നബി(സ)യുടെ ജീവിതവും മരണവും യാഥാസ്ഥിതികരുടെ വാദങ്ങളും-3
- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
അല്ലാഹു പറയുന്നു: ``അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവര്‍.'' (സൂറതുന്നൂര്‍ 62)
നബി(സ) ജീവിച്ചിരുന്ന കാലത്ത് മുസ്‌ലിംകളോട് അനുഷ്‌ഠിക്കാന്‍ പറഞ്ഞ മര്യാദകള്‍ മരണശേഷവും ബാധകമാണെന്നും നബി(സ)യുടെയും സത്യവിശ്വാസികളുടെയും മരണവും ജീവിതവും തുല്യമാണെന്നും ജല്‌പിച്ച് മരണപ്പെട്ടവരെ വിളിച്ചുതേടാന്‍ തെളിവുണ്ടാക്കുന്ന യാഥാസ്ഥിതിക മുസ്‌ലിയാക്കന്മാര്‍ ഏതെങ്കിലും പൊതുകാര്യത്തില്‍ നബി(സ)യെ പങ്കെടുപ്പിച്ചിട്ടുണ്ടോ? നബി(സ)യോടു സമ്മതം ചോദിച്ച് മറുപടി ലഭിച്ച ശേഷം വല്ല യോഗത്തില്‍ നിന്നും ഇവര്‍ പിരിഞ്ഞു പോയിട്ടുണ്ടോ? അപ്പോള്‍ ഈ സൂക്തപ്രകാരവും ഇവര്‍ അല്ലാഹുവിലും അവന്റെ ദുതനിലും വിശ്വസിച്ചവരെല്ലാം തനിച്ച സത്യനിഷേധികളാണ്.
2). അല്ലാഹു പറയുന്നു: ``അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്‌ദത്തെ പ്രവാചകന്റെ ശബ്‌ദത്തിന്റെ മീതെ നിങ്ങള്‍ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നതു പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മങ്ങള്‍ നിഷ്‌ഫലമായിപ്പോകാതിരിക്കാന്‍ വേണ്ടി.'' (ഹുജുറാത്ത് 2)
നബി(സ) ജീവിച്ചിരിക്കുമ്പോള്‍ അവിടുത്തെ സദസ്സില്‍ വെച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളാണ് ഇവിടെ വിവരിക്കുന്നത്. ഇന്ന് അഹ്‌സനിമാരും സഖാഫികളും ഫൈസിമാരും സംസാരിക്കുമ്പോള്‍ തന്റെ ശബ്‌ദം നബി(സ)യുടെ ശബ്‌ദത്തിന്റെ മേല്‍ ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതില്ല. ഭയപ്പെടേണ്ടതില്ല. നബി(സ)യുടെ ശബ്‌ദത്തിന്റെ മേല്‍ ശബ്‌ദം ഉയര്‍ന്നതിനാല്‍ തന്റെ സല്‍ക്കര്‍മങ്ങള്‍ നിഷ്‌ഫലമാകുന്ന പ്രശ്‌നം ഉത്ഭവിക്കുന്നുമില്ല. തന്നേക്കാള്‍ ഉയര്‍ന്നവരോട് സംസാരിക്കുമ്പോള്‍ ഈ മര്യാദ അനുഷ്‌ഠിച്ചാല്‍ മതി.
3). ``മറകള്‍ക്ക് പുറത്തുനിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ബുദ്ധി ഉപയോഗിക്കാത്തവരാണ്.'' (ഹുജുറാത്ത് 4)
നബി(സ) ഇപ്പോള്‍ മറക്കുപിന്നിലാണ്. അതിനാല്‍ നബി(സ)യെ വിളിച്ച് തേടുന്നവര്‍ ബുദ്ധി ഇല്ലാത്തവരാണെന്ന് അല്ലാഹു തന്നെ ഇവിടെ വ്യക്തമാക്കുന്നു.
4). ``നീ അവരുടെ ധനത്തില്‍ നിന്ന് ദാനധര്‍മം പിരിച്ചെടുക്കുക. അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുവാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‌കുന്നതാണ്.'' (തൗബ 103)
പ്രവാചകന്റെ ജീവിതവും മരണവും തുല്യമാണെങ്കില്‍ ഏത് യാഥാസ്ഥിതികരുടെ ധനത്തില്‍ നിന്നാണ് പ്രവാചകന്‍ അവരെ ശുദ്ധീകരിക്കാന്‍ സകാത്ത് പിരിച്ചെടുത്തത്? ഇവരുടെ സകാത്ത് നബി(സ)യുടെ പ്രാര്‍ഥന ലഭിക്കാന്‍ വേണ്ടി നബി(സ)യുടെ ഖബ്‌റിന്റെ അടുത്തുകൊണ്ടുപോയി നിക്ഷേപിക്കുകയാണോ ഇവര്‍ ചെയ്യാറുള്ളത്?
5). ``അവരുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനകളിലൂടെ ആയിരിക്കും.'' (ശൂറാ 38)
``നബിയേ, നീ അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും കാര്യങ്ങളില്‍ നീ അവരോടു കൂടിയാലോചിക്കുകയും ചെയ്യുക.'' (ആലുഇംറാന്‍ 159)
മരണശേഷവും നബി(സ) ഈ സമസ്‌ത ഖുബൂരികളുമായി കാര്യങ്ങളില്‍ കൂടിയാലോചിക്കാറുണ്ടോ? സ്വഹാബിവര്യന്മാര്‍ എന്തു പ്രശ്‌നമുണ്ടായാലും നബി(സ)യെ ആദരിക്കാനും ബഹുമാനിക്കാനും വേണ്ടി അവരുടെ കാര്യങ്ങളില്‍ നബി(സ)യുമായി കൂടിയാലോചിക്കാറുണ്ട്. എന്നാല്‍ ഇവര്‍ ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും നബി(സ)യുമായി കൂടിയാലോചിച്ചിട്ടുണ്ടോ? ഇവിടെ നബി(സ)യുടെ പവിത്രതയെ ഇവര്‍ അവഗണിക്കുന്നു.
6). അല്ലാഹു പറയുന്നു: ``നിര്‍ഭയത്വത്തിന്റെയോ അല്ലെങ്കില്‍ ഭീതിയുടെയോ വല്ല വാര്‍ത്തയും അവര്‍ക്കു വന്നുകിട്ടിയാല്‍ അവരത് (യാഥാര്‍ഥ്യം ഗ്രഹിക്കാതെ) പ്രചരിപ്പിക്കും. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന്ന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു.'' (അന്നിസാഅ് 83)
സമസ്‌തയെ സംബന്ധിച്ച് ഭയത്തിന്റെ ഒരു പ്രശ്‌നമായിരുന്നു ഖുര്‍ആന്‍ പരിഭാഷയുടെ പ്രശ്‌നം. കെ വി കൂറ്റനാട് മുസ്‌ലിയാര്‍ ഖുര്‍ആന്‍ പരിഭാഷ അനുവദനീയമാണെന്ന് പറഞ്ഞു ഗ്രന്ഥം എഴുതി. ഖുര്‍ആന്‍ പരിഭാഷ ഹറാമാണെന്ന് പ്രഖ്യാപിച്ച് കെ വിയെ ഖണ്ഡിച്ചുകൊണ്ട് ഇ കെ ഹസന്‍ മുസ്‌ലിയാരും ഗ്രന്ഥമിറക്കി. നബിയിലേക്ക് മടക്കാനാണ് അല്ലാഹു ആദ്യമായി ഇവിടെ കല്‌പിക്കുന്നത്. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്താണ് ഇത്തരം തര്‍ക്കം ഉണ്ടായതെന്ന് സങ്കല്‌പിക്കുക. എന്നാല്‍ ഇവര്‍ നബി(സ)യെ സമീപിക്കാതെ രണ്ടുവിഭാഗവും ഗ്രന്ഥരചനയും പ്രസംഗങ്ങളും നടത്തുകയാണെങ്കില്‍ ഇവര്‍ കപടവിശ്വാസികളും കാഫികളുമായിരിക്കുമെന്ന് സൂറതുന്നിസാഅ്‌ലെ തന്നെ ധാരാളം സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ പ്രശ്‌നത്തില്‍ അവരുടെ വാദമാണ് ശരിയെന്ന് ഇവര്‍ ഇതുവരെ നബി(സ)യുടെ ഖബറിലേക്ക് മടക്കി തീരുമാനം കണ്ടെത്തിയിട്ടില്ല. അതിനാല്‍ നബി(സ)യുടെ ജീവിതവും മരണവും തുല്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇവര്‍ സ്വയം കാഫിറുകളാവുകയാണ്. നബി(സ)യുടെ പവിത്രതെ ഇവര്‍ ഇവിടെയും നശിപ്പിച്ച് കപടവിശ്വാസികളായിരിക്കുകയാണ്.
7). പ്രവാചകനെ ആദരിക്കാനും ബഹുമാനിക്കാനും വേണ്ടി സ്വഹാബിമാര്‍ മയ്യിത്ത് നമസ്‌കരിക്കാന്‍ നബി(സ)യെ മുന്തിപ്പിക്കാറുണ്ട്. നബി(സ)യുടെ പ്രാര്‍ഥന മയ്യിത്തിനു വേണ്ടി അവര്‍ അപ്രകാരം കരസ്ഥമാക്കാറുണ്ട്. ഖുബൂരികള്‍ ഏതെങ്കിലും ഒരു മയ്യിത്തിന് നബി(സ)യെ ഇമാം നിര്‍ത്തി നമസ്‌കരിക്കുകയോ ആനുകൂല്യം കരസ്ഥമാക്കുകയോ ചെയ്‌തിട്ടുണ്ടോ?
വിവാഹം ചെയ്യാന്‍ നബി(സ) യെ അവര്‍ വലിയ്യാക്കാറുണ്ട്. ഖുബൂരികള്‍ അവരുടെ ഏതെങ്കിലും പെണ്‍കുട്ടിയെ നബി(സ) യെ വലിയ്യാക്കിക്കൊണ്ട് മറ്റൊരുവന് വിവാഹം ചെയ്‌തുകൊടുത്തിട്ടുണ്ടോ?
നബി(സ) പറയുന്നു: ``നിങ്ങള്‍ എനിക്ക് ബൈഅത്ത് ചെയ്യുവീന്‍.'' (ബുഖാരി) ഖുബൂരികള്‍ ഈ നിര്‍ദേശം അനുഷ്‌ഠിച്ചിട്ടുണ്ടോ? നബി(സ)ക്ക് ബൈഅത്ത് ചെയ്‌ത വല്ല ഖുബൂരിയും ഇവര്‍ക്കിടയിലുണ്ടോ?
നബി(സ) പറയുന്നു: ``നമസ്‌കാരത്തിന് വിളിക്കപ്പെട്ടാലും എന്നെ നിങ്ങള്‍ കാണുന്നതുവരെ നിങ്ങള്‍ നമസ്‌കരിക്കാന്‍ എഴുന്നേല്‍ക്കരുത്.'' (ബുഖാരി മുസ്‌ലിം). നബി(സ) വരുന്നതു കണ്ട ശേഷമാണോ ഇവര്‍ നമസ്‌കരിക്കാന്‍ എഴുന്നേല്‌ക്കാറുള്ളത്? ഒരൊറ്റ നമസ്‌കാരമെങ്കിലും ഇവര്‍ ഇപ്രകാരം നമസ്‌കരിച്ചിട്ടുണ്ടോ?
നബി(സ) പറയുന്നു: വല്ലവനും മരണപ്പെട്ടാല്‍ ആ വാര്‍ത്ത നിങ്ങള്‍ എന്നെ അറിയിക്കുവിന്‍. തീര്‍ച്ചയായും ഈ ഖബറുകള്‍ ഖബറാളികളുടെ മേല്‍ ഇരുട്ട് നിറഞ്ഞതാണ്. എന്റെ നമസ്‌കാരം കൊണ്ട് അത് അവരുടെ മേല്‍ പ്രകാശമാകുന്നതാണ് (ഇബ്‌നു ഹിബ്ബാന്‍, ബുഖാരി). ഖുബൂരികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ നബി(സ)യെ വിവരം അറിയിക്കാറുണ്ടോ? നബി(സ) ജീവിച്ചിരുന്ന കാലത്ത് മുസ്‌ലിംകള്‍ക്ക് ലഭിച്ചിരുന്ന ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി നബി(സ) മയ്യിത്ത് നമസ്‌കാരത്തില്‍ ഇമാമായി നിര്‍ത്താറുണ്ടോ? നബി(സ)യുടെ ജീവിതവും മരണവും തുല്യമാണെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ ഇപ്രകാരം ചെയ്യുന്നില്ല. നബി(സ)യുടെ പവിത്രതയെ എന്തിനാണ് നിങ്ങള്‍ ഇവിടെ അവഗണിക്കുന്നത്.
അല്ലാഹു പറയുന്നു: ``അവര്‍ നിന്റെ അടുത്തു വന്നാല്‍ നീ അവര്‍ക്കിടയില്‍ വിധിക്കുക'' (മാഇദ 42). ``നീ അവര്‍ക്കിടയില്‍ വിധിക്കുന്ന പക്ഷം നീതിയോടുകൂടി നീ വിധിക്കുക.'' (മാഇദ 42)
ജൂതക്രിസ്‌ത്യാനികള്‍ വരെ നബി(സ)യുടെ അടുത്തു വന്നാല്‍ നീതിയോടു കൂടി വിധിക്കാന്‍ അല്ലാഹു കല്‌പിക്കുകയാണ്. നബി(സ)യുടെ അടുത്തു വരലും ഖബറിന്റെ അടുത്തു വരലും ഒന്നാണെന്നാണ് ഖുബൂരികളുടെ ജല്‌പനം. നബിയുടെ ജീവിതവും മരണവും ഒന്നാണെന്നും ജല്‌പിക്കുന്നു.
നബി(സ) ജീവിക്കുന്ന കാലത്ത് നബി(സ)യെ അവഗണിച്ച് ഉമര്‍(റ)ന്റെ അടുത്തു വിധി അന്വേഷിച്ച് വന്നവനെ ഉമര്‍(റ) തല വെട്ടിയ സംഭവം ജലാലൈനി ഉദ്ധരിക്കുന്നു. ഇത് നബി(സ) അനാദരിക്കലും നബിയുടെ പവിത്രതയെ ചോദ്യം ചെയ്യലാണെന്നും സര്‍വ ഖുബൂരികളും അംഗീകരിക്കുന്നു. എന്നിട്ടും മുജാഹിദുകള്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാന്‍ പാടുണ്ടോ എന്ന വിഷയത്തില്‍ നബി(സ)യുടെ ഖബ്‌റിനെ സമീപിച്ച് നീതിയായ വിധി ലഭിക്കാന്‍ അവസരം ഉണ്ടായിട്ടും ഇവര്‍ അതു ചെയ്യാതെ ഖണ്ഡന പ്രസംഗവുമായി നടക്കുകയായിരുന്നു. അപ്പോള്‍ ജലാലൈനിയുടെ വിവരണ പ്രകാരം ഇവരുടെ തലക്ക് നിലനില്‍പുണ്ടോ?
(തുടരും)
0 comments: