സുഊദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ

  • Posted by Sanveer Ittoli
  • at 8:45 AM -
  • 0 comments
സുഊദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ

സുഊദി മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ സൊസൈറ്റി ഫോര്‍ മെമ്മൊറൈസിങ്‌ ദ ഹോളി ഖുര്‍ആനുമായി (ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീദില്‍ ഖുര്‍ആനില്‍ കരീം) സഹകരിച്ച്‌ സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സുഊദിയിലുടനീളം മുപ്പതോളം കേന്ദ്രങ്ങളിലായി കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തിവരുന്ന മഹത്തായ സംരംഭമാണ്‌ സുഊദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ. മര്‍ഹൂം മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണമാണ്‌ പരീക്ഷാ സിലബസിനായി അവലംബിച്ചു കൊണ്ടിരിക്കുന്നത്‌. ഇതിനകം വിശുദ്ധ ഖുര്‍ആനിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള അധ്യായങ്ങളെ ആസ്‌പദമാക്കിയാണ്‌ വിജ്ഞാനപ്പരീക്ഷകള്‍ സംഘടിപ്പിക്കപ്പെട്ടത്‌.നിര്‍ണിത സിലബസ്‌ വായിച്ച്‌ എഴുതാവുന്ന ഒന്നാംഘട്ട പരീക്ഷയും, അതില്‍ നിശ്ചിതമാര്‍ക്ക്‌ വാങ്ങുന്നവര്‍ക്കുള്ള ഫൈനല്‍ എഴുത്ത്‌ പരീക്ഷയുമാണ്‌ നടന്നുവരുന്നത്‌. ഇതിനോടനുബന്ധിച്ച്‌ ഖുര്‍ആന്‍ ഹിഫ്‌ദ്‌ മത്സരവും സംഘടിപ്പിക്കപ്പെടുന്നു.
സുഊദി അറേബ്യയിലെ ഇസ്‌ലാമിക മന്ത്രാലയത്തിലെ ഡോ. തൗഫീഖ്‌ അബ്‌ദുല്‍ അസീസ്‌ അസ്സുദൈര്‍, അബ്‌ദുല്‍ അസീസ്‌ അബ്‌ദുല്ല അല്‍ അമ്മാര്‍, ഉസ്‌മാന്‍ മുഹമ്മദ്‌ അസ്സിദ്ദീഖി, സഈദ്‌ അബ്‌ദുല്ല അബൂഉയൂന്‍, പ്രഗത്ഭ പണ്ഡിതനും കോടതി ജഡ്‌ജിയുമായ ഇബ്‌റാഹിം ബ്‌ന്‍ സ്വാലിഹ്‌ അല്‍ ഖുദൈരി, ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീദില്‍ ഖുര്‍ആനില്‍ കരീമില്‍ നിന്നും സഅദ്‌ ബ്‌ന്‍ മുഹമ്മദ്‌ ആല്‍ ഫുര്‌യാന്‍, അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്ല അല്‍ ഹദ്‌ലൂല്‍, ഇബ്‌റാഹീം അബ്‌ദുല്ല അല്‍ ഈദ്‌ തുടങ്ങി പ്രഗത്ഭരായ നിരവധി പേര്‍ ഇതിനകം വ്യത്യസ്‌ത സന്ദര്‍ഭങ്ങളിലായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഉദ്‌ഘാടന ചടങ്ങുകളിലും സമ്മാനദാന സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. സമാപനം ഓരോ വര്‍ഷവും മലയാളി സമ്മേളനങ്ങളായി വിപുലമായി നടത്തി വരുന്നു.
പ്രവാസികള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും ഇതിനകം തന്നെ ഖുര്‍ആന്‍ മുസാബഖ ഏറെ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.
അവസാനം നടന്ന ഏഴാംഘട്ട ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയില്‍ പതിനായിരത്തോളം കോപ്പികള്‍ വിതരണം ചെയ്‌തു. ആയിരത്തിലധികം അമുസ്‌ലിം സഹോരങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നു. എട്ടാംഘട്ട പരീക്ഷയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: