന്നെ രക്ഷിക്കണേ എന്ന് വിളിച്ച് ഇസ്‌തിഗാസ ചെയ്‌താല്‍ ഹജറുല്‍ അസ്‌വദ് അതു കേട്ട് ഉത്തരം നല്‌കുമെന്ന് ഖുബൂരികള്‍ ജല്‌പിക്കുമോ?
ഉമറിനെ(റ) എതിര്‍ത്തുകൊണ്ട് അലി(റ) നീ ഉപകാരവും ഉപദ്രവവും ചെയ്യുമെന്ന് പറഞ്ഞു എന്നൊരു റിപ്പോര്‍ട്ട് ഇവര്‍ തെളിവാക്കാറുണ്ട്. ഈ നിവേദനത്തെ കുറിച്ച് ഇബ്‌നുഹജര്‍(റ) പറയുന്നു: ഇതിന്റെ പരമ്പരയില്‍ അബൂഹാറൂന്‍ എന്നയാളുണ്ട്. ഇയാള്‍ ദുര്‍ബലനാണ്. (ഫത്‌ഹുല്‍ബാരി 5:153)
കല്ലുകളില്‍ അല്ലാഹുവിനെ ഭയപ്പെട്ടു താഴെ വീഴുന്നവയുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു. മുഹ്‌യുദ്ദീന്‍ ശൈഖ് അല്ലാഹുവിനെ ഭയപ്പെട്ടു താഴെ വീഴുന്നതാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ എവിടെയും പറയുന്നില്ല. മൂസാനബി(അ)യുടെ വസ്‌ത്രവുമായി കല്ല് ഓടിയത് ബുഖാരിയിലും പറയുന്നു. അതിനാല്‍ കല്ലുകളെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുന്നതാണ് മുഹ്‌യുദ്ദീന്‍ ശൈഖിനെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുന്നതിനേക്കാള്‍ നല്ലത്! കാരണം കല്ലിന്റെ കറാമത്തും മുഅ്‌ജിസത്തും ഖുര്‍ആന്‍കൊണ്ടും ബുഖാരികൊണ്ടും സ്ഥിരപ്പെട്ടതാണ്.
ഭൂമിയോടുള്ള ഇസ്‌തിഗാസ
നബി(സ) യാത്ര പുറപ്പെടുകയും രാവ് സമീപിക്കുകയും ചെയ്‌താല്‍ അവിടുന്ന് പറയും: അല്ലയോ ഭൂമീ (യാഅര്‍ളു) എന്റെയും നിന്റെയും രക്ഷിതാവായ അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു. നിന്റെ തിന്മയില്‍ നിന്ന് നിന്നില്‍ സൃഷ്‌ടിച്ച തിന്മയില്‍ നിന്ന് നിന്റെ മേല്‍ കടന്നുകൂടുന്ന തിന്മയില്‍ നിന്ന്. (അബൂദാവൂദ് 2603)
യാ മുഹമ്മദ് എന്ന് വിളിച്ചപോലെ യാ അര്‍ദ്വു (അല്ലയോ ഭൂമീ) എന്ന് വിളിച്ചും നിന്റെ എന്ന് പല പ്രാവശ്യം വിളിച്ചുമാണ് നബി(സ) ഇവിടെ സംഭാഷണം നടത്തുന്നത്. ഭൂമി കേള്‍ക്കുന്ന പ്രശ്‌നം തന്നെ ഇവിടെയില്ല. ഇതുപോലെ തന്നെയാണ് മരണപ്പെട്ടവരെ വിളിച്ച് ചില മഹാന്മാര്‍ സംബോധന ചെയ്‌തതും സംഭാഷണം നടത്തിയതും. ചെറിയ പടച്ചവന്മാരെ ഉണ്ടാക്കാന്‍ ഇസ്‌തിഗാസക്ക് തെളിവുണ്ടാക്കുന്ന ഖുബൂരികളുടെ അടിസ്ഥാനവും മൗലികവുമായ തത്വപ്രകാരം ഭൂമിയെ വിളിച്ചു ഇസ്‌തിഗാസ ചെയ്യുന്നതിനും ഇവര്‍ക്ക് തെളിവുണ്ടാക്കുവാന്‍ സാധിക്കുന്നതാണ്. ഭൂമിയെ വിളിച്ചാല്‍ ഭൂമി കേള്‍ക്കുമെന്നും ഇവര്‍ക്ക് ഹദീസുകള്‍ കൊണ്ടുതന്നെ സ്ഥാപിക്കുവാന്‍ സാധിക്കുന്നതാണ്.
മക്കയെ വിളിച്ച് ഇസ്‌തിഗാസ ചെയ്യല്‍
ഇബ്‌നു അബ്ബാസ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ ഹിജ്‌റ പോകുന്ന സന്ദര്‍ഭത്തില്‍ മക്കയുടെ നേരെ നോക്കി പറഞ്ഞു: അല്ലയോ മക്കാ, നാടുകളില്‍ നീ എത്ര പരിശുദ്ധമാണ്. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടതും നീയാണ്. എന്റെ ജനത എന്നെ നിന്നില്‍ നിന്ന് ബഹിഷ്‌കരിക്കാത്ത പക്ഷം, നിന്നില്‍ അല്ലാതെ മറ്റൊരു നാട്ടില്‍ ഞാന്‍ ജീവിക്കുമായിരുന്നില്ല (തിര്‍മിദി). ഖുബൂരികളുടെ അടിസ്ഥാന തത്വപ്രകാരം മക്കയെ വിളിച്ചാലും കേള്‍ക്കുമെന്ന് വരുന്നു. അതിനാല്‍ മക്കയേ, എന്നെ രക്ഷിക്കണേ, എന്ന് വിളിച്ചുതേടിയാല്‍ ഈ തേട്ടവും ഇവരുടെ ദൃഷ്‌ടിയില്‍ കേട്ടു ഉത്തരം ലഭിക്കുന്നതായിരിക്കും.
യഥാര്‍ഥത്തില്‍ മക്ക കേള്‍ക്കുന്ന പ്രശ്‌നം തന്നെ മക്കയെ വിളിച്ചു സംഭാഷണം നടത്തി എന്നതുകൊണ്ട് ഉത്ഭവിക്കുന്നില്ല. അചേതന വസ്‌തു കേള്‍ക്കുകയില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേകമായി പറയുന്നില്ല. പ്രത്യുത മരണപ്പെട്ടവരും അദൃശ്യമായവരും കേള്‍ക്കുകയില്ലെന്നും ഉപകാരം ചെയ്യുകയില്ലെന്നും പ്രത്യേകം എടുത്തു പറയുക തന്നെ ചെയ്യുന്നു. വിഗ്രഹങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുകയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുമ്പോള്‍ വിഗ്രഹമല്ല ഉദ്ദേശിക്കുന്നത്. വിഗ്രഹാരാധകന്മാര്‍ ഉദ്ദേശിച്ചിരുന്ന മഹാന്മാരെയും നബിമാരെയുമാണെന്ന് ഇമാം റാസി(റ) തന്റെ തഫ്‌സീറില്‍ ധാരാളം സ്ഥലങ്ങളില്‍ പറയുന്നുണ്ട് (വിശദീകരണം വരുന്നതാണ്). (തുടരും)
0 comments: