നബി(സ)യെ ആദരിക്കുന്നപോലെ സംഘടനാ നേതാക്കളെ ആദരിക്കണമോ?

  • Posted by Sanveer Ittoli
  • at 7:52 AM -
  • 0 comments

നബി(സ)യെ ആദരിക്കുന്നപോലെ സംഘടനാ നേതാക്കളെ ആദരിക്കണമോ?
49-ാം സൂറത്തിന്റെ ഒന്നാമത്തെ ആയത്തില്‍ ``(സത്യവിശ്വാസികളേ) നിങ്ങള്‍ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പില്‍ യാതൊന്നും മുന്‍കടന്ന്‌ പ്രവര്‍ത്തിക്കരുത്‌'' എന്ന്‌ പറഞ്ഞ കാര്യം നബി(സ)യുടെ കാലഘട്ടത്തിനു ശേഷം നബിക്ക്‌ പകരം ഉദ്ദേശിക്കപ്പെടുന്നത്‌ സമൂഹത്തിലെ നേതാക്കന്മാരും സംഘടനാ നേതാക്കളുമായതിനാല്‍ അവര്‍ പറയുന്നതിന്‌ മുന്‍കടന്ന്‌ പ്രവര്‍ത്തിക്കരുത്‌ എന്ന്‌ ഒരു ക്ലാസില്‍ വ്യാഖ്യാനിക്കുകയുണ്ടായി.
രണ്ടാമത്തെ ആയത്തില്‍ ``പ്രവാചകന്റെ ശബ്‌ദത്തിന്റെ മീതെ നിങ്ങള്‍ ശബ്‌ദം ഉയര്‍ത്തരുത്‌'' എന്ന്‌ പറഞ്ഞ കാര്യവും മേല്‍ പറഞ്ഞതുപോലെ സംഘടനാ നേതാക്കന്മാരുടെ മുമ്പിലും ആവരുത്‌ എന്ന്‌ വ്യാഖ്യാനിക്കുകയുണ്ടായി. കാരണം നേതാക്കന്മാര്‍ വിപുല ജ്ഞാനവും ശരീരശക്തിയും ഉള്ളതുകൊണ്ടാണ്‌ അവര്‍ നേതാക്കളായത്‌ എന്നും വ്യാഖ്യാനിച്ചു.
നബി(സ)ക്കു ശേഷം ഇവിടെ പറഞ്ഞ നേതാവ്‌ എന്ന്‌ ഉദ്ദേശിക്കുന്നത്‌ ഇസ്‌ലാമിക സമൂഹത്തിലെ ഖലീഫമാരാണോ അതോ നമ്മുടെ നാടുകളിലൊക്കെ കാണപ്പെടുന്ന സംഘടനാ നേതാക്കളോ?
ഷാനവാസ്‌ കോഴിക്കോട്‌
ആദരവിന്‌ പല അവസ്ഥകളും പല തലങ്ങളുമുണ്ട്‌. ഒരു നിലയില്‍ എല്ലാ മനുഷ്യരും ആദരിക്കപ്പെടേണ്ടവരാണ്‌. ``തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു'' (വി.ഖു 17:70). ഇത്‌ എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്‌. അതിനാല്‍ ഏതൊരാളോടും മനുഷ്യത്വത്തെ മാനിച്ചുകൊണ്ട്‌ മാത്രമേ സത്യവിശ്വാസികള്‍ പെരുമാറാന്‍ പാടുള്ളൂ. സത്യവിശ്വാസവും സല്‍ക്കര്‍മവുമായി ജീവിക്കുന്നവര്‍ക്ക്‌ അല്ലാഹു സൃഷ്‌ടികളില്‍ ശ്രേഷ്‌ഠര്‍ (വി.ഖു 98:7) എന്ന പദവി നല്‌കിയിട്ടുണ്ട്‌. അല്ലാഹു നല്‌കിയ ആ ആദരവ്‌ അംഗീകരിച്ചുകൊണ്ട്‌ മാത്രമേ നാം സച്ചരിതരായ മുസ്‌ലിംകളോട്‌ പെരുമാറാന്‍ പാടുള്ളൂ.
``മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ടുവന്നവരും സുകൃതം ചെയ്‌തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്‌തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്‌തരായിരിക്കുന്നു'' (വി.ഖു 9:100). അല്ലാഹു തൃപ്‌തിപ്പെട്ട ഈ മഹാന്മാരെ നമ്മളൊക്കെ ആദരിക്കേണ്ടതുണ്ട്‌. മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം കയ്യാളുന്ന ഭരണാധികാരികളെയും കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കണമെന്ന്‌ അല്ലാഹു അനുശാസിച്ചിട്ടുണ്ട്‌ (വി.ഖു 4:59). ഖലീഫമാരും അമീറുമാരും വിശ്വാസികളുടെ നേതൃത്വം ഏല്‌പിക്കപ്പെടുന്നവരുമൊക്കെ ഈ ആയത്തിലെ `ഉലുല്‍അംറ്‌' എന്ന വാക്കിന്റെ പരിധിയില്‍ ഉള്‍പ്പെടും.
ഇതുവരെ പറഞ്ഞവരെക്കാളെല്ലാം ഉന്നതമായ പദവിയാണ്‌ ഇസ്‌ലാമില്‍ നബി(സ)ക്കുള്ളത്‌. ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.'' (വി.ഖു 33:6)
നബി(സ)യുടെ ജീവിതകാലത്തോ അതിനുശേഷമോ അദ്ദേഹത്തെപ്പോലെ ആദരിക്കപ്പെടുകയോ അനുസരിക്കപ്പെടുകയോ ചെയ്യേണ്ട യാതൊരു വ്യക്തിയുമില്ല. പ്രവാചകനെ അനുസരിക്കുന്നതുപോലെ സംഘടനാ നേതാവിനെയും അനുസരിക്കണമെന്ന്‌ വാദിക്കുന്നവര്‍ യഥാര്‍ഥത്തില്‍ പ്രവാചകനെ തരം താഴ്‌ത്തുകയാണ്‌ ചെയ്യുന്നത്‌. നബി(സ)യെ നിരുപാധികം അനുസരിക്കാന്‍ സത്യവിശ്വാസികളെല്ലാം ബാധ്യസ്ഥരാണ്‌. അത്തരത്തില്‍ അനുസരിക്കപ്പെടേണ്ട മറ്റൊരു മനുഷ്യനും അക്കാലത്തോ പില്‌ക്കാലത്തോ ഇല്ല. സൂറത്തുല്‍ ഹുജുറാത്തിലെ ആദ്യ ആയത്തുകളില്‍ പറഞ്ഞ കാര്യം അതേ നിലയില്‍ മറ്റു നേതാക്കള്‍ക്കും ബാധകമാണെങ്കില്‍ അല്ലാഹു തന്നെ അങ്ങനെ പറയുമായിരന്നു. അല്ലാഹു പറയാത്തത്‌ എഴുതാപ്പുറം വായിച്ച്‌ സമര്‍ഥിക്കുക എന്നത്‌ വ്യാഖ്യാതാക്കള്‍ക്കോ ഖുര്‍ആന്‍ ക്ലാസുകാര്‍ക്കോ ഭൂഷണമല്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: