അന്നത്തെ വിശ്വസ്‌തര്‍ ഇന്നത്തെ വിമതര്‍

  • Posted by Sanveer Ittoli
  • at 12:49 AM -
  • 1 comments
അന്നത്തെ വിശ്വസ്‌തര്‍ ഇന്നത്തെ വിമതര്‍

മന്‍സൂറലി ചെമ്മാട്‌
? ഇപ്പോള്‍ രൂപവല്‍കരിച്ച ഐ എസ്‌ എമ്മിന്റെ അഡ്‌ഹോക്ക്‌ കമ്മിറ്റിയും ഇതേ പാതയില്‍ നീങ്ങിക്കൂടെന്നതിന്‌ എന്താണുറപ്പ്‌?
എ പി: വിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന്‌ രണ്ട്‌ തവണ പാമ്പ്‌ കടിക്കില്ലെന്നാണ്‌ പ്രമാണം. അനുഭവത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ ഐ എസ്‌ എമ്മിനെ കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ ചുരുക്കം. (മാധ്യമം, 19/8/2002)പത്ത്‌ വര്‍ഷം മുമ്പ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ ഐ എസ്‌ എമ്മിന്റെ ചിറകരിയാനെടുത്ത വാള്‍ ഉറയിലേക്ക്‌ തിരിച്ച്‌ വെക്കും മുന്‍പ്‌ ആ അന്യായമായ നടപടിയെ വെള്ളപൂശാന്‍ എ പി അബ്‌ദുല്‍ ഖാദര്‍ മൗലവി മാധ്യമം ദിനപത്രത്തില്‍ കൊടുത്ത അഭിമുഖത്തിലെ ഭാഗമാണീ വരികള്‍. ഈ അഭിമുഖത്തിനു പുതിയ സാഹചര്യത്തില്‍ പ്രസക്തിയേറുകയാണ്‌.
അന്ന്‌ പാമ്പുകടിയുടെ വ്യാജകഥയാണെങ്കില്‍ ഇന്നത്തെ അവസ്ഥ അതല്ല, ഇപ്പോഴാണ്‌ ശരിക്കും കടി കിട്ടിയത്‌. അതും നല്ല കരിമൂര്‍ഖന്റെ കടി. ഒന്നല്ല, നിരവധി മൂര്‍ഖന്മാര്‍. പാമ്പിന്‍കൂട്ടിലെ വേലായുധന്മാരായി കഴിയാനുള്ള പ്രയാസം നേതാക്കള്‍ നേരിട്ടനുഭവിക്കുകയായിരുന്നു. കാര്യമായി കടിയേറ്റത്‌ വിജന പ്രദേശത്ത്‌ വെച്ചാണെങ്കിലും സകല പാമ്പുകളെക്കാളും വിഷമേറിയ ഇനങ്ങള്‍ ഇന്നും അകത്തളത്തിലുണ്ടെന്ന്‌ ബഹുമാന്യര്‍ അറിയുന്നില്ല. അതുപോലെ തന്നെ, പാമ്പുകടിയെ സംബന്ധിച്ച പ്രമാണത്തില്‍ സത്യവിശ്വാസി എന്നൊരു ക്ലോസ്‌ ഉണ്ടായിരുന്നത്‌ ശ്രദ്ധിച്ചതുമില്ല. കുതന്ത്രങ്ങള്‍ക്ക്‌ കുടപിടിക്കാനും കൊടിപിടിക്കാനും ആളെ റിക്രൂട്ട്‌ ചെയ്‌തു കൊണ്ടിരുന്നപ്പോള്‍ അതില്‍ വിശ്വാസികളുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താത്തതിന്റെ തിക്തഫലമാണ്‌ പുതിയ പതനം.
കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ എ പി അവകാശപ്പെട്ട ഘടകമാണ്‌ ഇപ്പോള്‍ വിഷപ്പാമ്പായി മാറിയതെന്നത്‌ വിരല്‍ചൂണ്ടുന്ന ചില നഗ്നസത്യങ്ങളുണ്ട്‌. അതാണ്‌ മുജാഹിദുകളുടെ ഗൗരവചിന്തയ്‌ക്ക്‌ കാരണമാവേണ്ടത്‌. എന്തായിരുന്നു ആ ശിക്ഷണവും മാര്‍ഗനിര്‍ദേശവും? കുതന്ത്രങ്ങളും അന്യായങ്ങളും പരിശീലിപ്പിച്ചും പ്രയോഗിപ്പിച്ചും വളര്‍ത്തിയെടുക്കുകയായിരുന്നുവോ? ഐ എസ്‌ എമ്മിനെ പിരിച്ചുവിടാനും സാത്വികരായ പണ്ഡിതരെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരെയും പടിക്കുപുറത്ത്‌ നിര്‍ത്താനും പറഞ്ഞിരുന്ന കാരണങ്ങള്‍, ആ വഴിയില്‍ കൈകോര്‍ത്ത്‌ ചെയ്‌തുകൂട്ടിയ അന്യായങ്ങള്‍, അവയ്‌ക്ക്‌ നല്‍കിയ ന്യായീകരണങ്ങള്‍... എല്ലാം ഇന്നത്തെ എ പി പക്ഷത്തിന്റെ പതനത്തെ സാധൂകരിക്കുന്നു.
അന്ന്‌ ഇല്ലാത്ത കാരണം പറഞ്ഞ്‌ യുവജന പ്രസ്ഥാനത്തെ പിരിച്ചുവിട്ടത്‌ തൊട്ട്‌ ഇന്ന്‌ പോഷക ഘടകങ്ങളെയാകമാനം പിരിച്ചുവിടുന്നത്‌ വരെയുള്ള കാലയളവ്‌ നാം പഠന വിധേയമാക്കേണ്ടതുണ്ട്‌. മഹത്തായ ഇസ്‌ലാഹി പ്രസ്ഥാനത്തെ സമൂഹമധ്യത്തില്‍ പരിഹാസ്യമാക്കുകയല്ലാതെ എന്തെങ്കിലും നന്മ എടുത്തുപറയാനില്ലാതെ അധപതിച്ചു പോയി ഈ കൂട്ടര്‍. കൊട്ടിഘോഷിച്ച സമ്മേളനങ്ങളും കാമ്പയിനുകളും പോലും ധൂര്‍ത്തിന്റെയും അന്യായങ്ങളുടെയും അരുതായ്‌മകളുടെയും കളരിയായി മാറുകയായിരുന്നല്ലോ. എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജിക്കെതിരെ കള്ളക്കേസ്‌ നല്‍കിയവരാണ്‌ ഇപ്പോഴത്തെ പുറത്താക്കല്‍ കര്‍മ്മത്തിന്‌ മുന്നിലുള്ളതെങ്കില്‍ പുറത്താക്കപ്പെട്ടവരും നേതാക്കളുടെ ഒത്താശയോടെ സമാനമായ കള്ളക്കേസ്‌ നല്‍കിയ അന്യായക്കാരന്‍ ഉള്‍പ്പെട്ട സംഘം തന്നെയാണ്‌.
ആരോപണങ്ങള്‍ ആയിരം നാവോടെ അവതരിപ്പിക്കുമ്പോഴും അതില്‍ നിന്ന്‌ ആ ആരോപകര്‍ ഒഴിവാകുന്നതെങ്ങനെ എന്ന്‌ അത്ഭുതം കൂറുകയാണ്‌ കാഴ്‌ചക്കാര്‍.
ജിന്നാണോ പ്രശ്‌നം അതോ വിജന പ്രദേശത്തെ ജിന്ന്‌ മാത്രമോ? ഇന്നും അവ്യക്തത തുടരുകയാണ്‌. അടിച്ച്‌ ചികിത്സയാണോ പ്രശ്‌നം അതോ മന്ത്രിച്ചിറക്കലോ? മുജാഹിദ്‌ മഹല്ലുകളില്‍ ഭീതി വിതച്ച്‌ ആരോപകരുള്‍പ്പെടെ പാടി നടന്ന ജിന്നുകഥകളുടെ അവസ്ഥയെന്താണ്‌? അവ പിന്‍വലിച്ചോ അതോ പുതിയ പരിഷ്‌കാരങ്ങളോടെ പുനരവതരിപ്പിച്ചോ? മന്‍ഹജിന്റെ മറവില്‍ ഇറക്കുമതി ചെയ്യപ്പെട്ട ജിന്നുകള്‍ കടുത്ത അന്ധവിശ്വാസത്തിലേക്കും ശിര്‍ക്കിലേക്കും നയിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടിരുന്ന മുജാഹിദുകളെ അതിന്റെ പേരില്‍ മാത്രം കടിച്ചുകീറുകയും ഹദീസ്‌ നിഷേധികളാക്കുകയും ചെയ്‌ത ബഹുമാന്യര്‍ പുതിയ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ ആ മുന്നറിയിപ്പുകളെ എങ്ങനെ വിലയിരുത്തുന്നു?
കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിക്കടുത്ത കോഹിനൂരില്‍ ജംഇയ്യത്തുല്‍ ഉലമ നേരിട്ട്‌ നടത്തിയിരുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററില്‍ നിന്ന്‌ വിദ്യാര്‍ഥികളെ ഒഴിപ്പിച്ച്‌ അവിടെ ജിന്ന്‌ ഗവേഷണത്തിനും ജിന്ന്‌ക്ലാസിനും ജിന്നിറക്കലിനുമൊക്കെ സൗകര്യം ചെയ്‌തു കൊടുത്തവര്‍ ഇന്ന്‌ പുറത്താക്കപ്പെട്ടവരിലില്ലല്ലോ. പത്ത്‌ വര്‍ഷം മുന്‍പ്‌ ആ വാതില്‍ തുറന്ന്‌ നല്‍കിയവര്‍ ഇപ്പോള്‍, പിന്നീട്‌ ആ വാതില്‍ വഴി കടന്നവരെ ശിക്ഷിക്കുന്നു.
അപകടത്തില്‍ നിന്ന്‌ രക്ഷിക്കുന്നതും സുബ്‌ഹിക്ക്‌ വിളിച്ചുണര്‍ത്തുന്നതും ജിന്നാണെന്ന വാദം യാഥാസ്ഥിതികതയിലേക്കുളള തിരിച്ച്‌ പോക്കല്ലേ എന്ന ചോദ്യത്തിന്‌ അതെ എന്നുത്തരം പറയേണ്ടതിനു പകരം അബ്‌ദുസ്സലാം സുല്ലമിയുടെ വ്യാഖ്യാനത്തിനപ്പുറം ഇവിടെയൊരു പ്രശ്‌നവുമില്ല എന്ന സാല്‍വേഷനിലെ മാരത്തോണ്‍ മറുപടിക്കാരനിപ്പോള്‍ കൈ കഴുകുകയാണ്‌. മുണ്ടേങ്ങരയിലെ പാവപ്പെട്ട ഒരു യുവതിയെ ജിന്നിറക്കാനെന്ന പേരില്‍ പീഡിപ്പിച്ച മൗലവിക്ക്‌ തന്റെ ചികിത്സ ന്യായീകരിക്കാന്‍ അയാളുടെ നാട്ടില്‍ തന്നെ വേദിയൊരുക്കിക്കൊടുത്തവരും അത്‌ ഉദ്‌ഘാടനം ചെയ്‌ത പണ്ഡിത സഭ ജന. സെക്രട്ടറിയും മുഖ്യ പ്രഭാഷണം നടത്തിയ അഭിനവ പതി മുസ്‌ലിയാരും സിന്‍ഡിക്കേറ്റ്‌ മൗലാനയുമൊക്കെ ഇന്ന്‌ പാപം ചെയ്യാത്തവരെന്ന ലേബലില്‍ കല്ലെറിയുകയാണ്‌. ആ ജിന്ന്‌ ചികിത്സ കേരളത്തിലെ ഒരു മുഖ്യധാര പ്രസിദ്ധീകരണത്തില്‍ കവര്‍‌സ്റ്റോറിയായി വന്നപ്പോള്‍ അത്‌ കണ്ടില്ലെന്ന്‌ നടിച്ച വലിയ നേതാക്കളൊക്കെ ഇപ്പോള്‍ കരഞ്ഞ്‌ പ്രസംഗിക്കുകയാണ്‌. മര്‍കസുദ്ദഅ്‌വ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ മുജാഹിദുകളുമായി ബന്ധപ്പെട്ട വല്ല പത്രവാര്‍ത്തയും വരുമ്പോഴേക്കും, അതിനു കെ എന്‍ എമ്മുമായി ബന്ധമില്ല എന്ന്‌ വെണ്ടക്കാ പ്രസ്‌താവന തയ്യാറാക്കുന്ന മുജാഹിദ്‌ സെന്ററിലെ ബഹുമാന്യര്‍, മുജാഹിദ്‌ ജിന്ന്‌ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന്‌ പുറംചട്ടയില്‍ തന്നെ പ്രദര്‍ശിപ്പിച്ച ആ വാരിക കണ്ട ഭാവം പോലും കാണിച്ചില്ല. സിഹ്‌റും കണ്ണേറും പിശാച്‌ ബാധയും ഒക്കെ ആദര്‍ശമായി കൊണ്ടുനടക്കുന്നവരാണ്‌ വെറുമൊരു വിജനപ്രദേശം പറഞ്ഞ്‌ ഉറഞ്ഞ്‌ തുള്ളുന്നത്‌. 
ഈ വിവാദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പലതും പത്തുവര്‍ഷം മുന്‍പ്‌ പുറത്താക്കപ്പെട്ട യഥാര്‍ഥ മുജാഹിദുകളില്‍ അല്‍പം ആശ്വാസം പകരുന്നതാണ്‌. അന്ന്‌ ഗള്‍ഫിലെ സലഫികളുടെ മന്‍ഹജും പറഞ്ഞ്‌ കോലാഹലമുണ്ടാക്കിയവരാണിപ്പോള്‍ ഗള്‍ഫ്‌ സലഫികള്‍ അല്ല നമ്മുടെ ആദര്‍ശം തീരുമാനിക്കുന്നതെന്ന്‌ ഗര്‍ജിക്കുന്നത്‌. ജംഇയ്യത്തിന്റെ തീരുമാനം ലംഘിച്ചെന്നും പറഞ്ഞ്‌ പെരുമ്പറ കൊട്ടി നടന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നു, ജംഇയ്യത്തിന്റെ തീരുമാനം എന്നാല്‍ ഫുര്‍ഖാനുല്‍ അദ്വീമൊന്നുമല്ലല്ലോ എന്ന്‌! അന്ന്‌ കെ ജെ യു ഭാരവാഹികള്‍ പോലുമായ പണ്ഡിതന്മാര്‍ക്കെതിരെ സംഘടിപ്പിച്ചിരുന്ന ജംഇയ്യത്തിന്റെ വിശദീകരണയോഗങ്ങളില്‍ മുഖ്യ താരമായിരുന്നവര്‍ ഇപ്പോള്‍ പറയുന്നു, ജംഇയ്യത്തിന്റെ തീരുമാനം വിശദീകരിക്കേണ്ടത്‌ അതിന്റെ എല്ലാ അംഗങ്ങളുമാണ്‌; മൂന്നോ നാലോ ആളുകളല്ല എന്ന്‌!! 1971ലെ ഒരു സല്‍സബീല്‍ വിഷയീഭവിച്ചപ്പോള്‍ അതിന്റെ ലേഖകന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെഴുതിയതാണെന്ന വിശദീകരണം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒരാള്‍ എഴുതുന്ന രചനയിലെ പോരായ്‌മക്ക്‌ പത്തുവര്‍ഷം മുന്‍പ്‌ ഒരു ഇളവുമുണ്ടായിരുന്നില്ലല്ലൊ. 
അന്ന്‌, ഹുസൈന്‍ മടവൂരിനെ കെ എന്‍ എമ്മില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ നിബന്ധന വെക്കാനും മര്‍കസുദ്ദഅ്‌വ മുജാഹിദ്‌ സെന്ററില്‍ ലയിപ്പിക്കാനുമൊക്കെ വേദവാക്യം പോലെ കൊണ്ടുനടന്നിരുന്ന കുവൈത്തിലെ ഇഹ്‌യാഉത്തുറാസിന്റെ നിര്‍ദേശത്തിന്‌ ഇന്ന്‌ പുല്ലുവില പോലും കല്‍പ്പിക്കപ്പെടുന്നില്ല. വിജനപ്രദേശത്തെ സഹായതേട്ടം സംബന്ധിച്ച്‌, നീക്കം ചെയ്യപ്പെട്ടവരുടെ നിലപാടാണ്‌ ശരിയെന്നും അതിനാല്‍ അവരെ തിരിച്ചെടുക്കണമെന്നും അവിടെ നിന്നും നിര്‍ദേശമുണ്ടായിട്ടും അത്‌ ചവറ്റുകൊട്ടയിലെറിയുകയാണ്‌ ഇപ്പോഴത്തെ നേതൃത്വം. കെ എന്‍ എം തെരഞ്ഞെടുപ്പ്‌ കൗണ്‍സിലിനോടനുബന്ധിച്ച്‌ എറണാകുളത്ത്‌ നിന്നും ഗുണ്ടകള്‍ വന്നതിനെ ചൂണ്ടിക്കാണിച്ചത്‌ അക്കാലത്ത്‌ മഹാപാതകമായി നാക്കിട്ടടിച്ചവര്‍ തന്നെ ഇന്ന്‌ പറയുന്നു, അതേ ഗുണ്ടകളെ ഇന്നും പലയിടത്തും മുജാഹിദ്‌ സെന്ററില്‍ നിന്നും നിയോഗിക്കുന്നുവെന്ന്‌. 
അഴിഞ്ഞിലം സമ്മേളനത്തില്‍ പോലും `ഇറക്കുമതി ചെയ്‌ത' വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നുവെന്നത്‌ പരസ്യമായ രഹസ്യം മാത്രം. എറണാകുളത്ത്‌ നടന്ന ഇവരുടെ സംസ്ഥാന സമ്മേളന നഗരിയില്‍ വര്‍ത്തമാനം പത്രത്തിന്റെ പേരെഴുതിയ ബാഗ്‌ കൈവശം വെച്ചതിന്‌ പരേതനായ യുവ പണ്ഡിതന്‍ അസ്‌ലം പൂങ്ങോടിനെ അന്ന്‌ തല്ലിച്ചതക്കുകയും ബാഗും വിലപ്പെട്ട രേഖകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ആ ക്രൂരകൃത്യത്തിന്‌ നേതൃത്വം നല്‍കിയവര്‍ അഴിഞ്ഞിലത്ത്‌ പരസ്‌പരം തല്ലുകയായിരുന്നു. സമ്മേളന നഗരിക്ക്‌ പുറത്തുപോലും തങ്ങളുടെ പുസ്‌തകശാല വെക്കാനാവാതെ അടിയും കൊണ്ട്‌ മടങ്ങേണ്ടി വന്നു ഒരു വിഭാഗത്തിന്‌. ഐ എസ്‌ എമ്മിനും ഹുസൈന്‍ മടവൂരിനുമെതിരില്‍ വിദേശങ്ങളിലേക്കയച്ച കത്തുകള്‍ അന്നത്‌ കൊണ്ടുപോയിക്കൊടുത്തവര്‍ക്കും പിന്തുണച്ചവര്‍ക്കുമൊക്കെ ഇപ്പോള്‍ വേണ്ടില്ലായിരുന്നുവെന്ന്‌ തോന്നുന്നുണ്ടത്രെ.
ചുരുക്കത്തില്‍, കുറേ നന്മകള്‍ ചെയ്‌തെന്ന്‌ പറഞ്ഞ്‌ തങ്ങളുടെ യുവജന പ്രസ്ഥാനത്തെ പിരിച്ച്‌ വിട്ടവര്‍ ഇന്ന്‌ ശിര്‍ക്കുള്‍പ്പെടെയുളള സകല തിന്മകളും സ്വന്തം പാളയത്തില്‍ അടിഞ്ഞ്‌ കൂടി ഉറക്കം നഷ്‌ടപ്പെട്ട നിലയിലാണിപ്പോള്‍. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കട്ടെ. വിതച്ചത്‌ കൊയ്യട്ടെ. സത്യാദര്‍ശത്തിന്റെ ധ്വജവാഹകര്‍ മുന്നോട്ട്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

1 അഭിപ്രായം:

  1. <<<<
    ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കട്ടെ. വിതച്ചത്‌ കൊയ്യട്ടെ. സത്യാദര്‍ശത്തിന്റെ ധ്വജവാഹകര്‍ മുന്നോട്ട്‌.
    >>>>

    മറുപടിഇല്ലാതാക്കൂ