ജമാഅത്തെ ഇസ്‌ലാമിയും നവോത്ഥാനവും
- പ്രതികരണം -
എം ഐ മുഹമ്മദലി സുല്ലമി
1941-ല്‍ അവിഭക്ത ഭാരതത്തില്‍ നിലവില്‍ വന്ന ജമാഅത്തെ ഇസ്‌ലാമി ആഗോള മുസ്‌ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന പ്രസ്ഥാനമാണെന്ന് ജമാഅത്ത് ലഘുലേഖ വാദിക്കുന്നു. അതിനു പുറമെ കേരള മുസ്‌ലിം നവോത്ഥാനത്തിലും മുജാഹിദുകളോടൊപ്പം എണ്ണപ്പെടേണ്ട സംഘടനയും ജമാഅത്താണെന്ന് അവര്‍ അവകാശപ്പെടുന്നു. മതേതര-ജനാധിപത്യ ഇന്ത്യയില്‍ ആര്‍ക്കും എന്തും വാദിക്കാനും അവകാശപ്പെടാനുമുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അവകാശവാദങ്ങള്‍ക്ക് ആ പ്രസ്ഥാനത്തിന്റെ ഗതകാല ചരിത്രവും രേഖകളും ഉപോല്‍ബലകങ്ങളാണോ എന്ന് പരിചിന്തന വിധേയമാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ അവകാശവാദങ്ങളില്‍ എത്രമാത്രം കാമ്പുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.1903-ല്‍ അഹ്‌മദ് ഹസന്‍ എന്ന അഭിഭാഷകന്റെ പുത്രനായി ഔറംഗബാദില്‍ ജനിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ബീജാവാപം നല്‌കിയത്. യുവ പ്രായത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന സയ്യിദ് മൗദൂദി 1932-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പ്രസിദ്ധീകരണം കൈവശപ്പെടുത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ രാജ്യം മുഴുവന്‍ പ്രതിഷേധമലയടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. സ്വാതന്ത്ര്യം ഏതാണ്ട് കയ്യെത്താവുന്ന ദൂരത്തിലാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരുന്നു.
സ്വാഭാവികമായും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാവി സര്‍ക്കാറിനെക്കുറിച്ച് രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും ചിന്തിക്കാനും ചര്‍ച്ച നടത്താനും തുടങ്ങിയിരുന്നു. ബഹു ഭൂരിപക്ഷവും ഹിന്ദുക്കളായ രാജ്യത്ത് ഹൈന്ദവ ഭരണമാണ് സ്ഥാപിക്കേണ്ടത് എന്ന് അഭിപ്രായമുള്ള ചില ഹിന്ദുനേതാക്കളുണ്ടായിരുന്നു. ഉയര്‍ന്ന ജാതികളില്‍ പെട്ട അവരുടെ വീക്ഷണത്തെ അനുകൂലിക്കുന്നവര്‍ സവര്‍ണരില്‍ പോലും ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. ഇന്ത്യന്‍ ജനതയുടെ പിന്തുണ ലഭിച്ചത് പ്രധാനമായും രണ്ട് രാഷ്‌ട്രീയ ചിന്താസരണികള്‍ക്കായിരുന്നു. അവയിലൊന്നിനെ ഉയര്‍ത്തിപ്പിടിച്ചിരുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സായിരുന്നു. ഇന്ത്യ ഒരു ബഹുസ്വര രാഷ്‌ട്രമാണ്. ഇവിടെ സവര്‍ണരും അവര്‍ണരുമായ ഹിന്ദുക്കളുണ്ട്. വിവിധ വിഭാഗങ്ങളായ മുസ്‌ലിംകളും ക്രിസ്‌ത്യാനികളുമുണ്ട്. ജൈനമതക്കാരും ബുദ്ധമതക്കാരുമുണ്ട്. അതിനെല്ലാം പുറമെ മതനിഷേധികളെയും കാണാവുന്നതാണ്. അതിനാല്‍ മുഴുവന്‍ ഇന്ത്യക്കാരെയും പ്രതിനിധികരീകരിക്കുന്നതും ജനാധിപത്യ-മതേതരാടിസ്ഥാനത്തിലുള്ളതുമായ ഒരു ഭരണസംവിധാനമാണ് ഇന്ത്യക്ക് അഭികാമ്യം -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
നാനാത്വത്തില്‍ ഏകത്വമെന്ന് അതിനെ കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിക്കുകയും ചെയ്‌തു. മൗലാനാ അബുല്‍ കലാം ആസാദ്, മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി, ഇ മൊയ്‌തു മൗലവി, മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് തുടങ്ങിയ സുപ്രസിദ്ധ മുസ്‌ലിം പണ്ഡിതരും നേതാക്കളും കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇസ്‌ലാമിക ഭരണം ലക്ഷ്യമാക്കാത്ത ഇത്തരമൊരു രാഷ്‌ട്രീയ സംവിധാനത്തെ മൗദൂദി നിരാകരിച്ചു. അമുസ്‌ലിംകള്‍ക്ക് മേധാവിത്വമുണ്ടാകുന്ന അത്തരമൊരു ഭരണത്തില്‍ മുസ്‌ലികള്‍ സുരക്ഷിതരാവില്ലെന്നും സ്‌പെയിനിലും സിസിലിയിലും ഇസ്‌ലാം നാമാവശേഷമായതു പോലെ ഇന്ത്യയിലും ഇസ്‌ലാം നശിക്കുമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്‌ലിംകളും ഒരുമിച്ചു മതേതര-ജനാധിപത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന `വെല്‍ഫെയര്‍ പാര്‍ട്ടി'ക്ക് രൂപം നല്‌കിയ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തങ്ങളുടെ നായകന്റെ ആശങ്കയെ ഇപ്പോള്‍ തങ്ങളുടെ ആശയാക്കി മാറ്റിയിരിക്കുന്നു.
മുസ്‌ലിംകള്‍ ഒരു പ്രത്യേക രാഷ്‌ട്രീയ സംഘടനക്ക് കീഴില്‍ അണിനിരക്കുക എന്നതായിരുന്നു രണ്ടാമത്തെ ചിന്താധാര. സര്‍വേന്ത്യാ മുസ്‌ലിം ലീഗായിരുന്നു ഇതിന്റെ വക്താക്കള്‍. രാഷ്‌ട്രത്തിന്റെയും മുസ്‌ലിംകളുടെയും ഉത്തമ താല്‌പര്യങ്ങള്‍ക്കു വേണ്ടി മതപരമായ വിഭാഗീയതകള്‍ക്ക് അതീതമായി ഒത്തുചേരാനുള്ള ലീഗിന്റെ ആഹ്വാനം മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷത്തെയും ആകര്‍ഷിച്ചു. ഈ കൂട്ടായ്‌മയെയും സയ്യിദ് മൗദൂദി അംഗീകരിച്ചില്ല. മുസ്‌ലിംലീഗ് `ഇസ്‌ലാമിക' ഭരണത്തെ തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടില്ല എന്നതായിരുന്നു സയ്യിദ് മൗദൂദി അതിനു കണ്ടെത്തിയ കാരണം. തന്റെ ലക്ഷ്യസാക്ഷാത്‌കാരത്തിനായി ഒരു പുതിയ സംഘടന രൂപീകരിക്കാനായിരുന്നു സയ്യിദ് മൗദൂദിയുടെ തുടന്നുള്ള ശ്രമം.
അഭിഭാഷകന്റെ കോട്ട് തെറിപ്പിച്ച നവോത്ഥാനം!
1941-ല്‍ തന്റെ മനസ്സിലുള്ള പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സയ്യിദ് മൗദൂദി തീരുമാനിച്ചു. നിലവിലുള്ള ഭരണകൂടവുമായി ബന്ധവിച്ഛേദനം നടത്താനും ഇസ്‌ലാമിക ഭരണത്തിനു വേണ്ടി ജീവാഹുതി നടത്താനും തയ്യാറുള്ളവരെയായിരുന്നു അദ്ദേഹത്തിന് ആവശ്യം. ഇതു സംബന്ധമായ ഒരു പരസ്യം അദ്ദേഹം തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന തന്റെ പത്രത്തില്‍ പരസ്യപ്പെടുത്തി. വളരെ തണുത്ത പ്രകടനമാണ് മുസ്‌ലിം സമുദായത്തില്‍ നിന്ന് കിട്ടിയത്. കേവലം എഴുപത്തഞ്ചു പേര്‍ മാത്രമാണ് മൗദൂദിയുടെ വിളിക്ക് ഉത്തരം ചെയ്‌തത്.
യോഗത്തിന്റെ ആമുഖ ഭാഷണത്തില്‍ തന്നെ ശഹാദത്ത് കലിമക്ക് താന്‍ നല്‌കുന്ന രാഷ്‌ട്രീയ വ്യാഖ്യാനം മൗദൂദി അവരെ ധരിപ്പിച്ചു. അതിലധിഷ്‌ഠിതമായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനയില്‍ ചേരുന്നവരെല്ലാം ശഹാദത്ത് കലിമ വീണ്ടും ആവര്‍ത്തിക്കണമെന്ന് നിബന്ധന വെച്ചു. ഇന്നും ജമാഅത്തുകാര്‍ ഇത് പാലിച്ചുവരുന്നു. അതിനെ അവര്‍ `ഈമാന്‍ പുതുക്കല്‍ ചടങ്ങ്', `സാക്ഷ്യ നിര്‍വഹണം' എന്നൊക്കെ വിളിക്കുന്നു.
ജമാഅത്ത് രൂപീകരണ സദസ്സില്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ് എന്ന അഭിഭാഷകനും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ അദ്ദേഹം മുന്നോട്ട് വന്നപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷക ജോലി ആക്ഷേപത്തിന് പാത്രമായി. ജീവിതരീതി മാറ്റാന്‍ ശ്രമിക്കുമെന്ന് ഉറപ്പുകൊടുത്ത ശേഷം മാത്രമാണ് അദ്ദേഹത്തിന് അംഗത്വം ലഭിച്ചത്. അതും പരീക്ഷണാര്‍ഥം ആറു മാസത്തേക്ക് മാത്രം! മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയുമെല്ലാം അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ട് അദ്ദേഹം വക്കീല്‍ പണി ഉപേക്ഷിച്ചു തൊഴിലില്ലാ ദു:ഖം അനുഭവിച്ചു. (പ്രമുഖ ജമാഅത്ത് ചിന്തകനായിരുന്ന ടി മുഹമ്മദിന്റെ അബുല്‍ അഅ്‌ലാ എന്ന കൃതി പേജ് 118,119 നോക്കുക)
അഭിഭാഷകനായിരുന്ന മിയാന്‍ തുഫൈല്‍ മുഹമ്മദിന്റെ കോട്ട് തെറിപ്പിച്ച മൗദൂദിയുടെ `വിപ്ലവാശയ'ത്തെ പ്രകീര്‍ത്തിച്ച ടി മുഹമ്മദ് സാഹിബ്, പോലീസ് ഓഫീസര്‍ ജോലി വലിച്ചെറിഞ്ഞ ചൗധരിയുടെ കഥയും തന്റെ കൃതിയില്‍ സ്‌മരിക്കുന്നുണ്ട്. നിത്യ വൃത്തിക്ക് വകയില്ലാതായ അദ്ദേഹം പിന്നീട് `പാചകവൃത്തി'യിലാണത്രെ അഭയം കണ്ടെത്തിയത്. അതെ സയ്യിദ് മൗദൂദിയുടെ ആദര്‍ശം അഭിഭാഷകനെ തൊഴിലില്ലായ്‌മയിലേക്കും പോലീസ് ഓഫീസറെ പാചകവേലയിലേക്കും നയിച്ചു! സയ്യിദ് മൗദൂദിയുടെ `നവോത്ഥാനം' വല്ലാത്തതു തന്നെ.
ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗങ്ങളാവുന്നവര്‍ മാത്രമല്ല, മറ്റു മുസ്‌ലിംകളും ഇസ്‌ലാമികേതര ഭരണകൂടവുമായി സഹകരിക്കുന്നതിനെയും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉദ്യോഗ മണ്ഡലങ്ങളെയും തങ്ങളുടെ പുരോഗതിക്കു വേണ്ടി ഉപയോഗിക്കുന്നതിനെയും സയ്യിദ് മൗദൂദി വിമര്‍ശിച്ചു. ഒരു ബഹുസ്വര സമൂഹത്തില്‍ തങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഇവയെ മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ധിഷണാശാലികളായ പണ്ഡിതന്മാരെയും നേതാക്കളെയും വികല ഗവേഷകരായി സയ്യിദ് മൗദൂദി ചിത്രീകരിച്ചു. മൗദൂദിയുടെ ഹുകൂമത്തെ ഇസ്‌ലാമിയ്യ പോലുള്ള കൃതികളില്‍ സ്‌ത്രീ വിദ്യാഭ്യാസത്തെയും പരിഹസിക്കുന്നതായി കാണാവുന്നതാണ്.
ജമാഅത്തിന്റെ കേരള ഹല്‍ഖയുടെ പ്രസിദ്ധീകരണത്തില്‍ നവോത്ഥാനത്തിന്റെ നിദര്‍ശനങ്ങളായി ചൂണ്ടിക്കാണിച്ച വിദ്യാഭ്യാസ -ഔദ്യോഗിക മണ്ഡലങ്ങളിലെ മുസ്‌ലിം മുന്നേറ്റത്തില്‍ സയ്യിദ് മൗദൂദിയുടെ സ്വാധീനം കേവലം നിഷേധാത്മകം മാത്രമായിരുന്നുവെന്ന് സാരം. പിന്നീട് അദ്ദേഹത്തെ നവോത്ഥാന ശില്‌പിയായി അവതരിപ്പിക്കുന്നത് ചരിത്രത്തെ വികലമാക്കലല്ലെങ്കില്‍ മറ്റെന്താണ്?
ഹാജി സാഹിബിന്റെ ആഗമനം
മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ആഭിമുഖ്യത്തില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന്റെ മുമ്പുതന്നെ കേരളക്കരയില്‍ ഇസ്‌ലാമിക നവജാഗരണം ശക്തി പ്രാപിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് പച്ചപിടിച്ചു വന്ന മുസ്‌ലിംസമൂഹം ഉദ്യോഗ മണ്ഡലങ്ങളിലും സ്ഥാനം പിടിച്ചുവരാന്‍ തുടങ്ങിയിരുന്നു. അതിനിടെയാണ് `ഹാജി സാഹിബ്' എന്ന് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ആദരപൂര്‍വം വിശേഷിപ്പിക്കുന്ന മുഹമ്മദലി ഹാജി കേരളത്തില്‍ എത്തിയത്. പഞ്ചാബിലെ വനമേഖലയില്‍ സയ്യിദ് മൗദൂദി നടത്തിയിരുന്ന ശിക്ഷണകേന്ദ്രത്തില്‍ നിന്നാണ് ആ മൗദൂദി ശിഷ്യന്‍ കേരളത്തില്‍ എത്തിയത്.
തന്റെ ഗുരുവിന്റെ കണ്ണടയിലൂടെ അദ്ദേഹം അന്നത്തെ കേരള മുസ്‌ലിം ജനതയെയും നവോത്ഥാന സംരംഭങ്ങളെയും വീക്ഷിച്ചു. ഇസ്‌ലാമികേതര ഭരണമാവുന്ന `താഗൂത്തിനെ' പ്രസാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളായി മാത്രമേ അദ്ദേഹത്തിന് അവയെ കാണാന്‍ സാധിച്ചുള്ളൂ.
മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ ശ്രമിക്കുന്നവരെ മുസ്‌ലിംകളായി കാണാന്‍ പോലും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ കാണുക: ``ഇന്നത്തെ മുസ്‌ലിംകളാണെങ്കില്‍ ദൈവത്തിന്റെ എതിരാളികളുടെ ഭരണത്തില്‍ സര്‍വവിധ സേവനങ്ങളും ചെയ്‌തുകൊടുക്കുന്നു. മാത്രമല്ല, സേവനത്തിന് തങ്ങളെ വിളിച്ചില്ലെങ്കില്‍ വലിയ വലിയ ആക്ഷേപങ്ങള്‍ പോലും പുറപ്പെടുവിക്കുന്നു. പിന്നെയും അവര്‍ മുസ്‌ലിംകള്‍ (ദൈവത്തെ മാത്രം അനുസരിക്കുന്നവര്‍) ആണുപോല്‍! (ഹാജി സാഹബ്, ശൈഖ് മുഹമ്മദ് കാരകുന്ന്, പേജ് 106)
ജമാഅത്തെ ഇസ്‌ലാമി ഒഴികെ മറ്റെല്ലാവരും പിഴച്ചവരും ഇസ്‌ലാമിക വിരുദ്ധരുമാണെന്ന് പ്രസ്‌താവിക്കാനും മൗദൂദിയുടെ ശിഷ്യന് വൈമനസ്യം ഉണ്ടായിരുന്നില്ല. ``ഇന്ത്യന്‍ മുസ്‌ലിംകളുടെ ഒരൊറ്റ സംഘവും ഇസ്‌ലാമിക തത്വപ്രകാരമല്ല ചലിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് `ഇസ്‌ലാമിക സംഘം' എന്ന പേരില്‍ ഒരു സംഘടന സ്ഥാപിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്.'' (അതേ പുസ്‌തകം, പേജ് 109)
ഇതര മുസ്‌ലിം സംഘടനകളോട് രമ്യതയില്‍ സഹവര്‍ത്തിക്കുകയും, അവയുടെ പ്രവര്‍ത്തനങ്ങളെ ആശീര്‍വദിക്കുകയും ചെയ്യുന്ന ഞങ്ങള്‍ മുസ്‌ലിം ഐക്യത്തിന്റെ വാഹകരാണ് എന്ന് ജമാഅത്ത് ലഘുലേഖ അവകാശപ്പെടുന്നു. എന്നാല്‍ ആറര പതിറ്റാണ്ട് മുമ്പ് ജമാഅത്തിന് കേരളത്തില്‍ രൂപംനല്‌കിയ ഹാജി സാഹിബ് അത് പണ്ടേ തള്ളിക്കളഞ്ഞിരുന്നുവെന്ന് വ്യക്തം.
മുസ്‌ലിം നവോത്ഥാനത്തെ ഊതിക്കെടുത്താനുള്ള ശ്രമം
1948-ലാണ് ഹാജി സാഹിബ് കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ ഘടകം രൂപീകരിച്ചത്. അതിന്റെ നാലര ദശാബ്‌ദങ്ങള്‍ക്കു മുമ്പു തന്നെ നവോത്ഥാന സംഘടനകളും പരിഷ്‌കര്‍ത്താക്കളും കര്‍മപഥത്തിലിറങ്ങിയിരുന്നു. വിദ്യാഭ്യാസ-ഉദ്യോഗ മണ്ഡലങ്ങളില്‍ മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് രചനാത്മകമായ പുരോഗതി ഉണ്ടായി. ധാരാളം മുസ്‌ലിം യുവാക്കള്‍ അഭ്യസ്‌തവിദ്യരായി പുറത്തുവന്നു. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ പോലുള്ളവരുടെ പ്രവര്‍ത്തന ഫലമായി അവരില്‍ പലര്‍ക്കും ഉയര്‍ന്ന സര്‍ക്കാര്‍ ജോലികളില്‍ നിയമനം ലഭിക്കുകയും ചെയ്‌തു. അധപ്പതനത്തിന്റെ ആഴമേറിയ ഗര്‍ത്തങ്ങളില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കാന്‍ നടത്തിയ ഈ ശ്രമങ്ങളെയൊന്നും ജമാഅത്തെ ഇസ്‌ലാമിയും ഹാജിസാഹിബും അംഗീകരിച്ചില്ല. പകരം അവയെ എല്ലാം ഇസ്‌ലാമിക വിരുദ്ധങ്ങളും നിഷിദ്ധങ്ങളുമായി ചാപ്പയടിക്കാന്‍ അവര്‍ ധൃഷ്‌ടരായി. കാരണം അവയെല്ലാം ഇസ്‌ലാമികേതര സര്‍ക്കാറുകളില്‍ നിന്ന് ലഭ്യമായ ബഹുമതികളായും അവയെ താങ്ങിനിര്‍ത്തുന്ന ഉപകരണങ്ങളായും അവര്‍ ചിത്രീകരിച്ചു. ശഹാദത്ത് കലിമകള്‍ ഉച്ചരിച്ചു തങ്ങളുടെ ജമാഅത്തില്‍ ചേരുന്നവര്‍ അവയെല്ലാം വര്‍ജിക്കണമെന്ന് നിബന്ധനവെക്കാനും ഹാജിസാഹിബ് മടിച്ചില്ല.
ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ പ്രഥമ ഭണഘടന അതിന് സാക്ഷ്യം വഹിക്കുന്നത് കാണുക: ``ഖണ്ഡിക 4: സാക്ഷി നിര്‍വഹണത്തിനു ശേഷം ജമാഅത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വം വരുത്തിത്തീര്‍ക്കേണ്ട മാറ്റങ്ങള്‍ താഴെ വിവരിക്കുന്നവയാണ്.
വകുപ്പ് 5: അവര്‍ ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സ്വയം ആധിപത്യം (Sovereignty) വാദിക്കുന്ന ഒരു ഭരണകൂടത്തിന്റെ തലവനോ പ്രസിഡന്റോ ഗവര്‍ണറോ മന്ത്രിയോ ജഡ്‌ജിയോ അണെങ്കില്‍ അവന്‍ ആ സ്ഥാനം രാജിവെക്കണം.
വകുപ്പ് 6: അവന്‍ നിയമനിര്‍മാണ സഭയിലെ അംഗമാണെങ്കില്‍ അതില്‍ നിന്നും രാജിവെക്കണം. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ ഖുര്‍ആനിനെയും നബിചര്യയെയും അടിസ്ഥാനവും പ്രമാണവുമായി സ്വീകരിക്കാത്ത യാതൊരു സമിതിക്കും ഇസ്‌ലാമിക ദൃഷ്‌ട്യാ മനുഷ്യ ജീവിതത്തിലുള്ള നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശമേ ഇല്ല. അത്തരം ഒരു സഭയുടെ മെമ്പര്‍ഷിപ്പു സ്വീകരിക്കുകയെന്നത് ഒരു മുസ്‌ലിമിന്റെ ജോലിയുമല്ല.
വകുപ്പ് 7: അവനു ദൈവികമല്ലാത്ത ഭരണത്തില്‍ നിന്നു വല്ല ബഹുമതിയോ സ്ഥാനപ്പേരോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനെ തിരിച്ചുകൊടുക്കണം. പ്രസ്‌തുത സ്ഥാനപ്പേരുകള്‍ തനിക്ക് ലഭിക്കാന്‍ കാരണമായിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ പ്രത്യേകമായി നിര്‍വഹിക്കേണ്ടിവരുന്നതുമായ എല്ലാ അനുസരണവും കൂറും ഭക്തിയും അവന്‍ ഉപേക്ഷിക്കണം.
ഈ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉടനടി പ്രത്യക്ഷപ്പെട്ടു കാണാത്ത ഒരാളെ സംബന്ധിച്ചു അയാള്‍ക്കു സാക്ഷ്യവാക്യം ഉച്ചരിച്ചതില്‍ ആത്മാര്‍ഥതയുണ്ടായിരുന്നില്ലെന്നാണ് കരുതപ്പെടുക. അങ്ങനെയുള്ളവരെ ജമാഅത്തില്‍ ചേര്‍ക്കുകയില്ല. അഥവാ ചേര്‍ന്നിട്ടുണ്ടെങ്കില്‍ പുറത്താക്കുന്നതാണ്.'' (പ്രബോധനം -1950 ജനുവരി, പുസ്‌തകം 1, ലക്കം 11)
തുടര്‍ന്ന് ഭരണഘടനയ്‌ക്ക് നല്‌കിയ വ്യാഖ്യാനത്തില്‍ ഇസ്‌ലാമികേതര സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളും മലീമസമാണെന്ന് പ്രസ്‌താവിക്കാനും ജമാഅത്തെ ഇസ്‌ലാമി മടി കാണിച്ചില്ല. ``അനിസ്‌ലാമികമായ ഭരണവ്യവസ്ഥയുടെ ഒരു വകുപ്പും മറ്റൊരു വകുപ്പും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നതു പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. പ്രത്യക്ഷത്തില്‍ പരിശുദ്ധമായും ദോഷരഹിതമായും കാണപ്പെടുന്ന വകുപ്പുകള്‍ തന്നെയും മ്ലേച്ഛവും ദോഷകരവുമായ വകുപ്പുകളെ പോലെത്തന്നെ മലീമസമായിട്ടുള്ളതാണ്.'' (പ്രബോധനം 01-01-1950)
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സയ്യിദ് മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ സമാധാനപരമായി നടന്നുവന്നിരുന്ന നവോത്ഥാന സംരംഭങ്ങളെ തല്ലിക്കെടുത്താനാണ് ശ്രമിച്ചത്. കേരളത്തില്‍ `ഹാജി സാഹിബ്' രൂപീകരിച്ച കേരള ഹല്‍ഖയും നിഷേധാത്മകമായ അതേ നിലപാടിനെ തന്നെയാണ് അനുകരിച്ചത്. പക്ഷെ, കേരള നദ്‌വത്തുല്‍ മുജാഹിദീനും മുസ്‌ലിംലീഗും എം ഇ എസ്സും മറ്റു മുസ്‌ലിം സംഘടനകളും പരിഷ്‌കര്‍ത്താക്കളും നവോത്ഥാന ചക്രത്തെ മുന്നോട്ട് നീക്കിയപ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചില്ല. മാത്രമല്ല, അവരെയും കൊണ്ട് നവോത്ഥാന ചക്രം മുന്നോട്ട് കുതിക്കുന്ന കാഴ്‌ചയാണ് ചരിത്രം പിന്നീട് ദര്‍ശിച്ചത്.
0 comments: