- വിശകലനം -
എം ഐ മുഹമ്മദലി സുല്ലമി
എ പി വിഭാഗം മുജാഹിദുകളുടെ സംസ്ഥാന സമ്മേളനവും അതോടനുബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങളും ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കയാണ്. `നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്' എന്നതായിരുന്നുവല്ലോ സമ്മേളനത്തിന് തെരഞ്ഞെടുത്ത പ്രമേയം. എന്നാല്‍ സമ്മേളനത്തിലും സമ്മേളന പ്രചരണ യോഗങ്ങളിലും വലിയൊരളവോളം ചര്‍ച്ചചെയ്യപ്പെട്ടത് കഴിഞ്ഞ ഒരു ദശാബ്‌ദത്തിനടയ്‌ക്ക് സംഘടനയെ ഗ്രസിച്ച ജിന്നുബാധയെക്കുറിച്ചായിരുന്നു. സമ്മേളനപ്രചാരണം ഊര്‍ജിതമായത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു. പ്രസ്‌തുത മാസങ്ങളില്‍ പ്രസിദ്ധീകൃതമായ എ പി വിഭാഗം മുജാഹിദ് വാരിക പരിശോധിച്ചാലും അതിന്റെ ഒട്ടേറെ പേജുകള്‍ `ജിന്നു ചര്‍ച്ചക്കായി' നീക്കിവെച്ചത് കാണാവുന്നതാണ്.
വാരികയുടെ പത്രാധിപര്‍ ഇ കെ എം പന്നൂര്‍ 2012 നവംബര്‍ 9 മുതല്‍ ഡിസംബര്‍ 14 വരെയുള്ള ആറു ലക്കങ്ങളില്‍ (പു 12, ലക്കം 10-15) `ജിന്നുവിവാദം' എന്ന പേരില്‍ ഒരു പരമ്പര തന്നെ എഴുതുകയുണ്ടായി. ജിന്നുവിവാദത്തിന്റെ തുടക്കം, ജിന്നുവിവാദം ആസൂത്രിത ശ്രമത്തിന്റെ ഫലം, ഒരു തെളിവിനുകൊള്ളാത്തത് തള്ളാനെന്താണ് തടസ്സം? തുടങ്ങിയ ശീര്‍ഷകങ്ങളിലാണ് പരമ്പര പ്രസിദ്ധീകൃതമായിട്ടുള്ളത്.
അതിനു പുറമെ ഇതേ വിഷയത്തില്‍ എം പി എ ഖാദര്‍ കരുവമ്പൊയിലിന്റെ `ജിന്നുകളോടുള്ള തേട്ടവും വിചിന്തനം വാരികയും' എന്ന രൂക്ഷശൈലിയിലുള്ള ഒരു പരമ്പരയും പ്രസിദ്ധീരിച്ചരിക്കുന്നു. അതിനും പുറമെ `ഇരുളിന്റെ ഇന്നലെകളും ഇസ്വ്‌ലാഹീ പ്രസ്ഥാനവും' എന്ന കെ സി മുഹമ്മദ് മൗലവി മാറഞ്ചേരിയുടെ മറ്റൊരു പരമ്പരയും ഇതേ കാലയളവില്‍ പ്രകാശിപ്പിച്ചിരിക്കുന്നു.
സംസ്ഥാന നേതാവ് വിവാദത്തില്‍
ജിന്നുകളുടെ തേരോട്ടത്തെക്കുറിച്ചുള്ള മൂന്നു പരമ്പരകള്‍ക്ക് പുറമെ എ പി വിഭാഗം കെ എന്‍ എമ്മിന്റെ സംസ്ഥാന നേതാവായ പാലത്ത് അബ്‌ദുര്‍റഹ്‌മാന്‍ മദനിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വിവാദവും വിചിന്തനത്തില്‍ (2012 ഡിസംബര്‍ 14, പേജ് 16) കത്തിപ്പടര്‍ന്നിട്ടുണ്ട്. അദ്ദേഹം മദീനത്തുല്‍ ഉലൂം അറബിക്കോളെജില്‍ പഠിച്ചിരുന്ന കാലത്ത് സല്‍സബീലില്‍ എഴുതിയ ഒരു ലേഖനമാണ് ഇപ്പോള്‍ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഡോ. ഹുസൈന്‍ മടവൂര്‍ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ നമസ്‌കാരത്തെ കുറിച്ചെഴുതിയ ഒരു ലഘുകൃതിയിലെ ഏതാനും വാക്കുകളുടെ പേരില്‍ അദ്ദേഹത്തെ ജനകീയ വിചാരണ നടത്തിയത് മറക്കാറായിട്ടില്ല. അന്ന് അതിന് എല്ലാ സഹായ ഹസ്‌തങ്ങളും നീട്ടിയ പാലത്ത് അഹ്‌ദുര്‍റഹ്‌മാന്‍ മദനി സ്വയം കൃതാര്‍ഥത്തില്‍ പതിച്ചുവെന്ന് സംശയിക്കാം. പക്ഷെ, രണ്ടു വിവാദങ്ങളും തമ്മില്‍ അജ-ഗജാന്തരമുണ്ട്. ആദ്യത്തേത് ഒരു സുന്നത്ത് നമസ്‌കാരത്തിന്റെ റക്‌അത്തുകളെ കുറിച്ചായിരുന്നു. ഇപ്പോഴത്തെ വിവാദമോ? ഇസ്‌ലാമിന്റെ ആധാരശിലയായ തൗഹീദിനെ സംബന്ധിച്ചു തന്നെയാണ്!
സല്‍സബീലില്‍ എഴുതിയ ലേഖനമായതിനാലാവണം ഉമര്‍ മൗലവിയെയും (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ) ജിന്നുവിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. വിചിന്തനം ഉപരിസൂചിത കുറിപ്പിന് നല്‌കിയ ശീര്‍ഷകം `ജിന്നു വിവാദം ഉമര്‍ മൗലവിയുടെ പേരില്‍ തട്ടിപ്പ്' എന്നാണ്.
പുതിയ വിവാദങ്ങളും പഴയ കൃതിയും
ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന പുസ്‌തകത്തിലെ 42ാം പേജിലെ `ജിന്നുകള്‍' എന്ന അധ്യായത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇതപ്പര്യന്തമുള്ള നിലപാട് വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഈജിപ്‌തില്‍ നവോത്ഥാന സന്ദേശം പ്രചരിപ്പിച്ച സയ്യിദ് റശീദ് റിദാ(റ)യുടെ സുചിന്തിത വീക്ഷണവും ചൂണ്ടിക്കാണിച്ചു. അനന്തരം ഇവക്ക് വിരുദ്ധമായ ഗള്‍ഫ് സലഫികളുടെ സമീപനമാണ് വിശദീകരിച്ചിട്ടുള്ളത്. ജിന്നുബാധയും ചികിത്സയും, ജിന്നും മനുഷ്യനും തമ്മിലുള്ള ലൈംഗിക ബന്ധം, നല്ല ജിന്നുകളോട് സഹായംതേടാമോ എന്നീ ഉപശീര്‍ഷകങ്ങളാണ് അതിന് നല്‌കപ്പെട്ടിരിക്കുന്നത്. അവയെക്കുറിച്ചെല്ലാം കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ എ പി മുജാഹിദുകളുടെ ജിഹ്വ ചര്‍ച്ച നടത്തിയിട്ടുണ്ട്. ജിന്നുകളോട് സഹായംതേടാമോ എന്ന വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയിലാകട്ടെ അമീര്‍ ഒതുക്കുങ്ങല്‍ എഡിറ്ററായ വിമത പക്ഷത്തിന്റെ അല്‍ഇസ്വ്‌ലാഹ് മാസികയും പങ്കുചേര്‍ന്നിരിക്കുന്നു. അതിന്റെ 2012 നവംബര്‍, ഡിസംബര്‍ ലക്കങ്ങള്‍ അതിരൂക്ഷമായ ശൈലികളില്‍ തന്നെ എ പി മുജാഹിദ് പക്ഷത്തെ കൈകാര്യം ചെയ്യുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഗള്‍ഫ് സലഫിസത്തിന്റെയും ശൈഖുമാരുടെയും മറവില്‍ ജിന്നുബാധയെപ്പറ്റി ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിക്കാത്ത കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചാലുള്ള ഭവിഷ്യത്ത് ഇന്ന് മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്നു.
ജിന്നുകളോട് സഹായംതേടല്‍
മറഞ്ഞ ജിന്നുകള്‍, മലക്കുകള്‍, മനുഷ്യര്‍, മരിച്ചുപോയവര്‍ തുടങ്ങിയവരോട് സഹായം തേടുന്നതും അവര്‍ക്ക് നേര്‍ച്ച ബലികള്‍ നടത്തുന്നതും ശിര്‍ക്കാണെന്നതില്‍ ഗള്‍ഫിലെ പണ്ഡിതര്‍ക്ക് സന്ദേഹമില്ല. സുഊദി അറേബ്യയിലെ ശൈഖ് ഇബ്‌നുബാസ്(റ) ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരുടെ ഫത്‌വകള്‍ പരിശോധിച്ചാല്‍ ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താവുന്നതാണ്. ഒരു ഫത്‌വ കാണുക:
``ഖബറാളികള്‍, നബിമാര്‍, നക്ഷത്രങ്ങള്‍, വിഗ്രഹങ്ങള്‍, ജിന്നുകള്‍, മലക്കുകള്‍ തുടങ്ങിയവര്‍ക്ക് ബലിയര്‍പ്പിച്ചവന്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തു. അവരുടെ പ്രീതിക്കായി നമസ്‌കരിക്കുന്നതും അവരോട് സഹായം തേടുന്നതും, അവര്‍ക്കുവേണ്ടി നേര്‍ച്ച ചെയ്യുന്നതുമെല്ലാം ഇതുപോലെ തന്നെയാണ്. അവയെല്ലാം അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. (ശൈഖ് ഇബ്‌നുബാസിന്റെ മജ്‌മൂഉല്‍ ഫാതാവാ, വാള്യം 6, പേജ് 334)
എന്നാല്‍ ഒരാള്‍ക്ക് ജിന്നിന്റെ സാമീപ്യം ബോധ്യപ്പെടുകയാണെങ്കില്‍ അയാള്‍ക്ക് ജിന്നുമായി സംവദിക്കാം. ജിന്നിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാം. ജിന്ന് ബാധക്ക് വിധേയനായവനില്‍ നിന്ന് ജിന്നിനെ ഇറക്കാം, ജിന്നിനു കഴിയുന്ന കാര്യങ്ങളില്‍ സന്നിഹിതനായ ജിന്നിനോടു സഹായംതേടാം തുടങ്ങിയ വീക്ഷണങ്ങള്‍ ഗള്‍ഫിലെ സലഫി പണ്ഡിതര്‍ വെച്ചുപുലര്‍ത്തുന്നു. ശൈഖ് അബ്‌ദില്‍ അസീസ് ബിന്‍ബാസ് തന്നെ ഒരു സ്‌ത്രീയെ ബാധിച്ച ജിന്നുമായി സംസാരിച്ചതായി സുഊദി പത്രങ്ങള്‍ വാര്‍ത്ത നല്‌കിയിരുന്നു. ബുദ്ധമതവിശ്വാസിയായ ഇന്ത്യക്കാരനായ ജിന്ന് ഇസ്‌ലാം സ്വീകരിക്കുകയും ശൈഖ് ഇബ്‌നുബാസിന്റെ നിര്‍ദേശപ്രകാരം ആ സ്‌ത്രീയില്‍ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്‌തുവത്രെ!
ശൈഖ് ഇബ്‌നുബാസിന്റെയടുക്കല്‍ ജിന്ന് വന്ന കഥ അക്കാലത്തെ ഏതാണ്ടെല്ലാ അറബി പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ശൈഖ് അലി ത്വന്‍താവി, ശൈഖ് ജാദുല്‍ ഹഖ്, ശൈഖ് മുഹമ്മദുല്‍ ഗസ്സാലി തുടങ്ങിയ ഈജിപ്‌തിലെയും സിറിയയിലെയും പണ്ഡിതന്മാര്‍ ശൈഖ് ഇബ്‌നുബാസിനെ ആരോ കബളിപ്പിച്ചുവെന്നായിരുന്നു അന്ന് പ്രതികരിച്ചത്. അവരെല്ലാം ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ് അബ്‌ദു, റശീദ രിദ തുടങ്ങിയ പണ്ഡിതരുടെ ചിന്തകളുമായി യോജിക്കുന്നവരായിരുന്നുവെന്നത് സ്‌മരണീയമാണ്.
തന്റെ സമീപത്തുള്ള ജിന്നിനോട് സഹായം തേടാമെന്ന് സുഊദി അറേബ്യയിലെ മറ്റൊരു സലഫീ പണ്ഡിതനായിരുന്ന ശൈഖ് സ്വാലിഹ് ഉസൈമീനും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ``രാത്രി തഹജ്ജുദ് നമസ്‌കാരത്തിന്റെ സമയം തെറ്റുമ്പോള്‍ ചിലരെ ജിന്ന് ഓര്‍മിപ്പിക്കാറുണ്ടെന്നും ശൈഖ് അഭിപ്രായപ്പെട്ടതായി കാണാം.'' (ലിഖാഉല്‍ ബാബുല്‍ മഫ്‌തുഹ് 8/54)
ഈ രണ്ടു രൂപത്തിലുള്ള സഹായതേട്ടവും മുജാഹിദുകള്‍ അംഗീകരിക്കുന്നില്ല. രണ്ടു രൂപത്തിലുള്ള സഹായാര്‍ഥനയും ശിര്‍ക്കാണെന്ന് എ പി വിഭാഗം മുജാഹിദുകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത് കാണുക: ``ശബ്‌ദം കേള്‍ക്കുമെന്നും ഹാദ്വിറുണ്ടെന്നും സങ്കല്‌പിച്ച് വിളിച്ചാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ അല്ലാഹു കഴിവു നല്‌കിയ അദൃശ്യ ശക്തികളാണ് ജിന്നുകളും മലക്കുകളും എന്ന ചില പണ്ഡിതന്മാരുടെ സങ്കല്‌പങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ യാതൊരു തെളിവുമില്ല. എന്നിരിക്കെ അത് ശിര്‍ക്കല്ലെന്ന വാദത്തെ ഒരു മുജാഹിദിന് എങ്ങനെ തഖ്‌ലീദ് ചെയ്യാന്‍ കഴിയും?'' ((എം പി എ ഖാദിര്‍ കരുവമ്പൊയില്‍, വിചിന്തനം, പേജ് 10, 2012 നവംബര്‍ 16
ജിന്നിനെ അടിച്ചിറക്കല്‍
ജിന്നുകളോട് സംവദിക്കുകയും സംസാരിക്കുകയും മാത്രമല്ല, ആജ്ഞകള്‍ ലംഘിക്കുന്ന ജിന്നുകളെ അടിച്ചിറക്കുന്നവരെയെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ കാണാവുന്നതാണ്. ഇത് സംബന്ധമായ ഒരു ചോദ്യത്തിന് കുവൈത്തിലെ പ്രമുഖ പണ്ഡിതനായ ശൈഖ് മുഹമ്മദ് അല്‍ഹമൂദ് നുജൈദി നല്‌കിയ മറുപടി ഇപ്രകാരമാണ്: ``അടിക്കുന്ന സമ്പ്രദായം നബി(സ) അംഗീകരിച്ചതാണ്. എന്നാല്‍ അടിക്കുന്നതില്‍ പരിശീലനം നേടിയവര്‍ മാത്രമേ അടിക്കാവൂ. അല്ലാത്തപക്ഷം അതുമൂലം ആളുകള്‍ക്ക് വിഷമം ഉണ്ടായേക്കും.'' (അല്‍ഫുര്‍ഖാന്‍ 108, പേജ് 22)
കുവൈത്തിലെ ഇഹ്‌യാഉത്തുറാസില്‍ ഇസ്‌ലാമി എന്ന സംഘടനയുടെ മുഖപത്രമാണ് അല്‍ഫുര്‍ഖാന്‍. അവരുടെ പ്രമുഖ മുഫ്‌തിയായ ശൈഖ് മുഹമ്മദ് ഹമൂദ് നുജൈദി ചങ്ങരംകുളത്ത് നടന്ന എ പി വിഭാഗം മുജാഹിദ് സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
ജിന്നുബാധ, ജിന്നും മനുഷ്യരും തമ്മിലുള്ള ലൈംഗികബന്ധം തുടങ്ങിയവയെല്ലാം ഗള്‍ഫ് സലഫികള്‍ അംഗീകരിക്കുന്നു. ഏതെങ്കിലും ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട് ശാസ്‌ത്ര പുരോഗതിയില്ലാത്ത കാലത്തെ പണ്ഡിതന്മാര്‍ എത്തിയ നിഗമനങ്ങളെ ആധാരമാക്കുന്നതു മൂലമാണ് ഗള്‍ഫിലെ പണ്ഡിതര്‍ ഈദൃശ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നത്. ശാസ്‌ത്ര പുരോഗതിയില്ലാത്ത കാലത്തെ പണ്ഡിതര്‍ അന്നത്തെ ശാസ്‌ത്ര നിഗമനങ്ങളെ പിന്തുടര്‍ന്നതാവാനും സാധ്യത ഏറെയാണ്. എന്നാല്‍ ശാസ്‌ത്ര വിസ്‌ഫോടനം നടന്ന ആധുനിക കാലത്തെ മുസ്‌ലിംകള്‍ പൂര്‍വികരുടെ നിഗമനങ്ങളെ അപ്പടി പകര്‍ത്തേണ്ട ഒരാവശ്യകതയും ഇല്ല. സയ്യിദ് റശീദ് റിദ തന്റെ ഖുര്‍ആന്‍ വിശദീകരണത്തില്‍ പലയിടത്തും ഇതു പറഞ്ഞതായി കാണാവുന്നതാണ്.
സയ്യിദ് റശീദ് റിദയുടെ പാതയിലൂടെ ശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ സത്യം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടാണ് ബുദ്ധി നിരാകരിക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് മുജാഹിദുകള്‍ സുരക്ഷിതരായത്.
ഗള്‍ഫിലെ പണ്ഡിതന്മാരും സംഘടനകളുമാണ് മുജാഹിദുകളിലെ ചിലരുടെ ആദര്‍ശവ്യതിനായങ്ങള്‍ തങ്ങളെ അറിയിച്ചത് എന്നു വാദിച്ച നമ്മുടെ സഹോദരങ്ങള്‍ ഇന്ന് `ഗള്‍ഫ് സലഫികളുടെ' വീക്ഷണങ്ങളെ ഇറക്കുമതി ചെയ്യുന്നവരെ വിമര്‍ശിക്കുന്നത് കാണുക:
``എത്രയെത്ര അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് സമൂഹത്തില്‍ നിലനിന്നിരുന്നത്? ഇതിന്നെതിരെ നമ്മുടെ പണ്ഡിതര്‍ നിരന്തരം ബോധവല്‍കരണം നടത്തിക്കൊണ്ടിരുന്നു. തല്‍ഫലമായി എല്ലാ ജിന്ന് ചെകുത്താന്മാരെയും മനുഷ്യമനസ്സുകളില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ നമുക്ക് സാധിച്ചു. അല്‍ഹംദുലില്ലാഹ്. അന്നൊക്കെ ഏതെങ്കിലും വീടുകളില്‍ ആരെങ്കിലും മരിച്ചുവെന്ന് കേള്‍ക്കുമ്പോഴേക്ക് പല സ്‌ത്രീകളും ബോധംകെട്ട് കൂക്കി വിളിക്കുമായിരുന്നു. ചെകുത്താനിളക്കം എന്നാണ് അതിനെ വിളിച്ചുവന്നിരുന്നത്. ക്രമേണ അതൊന്നും കേള്‍ക്കാതായി....
ഇന്ന് മുജാഹിദുകള്‍ക്കിടയില്‍ മാത്രമല്ല, അഭ്യസ്‌തവിദ്യരായ സുന്നികള്‍ക്കിടയില്‍ പോലും ചെകുത്താനിളക്കമില്ല. അതെല്ലാം ഒരുതരം ഹിസ്റ്റീരിയ ബാധിച്ചിരുന്നതായിരുന്നുവെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടായിക്കഴിഞ്ഞു. സ്‌ത്രീകള്‍ ഗര്‍ഭിണികളായാല്‍ മുസ്‌ലിയാക്കന്മാര്‍ പോലും തങ്ങളുടെ ഭാര്യമാരെയും മക്കളെയുമെല്ലാം പേരു കേട്ട ഗൈനക്കളോജിസ്റ്റുകളെയാണ് ആരംഭം തൊട്ടേ കാണിച്ചുവരുന്നത്. അബോര്‍ഷനാകുന്നത് പിശാചുബാധ കൊണ്ടല്ല എന്നവര്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. ശാസ്‌ത്രീയമായ ചികിത്സകളാണ് അവരും നടത്തിക്കൊണ്ടിരിക്കുന്നത്.'' (ഇരുളിന്റെ ഇന്നലെകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും, കെ സി മുഹമ്മദ് മൗലവി മാറഞ്ചേരി, വിചിന്തനം 2012, നവംബര്‍ 30)
ജിന്നുബാധയുള്ളവര്‍ക്ക് മര്‍ദനം
ജിന്നുബാധയുള്ളവരെ ശറഈ ചികിത്സക്ക് വിധേയമാക്കാനാണ് ഗള്‍ഫിലെ പണ്ഡിതര്‍ നിര്‍ദേശിക്കാറുള്ളത്. അതിന്റെ ഭാഗമായി ജിന്ന് ബാധിതനെയും ബാധിതയെയും മര്‍ദിക്കാറുമുണ്ട്. ഗള്‍ഫിലെ ശൈഖുമാരെ പിന്തുടര്‍ന്നുകൊണ്ട് എ പി വിഭാഗം മുജാഹിദിലെ വിമതര്‍ ജിന്നിനെ അടിച്ചിറക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എടവണ്ണ, പുളിക്കല്‍, തിരൂരങ്ങാടി, എറണാകുളം, തിരുവനന്തപുരം, തലശ്ശേരി തുടങ്ങിയ മുജാഹിദ് കേന്ദ്രങ്ങളില്‍ തന്നെ അത്തരം സംഭവങ്ങളുണ്ടായി.
ഗള്‍ഫ് സലഫികളുടെ അനുചരന്മാരെ വിമര്‍ശിച്ചുകൊണ്ട് ഇ കെ എം പന്നൂര്‍ തന്റെ സരസമായ ശൈലിയില്‍ എഴുതുന്നു:
`ആമിനക്കുട്ടി ചെകുത്താന്‍'
ഒരു ഉപകാരവുമില്ലാത്തതും മന്ത്രവാദചികിത്സയ്‌ക്ക് പ്രേരണ ലഭിക്കുന്നതുമായ കാര്യങ്ങളാകും സദസ്സില്‍ നിന്നും ലഭിക്കുന്ന ചോദ്യങ്ങളില്‍. അവക്കെല്ലാം മറുപടി പറയാന്‍ നില്‌ക്കരുത്. റൂഹാനി കൂടും, മരിച്ച ആള്‍ പറയുന്നപോലെ റൂഹാനി കൂടിയ ആള്‍ പറയും എന്ന് സമൂഹത്തില്‍ ഒരു ധാരണയുണ്ട്. ഇതിനെക്കുറിച്ച് ഹദീസ് സെമിനാറില്‍ ചോദ്യം വന്നപ്പോള്‍ സ്വലാഹി പറഞ്ഞത് അത് റൂഹാനിയല്ല പിശാചാണെന്നാണ്. റൂഹാനി കൂടുകയില്ല എന്നു പറഞ്ഞു നിര്‍ത്തിയാല്‍ മതി. പക്ഷേ, അതുപോര അദ്ദേഹത്തിന്. വിശദീകരണം ഇങ്ങനെ പോകുന്നു.
ഒരാള്‍ മരിച്ചാല്‍ റൂഹ് മലക്കുകള്‍ കൊണ്ടുപോകുന്നു. മൃതദേഹം ബന്ധുക്കള്‍ ഖബ്‌റില്‍ വെക്കുന്നു. പിശാച് പുറത്ത് നില്‌ക്കുന്നു. അത് മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കും. ആരില്‍ നിന്നാണോ വന്നത് അയാള്‍ പറയുന്ന പോലെ പറയുകയും ചെയ്യുന്നുവെന്നാണ് സമര്‍ഥനം. ഈ രീതിയിലുള്ള വിശദീകരണം എന്തിനു നടത്തണം? നടത്തിയാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വരും. ഉദാഹരണം:
ആമിനക്കുട്ടി മരിച്ചപ്പോള്‍ അവളുടെ ചെകുത്താന്‍ നഫീസയില്‍ കയറി. നഫീസ മരിച്ചപ്പോള്‍ ആ ചെകുത്താന്‍ ലക്ഷ്‌മിക്കുട്ടിയുടെ മേല്‍ കയറി. ലക്ഷ്‌മിക്കുട്ടി മരിച്ചപ്പോള്‍ പാത്തുമ്മയുടെ ദേഹത്തില്‍ കൂടുകെട്ടി. ഇത്തരം സാഹചര്യത്തില്‍ അടിചികിത്സകര്‍ പാത്തുമ്മയെ അടിക്കും. നീ എവിടെ നിന്നു വന്നു എന്നു ചോദിക്കും. വന്ന റൂട്ടുകളെല്ലാം അടിച്ചുപറയിക്കുമെന്നാണ് ചികിത്സകന്റെ അവകാശവാദം. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഊര്‍ജം എന്തിന് ഇതിനൊക്കെ കാരണമാകുന്ന വിധത്തില്‍ പ്രയോഗിക്കണം?'' (വിചിന്തനം 2012 ഡിസംബര്‍ 14, പേജ് 5)
ജിന്നു വിവാദത്തിന്റെ തുടക്കം
വിചിന്തനത്തിന്റെ എഡിറ്ററുടെ `ജിന്നു വിവാദ' പരമ്പരയിലെ 6-ാം ലേഖനത്തിന്റെ വരികളാണ് മുകളിലുദ്ധരിച്ചത്. ഒന്നാമത്തെ ലേഖനത്തില്‍ ജിന്നുവിവാദം തുടങ്ങിയിട്ട് ആറേഴു വര്‍ഷമായി എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അതെ, ഗള്‍ഫ് സലഫികളുടെയും സംഘടനകളുടെയും മന്‍ഹജിന്റെയും പേരില്‍ ഒരു വിഭാഗത്തിന്റെ ആദര്‍ശത്തെ ചോദ്യംചെയ്‌തവര്‍ മൂന്നു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ തിക്തഫലം അനുഭവിക്കാന്‍ തുടങ്ങി എന്നു വ്യക്തം. ജിന്നു പ്രാസംഗികരുടെ കഥകള്‍ കേട്ടപ്പോള്‍ അദ്ദേഹത്തിനുണ്ടായ പ്രതികരണം ഇപ്രകാരമായിരുന്നു:
``വാതിലടക്കുമ്പോള്‍ സൂക്ഷിക്കണം. ജിന്നിനു പരിക്കുപറ്റും. മേശ വലിപ്പ് അടക്കുമ്പോഴും ചൂടുവെള്ളം ചിന്തുമ്പോഴും തെങ്ങില്‍ നിന്ന് തേങ്ങയിടുമ്പോഴുമെല്ലാം ജിന്നിനു പരിക്കുപറ്റും. ജിന്നുകള്‍ മനുഷ്യ സ്‌ത്രീകളുമായി ബന്ധത്തിലേര്‍പ്പെടും എന്നു തുടങ്ങി ഒരുപാകരവുമില്ലാത്ത പലതും ജിന്ന് പ്രഭാഷകരില്‍ നിന്ന് മലയാളികള്‍ കേട്ടു.
ഇങ്ങനെയായപ്പോള്‍ സംഘടന ഇടപെടുന്നത് കാത്തുനില്‍ക്കാതെ വ്യക്തിപരമായി ഇടപെടാന്‍ ഞാന്‍ തീരുമാനിച്ചു. ഇസ്‌ഹാഖലി കല്ലിക്കണ്ടിയോടൊപ്പം കോഴിക്കോട് പ്രീമിയര്‍ പ്രസ്സില്‍ സാല്‍വേഷന്‍ സുവനീറിനു വേണ്ടി ജോലിയില്‍ വ്യാപൃതരായിരിക്കുമ്പോള്‍ എനിക്കതിന് നല്ല ഒരവസരം കിട്ടി. ഐ എസ് എമ്മിന്റെ പ്രതിനിധി എന്ന നിലയില്‍ ശംസുദ്ദീന്‍ പാലത്തും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞാന്‍ ശംസുദ്ദീനെ വിളിച്ച് പ്രസ്സിലെ മറ്റൊരു മുറിയിലേക്കു പോയി. ശംസുദ്ദീന്റെ സീഡിയില്‍ പറഞ്ഞ ജിന്നു സംരക്ഷണത്തെക്കുറിച്ച് ഞാന്‍ പറഞ്ഞത് ഇതായിരുന്നു:
ജിന്നുകളെ കാണാനുള്ള കഴിവ് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടില്ല. അതിനാല്‍ വാതിലടക്കുമ്പോഴും മേശ വലിപ്പടക്കുമ്പോഴും ജിന്നിനു പരിക്കുപറ്റാതെ നോക്കണം എന്ന് വാദിക്കുമ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയാത്തതിന് അല്ലാഹു നിര്‍ബന്ധിച്ചു എന്നു വരും. അത് അല്ലാഹുവിന്റെ സുന്നത്തിന് (ചര്യക്ക്) എതിരാണ്. മാത്രമല്ല, ജിന്നിനു പരിക്കു പറ്റുന്നതില്‍ നാം സന്തോഷിക്കുകയാണ് വേണ്ടത്. കിടപ്പുമുറിയില്‍ നമ്മുടെ രഹസ്യങ്ങളറിയാന്‍ ഒരു മനുഷ്യന്‍ ഒളിച്ചിരിക്കുന്നുവെന്നറിഞ്ഞാല്‍ അയാളെ നാം അടിക്കുമല്ലോ. അതേ ഉദ്ദേശ്യത്തോടെ ഒരു ജിന്ന് മേശവലിപ്പിനുള്ളില്‍ ഒളിച്ചിരിക്കുന്നെങ്കില്‍ ആ ജിന്നിനു പരിക്കു പറ്റിക്കോട്ടെ എന്നു വയ്‌ക്കുകയാണ് വേണ്ടത്. ഇതു കേട്ടപ്പോള്‍ ശംസുദ്ദീന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല.'' (വിചിന്തനം, ഇ കെ എം പന്നൂര്‍, 2012 നവം 9)
എ പി മുജാഹിദുകളുടെ അഴിഞ്ഞിലം സമ്മേളനത്തില്‍ സലഫിമാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കാനിട വന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ജിന്നു വിഭാഗവുമായി ഹുസൈന്‍ സലഫിക്ക് ചില രഹസ്യ ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നു. അതിനെ സാധൂകരിക്കുന്ന വിധമാണ് അദ്ദേഹം പ്രസംഗിച്ചത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങളായി എ പി വിഭാഗം മുജാഹിദുകള്‍ ജിന്ന് വിഷയത്തെക്കുറിച്ച് നൂറു കണക്കിന് പ്രസംഗങ്ങള്‍ നടത്തി. അനേകം ലേഖനങ്ങള്‍ എഴുതി. 29-12-2012 ശനിയാഴ്‌ച രാത്രി വരെ ഗുരുതരമായ വിഷയമായാണ് ഭിന്നിപ്പിനെ വിശേഷിപ്പിച്ചത്. അതിനെ പെട്ടെന്നൊരു നിമിഷത്തില്‍ ഹുസൈന്‍ സലഫി നിസ്സാരവല്‍കരിച്ചാല്‍ സമ്മേളന സംഘാടകര്‍ അതെങ്ങനെ സഹിക്കും?
ജിന്നുവിഭാഗക്കാര്‍ തങ്ങളുടെ വാദങ്ങളിലധികവും കണ്ടെത്തിയത് ഗള്‍ഫിലെ ശൈഖുമാരുടെ പ്രസ്‌താവനകളില്‍ നിന്നാണ്. അവരുടെ മുമ്പില്‍ പ്രശ്‌നമവതരിപ്പിക്കാമെന്ന ഹുസൈന്‍ സലഫിയുടെ ഉപദേശത്തിലെ ഒത്തുകളി മനസ്സിലാകാത്ത സാധുക്കളാണോ മറുപക്ഷത്തുള്ളത്? ഏതായാലും സംഘടനയിലെ ഔദ്യോഗികസലഫിക്ക് ഒരു വെടിക്ക് രണ്ടുപക്ഷി!!
0 comments: