2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും 2003-ല്‍ സുപ്രീംകോടതി കുറ്റവിമുക്തമാക്കുകയും ചെയ്‌ത സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍ ഗീലാനി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് സംസാരിക്കുന്നു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുക വഴി സര്‍ക്കാര്‍ അദ്ദേഹത്തെ കാശ്‌മീരികളുടെ ഹീറോ ആക്കി മാറ്റിയിരിക്കുന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
അദ്ദേഹത്തെ ഓരോ കാശ്‌മീരിയുടെയും മനസ്സില്‍ ഹീറോ ആക്കി മാറ്റുന്ന വിധത്തിലാണ് സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്‌തിരിക്കുന്നത്. അദ്ദേഹം ഞങ്ങളുടെ രക്തസാക്ഷിയാണ്, ഹീറോയാണ്.
മൂന്നുമാസത്തിനകം രണ്ടു പേര്‍ തൂക്കിലേറ്റപ്പെട്ടിരിക്കുന്നു. ചിലര്‍ കസബിനെയും അഫ്‌സലിനെയും ഒരേ നിലയിലാണ് തുലനം ചെയ്യുന്നത്.
ഇതെങ്ങനെ ചെയ്യാന്‍ സാധിക്കും? ഈ രണ്ടു പേരെയും സമീകരിക്കുന്നത് എന്തുമാത്രം വിരോധാഭാസമാണ്!
അഫ്‌സലിനെ തൂക്കിലേറ്റിയ സന്ദര്‍ഭത്തെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?
വാസ്‌തവത്തില്‍ അതൊരു രാഷ്‌ട്രീയ തീരുമാനമാണ്. വിധിന്യായത്തില്‍ പരമോന്നത കോടതി പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കൂ: ``സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്‌തിപ്പെടുത്താന്‍...'' എന്ന്.
ഇത് നിയമത്തിന്റെ ഭാഷയല്ല; രാഷ്‌ട്രീയത്തിന്റെ ഭാഷയാണ്. ഇതു വ്യക്തമാക്കുന്നത് നിയമത്തിനു അദ്ദേഹത്തെ ശിക്ഷിക്കാന്‍ കഴിയില്ലെന്നാണ്. രാഷ്‌ട്രീയ പരിഗണനകള്‍ക്കു പുറത്താണ് ആ മനുഷ്യനെ തൂക്കിലേറ്റിയിരിക്കുന്നത്.
ഇതൊരു രാഷ്‌ട്രീയ തീരുമാനമാണ് എന്ന് താങ്കള്‍ പറയുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ കടുത്ത നിലപാടിനെയാണോ ലക്ഷ്യമാക്കുന്നത്?
കോണ്‍ഗ്രസിനകത്ത് എക്കാലത്തും ഒരു ഹിന്ദുത്വലോബി ഉണ്ടായിരുന്നു. ഇതൊരു പുതിയ കാര്യമല്ല. അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പു നോക്കൂ. അഹ്‌മദ് പട്ടേല്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസായിരുന്നില്ലേ, ബാബറി മസ്‌ജിദിന്റെ കവാടങ്ങള്‍ ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുത്തിരുന്നത്? കഴിഞ്ഞ കുറച്ചുകാലമായി, രാജ്യത്തുടനീളം നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലില്‍ അടയ്‌ക്കപ്പെടുന്നു. കോണ്‍ഗ്രസ് UAPA, AFSPA തുടങ്ങിയ കരിനിയമങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുകയാണ്. രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കൊത്ത് നിറം മാറുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ യാതൊരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. രണ്ടും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.
സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തെക്കുറിച്ച് എന്താണു പറയാനുള്ളത്? അഫ്‌സലിനെ തൂക്കിലേറ്റിയ ദിവസം അനേകം കാശ്‌മീരി നേതാക്കള്‍ ദല്‍ഹിയിലായിരുന്നു. സംസ്ഥാന സര്‍ക്കാറും രാഷ്‌ട്രീയ നേതൃത്വവും ഗുരുവിനെ തൂക്കിലേറ്റുന്നതിന് മുമ്പുതന്നെ രഹസ്യവിവരമറിഞ്ഞിരുന്നു എന്നു കരുതുന്നുണ്ടോ?
ജമ്മു കാശ്‌മീര്‍ സര്‍ക്കാര്‍ ഒരു പാവ ഭരണകൂടം മാത്രമാണ്. കസബിനെ തൂക്കിലേറ്റിയ ദിവസം ഓര്‍ത്തു നോക്കൂ. അത് രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്നു. അപ്പോള്‍, ഉമര്‍ അബ്‌ദുല്ല ട്വിറ്റ് ചെയ്‌തിരുന്നതെന്താണെന്ന് അന്വേഷിച്ചു നോക്കൂ. ഇത് സ്വകാര്യമായിട്ടാണ് ചെയ്യുന്നതെങ്കില്‍ മറ്റുള്ളവരുടേതും അങ്ങനെ തന്നെ ചെയ്യാം. അദ്ദേഹം ഉദ്ദേശിച്ചത് അഫ്‌സലിനെ ആയിരുന്നു. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ലെന്നോ, ഇക്കാര്യത്തില്‍ ധാരണ ഉണ്ടായിരുന്നില്ലെന്നോ വിശ്വസിക്കാന്‍ ഒരു ന്യായവും കാണുന്നില്ല.
2006ല്‍, അഫ്‌സല്‍ ഗുരു തൂക്കിലേറുകയാണെങ്കില്‍ കാശ്‌മീര്‍ താഴ്‌വരയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ഫാറൂഖ് അബ്‌ദുല്ല മുന്നറിയിപ്പു നല്‌കിയിരുന്നു. എനിക്കു തോന്നുന്നത്, ഉമര്‍ അബ്‌ദുല്ല നേരത്തെ വിവരം അറിഞ്ഞിരിക്കുമെന്നാണ്. പക്ഷെ, എന്തുകൊണ്ട് അദ്ദേഹം അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തിന് ഒരു ഹെലികോപ്‌ടര്‍ അയച്ചുകൊടുക്കുന്നില്ല? അവര്‍ക്ക് അവസാനം ഒരു നോക്ക് കാണുകയെങ്കിലും ചെയ്യാമായിരുന്നില്ലേ? താഴ്‌വരയിലെ അശാന്തി കണ്ടിട്ടിപ്പോള്‍ ഉമര്‍ അബ്‌ദുല്ല സ്വരം മാറ്റുകയാണ്. മറ്റു മുഖ്യാധാര പാര്‍ട്ടികള്‍ക്കും മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
താങ്കളും ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഈ ശിക്ഷാവിധിയെക്കുറിച്ച് എന്താണ് അഭിപ്രായം?
സുപ്രീം കോടതി കുറ്റവിമുക്തമാക്കിയിട്ടില്ലെങ്കില്‍ അഫ്‌സല്‍ ഗുരുവിന്റെ അതേ ശിക്ഷ ഞാനും അനുഭവിക്കേണ്ടി വന്നേനെ. അവര്‍ അഫ്‌സലിനോട് ചെയ്‌തത് പൂര്‍ണമായും മനുഷ്യത്വരഹിതമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി സ്വയം അഭിമാനിക്കുന്ന രാജ്യമാണിത്. എന്നാല്‍, ഇപ്പോള്‍ സമാന്യ മനുഷ്യാവകാശം പോലും അവര്‍ നല്‌കിയില്ല. അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും അവര്‍ വകവെച്ചില്ല; ജനാധിപത്യവ്യവസ്ഥയുടെ വിപുലമായ വശങ്ങള്‍ വിസ്‌മരിക്കകയും ചെയ്‌തു. അഫ്‌സലിന്റെ കുടുംബത്തെ വിവരമറിയിച്ചിട്ടില്ല. സ്വന്തം ഉപ്പയെ അവസാനമായി ഒന്നു കാണാന്‍ ആ കുഞ്ഞിനെ അനുവദിച്ചില്ല. അഫ്‌സലിന്റെ കേസ്സില്‍, തുടക്കം മുതല്‍ക്കു തന്നെ എന്റെ നിലപാട് വ്യക്തമാണ്; അദ്ദേഹത്തെ ഒരിക്കല്‍ പോലും ന്യായവിചാരണ ചെയ്‌തില്ല. ഒരു വിചാരണ പ്രക്രിയ നടന്നിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നു.
തീര്‍ച്ചയായും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും വിചാരണ പ്രക്രിയ നടന്നിരിക്കാം. പക്ഷെ, അത് തീര്‍ത്തും പരിഹാസ്യവും അപര്യാപ്‌തവുമായിരുന്നു. വിധിയാകട്ടെ, ദുരഭിമാനപരവും. ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും അദ്ദേഹം നിയമ സഹായത്തിനുവേണ്ടി യാചിച്ചു, അഭിഭാഷകരുടെ പേരുകള്‍ നല്‌കി. നീരജ് ബല്‍സാല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഉപദേഷ്‌ടാവ്. നിയമ രേഖകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് കണ്ടെത്താം, താന്‍ അഫ്‌ലിന്റെ അഭിഭാഷകനാവാന്‍ തയ്യാറല്ലെന്നു പറഞ്ഞ് നീരജ് ബല്‍സല്‍ കോടതിയില്‍ അപേക്ഷ നല്‌കിയിരുന്നു. കോടതിയെ സഹായിക്കാന്‍, കോടതി തന്നെ അദ്ദേഹത്തോട് ആ പണി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു! അതുകൊണ്ടുതന്നെ അഫ്‌സലിന്റെ കേസില്‍ അദ്ദേഹം കോടതിയുമായി ഒരു ഏറ്റുമുട്ടലിന് മുതിര്‍ന്നില്ല. അദ്ദേഹം കോടതിയെ സഹായിക്കുകയായിരുന്നു. അങ്ങനെ ഈ കേസ്സില്‍ നീതി നിരാകരിക്കപ്പെട്ടു. ഒരു നിരപരാധി തൂക്കിലേറ്റപ്പെട്ടു.
മാധ്യമങ്ങള്‍ ഈ കേസ് കൈകാര്യം ചെയ്‌ത രീതിയെക്കുറിച്ച് എന്താണ് അഭിപ്രായം?
ഹിറ്റ്‌ലറിന് ഒരു ഗീബല്‍സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ രൂപത്തില്‍ ഭരണകൂടങ്ങള്‍ക്ക് അനേകം ഗീബല്‍സുമാരുണ്ട്. കബളിപ്പിച്ച് അവ അസത്യം ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുന്നു. തങ്ങള്‍ കോടതിയെ ആദരിക്കുന്നു എന്നവര്‍ അവകാശപ്പെടുന്നു. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നുണ്ടോ? അഫ്‌സലിന്റെ `കുറ്റസമ്മതം' നിയമവിരുദ്ധമായിരുന്നുവെന്ന് കോടതിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അഫ്‌സലിന്റെ `കുറ്റസമ്മതം' മരണശേഷവും അവര്‍ ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു. മരിച്ച ശരീരത്തില്‍ നിന്ന് മാംസം കൊത്തിവലിക്കുന്ന കഴുകന്മാരാണവര്‍. സുരക്ഷയുടെയും മറ്റും പേരു പറയുന്ന വിദഗ്‌ധന്മാരും അതു തന്നെയല്ലേ ചെയ്യുന്നത്?
കശ്‌മീരില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്?
ഭരണകൂടം കശ്‌മീരികള്‍ക്ക് ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് മുന്നില്‍ മറ്റു പോംവഴികളില്ലെന്നും ഒരു തോക്ക് കൈവശം വെച്ചാല്‍ വിവരമറിയുമെന്നും കശ്‌മീരി യുവാക്കള്‍ക്ക് താക്കീത് നല്‍കപ്പെട്ടിരിക്കുന്നു. ഒരു സ്ഥാപനവും നിങ്ങളെ സഹായിക്കാനുണ്ടാവില്ല. നിങ്ങളുടെ അവകാശങ്ങള്‍ അപഹരിക്കപ്പെട്ടാല്‍ ശക്തിപ്രയോഗമല്ലാതെ മറ്റൊരു മാര്‍ഗം നിങ്ങള്‍ക്ക് മുന്നിലില്ല. ഇത് വല്ലാത്ത ദുരന്തമാണ് വരുത്തിവെയ്‌ക്കുക, കശ്‌മീരില്‍ മാത്രമല്ല രാജ്യത്തുടനീളം. 1984ല്‍ മഖ്‌ബൂര്‍ ഭട്ട് തൂക്കിലേറ്റപ്പെട്ട കാലത്ത് വ്യത്യസ്‌തമായ ഒരു തലമുറയായിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ കശ്‌മീരി യുവാക്കള്‍ സാക്ഷരരും വിവരവും അവബോധവുമുള്ളവരുമാണ്. അവര്‍ നമ്മെപ്പോലെ അല്ല; ഭ്രൂണാവസ്ഥയിലിരിക്കുന്ന കാലം തൊട്ട് ഇടതടവില്ലാതെ വെടിയൊച്ചയും ബോംബ് സ്‌ഫോടനവും കേട്ടു വളരുന്നവരാണ്. തോക്കിന്റെ നിഴലില്‍ വളരുന്ന തലമുറ.
ഇത് കശ്‌മീരിലെ സമാധാന പ്രക്രിയയെയും ജനങ്ങളില്‍ ആത്മവിശ്വാസമുണര്‍ത്തുന്ന നടപടികളെയും ബാധിക്കുമോ?
എനിക്ക് രാഷ്‌ട്രീയക്കാരോട് സഹതാപമാണ് തോന്നുന്നത്. 2014ലെ തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് അവര്‍ക്കൊന്നും കാണാന്‍ കഴിയില്ല. രാജ്യത്ത് മൊത്തത്തിലും കശ്‌മീരിലും ഈ തൂക്കിക്കൊല സൃഷ്‌ടിക്കാവുന്ന ദുരന്തത്തെ അവര്‍ക്ക് കാണാനാകുന്നില്ല. ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്, ഇന്ത്യന്‍ വ്യവസ്ഥയ്‌ക്കകത്തുനിന്ന് കശ്‌മീരിന് ഒരിക്കലും നീതി കിട്ടാന്‍ പോകുന്നില്ലെന്നാണ്.
അഫ്‌സല്‍ നിരപരാധിയാണെന്നു വരികില്‍, താങ്കള്‍ കുറ്റവിമുക്തമാക്കപ്പെടുകയും ചെയ്‌തിരിക്കെ പിന്നെ ആരാണ് പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍? ആരാണ് കുറ്റവാളികള്‍?
ഞാന്‍ കുറ്റവിമുക്തനായ അന്നുമുതല്‍ ചോദിക്കുന്ന ചോദ്യമാണിത്. കോടതിയിലെ അഫ്‌സലിന്റെ പ്രസ്‌താവന ശ്രദ്ധിച്ചാല്‍, അദ്ദേഹത്തിന്റെ ചൂണ്ടുവിരലുകള്‍ നീളുന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് നേരെയാണ്. എല്ലാവരും വാചാലമാകുന്നത് രഷ്‌ട്ര സുരക്ഷയെക്കുറിച്ചാണ്. എന്നാല്‍, അത്തരം സ്ഥലങ്ങളില്‍ ഏജന്‍സികളുടെ റോളിനെക്കുറിച്ച് ആരും ബോധവാന്മാരല്ല. ഇതെന്നെ ഞെട്ടിച്ചിരുന്നു. ഈ പ്രശ്‌നത്തില്‍ ഒരു ധവളപത്രം ആവശ്യപ്പെട്ട പ്രഥമ വ്യക്തി ഞാനാണ്. എന്നാല്‍ സര്‍ക്കാര്‍ സഹകരിച്ചില്ല.
അഫ്‌സലിന്റെ വസ്‌തുക്കള്‍ കുടുംബത്തിന് കൈമാറാന്‍ ആഭ്യന്തരവകുപ്പ് സന്നദ്ധത അറിയിച്ചിരിക്കുന്നു. കുടുംബാംഗങ്ങള്‍ തീഹാര്‍ ജയിലില്‍ നിന്ന് അത് സ്വീകരിക്കുകയും അഫ്‌സലിനുവേണ്ടി അന്ത്യപ്രാര്‍ഥനകള്‍ നടത്തുകയും ചെയ്യുമോ?
അഫ്‌സലിന്റെ ജഡം അന്ത്യോപചാരം അര്‍പ്പിക്കാന്‍ തങ്ങള്‍ക്ക് കൈമാറണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. പ്രാര്‍ഥന കശ്‌മീരില്‍ ഇരുന്നോ മറ്റെവിടെയെങ്കിലുമോ ആകാം. അദ്ദേഹത്തിന്റെ വസ്‌തുക്കളെ സംബന്ധിച്ചാണെങ്കില്‍, അത് അദ്ദേഹത്തിന്റെ കുടംബത്തിനു മാത്രമല്ല, കശ്‌മീരികള്‍ക്കെല്ലാം അവകാശപ്പെട്ടിട്ടുള്ളതാണ്. അതിപ്പോള്‍ ഒരു നിധിയാണ്.
(കടപ്പാട്: ഔട്ട്‌ലുക്ക്)
0 comments: