സൂറതു അഅ്‌റാഫ് 172,173 സൂക്തങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്, ബഹുദൈവവിശ്വാസിയായ ഒരാള്‍ക്ക് താക്കീതുകാരന്‍ വന്നിട്ടില്ലെങ്കിലും ശിക്ഷ ഉറപ്പായി എന്നാണ്. എന്നാല്‍ ഒരു താക്കീതുകാരനെയും പറഞ്ഞയക്കാതെ അല്ലാഹു ഒരാളെയും ശിക്ഷിക്കില്ല എന്ന അധ്യാപനങ്ങള്‍ക്ക് എതിരല്ലേ ഇത്?
അബ്‌ദുല്‍വദൂദ് കോഴിക്കോട്
വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്നതനുസരിച്ച് അല്ലാഹുവിന്റെ ശിക്ഷ പല തരമാണ്. ഒന്ന്, അല്ലാഹുവില്‍ അവിശ്വസിക്കുകയോ അവന് പുറമെ മറ്റു ദൈവങ്ങളെ ആരാധിക്കുകയോ ചെയ്‌തതിനുള്ള ശിക്ഷ. രണ്ട്, അല്ലാഹു നിര്‍ബന്ധ ബാധ്യതയായി നിശ്ചയിച്ച കാര്യങ്ങള്‍ ഉപേക്ഷിക്കുകയോ അവന്‍ നിരോധിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ ചെയ്‌തതിനുള്ള ശിക്ഷ. മൂന്ന്, അതിക്രമങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തിയതിന് ഇഹലോകത്ത് അല്ലാഹു നല്‌കുന്ന ശിക്ഷ.
7:172,173 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത്, സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവെ സംബന്ധിച്ച അവബോധം മനുഷ്യന്റെ പ്രകൃതിയില്‍ തന്നെ നിക്ഷിപ്‌തമാണെന്ന കാര്യമാണ്. പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നതിനു മുമ്പ് തന്നെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഈ അവബോധമുണ്ടായിരുന്നുവെന്നാണ് പല ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. പ്രവാചകന്റെ മാര്‍ഗദര്‍ശനം ലഭിച്ചില്ലെങ്കിലും മനുഷ്യര്‍ക്ക് പ്രകൃത്യാ അറിയാന്‍ കഴിയുന്ന കാര്യം നിഷേധിച്ചതിന്റെ പേരില്‍ പരലോകത്ത് അല്ലാഹു വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നതില്‍ അസാംഗത്യമൊന്നും ഇല്ല.
8:33ല്‍ ``എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല'' എന്ന് പറഞ്ഞിട്ടുണ്ട്. നബി(സ)യുടെ കാലത്ത് മക്കയിലും മദീനയിലും ഉണ്ടായിരുന്ന അവിശ്വാസികളും കപടവിശ്വാസികളും നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് തന്നെയാണ് അനേകം ആയത്തുകളില്‍ നിന്ന് വ്യക്തമാകുന്നത്. അപ്പോള്‍ 8:33ല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല എന്ന് പറഞ്ഞത് ഇഹലോകത്തെ ശിക്ഷയെ സംബന്ധിച്ച് മാത്രമാണെന്നതില്‍ സംശയമില്ല.
17:15 ല്‍ ഇപ്രകാരം കാണാം: ``വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ സ്വന്തം ഗുണത്തിനായിത്തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചുപോവുകയാണെങ്കില്‍ തനിക്ക് ദോഷത്തിനായിത്തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം ശിക്ഷിക്കുന്നതുമല്ല.''
പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും നല്‌കപ്പെട്ട വിധിവിലക്കുകളും സാന്മാര്‍ഗിക നിര്‍ദേശങ്ങളും സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നവരെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളിലെ ദൈവികമായ വിധിവിലക്കുകള്‍ പ്രവാചകന്മാരെ നിയോഗിക്കുന്നതിനു മുമ്പ് ജനങ്ങള്‍ക്ക് അജ്ഞാതമായിരിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ്, ഒരു ദൂതനെ നിയോഗിക്കുന്നതുവരെ നാം ശിക്ഷിക്കുന്നതുമല്ല എന്ന് അല്ലാഹു വ്യക്തമാക്കിയത്. അതത്രെ ദൈവിക നീതിയുടെ താല്‌പര്യം.
പ്രപഞ്ചനാഥനെ നിഷേധിക്കുകയോ അവനല്ലാത്തവര്‍ക്ക് ദിവ്യത്വം കല്‌പിക്കുകയോ ചെയ്യുന്നത് തെറ്റാണെന്ന് ഏതൊരു മനുഷ്യനും ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിയുമെന്നതുകൊണ്ടാണ് തല്‍സംബന്ധമായ ഒഴികഴിവുകളൊന്നും പരലോകത്ത് അല്ലാഹു സ്വീകരിക്കുകയില്ലെന്ന് 7:172, 173 സൂക്തങ്ങളില്‍ വ്യക്തമാക്കിയത്. 17:15 ലെ പ്രതിപാദ്യം ഇതില്‍ നിന്ന് വ്യത്യസ്‌തമായതിനാല്‍ ഈ സൂക്തങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാവുന്നതല്ല.
0 comments: