ജസ്റ്റിസ് വര്‍മ കമ്മീഷന്‍: മനസ്സിരുത്തേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍2012 ഡിസംബര്‍ 16-ന് ഡല്‍ഹിയില്‍ നടന്ന ക്രൂരബലാത്സംഗവും കൊലപാതകവും രാജ്യത്തുണ്ടാക്കിയ നടുക്കവും അതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭവും കേന്ദ്രഗവണ്‍മെന്റിന്റെ കണ്ണുതുറപ്പിക്കാന്‍ കാരണമായി എന്നുവേണം കരുതാന്‍.
സംഭവം നടന്ന് ഏഴാം ദിവസം തന്നെ ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണക്കമ്മീഷനെ നിയമിക്കുകയുണ്ടായി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായുള്ള കമ്മീഷനാകട്ടെ, മുന്‍കാല കമ്മീഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദാസീനതകളെയെല്ലാം തട്ടിനീക്കി, യുദ്ധകാലാടിസ്ഥാനത്തില്‍ കൃത്യം ഒരു മാസംകൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് ജനുവരി 23ന് സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി.
കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. പക്ഷേ, കമ്മീഷനുകളെ നിയമിക്കുന്ന കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരിക്കലും കാണിക്കാറില്ല എന്നതാണ് കഴിഞ്ഞകാല അനുഭവങ്ങള്‍. ഈ ദുരവസ്ഥ ജസ്റ്റിസ് വര്‍മ കമ്മീഷന് ഒരിക്കലും വരാതിരിക്കണമെന്നു മാത്രമല്ല, ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും വേണം. ശക്തമായ നിയമത്തിന്റെ അഭാവമല്ല, അവ നടപ്പിലാക്കുന്നതിലെ അലംഭാവമാണ് (failure of governance) നമ്മുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നു പറഞ്ഞുകൊണ്ടാണ് വര്‍മ കമ്മീഷന്‍ തങ്ങളുടെ ശിപാര്‍ശകള്‍ രേഖപ്പെടുത്തുന്നത്. ഇത് സര്‍ക്കാറുകളെ കണ്ണുതുറപ്പിക്കണം.
അതിര്‍ത്തിപ്പട്ടാളത്തിന്റെ അമിതാധികാരം ദുരുപയോഗപ്പെടുത്തി കശ്‌മീര്‍ മുതലായ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പട്ടാപ്പകല്‍ പിച്ചിച്ചീന്തപ്പെട്ട ആയിരക്കണക്കിന് നവയൗവനങ്ങള്‍, ഉത്തരേന്ത്യന്‍ വയലേലകളില്‍ വിയര്‍പ്പൊഴുക്കുന്ന ദലിത് പെണ്‍കുട്ടികള്‍ക്കുനേരെ മേലാളന്മാരില്‍ നിന്ന് ഏല്‌ക്കുന്ന വിവരണാതീതമായ പീഡനപര്‍വങ്ങള്‍, ഗുജറാത്തില്‍ നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ ഒത്താശയോടെ നടന്ന കൂട്ടക്കുരുതിയും പെണ്‍നായാട്ടും, പ്രബുദ്ധകേരളത്തില്‍ നിത്യവാര്‍ത്തയായി മാറിയ സൗമ്യ, ശാരി, അനഘ തുടങ്ങി നിരവധി സ്‌ത്രീപീഡനങ്ങള്‍ -ഇവയൊക്കെ പരിശോധിച്ചാല്‍ താരതമ്യേന ചെറിയ സംഭവമായ ഡല്‍ഹി പീഡനം എന്തുകൊണ്ട് വലുതായി പരിഗണിക്കപ്പെടുന്നുവെന്നും ആയിരക്കണക്കിന് യുവതീ യുവാക്കള്‍ സമരരംഗത്തിറങ്ങിയെന്നും ചിന്തിക്കേണ്ടതാണ്. അതിന്റെ കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടിയ അരുന്ധതി റോയ് വിമര്‍ശിക്കപ്പെടുകയാണ് ചെയ്‌തത്; അവര്‍ പറഞ്ഞതിനെപ്പറ്റി ചിന്തിക്കുകയല്ല.
ഏതായിരുന്നാലും രാജ്യത്ത് വ്യാപകമായ ചര്‍ച്ചയും അന്വേഷണക്കമ്മീഷനും നിയമനടപടിക്കുള്ള താത്‌പര്യവും ഉണ്ടാവാന്‍ നിമിത്തമായത് ഡല്‍ഹി സമരമാണ് എന്നതില്‍ തര്‍ക്കമില്ല. ഡല്‍ഹി എന്ന മെട്രോനഗരം `മുന്നില്‍ കണ്ട' കൊടുംക്രൂരതയുടെ പ്രതികരണമായ സമരക്കാരും അതിന്റെ ചുവടുപിടിച്ച് ഏതാണ്ടെല്ലാ ഭാഗത്തു നിന്നുള്ളവരും ആവശ്യപ്പെട്ടത് ഈ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ലൈംഗിക കുറ്റത്തിന് ഷണ്ഡീകരണം ശിക്ഷയായി നല്‍കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഈ രണ്ട് നിര്‍ദേശങ്ങളും ജസ്റ്റിസ് വര്‍മ കമ്മീഷന്‍ തള്ളിക്കളയുകയാണുണ്ടായത്. അതേസമയം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് നല്‌കേണ്ട ശിക്ഷ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
കൂട്ടമാനഭംഗത്തിനും മാനഭംഗം ചെയ്‌ത് കൊലപ്പെടുത്തുന്നവര്‍ക്കും ഇരുപത് വര്‍ഷത്തില്‍ കുറയാത്തതോ മരണം വരെയോ ജയില്‍ശിക്ഷ നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞകാലങ്ങളില്‍ മാനഭംഗക്കേസുകളില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിഷ്‌ക്രിയത്വവും അനാസ്ഥയും കമ്മീഷന്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. പരാതി ലഭിച്ചിട്ടും കേസെടുക്കാനോ കേസന്വേഷണത്തിനോ താമസം വരുത്തുന്നത് കടുത്ത കൃത്യവിലോപമായി കാണണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. പോലീസിന്റെ ഭാഗത്തുണ്ടാവേണ്ട ഉത്തരവാദിത്തം എടുത്തുകാട്ടിയ കമ്മീഷന്‍ കണിശമായി പറയുന്നു: Law enforcement agencies do not become tools at the hands of political masters.
രാഷ്‌ട്രീയത്തമ്പുരാക്കളുടെ മുന്നില്‍ കവാത്തു മറക്കുന്ന പോലീസ് ഓഫീസേഴ്‌സ് ആണ് ക്രമസമാധാനം തകര്‍ക്കുന്നതെന്ന് ജനാധിപത്യ ഇന്ത്യയിലെ ഏത് കുട്ടിക്കും അറിയാവുന്നതാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തുന്ന സീറ്റുകളില്‍ ഇരിക്കുന്ന `ലൈംഗിക കുറ്റാരോപിതര്‍' ആ സീറ്റ് സ്വമേധയാ കാലിയാക്കണമെന്ന ശക്തമായ നിര്‍ദേശം സൗമ്യമായി അവതരിപ്പിക്കുന്ന കമ്മീഷന്‍ പ്രശംസയര്‍ഹിക്കുന്നു. രാഷ്‌ട്രീയത്തിന്റെ ക്രിമിനല്‍വത്‌കരണവും ക്രമസമാധാനപാലകരുടെ നിരുത്തരവാദിത്തവും കൂടിയായാല്‍ ചിത്രം പൂര്‍ത്തിയായി. ജസ്റ്റിസ് വര്‍മ കമ്മീഷന്റെ അന്വേഷണ പ്രവര്‍ത്തനങ്ങളുമായി ഡല്‍ഹി ഒഴികെയുള്ള ഒരു സംസ്ഥാനത്തെയും പോലീസ് മേധാവികള്‍ സഹകരിച്ചില്ലെന്ന വസ്‌തുത ജനാധിപത്യ ഫെഡറല്‍ സംവിധാനത്തിന് എത്രമാത്രം `മാനഭംഗം' വരുത്തിവയ്‌ക്കുന്നു എന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതാണ്. ഇതൊന്നുമില്ലാതെ ഒരു കമ്മീഷനും റിപ്പോര്‍ട്ടുംകൊണ്ട് യാതൊരു ഫലവും കിട്ടാന്‍ പോകുന്നില്ല.
നിയമനിര്‍മാണരംഗവും (ലെജിസ്ലേച്ചര്‍) ഭരണ നിര്‍വണവും (എക്‌സിക്യുട്ടീവ്) പോലെത്തന്നെ നീതിന്യായ സംവിധാനത്തിനും (ജുഡീഷ്യറി) കുറ്റകൃത്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ പ്രസീജിയര്‍ കോഡ് (Cr. PC) നിര്‍ദിഷ്‌ട അമന്‍മെന്റ് കുറ്റമറ്റതാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, ഭിന്നശേഷിയുള്ളവര്‍ക്കു നേരെയുണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമംകൊണ്ടുവരുന്നത് Urgent need ആയി സമിതി നിര്‍ദേശിക്കുന്നു. സ്‌ത്രീകളുടെ അന്തസ്സും സുരക്ഷയും ഉറപ്പുവരുത്തുന്ന പ്രത്യേക നിയമനിര്‍മാണം വേണമെന്നും കമ്മീഷന്‍ ശിപാര്‍ശകളിലുണ്ട്.
രാജ്യത്ത് നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തിയ ജസ്റ്റിസ് വര്‍മ ചൂണ്ടിക്കാണിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യം AFSPA പുനപ്പരിശോധിക്കണമെന്നതാണ്. ഈ നിര്‍ദേശം അവഗണിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. 1958 സപ്‌തംബര്‍ പതിനൊന്നിന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമമാണ് Armed Froces Special Power Act. കശ്‌മീര്‍, അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മേഘലായ, മിസോറാം, നാഗാലാന്റ്, ത്രിപുര എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്നതാണ് ഈ നിയമം. പട്ടാളക്കാര്‍ക്ക് ആരെയും കൊല്ലാം, ആക്രമിക്കാം, മാനഭംഗപ്പെടുത്താം, കൊള്ളയടിക്കാം. ചോദ്യമില്ല. നിയമത്തെ ഭയക്കേണ്ട. അവരുടെ ഏത് നെറികേടും തീവ്രവാദ വിരുദ്ധ നീക്കമെന്ന പട്ടികയില്‍ പെടുത്തിക്കൊള്ളും! കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കശ്‌മീര്‍ താഴ്‌വരയില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ അഴിഞ്ഞാട്ടവും നരനായാട്ടും ചോദ്യം ചെയ്യപ്പെടാതെ നടമാടുന്നു. പിച്ചിച്ചീന്തപ്പെട്ട പതിനായിരക്കണക്കിന് സൗമ്യമാര്‍. അത് നേരില്‍ കണ്ട് ഹൃദയംപൊട്ടി മരിച്ചവര്‍. അരുതാത്തതിനു സാക്ഷിയായി മനസ്സു മരിച്ച പതിനായിരങ്ങള്‍. ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവന്‍ തീവ്രവാദി!
ചിക്കന്‍നെക്ക് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സ്ഥിതിയും ഇതുതന്നെ. 2002 നവംബര്‍ 2-ന് അസം റൈഫിള്‍സ് എന്ന ഇന്ത്യന്‍ സേനാവിഭാഗം നടത്തിയ കൂട്ടക്കൊലയില്‍ നിരപരാധരായ പത്ത് സിവിലിയന്മാര്‍ മരിച്ചുവീണു. ഇതിനെതിരെ ശബ്‌ദിക്കുകയും അധികൃത ശ്രദ്ധ ക്ഷണിക്കുകയും ചെയ്‌ത് നിരാഹാര സമരം തുടങ്ങിയ മണിപ്പൂരിലെ ഇറോം ശര്‍മിള ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ `നിര്‍ബന്ധിത ഡ്രോപ്‌സില്‍' മാത്രം ജീവന്‍ നിലനിര്‍ത്തി നീണ്ട പന്ത്രണ്ട് വര്‍ഷമായി സമരമുഖത്താണ്. ഈ സമരങ്ങളൊന്നും ആരും കാണുന്നില്ല. ഇതിനെ പിന്തുണയ്‌ക്കാനാരുമില്ല.
ഹസാരെ നാടകം ജന്ദര്‍മന്ദറില്‍. ഡല്‍ഹി സമരക്കാര്‍ വിജയ് ചൗക്കില്‍. Irom എന്ന Iron വനിത ആശുപത്രിക്കിടക്കയില്‍. AFSPA ഉപയോഗിച്ച് പട്ടാളം നിര്‍ബാധം സ്‌ത്രീ വേട്ട തുടരുന്നു! ഇതാണ് ജനാധിപത്യത്തിന്റെ ഇരട്ടമുഖം; അല്ല ഇരുണ്ട മുഖം. മെട്രോസിറ്റിയില്‍ ഉന്നത ജാതിക്കാര്‍ പീഡിപ്പിക്കപ്പെട്ടതു മാത്രമാണ് ഡല്‍ഹി സംഭവത്തിന്റെ പ്രാധാന്യം എന്ന അരുന്ധതീ റോയിയുടെ അഭിപ്രായപ്രകടനത്തിന്റെ പ്രസക്തി ഇവിടെയാണ്. ഈ പശ്ചാത്തലത്തിലാണ് AFSPA പുനപ്പരിശോധിക്കണമെന്ന വര്‍മ കമ്മീഷന്റെ മര്‍മം മനസ്സിലാക്കേണ്ടത്. കമ്മീഷന്റെ വാക്കുകള്‍: impunity of systematic sexual violence is being legitimised by the armed forces special power act. ഈ നിര്‍ദേശം മാധ്യമ ചര്‍ച്ചകളില്‍ വരണം. കേന്ദ്ര-സംസ്ഥാന നിയമനിര്‍മാണങ്ങളില്‍ സ്വാധീനം
ചെലുത്തണം.
ചെലുത്തണം.
0 comments: