ടി പി എം റാഫി
ഭൂമിക്കു കിട്ടിയ ഏറ്റവും വലിയ വരദാനമേതെന്ന് അന്വേഷിച്ചാല്‍, അതു വെള്ളമാണെന്ന് ഉത്തരംതരാന്‍ ഭൗമശാസ്‌ത്ര ഗവേഷകര്‍ക്കും പരിസ്ഥിതിവാദികള്‍ക്കും ഒട്ടും സന്ദേഹം കാണില്ല. മറ്റു ഗ്രഹങ്ങളില്‍ നിന്നും നമ്മുടെ ഹരിതഗ്രഹത്തെ വ്യത്യസ്‌തമാക്കുന്നത് ജലസമൃദ്ധിയാണ്. ജൈവലോകത്തിന്റെ നിലനില്‌പിന് ആധാരമായിത്തീരുന്നതും ജലംതന്നെ.
സര്‍വേശ്വരനില്‍ നിന്നുള്ള വിലമതിക്കാനാവാത്ത അനുഗ്രഹമായാണ് ഖുര്‍ആന്‍ വെള്ളത്തെ പരാമര്‍ശിക്കുന്നത്.
``നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതു മേഘങ്ങളില്‍ നിന്നു വര്‍ഷിക്കുന്നത്? അതല്ല, നാമാണോ? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതു ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു.'' (56:68-70)
ജീവസ്‌ഫുരണത്തിനും ജൈവലോകത്തിന്റെ നിലനില്‍പ്പിന്നുമാധാരം വെള്ളമാണെന്ന് ഖുര്‍ആന്‍ പറയുന്നു: ``എല്ലാ ജീവത്തുടിപ്പുകളെയും വെള്ളത്തില്‍ നിന്നു സൃഷ്‌ടിച്ചു.'' (21:30)
നൊബേല്‍ സമ്മാനജേതാവും വൈറ്റമിന്‍-സിയുടെ രാസഘടന കണ്ടെത്തിയ ശാസ്‌ത്രജ്ഞനുമായ ഡോ. ആല്‍ബര്‍ട്ട് സെന്റ് ജ്യോര്‍ജിയുടെ വാക്കുകള്‍ ഈ ദൈവവചനം അപഗ്രഥിക്കുമ്പോള്‍ വളരെ വിലപ്പെട്ടതാണെന്നു തോന്നുന്നു. അദ്ദേഹം പറയുന്നു: ``വെള്ളമില്ലെങ്കില്‍ ഭൂമിയില്‍ ജീവോത്‌പത്തിയില്ല. ജൈവഘടകങ്ങളുടെ അടിസ്ഥാനരൂപവും അതിന്റെ നിഗൂഢ ബലതന്ത്രവും വെള്ളംതന്നെ.''
ഭൗമോപരിതലത്തില്‍ നാലില്‍ മൂന്നുഭാഗവും വെള്ളമാണ്. പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തില്‍ 70 ശതമാനവും വെള്ളംതന്നെ. ഒരു നവജാതശിശുവില്‍ 74 ശതമാനം വെള്ളമാണെങ്കില്‍, ഭ്രൂണത്തിന്റെ 80 ശതമാനവും വെള്ളം കൈയടക്കുന്നു. ഭൂമുഖത്ത് ധ്രുവങ്ങളിലൊഴികെ ഒട്ടുമിക്കയിടത്തും ജലം ദ്രാവകരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ജലം ദ്രാവകരൂപത്തില്‍ കാണുന്ന ഗ്രഹം, അറിയപ്പെട്ടിടത്തോളം ഭൂമി മാത്രമാണ്. ജലം ദ്രാവകരൂപത്തില്‍ നിലനിന്നാലേ ജൈവലോകത്തിന് നിലനില്‍പ്പുള്ളൂവെന്ന് ജ്യോര്‍ജി സമര്‍ഥിക്കുന്നു.
ഉപാപചയപ്രക്രിയ വഴി ശരീരം ഊര്‍ജം ഉത്‌പാദിപ്പിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന വിഷാംശങ്ങളും മാലിന്യങ്ങളും കിഡ്‌നിയാണ് പുറത്തേക്ക് കളയുന്നത്. യൂറിക് ആസിഡും യൂറിയയും ലാക്‌റ്റിക് ആസിഡും വിസര്‍ജിച്ചുപോകണമെങ്കില്‍ അവ വെള്ളത്തില്‍ ലയിക്കണം. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ കിഡ്‌നി ആദ്യം പണിമുടക്കും. ശരീരത്തിന്റെ ദഹനപ്രക്രിയകളിലും വെള്ളത്തിനു വലിയ പങ്കുണ്ട്. എന്‍സൈമുകളുടെ സഹായത്തോടെ നടക്കുന്ന ശരീരത്തിലെ രാസപ്രക്രിയകള്‍ക്കും വേദിയൊരുക്കുന്നത് വെള്ളമാണ്. ഗ്ലൂക്കോസും ഇരുമ്പുതന്തുക്കളും ഓക്‌സിജനുമെല്ലാം കോശങ്ങളിലേക്കും കലകളിലേക്കും രക്തത്തിലൂടെ എത്തിക്കുന്നതിലും ഈ സാര്‍വലൗകികലായനിയുടെ `റോള്‍' കാണാം.
രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന, പ്രത്യക്ഷത്തില്‍ അത്രയൊന്നും സങ്കീര്‍ണമല്ലാത്ത, എന്നാല്‍ വിസ്‌മയങ്ങളുടെ മഹാമേരുവായ സംയുക്തമാണ് ജലം (H2O). മനുഷ്യശരീരത്തിന്റെയെന്ന പോലെ ഭൗമശരീരത്തിന്റെയും എഴുപതുശതമാനം വെള്ളമാണ്. ഖര-ദ്രാവക-വാതകാവസ്ഥകളില്‍ ജലം സമൃദ്ധമായുണ്ടിവിടെ. ഈ മൂന്ന് അവസ്ഥകളിലും ഏതെങ്കിലും ഗ്രഹത്തില്‍ വെള്ളം ഒരുമിച്ചു സ്ഥിതിചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ജീവസ്‌ഫുരണത്തിന് സാധ്യതയുള്ളൂവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
ബുധനിലും ശുക്രനിലും ചൊവ്വയിലും വ്യാഴത്തിലും ശനിയിലുമെല്ലാം ജലബാഷ്‌പത്തിന് സാധ്യത കണ്ടെത്തിയിട്ടുണ്ടെങ്കിലും ദ്രാവകരൂപത്തില്‍ അവിടങ്ങളിലൊന്നും ജലം നിലനില്‍ക്കുന്നില്ല. ചൊവ്വയിലും ശനിയുടെ ചില ഉപഗ്രഹങ്ങളിലും ചന്ദ്രനിലുമെല്ലാം ഹിമപാളികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അവയൊന്നും ജൈവവൈവിധ്യത്തിലെ `ശ്രേഷ്‌ഠസ്വരൂപനും പൂര്‍ണസ്വരൂപനും പ്രതിഭാധനനു'മായ മനുഷ്യന് ഒട്ടും നിവാസയോഗ്യമല്ലതന്നെ.
ഭൂമിയിലേക്കു പതിക്കുന്ന അള്‍ട്രാവയലറ്റ്, മൈക്രോവേവ്, ഇന്‍ഫ്രാറെഡ് കിരണങ്ങളെ ജലം നന്നായി ആഗിരണം ചെയ്യുന്നുണ്ട്. ഹൈഡ്രജന്‍-ഓക്‌സിജന്‍ ബോണ്ട് സ്‌പന്ദിച്ചാണ് ഇതു സാധ്യമാക്കുന്നത്. നാലില്‍ മൂന്നു ഭാഗവും ഭൗമശരീരത്തില്‍ പരന്നുകിടക്കുന്ന സമുദ്രജലം മാരകകിരണങ്ങളെ സ്വയം നെഞ്ചിലേറ്റി ജൈവലോകത്തിന്റെ തിരിനാളം കെടാതെ കാത്തുസൂക്ഷിക്കുന്നു.
ഭൗമജലസമ്പത്ത്
ഭൗമോപരിതലത്തില്‍ ഏതാണ്ട് 1360 മില്യണ്‍ ക്യുബിക് കിലോമീറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ 97.2 ശതമാനവും ഉപ്പുകലര്‍ന്ന, ദുസ്സ്വാദുള്ള സമുദ്രജലമായാണ് നിലകൊള്ളുന്നത്. ബാക്കിയുള്ള 2.8 ശതമാനം വെള്ളമാകട്ടെ, ഖര-ദ്രാവക-വാതകരൂപത്തില്‍ ശുദ്ധജലമായി കിടക്കുന്നു. ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലുമായി സ്ഥിതിചെയ്യുന്ന ശുദ്ധജലത്തിന്റെ മഞ്ഞുമലകളായി 2.15 ശതമാനം വെള്ളമുണ്ട്. ഭൂമിയുടെ ഗര്‍ഭത്തിലെ ലിതോസ്‌ഫിയറില്‍ സംഭരിക്കപ്പെട്ടിട്ടുള്ളതും തടാകങ്ങളും പുഴകളും നദികളും മണ്ണിലെയും അന്തരീക്ഷത്തിലെയും ഈര്‍പ്പവും ചേര്‍ന്ന് വെറും 0.65 ശതമാനവും.
ഭൗമോപരിതലത്തിന്റെ 71 ശതമാനവും സമുദ്രങ്ങളാണല്ലോ. മുഴുവന്‍ സമുദ്രങ്ങളും ചേര്‍ന്ന് ഭൂമിയുടെ 361 മില്യണ്‍ ക്യുബിക് കിലോമീറ്റര്‍ കവര്‍ന്നിരിക്കയാണ്. കരഭാഗം 149 ക്യൂബിക് കിലോമീറ്റര്‍ മാത്രമാണ്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 4,00,000 കോടി ഘനമീറ്റര്‍ വെള്ളം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. നാലു തരത്തിലാണ് ഭൂമിക്ക് വെള്ളം കിട്ടുന്നത്. മഴ, ഹിമപാതം, തുഷാരം, ഹൈമം എന്നിങ്ങനെ. ഇതില്‍ മഴവെള്ളമാണ് ഏറ്റവും ശ്രേഷ്‌ഠവും ശുദ്ധവുമായത്. ജലസമ്പത്തിന്റെ നിദാനവും ജലചാക്രികതയുടെ പ്രധാന കണ്ണിയുമാണ് മഴവെള്ളം. നദികളും പുഴകളും തടാകങ്ങളുമെല്ലാം നിലനില്‍ക്കുന്നത് പ്രധാനമായും മഴവെള്ളത്തെ ആശ്രയിച്ചാണ്. ജൈവ ആവാസ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവും മഴവെള്ളമാണെന്ന് ആധുനികശാസ്‌ത്രം നിരീക്ഷിക്കുന്നു.
ലോകത്തെ ഒട്ടുമിക്ക സംസ്‌കാരങ്ങളും ഉരുവംകൊണ്ടത് നദീതടങ്ങളിലാണ്. മറ്റൊരു ഭാഷ്യത്തില്‍, വര്‍ഷപാതത്തില്‍ നിന്നാണ് മനുഷ്യസംസ്‌കാരം പിറവിയെടുത്തത് എന്നുവരുന്നു.
ജലചക്രം എന്ന ദൈവികസംവിധാനം
ജലചാക്രികത-അനുസ്യൂതം ആവര്‍ത്തിക്കുന്ന ബാഷ്‌പീകരണവും വര്‍ഷപാതവും-ഭൂമുഖത്തെ നിരുപമ വരദാനമായ ജലത്തെ ശുദ്ധീകരിക്കുകകൂടി ചെയ്യുന്നുണ്ട്. ഭൗമതാപം ഒരുപരിധി വിട്ട് ഉയരാതെ കാത്തുസൂക്ഷിക്കുന്നതും ജൈവലോകത്ത് പുതുനാമ്പുകള്‍ വിടര്‍ത്തുന്നതും ഹരിതഗ്രഹത്തിനു മാത്രം സ്വന്തമായ മഴയാണെന്ന കാര്യം വിശുദ്ധ ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്:
``ആകാശത്തുനിന്ന് അളന്നുകണക്കാക്കി വെള്ളം വര്‍ഷിച്ചുതരികയും ചെയ്‌തവന്‍. എന്നിട്ട് അതുവഴി, നിര്‍ജീവമായ മണ്ണിനെ പുനരുജ്ജീവിപ്പിച്ചു. അതുപോലെ, നിങ്ങളെയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.'' (43:11)
`അളന്നു കണക്കാക്കി' എന്ന വിശുദ്ധ ഖുര്‍ആന്റെ പ്രയോഗത്തില്‍ ഭൂമിയില്‍ പെയ്യുന്ന മൊത്തം മഴയുടെ അളവു മാത്രമല്ല, മേഘങ്ങളില്‍നിന്നു ഭൂമിയിലേക്ക് ഗുരുത്വബലത്താല്‍ വീഴുന്ന മഴത്തുള്ളികളുടെ വേഗത്തിലേക്കും സൂചനയുണ്ട്. മഴക്കാറുകള്‍ വിന്യസിക്കുന്ന അന്തരീക്ഷ മേഖലയിലേക്കുള്ള ഏറ്റവും ചുരുങ്ങിയ ഉയരം 1200 മീറ്ററാണ്. ഇത്രയും ഉയരത്തില്‍ നിന്ന് മേഘങ്ങള്‍ തണുത്ത് മഴത്തുള്ളികളായി ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ മണ്ണിലേക്കു പതിക്കുമ്പോള്‍ അവയ്‌ക്ക് മണിക്കൂറില്‍ 558 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന വേഗം കൈവരുന്നു. ജലകണങ്ങള്‍ ഇതിലും കൂടുതല്‍ ഉയരത്തില്‍ നിന്നാണ് തണുത്തു വീഴുന്നതെങ്കിലോ? ഭൂമുഖത്ത് നാശംവിതയ്‌ക്കാനും ഒരു നല്ല മഴ മതി. അതുകൊണ്ടുതന്നെ `അളന്നുകണക്കാക്കു'ന്നത് മഴത്തുള്ളികളുടെ വേഗം കൂടിയാണെന്നു കരുതണം.
``അല്ലാഹുവാകുന്നു കാറ്റുകളെ അയയ്‌ക്കുന്നവന്‍. എന്നിട്ട് അവ മേഘശകലങ്ങളെ ഇളക്കിവിടുന്നു. തുടര്‍ന്ന് അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അവയെ ആകാശത്തു വിന്യസിക്കുന്നു. അവ പല അടുക്കുകളാക്കിവെക്കുകയും ചെയ്യുന്നു. അതിനിടയില്‍ നിന്നു മഴവെള്ളം പുറത്തുവരുന്നതായി നിനക്കു കാണാം.'' (30:43)
ഹരിതപ്രവാചകന്‍
പച്ചക്കരളുള്ള എന്തിനെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ്(സ). ചരിത്രംകണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും പ്രകൃതിസ്‌നേഹിയുമാണ് മുഹമ്മദ് നബിയെന്ന് ഇസ്‌ലാമികേതര ചരിത്രകാരന്മാര്‍ പോലും നിരീക്ഷിക്കുന്നു. ആധുനിക പരിസ്ഥിതിവാദികള്‍ മുഹമ്മദ് നബിയെ `ഹരിതപ്രവാചകന്‍' (Green Prophet) എന്നു വിശേഷിപ്പിക്കുന്നു.
ദൈവത്തിന്റെ എല്ലാ സൃഷ്‌ടികളും അവനു മുന്നില്‍, ഒരു വിവേചനവുമില്ലാതെ, തുല്യരാണെന്നും അവയ്‌ക്കെല്ലാം ഇവിടെ നിവസിക്കാന്‍ തുല്യ അര്‍ഹതയുണ്ടെന്നും മുഹമ്മദ് നബി ഖുര്‍ആനിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ പഠിപ്പിക്കുന്നു. വെള്ളം വിഷലിപ്‌തമാക്കുന്നതും പ്രകൃതിയെ ഹനിക്കുന്നതും ജീവിവര്‍ഗങ്ങളെ ഉന്മൂലനം ചെയ്യുന്നതും വലിയ പാപമായി ഇസ്‌ലാം എണ്ണുന്നു. പൂച്ചയ്‌ക്ക് ഒരു തുള്ളി വെള്ളംപോലും നല്‍കാതെ കെട്ടിയിട്ടു കൊന്ന സ്‌ത്രീ നരകത്തില്‍ പോയെന്നും, ദാഹിച്ചുവലഞ്ഞ പട്ടിക്ക് സാഹസികമായി വെള്ളം കോരിക്കൊടുത്ത സ്‌ത്രീ, സദ്‌വൃത്തയല്ലാഞ്ഞിട്ടുപോലും അവളെ അല്ലാഹു തൃപ്‌തിപ്പെട്ടുവെന്നുമുള്ള നബിവചനങ്ങള്‍ സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്.
വെള്ളവും വായുവും മണ്ണും സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ മൊഴിമുത്തുകള്‍ പ്രവാചകനില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ) പറഞ്ഞു: ``മുസ്‌ലിംകള്‍ മൂന്നു സംഗതികള്‍ പരസ്‌പരം തടയാതെ നിര്‍ലോഭം നല്‍കണം -വെള്ളവും സസ്യത്തൈകളും തീയുമാണവ.''
കുടിവെള്ളം മുട്ടിക്കുന്നതും ജലം അന്യായമായി അപഹരിക്കുന്നതും നബി പാപമായി എണ്ണി. ``ആര്‍ക്കും പ്രകൃതിയിലെ ജലപ്രവാഹത്തെ തടഞ്ഞുവെക്കാനാവില്ല -അല്ലാഹുവിനോടു ചെയ്യുന്ന പാപമായിട്ടല്ലാതെ.''
മറ്റൊരിക്കല്‍ നബി പറഞ്ഞു: ``ഭൂമിയെ വിശുദ്ധ ദൈവഭവനംപോലെയായാണ് അല്ലാഹു എനിക്ക് ഒരുക്കിത്തന്നിരിക്കുന്നത്. അതു പവിത്രമാക്കി വെക്കേണ്ടതുണ്ട്.'' (ബുഖാരി). അല്ലാഹുവിന്റെ പള്ളികള്‍ പവിത്രമായി കാത്തുസൂക്ഷിക്കുന്ന സൂക്ഷ്‌മതയോടെ ഭൂമിയിലെ വെള്ളവും മണ്ണും വായുവും വിഷലിപ്‌തമാകാതെ സംരക്ഷിക്കാനുള്ള ബാധ്യത മനുഷ്യനുണ്ടെന്ന് ഈ വചനം നമ്മെ ഉണര്‍ത്തുന്നു.
വിശുദ്ധ ഖുര്‍ആന്റെ നിലപാട്
മനുഷ്യന്‍ ബോധപൂര്‍വമോ അല്ലാതെയോ ഭൗമപരിസ്ഥിതിയുടെ സൂക്ഷ്‌മമായ അനുക്രമത്തില്‍ ക്ഷതമേല്‍പ്പിക്കുമ്പോഴുണ്ടാകുന്ന മുഴുവന്‍ വിപത്തുകള്‍ക്കും ആത്യന്തികമായി ഇരയായിത്തീരുന്നത് അവന്‍ തന്നെയാണെന്ന വസ്‌തുത ആരും ഓര്‍ക്കാറില്ല.
വെള്ളവും വായുവും മണ്ണും മാത്രമല്ല, ഉപര്യാന്തരീക്ഷവും മനുഷ്യന്റെ കൈക്കുറ്റപ്പാടു നിമിത്തം ഇന്ന് കൂടുതല്‍ക്കൂടുതല്‍ വിഷലിപ്‌തമാവുകയാണ്. പ്രകൃതിസമ്പത്തും വനസമ്പത്തും അമിതമായി ചൂഷണം ചെയ്യുന്നതും അനനുയോജ്യമായ ഭൂപ്രദേശങ്ങളിലെ മനുഷ്യന്റെ കുടിപ്പാര്‍പ്പും പരിസ്ഥിതിക്ക് താങ്ങാവുന്നതിലപ്പുറമുള്ള വെല്ലുവിളിയായിത്തീരുന്നു.
ഭൂമിയിലെ മുഴുവന്‍ സമുദ്രങ്ങളും മനുഷ്യന്റെ കെടുകാര്യസ്ഥത നിമിത്തം മുമ്പെന്നെത്തേക്കാളുമേറെ വേഗത്തില്‍ അമ്ലവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്ന് ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നു. യൂറോപ്പിന്റെ ധനസഹായത്തോടെ അവിടത്തെ 27 ഗവേഷണകേന്ദ്രങ്ങളിലെ ശാസ്‌ത്രജ്ഞന്മാര്‍ വര്‍ഷങ്ങളെടുത്തു നടത്തിയ പഠനത്തിന്റെ പ്രബന്ധത്തിലാണ് ഇതു വെളിപ്പെടുത്തുന്നത്. ``സമുദ്രങ്ങളുടെ അമ്ലത കൂടുന്നത് അതിലെ ജീവജാലങ്ങള്‍ക്ക് ഭീഷണിയാണ്. ഭൂമിയിലെ പ്രധാന ഭക്ഷ്യോത്‌പാദന കേന്ദ്രങ്ങളായ സമുദ്രങ്ങളില്‍ ആപത്തു പ്രത്യക്ഷപ്പെട്ടാല്‍ അതു ഭാവിയില്‍ വരുത്തിവെച്ചേക്കാവുന്ന ദുരന്തത്തിന്റെ ആഴം ഊഹിക്കാവുന്നതേയുള്ളൂ'' -ഗവേഷകര്‍ പറയുന്നു.
ആധുനിക മനുഷ്യന്റെ വഴിവിട്ട ജീവിതരീതികളും ഇന്ധനങ്ങളുടെ അപരിമേയമായ അളവിലുള്ള ഉപയോഗവും കാര്‍ബണ്‍ ഡയോക്‌സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കി. ഇത് കാലാവസ്ഥാവ്യതിയാനത്തിനു വഴിയൊരുക്കുന്നതിനു പുറമെ, സമുദ്രജലത്തിന്റെ അമ്ലത കൂട്ടുകകൂടി ചെയ്യുന്നുണ്ട്. അന്തരീക്ഷത്തില്‍ കൂടുതല്‍ അളവില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് പടരുമ്പോള്‍ സമുദ്രങ്ങള്‍ അവ സ്വാഭാവികമായും ആഗിരണം ചെയ്‌ത് കൂടുതല്‍ അമ്ലഗുണമുള്ളതായിത്തീരുന്നു.
അമ്ലഗുണം കൂടുമ്പോഴുള്ള കടലിലെ മാറ്റം പിന്നീട് വീണ്ടെടുക്കാനാവാത്തവിധം പേടിപ്പെടുത്തുന്നതാണെന്നും ഈ നില തുടര്‍ന്നാല്‍ ഭൂമിയുടെ കാര്യം പരുങ്ങലിലാവുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. സാമുദ്രിക പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന ആല്‍ഗെ, പവിഴപ്പുറ്റുകള്‍ എന്നിവയുടെ നാശത്തിന് അമ്ലത വര്‍ധിക്കുന്നത് ഇടയാക്കും.
``സാമുദ്രിക പരിസ്ഥിതിയുടെ സൂക്ഷ്‌മമായ സന്തുലനത്തിനേല്‍ക്കുന്ന ഏതൊരു ക്ഷതവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്'' -പ്രബന്ധം വിരല്‍ചൂണ്ടുന്നു.
``നക്ഷത്രമത്സ്യങ്ങളുടെ ലാര്‍വ ഉത്‌പാദനം ക്രമാതീതമായി കുറയുന്നുണ്ട്. അമ്ലത കൂടിയ വെള്ളത്തില്‍ അവയുടെ അസ്ഥിപഞ്‌ജരം നിലനിര്‍ത്താന്‍തന്നെ കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തേണ്ടിവരും. സാല്‍മണ്‍ പോലുള്ള ചെറുമത്സ്യങ്ങളുടെ പ്രധാന ഭക്ഷണമാണ് ഈ ലാര്‍വകള്‍''
``കാല്‍സിഡിസ്‌കസ് ലെപ്‌റ്റോപോറസ് എന്ന സൂക്ഷ്‌മ ആല്‍ഗെ സാമുദ്രിക ഭക്ഷ്യശൃംഖലയുടെ ഏറ്റവും അടിത്തട്ടിലെ കണ്ണിയാണ്. ഇതു നശിച്ചുപോകുന്നത് ചെറുമത്സ്യങ്ങള്‍ കുറ്റിയറ്റുപോകാന്‍ ഇടയാക്കും. ചെറുമത്സ്യങ്ങളുടെ ദൗര്‍ലഭ്യം വന്‍മത്സ്യങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകും.''
നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രങ്ങളും നോര്‍ത്ത് പെസഫിക് സമുദ്രങ്ങളും ആര്‍ടിക് സമുദ്രങ്ങളുമാണ് ഉഷ്‌ണകാലത്തെ തിമിംഗലങ്ങളുടെ ഭക്ഷ്യകേന്ദ്രങ്ങള്‍. കാത്സ്യം കാര്‍ബണൈറ്റിന്റെ മറ്റൊരു രൂപമായ അരാഗണൈറ്റ് സമുദ്രജീവികളുടെ അസ്ഥിപഞ്‌ജരവും ബാഹ്യഷെല്ലുകളും രൂപപ്പെടാന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ധ്രുവങ്ങളിലെ തണുത്ത ജലം കൂടുതല്‍ അളവില്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈഓക്‌സൈഡ് ആഗിരിണം ചെയ്യുന്നതിനാല്‍ വെള്ളത്തിന്റെ അമ്ലത കൂടുന്നു. സമുദ്രജലത്തിലെ അരാഗണൈറ്റിന്റെ അളവ് കുറഞ്ഞുപോകാന്‍ ഈയൊരു കാരണം ധാരാളം മതി.
``മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കടലിലും കരയിലും വിനാശം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ കാട്ടിക്കൂട്ടിയതില്‍ ചിലതിന്റെ ഫലം അവരെ ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. ഒരുപക്ഷേ, അവര്‍ക്ക് മാനസാന്തരമുണ്ടായേക്കാം.'' (റൂം 41)
പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കുന്നതും പരിസ്ഥിതിയെ ദുഷിപ്പിക്കുന്നതും വലിയ കുറ്റമായി ഇസ്‌ലാം കണക്കാക്കുന്നു.
``നീ ഭൂമിയില്‍ നാശം വിതയ്‌ക്കരുത്. നാശം വിതയ്‌ക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (28:77)
മുസ്‌ലിംസമൂഹം ഒരു മധ്യമസമൂഹമാണെന്ന് നബി(സ) വിശേഷിപ്പിച്ചു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സവിശേഷമായൊരു മിതത്വവും സൂക്ഷ്‌മതയും മുസല്‍മാനില്‍ ദൃശ്യമാകും. പ്രകൃതിയെ ആസ്വദിക്കുന്നതിലും ഉപയോഗിക്കുന്നതിലും ആ മിതശീലം അവനില്‍ പ്രകടമാവുന്നു. പരിസ്ഥിതിയുടെ താളാത്മകതയ്‌ക്ക് ഭംഗം വരുത്തുന്ന അരുതാത്ത പ്രവൃത്തികള്‍ അവന്റെ കൈകളില്‍ നിന്നുണ്ടാവില്ല.
പ്രകൃതിസ്‌നേഹം തൗഹീദിന്റെ പ്രതിഫലനം
തൗഹീദ് എന്നത് ദൈവത്തിന്റെ ഏകത്വം പൂര്‍ണമായി ഉള്‍ക്കൊള്ളലും അംഗീകരിക്കലും ആദരിക്കലുമാണ്. മുഴുവന്‍ പ്രപഞ്ചവും സൃഷ്‌ടിച്ചതും സംരക്ഷിക്കുന്നതും ഒരേയൊരു ദൈവമാണെന്ന വിശ്വാസമാണത്. അല്ലാഹുവിന്റെ ഏകത്വത്തിന്റെ അന്യാദൃശമായ തണലിലാണ് മനുഷ്യരും പ്രകൃതിയും പ്രപഞ്ചങ്ങളുമെല്ലാം നിലകൊള്ളുന്നതെന്നും എല്ലാ കാര്യങ്ങളും അല്ലാഹുവിനെ മാത്രം ആശ്രയിച്ചാണ് ചലിക്കുന്നതെന്നും, അല്ലാഹുവാകട്ടെ, പരാശ്രയമുക്തനുമാണെന്നുമുള്ള നിരുപമ പ്രപഞ്ചവീക്ഷണമാണ് തൗഹീദ്.
വിശാലമായ അര്‍ഥത്തില്‍, തൗഹീദ് മനുഷ്യന് തന്റെ സ്വത്വത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ശരിയായ ധാരണയുണ്ടാക്കുന്ന ഉള്‍ക്കണ്ണ് നല്‍കുന്നു. മനുഷ്യനില്‍ ധര്‍മനിഷ്‌ഠയും പരിസ്ഥിതിബോധവും പ്രകൃതിസ്‌നേഹവും വളര്‍ത്താന്‍ ഏകദൈവ വിശ്വാസത്തിന് കഴിയുന്നത് അതുകൊണ്ടാണ്. എല്ലാ സംഗതികളും, അവ സൂക്ഷ്‌മമാവട്ടെ സ്ഥൂലമാവട്ടെ, പ്രത്യക്ഷമാവട്ടെ പരോക്ഷമാവട്ടെ, അല്ലാഹുവിന്റെ അനുഗ്രഹവും നിദര്‍ശനവും മാത്രമായിക്കാണാന്‍ തൗഹീദ് മനുഷ്യനെ പാകപ്പെടുത്തിയെടുക്കുന്നു.
പ്രകൃതിയില്‍ മനുഷ്യനു നിര്‍ണായക സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നുണ്ട്. എല്ലാം സൃഷ്‌ടിക്കുന്നതും സംവിധാനിക്കുന്നതും സംരക്ഷിക്കുന്നതും അല്ലാഹു മാത്രമാണെന്നതു സത്യം. പക്ഷേ, പ്രകൃതിയെ സംരക്ഷിക്കാനുള്ള ഒഴിച്ചുകൂടാനാവാത്ത ഒരു ബാധ്യത മനുഷ്യനു മാത്രം ദൈവം നല്‍കിയിട്ടുണ്ടെന്നത് മറ്റൊരു സത്യം. `ആദമിന്റെ മക്കളെ നാം ആദരിച്ചിരിക്കുന്നു' എന്ന ഖുര്‍ആന്‍വിശേഷണത്തില്‍ ഒട്ടേറെ അര്‍ഥതലങ്ങളുണ്ട്.
``നിന്റെ രക്ഷിതാവ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ``ഞാന്‍ കളിമണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്‌ടിക്കാന്‍ ഉദ്ദേശിക്കുകയാണ്. അങ്ങനെ നാം അവനെ സംവിധാനിക്കുകയും അവനില്‍ എന്റെ ചൈതന്യത്തില്‍ നിന്ന് നാം ഊതുകയും ചെയ്‌താല്‍ നിങ്ങള്‍ അവന്നു മുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കണം.'' (38:71,72)
ഈയൊരു വചനം പ്രകൃതിയിലും പ്രപഞ്ചത്തിലുമുള്ള മനുഷ്യന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാതിനിധ്യത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും ഉള്‍ക്കാഴ്‌ച തരുന്നുണ്ട്. മലക്കുകളോട് തലകുനിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഏക ഉത്‌കൃഷ്‌ട സൃഷ്‌ടിയാണ് മനുഷ്യനെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു.
``നിശ്ചയം, നാം ആ വിശ്വസ്‌ത ദൗത്യം (അമാനത്ത്) ഏറ്റെടുക്കാനായി ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അവ അതിനാവാതെ വിസമ്മതിച്ചു; അവ ഭയചകിതരാവുകയും ചെയ്‌തു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു.'' (33:72)
ഈ ചേതോഹരമായ വചനത്തിലെ ആശയതലങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലാമ യൂസുഫലി എഴുതുന്നു: ``മനുഷ്യനെന്ന സംരക്ഷണാധികാരിക്ക് വേണ്ടത്ര ഉള്‍ക്കാഴ്‌ചയും കഴിവും പ്രാപ്‌തിയും ഇല്ലായിരുന്നുവെങ്കില്‍, വിശ്വം മുഴുവന്‍ വിസമ്മതിച്ച, വിശ്വസ്‌തദൗത്യം ഏറ്റെടുക്കാനാവില്ലല്ലോ. ഭൂമിയിലെ സംരക്ഷണാധികാരം മനുഷ്യനു നല്‍കുന്ന അല്ലാഹുവിന് അവന്റെ കാര്യശേഷിയിലും വിവേചനാധികാരത്തിലും നൈതികബോധത്തിലും പ്രതീക്ഷയുണ്ടെന്നര്‍ഥം.''
``ദൈവിക നൈതികബോധത്തോട് സമരസപ്പെടുന്നുവെന്നതാണ് മനുഷ്യന്റെ അമാനത്ത് ഏറ്റെടുക്കലിന്റെ ആത്യന്തികനേട്ടം. ഒരു മുസല്‍മാനായിത്തീരാന്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ആദേശങ്ങളില്‍ സൂക്ഷ്‌മത വേണം. ആ അര്‍ഥത്തില്‍, ശരീഅത്ത് എന്നത്, അടിസ്ഥാനപരമായി, തൗഹീദ് അംഗീകരിക്കലും അതിന്റെ ആര്‍ദ്രമായ പ്രകൃതിവഴികളിലൂടെയുള്ള സഞ്ചാരവുമാണ്''-സിയാവുദ്ദീന്‍ സര്‍ദാര്‍ ഇസ്‌ലാമിക് ഫ്യൂച്ചറില്‍ വിശദീകരിക്കുന്നു.
സദാചാരശീലങ്ങളുടെയും ധര്‍മനിഷ്‌ഠയുടെയും പ്രായോഗികരൂപമാണ് `ഇസ്‌ലാമിക ശരീഅ' എന്നുവരുന്നു. എല്ലാ മൂല്യങ്ങളും ഇസ്‌ലാമിക നൈതികശാസ്‌ത്രത്തിന്റെ ഉത്‌പന്നമാണ്. ഭൗമപരിസ്ഥിതിയുടെ `അമാനത്ത്' ഏറ്റെടുക്കലും സംരക്ഷിക്കലും ഇസ്‌ലാമിക നൈതികശാസ്‌ത്രത്തിന്റെ വിശാലമായ പരിധിയില്‍ പെടും. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന, ജന്തുലോകത്തും സസ്യലോകത്തും വിനാശം വിതയ്‌ക്കുന്ന, ആറുകളും പുഴകളും സമുദ്രങ്ങളും വിഷമയമാക്കുന്ന മനുഷ്യന്റെ എല്ലാ ചെയ്‌തികളും `ശരീഅ' നിരോധിക്കുന്നതു കാണാം.
ഇസ്‌ലാമിക ശരീഅത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായ പ്രകൃതിസംരക്ഷണം അവിവേകിയായ മനുഷ്യന്‍ അവഗണിക്കുന്നതാണ് ഒട്ടുമിക്ക പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
ദൈവത്തിന്റെ ഉത്‌കൃഷ്ടസൃഷ്ടിയെന്ന നിലയ്‌ക്ക് പ്രകൃതിയെ സ്‌നേഹിച്ചും അതു കാത്തുരക്ഷിച്ചും കഴിയേണ്ടവന്‍ പ്രകൃതിയെ കീഴ്‌പ്പെടുത്താനും തലകീഴായി മറിക്കാനും ശ്രമിക്കുന്നു. ഇസ്‌ലാമിക നൈതികബോധമില്ലാത്ത ദുരമൂത്ത മനുഷ്യന്‍ ഭൂമിക്ക് ശാപമാണ്. `വിനാശകാരികളെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'
0 comments: