ഗള്‍ഫ്‌ സലഫിസത്തിന്റെ സ്വാധീനം പണ്ഡിതചര്‍ച്ചയില്‍

  • Posted by Sanveer Ittoli
  • at 9:03 PM -
  • 0 comments
ഗള്‍ഫ്‌ സലഫിസത്തിന്റെ സ്വാധീനം പണ്ഡിതചര്‍ച്ചയില്‍

 പരമ്പര-3 -
എം ഐ മുഹമ്മദലി സുല്ലമി
2001 മെയ്‌ മാസത്തില്‍ ഇരു വിഭാഗത്തിലെയും പത്തു വീതം പണ്ഡിതന്മാര്‍ അന്നത്തെ കെ എന്‍ എം പ്രസിഡന്റ്‌ ടി പി അബ്‌ദുല്ലക്കോയ മദനിയുടെ അധ്യക്ഷതയില്‍ രണ്ടുപ്രാവശ്യം ഒത്തുചേര്‍ന്നു. ആദര്‍ശവ്യതിയാന ആരോപണവും മറുപക്ഷത്തിന്റെ വിശദീകരണങ്ങളുമായി നാല്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍ക്കിടയില്‍ ഏതാനും മാസങ്ങളായി ഉന്നയിച്ചിരുന്ന വാദങ്ങള്‍ തന്നെയായിരുന്നു ആരോപകര്‍ അവരുടെ പ്രബന്ധത്തിലും അവതരിപ്പിച്ചത്‌. സ്വാഭാവികമായി അവയിലും ഗള്‍ഫിലെ പ്രശ്‌നങ്ങളും സുറൂറി വിവാദങ്ങളും കടന്നുവന്നു. ആരോപകരുടെ രണ്ടു പ്രബന്ധങ്ങളിലും ഗള്‍ഫിലെ സലഫികളും സലഫീ സംഘടനകളുമാണ്‌ മുജാഹിദുകളില്‍ ചിലരുടെ ആദര്‍ശവ്യതിയാനത്തെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‌കിയത്‌ എന്ന്‌ രേഖപ്പെടുത്തി.
പ്രഥമ പ്രബന്ധങ്ങളില്‍ `വ്യതിയാനത്തിന്റെ വേരുകള്‍' എന്ന തലക്കെട്ടില്‍ ആരോപകര്‍ എഴുതുന്നു: ``നമ്മുടെ ഈ ധാരണയ്‌ക്കുള്ള തെളിവുകള്‍ പലതാണ്‌. അതില്‍ ഏറ്റവും ശക്തമായ തെളിവ്‌ സുറൂറിസത്തിന്റെ സിദ്ധാന്തങ്ങളും ഇവിടെ ഉണ്ടായ വ്യതിയാനങ്ങളും തമ്മില്‍ നൂറു ശതമാനം പൊരുത്തപ്പെടുന്നു എന്നതാണ്‌. നമ്മുടെ ഈ ധാരണയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന തെളിവുകള്‍ വേറെയുമുണ്ട്‌. അവയില്‍ ചിലതു പറയട്ടെ: അറബ്‌ ലോകത്തെ പ്രമുഖരായ മൂന്ന്‌ സലഫി സംഘടനകള്‍ നല്‌കിയ മുന്നറയിപ്പ്‌. സലഫികളായ അറബു ശൈഖുമാര്‍ നല്‌കിയിട്ടുള്ള അറിവ്‌.'' (16-5-2001 ന്‌ അവതരിപ്പിച്ച പ്രബന്ധം, പേജ്‌ 43)
സലഫീ സംഘടനകള്‍ക്കിടയില്‍ ലോകാടിസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന സുറൂറികള്‍ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനത്തിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുപോല്‍. അതിനെക്കുറിച്ച്‌ ഗള്‍ഫിലെ യഥാര്‍ഥ സലഫീ സംഘടനകളും ശൈഖുമാരും മുന്നറിയിപ്പും നല്‌കുന്നുവത്രെ. അവരുടെ രണ്ടാമത്തെ പ്രബന്ധത്തിന്റെ സമാപനത്തിലും ഇതേ കാര്യം ആവര്‍ത്തിക്കുന്നു.
``ആദര്‍ശവ്യതിയാനം ചിലര്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ ചില അറബു ശൈഖുമാര്‍ കെ എന്‍ എം നേതൃത്വത്തെ ഉണര്‍ത്തിയതാണ്‌. തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ അതു സത്യമാണെന്ന്‌ ബോധ്യപ്പെട്ടുകൊണ്ടിരുന്നു. അതിനുശേഷം അറബ്‌ ലോകത്തെ ചില സലഫീ സംഘടനകളുടെ ഭാരവാഹികള്‍ വീണ്ടും ഇക്കാര്യം ഉണര്‍ത്തിക്കൊണ്ടിരുന്നു.'' (ആദര്‍ശ വ്യതിയാനാരോപകര്‍ 23-5-2001ന്‌ അവതരിപ്പിച്ച പ്രബന്ധത്തിലെ സമാപനം ഉപതലക്കെട്ടിന്റെ പ്രഥമ ഖണ്ഡികയില്‍ നിന്ന്‌)
4-6-2001ന്‌ ചേര്‍ന്ന്‌ ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തകസമിതിയില്‍ പതിനേഴ്‌ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ഇതേ കാര്യം തന്നെ ആരോപകര്‍ വീണ്ടും പറയുന്നു: ``ലോകാടിസ്ഥാനത്തില്‍ സലഫികളില്‍ ആദര്‍ശവ്യതിയാനം സൃഷ്‌ടിക്കുന്നതിനു വേണ്ടി ഇഖ്‌വാനികള്‍ രൂപംകൊടുത്ത സുറൂറിസത്തിനു കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലും ആദര്‍ശവ്യതിയാനം ഉണ്ടാക്കുന്നതില്‍ പങ്കുണ്ടെന്നാണ്‌ പ്രശ്‌നങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്‌.'' (4-6-2001 ന്‌ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വാഹകസമിതി യോഗ തീരുമാനങ്ങള്‍, പേജ്‌ 20-21)
നിസ്സാരമായ അസ്വാരസ്യങ്ങളെ പര്‍വതീകരിക്കുകയും അങ്ങനെ ഒരു പിളര്‍പ്പ്‌ അനിവാര്യമാക്കുകയും ചെയ്‌ത കുതന്ത്രമാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെട്ടത്‌. ഗള്‍ഫിലെ സലഫീ സംഘടനകളെയും ശൈഖുമാരെയും അവരുടെ എതിരാളികളായ സുറൂറികളെയും അവരുടെ ലക്ഷണങ്ങളെയുമെല്ലാം കേരളത്തിലേക്ക്‌ അനാവശ്യമായി വലിച്ചിഴച്ചുകൊണ്ടുവന്നു.
ഏറ്റവും രസകരമായ മറ്റൊരു വസ്‌തുത കൂടി ചൂണ്ടിക്കാണിക്കട്ടെ: സംഘടന തിന്മയാണെന്ന്‌ പ്രസ്‌താവിക്കുന്ന സുഊദിയിലെ ഒരു പണ്ഡിതന്റെ കൃതിയില്‍ നിന്നാണ്‌ ആരോപകര്‍ സുറൂറികളുടെ ലക്ഷണങ്ങള്‍ കണ്ടുപിടിച്ചത്‌! ആരോപകരുടെ പ്രബന്ധങ്ങള്‍ എഴുതുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തി ഇപ്പോള്‍ സംഘടനയില്ലാത്ത സംഘത്തിന്റെ അമീറായി വിരാജിക്കുകയാണ്‌.
അന്നത്തെ അരോപണങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചവരില്‍ പ്രമുഖനായ സകരിയ്യ സ്വലാഹി ഗള്‍ഫ്‌ സലഫികളും കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനക്കാരും എന്ന ഒരു കൃതി രചിച്ചിട്ടുണ്ട്‌. അതില്‍ നാലിലേറെ പേജുകള്‍ ഗള്‍ഫ്‌ സലഫികളല്ല ആദര്‍ശവ്യതിയാനത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‌കിയത്‌ എന്ന്‌ വാദിക്കാനാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. അദ്ദേഹമുള്‍പ്പെടെയുള്ള ആരോപകവൃന്ദം എഴുതിയ പ്രബന്ധത്തിന്റെ സമാപന ഖണ്ഡികപോലും വായിക്കാതെയാണ്‌ ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും എന്ന കൃതിക്ക്‌ മറുപടി എഴുതാന്‍ തുനിഞ്ഞത്‌ എന്ന്‌ സാരം. ഇപ്പോള്‍ അദ്ദേഹവും കൂട്ടാളികളും `സലഫിയ്യത്തിന്‌' വേണ്ടിത്തന്നെ വീണ്ടും വിവാദങ്ങളുമായി രംഗത്തുവരികയാണ്‌.
ചുരുക്കിപ്പറഞ്ഞാല്‍ മുജാഹിദ്‌ സംഘടനയെ ശിഥിലമാക്കാന്‍ ആരോപകര്‍ കണ്ടെത്തിയ കുതന്ത്രമായിരുന്നു സുറൂറിസത്തിന്റെ ആഗമനവും സലഫീ മന്‍ഹജില്‍ നിന്നും ആദര്‍ശത്തില്‍ നിന്നുമുള്ള വ്യതിയാനവും. സാധാരണക്കാരെ മാത്രമല്ല, പണ്ഡിതന്മാരെയും ഇതിന്റെ വലയില്‍ കുരുക്കിയിടാമെന്ന്‌ അവര്‍ കണക്കുകൂട്ടി. പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും ഈ വലയില്‍ നിന്ന്‌ രക്ഷപ്പെടുത്തല്‍ ബാധ്യതയായി കണ്ടതിനാല്‍ ഞാന്‍ നേരത്തെ പറഞ്ഞ ലഘുലേഖ തയ്യാറാക്കി. പിന്നീട്‌ ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും എന്ന കൃതിയും പ്രസിദ്ധീകരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമത്തെ തകര്‍ത്തതിനാലാവണം ആരോപകര്‍ എന്നെയും ആക്ഷേപിക്കാന്‍ തുടങ്ങി.
കൃതിയെക്കുറിച്ച്‌ നടേ സൂചിപ്പിച്ച ലേഖകന്‍ എഴുതിയത്‌ നോക്കുക: ``സംഘടനാ പ്രശ്‌നത്തിലെ മുഖ്യ കുറ്റവാളികളുടെ പട്ടികയിലേക്ക്‌ സുല്ലമിക്ക്‌ സ്ഥാനക്കയറ്റം കൊടുക്കാന്‍ അദ്ദേഹത്തിന്റെ ഈ കൃതി മാത്രം മതി.'' (ഗള്‍ഫ്‌ സലഫികളും കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനവും, പേജ്‌ 19)
പത്ത്‌ വര്‍ഷം മുമ്പ്‌ സകരിയ സ്വലാഹി എഴുതിയ ഈ പ്രതികരണം അദ്ദേഹത്തിന്റെ ശിരസ്സിലേക്ക്‌ തന്നെ ആപതിക്കുന്നതായി എ പി വിഭാഗം കെ എന്‍ എമ്മിലെ അനേകം പ്രവര്‍ത്തകര്‍ ഇന്ന്‌ പറയാതിരിക്കില്ല.
അന്തരങ്ങളുടെ കാരണങ്ങള്‍
ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമായ തൗഹീദിന്‌ കടക വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആദര്‍ശമായി സ്വീകരിച്ച മുസ്‌ലിം നാമധാരികളായ ധാരാളംപേര്‍ ലോകത്ത്‌ കാണാവുന്നതാണ്‌. ജൂത-ക്രൈസ്‌തവരിലൂടെ ശീഅകളിലേക്കും തുടര്‍ന്ന്‌ സുന്നികളെന്ന്‌ വാദിക്കുന്നവരിലേക്കും അവര്‍ കടന്നുവന്നു. മരിച്ചുപോയ മഹാന്മാരോടും മഹതികളോടും പ്രാര്‍ഥിക്കുക, അവരെ മധ്യസ്ഥരാക്കി സാക്ഷാല്‍ സ്രഷ്‌ടാവിനോട്‌ പ്രാര്‍ഥിക്കുക, അവരുടെ ഖബറിടങ്ങള്‍ കെട്ടിപ്പൊക്കുക, അവിടെ വഴിപാടുകള്‍ സമര്‍പ്പിക്കുക, ആണ്ടിലൊരിക്കല്‍ അവിടെ ഉത്സവങ്ങളോ നേര്‍ച്ചകളോ ഉറൂസുകളോ നടത്തുക, അവരുടെ ശവകുടീരങ്ങളിലേക്ക്‌ തീര്‍ഥാടനങ്ങളും പുണ്യയാത്രകളും സംഘടിപ്പിക്കുക, അവിടങ്ങളിലെത്തിയാല്‍ ഭക്തിപുരസ്സരം അവിടെ നില്‍ക്കുകയും അവിടത്തെ ആചാരങ്ങളും നേര്‍ച്ചകളും നിര്‍വഹിക്കുക, അവിടത്തെ നെയ്യോ എണ്ണയോ തീര്‍ഥജലമോ പുണ്യങ്ങളാണെന്ന്‌ ധരിക്കുകയും തങ്ങളുടെ ആഗ്രഹ സഫലീകരണങ്ങള്‍ക്ക്‌ അവ ഉപകാരപ്രദങ്ങളായി കാണുകയും ചെയ്യുക, ചിലയിടങ്ങളില്‍ മഹാത്മാക്കളോടും ഔലിയാക്കളെന്ന്‌ വിളിക്കപ്പെടുന്ന സിദ്ധന്മാരോടുമുള്ള ഭക്തിയും പ്രേമവും അവരുടെ ഖബറിടങ്ങളിലുള്ള ശിലകളിലേക്കും വൃക്ഷങ്ങളിലേക്കും ഗുഹകളിലേക്കുമെല്ലാം വ്യാപരിക്കുക -അങ്ങനെ ആഗ്രഹ സഫലീകരണ സിദ്ധിയുള്ള വൃക്ഷങ്ങളും ശിലകളുമെല്ലാം ഉടലെടുക്കുന്നു. അവയെല്ലാം സര്‍വലോക നിയന്താവിനു പുറമെയുള്ള അത്താണികളായി മനുഷ്യര്‍ തെറ്റിദ്ധരിക്കുന്നു. അജ്ഞരായ മുസ്‌ലിം സാധാരണക്കാര്‍ അവിടങ്ങളിലെല്ലാം ചൂഷണം ചെയ്യപ്പെടുന്നു.
ഇതിനു പുറമെ പുണ്യാത്മാക്കളുടെ ജന്മ-ചരമ ദിനാചരണങ്ങള്‍, മരണം, ജനനം, വിവാഹം തുടങ്ങിയവയോട്‌ ബന്ധപ്പെടുന്ന അനേകം അനാചാരങ്ങള്‍ തുടങ്ങിയവയെല്ലാം പാമരജനങ്ങള്‍ പുണ്യകര്‍മങ്ങളായി ആചരിക്കുന്നു. ഏതെങ്കിലും പണ്ഡിത വേഷധാരി പറയുന്നതെല്ലാം അപ്പടി വിഴുങ്ങുന്ന ഇത്തരക്കാര്‍ അവസാനം ഐഹിക-പാരത്രിക പരാജയത്തില്‍ ചെന്നുപതിക്കുന്നു.
മുസ്‌ലിം ലോകത്ത്‌ വിവിധ സന്ദര്‍ഭങ്ങളില്‍ തലപൊക്കിയ ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ധാരാളം നവോത്ഥാന സംഘടനകളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും ഓരോ കാലത്തും രംഗത്തു വന്നിട്ടുണ്ട്‌. അവയില്‍ പലതും ഇന്നും പ്രവര്‍ത്തനരംഗത്ത്‌ സജീവമാണ്‌. ഗള്‍ഫ്‌നാടുകളിലും മറ്റു ചില അറബ്‌ രാജ്യങ്ങളിലും അവ സലഫികള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. ചിലയിടത്ത്‌ അന്‍സാറുസ്സുന്ന എന്ന പേരിലും മറ്റു ചിലയിടങ്ങളില്‍ അഹ്‌ലേ ഹദീസ്‌ എന്ന പേരിലും അവര്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിലെ സനൂസി പ്രസ്ഥാനവും ഇന്തോനേഷ്യയിലെ ജംഇയ്യത്തുല്‍ മുഹമ്മദിയ്യ, മൊറോക്കോയിലെ ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയവയും ഈ ഗണത്തില്‍ പെടുന്നു.
സലഫികളും അന്തരങ്ങളും
നടേ സൂചിപ്പിച്ച ഹദീസ്‌ വിരുദ്ധ ആശയങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ഇവയെല്ലാം യോജിക്കുന്നുവെങ്കിലും ജീവിതത്തിന്റെ ഇതര മേഖലകളിലുള്ള ആശയാദര്‍ശങ്ങളിലും പ്രബോധനരീതികളിലും ഇവയെല്ലാം ഒരുപോലെയല്ല. ഓരോ നാട്ടിലെയും വ്യത്യസ്‌ത സാഹചര്യങ്ങളും ജീവിതരീതികളും വിദ്യാഭ്യാസ-സാംസ്‌കാരാന്തരങ്ങളും ഓരോ പ്രസ്ഥാനത്തെയും പല രൂപത്തില്‍ സ്വാധീനിക്കുന്നു. അതിലുപരി പ്രബോധകരുടെയും നായകരുടെയും ശൈലികളിലുള്ള അന്തരവും സംഘടനക്ക്‌ പുറത്തുള്ളവരോടും അന്യമതസ്ഥരോടുമുള്ള സമീപനങ്ങളിലും നിലപാടുകളിലുമുള്ള വ്യത്യാസവും നവോത്ഥാനരംഗത്ത്‌ സജീവമായുള്ള സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും അവയുടേതായ പ്രത്യേക വ്യക്തിത്വം നല്‌കുന്നു.
വ്യത്യസ്‌ത രീതികള്‍
മരിച്ചുപോയ മഹാത്മാക്കളുടെ ഖബറിടങ്ങളില്‍ നടത്തപ്പെടുന്ന ആചാരങ്ങളെ എല്ലാ പരിഷ്‌കരണ പ്രസ്ഥാനങ്ങളും ശക്തമായി അലപിക്കുന്നു. അവയ്‌ക്കെതിരെ ബോധവത്‌കരണം നടത്തുന്നതില്‍ എല്ലാവരും യോജിക്കുന്നു. എന്നാല്‍ അതോടൊപ്പം ഇത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങളെ അനുധാവനം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളാണോ? അവരോട്‌ മുസ്‌ലിംകള്‍ എന്ന നിലയ്‌ക്ക്‌ സഹവര്‍ത്തിക്കാമോ തുടങ്ങിയ ചില കാര്യങ്ങളില്‍ സലഫികള്‍ എന്ന്‌ അറിയപ്പെടുന്ന നവോത്ഥാനസംഘടനകള്‍ക്ക്‌ ഒരേ കാഴ്‌ചപ്പാടല്ല ഉള്ളത്‌.
സുഊദി അറേബ്യയിലെ സലഫികള്‍ അത്തരക്കാരെ മുസ്‌ലിംകളായി പരിഗണിക്കുന്നില്ല. അവരെ മതഭ്രഷ്‌ടരായാണ്‌ അവര്‍ കാണുന്നത്‌. എന്നാല്‍ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം സമസ്‌തക്കാരുടെ ശിര്‍ക്കന്‍ ആചാരങ്ങളെ തിരസ്‌കരിക്കുന്നതോടൊപ്പം അവരെ മുസ്‌ലിംകളായിത്തന്നെ പരിഗണിക്കുന്നു. അവരുടെ പിന്നില്‍ നമസ്‌കരിക്കുന്നു. അവര്‍ക്കുവേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കുന്നു. അവര്‍ അറുത്തത്‌ ഭക്ഷിക്കുകയും അവരുമായി വിവാഹബന്ധങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഗള്‍ഫിലെ സലഫികള്‍ ഇതെല്ലാം നിഷിദ്ധമായി കാണുന്നുവെന്നോര്‍ക്കുക.
അവരുടെ വീക്ഷണത്തില്‍ ഖബറാരാധകനോടുള്ള മുജാഹിദ്‌ സമീപനം സലഫീ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനവും ആദര്‍ശവ്യതിയാനവുമാണ്‌. അപ്രകാരം താടി വടിക്കുന്നത്‌ ഹറാമായി കാണുന്ന ഗള്‍ഫിലെ സലഫികള്‍ താടിവടിച്ചവരുടെ പിന്നില്‍ നമസ്‌കരിക്കുന്നതും അവരെ പള്ളികളിലെ ഇമാമുകളാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നു. ജിന്നുബാധയും ജിന്നിനെ ഇറക്കലും വെള്ളം മന്ത്രിച്ച്‌ ഊതലുമെല്ലാം അവിടങ്ങളില്‍ സര്‍വസാധാരണമാണ്‌. സിഹ്‌ര്‍ ബാധിച്ചുവെന്ന്‌ വിശ്വസിക്കപ്പെടുന്നവര്‍ക്ക്‌ ഇലന്ത മരത്തിന്റെ ഇല ചതച്ചുചേര്‍ത്ത വെള്ളത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ പാരായണം ചെയ്‌ത്‌ ഊതി ചികിത്സിക്കലും അവിടെ കാണാം. ഇവയെ ന്യായീകരിക്കുന്ന അവരോട്‌ അവക്കെതിരെ സംസാരിച്ചാല്‍ അവരത്‌ ആദര്‍ശവ്യതിയാനവും സലഫീ മാര്‍ഗങ്ങളില്‍ നിന്നുള്ള വ്യതിചലനുവമായി ചിത്രീകരിക്കാനുള്ള സാധ്യത ഏറെയാണ്‌.
തീവ്രനിലപാടുകാര്‍
ശിര്‍ക്കുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്ന ശൈലിയിലും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അന്തരമുണ്ട്‌. യമനിലെയും ലിബിയയിലെയും ചില `സലഫികള്‍' തിന്മക്കെതിരെ കൈ കൊണ്ടുതന്നെ പോരാടണം എന്ന വാദക്കാരാണ്‌. കെട്ടിപ്പൊക്കിയ ഖബറുകളെ അവര്‍ സായുധരായി തന്നെ പൊളിച്ചു കളയുന്നു. അവിടത്തെ സേവകരും ഭക്തരും ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടേണ്ട ഗതികേടിലാവുന്നു. അഫ്‌ഗാനിസ്‌താനിലെ സലഫീ ആഭിമുഖ്യമുള്ള ചില സംഘടനകളും ഇതേ പാതയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തീവ്രമായ ഈ സരണിയെ അവലംബിക്കുന്നവരോട്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വിവേകപൂര്‍ണമായ പ്രബോധന ശൈലിയെ സംബന്ധിച്ച്‌ ഉല്‍ബോധിപ്പിച്ചാല്‍ അവര്‍ അത്‌ പുച്ഛിച്ചു തള്ളുമെന്നതില്‍ എന്തുണ്ട്‌ സംശയം? അവരുടെ വീക്ഷണത്തില്‍ സമാധാനപരമായ പ്രബോധന ശൈലി തന്നെ ആദര്‍ശവ്യതിയാനമാകാനിടയുണ്ട്‌.
ഈജിപ്‌ത്‌ പാഠം
മുല്ലപ്പൂ വിപ്ലവം അറബ്‌ ലോകത്ത്‌ പുതിയ ചലനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌. അവിടത്തെ ഏറ്റവും ചലനാത്മകമായ സലഫീ സംഘടനയായ അന്നൂര്‍ കക്ഷിയും ജമാഅത്തുല്‍ ഇസ്‌ലാഹ്‌ വ തന്‍മിയഃ എന്ന സംഘടനയും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ശ്രദ്ധേയരാവുകയും ചെയ്‌തു. അവര്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും ഭരണഘടനാ ഭേദഗതി നീക്കത്തിലുമെല്ലാം മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്‌ക്കുന്നു. എന്നാല്‍ അതോടൊപ്പം സലഫികളിലെ തന്നെ ചിലര്‍ തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനില്‌ക്കുകയും അതില്‍ പങ്കെടുക്കുന്നത്‌ സലഫീ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനമായി ചിത്രീകരിക്കുകയും ചെയ്യുന്നു!
വിവിധ നവോത്ഥാന സംരംഭങ്ങളെ നാം വിലയിരുത്തുമ്പോള്‍ അവ ധാരാളം കാര്യങ്ങളില്‍ സാമ്യതയുള്ളവയും ആശയ ഐക്യമുള്ളവയുമാണ്‌ എന്ന്‌ കാണാവുന്നതാണ്‌. എന്നാല്‍ ഓരോ രാഷ്‌ട്രത്തിലെയും സമൂഹത്തിലെയും രാഷ്‌ട്രീയ-സാംസ്‌കാരിക വളര്‍ച്ചയ്‌ക്കും വിദ്യഭ്യാസ പുരോഗതിക്കും അനുസൃതമായി പല കാര്യങ്ങളിലും അവര്‍ക്കിടയില്‍ അന്തരമുണ്ടാകാവുന്നതാണ്‌. ഒരു ജനാധിപത്യരാജ്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തഴച്ചുവളരുന്ന പ്രസ്ഥാനവും ഏകാധിപത്യ-ജനാധിപത്യ നാടുകളില്‍ പാത്തും പതുങ്ങിയും വളരുന്ന സംഘടനകളും തമ്മില്‍ പ്രബോധനരീതികളില്‍ തന്നെ അന്തരമുണ്ടാവും. ഏകാധിപത്യരാജ്യങ്ങളില്‍ അധിവസിക്കുന്ന പണ്ഡിതരില്‍ നല്ലൊരു വിഭാഗം ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുന്നത്‌ കുറ്റകരമാണെന്ന്‌ വിധി എഴുതിയേക്കാം. പരസ്യമായി വിമര്‍ശിക്കുന്നത്‌ `സലഫി മന്‍ഹജില്‍ നിന്നും' `അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തില്‍ നിന്നുമുള്ള' വ്യതിയാനമാണെന്നും പ്രസ്‌താവിച്ചേക്കാം.
എന്നാല്‍ ന്യായമായ കാര്യങ്ങളില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നതില്‍ ജനാധിപത്യ രാജ്യങ്ങളിലെ മതപണ്ഡിതര്‍ ഒരു കുറ്റവും കണ്ടെത്താറില്ല. ഈ യാഥാര്‍ഥ്യം ഗ്രഹിച്ചുകഴിഞ്ഞാല്‍ ഇതര ചുറ്റുപാടുകളില്‍ കഴിയുന്ന പണ്ഡിതരുടെയും സംഘടനകളുടെയും വീക്ഷണങ്ങള്‍ മറ്റു രാഷ്‌ട്രങ്ങളില്‍ അടിച്ചേല്‌പിക്കുന്നത്‌ ആത്മഹത്യാപരമായിരിക്കുമെന്ന്‌ പറയേണ്ടതില്ല. സലഫീ മന്‍ഹജിന്റെയും സുറൂറിസത്തിന്റെയും പേരില്‍ കലാപമുണ്ടാക്കിയവര്‍ ഇന്ന്‌ മൂന്നായി വിഘടിച്ചതില്‍ പ്രബോധകര്‍ക്ക്‌ ധാരാളം പഠിക്കാനുണ്ട്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: