ജിന്ന്‌, സിഹ്‌റ്‌ യഥാര്‍ഥ പ്രശ്‌നങ്ങള്‍

  • Posted by Sanveer Ittoli
  • at 8:51 AM -
  • 0 comments
ജിന്ന്‌, സിഹ്‌റ്‌ യഥാര്‍ഥ പ്രശ്‌നങ്ങള്‍
- പ്രതികരണം -
അബ്‌ദുര്‍റഹ്‌മാന്‍ ഇരിവേറ്റി
ഞാനുമായി നടത്തിയ ഒരഭിമുഖമെന്ന മട്ടില്‍ `സുന്നി വോയ്‌സ്‌' വാരിക പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ ശബാബ്‌ പുനപ്രസിദ്ധീകരിച്ചത്‌ ശ്രദ്ധയില്‍ പെട്ടു. അതു സംബന്ധിച്ച ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത്‌ അനിവാര്യമായതുകൊണ്ടാണ്‌ ഇതെഴുതുന്നത്‌.`സുന്നിവോയ്‌സു'കാര്‍ അഭിമുഖം എന്റെ അറിവോടെത്തന്നെ റിക്കാര്‍ഡ്‌ ചെയ്‌തിരുന്നെങ്കിലും അതപ്പടി പ്രസിദ്ധീകരിക്കുകയല്ല ചെയ്‌തത്‌. അതിനാല്‍ അതില്‍ അവ്യക്തത മാത്രമല്ല, അബദ്ധങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്‌. ഞാന്‍ വളരെ ശക്തമായി ഉന്നയിച്ച ചില വാദങ്ങള്‍ അഴകൊഴമ്പനായും അവ്യക്തമായുമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. അഭിമുഖം വായിക്കുന്ന ഒരാള്‍ക്ക്‌ `അത്ര വലിയ പ്രശ്‌നമൊന്നുമില്ല' എന്ന്‌ തോന്നാന്‍ അതിട വരുത്തുന്നുണ്ട്‌. ഞാനുന്നയിച്ച ചില പ്രശ്‌നങ്ങള്‍ക്ക്‌ മറുപടി പറയാന്‍ `സുന്നികള്‍' കൂടി ബാധ്യസ്ഥരായതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഞാനൊരിക്കലും ഉപയോഗിക്കാത്ത ചില പദങ്ങളും (ഉദാ: പരിഹസിക്കുക, ഒതുക്കുക) ശൈലികളുമെല്ലാം അതില്‍ കാണുന്നുണ്ട്‌. ഫലത്തില്‍ ആ അഭിമുഖം വസ്‌തുനിഷ്‌ഠമല്ല എന്നു പറയേണ്ടിയിരിക്കുന്നു.
യഥാര്‍ഥ പ്രശ്‌നങ്ങള്‍
ജിന്നിനോടും മലക്കിനോടും വിജനമായ സ്ഥലത്തുവെച്ച്‌ വിളിച്ച്‌ സഹായം തേടുന്നത്‌ ശിര്‍ക്കാണോ അല്ലയോ എന്നൊരു പ്രശ്‌നമാണ്‌ ഈ സംഘടനയില്‍ നടക്കുന്നതെന്നാണ്‌ പി അബ്‌ദുല്‍ ജബ്ബാര്‍ മൗലവി, സകരിയ്യ സ്വലാഹി പ്രഭൃതികളുടെയും അവരെ എതിര്‍ക്കുന്ന സംഘടനയുടെയും വിമര്‍ശനങ്ങളില്‍ നിന്ന്‌ സാധാരണ ജനങ്ങള്‍ ധരിച്ചുവശാകുന്നത്‌. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം അതല്ല. സകരിയ്യാ സ്വലാഹിയോ കൂട്ടരോ മറ്റാരെങ്കിലുമോ വിജനമായ പ്രദേശത്തോ അല്ലാത്തിടത്തോ വെച്ച്‌ ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന്‌ പറഞ്ഞാല്‍ ഉടനെ അത്‌ സ്വീകരിച്ച്‌ സഹായം തേടാനൊന്നും ഇവിടെ ആരെയും കിട്ടുകയില്ല. അപകട ഘട്ടത്തിലാണല്ലോ ഒരാള്‍ സഹായം തേടുന്നത്‌.
വിജനമായ സ്ഥലത്ത്‌ കുടുങ്ങിപ്പോകുന്നവരും കിണറ്റിലേക്ക്‌ വീഴുന്നവരും `അല്ലാഹുവിന്റെ അടിയാറുകളേ എന്നെ സഹായിക്കണേ' എന്ന്‌ സഹായം തേടുകയും തന്റെ ഈ തേട്ടത്തില്‍ ജിന്നുകളും മലക്കുകളും പെടുമെന്ന്‌ `നിയ്യത്ത്‌' ചെയ്യുകയും ചെയ്യുന്നത്‌ കിത്താബോതി തിരിഞ്ഞുപോയ മുസ്‌ലിയാക്കന്മാരുടെയും മൗലവിമാരുടെയും സങ്കല്‌പത്തിലെ കഥകള്‍ മാത്രമാണ്‌. പ്രയോഗത്തില്‍ ജീവിതത്തില്‍ അത്‌ സംഭവിക്കാന്‍ പോകുന്നില്ല. അധിക വിശ്വാസികളും -മുസ്‌ലിംകള്‍ മാത്രമല്ല- ദൈവത്തെയാണ്‌ അത്തരം ഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കുക. ചില പ്രതിഷ്‌ഠകളെയോ മരിച്ചുപോയവരെയോ ചിലര്‍ വിളിച്ചേക്കാം. അതവര്‍ ശീലിച്ചു പോയതുകൊണ്ടാണ്‌. 
ഉമ്മേ ബാപ്പേ എന്നോ `മണ്ടിവര്യേ' എന്നൊക്കെ പറഞ്ഞു എന്ന്‌ വരാം. അതും ശീലം കൊണ്ടാണ്‌. ജിന്നിനെയും മലക്കിനെയും അവര്‍ ശീലിച്ചിട്ടില്ല. ഇനിയിപ്പോള്‍ ഈ മൗലവിമാരുടെ വഅള്‌ കേട്ട്‌ അതവര്‍ ശീലിക്കാനും പോകുന്നില്ല! വിജനമായ പ്രദേശത്ത്‌ (കടലില്‍) കുടുങ്ങിയപ്പോള്‍ മക്കായിലെ കടുത്ത ബഹുദൈവാരാധകര്‍ പോലും അല്ലാഹുവുവിനോടേ സഹായം തേടിയിട്ടുള്ളൂ. 
യഥാര്‍ഥ പ്രശ്‌നം മനുഷ്യ ജീവിതരംഗങ്ങളിലെ ജിന്നിന്റെ സാന്നിധ്യമാണ്‌. നമ്മുടെ റൂമുകളിലും വരാന്തകളിലും വടക്കിനിക്ക്‌ പിന്നിലുമെല്ലാം ജിന്നുകള്‍ വിഹരിക്കുക, അവയുടെ സുരക്ഷിതത്വത്തിന്‌ കോട്ടം തട്ടാതെ നോക്കാന്‍ നാം ബാധ്യസ്ഥരാകുക! ഉദാഹരണം നമ്മുടെ റൂമില്‍ വല്ല ഫര്‍ണിച്ചറുകളും സ്ഥലം മാറ്റിയിടുമ്പോള്‍ നാമാ കാര്യം ആദ്യം ജിന്നിനോട്‌ പറയണം! നമ്മുടെ മേശയുടെ വലിപ്പ്‌ പെട്ടെന്നങ്ങ്‌ വലിച്ചടയ്‌ക്കാന്‍ പാടില്ല. ജിന്നുകളുടെ കൈപ്പടങ്ങള്‍ കുടുങ്ങിയേക്കും. നമ്മുടെ വടക്കിനിയില്‍ നിന്നു ചൂട്‌ വെള്ളം പുറത്തേക്കൊഴിക്കുമ്പോള്‍ ജിന്നുകളോട്‌ പറയണം. വടക്കിനിക്ക്‌ പിറകില്‍ (അനധികൃതമായി) അവ ഇരിക്കുന്നുണ്ടാകും. തെങ്ങില്‍ നിന്ന്‌ തേങ്ങയിടുമ്പോഴും കാടുവെട്ടുമ്പോഴുമൊക്കെ ആദ്യം ജിന്നിനെ അറിയിക്കണം.
``ജിന്ന്‌ പാമ്പായും വരും! അതിനാല്‍ നമ്മുടെ പറമ്പിലോ വീട്ടിനകത്തോ വിഷപ്പാമ്പിനെ കണ്ടാല്‍ പെട്ടെന്ന്‌ കൊല്ലാന്‍ പാടില്ല. `പോ പാമ്പേ പോ' എന്നിങ്ങനെ മൂന്ന്‌ പ്രാവശ്യമോ മൂന്ന്‌ ദിവസമോ (രണ്ട്‌ ഖൗലുണ്ട്‌) പാമ്പിനെ സൈ്വരമായി ഉപദേശിക്കണം. ജിന്ന്‌, സ്‌ത്രീകളുടെയടുത്ത്‌ ഭര്‍ത്താവില്ലാത്ത നേരം നോക്കി, ഭര്‍ത്താവിന്റെ തനി രൂപത്തില്‍ (ഗ്രീക്ക്‌ പുരാണത്തിലെ സോസ്‌ ദേവനെപ്പോലെ) വന്ന്‌ ചാരിത്ര്യ ചോരണം നടത്തും. അതുമൂലം സന്താനാല്‌പാദനവും നടക്കും'' -ഈ വിധത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ളവയും പരിഹരിക്കാന്‍ കഴിയാത്തവയുമായ `ജിന്ന്‌ വിശ്വാസങ്ങളുടെ' പ്രചരണമാണ്‌ യഥാര്‍ഥ പ്രശ്‌നം. അത്‌ ഇരുവിഭാഗങ്ങളും മൂടിവെക്കുകയാണ്‌.
ഖുര്‍ആനില്‍ ജിന്നിനെക്കുറിച്ച്‌ നിരവധി പരാമര്‍ശങ്ങളുണ്ട്‌. `ജിന്ന്‌' എന്നൊരു അധ്യായം തന്നെയുണ്ട്‌. അവയിലൊന്നും ഒരു വിദൂര സൂചനകള്‍ പോലുമില്ലാത്ത ഈ ഭ്രാന്തന്‍ചിന്തകള്‍ ആദ്യം വിരിഞ്ഞത്‌ ഖുറാഫാത്തില്‍ നിന്നും മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക്‌ ചേക്കേറിയ ഒരു അലോപ്പതി ഡോക്‌ടറുടെ തലയിലാണ്‌. അയാള്‍ `ജിന്നി'നെ കുറിച്ച്‌ `ഗവേഷണം' നടത്തി കണ്ടെത്തിയതാണ്‌ ഈ കാര്യങ്ങള്‍. ഗൈബിയായ (അദൃശ്യം) കാര്യങ്ങളില്‍ ഗവേഷണം പാടില്ലെന്ന പ്രാഥമിക വിവരം പോലുമില്ലാതെ ഒരാള്‍ ഇത്തരം അബദ്ധങ്ങള്‍ ചെയ്യുമ്പോള്‍ `പണ്ഡിതന്മാരെ'ന്ന്‌ സ്വയം അഹങ്കരിക്കുന്നവര്‍, ഗൈബിയായ കാര്യങ്ങളില്‍ ഗവേഷണം പാടില്ലെന്ന കാര്യം അയാളെ തെര്യപ്പെടുത്തുകയായിരുന്നു വേണ്ടത്‌. എന്നാല്‍ ഈ `പണ്ഡിതന്മാര്‍' അയാളുടെ ഗവേഷണഫലങ്ങള്‍ കണ്ട്‌ പേടിക്കുകയും അയാള്‍ക്കനുകൂലമായി തെളിവുകളുണ്ടാക്കാന്‍ വാറോലകള്‍ പരതുകയുമാണ്‌ ചെയ്‌തത്‌. 
അങ്ങനെ കുറെ കൊച്ചു മൗലവിമാര്‍ ഗവേഷണത്തിനും വിശദീകരണത്തിനുമായി ഇറങ്ങി. അതോടെ `ജിന്നു'കള്‍ക്ക്‌ കയ്യും കണക്കുമില്ലാതായി. ജിന്നുകളെ നേരില്‍ കണ്ട `ദാഇ' (പ്രബോധകന്‍) മാരുണ്ടായിരുന്നു. ജിന്ന്‌ എക്‌സിബിഷനില്‍ വന്നിരുന്ന അനുഭവമുണ്ടായി. ജിന്നുകളെ പേടിച്ച്‌ രാത്രി പുറത്തിറങ്ങാത്ത സാധാരണക്കാരും, പള്ളികളില്‍ കിടക്കാത്ത പള്ളി ജീവനക്കാരും ഉണ്ടായി. `ജിന്നു കയറ്റങ്ങള്‍' ഒരു നൂറ്റാണ്ടിന്റെ ഇടവേളക്ക്‌ ശേഷം മുജാഹിദ്‌ കുടുംബങ്ങളില്‍ സംഭവിച്ചു. വെള്ളത്തിലും എണ്ണയിലും മന്ത്രിച്ചൂതലും മാരകമായ അടിച്ചുചികിത്സയും സജീവ മുജാഹിദ്‌ മഹല്ലുകളിലെ കുടുംബങ്ങളിലുണ്ടായി. മുസ്‌ലിം സ്‌ത്രീകള്‍ ചാരിത്ര്യ ചോരണത്തിനായി എത്തുന്ന `ഗന്ധര്‍വന്മാരെ' ഭയപ്പെടുകയും ജീവിതം ഭയചകിതവും ആശങ്കാജനകവുമായി.
ഇതാണ്‌ യഥാര്‍ഥ പ്രശ്‌നം. അഭൗതിക സൃഷ്‌ടികളോട്‌ സഹായംതേടല്‍ അഭൗതികവും അതിനാല്‍ തന്നെ ശിര്‍ക്കും ആണ്‌. സംശയമില്ല. അത്‌ കണ്ടുപിടിക്കാന്‍ ഒരു നൂറ്റാണ്ട്‌ തൗഹീദും ശിര്‍ക്കും പ്രസംഗിച്ചു നടന്ന ഒരു സംഘടനയുടെ പണ്ഡിതസഭയ്‌ക്ക്‌ ആറ്‌ വര്‍ഷം വേണ്ടിവന്നത്‌ കുറ്റകരവും ലജ്ജാകരവുമാണ്‌. സാധാരണക്കാരായ നമുക്കതിന്‌ ആറ്‌ മിനുട്ട്‌ പോലും വേണ്ടിവന്നില്ല.
മുകളില്‍ പറഞ്ഞ ജിന്ന്‌ ചിന്തകള്‍ യഥാര്‍ഥമോ? അതിന്‌ തെളിവുകളുണ്ടോ? വാറോലകള്‍ തെളിവാക്കി സമര്‍ഥിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകുമോ? ഇത്‌ പ്രായോഗിക ജീവിതത്തില്‍ തെളിയിക്കാനുള്ള വെല്ലുവിളി സ്വീകരിക്കുമോ? ഇതിനൊന്നും കഴിയില്ലെങ്കില്‍ പിഴച്ചുപോയ ഈ ചിന്തകള്‍ പ്രചരിപ്പിച്ചതിന്‌ അല്ലാഹുവിനോട്‌ പരസ്യമായി മാപ്പപേക്ഷിച്ചുകൊണ്ട്‌ ജനങ്ങളോട്‌ ക്ഷമ ചോദിക്കുമോ?
2011-ലും ഈ ചിന്തയെ പിന്താങ്ങിയ സംഘടനയുടെ `മഹാപണ്ഡിതന്മാരും' മാപ്പ്‌ പറയുമോ? 
സിഹ്‌റും സംഘടനയും
`സിഹ്‌റിന്‌ യാഥാര്‍ഥ്യമുണ്ടെ'ന്ന്‌ ഈ സംഘടനയുടെ പണ്ഡിത സംഘടന (കെ ജെ യു) 2011-ല്‍ ഇറക്കിയ ഒരു പുസ്‌തകത്തില്‍ പറയുന്നു. അതിന്‌ പ്രാമാണികമായ തെളിവുകള്‍ ഉദ്ധരിച്ചിട്ടില്ല! മാത്രമല്ല, `സിഹ്‌റിന്‌ യാഥാര്‍ഥ്യമുണ്ട്‌' എന്ന സംഘടനയുടെ പഴയ നിലപാട്‌ ആവര്‍ത്തിക്കുന്നു എന്നല്ല പറഞ്ഞിട്ടുള്ളത്‌. ഇത്‌ ഒരു കാര്യം വ്യക്തമാക്കുന്നു. സംഘടനക്ക്‌ 2011-ന്‌ മുമ്പ്‌ സിഹ്‌റ്‌ യാഥാര്‍ഥ്യമാണ്‌ എന്നൊരു നിലപാടില്ല.
സംഘടന രൂപീകൃതമായ കാലം തൊട്ട്‌ സിഹ്‌റിന്‌ യാഥാര്‍ഥ്യമുണ്ട്‌ എന്നും യാഥാര്‍ഥ്യമില്ല എന്നും വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന രണ്ടു വിഭാഗം ഈ സംഘടനയിലുണ്ടായിരുന്നു. അവരില്‍ പണ്ഡിതന്മാരും സാധാരണക്കാരുമുണ്ട്‌. ഈ രണ്ട്‌ വീക്ഷണത്തെയും സംഘടന ഉള്‍ക്കൊണ്ടു. സിഹ്‌റ്‌ ഒരു പ്രബോധന വിഷയമാക്കാതെയാണ്‌ സംഘടന രണ്ടു വീക്ഷണങ്ങളും ഉള്‍ക്കൊണ്ടത്‌. എന്നാല്‍ ഈ രണ്ടു വിഭാഗങ്ങളും സിഹ്‌റ്‌ വിശ്വാസത്തിനും പ്രയോഗത്തിനുമെതിരായി ശക്തമായ ബോധവത്‌കരണത്തില്‍ ഏര്‍പ്പെട്ടുപോന്നു. അത്‌ കാരണം സിഹ്‌റ്‌ സംബന്ധിച്ച്‌ കുടുംബങ്ങളില്‍ അരങ്ങേറിയിരുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കലാപങ്ങളും കൊലപാതകങ്ങളും അവസാനിച്ചു. മുജാഹിദ്‌ കുടുംബ സംവിധാനം അങ്ങനെ സന്തുഷ്‌ടവും ക്ഷേമ ഐശ്വര്യപൂര്‍ണവുമായിത്തീര്‍ന്നു. ഒരു നിര്‍ഭയ ജനത രൂപംകൊണ്ടു. ഇക്കാലത്ത്‌ മുജാഹിദുകളിലെ വലിയ ഭൂരിപക്ഷം സിഹ്‌റിന്‌ യാഥാര്‍ഥ്യമില്ല എന്ന വീക്ഷണം തന്നെയാണ്‌ പുലര്‍ത്തിപ്പോന്നത്‌.
അല്‍മനാര്‍ ഈ സംഘടനയുടെ മുഖപത്രമാണ്‌. മതപരമായ മുജാഹിദ്‌ നിലപാടുകള്‍ ആധികാരികമായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണത്‌. അല്‍മനാറിലെ ഉള്ളടക്കങ്ങള്‍ ആ വിധത്തില്‍ തന്നെയാണ്‌ സാധാരണക്കാരും പണ്ഡിതന്മാരും വിലയിരുത്തുന്നത്‌. സംഘടനയുടെ ദാഇമാര്‍ പ്രബോധനത്തിന്‌ ആധികാരിക രേഖയായിട്ട്‌ പോലും ഉദ്ധരിക്കാറുള്ളതാണ്‌ അല്‍മനാറിലെ ലേഖനങ്ങള്‍. അല്‍മനാറില്‍ 1982 നവംബര്‍ ലക്കത്തില്‍ `സിഹ്‌റ്‌' എന്ന ഒരു ലേഖനമുണ്ട്‌. എഴുത്തുകാരനും പണ്ഡിതനുമായ മൂസാ വാണിമേലാണ്‌ ആ ലേഖനത്തിന്റെ കര്‍ത്താവ്‌. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. `സിഹ്‌റി'നെക്കുറിച്ച്‌ പ്രാണങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായി വിലയിരുത്തിയിട്ടുള്ള പഠനാര്‍ഹമായ ആ ലേഖനം അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌: ``ചുരുക്കത്തില്‍ യഥാര്‍ഥമോ സ്വതന്ത്രമായ പ്രതിഫലനമോ ഇല്ലാത്ത ഒരു മിഥ്യയാണ്‌ സിഹ്‌റ്‌. ഇസ്‌ലാം വിരോധിച്ചതുകൊണ്ടു മാത്രം അതിന്‌ യാഥാര്‍ഥ്യമുണ്ടായിക്കൊള്ളണമെന്നില്ല. കാരണം അല്ലാഹുവില്‍ പങ്ക്‌ ചേര്‍ക്കുന്നതും ഇസ്‌ലാം കഠിനമായി വിരോധിച്ചിരിക്കുന്നു. പക്ഷേ, അങ്ങനെയൊരു പങ്കുകാരാരും യഥാര്‍ഥത്തില്‍ അല്ലാഹുവിനില്ല താനും.''
`സിഹ്‌റിന്‌ യാഥാര്‍ഥ്യമില്ല' എന്ന്‌ അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്ന ഈ ലേഖനം വന്ന കാലത്ത്‌ അല്‍മനാറിന്റെ ചീഫ്‌എഡിറ്റര്‍ പ്രസിദ്ധ പണ്ഡിതന്മാരായ പി കെ മൂസാ മൗലവിയും (പുളിക്കല്‍) എഡിറ്റര്‍ മറ്റൊരു പ്രഗത്ഭ പണ്ഡിതനായിരുന്ന എന്‍ വി അബ്‌ദുസ്സലാം മൗലവിയുമായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിലെ എണ്ണിപ്പറയുന്ന പ്രഗത്ഭ പണ്ഡിതന്മാരൊക്കെ അന്ന്‌ ജീവിച്ചിരുപ്പുണ്ടായിരുന്നു. തങ്ങളുടെ വിഘടിത വാദങ്ങള്‍ക്ക്‌ ജിന്നു വാദക്കാര്‍ തെളിവായി ഡോക്‌ടര്‍ ഉസ്‌മാന്‍ സാഹിബിനെയും അമാനി മൗലവിയെയും ഉദ്ധരിക്കാറുണ്ടല്ലോ. ഈ രണ്ട്‌ മഹാവ്യക്തികളും അക്കാലത്ത്‌ ജീവിച്ചിരിപ്പുണ്ടായിരുന്നു.
`സിഹ്‌റ്‌' സംബന്ധിച്ച ഈ ലേഖനത്തിന്‌ ഏതെങ്കിലുമൊരു മുജാഹിദ്‌ പണ്ഡിതനോ സാധാരണക്കാരനോ ഒരു വിമര്‍ശനമോ ഒരു ഭിന്നാഭിപ്രായക്കുറിപ്പോ എഴുതുകയുണ്ടായില്ല!
സിഹ്‌റ്‌ (മാരണം) യാഥാര്‍ഥ്യമില്ലാത്തതും പൗരോഹിത്യത്തിന്റെ തട്ടിപ്പുമാണെന്നും ചങ്ങരംകുളത്ത്‌ നടന്ന മുജാഹിദ്‌ സമ്മേളന പ്രചരണാര്‍ഥം ഇറക്കിയ ലഘുലേഖയിലും ആവര്‍ത്തിച്ചിട്ടുണ്ട്‌. 2006-ല്‍ എറണാകുളത്ത്‌ നടന്ന സാല്‍വേഷന്‍ എക്‌സിബിഷനോടനുബന്ധിച്ചിറക്കിയ ലഘുലേഖയിലും ഇതുതന്നെയാണ്‌ പറയുന്നത്‌.
ഈ സംഘടനയുടെ ദഅ്‌വാ വിഭാഗം പ്രബോധനത്തിനായി ഇറക്കിയ ലഖുലേഖയില്‍ പറയുന്നത്‌ സിഹ്‌റില്‍ യാഥാര്‍ഥ്യമുണ്ടെന്ന വിശ്വാസം ഇസ്‌ലാം ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളില്‍ പെട്ടതാണെന്നാണ്‌. അതിങ്ങനെയാണ്‌: ``സിഹ്‌റ്‌ (മാരണം) അതല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ വിശ്വസിക്കുകയോ അവ തൃപ്‌തിപ്പെടുകയോ അവയെ സഹായിക്കുകയോ ചെയ്യല്‍.'' (ഇസ്‌ലാം ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍- അബ്‌ദുല്ലത്തീഫ്‌ സുല്ലമി മാറഞ്ചേരി, ദഅ്‌വാ വിഭാഗം പ്രസിദ്ധീകരണം)
1982 മുതല്‍ 2011 വരെ നിരാക്ഷേപം വിശ്വസിച്ചതും പ്രചരിപ്പിച്ചതും പ്രബോധനം ചെയ്‌തതുമായ `സിഹ്‌റിന്‌ യാഥാര്‍ഥ്യമില്ല' എന്ന നിലപാട്‌, 2011-ല്‍ ഇതിന്‌ നേര്‍ വിപരീതമായി `സിഹ്‌റിന്‌ യാഥാര്‍ഥ്യമുണ്ട്‌' എന്ന്‌ തിരുത്തുവാന്‍ ഈ ജംഇയ്യത്തുല്‍ ഉമലയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്‌? കഴിഞ്ഞ 30 വര്‍ഷം പ്രബോധനം ചെയ്‌ത കാര്യം തെറ്റായിരുന്നുവെന്നോ അതില്‍ ഖേദിക്കുന്നുവെന്നോ ക്ഷമ ചോദിക്കുന്നുവെന്നോ ഒന്നും ആ പുസ്‌തകത്തില്‍ പറഞ്ഞിട്ടില്ല. മറിച്ച്‌ പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‌ക്കുന്ന എന്നെപ്പോലുള്ള പ്രവര്‍ത്തകരെ സംഘടയില്‍ പൊറുപ്പിക്കുകയില്ലെന്നാണ്‌ ഭീഷണിപ്പെടുത്തുന്നത്‌.
ഈ കാര്യത്തില്‍ ഈ കെ ജെ യു എന്തെങ്കിലുമൊന്ന്‌ പറഞ്ഞേ മതിയാകൂ. പുതിയ ഈ `പുളിക്കല്‍ സുന്നഹദോസ്സിന്‌' മതപരമായി നിലനില്‌പുണ്ടോ?(തുടരും)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: