പ്രതിഭയുടെ കയ്യൊപ്പുകള്‍

  • Posted by Sanveer Ittoli
  • at 9:25 PM -
  • 0 comments
പ്രതിഭയുടെ കയ്യൊപ്പുകള്‍

- ജീവിതരേഖ -
പി എം എ ഗഫൂര്‍
ചിത്രങ്ങള്‍: സെയ്‌ഫ്‌ അരാഷ്‌
ഹൃദയസാന്നിധ്യം ഈണമിടുന്ന വാക്കുകൊണ്ട്‌ സദസ്സുകള്‍ക്ക്‌ പ്രിയങ്കരിയാണ്‌ എ ജമീല ടീച്ചര്‍. ജീവിതാനുഭവങ്ങളുടെ കരുത്തും വായനയുടെ ഊര്‍ജവും വാക്കിന്റെ കൃത്യതയും ശൈലിയുടെ ഹൃദ്യതയും കൊണ്ട്‌ അനുവാചകര്‍ക്ക്‌ ജമീല ടീച്ചര്‍ ഒരനുഭവമാണ്‌. അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങള്‍ക്കു നേരെ ചങ്കൂറ്റത്തോടെ ഉയരുന്ന ഈ സ്‌ത്രീമുഴക്കം വേദികളില്‍ തുടിച്ചുതുടങ്ങിയിട്ട്‌ മുപ്പത്തഞ്ചിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടു. അടുക്കിവെച്ച വാക്കുകൊണ്ട്‌ ടീച്ചര്‍ അടര്‍ത്തിമാറ്റിയത്‌ എത്രയോ സ്‌ത്രീമനസ്സുകളിലെ ഇരുട്ടിനെയാണ്‌. ഒട്ടും തീവ്രമല്ലാത്ത ശൈലിയില്‍, ഈണവും ഇഷ്‌ടവും കലര്‍ന്ന സ്വരത്തില്‍ സ്‌ത്രീസദസ്സുകളില്‍ ഈ വാക്കുകള്‍ പെയ്‌തുകൊണ്ടിരിക്കുന്നു. 
നൂറുകണക്കിന്‌ വേദികള്‍, സമ്മേളനങ്ങള്‍, കുടുംബ കൂട്ടായ്‌മകള്‍, അയല്‍കൂട്ട സദസ്സുകള്‍... ഒട്ടും മടുപ്പില്ലാതെ ടീച്ചറെത്തുന്നു. പിതാവ്‌ എ അലവി മൗലവി പകര്‍ന്ന ആദര്‍ശവിചാരവും അത്മധൈര്യവും അണയാതെ സൂക്ഷിക്കുമ്പോള്‍ ടീച്ചര്‍ വിശ്രമം മറക്കുന്നു. ചിലപ്പോള്‍ മാതൃവാത്സല്യം പോലെ, അല്ലെങ്കില്‍ പെങ്ങളുടെ സ്വാതന്ത്ര്യത്തോടെ, മറ്റു ചിലപ്പോള്‍ ഒരധ്യാപികയുടെ അധികാരത്തോടെ ടീച്ചര്‍ വേദികളില്‍ നമ്മോട്‌ സംവദിക്കുന്നു. പൊഴിഞ്ഞുപോയ ധന്യകാലത്തിന്റെ ഓര്‍മകളിലേക്ക്‌ ഒന്ന്‌ തിരിഞ്ഞിരിക്കുകയാണ്‌ ടീച്ചറിവിടെ.

പഠനകാലം
1949 ജൂണ്‍ ഒന്നിന്‌ ജനനം. തിരുവാലി സ്‌കൂളില്‍ നിന്ന്‌ എസ്‌ എസ്‌ എല്‍ സി നല്ല മാര്‍ക്കോടെ പൂര്‍ത്തിയാക്കി. ജാമിഅ നദ്‌വിയയുടെ ആരംഭകാലമായിരുന്നു അത്‌. ഉപ്പയും കൂട്ടുകാരുമായിരുന്നു അതിന്റെ പിന്നില്‍. ഉപ്പയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു ജാമിഅ. ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ദുരിതകാലമായിരുന്നെങ്കിലും പ്രതിഭാധന്യരായ നിരവധി അധ്യാപകരായിരുന്നു അന്നത്തെ ജാമിഅയുടെ സമ്പത്ത്‌. ഹദീസ്‌ വിജ്ഞാനീയത്തില്‍ ആഴമറിഞ്ഞ മഹാപണ്ഡിതന്‍ എം ശൈഖ്‌ മുഹമ്മദ്‌ മൗലവി ജാമിഅയുടെ പ്രിന്‍സിപ്പലായിരുന്ന തുടക്കകാലത്താണ്‌ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു പഠനസ്ഥാപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്‌. സ്‌കൂള്‍ പഠനം കഴിഞ്ഞുനില്‍ക്കുന്ന എനിക്ക്‌ അത്‌ വലിയൊരു പ്രതീക്ഷ പകര്‍ന്നു. ഞാനടക്കം പതിനഞ്ച്‌ പെണ്‍കുട്ടികള്‍ ആദ്യ ക്ലാസിലെത്തി. സ്ഥാപനമൊന്നും ഇല്ലാത്തത്‌ കാരണം എടവണ്ണയിലെ ഒരു വീട്ടിലായിരുന്നു അന്ന്‌ ക്ലാസ്‌ നടന്നിരുന്നത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദിന്റെ ഭാര്യാപിതാവ്‌ പുത്തന്‍വീട്ടില്‍ അബ്‌ദുല്ലക്കുട്ടി സാഹിബാണ്‌ അങ്ങനെയൊരു സൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തത്‌.
പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത്‌ പോലും അറപ്പോടെയും ആശ്ചര്യത്തോടെയും കണ്ടിരുന്ന ഒരു സമൂഹം അന്ന്‌ ഞങ്ങള്‍ക്ക്‌ ചുറ്റുമുണ്ട്‌. സ്‌കൂളിലേക്ക്‌ പോകുന്നവഴിയില്‍ പലപ്പോഴും ഞാനടക്കമുള്ള വിദ്യാര്‍ഥിനികള്‍ അപമാനിക്കപ്പെട്ടു. കൂവിയും പരിഹസിച്ചും കുത്തുവാക്കുകള്‍ പറഞ്ഞും ഞങ്ങളുടെ പഠനം മുടക്കാന്‍ അന്നത്തെ യാഥാസ്ഥിതികര്‍ ആവുന്നത്ര ശ്രമിച്ചുനോക്കിയിരുന്നു. 1960കളുടെ അവസാനകാലമാണത്‌. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചൊക്കെ വേരുപിടിക്കാന്‍ തുടങ്ങിയിരുന്ന എടവണ്ണപോലുള്ള പ്രദേശങ്ങളിലെ പോലും സ്ഥിതി ഇതായിരുന്നുവെന്ന്‌ ഓര്‍ക്കണം. കോളെജില്‍ പോകാന്‍ തുടങ്ങിയപ്പോഴും ആക്ഷേപങ്ങള്‍ വര്‍ധിച്ചു. പക്ഷേ ഉപ്പയ്‌ക്ക്‌ അതൊന്നും പുതിയതായിരുന്നില്ല. ഏത്‌ എതിര്‍പ്പുകളെയും നേരിടാനുള്ള മനക്കരുത്തുണ്ടായിരുന്നു. പഠനശേഷം അധ്യാപികയായി ആദ്യം ജോലിയില്‍ പ്രവേശിച്ചത്‌ എന്റെ വിദ്യാലയമായ തിരുവാലി സ്‌കൂളില്‍ തന്നെയായിരുന്നു. പിന്നീട്‌ എടക്കരയിലും ഒടുവില്‍ എടവണ്ണയിലും ജോലി ചെയ്‌തു.
വേദികളിലേക്ക്‌
ഞാനൊരു പ്രഭാഷകയാകണമെന്നത്‌ ഉപ്പയുടെ വലിയ മോഹമായിരുന്നു. പുളിക്കല്‍ പി കെ സുബൈദ ടീച്ചറെ പോലെ നീയും പ്രസംഗിക്കണമെന്ന്‌ എന്നോട്‌ പറയും. ഉപ്പയുടെ പ്രോത്സാഹനം കൂട്ടിനുള്ളത്‌ കൊണ്ട്‌ കുഞ്ഞുനാളില്‍ തന്നെ എന്റെ മനസ്സില്‍ പ്രസംഗകലയോട്‌ പ്രത്യേകമായൊരു മോഹവും അടുപ്പവുമുണ്ടായി. വിദ്യാര്‍ഥിനിയായിരിക്കെ കോളെജിലെ സാഹിത്യസദസ്സുകളില്‍ പാട്ട്‌ പാടുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്‌തിരുന്നെങ്കിലും പൊതുസദസ്സില്‍ ആദ്യമായി പ്രസംഗിച്ചത്‌ ഉപ്പയെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു.
1975-ല്‍ നിലമ്പൂരില്‍ ഡോ. ഉസ്‌മാന്‍ സാഹിബിന്റെ വീടിനടുത്ത്‌ ഒരു വനിതാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. രാവിലെ മുതലുള്ള ഒരു ക്യാമ്പ്‌. സ്‌ത്രീകളുടെ കൂട്ടത്തില്‍ നിന്ന്‌ പ്രസംഗകരൊന്നും ഇല്ലാത്ത കാലമായിരുന്നു അത്‌. പുരുഷന്മാര്‍ തന്നെയായിരുന്നു സംഘാടകരും പ്രസംഗകരും. ആ പരിപാടിയില്‍ ഉപ്പ എന്നോടൊരു പാട്ട്‌ പാടാന്‍ പറഞ്ഞു. മൗലാനാ അബുസ്സ്വബാഹ്‌ എഴുതിയ
അല്ല പെണ്ണുങ്ങള്‍ വെറും യന്ത്രങ്ങളല്ല സ്‌ത്രീകള്‍ക്കുള്ള പങ്ക്‌ ഇസ്‌ലാം മതത്തില്‍ ചെറുതല്ല
എന്ന പാട്ട്‌ അന്ന്‌ നവോത്ഥാനപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായിരുന്നു. നിലമ്പൂര്‍ വനിതാസമ്മേളനത്തിന്റെ ഒരു ഇടവേളയില്‍ ഞാനാ പാട്ട്‌ പാടി. ഉപ്പയ്‌ക്കും സദസ്സിനും വലിയ ആഹ്ലാദമായെങ്കിലും പാട്ടിനേക്കാള്‍ എന്റെ ആഗ്രഹം പ്രസംഗമായിരുന്നു. ഉപ്പയോട്‌ ഞാനാ ആഗ്രഹം പറഞ്ഞു. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ അങ്ങനെ ആദ്യത്തെ അവസരമൊരുങ്ങി. അരമണിക്കൂര്‍ നേരം ആ വലിയ സദസ്സില്‍ ഞാന്‍ പ്രസംഗിച്ചു. സ്‌ത്രീക്ക്‌ ഇസ്‌ലാമിലുള്ള ആദരവും മഹത്വവുമായിരുന്നു വിഷയം. കൂട്ടത്തില്‍ നാട്ടില്‍ പടര്‍ന്ന അന്ധവിശ്വാസങ്ങള്‍ക്ക്‌ നേരെയും ചോദ്യങ്ങളുന്നയിച്ചു. എന്റെ ഉപ്പയെ ഏറ്റവും സന്തോഷവാനായി കണ്ട ദിവസമായിരുന്നു അത്‌.
എന്റെ ഉപ്പയുടെ ഓര്‍മകള്‍ ഇന്നും മുന്നിലുണ്ട്‌. മുസ്‌ലിം സമൂഹത്തെ കാര്‍ന്നുതിന്നുന്ന അബദ്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു പുരുഷായുസ്സ്‌ മുഴുവന്‍ പടവെട്ടിയ ആ ജീവിതം എപ്പോഴും ഞങ്ങളുടെ മുന്നിലെ വഴികാട്ടിയാണ്‌. പാവമായിരുന്നു ഞങ്ങളുടെ ഉപ്പ. ഉള്ളു നിറയെ സ്‌നേഹം തുളുമ്പിയ വലിയ മനസ്സായിരുന്നു. ഭൗതികമായി ഒന്നും ബാക്കിയാക്കിയില്ലെങ്കിലും ആ ഉന്നത ജീവിതം തന്നെയാണ്‌ എന്നും ഞങ്ങള്‍ക്കെല്ലാം ആവേശവും ആശ്വാസവും.
നിലമ്പൂരിലെ പ്രസംഗത്തോടെ ആളുകള്‍ എന്നെ അറിഞ്ഞുതുടങ്ങി. എന്റെ നിയോഗം ഞാനും തിരിച്ചറിഞ്ഞുവെന്ന്‌ പറയാം. പിന്നെ വിശ്രമമറിഞ്ഞിട്ടില്ല. പല ദിക്കുകളിലേക്കുള്ള പ്രസംഗയാത്രകള്‍, കേരളത്തിലങ്ങോളം പ്രസംഗങ്ങള്‍, വലിയ സമ്മേളനങ്ങള്‍, കൊച്ചുകൊച്ചു കുടുംബ സദസ്സുകള്‍, അയല്‍കൂട്ട യോഗങ്ങള്‍, വ്യക്തിസമ്പര്‍ക്കങ്ങള്‍... ഒരു കാര്യം ഞാനുറപ്പിച്ച്‌ പറയാം: നമ്മുടെ പ്രസ്ഥാനത്തിന്റെ സന്ദേശം ഇത്രയധികം ആളുകളിലേക്കെത്തിയതിന്റെ പിന്നില്‍ പുരുഷന്മാരുടെ പരിശ്രമത്തെപ്പോലെ സ്‌ത്രീകളുടെ കഠിനശ്രമങ്ങളുമുണ്ടായിട്ടുണ്ട്‌. ചെറിയ കുടുംബയോഗങ്ങളിലൂടെയും വീട്ടുമുറ്റത്ത്‌ നടത്തുന്ന സദസ്സുകളിലൂടെയും പ്രസ്ഥാനത്തിനകത്തെ വനിതകള്‍ നടത്തിയ പോരാട്ടം തീര്‍ച്ചയായും വിലമതിക്കേണ്ടതുണ്ട്‌. ഒരുപാട്‌ ചുമതലകളും ജീവിതഭാരവും ഉള്ളിലൊതുക്കി ഈ മഹത്തായ ആദര്‍ശത്തിനു വേണ്ടി പൊരുതാനിറങ്ങിയ അനേകം സഹോദരികള്‍ അന്നും ഇന്നും നമുക്കുണ്ട്‌.
എടവണ്ണയിലാണ്‌ വ്യവസ്ഥാപിതമായ വിധത്തില്‍ ആദ്യത്തെ മുജാഹിദ്‌ വനിതാ മുന്നേറ്റമുണ്ടായത്‌. ഞങ്ങളന്ന്‌ വളരെക്കുറച്ച്‌ പേര്‍ മാത്രമേയുള്ളൂ. യാഥാസ്ഥിതികതയുടെ വലിയ സ്വാധീനം അന്ന്‌ ഈ ഭാഗങ്ങളിലൊക്കെ വല്ലാതെയുണ്ട്‌. `തട്ടാന്‍ ഔലിയ' എന്ന പേരില്‍ വണ്ടൂരില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംസ്‌ത്രീകള്‍ അയാളെത്തേടി പോകുന്ന ദയനീയമായ കാഴ്‌ച ഞങ്ങളെ ദുഖത്തിലാഴ്‌ത്തി. വല്ലതും ചെയ്യണമെന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. ഞാനും എന്റെ പ്രിയ സുഹൃത്തുക്കളായ മുണ്ടേങ്ങര ആസ്യയും ആയിശ ടീച്ചറുമാണ്‌ ആകെയുള്ളത്‌. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം പെട്ടെന്ന്‌ വേരുപിടിക്കില്ലെന്ന്‌ ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ട്‌ ഇസ്‌ലാമിക അന്തരീക്ഷം ചുറ്റുമുള്ള വീടുകളില്‍ നിലനിര്‍ത്താനാണ്‌ ഞങ്ങള്‍ ആദ്യമായി ഉദ്ദേശിച്ചത്‌. അതിന്റെ ഭാഗമായി നമസ്‌കാരക്കുപ്പായവും മക്കനയും വിതരണം ചെയ്‌തു. അതൊക്കെ അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ വലിയ പ്രവര്‍ത്തനങ്ങളായിരുന്നു.
`ഐ എസ്‌ എം വനിതാ വേദി' എന്ന പേരിലാണ്‌ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്‌. ഞങ്ങള്‍ നമസ്‌കാരക്കുപ്പായം നല്‍കിയതു മുതല്‍ നമസ്‌കാരം തുടങ്ങിയ എത്രയോ ആളുകളെ അറിയാം. ഇസ്‌ലാമിക ജീവിതവും ആരാധനാകാര്യങ്ങളുമൊക്കെ ചിട്ടയായി വന്നപ്പോള്‍, ആദര്‍ശപരമായ കാര്യങ്ങള്‍ പറയാനും ബോധ്യപ്പെടുത്താനും എളുപ്പമായി. `സ്‌ത്രീ ഇസ്‌ലാമില്‍' എന്ന വിഷയത്തിലുള്ള ലഘുലേഖകള്‍ അച്ചടിച്ച്‌ വിതരണം ചെയ്‌തു. ഓരോ വിടിന്റെ മുറ്റത്തും `കുടുംബ ക്ലാസ്‌' നടത്തി. പതുക്കെപ്പതുക്കെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള വലിയൊരു കൊടുങ്കാറ്റ്‌ ഈ പ്രദേശങ്ങളില്‍ വ്യാപിച്ചു. യാഥാസ്ഥിതികര്‍ക്ക്‌ ഇന്നും കാര്യമായ വേരോട്ടമില്ലാത്ത വിധം ഈ ദേശത്തെ തൗഹീദിലേക്ക്‌ തിരിച്ചുനടത്താന്‍ പ്രസ്ഥാനത്തിന്‌ സാധിച്ചു. പിന്നീട്‌ തീവ്രസുന്നീ വിഭാഗത്തില്‍ പെട്ടവര്‍ വരെ എന്നെ പ്രസംഗത്തിനു ക്ഷണിച്ചു എന്നത്‌ കൗതുകകരമാണ്‌. 
കലകള്‍ നല്ലൊരായുധം
കുട്ടിക്കാലം തൊട്ട്‌ തന്നെ പാട്ട്‌ പാടുകയും എഴുതുകയും ചെയ്‌തിരുന്നു. ആ രണ്ട്‌ അനുഗ്രഹങ്ങളെയും ആദര്‍ശപ്രബോധന വഴിയില്‍ ഉപയോഗിക്കാനാണ്‌ ശ്രമിച്ചത്‌. `ഇരുട്ടിനെതിരെ' എന്ന പേരിലെഴുതിയ കഥാപ്രസംഗം കുറച്ചൊന്നുമല്ല ഞങ്ങളുടെ പ്രബോധനവഴിയില്‍ സഹായകമായിത്തീര്‍ന്നത്‌. പിഞ്ഞാണമെഴുത്ത്‌ എന്ന അന്ധവിശ്വാസം കാരണം ഞങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞ്‌ മരിച്ച സംഭവം പ്രമേയമാക്കി എഴുതിയ വരികളും അന്ന്‌ സമൂഹത്തിന്റെ കണ്ണ്‌ തുറപ്പിക്കാന്‍ ഉപയോഗിച്ചു. പ്രസംഗം സംഘടിപ്പിക്കുമ്പോള്‍ ആദ്യം ഈ കഥാപ്രസംഗം അവതരിപ്പിക്കും. എന്റെ മകള്‍ സനിയയും അവളുടെ കൂട്ടുകാരികളും ഭംഗിയായി പാടിയും പറഞ്ഞും അവതരിപ്പിക്കുന്ന കഥാപ്രസംഗം കേള്‍ക്കാന്‍ അകലെ നിന്നൊക്കെ ആളുകള്‍ ചൂട്ട്‌ കത്തിച്ച്‌ വന്നെത്തും. ആളുകൂടുന്നതോടെ പ്രസംഗം ആരംഭിക്കും. അതോടെ കൂവലും തുടങ്ങും. കൂവല്‍ അസഹ്യമാകുമ്പോള്‍ ഞാനിങ്ങനെ പറയും; `സഹോദരന്മാരെ, ഞങ്ങളുടെ നാട്ടിലൊക്കെ ഈ നേരത്ത്‌ കൂവാറുള്ളത്‌ മനുഷ്യന്മാരല്ല, നാലു കാലുള്ള ജീവികളാണ്‌.' ഒരു പെണ്ണ്‌ ഇങ്ങനെ പറയുമ്പോള്‍ പുരുഷന്മാര്‍ക്ക്‌ പിന്നെ വല്ലാതെ കൂവാന്‍ തോന്നില്ല. അതോടെ, ഖുര്‍ആനും ഹദീസും ചരിത്രവും അനുഭവങ്ങളും മുന്നില്‍ വെച്ച്‌ സംസാരിക്കും. കൂവിയ ആളുകളില്‍ കുറച്ച്‌ പേരെങ്കിലും അത്‌ കേട്ടിരിക്കും.
അന്നത്തെ സമൂഹത്തില്‍ പടര്‍ന്നുകിടന്ന അത്യാചാരങ്ങളെയും ദുര്‍വിശ്വാസങ്ങളെയുമെല്ലാം കലകള്‍ കൊണ്ട്‌ ഞങ്ങള്‍ എതിര്‍ത്തു. പാട്ടും ഒപ്പനയും കഥാപ്രസംഗവുമൊക്കെ ഞങ്ങള്‍ക്ക്‌ പ്രബോധന മാധ്യമങ്ങളായിരുന്നു. ഉപ്പയടക്കമുള്ള പണ്ഡിതന്മാരും നേതാക്കളും അതിനെയൊക്കെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്‌തുള്ളൂ. ഉപ്പക്ക്‌ പാട്ടും സംഗീതവും ഏറെ പ്രിയമായിരുന്നു. സിനിമാഗാനങ്ങള്‍ പോലും ആസ്വദിക്കുന്ന മനസ്സായിരുന്നു ഉപ്പയുടേത്‌. നന്നായി പാടിയിരുന്ന എന്റെ മോള്‍ സനിയയെ ഉപ്പക്ക്‌ വല്ലാത്തൊരിഷ്‌ടവുമായിരുന്നു. എപ്പോള്‍ വീട്ടിലെത്തിയാലും അവളെ ചേര്‍ത്തിരുത്തി `നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌' എന്ന ഗാനം പാടിക്കും. അത്‌ നന്നായി ആസ്വദിക്കും. കൊണ്ടുവന്ന ചെറിയ മിഠായി കൊച്ചുകൊച്ചു കഷ്‌ണങ്ങളാക്കി കുട്ടികള്‍ക്കെല്ലാം സമ്മാനിക്കും.
അല്ലാഹു നല്‍കിയ മഹാനുഗ്രങ്ങളാണ്‌ കലയും സാഹിത്യവുമൊക്കെ. എപ്രകാരമാണ്‌ വിനിയോഗിക്കുന്നതെന്ന്‌ പരീക്ഷിക്കപ്പെടുന്ന അനുഗ്രഹങ്ങളാണവ. അതിന്റെയൊക്കെ ഗുണവശങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തവരാണ്‌ നമ്മുടെ ആദ്യകാല നേതാക്കള്‍. വളരെ സര്‍ഗാത്മകമായി സമൂഹത്തോട്‌ പ്രതികരിക്കാനും പ്രബോധനം നടത്താനും അവര്‍ക്ക്‌ കഴിഞ്ഞതും അതുകൊണ്ടാണ്‌. മുതിര്‍ന്ന മുജാഹിദ്‌ നേതാവായിരുന്ന കെ കെ എം ജമാലുദ്ദീന്‍ മൗലവി നല്ല നോവലുകളെഴുതിയ പ്രതിഭയാണ്‌. രണ്ടത്താണി സൈദ്‌ മൗലവി മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. പുതിയ കാലത്തെ പ്രബോധകര്‍ക്ക്‌ ഹറാമിനെക്കുറിച്ച്‌ മാത്രമേ സംസാരിക്കാനുള്ളൂ. പാട്ടിനെയും സംഗീതത്തെയുമൊക്കെ ഹറാമാക്കുന്നു! ഒരു സമൂഹത്തിന്റെ സര്‍ഗചോദനകളെയൊക്കെ ഊറ്റിയെടുത്താല്‍ പിന്നെ അവര്‍ക്കിടെയില്‍ എന്തു സംഭവിക്കുമെന്നാണ്‌ ഈയടുത്ത്‌ നമ്മള്‍ കണ്ടതൊക്കെയും. വല്ലാത്ത സങ്കടമുണ്ട്‌ ഈയൊരവസ്ഥ കാണുമ്പോള്‍. പ്രസ്ഥാനത്തിന്റെ ധന്യമായ പഴയ കാലത്തിനു കൂടി സാക്ഷിയായതു കൊണ്ടാകാം ഈ വേദന.
ടീച്ചര്‍ വേദനയോടെ പറഞ്ഞുനിര്‍ത്തുന്നു. സജീവവും സുധീരവുമായ പ്രബോധനയാത്രയുടെ നീണ്ടകാലത്തിലേക്കുള്ള സഞ്ചാരം ഓര്‍മകളെപ്പോലും ഈറനണിയിക്കുന്നു. നിറയൗവനത്തില്‍ ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട പാവമൊരു ഉമ്മ പിഞ്ചുകുഞ്ഞുങ്ങളെ കയ്യിലും ഒക്കത്തും വെച്ചുകൊണ്ട്‌ നടത്തിയ സമരത്തിന്റെ ഓര്‍മകളാണിത്‌. സൗകര്യങ്ങളുടെ മടിത്തട്ടിലും മടിയന്മാരായിപ്പോകുന്ന പുതിയകാലത്തെ പ്രബോധകരെ അസ്വസ്ഥമാക്കുന്ന തീക്ഷ്‌ണ സ്‌മരണകളാണിത്‌. നമ്മള്‍ കാണുന്നതിനുമപ്പുറത്ത്‌ ഒരു ജമീല ടീച്ചറുണ്ട്‌. സങ്കടങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടിയപ്പോഴും വേദികളില്‍ ജ്വലിച്ചുനിന്ന ഒരു പാവം ഉമ്മയാണത്‌. അതിനാല്‍ തന്നെയാകാം ദയാലുവായ അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ ഈ ഉമ്മയെ തലോടി. ഇന്ന്‌ സന്തോഷങ്ങളേ കൂട്ടിനുള്ളൂ. നിയോഗത്തെക്കുറിച്ച വിചാരം മടുപ്പില്ലാത്ത കര്‍മമാര്‍ഗം തുറന്നിടുമ്പോഴും ടീച്ചര്‍ക്ക്‌ ക്ഷീണമില്ല. ടീച്ചറുടെ ഒരൊറ്റ പരിശ്രമം കൊണ്ടും മര്‍ഹൂം എന്‍ പി അബ്‌ദുല്‍ഖാദിര്‍ മൗലവിയുടേയും ടീച്ചറുടെ കൂട്ടുകാരികളുടെയും സഹകരണം കൊണ്ടും ഉയര്‍ന്ന്‌ നില്‍ക്കുന്ന `വാദീറഹ്‌മ' ഒരു വലിയ സ്വപ്‌ന സാക്ഷാത്‌കാരമാണ്‌. അഗതികള്‍ക്കുള്ള പത്തിലേറെ വീടുകള്‍. `എം ജി എം' എന്ന മൂന്നക്ഷരം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയത്‌ `വാദീ റഹ്‌മ' മുതലാണ്‌ എന്ന്‌ പറഞ്ഞാല്‍ പോലും അത്‌ അധികമാകില്ല. നിരവധി ലഘുലേഖകളിലൂടെയും ഗാനങ്ങളിലൂടെയും സമൂഹമനസ്സില്‍ മാറ്റത്തിന്റെ ആന്ദോളനമൊരുക്കാന്‍ ടീച്ചറുടെ തൂലികക്ക്‌ അല്ലാഹു റഹ്‌മത്ത്‌ ചൊരിഞ്ഞു. പന്ത്രണ്ട്‌ വര്‍ഷം സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാമതെത്തിയ പേരക്കുട്ടി ഫര്‍ഹ പാടിയതെല്ലാം ഉമ്മുമ്മയുടെ വരികളായിരുന്നുവെന്നത്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു നേട്ടമായിരിക്കും. പാട്ടിന്‌ ഈണമിടുന്നതാകട്ടെ ടീച്ചറുടെ മകള്‍ സനിയയും. സര്‍ഗാത്മകത തളംകെട്ടി നില്‍ക്കുന്ന വീട്‌. ആദര്‍ശം ശ്രുതിസാന്ദ്രമായ കുടുംബം. പുനര്‍ വിവാഹിതയായ ടീച്ചര്‍ ഭര്‍ത്താവ്‌ വി പി അബ്‌ദുസ്സലാമും ആറു മക്കളുമൊത്ത്‌ സന്തോഷത്തോടെ കഴിയുന്നു. 
പോരാനൊരുങ്ങുമ്പോള്‍ ഫര്‍ഹയെ വിളിച്ച്‌ ടീച്ചര്‍ ഒരു പാട്ട്‌ പാടിച്ചു. വിവാഹ പ്രായമെത്തിയിട്ടും വീട്ടിലിരിക്കേണ്ടി വന്ന ഒരു പാവം പെണ്‍കിടാവിന്റെ വേദന വരികളില്‍ പരന്നൊഴുകുന്ന പാട്ട്‌.
എന്തിനാണ്‌ പൊന്നിലഞ്ഞി
പൂവണിഞ്ഞ്‌ നില്‍ക്കണ്‌
എപ്പഴാണ്‌ കാറ്റ്‌ വന്ന്‌
താലി നിന്നെ കെട്ടണ്‌
ലല്ല ലല്ലം ലാല ലല്ലം
ആടിടും തെങ്ങോലയില്‍
താളമിട്ട്‌ മേളമിട്ട്‌
പൂങ്കുയില്‌ പാട്‌ണ്‌
താമരപൂമാരനെന്തേ
ഇത്ര താമസിക്കണ്‌
കാലമെത്രയായി ഞാനും
കാത്ത്‌ കാത്തിരിക്ക്‌ണ്‌
കാത്ത്‌ വെച്ച പത്തിരിക്ക്‌
ചൂട്‌ പോയിരിക്ക്‌ണ്‌
ചക്കരപ്പൂഞ്ചോറ്‌ വെച്ച്‌
ആറ്റ്‌നോറ്റിരിക്ക്‌ണ്‌
ചന്തമുള്ളെന്‍ മേനിയഴകിന്‍
മൊഞ്ച്‌ മങ്ങീരിക്ക്‌ണ്‌
കാച്ചിയും തട്ടവും
പെട്ടിയില്‍
കസവണിഞ്ഞിരിക്ക്‌ണ്‌
കാച്ചി വെച്ച
പാലുപോലെന്‍
മനസ്സ്‌ പാടപിടിക്ക്‌ണ്‌

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: